വിശുദ്ധ സിപ്രിയാന്‍റെ വിചാരണയും രക്തസാക്ഷിത്വവും

 

ചക്രവര്‍ത്തിമാരായ ഗലേറിയന്‍, ഗള്ളിയേനൂസ് എന്നിവരുടെ കോണ്‍സുളെറ്റ് കാലത്ത് – വലേറിയന്‍ നാലാം പ്രാവശ്യവും ഗള്ളിയേനൂസ് മൂന്നാം പ്രാവശ്യവും- ആഗസ്റ്റ്‌ 30 –ന് കാര്‍ത്തെജില്‍ വെച്ച് പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ് തന്‍റെ രഹസ്യ മുറിയില്‍ വെച്ച് മെത്രാനായ സിപ്രിയാനോടു പറഞ്ഞു: “അതിപരിശുദ്ധ ചക്രവര്‍ത്തിമാരായ വലേറിയനും ഗള്ളിയേനൂസും എനിക്കൊരു കത്തയക്കുന്നത് ഉചിതമാണെന്നു കരുതി. അതില്‍ റോമാക്കാരുടെ മതം അനുഷ്ഠിക്കാത്തവര്‍, റോമന്‍ രീതികള്‍ അംഗീകരിക്കണം എന്നവര്‍ കല്‍പിച്ചിട്ടുണ്ട്‌. അതുകൊണ്ട് ഞാന്‍ താങ്കളെപ്പറ്റി അന്വേഷണം നടത്തി. താങ്കള്‍ക്ക് എന്നോട് എന്ത് മറുപടി പറയാനുണ്ട്?”

 

മെത്രാനായ സിപ്രിയാന്‍ പറഞ്ഞു: “ഞാനൊരു ക്രിസ്ത്യാനിയും ഒരു മെത്രാനുമാണ്. ആകാശവും ഭൂമിയും കടലും അവയിലുള്ള സര്‍വ്വവും ഉണ്ടാക്കിയ ഏക സത്യദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെ എനിക്കറിയില്ല. ക്രിസ്ത്യാനികളായ ഞങ്ങള്‍ ഈ ദൈവത്തെയാണ് സേവിക്കുന്നത്. ഞങ്ങള്‍ക്ക് വേണ്ടിയും എല്ലാ മനുഷ്യര്‍ക്ക്‌ വേണ്ടിയും ചക്രവര്‍ത്തിമാരുടെ തന്നെ സുരക്ഷിതത്ത്വത്തിന് വേണ്ടിയും ഈ ദൈവത്തോടാണ് ഞങ്ങള്‍ രാപ്പകല്‍ പ്രാര്‍ത്ഥിക്കുന്നത്.”

 

പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ് ചോദിച്ചു: “ഇതില്‍ താങ്കള്‍ ഉറച്ചു നില്‍ക്കുകയാണോ?”

 

മെത്രാനായ സിപ്രിയാന്‍ പറഞ്ഞു: ദൈവത്തെ അറിയുന്ന സന്മനസ്സിനെ മാറ്റാന്‍ സാധ്യമല്ല.”

 

പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ് ചോദിച്ചു: “അപ്പോള്‍ വലേറിയുസിന്‍റെയും ഗള്ളിയേനുസിന്‍റെയും കല്പന അനുസരിച്ച് കുറുബീസ് നഗരത്തിലേക്ക് വിപ്രവാസിയായി പോകാമോ?”

 

മെത്രാനായ സിപ്രിയാന്‍ പറഞ്ഞു: “ഞാന്‍ പോകാം”.

 

പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ് പറഞ്ഞു: “മെത്രാന്മാരെക്കുറിച്ച് മാത്രമല്ല വൈദികരെക്കുറിച്ചും എനിക്കെഴുതുന്നത് ഉചിതമെന്ന് അവര്‍ക്ക്‌ തോന്നി. അതുകൊണ്ട് ഈ പട്ടണങ്ങളില്‍ പാര്‍ക്കുന്ന വൈദികര്‍ ആരൊക്കെയാണെന്ന് എന്നെ അറിയിക്കണം”.

 

മെത്രാനായ സിപ്രിയാന്‍ പറഞ്ഞു: “വിവരം നല്‍കുന്നത് നിരോധിച്ചിരിക്കുന്നത് നിങ്ങളുടെ നിയമത്തിലെ ശ്രേഷ്ഠവും പ്രയോജനകരവുമായ ഒരു വകുപ്പാണ്. അതുകൊണ്ട് അവരെ വെളിപ്പെടുത്തുവാനോ അവരെപ്പറ്റി വിവരം നല്‍കുവാനോ എനിക്ക് പറ്റുകയില്ല. അവര്‍ അവരുടെ പട്ടണങ്ങളില്‍ തന്നെ കാണും”.

 

പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ്: “ഇന്ന് തന്നെ അവരെ അന്വേഷിച്ച് ഇവിടെ വരുത്തും”.

 

മെത്രാനായ സിപ്രിയാന്‍: “തേടിച്ചെല്ലാതെ ഓടിച്ചെല്ലുന്നത് ഞങ്ങളുടെ നിയമം വിലക്കുന്നു. അത് നിങ്ങളുടെ തത്വങ്ങളുമായി ഒത്തുപോകാത്തതുമാണ്. അതിനാല്‍ എനിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റാത്തതു പോലെ അവര്‍ക്ക്‌ സ്വയം വന്നു ചേരാനും സാധ്യമല്ല; എന്നാല്‍ നീ അന്വേഷിച്ചിറങ്ങിയാല്‍ അവരെ കണ്ടെത്തിയെന്ന് വരാം”.

 

പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ് പറഞ്ഞു: “ഞാന്‍ അവരെ കണ്ടുപിടിക്കും”. അയാളിതും കൂട്ടിച്ചേര്‍ത്തു: “ഒരു സ്ഥലത്തും യോഗം ചേര്‍ന്നു കൂടാ എന്ന് ചക്രവര്‍ത്തിമാര്‍ നിര്‍ദ്ദേശം തന്നിട്ടുണ്ട്; ആരും ശവക്കോട്ടകളിലും കയറിക്കൂടാ. പ്രയോജനപ്രദമായ ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുന്നവര്‍ മരണവിധേയരാകും.”

 

മെത്രാനായ സിപ്രിയാന്‍ പറഞ്ഞു: “നിനക്ക് കിട്ടിയ നിര്‍ദ്ദേശം പോലെ നീ ചെയ്യുക”.

 

ഉടനെ ഭാഗ്യവാനായ സിപ്രിയാനെ നാടുകടത്താന്‍ പ്രൊകോണ്‍സൂള്‍ പതേര്‍ണൂസ് കല്പിച്ചു. അദ്ദേഹം ദീര്‍ഘകാലം വിപ്രവാസത്തിലായിരുന്നു. പ്രൊകോണ്‍സൂള്‍ അസ്പാത്തിയുസ്‌ പതേര്‍ണൂസിന്‍റെ പിന്‍ഗാമിയായ കോണ്‍സൂളായി ഗലേരിയൂസ് മാക്സിമൂസ്‌ വന്നു. നാടുകടത്തിയിടത്തു നിന്ന് സിപ്രിയാനെ തിരികെ വരുത്തി തന്‍റെ മുന്‍പില്‍ ഹാജരാക്കാന്‍ അയാള്‍ കല്പിച്ചു.

 

അസ്പാത്തിയുസിന്‍റെ കല്പനയാല്‍ കുറുബിസിലേക്ക് നാടുകടത്തപ്പെട്ടവനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനുമായ വിശുദ്ധ രക്തസാക്ഷി സിപ്രിയാന്‍ അവിടെ നിന്ന് തിരികെ വന്നപ്പോള്‍, ദൈവിക കല്പനയാല്‍ തന്‍റെ സ്വന്തം ഉദ്യാനത്തില്‍ തന്നെ തങ്ങി. അവനെ കാണിച്ചത് പോലെ, അവിടെ നിന്നും വിളിക്കപ്പെടുമെന്നു അവന്‍ ഓരോ ദിവസവും പ്രതീക്ഷിച്ചു. അവന്‍ അവിടെത്തന്നെ കഴിയവേ, പെട്ടെന്ന് സെപ്തംബര്‍ 13-ന് ടുസ്ക്കൂസിന്‍റെയും ബാസ്സുസിന്‍റെയും കോണ്‍സുളേറ്റ് കാലത്ത് രണ്ട് ഉന്നത ഉദ്യോഗസ്ഥന്മാര്‍ അദ്ദേഹത്തിന്‍റെ പക്കലെത്തി. ഒരാള്‍ പ്രൊകോണ്‍സൂള്‍ ഗലേരിയുസ് മാക്സിമുസിന്‍റെ സ്റ്റാഫിലെ അശ്വപാലകനും മറ്റേയാള്‍ അതേ സ്റ്റാഫില്‍പ്പെട്ട വേറൊരാളും-അതായത് അംഗരക്ഷകരിലെ അശ്വപാലകനും ആയിരുന്നു. അവര്‍ അദ്ദേഹത്തെ പൊക്കിയെടുത്ത് വണ്ടിയില്‍ വെച്ച് അവരുടെ ഇടയില്‍ ഇരുത്തി; സെക്സ്റ്റസിന്‍റെ വീട്ടിലേക്ക് വണ്ടിയോടിച്ചു പോയി. അവിടെയാണ് തന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രൊകോണ്‍സൂള്‍ ഗലേറിയുസ് മക്സിമുസ്‌ താമസിച്ചിരുന്നത്. സിപ്രിയാനെ പിറ്റേദിവസത്തേക്ക് അവിടെ പാര്‍പ്പിക്കാന്‍ പ്രൊകോണ്‍സൂള്‍ ഗലേറിയുസ് മാക്സിമുസ്‌ കല്പിച്ചു. താല്‍കാലികമായി, ഗാര്‍ഡിന്‍റെ മേല്‍നോട്ടത്തില്‍ ഭാഗ്യവാനായ സിപ്രിയാന്‍ ഒരുന്നതോദ്യോഗസ്ഥന്‍റെ ഭവനത്തിലേക്ക് പിന്‍വാങ്ങി. അവനോടൊപ്പം അവന്‍റെ ഭവനത്തില്‍ സറ്റേണ്‍സ് എന്ന് വിളിക്കപ്പെടുന്ന തെരുവില്‍ താമസിച്ചു. മഹനീയനായ പ്രൊകോണ്‍സൂള്‍ ഗലേറിയുസ് മാക്സിമുസിന്‍റെ സ്റ്റാഫില്‍പ്പെട്ട ഒരുദ്യോഗസ്ഥനായിരുന്നു അയാള്‍. വീനസിന്‍റെ അമ്പലത്തിന്‍റെയും പൊതുജനാരോഗ്യാമ്പലത്തിന്‍റെയും ഇടയ്ക്കായിരുന്നു ആ തെരുവ്. സഹോദരന്മാരുടെ സമൂഹം മുഴുവന്‍ അവിടെ കൂടി; ഇതറിഞ്ഞ വിശുദ്ധ സിപ്രിയാന്‍ യുവതികളെ പ്രത്യേകിച്ച് സംരക്ഷിച്ചു കൊള്ളണമെന്ന് നിര്‍ദ്ദേശം നല്‍കി; കാരണം ഉദ്യോഗസ്ഥന്‍റെ വീടിന്‍റെ വാതിലിനു മുമ്പില്‍ തെരുവില്‍ എല്ലാവരും തടിച്ചു കൂടിയിരുന്നു.

 

പിറ്റേദിവസം, അതായതു സെപ്തംബര്‍ 14-ന് പ്രൊകോണ്‍സൂള്‍ ഗലേറിയുസ് മാക്സിമുസിന്‍റെ കല്പനയാല്‍ സെക്സ്റ്റസിന്‍റെ ഭവനത്തില്‍ രാവിലെ തന്നെ വലിയൊരു ജനാവലി വന്നു ചേര്‍ന്നിരുന്നു. പ്രൊകോണ്‍സൂള്‍ ഗലേറിയുസ് മാക്സിമുസ്‌ താനിരുന്ന സൌചിയോളും എന്ന ഹാളില്‍ തന്‍റെ മുമ്പാകെ സിപ്രിയാന്‍ മെത്രാനെ ഹാജരാക്കാന്‍ കല്പിച്ചു. അദ്ദേഹത്തെ ഹാജരാക്കിയപ്പോള്‍ പ്രൊകോണ്‍സൂള്‍ ഗലേറിയുസ് മാക്സിമുസ്‌ ചോദിച്ചു: “താനാണോ താഷിയുസ്‌ സിപ്രിയാന്‍?”

 

മെത്രാനായ സിപ്രിയാന്‍ പറഞ്ഞു: “ഞാനാണ്”.

 

പ്രൊകോണ്‍സൂള്‍ ഗലേറിയുസ് മാക്സിമുസ്‌: “ദേവനിന്ദാപരമായ അഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവരുടെ പാപ്പാസ്ഥാനം നീ ഏറ്റെടുത്തിരിക്കുകയാണോ?”

 

മെത്രാനായ സിപ്രിയാന്‍: “അതേ”.

 

പ്രൊകോണ്‍സൂള്‍ ഗലേറിയുസ് മാക്സിമുസ്‌: “അര്‍പ്പണം നടത്താന്‍ അതിപാവനരായ ചക്രവര്‍ത്തിമാര്‍ നിന്നോട് കല്പിച്ചിരുന്നു.”

 

മെത്രാനായ സിപ്രിയാന്‍: “ഞാന്‍ നിരസിക്കുന്നു”.

 

പ്രൊകോണ്‍സൂള്‍ ഗലേറിയുസ് മാക്സിമുസ്‌: “നീ നിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കൂ”.

 

മെത്രാനായ സിപ്രിയാന്‍: “നിന്നോട് പറഞ്ഞത് പോലെ നീ ചെയ്യുക. വളരെ വ്യക്തമായ സംഗതിയെക്കുറിച്ച് പുനര്‍വിചിന്തനത്തിനാവശ്യമില്ല”.

 

ഗലേറിയുസ് മാക്സിമുസ്‌ തന്‍റെ കൌണ്‍സിലുമായി ആലോചിച്ച് താഴെപ്പറയും വിധം പ്രയാസപ്പെട്ടും മനസ്സില്ലാമനസ്സോടെയും വിധി പ്രസ്താവിച്ചു: “ദൈവദൂഷണപരമായ അഭിപ്രായങ്ങള്‍ പുലര്‍ത്തിക്കൊണ്ട് നീ ദീര്‍ഘനാള്‍ ജീവിച്ചു. മ്ലേച്ഛമായ ഗൂഢാലോചന നടത്തിയ വളരെയധികം ആളുകളെ നീ നിന്‍റെ കൂടെ ചേര്‍ത്തു. റോമിന്‍റെ ദേവന്മാരുടെയും മതപരമായ നിര്‍ദ്ദേശങ്ങളുടെയും ഒരു ശത്രുവായി നീ സ്വയം പ്രഖ്യാപിച്ചു; നിന്നെ അവരുടെ അനുഷ്ഠാനങ്ങളിലേക്ക് കൊണ്ടുവരുവാന്‍ ഭക്തരും ഏറ്റവും പൂജ്യരും അഗസ്റ്റസുമാരുമായ വലേറിയന്‍, ഗള്ളിയേനുസ് എന്നീ ചക്രവര്‍ത്തിമാര്‍ക്കും അതിശ്രേഷ്ഠനായ സീസര്‍ വലേറിയനും കഴിഞ്ഞില്ല. അതുകൊണ്ട് ഏറ്റം ഹീനമായ തെറ്റുകളുടെ സൂത്രധാരകനും തലവനും നീയാണെന്ന് കുറ്റം വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍, നിന്‍റെ രക്തത്തില്‍ നീ ശിക്ഷാവിധി അനുഭവിക്കണം”. ഇത്രയും പറഞ്ഞിട്ട് ഫലകത്തില്‍ നിന്ന് ഇപ്രകാരം അയാള്‍ വായിച്ചു: “താഷിയുസ്‌ സിപ്രിയാനെ തലവെട്ടികൊല്ലാന്‍ നാം കല്പിച്ചിരിക്കുന്നു”.

 

മെത്രാനായ സിപ്രിയാന്‍ പറഞ്ഞു: “ദൈവത്തിന് നന്ദി”.

 

“അദ്ദേഹത്തോടൊപ്പം ഞങ്ങളുടേയും തലവെട്ടിക്കളയുക” എന്ന് ഈ വാചകം കേട്ടപ്പോള്‍ സഹോദരന്മാരുടെ സമൂഹം നിലവിളിച്ചു. സഹോദരന്മാരുടെ ഇടയില്‍ ബഹളമുണ്ടായി. വലിയൊരു ജനാവലി അദ്ദേഹത്തെ അനുഗമിച്ചു.സെക്ടസിന്‍റെ പറമ്പിലേക്ക് അവര്‍ സിപ്രിയാനെ നയിച്ചു. അവിടെ അദ്ദേഹം തന്‍റെ പുറങ്കുപ്പായം മാറ്റി വെച്ചു; നിലത്തു മുട്ടുകുത്തി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുവാനായി കുനിഞ്ഞു. അപ്പോള്‍ തന്‍റെ പുറങ്കുപ്പായം ഡീക്കന്മാരെ ഏല്‍പ്പിച്ചു; തന്‍റെ ലിനന്‍ വസ്ത്രം മാത്രം ധരിച്ച് ആരാച്ചാരെ കാത്തുനിന്നു. ആരാച്ചാര്‍ വന്നപ്പോള്‍ അയാള്‍ക്ക് 25 സ്വര്‍ണ്ണനാണയങ്ങള്‍ കൊടുക്കുന്നതിനു തന്‍റെ സ്നേഹിതരെ അദ്ദേഹം ചുമതലപ്പെടുത്തി. സഹോദരന്മാര്‍ കൈത്തൂവാലകളും തുണിക്കഷണങ്ങളും അദ്ദേഹത്തിന്‍റെ മുമ്പില്‍ വിരിച്ചു. അതിനു ശേഷം ഭാഗ്യവാനായ സിപ്രിയാന്‍ തന്നെ തന്‍റെ കണ്ണുകള്‍ കെട്ടി; എന്നാല്‍ തനിയെ തൂവാലയുടെ അറ്റം കെട്ടാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹത്തിനു വേണ്ടി ജൂലിയാനുസ് എന്ന വൈദികനും ജൂലിയാനുസ് എന്ന ഡീക്കനും കൂടി അത് മുറുക്കിക്കെട്ടി.

 

ഇങ്ങനെ ഭാഗ്യവാനായ സിപ്രിയാന്‍ മരിച്ചു. പുറജാതിക്കാരുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തായി അദ്ദേഹത്തിന്‍റെ ശരീരം അവിടെ മരവിച്ചു കിടന്നു. വിശ്വാസികള്‍ രാത്രിയില്‍ അത് അവിടെ നിന്ന് നീക്കി, പന്തങ്ങളോടും വിളക്കുകളോടും കൂടെ പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷസമേതം പ്രൊക്കുറേറ്ററായ മക്രോബിയുസ്‌ കാന്‍ഡിഡിയാനുസിന്‍റെ ശവക്കോട്ടയിലേക്ക് കൊണ്ടുപോയി. മീന്‍ കുളത്തിനടുത്തുള്ള മപ്പാലിയന്‍ വഴിയമ്പലമാണത്. കുറെ ദിവസങ്ങള്‍ക്ക് ശേഷം ഗലേറിയുസ് മാക്സിമുസ്‌ മരിച്ചു.

 

നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ഭരണ കാലത്ത് വലേറിയന്‍റെയും ഗള്ളിയേനുസിന്‍റെയും കീഴില്‍ സെപ്തംബര്‍ 14 –ന് അതിഭാഗ്യവാനായ സിപ്രിയാന്‍ രക്തസാക്ഷിമകുടം ചൂടി. നമ്മുടെ കര്‍ത്താവിന് എന്നുമെന്നും ബഹുമാനവും മഹത്വവും ഉണ്ടായിരിക്കട്ടെ.  ആമ്മേന്‍.

 

(പ്രൊഫ.റവ.ഡോ.സേവ്യര്‍ കൂടപ്പുഴ, തിരുസ്സഭാചരിത്രം, പേജ് 164-167)