സൃഷ്ടിപ്പിന്‍റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?

നിരീശ്വരവാദികളെയും യുക്തിവാദികളെയും കുറിച്ചു നമ്മുടെ സമൂഹത്തില്‍ വളരെ വലിയൊരു തെറ്റിദ്ധാരണയുണ്ട്. ഈ രണ്ട് കൂട്ടരും തലച്ചോറ് ശരിയായി ഉപയോഗിക്കും എന്നതാണ് അത്. എന്നാല്‍ ഇക്കൂട്ടരെ അടുത്തറിഞ്ഞാലാണ് ഇത് എത്ര വലിയ തെറ്റിദ്ധാരണയാണ് എന്ന് മനസ്സിലാകുക! ഇവരെ മനസ്സിലാക്കാന്‍ ഉതകുന്ന ഒരു പോസ്റ്റ്‌ കാണുകയുണ്ടായി, ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി, അത് വായിക്കാം.

 

ഇതില്‍ പറയുന്നത് ‘മദ്യം നല്‍കിയ വെളിപാടില്‍ ആരോ എഴുതിയതാണ് വിശുദ്ധ വേദപുസ്തകം’ എന്നാണ്. അതിന് തെളിവായി നല്‍കിയിരിക്കുന്നത് ബൈബിളില്‍ നിന്നുള്ള രണ്ട് വേദഭാഗങ്ങളാണ്. ഉല്‍പ്പത്തി.1:25-27; ഉല്‍പ്പത്തി.2:18,19 എന്നിവയാണവ. മനുഷ്യനെ സൃഷ്ടിച്ചത് മറ്റു മൃഗങ്ങളെ സൃഷ്ടിച്ചതിന് ശേഷമാണ് എന്ന് ഉല്‍പ്പത്തി.1:25-27-ല്‍ പറയുന്നുവെന്നും എന്നാല്‍ ഉല്‍പ്പത്തി.2:18,19-ല്‍ മനുഷ്യനെ സൃഷ്ടിച്ചത് മറ്റു മൃഗങ്ങളെ സൃഷ്ടിക്കുന്നതിനു മുന്‍പാണ് എന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. ബൈബിള്‍ എന്ന് പറഞ്ഞാല്‍ പച്ചമരുന്നാണോ അതോ അങ്ങാടി മരുന്നാണോ എന്ന് ചോദിക്കുന്ന നിരീശ്വരവാദികളും യുക്തിവാദികളും അതിന് ലൈക്‌ അടിച്ചിട്ടുമുണ്ട്. ഈ ലേഖനം എഴുതുന്ന സമയത്ത് മൊത്തം 152 ലൈക്ക് കിട്ടിയ ആ പോസ്റ്റ്‌ 146 പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്!! എന്തുകൊണ്ടാണ് നിരീശ്വരവാദികള്‍ക്കു ലോകത്തില്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നറിയാന്‍ കൂടുതല്‍ അന്വേഷണം ഒന്നും നടത്തേണ്ട കാര്യമില്ല എന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ.

 

ഇനി നമുക്ക്‌ അവര്‍ പറഞ്ഞ വേദ ഭാഗങ്ങള്‍ ഒന്ന് പരിശോധിച്ച് നോക്കാം:

 

“ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” (ഉല്‍പ്പത്തി.1:25-27)

 

സകല ജീവജാലങ്ങളെയും ഉണ്ടാക്കിയതിനു ശേഷം ദൈവം മനുഷ്യനെ സൃഷിച്ച കാര്യമാണ് ഇവിടെ പറയുന്നത്. സൃഷ്ടിച്ചതിന് ശേഷം അവരോട് പറയുന്ന കാര്യവും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചര ജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു. ഭൂമിയില്‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്‍റെ  വിത്തുള്ള ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു; അവ നിങ്ങള്‍ക്കു ആഹാരമായിരിക്കട്ടെ; ഭൂമിയിലെ സകലമൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഭൂമിയില്‍ ചരിക്കുന്ന സകല ഭൂചരജന്തുക്കള്‍ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന്‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു” (ഉല്‍പ്പത്തി.1:28-30)

 

ഇവിടെ വളരെ വ്യക്തമായി പറയുന്നുണ്ട്, ആണും പെണ്ണുമായി മനുഷ്യരെ സൃഷ്ടിച്ചു എന്നും അവരെ അനുഗ്രഹിച്ചു, അവരോട് കല്പിച്ചു എന്നും. മാത്രമല്ല, നിങ്ങള്‍ എന്ന ബഹുവചന ക്രിയയാണ് ഉപയോഗിച്ചിരിക്കുന്നതും. ആദാമും ഹവ്വയും അപ്പോള്‍ ഉണ്ട് എന്ന കാര്യം വളരെ വ്യക്തമാണ്. ഇനി ഉല്‍പ്പത്തി.2:18,19 നോക്കാം:

 

“അനന്തരം യഹോവയായ ദൈവം: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്‍മ്മിച്ചിട്ടു മനുഷ്യന്‍ അവക്കു എന്തു പേരിടുമെന്നു കാണ്മാന്‍ അവന്‍റെ മുമ്പില്‍ വരുത്തി; സകല ജീവജന്തുക്കള്‍ക്കും മനുഷ്യന്‍ ഇട്ടതു അവക്കു പേരായി”

 

ഇവിടെ ആദാം മാത്രമേയുള്ളൂ, ഹവ്വ ഇല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതായത് ഹവ്വയെ സൃഷ്ടിക്കുന്നതിനു മുന്‍പുള്ള സമയത്ത് നടന്ന കാര്യമാണ് ഇത്. ഉല്‍പ്പത്തി ഒന്നാമാദ്ധ്യായത്തില്‍ ആറു ദിവസത്തെ സൃഷ്ടിയെക്കുറിച്ച് പറഞ്ഞിട്ട് രണ്ടാം അദ്ധ്യായത്തില്‍ ആറാം ദിവസത്തെ സൃഷ്ടിപ്പിന്‍റെ വിശദീകരണം നല്‍കുകയാണ്. ഹവ്വയെ സൃഷ്ടിച്ചത് എങ്ങനെയാണ് എന്നുള്ള കാര്യം വ്യക്തമാക്കാനും ഹവ്വയെ സൃഷ്ടിക്കുന്നതിനു മുന്‍പ്‌ മനുഷ്യനെ ഏദന്‍ തോട്ടത്തില്‍ ആക്കിയ കാര്യവും അവന് കല്പന നല്‍കിയ കാര്യവും വിശദീകരിക്കാന്‍ വേണ്ടിയാണ് ദൈവാത്മാവ്‌ആറാം ദിവസത്തെ സൃഷ്ടിപ്പിന്‍റെ കാര്യങ്ങള്‍ കൂടുതലായി രണ്ടാമദ്ധ്യായത്തില്‍ വിവരിക്കുന്നത്. നമുക്ക്‌ അതിന്‍റെ ബാക്കി ഭാഗം കൂടി നോക്കാം:

 

“മനുഷ്യന്‍ എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും എല്ലാ കാട്ടുമൃഗങ്ങള്‍ക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്‍റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ മനുഷ്യന്‍; ഇതു ഇപ്പോള്‍ എന്‍റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്‍റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു. അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏക ദേഹമായി തീരും. മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കും നാണം തോന്നിയില്ലതാനും” (ഉല്‍പ്പത്തി.2:20-25).

 

ഇതിനു ശേഷമാണ് ഉല്‍പ്പത്തി.1:28 മുതലുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നടന്നിരിക്കുന്നത്. രണ്ട് വേദഭാഗങ്ങളും യോജിപ്പിച്ചു വായിച്ചാല്‍ അക്കാര്യം ആര്‍ക്കും മനസ്സിലാകും. എന്നാല്‍ യുക്തിവാദികള്‍ ഇവിടെ പറയുന്ന പോയിന്‍റ് “യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിര്‍മ്മിച്ചിട്ടു മനുഷ്യന്‍ അവക്കു എന്തു പേരിടുമെന്നു കാണ്മാന്‍ അവന്‍റെ മുമ്പില്‍ വരുത്തി” എന്നുള്ളതാണ്. അതായാത് മനുഷ്യനെ നിര്‍മ്മിച്ചതിന് ശേഷം നിലത്ത് നിന്ന് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിര്‍മ്മിച്ചിട്ടു ദൈവം അവയെ മനുഷ്യന്‍റെ മുന്നില്‍ കൊണ്ടുപോയി നിര്‍ത്തി എന്നാണ് അവര്‍ വ്യാഖ്യാനിക്കുന്നത്!! അവിടെ അങ്ങനെ പറയുന്നില്ല. മനുഷ്യന്‍റെ മുന്‍പാകെ കൊണ്ട് പോയി നിര്‍ത്തിയ എല്ലാ ജീവികളേയും നിലത്ത് നിന്നാണ് നിര്‍മ്മിച്ചത് എന്ന് മാത്രമേ പറയുന്നുള്ളൂ. അത് മനസ്സിലാക്കാനുള്ള ബോധം ഇല്ലാതായിപ്പോയത് ബൈബിളിന്‍റെ കുറ്റമല്ല. കഞ്ചാവടിച്ച് ലഹരി മൂത്ത് പുസ്തകം വായിക്കാനിരുന്നാല്‍ ഇതല്ല, ഇതിലപ്പുറവും തോന്നിയെന്നിരിക്കും, പക്ഷേ ആ തോന്നലുകള്‍ ബൈബിളിന്‍റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കണ്ട എന്ന് മാത്രമേ ഞങ്ങള്‍ക്ക്‌ പറയാനുള്ളൂ…