ആദിയില്‍ വിജ്ഞാനമുണ്ടായിരുന്നു (In the Beginning was Information)

 

ബ്രദര്‍.എ.കെ.സ്കറിയാ, കോട്ടയം

 

ഈ ലേഖന പരമ്പരയുടെ മുന്‍ ഭാഗത്ത് കണ്ടത് സെല്ലിന്‍റെ ന്യൂക്ലിയസ്സില്‍ അപാരമായ വിവരങ്ങള്‍, ആശയങ്ങള്‍, വിജ്ഞാനങ്ങള്‍ (informations) എന്നിവ തിങ്ങി നിറഞ്ഞിരിക്കുന്നു എന്നതായിരുന്നല്ലോ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഓരോ ജീവിയുടെയും സോഫ്റ്റ്‌വെയര്‍ ന്യൂക്ലിയസ്സില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്‍ഫോര്‍മേഷന്‍ സൂക്ഷിക്കുന്ന മാധ്യമമാണ് (medium, substrate) DNA ന്യൂക്ലിയോറ്റൈഡുകള്‍. ഒരു വിവരം സൂക്ഷിക്കുവാനും പ്രേഷണം നടത്തുവാനും ഏതു മാദ്ധ്യമത്തെയും ഉപയോഗിക്കാം. ബ്ലാക്ക് ബോര്‍ഡില്‍ ചോക്കുകള്‍, പേപ്പറില്‍ മഷി, ഓഡിയോ കാസറ്റ്, മൈക്രോചിപ്പുകള്‍, പനയോല, മണല്‍ ഇവയെല്ലാം ആശയങ്ങള്‍ രേഖപ്പെടുത്തുവാന്‍ ഉപയോഗിക്കാം. വീഡിയോ കാസറ്റിനേക്കാള്‍ ഈട് നില്‍ക്കുന്നതാണ് CD. ഇവയൊക്കെ ഇന്‍ഫോര്‍മേഷന്‍ വാഹികളാണ്, ഇന്‍ഫോര്‍മേഷന്‍ അല്ല. അതുപോലെ DNA, RNA പ്രോട്ടീന്‍ എന്നീ കെമിക്കല്‍ പദാര്‍ത്ഥങ്ങള്‍ ഒരിക്കലും ഇന്‍ഫോര്‍മേഷന്‍റെ ഉത്ഭവസ്ഥാനമല്ല. ഇന്‍ഫോര്‍മേഷന്‍റെ വാഹകരാകാം, സൂക്ഷിപ്പുകാരാകാം. ആ പദാര്‍ത്ഥങ്ങള്‍ക്ക് ഒരു കെമിക്കല്‍ ഓര്‍ഡര്‍ അഥവാ സങ്കീര്‍ണ്ണത സ്വതവേ ഉണ്ട്. അതായത്, അതിനെ രൂപപ്പെടുത്തുവാന്‍ ഉപയോഗിച്ച കാര്‍ബണ്‍, നൈട്രജന്‍, ഓക്സിജന്‍, ഹൈഡ്രജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നീ മൂലകങ്ങള്‍ക്ക് ഓരോന്നിനും അതിന്‍റേതായ സങ്കീര്‍ണ്ണത, ക്രമം (order) ഉണ്ട്. ഇതിനെ order no.1 എന്ന് വിളിക്കാം. എന്നാല്‍ അവകള്‍ ചേര്‍ന്നുണ്ടാകുന്ന DNA, RNA പ്രോട്ടീനുകള്‍ക്ക് രാസപരമായി മൂലകങ്ങള്‍ എന്ന നിലയിലുണ്ടായിരുന്ന സങ്കീര്‍ണ്ണതയെക്കാളും വളരെ ഉയര്‍ന്ന തലത്തിലുള്ള സങ്കീര്‍ണ്ണതയുണ്ട്. ഇതിനെ order no.2 എന്ന് വിളിക്കാം. അവയില്‍ കെമിക്കല്‍ അനാലിസിസ്‌ നടത്തിയാല്‍ കണ്ടുപിടിക്കുവാന്‍ സാധിക്കാത്ത വളരെ വിഭിന്നങ്ങളായ മറ്റൊരു ക്രമം ഉണ്ട്. ആ ക്രമത്തിലാണ് (order) ജീവിയുടെ ആശയങ്ങള്‍ കോഡ് ചെയ്തിരിക്കുന്നത്. ഇതിനെ order no.3 എന്ന് വിളിക്കാം. ഒന്നും രണ്ടും ഓര്‍ഡറുകള്‍ നമുക്ക്‌ എങ്ങനെയെങ്കിലും വിശദീകരിക്കാന്‍ സാധിച്ചാലും മൂന്നാമത്തെ ഓര്‍ഡര്‍ തനിയെ യാദൃശ്ചികമായി ഉരുത്തിരിഞ്ഞു എന്ന് പറയാന്‍ സാമാന്യ ബുദ്ധിയുള്ള ഒരാളും തയ്യാറാവുകയില്ല. order No.1-ഉം 2-ഉം ഭൌതിക പദാര്‍ത്ഥങ്ങളുടെ ഗുണമാണെന്ന് ഭൌതീകവാദികള്‍ അവകാശപ്പെട്ടാലും ഓര്‍ഡര്‍ നമ്പര്‍ 3 ഒരിക്കലും ഭൌതികവസ്തുക്കളുടെ ഗുണം കൊണ്ടുണ്ടായതല്ല. മൂന്നാമത്തെ ഓര്‍ഡര്‍ അഥവാ ഇന്‍ഫോര്‍മേഷന് ഒരു ഉത്‌പാദകന്‍റെ അഥവാ ബുദ്ധിജീവിയുടെ ആവശ്യകത വളരെ അനിവാര്യമാണ്.

 

ജീവന്‍ (life) കോശത്തിലുള്ള പദാര്‍ത്ഥങ്ങള്‍ അല്ല, കോശത്തിലുള്ള പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പല മെഷീനുകളും ഊര്‍ജ്ജ സ്രോതസ്സുകളായ മൈറ്റോ കോണ്‍ഡ്രിയ മുതലായ പാര്‍ട്ടുകളും ചേര്‍ന്ന്‍ ആ ജീവിയുടെ സോഫ്റ്റ്‌വെയറിനെ പ്രവര്‍ത്തിപ്പിക്കുന്നു എന്നേയുള്ളൂ.

 

വളരെ പ്രാകൃതമായ ഒരു വിശദീകരണം ജീവന് കൊടുത്താല്‍ ഏകദേശം ഇങ്ങനെ എഴുതാം: “ജീവന്‍ എന്നാല്‍ ആശയങ്ങളുടെ ഒരു സഞ്ചിയാണ്. ഈ ആശയങ്ങള്‍ (concepts) ജനിതക ഭാഷയിലാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഈ ആശയങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ വേണ്ട മെക്കാനിസങ്ങളും യന്ത്രസാമഗ്രികളും ജീവികളിലുണ്ട്. അവ മൂലം ജീവന്‍ നിലനിര്‍ത്താനും മുന്നോട്ടു കുതിക്കാനുമുള്ള ഒരു വാസനയുണ്ട്”[1]

 

ജീവന്‍ എന്ന് പറയുന്നത് ലഘൂകരിച്ച് പറഞ്ഞാല്‍ ആശയാധിഷ്ഠിതമായ ഇന്‍ഫോര്‍മേഷനാണ് (conceptual information). ഇന്‍ഫോര്‍മേഷന്‍ സയന്‍സിന്‍റെ പയനിയറായിരുന്ന ക്ലോവുഡ്‌ ഷാനോന്‍ അവതരിപ്പിച്ച ഇന്‍ഫോര്‍മേഷന്‍ അല്ല ഇത്. ഇവ രണ്ടും വ്യത്യസ്തങ്ങളാണ്.

 

ജീവജാലങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആശയാധിഷ്ഠിതമായ ഇന്‍ഫോര്‍മേഷന്‍ എന്തുമാത്രമാണെന്ന് ഭൌതികവാദികളായ ശാസ്ത്രജ്ഞന്മാര്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ജീവജാലങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ആശയാധിഷ്ഠിതമായ ഇന്‍ഫോര്‍മേഷനെക്കുറിച്ച് ഡോക്ടര്‍ റിച്ചാര്‍ഡ്‌ ഡോക്കിന്‍സ് എഴുതിയത് മുന്‍പ്‌ നമ്മള്‍ കണ്ടതാണല്ലോ. കാള്‍ സാഗന്‍ എന്ന പരിണാമവാദിയായ ശാസ്ത്രജ്ഞന്‍റെ അഭിപ്രായം നോക്കാം:

 

“ഒരു മനുഷ്യ തലച്ചോറിലെ ഇന്‍ഫോര്‍മേഷന്‍റെ അളവ് 100,000,000,000 Tera bites (പതിനായിരം കോടി TB, ഒരു TB= 1000 GB) ആണ്. അതായത് തലച്ചോറിലുള്ള ഞരമ്പുകളില്‍ അത്രമാത്രം എണ്ണം കണക്ഷനുകള്‍ ഉണ്ട്. അത്രയും വിവരങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിയാല്‍ അവ 2 കോടി ഗ്രന്ഥങ്ങളില്‍ പകര്‍ത്തുവാന്‍ കഴിയും. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറികളില്‍ അത്രമാത്രം ഗ്രന്ഥങ്ങള്‍ കാണാം. നമ്മുടെ ഓരോരുത്തരുടെയും തലയില്‍ അത്രമാത്രം ഗ്രന്ഥങ്ങള്‍ക്ക് തുല്യമായ ഇന്‍ഫോര്‍മേഷന്‍സ് ഉണ്ട്. തലയോട്ടിയിലെ ചെറിയ ഇടത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ സ്ഥലമാണ് തലച്ചോറ്”

 

ഡോക്ടര്‍ ജോണ്‍ ഗ്രിബിന്‍റെ അഭിപ്രായത്തില്‍ “ഒരു മനുഷ്യ ക്രോമോസോമില്‍ 500,000,000 വാക്കുകള്‍ക്ക് തുല്യമായ ഇന്‍ഫോര്‍മേഷന്‍ ഉണ്ട്”. 400 വാക്കുകള്‍ ഒരു പേജില്‍ പ്രിന്‍റ് ചെയ്‌താല്‍ 230 പേജുകളുള്ള 5435 ഗ്രന്ഥങ്ങള്‍ നിര്‍മ്മിക്കാം. മനുഷ്യശരീരത്തിലെ ഒരു കോശത്തിലുള്ള 46 ക്രോമോസോമുകളിലെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ രണ്ടര ലക്ഷം ഗ്രന്ഥങ്ങള്‍ വേണ്ടി വരും”[2]

 

ഏകകോശ ബാക്റ്റീരിയ E കോലിയില്‍ 1,000,000,000,000 Bites ഇന്‍ഫോര്‍മേഷന്‍ ഉണ്ട് എന്ന് ബ്രെമര്‍മാന്‍ അഭിപ്രായപ്പെടുന്നു[3]. കാള്‍ സാഗന്‍റെ അഭിപ്രായത്തില്‍ “അത് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 10 കോടി പേജുകള്‍ക്ക് തുല്യമാണ്[4]” കാള്‍ സാഗന്‍ മറ്റൊരു അവസരത്തില്‍ അഭിപ്രായപ്പെട്ടത്, “ഒരു പുരുഷ ബീജത്തില്‍ 133 വാല്യം വെബ്സ്റ്റെഴ്സ് ഡിക്ഷണറിക്ക് തുല്യം ഇന്‍ഫോര്‍മേഷന്‍ ഉണ്ട്[5]”

 

ബാക്ടീരിയ, വൈറസുകള്‍, സസ്യങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, കടല്‍ ജന്തുക്കള്‍, മനുഷ്യര്‍ തുടങ്ങി എല്ലാത്തരം ജീവജാലങ്ങളിലും DNA ഭാഷയില്‍ ഡിജിറ്റല്‍ ഇന്‍ഫോര്‍മേഷന്‍ സ്റ്റോര്‍ ചെയ്തിരിക്കുന്നു. ഈ ഇന്‍ഫോര്‍മേഷന്‍ സോഫ്റ്റ്‌വെയര്‍ ആധുനിക ശാസ്ത്രസാങ്കേതിക വിദഗ്ദര്‍ രൂപപ്പെടുത്തുന്ന സോഫ്റ്റ്‌വെയറുകളേക്കാള്‍ സങ്കീര്‍ണ്ണമാണ്, അപാരമാണ്. DNA യിലെ ഇന്‍ഫോര്‍മേഷന്‍റെ സാന്ദ്രതയ്ക്ക് തുല്യം മനുഷ്യന്‍ ഇന്നുവരെ ഒന്നും കണ്ടുപിടിച്ചിട്ടില്ല. ലോകത്തിലെ എല്ലാ ഗ്രന്ഥങ്ങളിലും കൂടി 1,000,000,000,000,000,000 bites ഇന്‍ഫോര്‍മേഷന്‍ കാണുമായിരിക്കും. ഇന്‍ഫോര്‍മേഷന്‍ ആവശ്യം വരുമ്പോള്‍ പുറത്തെടുത്ത് (retrievel) പുതിയ ഫാക്ടറിക(ജീവികള്‍)ളുടെ മറ്റൊരു ശരിപ്പകര്‍പ്പ്‌ (self replicating) നിര്‍മ്മിക്കാനുള്ള കഴിവ്‌ ഏറ്റവും ചെറിയ ജീവിയായ ബാക്ടീരിയകള്‍ക്കു പോലുമുണ്ട്. വൈറസില്‍ സോഫ്റ്റ്‌വെയറുണ്ട്, പ്രവര്‍ത്തനോന്മുഖമാകുന്ന ഹാര്‍ഡ്‌വെയര്‍ ഇല്ല. ഹോസ്റ്റ് സെല്ലിലെ ഹാര്‍ഡ്‌വെയര്‍ വൈറസ്‌ ഉപയോഗിക്കുന്നു.

 

ലോകത്തിലെ ഒരു അടിസ്ഥാന അസ്തിത്വം ആണ് ഇന്‍ഫോര്‍മേഷന്‍ (Information is a fundamental entity). സൈബര്‍നെറ്റിക്സ്, ലിന്‍ഗ്വിസ്റ്റിക്സ്, ബയോളജി, ചരിത്രം, വേദശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെല്ലാം അടിസ്ഥാന സംഗതിയാണ് ഇന്‍ഫോര്‍മേഷന്‍. അനേകം ശാസ്ത്രജ്ഞന്മാര്‍ പദാര്‍ത്ഥം, ഊര്‍ജ്ജം എന്നിവയോടൊപ്പം ഇന്‍ഫോര്‍മേഷനെ മൂന്നാമത്തെ അടിസ്ഥാനസത്തയായി കരുതുന്നു. അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞന്‍ നോര്‍ബര്‍ട്ട് വീനറുടെ അഭിപ്രായത്തില്‍ “ഇന്‍ഫോര്‍മേഷന്‍ എന്ന് പറയുന്നത് ഇന്‍ഫോര്‍മേഷന്‍ ആണ്. അത് പദാര്‍ത്ഥമോ ഊര്‍ജ്ജമോ അല്ല, ഇന്‍ഫോര്‍മേഷന്‍ ഭൌതിക വസ്തുവല്ല.”[6]

 

ഇന്‍ഫോര്‍മേഷന്‍ ശാസ്ത്രത്തിന്‍റെ നിയമങ്ങള്‍ സാര്‍വ്വത്രികമാണ്. അതായാത് നമ്മുടെ ശാസ്ത്രസാങ്കേതിക വിഭാഗങ്ങളില്‍ എങ്ങനെയാണ് ഈ നിയമങ്ങള്‍ ബാധകമാകുന്നത്, അതുപോലെ തന്നെയാണ് ജീവലോകത്തിലും നിയമങ്ങള്‍ ബാധകമാകുന്നത്. ഇന്‍ഫോര്‍മേഷന്‍ ശാസ്ത്രത്തിലെ നിയമങ്ങള്‍ ധാരാളമുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ആറ്‌ നിയമങ്ങള്‍ താഴെ കൊടുക്കുന്നു:

 

1 ഒരു കോഡ്/ഭാഷ ഉപയോഗിക്കാതെ ഇന്‍ഫോര്‍മേഷന്‍ രൂപപ്പെടുത്തുവാനോ സൂക്ഷിക്കാനോ പ്രേഷണം ചെയ്യുവാനോ സാധിക്കില്ല.

 

2. അവധാനപൂര്‍വ്വം ചിന്തിച്ച് (രൂപപ്പെടുത്തി) സ്വതന്ത്രമായ സമ്പ്രദായം (Convetion) ഇല്ലാതെ ഒരു കോഡ്/ ഭാഷയുണ്ടാക്കാന്‍ സാധിക്കുകയില്ല.

 

3. ഒരു പ്രേഷകന്‍ (Sender) ഇല്ലാതെ ഇന്‍ഫോര്‍മേഷന്‍ ഉണ്ടാകില്ല. ഒരു മാനസിക ഉത്പാദന കേന്ദ്രമില്ലാതെ ഇന്‍ഫോര്‍മേഷന്‍ ഉണ്ടാക്കുവാന്‍ സാധിക്കില്ല.

 

4. ഒരു ബുദ്ധിജീവിയുടെ സ്വയം നിര്‍ണ്ണയം കൂടാതെ, തന്‍റെ ഇഷ്ടപ്രകാരമല്ലാതെ, ഇന്‍ഫോര്‍മേഷന്‍ ഉത്പാദിപ്പിക്കുവാന്‍ കഴിയില്ല.

 

5. സ്റ്റാറ്റിസ്റ്റിക്സ്, സിന്‍റാക്സ്, സെമന്‍റിക്സ്, പ്രാക്മാറ്റിക്, അപോബെറ്റിക്സ് എന്നീ 5 ഇന്‍ഫോര്‍മേഷന്‍ ശ്രേണികള്‍ കൂടാതെ ഒരു വ്യക്തിക്ക് ഇന്‍ഫോര്‍മേഷന്‍ സൃഷ്ടിക്കാന്‍ സാധിക്കില്ല.

 

6. ഏതെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് പ്രക്രിയ വഴി ഇന്‍ഫോര്‍മേഷന്‍ ഉത്പാദിപ്പിക്കുവാന്‍ വഴിയുകയില്ല.

 

നാം മനസ്സിലാക്കേണ്ട 4 പ്രധാനപ്പെട്ട സംഗതികള്‍:

 

1. ഇന്‍ഫോര്‍മേഷന്‍ അഭൌതിക യാഥാര്‍ത്ഥ്യമാണ്. അവ സൂക്ഷിക്കാനും പ്രേഷണം ചെയ്യാനും പദാര്‍ത്ഥമോ ഊര്‍ജ്ജമോ ആവശ്യമാണ്‌.

 

2. ഇന്‍ഫോര്‍മേഷന്‍ ജീവനല്ല. കോശത്തിലെ ഇന്‍ഫോര്‍മേഷന്‍ ജീവികള്‍ക്ക് ഏറ്റവും അത്യന്താപേക്ഷിതമായ അസ്തിത്വമാണ്. ജീവകോശങ്ങള്‍ക്ക് ജീവന്‍ നിലനിറുത്തുവാന്‍ ഇന്‍ഫോര്‍മേഷന്‍ ആവശ്യമാണ്‌.

 

3. ജീവന്‍ പദാര്‍ത്ഥമയമല്ല. അത് ഇന്‍ഫോര്‍മേഷനമല്ല. എന്നാല്‍ പദാര്‍ത്ഥവും ഇന്‍ഫോര്‍മേഷനും ജീവന് അത്യന്താപേക്ഷിതമാണ്.

 

4. ജീവിതം സ്റ്റാര്‍ട്ട് ചെയ്യുക എന്ന് പറഞ്ഞാല്‍ ഒരു ജീവിയുടെ/ചെടിയുടെ സോഫ്റ്റ്‌വെയര്‍ (ഇന്‍ഫോര്‍മേഷന്‍) ഭൌതികവും മാസനികവുമായ രൂപം പ്രാപിക്കാന്‍ തുടങ്ങുന്നു എന്ന അര്‍ത്ഥമാണ്. മനുഷ്യന്‍ എന്ന വ്യക്തിയുടെ സോഫ്റ്റ്‌വെയര്‍ ഒരു അണ്ഡത്തിലും ബീജത്തിലും കൂടി സ്ഥിതി ചെയ്യുന്നു. ഇവ രണ്ടും കൂടി ഒന്നിച്ചു ചേരുന്ന നിമിഷം മുതല്‍ സോഫ്റ്റ്‌വെയര്‍ പ്രവൃത്തിപഥത്തില്‍ വരുത്തേണ്ട ഹാര്‍ഡ്‌വെയര്‍ നിര്‍മ്മിക്കാന്‍ തുടങ്ങും. ശരീരത്തിന്‍റെ നിലനില്‍പ്പും പ്രവര്‍ത്തനവും എന്നത് ഒരു സൂപ്പര്‍ കമ്പ്യൂട്ടറില്‍ ഒരു വലിയ ടെക്നിക്കല്‍ സോഫ്റ്റ്‌വെയര്‍ ഉള്ളത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ കമ്പ്യൂട്ടര്‍ U.P.S.-ല്‍ ഘടിപ്പിച്ച് ഇലക്ട്രിസിറ്റി ഓണ്‍ ചെയ്യുന്നത് പോലെയാണ്. മരണം എന്ന് പറയുന്നത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ U.P.S.-ലെ ഇലക്ട്രിസിറ്റി ഓഫ് ചെയ്യുന്നത് പോലെയാണ്. തുടര്‍ച്ചയായ പ്രവര്‍ത്തനം ഇല്ലെങ്കില്‍ ശരീരം ജീര്‍ണ്ണതയിലേക്ക് പോകുന്നു. ഗര്‍ഭപാത്രത്തിലെ ജലത്തിലാണ് സോഫ്റ്റ്‌വെയര്‍ ആദ്യമായി പ്രവര്‍ത്തനം തുടങ്ങുന്നത്. ഗര്‍ഭപാത്രത്തില്‍ അടങ്ങിയിരിക്കുന്ന ഏതാനും രാസപദാര്‍ത്ഥങ്ങള്‍ ആണ് ജെനറ്റിക് കോഡ് പ്രാവര്‍ത്തികമാക്കുവാന്‍ സഹായിക്കുന്ന പരിതസ്ഥിതി (environment) ഉളവാക്കി 9 മാസം കൊണ്ട് ശരീരമാകുന്ന ഹാര്‍ഡ്‌വെയര്‍ നിര്‍മ്മിക്കുന്നത്. ഹാര്‍ഡ്‌വെയര്‍ നിര്‍മ്മിക്കുന്ന ഓരോ ശരീരകോശത്തിലും മാതാപിതാക്കളില്‍ നിന്നും കിട്ടിയ സോഫ്റ്റ്‌വെയര്‍ DNA ഭാഷയില്‍ സൂക്ഷിക്കുന്നു. ഇതുമൂലം ചെറിയ ജീവികളിലെ ശരീരകോശത്തിലെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ക്ലോണിംഗ് ടെക്നിക്‌ വഴി പുതിയ തനിപ്പകര്‍പ്പ് ജീവികളെ ഉണ്ടാക്കുവാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് സാധിച്ചിട്ടുണ്ട്.

 

ഇന്‍ഫോര്‍മേഷന്‍ DNA യില്‍ നിന്ന് (A,T,G,C അക്ഷരങ്ങള്‍) RNA ഭാഷയിലേക്ക് (A,U,G,Cഅക്ഷരങ്ങള്‍) പ്രേഷണം പ്രേഷണം ചെയ്യപ്പെടുന്നു. അത് ഡിക്ഷണറിയിലെ ക്രമം അനുസരിച്ച് 20 അക്ഷരങ്ങള്‍ (അമിനോ ആസിഡുകള്‍) ഉള്ള പ്രോട്ടീന്‍ ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്യപ്പെടുന്നു.

 

ലോകത്തില്‍ ഒരു കോടി വിവിധ ഇനം ചെടികള്‍, ബാക്ടീരിയകള്‍, ജന്തുക്കള്‍, പക്ഷികള്‍, മത്സ്യങ്ങള്‍, തിമിംഗിലങ്ങള്‍, മനുഷ്യര്‍ ഉണ്ടെങ്കില്‍ അവയുടെ ജിനോമില്‍ ഒരു കോടി സോഫ്റ്റ്‌വെയറുകള്‍ ഉണ്ട്. ഹാര്‍ഡ്‌വെയറിനെക്കാള്‍ വിലയേറിയത് സോഫ്റ്റ്‌വെയറുകളാണ്, ഹാര്‍ഡ്‌വെയര്‍ ഭൌതികമാണ്.

 

ജ്ഞാനത്തില്‍ നിന്ന് മാത്രമെ വിജ്ഞാനം ഉണ്ടാകുകയുള്ളൂ. നാം കണ്ട ജീവ ഇന്‍ഫോര്‍മേഷന്‍റെ കാരണക്കാരനായ ഗ്രന്ഥകര്‍ത്താവ്‌ എത്രയോ വലിയ ജ്ഞാനിയായിരിക്കണം. തീര്‍ച്ചയായും അദ്ദേഹം സര്‍വ്വജ്ഞാനിയാണ് (Omnisceint)

 

ഒരു ഗ്രന്ഥത്തിന്‍റെ ഒരു പേജ് എഴുതുവാന്‍ ശക്തി (ഊര്‍ജ്ജം) ആവശ്യമാണെങ്കില്‍ ലോകത്തിലെ എല്ലാ ജീവികളിലുമുള്ള ഇന്‍ഫോര്‍മേഷന്‍റെ കാരണക്കാരന്‍റെ ശക്തി എത്ര വലുതാണ്‌. തീര്‍ച്ചയായും അദ്ദേഹം സര്‍വ്വശക്തനാണ് (Omnipotent)

 

കടലിലെയും കരയിലെയും ആകാശത്തിലെയും മരുഭൂമിയിലെയും ഹിമാലയ പര്‍വ്വതത്തിലെയും ചെടികളേയും ജീവികളേയും അദ്ദേഹത്തിനറിയാം. അതനുസരിച്ചാണ് അദ്ദേഹം അവയുടെ സോഫ്റ്റ്‌വെയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മരുഭൂമിയില്‍കൂടി യാത്രചെയ്യേണ്ട ഒട്ടകം കുതിരയുടെ ശരീരപ്രക്രുതിയോടെയല്ല രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. മരുഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കത്തക്ക വിധത്തിലാണ് ഒട്ടകത്തെ നിര്‍മ്മിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹം സര്‍വ്വ സാന്നിധ്യമുള്ള ആളായിരിക്കണം.

 

അദ്ദേഹത്തിന്‍റെ ബുദ്ധിശക്തി അനന്തമാണ് (Infinite). ഭൂമിയുടെ ജീവന്‍റെ ഉല്‍പ്പത്തിയുടെ ആരംഭ സമയത്ത് അദ്ദേഹം സൃഷ്ടിച്ച ജീവഭാഷകള്‍ (DNA, RNA, പ്രോട്ടീന്‍) ഇരുപതാം നൂറ്റാണ്ടിന്‍റെ പാതിയോടെയാണ് ശാസ്ത്രത്തിന് പിടികിട്ടിയത്. ജെനറ്റിക് കോഡിന്‍റെ പഠനം ശൈശവദശയില്‍ ആണെന്ന് പറയാം. അദ്ദേഹം മനുഷ്യരെ വ്യക്തികളായി സൃഷ്ടിച്ചുവെങ്കില്‍ അദ്ദേഹം ഒരിക്കലും സൃഷ്ടിയേക്കാള്‍ ചെറുതായിരിക്കുകയില്ലല്ലോ. തീര്‍ച്ചയായും അദ്ദേഹം അതീവ വ്യക്തിത്വമുള്ളയാളായിരിക്കണം (Super Person).

 

പ്രപഞ്ചോല്‍പ്പത്തി/ജീവോല്‍പ്പത്തി/മനുഷ്യോല്‍പ്പത്തി പഠനങ്ങള്‍ നമ്മെ ഒരു സ്രഷ്ടാവായ ദൈവത്തിലേക്ക് നയിക്കുന്നു. ആത്യന്തിക യാഥാര്‍ത്ഥ്യം പദാര്‍ത്ഥമോ ഊര്‍ജ്ജമോ അല്ല, ഇന്‍ഫോര്‍മേഷനുമല്ല. പിന്നെയോ, സര്‍വ്വശക്തനായ, സര്‍വ്വജ്ഞാനിയായ, സര്‍വ്വസാന്നിധ്യമുള്ള, വ്യക്തിത്വമുള്ള, സ്രഷ്ടാവായ ദൈവമാണ്. അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വ്യക്തിപരമായി മനസ്സിലാക്കുവാന്‍ നമ്മുടെ ശാസ്ത്രപഠനം കൊണ്ട് സാധിക്കുകയില്ല, കാരണം അദ്ദേഹം പ്രപഞ്ചം അല്ലല്ലോ. പ്രപഞ്ചത്തിനതീതനായ കാരണഭൂതനെ പരിമിതിയുള്ള മനുഷ്യന് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണ്. ആ ദൈവം തന്നെത്തന്നെ മനുഷ്യന് വെളിപ്പെടുത്തിക്കൊടുത്താലെ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ.

 

“ഞാനാരാണ്?” എന്ന ചോദ്യത്തിനുത്തരം ഈ ശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ നമുക്ക്‌ മനസ്സിലായി:

 

“സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ സ്രാഷ്ടാവാം ദൈവത്തിന്‍റെ ഏറ്റവും ഉന്നതമായ സൃഷ്ടിയാണ് മനുഷ്യന്‍. മനുഷ്യന്‍റെ സ്രഷ്ടാവ് അഥവാ ഉടമസ്ഥനാണ് ദൈവം.”

 

 

[1] (“Life is a bag of concepts excuted in a code or language describing an urge for self maintenance and perpetuation in combination with a mechanism and mechinary that allows the independent expression of that code”, Dr. R. L. Wysong. The Creation Evolution Controversy എന്ന പുസ്തകത്തിന്‍റെ പുറം 198-ല്‍ കൊടുത്തിരിക്കുന്ന വിശദീകരണത്തിന്‍റെ ചുവട് വെച്ച് രൂപപ്പെടുത്തിയ വ്യാഖ്യാനം)

 

 

[2] (John Gribbin, Genesis (Oxford Univercity Press, 1982, pp.191,192)

 

 

[3] (H.Bremermann, “Quantitative Aspect of Goal-seeking self organising system “In progress in Theorectical Biology” Ed. F.M.Snell (1976, p.61)

 

 

[4] (C.Sagan, ‘The Origin of Life’ In Encyclopedia Britanica, 13, (1973) p.1083B)

 

 

[5] (I. S. Shklovskil & C. Sagan Intelligent Life in the Universe N.Y. Dell 1966 P.197)

 

 

[6] According to American Mathematician Norbert Wiener (1894-1964) information cannot be a physicial entity. “information is information neither maatter nor energy. Any materialism which disregards this, will not survive one day”.