സ്വന്തം മകളെ വില്‍ക്കാന്‍ ബൈബിളിലെ ദൈവം കല്‍പ്പിക്കുന്നുവോ?

ചോദ്യം: പുറപ്പാട്.21:7-ല്‍ സ്വന്തം പെണ്മക്കളെ വില്‍ക്കാന്‍ ദൈവം കല്പ്പിക്കുന്നുണ്ടല്ലോ, ഇത് എന്ത് തരം ധാര്‍മ്മികതയാണ്?

 

ഉത്തരം: അന്ധന്മാര്‍ ആനയെ കണ്ടത് പോലെയാണ് പരിണാമ മതക്കാരും നിരീശ്വര മതക്കാരും ബൈബിളിനെ കാണുന്നത് എന്നുള്ള കാര്യം വളരെ ശരിയാണ് എന്നാണ് ഇത്തര ചോദ്യം തെളിയിക്കുന്നത്. സ്വന്തം മകളെ ദാസിയായി വില്‍ക്കാന്‍ കല്പിക്കുന്നു എന്നാണ് എന്നാണ് ആരോപണം. അങ്ങനെ ദൈവം കല്പിക്കുന്നെയില്ല, അത് വിമര്‍ശകരുടെ വെറും നുണ മാത്രമാണ്. പുറ.21:7 ഇങ്ങനെയാണ്:

“ഒരുത്തന്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാല്‍ അവള്‍ ദാസന്മാര്‍ പോകുന്നതു പോലെ പോകരുതു.”

 

സ്വന്തം മകളെ ദാസിയായി വില്‍ക്കാനല്ല, വില്‍ക്കേണ്ടി വന്നാല്‍ എന്ത് ചെയ്യണം എന്നാണ് അവിടെ പറയുന്നത്. എന്തുകൊണ്ടാണ് ഒരാള്‍ക്ക് സ്വന്തം മകളെ ദാസിയായി വില്‍ക്കേണ്ടി വരുന്നത്? അതിനുള്ള ഉത്തരം ലഭിച്ചാല്‍ മാത്രമേ ഈ വാക്യം ശരിയായി മനസ്സിലാക്കാന്‍ കഴിയൂ.

 

3500 കൊല്ലം മുന്‍പ് മോശയിലൂടെ ദൈവം നല്‍കിയ കല്പനയില്‍ ഉള്ളതാണ് ഇക്കാര്യം. ഇന്നത്തെപ്പോലെ ഹരിത വിപ്ലവം നടത്തി എല്ലാവര്‍ക്കും സുഭിക്ഷമായ ആഹാരം കിട്ടുന്ന ഒരു കാലഘട്ടമായിരുന്നില്ല അതെന്ന് ഓര്‍ക്കണം. ഇടക്കിടെയുള്ള ശത്രുക്കളുടെ ആക്രമണത്താല്‍ വരുന്ന വിള നാശവും മഴയുടെ ലഭ്യതക്കുറവും കാരണം സാധാരണക്കാര്‍ക്ക് ആഹാരം കിട്ടാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടയില്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ക്ഷാമം വന്നാല്‍ അവരുടെ അവസ്ഥ കൂടുതല്‍ ബുദ്ധിമുട്ടിലാകും. ആ സമയത്ത് ആളുകള്‍ തങ്ങളെയും തങ്ങളുടെ കുടുംബാംഗങ്ങളെയുമെല്ലാം വില്‍ക്കുന്നത് സാധാരണ നടപടിയായിരുന്നു. ഈജിപ്തുകാര്‍ ഇങ്ങനെ ചെയ്തിരുന്നതായി ഉല്പത്തി പുസ്തകത്തില്‍ കാണാം:

 

“ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടില്‍ അവര്‍ അവന്‍റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതു: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേര്‍ന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്‍റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങള്‍ മറെക്കുന്നില്ല. ഞങ്ങളും ഞങ്ങളുടെ നിലവും നിന്‍റെ കണ്ണിന്നു മുമ്പില്‍ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങള്‍ നിലവുമായി ഫറവോന്നു അടിമകള്‍ ആകട്ടെ. ഞങ്ങള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങള്‍ക്കു വിത്തു തരേണം. അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യര്‍ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി. ജനങ്ങളേയോ അവന്‍ മിസ്രയീംദേശത്തിന്‍റെ അറ്റംമുതല്‍ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാര്‍പ്പിച്ചു. പുരോഹിതന്മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല; പുരോഹിതന്മാര്‍ക്കു ഫറവോന്‍ അവകാശം കല്പിച്ചിരുന്നു; ഫറവോന്‍ അവര്‍ക്കും കൊടുത്ത അവകാശം കൊണ്ടു അവര്‍ ഉപജീവനം കഴിച്ചതിനാല്‍ അവര്‍ തങ്ങളുടെ നിലം വിറ്റില്ല. യോസേഫ് ജനങ്ങളോടു: ഞാന്‍ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങള്‍ക്കു വിത്തു ഇതാ; നിലം വിതെച്ചുകൊള്‍വിന്‍. വിളവെടുക്കുമ്പോള്‍ നിങ്ങള്‍ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങള്‍ക്കും നിങ്ങളുടെ വീടുകളിലുള്ളവര്‍ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ആഹാരമായിട്ടും നിങ്ങള്‍ക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു. അതിന്നു അവര്‍: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാല്‍ മതി; ഞങ്ങള്‍ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.” (ഉല്പത്തി.47:18-25)

 

ഇത് മൂവായിരത്തഞ്ഞൂറു കൊല്ലം മുന്‍പത്തെ ഈജിപ്തിലെ കാര്യമാണ്. എന്നാല്‍ അത്രയൊന്നും അധികം പുറകിലേക്ക് പോകേണ്ടതില്ലാത്ത കാലത്ത് കേരളത്തിലും ഇതൊക്കെത്തന്നെയാണ് ഉണ്ടായിരുന്നതെന്ന് ചരിത്ര രേഖകള്‍ തെളിവ് നല്‍കുന്നുണ്ട്. “ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും” എന്ന ഗ്രന്ഥത്തില്‍ നിന്ന് പരിശോധിക്കാം:

 

“കച്ചവടങ്ങള്‍ ചെയ്യുന്നതിന് പണ്ടാറവകയായുള്ള വിലക്കുകള്‍ നീക്കം ചെയ്തുകൊണ്ടുള്ള തിരുവിതാംകൂര്‍ മഹാറാണിയുടെ മേലുദ്ധരിച്ച വിളംബരം 1818-ലേതാണ്. ഇതിന് മുമ്പുള്ള കാലങ്ങളില്‍ കേരളത്തിലെ താഴ്ന്ന ജാതികള്‍ കച്ചവടമൊന്നും ചെയ്തിരുന്നില്ലെന്നോ വില്‍ക്കാനാവുന്ന ചരക്കുകള്‍ യാതൊന്നും അവര്‍ക്കുണ്ടായിരുന്നില്ലെന്നോ ധരിക്കുന്നത് പക്ഷേ, ശരിയല്ല. 1775 കാലത്ത് അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് പാണ്ടികശാലയുടെ ഫാക്ടറിയായിരുന്ന ജെയിംസ് ഫോര്‍ബ്സ് അവിടെയൊക്കെ സാധാരണമായിരുന്ന ഒരു കച്ചവടം വിശദമായി വിവരിക്കുന്നുണ്ട്. വിദ്യാസമ്പന്നന്‍ കൂടിയായ ആ ഇംഗ്ലീഷുകാരനെ ഉദ്ധരിക്കാം:

 

“വര്‍ഷകാലത്ത് ഭാഗികമായെങ്കിലും വെള്ളപ്പൊക്കമുണ്ടായാല്‍ വിള പകുതിയായിക്കുറയും. അത്തരം ക്ഷാമകാലങ്ങളില്‍ ഈ ദരിദ്രപ്പരിഷകള്‍ സഹിക്കവയ്യാത്ത വിശപ്പിന്‍റെ പ്രേരണയില്‍ അഞ്ചുതെങ്ങിലേക്കും മറ്റു തുറമുഖ സ്ഥാനങ്ങളിലേക്കും നീങ്ങുന്നു. ഒരു ചെറുപ്പക്കാരന്‍ തീറ്റിപ്പോറ്റപ്പെടുക എന്ന പ്രതിഫലത്തിന് മാത്രമായി തന്നെത്തന്നെ വില്‍ക്കുന്നതും അമ്മ സ്വന്തം കുഞ്ഞിന് ഒരു ചാക്ക് അരി വില പറയുന്നതും ഹതാശനായ ഒരച്ഛന്‍ ഭാര്യയേയും മക്കളെയും അടക്കമായി നാല്പതോ അമ്പതോ ഉറുപ്പികയ്ക്ക് വില്‍ക്കുന്നതും അപ്പോള്‍ നിങ്ങള്‍ക്കവിടെ കാണാം. അഞ്ചുതെങ്ങില്‍ ആദായത്തിന് ലഭിക്കുന്ന ഒരു വില്പനചരക്കാണ് കുട്ടികള്‍. പ്രത്യേകമായ ക്ഷാമപരിതഃസ്ഥിതിയൊന്നും നിലവിലില്ലാത്ത ഒരവസരത്തില്‍ എട്ടോ ഒമ്പതോ വയസ്സുള്ള ഒരാണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ബോംബെയിലെ ഒരു സ്നേഹിതയ്ക്ക് സമ്മാനമായി നല്‍കാന്‍, ഇംഗ്ലണ്ടില്‍ രണ്ട് പന്നികള്‍ക്ക് കൊടുക്കേണ്ടതിലും കുറഞ്ഞ വിലയ്ക്ക് ഞാന്‍ വാങ്ങുകയുണ്ടായി. അവരെ വാങ്ങുന്നതിനും ബോംബെ യാത്രക്കാലമായ 2 മാസത്തെ ഭക്ഷണത്തിനും 4 സെറ്റ് ഉടുപ്പുകള്‍ക്കും ഒക്കെക്കൂടി 20 രൂപയേ വേണ്ടിവന്നുള്ളൂ” (James Forbs, Oriental memoirs, Vol.II, P.251)

 

ദയാപൂര്‍വ്വം സംരക്ഷിക്കപ്പെടുന്ന സ്ഥാനത്തേക്ക് നല്‍കാന്‍ അവരെ താന്‍ വാങ്ങിയത് അവരുടെ ഭാഗ്യമാണെന്ന് കൂടി നിരീക്ഷിക്കുന്ന ഫോര്‍ബ്സ് മറ്റൊരു കച്ചവട വിവരം വിശദമായി കുറിക്കുന്നുണ്ട്. മത്സ്യം കൊണ്ടുവരുന്ന ഒരു മുക്കുവ സ്ത്രീ, ഒരുറുപ്പിക വിലയ്ക്ക് തന്‍റെ കുഞ്ഞിനെ വാങ്ങണമെന്ന് ഫോര്‍ബ്സിനോടപേക്ഷിക്കുകയുണ്ടായി. താന്‍ അതിന് തുനിയാതിരുന്നത് കൊണ്ട് ആ സ്ത്രീ അഞ്ചുതെങ്ങിലുള്ള പോര്‍ത്തുഗീസുകാരനായ സിനോര്‍ മാനുവല്‍ റോഡ്രീഗ്സിന് കുഞ്ഞിനെ അര ഉറുപ്പിക(50 പൈസ)യ്ക്ക് വിറ്റുവെന്നതാണ് വിവരണത്തിന്‍റെ ചുരുക്കം (Ibid, P.252)

 

1599-ല്‍ നടന്ന ഉദയംപേരൂര്‍ സുനഹദോസിലെ കാനോനുകളില്‍ ഒന്ന്, ക്രിസ്ത്യാനികള്‍ കുട്ടികളെ അടിമക്കച്ചവടം ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ളതാണ് (ഉദയംപേരൂര്‍ സുനഹദോസ് ഡിക്രി No. XII). ഡച്ചുകാരുടെ കാലത്ത് ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ ഫോര്‍ട്ടുകൊച്ചിയിലെ പള്ളി തട്ടിക്കൊണ്ടുവന്നവരോട് വാങ്ങിയവരും അതല്ലാതെ അധീനത്തിലായവരുമായ നാട്ടുകാരെ അടിമകളായി കയറ്റുമതി ചെയ്യുന്നതിനുള്ള ഗോഡൌണായിട്ടാണ് ഉപയോഗിച്ചിരുന്നതെന്നും കാണുന്നു (Dr. Francis Day, Land of the PerumalS, P.183,184). `19-ം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളാകുമ്പോള്‍, വിശപ്പൊടുക്കാനാവാതെ മരിക്കുന്നതൊഴിവാക്കാന്‍ സ്വയം വില്‍ക്കലും സ്വന്തം സന്താനങ്ങളെ വില്‍ക്കലും സാരമായി വര്‍ദ്ധിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ അത് പെട്ടുവെന്ന് റാണി ലക്ഷ്മീഭായിയുടെ 1811-ലെ ഈ വിളംബരം കൊണ്ട് കാണാം:

 

“ഈ രാജ്യത്തില്‍ ഒള്ളവരും പുറരാജ്യത്തില്‍ ഒള്ളവരും ഈ സംസ്ഥാനത്ത് പല ജാതികളിലും ഒള്ള കുഞ്ഞുകുട്ടികളെയും പെണ്ണുങ്ങളെയും ലാഭസംഗതിക്കായിട്ടു ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കയും ഏറിയ വിലയ്ക്ക് വിക്കയും പുറംനാട്ടുംമെല്‍ കൊണ്ടുപോകയും ആയതു തുറമുഖത്ത് സ്ഥലങ്ങളില്‍ പണ്ടാറവകയില്‍ അറിയുന്ന വകക്ക് തീരുവ വാങ്ങിക്കയും ഇതിന്മണ്ണം ആളുകളെ വിക്കുന്ന കാര്യം ഒരു കച്ചോടമര്യാദപ്രകാരമായിട്ടു തീര്‍ന്നിരിക്കകൊണ്ടും ഇത് എത്രയും മര്യാദകെടും ദുര്യശസ്സും ആയിട്ടുള്ള കാര്യമാകകൊണ്ടും ഇങ്ങിനെ അവമര്യാദ ആയിട്ടുള്ള കാര്യം നടക്കാതെ ഇരിക്കേണ്ടതിനു പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍,

 

കൃഷി മുതലായ വെലകള്‍ക്ക് അതതു ദിക്കുകളിലെ മര്യാദപോലെ കുറവര, പറയര, പുലയര, പള്ളര, മലയര, വേടര മുതലായ ആളടിയാരെ കുടിയാനവന്മാരെ തമ്മില്‍ ഒറ്റിയും ജന്മവും പാട്ടവുമായിട്ടു നടുവന്‍ മൂത്തകരക്കാറരെക്കൊണ്ടു ആധാരം എഴുതി വാങ്ങിക്കയും കൊടുക്കയും അവരു കൃഷിവേലകാര്യങ്ങള്‍ ചെയ്യിച്ചുവരികയും മാമൂലായിട്ട് എല്ലാ ദിക്കിലും നടന്നുവരുന്ന മര്യാദപ്രകാരം ഒള്ളത് ഒഴികെ ശേഷം ജാതിക്കാരെ അവരവിടെ വംശത്തില്‍ ഒള്ളവര എങ്കിലും മറ്റാരെങ്കിലും വിക്കയും വാങ്ങിക്കയും പണ്ടാറവകക്കു തീരുവ വാങ്ങിക്കയും അരുതെന്നു ഉറപ്പായിട്ടു കല്പിച്ചിരിക്കുന്നു” (Selected Proclametions, S.No. I. P.1)

 

പ്രഭുവര്‍ഗ്ഗങ്ങളെ അര്‍ദ്ധപട്ടിണിക്കാരായി നിലനിര്‍ത്തുകയും, താഴ്ന്ന ജാതികളെ പെറുക്കിത്തിന്നു പുലരുന്ന ജീവിത പരിതഃസ്ഥിതിയിലേക്ക് തള്ളി മാറ്റുകയും അവര്‍ക്ക് ക്രയവിക്രയം ചെയ്യാനുള്ള ഏക വിഭവം അവനവന്‍റെയും ഭാര്യാപുത്രാദികളുടെയും ശരീരം മാത്രമാണെന്ന നില വരുത്തുകയും, ഇത്തരം കച്ചവടമല്ലാത്ത സാധനക്കൈമാറ്റ ക്രയവിക്രയം പോലും സമൂഹത്തില്‍ പൊതുവെ അപ്രസക്തമാക്കുകയും ചെയ്ത സമ്പദ്ഘടനയ്ക്ക് എന്തു പേരാണ് നമുക്ക് വിളിക്കാന്‍ കഴിയുക? ഈ സമൂഹത്തിലെ അസ്സല്‍ ജനജീവിതം നടന്ന രീതിയെന്തെന്നും ഇതിന്‍റെ പ്രാകൃത പരിതഃസ്ഥിതി എന്തായിരുന്നുവെന്നും പഠിക്കാതെ നാമകരണം നടത്തുന്നത് ശരിയല്ല.” (പി. കെ. ബാലകൃഷ്ണന്‍, “ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും”, പുറം 182-184)

 

1811-ല്‍, വെറും ഇരുന്നൂറു കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്‍റെ അവസ്ഥയാണ് നാം ഈ കണ്ടത്. ജലസേചനത്തിനു ബുദ്ധിമുട്ടില്ലാത്ത, കൃഷിക്കനുയോജ്യമായ കാലാവസ്ഥകൊണ്ട് അനുഗൃഹീതമായ കേരളത്തിലെ സ്ഥിതി ഇരുന്നൂറ് കൊല്ലം മുന്‍പ് ഇങ്ങനെയായിരുന്നുവെങ്കില്‍  അങ്ങനെയെങ്കില്‍ 3500 കൊല്ലം മുന്‍പ് മരുഭൂമി സമാനമായ പ്രദേശത്ത് ജീവിക്കുന്നവരുടെ അവസ്ഥ എങ്ങനെയായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പട്ടിണി വരുമ്പോള്‍ തന്നെത്തന്നെയും കുടുംബാംഗങ്ങളെയും വില്‍ക്കുന്ന ഈ സംസ്കാരം യിസ്രായേല്യരുടെ ഇടയിലും നിലനിന്നിരുന്നു. എന്നാല്‍ ദൈവം അതിന് ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. മറ്റു സമൂഹങ്ങളില്‍ ഇങ്ങനെ അടിമകളായി വില്‍ക്കപ്പെടുന്നവര്‍ ജീവിതകാലം മുഴുവന്‍ അടിമകളായി തന്നെ തുടരണം. എന്നാല്‍ യിസ്രായെലില്‍ അങ്ങനെ പാടില്ല എന്നാണ് യഹോവ ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്നത്. ബൈബിള്‍ പറയുന്നത് നോക്കുക:

 

“നിന്‍റെ സഹോദരനായ ഒരു എബ്രായ പുരുഷനോ എബ്രായ സ്ത്രീയോ നിനക്കു തന്നെത്താന്‍ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാല്‍ ഏഴാം സംവത്സരത്തില്‍ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം. അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു. നിന്‍റെ ആട്ടിന്‍ കൂട്ടത്തില്‍നിന്നും കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം” (ആവ.15:12-14).

 

അവന്‍ / അവള്‍ ആകെ ആറു കൊല്ലം മാത്രം അടിമയായി ഇരുന്നാല്‍ മതി, അല്ലാതെ അക്കാലത്തെ മറ്റു സമൂഹങ്ങളില്‍ നിലനിന്നിരുന്നത് പോലെ ജീവിതകാലം മുഴുവനുമുള്ള അടിമത്തം അല്ല ദൈവം നിയമമായി അവര്‍ക്ക്‌ കൊടുക്കുന്നത്. മാത്രമല്ല, ആറു കൊല്ലം കഴിഞ്ഞ ശേഷം അവര്‍ സ്വതന്ത്രരായി പോകുമ്പോള്‍ അവര്‍ക്ക്‌ ഒരു ജീവിതം തുടങ്ങാന്‍ ആവശ്യമായ വിഭവങ്ങള്‍ യജമാനന്‍ കൊടുക്കുകയും വേണം.

 

ചുരുക്കത്തില്‍ ഈ ഇടപാട് കൊണ്ട് ആര്‍ക്കും ഒരു നഷ്ടവുമില്ല. ക്ഷാമകാലത്ത് പട്ടിണി കൊണ്ട് മരിച്ചു പോകാതെ അവര്‍ രക്ഷപ്പെടുന്നു, യജമാനന് ആറു വര്‍ഷത്തേക്ക് ശമ്പളം കൊടുക്കാതെ ജോലി ചെയ്യാന്‍ ആളെ കിട്ടുന്നു, ആറു കൊല്ലം കഴിഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ അവര്‍ക്ക്‌ ഒരു ജീവിതം തുടങ്ങാനുള്ള വക കയ്യില്‍ ഉണ്ടാവുകയും ചെയ്യും. ആ കാലഘട്ടത്തില്‍ ഏര്‍പ്പെടുത്താന്‍ പറ്റുമായിരുന്ന ഏറ്റവും മാനുഷികമായ നിയമം ആണിത്. ഇതിലും മാനുഷികമായ വിധത്തില്‍ ഈ പ്രശ്നത്തെ പരിഹരിക്കാന്‍ ഒരാള്‍ക്കും പറ്റില്ല ഇത് മനസ്സിലാക്കാതെയാണ് ആളുകള്‍ ഈ വാക്യം എടുത്തു ബൈബിളിനെ ആക്രമിക്കുന്നത്.

 

ബൈബിളിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ എല്ലാം തന്നെ ഇതുപോലെ മറുപടി പറയാന്‍ പറ്റുന്നതാണ്. ആരോപണ കര്‍ത്താക്കള്‍ക്ക് ചരിത്ര ബോധം ഇല്ലാത്തത് കൊണ്ട് ഉന്നയിക്കുന്നതാണ് 90 ശതമാനം ആരോപണങ്ങളും.

Comments & Responses

Leave a Reply