പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)

Bro. Jijo John

 

ഒരു സ്പേമും അണ്ഡവും യോജിച്ചുണ്ടാവുന്ന കോശത്തെ 37 ട്രില്യൺ കോശങ്ങളുള്ള മനുഷ്യശരീരം ആക്കുന്നത് പ്രധാനമായും നമ്മുടെ ഡി.എൻ.എ.യിൽ അടങ്ങിയിരിക്കുന്ന ഇൻഫർമേഷൻ ആണ്. 3 ബില്യൺ അക്ഷരങ്ങളാണ് നമ്മുടെ ഡി എൻ എയിൽ ഉള്ളത്. ഇവ

 

അഡനൈൻ (A),

 

തൈമിൻ (T),

 

ഗ്വാനിൻ (G),

 

സൈറ്റൊസിൻ (C)

 

എന്നീ ബേസുകളുടെ ആവർത്തനമാണ്. രണ്ടു സ്ട്രാൻഡുകൾ ഉള്ള ഡി എൻ എയിൽ ഒരു സ്ട്രാൻഡിലെ A മറ്റേ സ്ട്രാൻഡിലെ T-യുമായും G മറ്റേ സ്ട്രാൻഡിലെ C -യുമായും ജോഡി ചേർന്ന് കാണപ്പെടുന്നു (base pairs). പ്രോട്ടീനെ നിർമിക്കാൻ ആവശ്യമായ നിർദേശങ്ങൾ അടങ്ങിയ ഒരു ജീനിൽ 27,000 മുതൽ 2 മില്യൺ സീക്വൻസുകൾ വരെ കാണും. ഇങ്ങനെ ഉള്ള 25000-30000 ജീനുകൾ മനുഷ്യനുണ്ട്. പ്രോട്ടീന് കോഡ് ചെയ്യാത്ത ഡി എൻ എയുടെ മറ്റു ഭാഗങ്ങൾക്കും പ്രവർത്തനങ്ങൾ ഉള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിക്കഴിഞ്ഞു. ഡി എൻ എയെ നമ്മൾ ഒരു സെന്‍റൻസ് (sentence) ആയി കാണുകയാണെങ്കിൽ അതിലെ വാക്കുകൾ (words) ആണ് ജീനുകളും പ്രവർത്തനങ്ങൾ ഉള്ള ബാക്കി സീക്വൻസുകളും. അതായത് A, T, G, C എന്നീ അക്ഷരങ്ങൾ ചേർന്ന് വാക്കുകൾ ആയ ജീനുകളും പ്രവർത്തനങ്ങൾ ഉള്ള ബാക്കി സീക്വൻസുകളും ഉണ്ടാവുന്നു. ജീനുകളും പ്രവർത്തനങ്ങൾ ഉള്ള ബാക്കി സീക്വൻസുകളും ചേർന്ന് സെന്‍റൻസ് ആയ ഡി എൻ എ ഉണ്ടാവുന്നു.

 

പരിണാമവാദികൾ അവകാശപ്പെടുന്നത് ഇത്രയും കനത്ത ഇൻഫർമേഷൻ അടങ്ങിയ ഡി എൻ എ വെറും ചാൻസ് കൊണ്ട് ഉണ്ടാവും എന്നാണ്. ജീനുകൾ പ്രോട്ടീന്‍ കോഡ് ചെയ്യുന്നു. മനുഷ്യനിലെ 25000-30000 ജീനുകൾ ലക്ഷക്കണക്കിന് പ്രോട്ടീനുകൾ ഉണ്ടാക്കാൻ സഹായിക്കുന്നു. പ്രോട്ടീനുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് 21 അമിനോ ആസിഡുകൾ കൊണ്ടാണ്. ഒരു പ്രോട്ടീനിൽ 100 മുതൽ ആയിരത്തിൽ പരം അമിനോ ആസിഡ് ലിങ്കുകൾ കാണും. 21 അമിനോ ആസിഡുകളെ പല കോമ്പിനേഷനുകളിൽ അടുക്കി, അങ്ങനെ ആയിരത്തിൽ പരം അമിനോആസിഡ് യൂണിറ്റുകൾ ഉള്ള പ്രോട്ടീനുകൾ വെറും ചാൻസ് കൊണ്ട് ഉണ്ടാവുമെന്നു പരിണാമ വാദികൾ വിശ്വസിക്കുന്നു. (ഡി എൻ എയിൽ ആണ് പ്രോട്ടീൻ നിർമിക്കാൻ ഉള്ള കോഡ് ഉള്ളത്. ഡി എൻ എയിൽ നിന്നും ആർ എൻ എ ഉണ്ടാക്കി ഈ പ്രോട്ടീൻ കോഡിനെ റൈബോസോമിൽ എത്തിച്ചു അവിടെ വെച്ചാണ് അമിനോആസിഡുകളെ അടുക്കി പ്രോട്ടീൻ ഉണ്ടാക്കുന്നത്. എന്നാൽ ഡി എൻ എയിൽ നിന്നും ആർ എൻ എ ഉണ്ടാകണമെങ്കിൽ പ്രോട്ടീൻ വേണം. അപ്പോൾ കോഴി ആണോ മുട്ട ആണോ ആദ്യം ഉണ്ടായത് എന്നത് പോലെ ഒരു ചോദ്യം വരുന്നു- ഡി എൻ എ ആണോ അതോ പ്രോട്ടീനാണോ ആദ്യം ഉണ്ടായത്? ഇതിൽ നിന്നും രക്ഷ നേടാൻ ആർ എൻ എ ആണ് ആദ്യം ഉണ്ടായത് എന്ന് ഇടയ്ക്കു പരിണാമവാദികൾ വാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആ വാദവും പൊളിഞ്ഞു) അതായത് ചാൻസ് കൊണ്ട് ആദ്യത്തെ ഡി എൻ എ ഉണ്ടായി. അതിനു ചുറ്റും ഒരു സെൽ മെംബ്രെയിൻ ഉണ്ടായി ആദ്യത്തെ ഏകകോശ ജീവി ഉണ്ടായി. ആ ഡി എൻ എ ഡ്യൂപ്ളിക്കേറ്റ് ചെയ്ത് അതിൽ മ്യൂട്ടേഷനുകൾ സംഭവിച്ചു. അങ്ങനെ ചാൻസ് കൊണ്ട്, മിക്കവാറും എല്ലായ്പോഴും ദ്രോഹം തന്നെ ചെയ്യുന്ന മ്യൂട്ടേഷനുകൾ പുതിയ ഇൻഫർമേഷൻ ഉണ്ടാക്കി. അപ്പോൾ ബഹുകോശജീവികൾ ഉണ്ടായി. അങ്ങനെ മ്യൂട്ടേഷനും ചാൻസും സെലക്ഷനും മില്യൺ കണക്കിന് വർഷങ്ങളും ചേർന്ന് ഒടുവിൽ മനുഷ്യനും ഉണ്ടായി. പരിണാമ വാദികളുടെ ഈ വാദത്തെ സ്ഥിതിവിവരക്കണക്കുകൾ സഹായിക്കുന്നോ?

 

ചാൻസും അനന്തമായ സമയവും ഉണ്ടെങ്കിൽ സ്വയം ചിന്തിക്കാൻ ശക്തിയില്ലാത്ത മ്യൂട്ടേഷനുകൾ ഡി എൻ എയിൽ അത്ഭുതം പ്രവർത്തിച്ചു ഒരു ഏകകോശ ജീവിയെ മനുഷ്യൻ ആകുമെന്ന് വിശ്വസിക്കുന്ന പരിണാമ വാദികൾ അതിനെ സമർത്ഥിക്കാൻ രസകരമായ പല വാദങ്ങളും കൊണ്ടുവരാറുണ്ട്. 26 ക്യാപ്പിറ്റൽ ലെറ്ററും (ഇംഗ്ലീഷ് അക്ഷരങ്ങൾ) ഒരു സ്പേസ് ബാറും മാത്രം ഉള്ള കീ ബോർഡുകൾ ഒരു കൂട്ടം കുരങ്ങന്മാർക്കു നൽകിയാൽ നൽകിയാൽ അവ തോന്നിയത് പോലെ ടൈപ്പ് ചെയ്താലും 43 -64 തലമുറകൾ കൊണ്ട് METHINKS IT IS LIKE A WEASEL എന്ന് വരുമെന്നാണ് പ്രശസ്ത പരിണാമവാദിയായ റിച്ചാർഡ് ഡോക്കിൻസ് പറയുന്നത്. അങ്ങനെ അനന്തമായി സമയം കൊടുത്താൽ കുരങ്ങന്മാർ ഷേക്സ്പിയറിന്‍റെ മൊത്തവും കൃതികളും എഴുതുമെന്ന് ചില പരിണാമവാദികൾ എങ്കിലും വിശ്വസിക്കുന്നു! (Infinite monkey theorem). അതുപോലെ മ്യൂട്ടേഷനുകളും മില്യൺ കണക്കിന് വർഷങ്ങൾ കൊണ്ട് നാച്വറൽ സെലക്ഷന്‍റെ സഹായത്തോടെ പുതിയ ഇൻഫർമേഷൻ ഉണ്ടാക്കുമെന്ന് അവർ വിശ്വസിക്കുന്നു. 2003-ൽ ഇംഗ്ലണ്ടിലെ പ്ലിമത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 6 കുരങ്ങുകൾ അടങ്ങിയ ഒരു കൂടിൽ ഒരു കീബോർഡ് വെച്ചു. കുരങ്ങുകൾ സന്തോഷത്തോടെ അതിൽ കല്ലെടുത്ത് ഇടിക്കുകയും മൂത്രമൊഴിക്കുകയും അപ്പിയിടുകയും ചെയ്തു. കൂടാതെ അഞ്ചു പേജ് ടൈപ്പ് ചെയ്യുകയും, പക്ഷെ ഭൂരിഭാഗവും s എന്ന അക്ഷരം മാത്രമായിരുന്നു. ഇത് പ്രകാരം പ്രകാരം 488 അക്ഷരങ്ങൾ ഉള്ള ഷേക്സ്പിയറിന്‍റെ ഒരു സോണറ്റ് കുരങ്ങന്മാർ എഴുതാൻ ഉള്ള പ്രോബബിലിറ്റി എന്നത് 26 to the power of 488 (26 എന്നത് ഇംഗ്ലീഷ് അക്ഷരങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു) അഥവാ 10 to the power of 690 മാത്രം ആണ് (ഒന്ന് കഴിഞ്ഞു 690 പൂജ്യം). അതായത് 10690 തവണ ടൈപ്പ് ചെയ്യപ്പെടുമ്പോൾ മാത്രമാണ് ഷേക്സ്പിയറിന്‍റെ ഒരു സോണറ്റ് അങ്ങനെ തന്നെ വരാൻ ഉള്ള സാധ്യത. ബിഗ് ബാംഗ് തിയറി പ്രകാരം പ്രപഞ്ചം ഉണ്ടായിട്ടു 15 ബില്യൺ വർഷങ്ങൾ അഥവാ 10 to the power of 18 (1018) സെക്കൻഡുകൾ മാത്രമേ ആയിട്ടുള്ളൂ. അപ്പോൾ അനന്തമായ എണ്ണം കുരങ്ങന്മാർ വിചാരിച്ചാലും 1018  സെക്കൻഡുകൾ കൊണ്ട് 10690 തവണ ടൈപ്പ് ചെയ്യുക എന്നത് അസാധ്യമാണ് എന്ന്നമുക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. നടക്കുന്ന കാര്യമല്ല എങ്കിൽ പോലും പ്രോബബിലിറ്റി പൂജ്യം അല്ലല്ലോ എന്ന് പരിണാമവാദികൾ ആശ്വസിക്കുന്നു.

 

അപ്പോൾ ഡി എൻ എ ആണ് ആദ്യം ഉണ്ടായത് എങ്കിൽ അത് യാദൃച്ഛികമായി ഉണ്ടാവാനുള്ള സാധ്യത എന്താണ്? ഇന്നറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും ചെറിയ ജീനോം ഉള്ള ജീവി ആയ നാനോആർക്കിയം ഇക്വിറ്റൻസ് (Nanoarchaeum equitans) എന്ന സൂക്ഷ്മാണുവിന്‍റെ ഡി എൻ എയിൽ 490 ബേസ് പെയറുകൾ (Base Pairs) ആണുള്ളത്. അഡനൈൻ (A), തൈമിൻ (T), ഗ്വാനിൻ (G), സൈറ്റൊസിൻ (C) എന്നീ നാല് ബേസുകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ഡി എൻ എ യാദൃച്ഛികമായി ഉണ്ടാവാനുള്ള സാധ്യത 4490 ആണ്. അതായത് ഏകദേശം 10295. കുറച്ചു കൂടെ വലിയ ജീനോമുള്ള ഇ കോളി (E coli) എന്ന നമ്മുടെ കുടലിൽ ഒക്കെ സാധാരണയായി കാണുന്ന ബാക്ടീരിയക്ക് 3 -4 മില്യൺ ബേസ് പെയറുകൾ ഉണ്ട്. ഇത് യാദൃച്ഛികമായി ഉണ്ടാവാനുള്ള സാധ്യത 102000000 ആണ്. നമ്മുടെ പ്രപഞ്ചത്തിൽ ന്യൂട്രോണും പ്രോട്ടോണും ഇലക്ട്രോണും കൂടെ മൊത്തത്തിൽ 1080 എണ്ണം മാത്രമെ ഉള്ളൂ. അപ്പോൾ പരീക്ഷണം നടത്തി 102000000 ഡി എൻ എയോ അല്ലെങ്കിൽ അതിൽ കുറച്ചു കുറഞ്ഞു ആയാലും ഇത്രയും ഡി എൻ എ ഉണ്ടാക്കി പരീക്ഷണം നടത്താനുള്ള അടിസ്ഥാന കണങ്ങൾ മൊത്തം പ്രപഞ്ചത്തിൽ തന്നെ ഇല്ല എന്നതാണ് വാസ്തവം. പ്രപഞ്ചം ഉണ്ടായിട്ടു 15 ബില്യൺ വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്ന് പരിണാമവാദികള്‍ തന്നെ പറയുന്നത് കൊണ്ട് ഇതൊക്കെ യാദൃച്ഛികമായി ഉണ്ടാവാനുള്ള സമയവുമില്ല.

 

ഇനി പ്രോട്ടീൻ ആണ് ആദ്യം ഉണ്ടായത് എങ്കിൽ അത് യാദൃച്ഛികമായി ഉണ്ടാവാനുള്ള സാധ്യത എന്താണ്? ജീവജാലങ്ങളുടെ നിലനിൽപ്പിനു ഏറ്റവും ആവശ്യം ആയ ഘടകങ്ങളിൽ ഒന്നാണല്ലോ പ്രോട്ടീൻ. പ്രോട്ടീനുകൾ അമിനോ ആസിഡുകളാൽ നിർമിതമായിരിക്കുന്നു. ഉദാഹരണമായി നമ്മുടെ ചുവന്ന രക്താണുക്കളിൽ ഉള്ള, ഓക്സിജനെ ശ്വാസകോശത്തിൽ നിന്നും മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടുപോവാൻ സഹായിക്കുന്ന ഹീമോഗ്ലോബിൻ എന്ന പ്രോട്ടീനെ നോക്കാം. പ്രശസ്ത ശാസ്ത്രസാഹിത്യകാരൻ ആയ ഐസക് അസിമോവ് പറയുന്നത് ഹീമോഗ്ലോബിൻ എന്ന പ്രോട്ടീൻ യാദൃച്ഛികമായി ഉണ്ടാവാനുള്ള സാധ്യത തീരെ ഇല്ല എന്ന് തന്നെയാണ്. നാല് അമിനോആസിഡ് ചെയിനുകൾ ചുറ്റിയാണ് ഹീമോഗ്ലോബിൻ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. ഓരോ ചെയിനിലും 141-146 അമിനോആസിഡുകൾ ഉണ്ട്. 20 അമിനോആസിഡുകളെ പല രീതിയിൽ അടുക്കി 141-146 ലിങ്കുകൾ ആക്കിയിരിക്കുന്നു . (ഐസക് അസിമോവ് ഇത് എഴുതുമ്പോൾ 20 അമിനോ ആസിഡുകൾ മാത്രമേ പ്രോട്ടീനിൽ ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിരുന്നുള്ളൂ). അപ്പോൾ 20 അമിനോ ആസിഡുകളിൽ നിന്നും 146 ലിങ്കുകളുള്ള ഒരു ഹീമോഗ്ലോബിൻ ചെയിൻ ഉണ്ടാവാനുള്ള സാധ്യത എന്നത് 20146 അല്ലെങ്കിൽ 10190 ആണ്. ഇത്രയും പരീക്ഷണങ്ങൾ നടത്തി ഹീമോഗ്ലോബിനെ യാദൃച്ഛികമായി സൃഷ്ടിക്കാനുള്ള സമയമോ പാർട്ടിക്കിളുകളോ പ്രപഞ്ചത്തിൽ ഇല്ല എന്നത് വീണ്ടും ഓർമിക്കുക.

 

ഇതും കൂടാതെ പ്രോട്ടീനുകൾ താനേ ഉണ്ടാവാനുള്ള സാധ്യത വീണ്ടും കുറക്കുന്ന മറ്റൊരു ഫാക്ടർ ആണ് ഐസോമെറിസം എന്നത്. അതായത് നമ്മുടെ വലതു കൈ എന്നത് ഇടതു കൈയുടെ മിറർ ഇമേജ് ആണെന്നത് പോലെ അമിനോ ആസിഡുകളും മിറർ ഇമേജുകൾ ആയി കാണപ്പെടുന്നു (ഗ്ലൈസിൻ ഒഴികെ). ഇവയെ R-അമിനോ ആസിഡ് എന്നും L- അമിനോ ആസിഡ് എന്നും പറയുന്നു. ജീവജാലങ്ങളുടെ പ്രോട്ടീനുകളിൽ എല്ലാം തന്നെ കാണപ്പെടുന്നത് L- അമിനോ ആസിഡുകൾ ആണ്. മുകളിലത്തെ ഉദാഹരണത്തിൽ 20 അമിനോ ആസിഡുകളിൽ നിന്നും 146 ലിങ്കുകളുള്ള ഒരു ഹീമോഗ്ലോബിൻ ചെയിൻ ഉണ്ടാവാനുള്ള സാധ്യത എന്നത് 20146 അല്ലെങ്കിൽ 10190 ആണല്ലോ. ഇനി ഓരോ ലിങ്കിലും R-അമിനോ ആസിഡ് അല്ലെങ്കിൽ L- അമിനോ ആസിഡ് വരാം. അപ്പോൾ ജീവജാലങ്ങളിൽ ഉള്ള പ്രോട്ടീനുകളിൽ ഓരോ അമിനോ ആസിഡ് ലിങ്കിലും L- അമിനോ ആസിഡ് തന്നെ വരാനുള്ള സാധ്യത എന്നത് രണ്ടിൽ ഒന്നാണ്. അപ്പോൾ ഹീമോഗ്ളോബിനിലെ 146 അമിനോ ആസിഡ് ലിങ്കുകളിൽ L-അമിനോ ആസിഡ് തന്നെ വരാനുള്ള സാധ്യത എന്നത് 2146 ആണ്. ഇത് ഏകദേശം 1043 വരും. അപ്പോൾ ഹീമോഗ്ലോബിൻ ഉണ്ടാവാനുള്ള ചാൻസ് എന്നത് 10190 X 1043 അഥവാ 10233 ആയി. ഇത്രയും പരീക്ഷണങ്ങൾ നടത്തി ഹീമോഗ്ലോബിനെ യാദൃച്ഛികമായി സൃഷ്ടിക്കാനുള്ള സമയമോ പാർട്ടിക്കിളുകളോ പ്രപഞ്ചത്തിൽ ഇല്ല എന്നത് വീണ്ടും ഓർമിക്കുക.

 

അതായത് പരിണാമം സംഭവിക്കണമെങ്കിൽ ഭാഗ്യങ്ങളുടെ ഒരു ഘോഷയാത്ര തന്നെ വേണം. ഒരാൾക്ക് ഒരിക്കൽ ലോട്ടറി അടിക്കാം. രണ്ടാമതും അടിക്കാം. പക്ഷെ പത്തും നൂറും തവണ തുടർച്ചയായി അടിക്കുക എന്നത് പ്രകൃതിയിൽ സംഭവിക്കുന്ന കാര്യം അല്ല. നിരവധി ഭാഗ്യങ്ങളുടെ അകമ്പടിയോടെ പ്രോബബിലിറ്റി തീരെ ഇല്ലാത്ത സംഭവങ്ങളുടെ സഹായത്താൽ, പ്രപഞ്ചത്തിന്‍റെ പ്രായത്തിനെക്കാളും അനേകമിരട്ടി വർഷങ്ങൾ എടുത്ത് ഒരു ഏകകോശ ജീവി മനുഷ്യനായി പരിണമിക്കുന്നത് അസാധ്യമാണെന്ന് പരിണാമവാദികൾക്കും അറിയാം. അപ്പോൾ അവർ തെറ്റ് മൊത്തവും സൃഷ്ടിവാദികളുടെ തലയിൽ വെക്കുന്നു. അമിനോ ആസിഡുകളെല്ലാം തന്നെ ഒരു കലത്തിൽ ഇട്ടു കുലുക്കിയാൽ ഉണ്ടാവുന്നതല്ല പ്രോട്ടീൻ എന്നും അങ്ങനെ ചിന്തിക്കുന്നത് സൃഷ്ടിവാദികളുടെ ഫാലസി മാത്രമാണെന്നും അവർ പറയുന്നു. (ഇതിനെ ഹോയ്ൽ ഫാലസി എന്നാണ് പരിണാമവാദികൾ പറയുന്നത്. അവരുടെ കയ്യിൽ ഇങ്ങനെ കുറെ ഫാലസികൾ ഉണ്ട്. പരിണാമവാദികൾക്കു മാത്രമേ എല്ലാം മനസ്സിലാവുകയുള്ളൂ എന്നും മറ്റുള്ളവരൊക്കെ എല്ലാം തെറ്റായിട്ടാണ് മനസ്സിലാക്കുന്നത് എന്നും തെളിയിക്കാനാണ് അവർ ഇത്തരം ഫാലസികൾ ഉണ്ടാക്കുന്നത്). പകരം പ്രോട്ടീനും മറ്റു ജീവന്‍റെ ഘടകങ്ങളും ഉണ്ടാവുന്നത് മല കയറ്റം (Hill Climbing) പോലെ ആണെന്നാണ് അവർ പറയുന്നത്.

 

കുത്തനെ ഉള്ള മല ഒറ്റയടിക്ക് കുത്തനെ കയറുന്നതിനു പകരം ആദ്യം ഒരു ചെറിയ ചെരുവിലൂടെ കുറച്ചു മുകളിൽ എത്തുന്നു. അവിടെ നിന്നും അടുത്ത ചെരുവിലൂടെ വീണ്ടും കുറച്ചു മുകളിൽ എത്തി അങ്ങനെ പല സ്റ്റെപ്പുകളിലൂടെ മലയുടെ മുകളിൽ എത്തുന്നതാണ് പരിണാമം എന്നാണു അവർ പറയുന്നത്. മുകളിലത്തെ ഹീമോഗ്ലോബിന്‍റെ ഉദാഹരണം എടുത്താൽ ഒറ്റയടിക്ക് ഹീമോഗ്ലോബിൻ ഉണ്ടാവുന്നതിനു പകരം പല സ്റ്റെപ്പുകൾ ആയി ആണ് 146 അമിനോ ആസിഡ് ലിങ്കുകൾ ചേർന്ന് ഇത് ഉണ്ടാവുന്നത്. ഓരോ സ്റ്റെപ്പിനും ഇടയിൽ മില്യൺ കണക്കിന് വർഷങ്ങൾ കാണും. ഉദാഹരണമായി ആദ്യം ഉണ്ടാവുന്ന 146 സീക്വൻസിൽ ഒരു പത്ത് സീക്വൻസ് ഹീമോഗ്ലോബിന്‍റെ സീക്വൻസിൽ ഉള്ളതായിരിക്കും. അതിൽ നിന്നും അടുത്ത 146 സീക്വൻസ് ഉണ്ടാവുമ്പോൾ അതിൽ ഒരു 50 സീക്വൻസ് ശരിയായി വരും. ഇങ്ങനെ കുറെ തവണ കഴിയുമ്പോൾ 146 സീക്വന്‍സും ഉണ്ടാകാനുള്ള സാധ്യത എന്താണ്?

 

ഒരു 1000 സ്റ്റെപ് വഴി ഹീമോഗ്ലോബിൻ ഉണ്ടാവുന്നു എന്ന് കരുതുക. ഓരോ സ്റ്റെപ്പിലും രണ്ടു സാധ്യതകൾ ഉണ്ട്. ഒന്ന് ഭാവിയിൽ ഹീമോഗ്ലോബിൻ ഉണ്ടാവാൻ സാധ്യതയുള്ള അമിനോ ആസിഡ് സീക്വൻസ് ഉണ്ടാവുക. അതിനെ നാച്വറൽ സെലക്ഷൻ നിലനിർത്തും. രണ്ടാമത്തെ സാധ്യത എന്ന് ഹീമോഗ്ലോബിൻ ഉണ്ടാവാൻ സാധ്യതയില്ലാത്ത സീക്വൻസ് ഉണ്ടാവുക എന്നതാണ്. അതിനെ നാച്വറൽ സെലക്ഷൻ ഒഴിവാക്കും. അപ്പോൾ മലകയറ്റം വഴി, ഓരോ സ്റ്റെപ്പിലും രണ്ടു സാദ്ധ്യതകൾ വെച്ച്, 1000 സ്റ്റെപ്പുകളിലൂടെ ഹീമോഗ്ലോബിൻ ഉണ്ടാവാനുള്ള പ്രോബബിലിറ്റി എന്നത് 21000 അല്ലെങ്കിൽ ഏകദേശം 10300 എന്നതിൽ ഒന്ന് മാത്രം ആണ്. അമിനോ ആസിഡുകൾ വെറുതെ ഒരു ബോക്സിൽ ഇട്ടു കുലുക്കിയാൽ ഹീമോഗ്ലോബിൻ ഉണ്ടാവാനുള്ള ചാൻസ് ആയ 10233 എന്നതിനേക്കാളും പരിതാപകരമാണ് മലകയറിയാൽ കിട്ടുന്ന 10300 –ൽ ഒന്ന് എന്ന് നമുക്ക് കാണാം.

 

കുലുക്കിക്കുത്ത് വഴി ഒറ്റയടിക്ക് ഹീമോഗ്ലോബിൻ ഉണ്ടാവുന്നതിനെ single step selection എന്നും പല സ്റ്റെപ്പുകളിലൂടെ ഹീമോഗ്ലോബിൻ ഉണ്ടാവുന്നതിനെ സഞ്ചിത തിരഞ്ഞെടുപ്പ് (cumulative selection) എന്നും പരിണാമവാദികൾ വിളിക്കുന്നു. ക്യുമുലേറ്റിവ് സെലക്ഷനിലൂടെ പ്രോബബിലിറ്റി വർധിപ്പിച്ചു ജങ്ക് സീക്വൻസുകളിൽ നിന്നും മ്യൂട്ടേഷൻ വഴി പുതിയ ഇൻഫർമേഷൻ ഉണ്ടാവാം എന്നതിന് ഉദാഹരണം കാണിക്കാനായി റിച്ചാർഡ് ഡോക്കിൻസ് എന്ന പ്രശസ്ത പരിണാമ വാദി അവതരിപ്പിച്ച ഒരു ചിന്താപരീക്ഷണമാണ് വീസൽ പ്രൊഗ്രാം.

 

ഇത് പ്രകാരം ഷേക്സ്പിയറിന്‍റെ ഹാംലറ്റിലെ METHINKS IT IS LIKE A WEASEL എന്ന 28 അക്ഷരങ്ങൾ ഉള്ള വാക്യം (സ്പേസ് ഉൾപ്പെടെ 28 അക്ഷരങ്ങൾ) WDLTMNLT DTJBKWIRZREZLMQCO P എന്ന ജങ്ക് സീക്വൻസിൽ നിന്നും ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാവും എന്ന് കാണിക്കാൻ അദ്ദേഹം കമ്പ്യൂട്ടർ സിമുലേഷനുകളും ഉപയോഗിക്കുന്നു. WDLTMNLT DTJBKWIRZREZLMQCO P എന്നതിനെ നൂറുകണക്കിന് തവണ കമ്പ്യൂട്ടർ പ്രോഗ്രാം കോപ്പി ചെയ്യുന്നു. മ്യൂട്ടേഷൻ ഡി എൻ എയിലെ അക്ഷരത്തെറ്റ് എന്നത് പോലെ ഈ കോപ്പി നടക്കുമ്പോൾ ഇത്ര ശതമാനം (ഉദാഹരണം ഓരോ തവണയും 100 കോപ്പി ചെയ്യുമ്പോൾ അതിൽ 5%) അക്ഷരത്തെറ്റ് വരത്തക്ക രീതിയിൽ ആണ് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്. അപ്പോൾ MELDINLS IT ISWPRKE Z WECSEL എന്ന് കിട്ടി എന്ന് കരുതുക. നാച്വറൽ സെലക്ഷനെ അനുകരിച്ചു കൊണ്ട് കമ്പ്യൂട്ടർ പ്രോഗ്രാം ഈ MELDINLS IT ISWPRKE Z WECSELഎന്ന വാക്യത്തെ METHINKS IT IS LIKE A WEASEL എന്നതുമായി താരതമ്യപ്പെടുത്തുകയും സാമ്യം ഉള്ളതിനാൽ നിലനിർത്തുകയും ചെയ്യുന്നു. ഒരു സാമ്യവും ഇല്ലാത്ത വാക്യങ്ങൾ ആണ് ഉണ്ടാവുന്നതെങ്കിൽ അവയെ കളയുകയും ചെയ്യും. ഇനി MELDINLS IT ISWPRKE Z WECSEL എന്നതിനെ നിരവധി തവണ തെറ്റ് വരാനുള്ള സാധ്യതയോടെ കോപ്പി ചെയ്യുക. METHINKS IT IS LIKE A WEASELഎന്നതുമായി സാമ്യമുള്ള വാക്യങ്ങൾ വന്നാൽ അതിനെ വീണ്ടും കോപ്പി ചെയ്യുക. അങ്ങനെ ഒടുവിൽ ചുരുങ്ങിയ സമയം കൊണ്ട് METHINKS IT IS LIKE A WEASEL എന്ന വാക്യത്തിൽ എത്താം എന്ന് അദ്ദേഹം തെളിയിക്കുന്നു.

 

വീസൽ പ്രോഗ്രാമിൽ നമുക്ക് പരിണാമവാദികളുടെ കള്ളത്തരം വീണ്ടും ദർശിക്കാം. ഇത് വരെ അവർ പറഞ്ഞിരുന്നത് പരിണാമം എന്നത് ലക്ഷ്യം ഇല്ലാത്ത, കണ്ണും മൂക്കും ഇല്ലാത്ത ഒരു പ്രക്രിയ ആയിരുന്നു എന്നാണ്. പരിണാമം നടക്കുന്നത് മനുഷ്യനോ അല്ലെങ്കിൽ മറ്റേതെങ്കിലും ഉയർന്ന ജീവിയോ ഉണ്ടാവുക എന്ന ലക്ഷ്യത്തോടെ അല്ല എന്നാണു അവർ പറയുന്നത്. എന്താണ് ഫൈനൽ പ്രോഡക്റ്റ് എന്നത് നാച്വറൽ സെലക്ഷന് അറിയില്ല. പക്ഷെ ഇവിടെ പരിണാമം നടക്കുന്നു എന്ന് കാണിക്കാൻ ഉപയോഗിക്കുന്ന ഉദാഹരണത്തിലെ ലക്ഷ്യം എന്താണ്? METHINKS IT IS LIKE A WEASEL എന്ന ഹാംലറ്റിലെ വാക്യം ആണ് ഈ പ്രോഗ്രാമിലെ ലക്ഷ്യം. (ഇത് റിച്ചാർഡ് ഡോക്കിൻസും സമ്മതിക്കുന്നുണ്ട്). ഈ ലക്ഷ്യത്തിലെത്താൻ ആണ് നാച്വറൽ സെലക്ഷനെ അനുകരിക്കുന്ന കമ്പ്യൂട്ടർ പ്രോഗ്രാം ഇതിനോട് സാമ്യം ഉള്ള വാക്യങ്ങളെ നിലനിറുത്തിയത്. പക്ഷെ പ്രകൃതിയിൽ പരിണാമം സംഭവിക്കുമ്പോൾ നാച്വറൽ സെലക്ഷന് ലക്ഷ്യം എന്താണ് എന്ന് അറിയില്ല.

 

ഉദാഹരണത്തിന് ക്യുമുലേറ്റിവ് സെലക്ഷനിലൂടെ ആണ് ഹീമോഗ്ലോബിൻ ഉണ്ടാവുന്നത് എന്നാണല്ലോ പരിണാമവാദികൾ പറയുന്നത്. അപ്പോൾ ഇതിന്‍റെ ഇടയിൽ വരുന്ന അമിനോ ആസിഡ് സീക്വൻസുകൾ ഹീമോഗ്ലോബിന്‍റെ സീക്വൻസുമായി ഒത്തുചേരുന്നോ എന്ന് നാച്വറൽ സെലക്ഷൻ പരിശോധിക്കണം. അതിനു ഹീമോഗ്ലോബിന്‍റെ സീക്വൻസ് എന്താണ് എന്ന് നാച്വറൽ സെലക്ഷൻ അറിയണം. അല്ലെങ്കിൽ ഇടയിൽ വരുന്ന പ്രൊഡക്ടുകൾ നിലനിൽപ്പിനു (survival) ആവശ്യം ഉള്ളത് ആയിരിക്കണം. ഇത് രണ്ടും നടക്കാത്ത കാര്യങ്ങൾ ആയതിനാൽ എങ്ങനെ ആണ് പരിണാമം സംഭവിക്കുക? ഇനി METHINKS IT IS LIKE A WEASEL എന്ന വാക്യം WDLTMNLT DTJBKWIRZREZLMQCO P എന്ന ജങ്ക് സീക്വൻസിൽ നിന്നും ഉണ്ടായപ്പോൾ പുതിയ ഇൻഫർമേഷൻ ഉണ്ടായോ? METHINKS IT IS LIKE A WEASEL എന്നത് നാച്വറൽ സെലക്ഷന് (കമ്പ്യൂട്ടർ പ്രോഗ്രാമിന്) മുന്നേ അറിയാവുന്നതു തന്നെ ആയിരുന്നില്ലേ? അതുകൊണ്ടല്ലേ അതിനു താരതമ്യം നടത്താൻ കഴിഞ്ഞത്?

 

മ്യൂട്ടേഷനും നാച്വറൽ സെലക്ഷനും ചാൻസും സമയവും ചേർന്ന് ഒരിക്കലും പുതിയ ഇൻഫർമേഷൻ ഉണ്ടാക്കുന്നില്ല. പുതിയ ഇൻഫർമേഷൻ എന്നത് ഒരിക്കലും ശൂന്യതയില്‍ നിന്നും ഉണ്ടാകുകയില്ല, ചിന്താശക്തിയുള്ള ഒരു വ്യക്തിയില്‍ നിന്ന് മാത്രമേ ഇന്‍ഫോര്‍മേഷന്‍ ഉണ്ടാകുകയുള്ളൂ. ഇന്‍ഫോര്‍മര്‍ ഇല്ലാതെ ഇന്‍ഫോര്‍മേഷന്‍ ഉണ്ടാവുകയില്ല എന്നത് ഏവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. ലോകത്തെ കോടാനുകോടി ജീവികളില്‍ ഉള്ള വ്യത്യസ്ത ഇന്‍ഫോര്‍മേഷനുകള്‍ നമ്മോടു പറയുന്നത്, ആ ഇന്‍ഫോര്‍മര്‍ ഒരു സര്‍വ്വജ്ഞാനി ആയിരിക്കണം എന്നാണ്. ചിന്താശക്തിയുള്ള, സര്‍വ്വജ്ഞാനിയായ ആ ഇന്‍ഫോര്‍മറെയാണ് ബൈബിള്‍ ദൈവം എന്ന് വിളിക്കുന്നത്‌.