ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)

 

ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം വളരെ ഉന്നതമായിരുന്നെന്നും എന്നാല്‍ മത പ്രചരണത്തിനു വേണ്ടി ഭാരതത്തിലെത്തിയ ക്രൈസ്തവ മിഷണറിമാര്‍ പ്രബുദ്ധമായ ഈ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷത്തെ മലീമസമാക്കിക്കൊണ്ട് മ്ലേച്ഛമായ പാശ്ചാത്യ-ക്രൈസ്തവ സംസ്കാരം ഇവിടെ അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത് എന്നും ഈ സാംസ്കാരികാധിനിവേശത്തിനെതിരെ പൊരുതി ‘ഉന്നതമായ പഴയ ആര്‍ഷ ഭാരത സംസ്കാരം നാം വീണ്ടെടുക്കേണ്ടത് ആവശ്യമാണ്’ എന്നുള്ള പ്രചാരണം ഫെസ്ബുക്കും വാട്ട്സാപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ഉയര്‍ന്നു കൊണ്ടിരിക്കുന്ന കാലമാണിത്. ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു എന്നും മിഷണറിമാരെങ്ങനെയാണ് ആ സാമൂഹ്യ-സാംസ്കാരിക അന്തരീക്ഷം തകര്‍ത്തെറിഞ്ഞത് എന്നും ആധുനിക ഭാരതത്തിന്‍റെ സ്രഷ്ടാക്കള്‍ എന്ന പദവി എന്തുകൊണ്ടും ഈ മിഷണറിമാര്‍ക്ക് അവകാശപ്പെട്ടതാണ് എന്നും ആധികാരിക ചരിത്ര രേഖകളുടെ പിന്‍ബലത്തോടെ ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. നിഷ്പക്ഷമനസ്സോടെ ചരിത്രത്തെ വിശകലനം ചെയ്ത് വിലയിരുത്താന്‍ കഴിവുള്ളവര്‍ ഇത് വിലയിരുത്തട്ടെ!

 

ആഹാരവും വസ്ത്രവും പാര്‍പ്പിടവും ഒരു മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളാണ്. ഈ മൂന്നു കാര്യങ്ങളിലെങ്കിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയാത്ത ഒരു സംസ്കാരത്തെ എങ്ങനെയാണ് ഉന്നതമായ സംസ്കാരം എന്നൊരാള്‍ക്ക് വിശേഷിപ്പിക്കാനാവുക? കേരളത്തിലെ ജനങ്ങളുടെ ഭക്ഷണത്തിന്‍റെ അവസ്ഥ എങ്ങനെയായിരുന്നു എന്നറിയാന്‍ ശ്രീ. പി. കെ. ബാലകൃഷ്ണന്‍ എഴുതിയ “ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില വിവരണങ്ങള്‍ താഴെ കൊടുക്കുന്നു:

 

“അരിയുടെ കാര്യത്തില്‍ തിരുവിതാംകൂറിന്‍റെ നിലയും ഏറെ വ്യത്യസ്തമല്ലെന്നാണ് കാണുന്നത്. 1860 മുതല്‍ പൊതുമരാമത്തിന്‍റെ കീഴില്‍ റോഡുനിര്‍മ്മാണം തുടങ്ങിയ വിപുലമായ മരാമത്തുപണികള്‍ തുടങ്ങിയപ്പോള്‍ ‘ഊഴിയം’ അടിമപ്പണികൊണ്ട് കാര്യം നടക്കുകയില്ലെന്ന് കണ്ട ചീഫ് എന്‍ജിനീയര്‍ ബാര്‍ട്ടന്‍ ഈഴവര്‍ തുടങ്ങിയ ഊഴിയക്കാരെ നാലണ നിത്യവേതനമുള്ള കൂലിക്കാരായി പണിക്കെടുക്കുകയുണ്ടായി. അതിന്‍റെ പ്രത്യക്ഷഫലം 1870-നും 1890-നും ഇടയ്ക്ക് തിരുവിതാംകൂര്‍ പുറമേ നിന്നും ഇറക്കുമതി ചെയ്തിരുന്ന അരിയുടെ തോത് പ്രതിവര്‍ഷം പതിനാലരലക്ഷം രൂപയായി വര്‍ദ്ധിച്ചുവെന്നതാണ്‌. (Robin Jeffry, Decline of Nair Dominence, P.294) തിരുവിതാംകൂറില്‍ അക്കാലത്ത് നടന്നിരുന്ന നെല്‍കൃഷിയുടെ തോത് എന്തെന്നും, ഭൂരിപക്ഷം നാട്ടുകാരും അതുവരെ ആഹരിച്ചിരുന്ന അരി എത്ര തുച്ഛമായിരുന്നെന്നും ഈ കണക്കുകൊണ്ട് കാണാം. അവരില്‍ കുറേപ്പേര്‍ക്ക് ദിവസംപ്രതി 25 പൈസ കൂലി ലഭിച്ചു തുടങ്ങിയപ്പോള്‍ അവരും ചെറിയ തോതില്‍ അരിഭക്ഷണം കഴിക്കാന്‍ തുടങ്ങിയതിന്‍റെ കൂടി പ്രത്യാഘാതമാണ് ഇടങ്ങഴി അരിക്ക് 5 പൈസ വിലയില്ലാതിരുന്ന അക്കാലത്ത് പതിനാലു ലക്ഷം ഉറുപ്പികയുടെ അരി ഇറക്കുമതി. കായികാദ്ധ്വാനക്കാരായ നാട്ടിലെ താഴ്ന്ന ജാതിക്കാര്‍ മുന്‍കാലങ്ങളില്‍ കഴിഞ്ഞിരുന്ന കഴിച്ചില്‍ ഏതു തരമായിരുന്നെന്നു ബാര്‍ത്തലോമിയായുടെ (1790) ഈ വിവരണം കൊണ്ട് കാണാം:

 

“രാവിലെ ജോലിക്ക് പോകുന്നതിനുമുമ്പ് കുറച്ചരി വെള്ളത്തിലിട്ടു വേവിച്ചുണ്ടാക്കുന്ന ‘കഞ്ചി’ സാമാന്യേന അവര്‍ കഴിക്കുന്നു. ഈ പ്രാതലിന് ശേഷം അവര്‍ ജോലി ആരംഭിക്കുകയും നാലുമണി വരെ അത് തുടരുകയും ചെയ്യുന്നു. പിന്നെ ഒരു മണിക്കൂറോ അതില്‍ കൂടുതലോ വൈകിയതിനു ശേഷം അവര്‍ അത്താഴഭക്ഷണം കഴിക്കുകയും സൂര്യാസ്തമയത്തോടെ തുടങ്ങുന്ന ഉറക്കം പിറ്റേന്ന് വെളുപ്പിന് വരെ തുടരുകയും ചെയ്യുന്നു” (Barthalomeo, P.158.)

 

അങ്ങനെ കീഴ്ജാതിക്കാരായ ഊഴിയം അടിമകളും, പുലയര്‍ തുടങ്ങിയ ആജന്മ അടിമകളും മുക്കാല്‍ പട്ടിണിക്കാരായിരിക്കുകയും, കഴിക്കുന്ന അല്‍പഭക്ഷണത്തില്‍ അരി അപൂര്‍വ്വ വിശിഷ്ട വസ്തുവായിരിക്കുകയും ചെയ്ത മുന്‍കാലങ്ങളില്‍, നാട്ടാവശ്യത്തിന് വേണ്ടിയിരുന്ന അരി എത്ര പരിമിതമായിരുന്നു എന്ന് കാണാം. അതില്‍ത്തന്നെ ഭൂരിഭാഗവും, എല്ലാക്കാലത്തും എന്തുകൊണ്ട് കേരളം ഇറക്കുമതി ചെയ്തു എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് നമ്മുടെ കാര്‍ഷികോല്പാദനരംഗമാണ്. മുന്‍ കാലങ്ങളില്‍ കേരളത്തില്‍ നെല്‍ക്കൃഷി നടന്നുവന്നിരുന്ന രീതി, രേഖാസ്പദമായി പത്മനാഭമേനോന്‍ സംഗ്രഹിച്ചിട്ടുണ്ട്:

 

“നായന്മാര്‍ മേലന്വേഷണം ചെയ്തു പുലയരെക്കൊണ്ട് കൃഷി നടത്തിപ്പോന്നു. ദേവസ്വം ഭൂമിയില്‍ കൃഷി ആരംഭിക്കുന്നതിനും മറ്റു ചില പ്രത്യേക നടപടികളുണ്ടായിരുന്നുവെന്ന എളങ്കുന്നപ്പുഴ ദേവസ്വം വക 958-മാണ്ടത്തെ ചട്ടവാര്യോലയില്‍ നമുക്കറിയാവുന്നതാണ്. ‘ഓച്ചന്തുരുത്തു ദേശത്തു വല്ലാര്‍പാടത്തു വിത്ത്‌ ഇടേണ്ടതിന് ഇടവമാസം 10-ം തിയ്യതി പാട്ടാളിയും പതികള്‍ രണ്ടുപേരും കൂടി… വിലായികയ്മളുടെ വീട്ടില്‍ നിന്നും അഞ്ഞാഴി വിത്തു വരുത്തിച്ചു കയ്മളെക്കൊണ്ട് ‘തേവര്‍ വള്ളുവന്‍റെ’ പറ്റില്‍ കൊടുപ്പിച്ചു പതികളുടെ കണ്ടത്തില്‍ കീഴ്മര്യാദപോലെ മുമ്പില്‍ വിത്ത്‌ ഇടുവിച്ചു കൊള്ളണം. തേവര്‍ വള്ളുവന് വല്ലി കൊടുക്കേണ്ടതിന് ആ വിത്തില്‍ത്തന്നെ കീഴ്മര്യാദപോലെ കൊടുപ്പിച്ചു കൊള്ളണം.” (പത്മനാഭമേനോന്‍, കൊച്ചി രാജ്യചരിത്രം, വാള്യം II, പുറം 655,656)

 

അങ്ങനെ അടിമപ്പുലയരായ തേവര്‍ വള്ളുവന്മാരുടെ പറ്റില്‍ വിത്തു കൊടുപ്പിക്കുന്നേടത്തു ജന്മിയുടെയും കാണാക്കാരന്‍റെയും കാര്‍ഷികച്ചുമതല അവസാനിക്കുന്നു. തെക്കന്‍ തിരുവിതാംകൂറിലെ തമിഴ് പ്രദേശങ്ങളും ഉത്തരമലബാറിന്‍റെ (കോലത്തുനാട്) വടക്കന്‍ ഭാഗങ്ങളും ഒഴിച്ചാല്‍ ശേഷം കേരളത്തിലെ നെല്‍ക്കൃഷിപ്പണികള്‍ 100 ശതമാനവുമല്ലെങ്കില്‍ 90 ശതമാനമെങ്കിലും പുലയര്‍ എന്ന ഏക അടിമജാതികളാണ് ചെയ്തു പോന്നത്:

 

“ഏതാനും ദരിദ്രന്മാര്‍, കൂടുതലും ഈഴവജാതിയിലുള്ളവര്‍, കുടിയാന്മാരായി ഏല്‍പ്പിച്ചു കിട്ടിയ ഭൂമിയില്‍ സ്വന്തമായി പ്രയത്നിച്ചു കൃഷിയിറക്കുന്നു. എന്നാല്‍, ബ്രാഹ്മണര്‍ ഒരിക്കലും ഒരദ്ധ്വാനവും ചെയ്കയില്ല. നായന്മാരും മാപ്പിളമാരും അദ്ധ്വാനിക്കുക എന്നതും വളരെ വിരളമാണ്. നെല്‍ക്കൃഷിപ്പാടങ്ങളിലെ മിക്കവാറും പ്രയത്നങ്ങള്‍ അടിമകളായ ചെറുമരാണ് ചെയ്യുന്നത്. ഉടയോര്‍ക്ക് സമ്പൂര്‍ണ്ണ ഉടമസ്ഥതയുള്ള ജംഗമസ്വത്താണവര്‍” (Buchannan, Vol. II, P.67)

 

ബുക്കാനന്‍ ഇങ്ങനെ വിവരിക്കുന്നത് മലബാറിലെ നെല്‍ക്കൃഷിക്കാര്യമാണ്. അതില്‍ ദരിദ്രരായ ഈഴവര്‍ സ്വയം പ്രയത്നിക്കുന്നുവെന്നു പറയുന്നത് വടക്കേ മലബാറിലെ കാര്യമായിരിക്കണം. എന്തെന്നാല്‍, ഏതാണ്ട് അതേ കാലത്ത് മലബാര്‍ കളക്ടര്‍, ബോര്‍ഡ് ഓഫ് റെവന്യൂവിന് എഴുതിയ കത്തില്‍ പറയുന്നത് തെക്കേ മലബാറിലെ നെല്‍ക്കൃഷിപ്പണികള്‍ മുഴുവനും തന്നെ ചെറുമരാണ് ചെയ്യുന്നത് എന്നാണ്. (Dharma Kumar [Cited by] Land and Cast in South Iindia, P.62). തിരുവിതാംകൂറിലെ സ്ഥിതിയും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല.

 

“ആജന്മകാര്‍ഷിക അടിമസമ്പ്രദായം നിലവിലില്ലാത്ത തെക്കന്‍ പ്രദേശങ്ങള്‍ ഒഴിച്ചാല്‍ മേല്‍ ജാതികളായ കൃഷിക്കാരുടെ കൃഷിപ്പണികള്‍ മിക്കവാറും ചെയ്യുന്നത് താഴ്ന്ന ജാതിക്കാരായ പുലയരാണ്.” (Ward and Connor, Survey Memoir, P.51) എന്ന 1820 സര്‍വേ മേമ്മോയറിലെ പ്രസ്താവം ഇക്കാര്യത്തിന് ആധികാരികമായ സാക്ഷ്യപത്രമാണ്‌. മുന്‍ കാലങ്ങളില്‍ നെല്‍പ്പാടങ്ങളിലെ കൃഷിപ്പണി ഏതാണ്ട് മുഴുവനും തന്നെ പുലയരാണ് ചെയ്തിരുന്നതെന്ന വിവരം ലോഗന്‍റെ ‘മലബാറി’ലും (1887) കാണാം (Logan, Malabar [1981 Edn.] P.178).

 

നെല്‍പ്പാടങ്ങളിലെ ജോലിയെ സംബന്ധിച്ച് മാത്രമാണ് ഈ പ്രസ്താവങ്ങള്‍ എന്ന കാര്യം തരംതിരിച്ചു ശ്രദ്ധിക്കേണ്ടതുണ്ട്. പുലയരെപ്പോലെത്തന്നെ പ്രാകൃത ദയനീയരും അവരേപ്പോലെത്തന്നെ അടിമകളുമായ ചണ്ഡാളജാതികള്‍ പലതും കേരളത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പുലയനോടൊത്തു ഈ പാടങ്ങളില്‍ അടിമപ്രയത്നം ചെയ്യാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അതിന് ജാത്യാചാരത്തിന്‍റെ വിലക്ക് മാത്രമല്ല തടസ്സം. പറയന്‍ തീണ്ടിയാല്‍ ഒരിക്കലല്ല, മൂന്ന് പ്രാവശ്യം മൂന്ന് കുളങ്ങളില്‍ കുളിച്ച് അശുദ്ധി മാറ്റേണ്ട അഭിജാതനായിരുന്നു ഈ പുലയന്‍. പുലയനെ തൊട്ടാല്‍ അതുപോലെതന്നെ കുളികള്‍ കുളിച്ച് ശുദ്ധം വരുത്തേണ്ട അഭിജാതനായിരുന്നു പ്രസ്തുത പറയനും (Padmanabha Menon, Kerala, Vol.II, P.275). മിക്കവാറും ഊഴിയം അടിമകളായി പറമ്പുകളില്‍ ഭാഗികമായി അടിമപ്പണി ചെയ്തുപോന്ന ഈഴവന്‍, പുലയനോട് തനിക്കുള്ള തീണ്ടാപ്പാട് ദൂരം കേവലം 32 അടിയായി ചുരുങ്ങിയത്തില്‍ മനം നീറുന്ന മാനിയായിരുന്നു. അതായത്, പാടത്തെ കൃഷിപ്പണിയില്‍ പാടത്തിറങ്ങി പുലയനെ സഹായിക്കുക എന്ന നടപടി കേരളത്തില്‍ നടപ്പുള്ള കാര്യമായിരുന്നില്ലെന്നും ഗണനീയ തോതില്‍ എന്തായാലും അത് നടന്നിരുന്നില്ലെന്നുമുള്ള അവസ്ഥയാണ് മേലുദ്ധരിച്ച നെല്‍ക്കൃഷി പ്രസ്താവനകള്‍ ഏറ്റു പറയുന്നത്. തെങ്ങ് കൃഷിയുടെ പണ്ടത്തെ അവസ്ഥ നാം കണ്ടു. കേരളത്തിന്‍റെ സകല സാംസ്കാരിക മഹിമകള്‍ക്കും അടിത്തറയായി ശേഷിക്കുന്ന നെല്‍ക്കൃഷീ രംഗത്തെ ഉത്പാദന രീതിയും ഉത്പാദന ബന്ധങ്ങളുമാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

 

ഭക്ഷ്യോല്‍പാദനത്തിന്‍റെ ഈ കുത്തകക്കാരനായ പുലയന്‍റെ പദവി, സഹജമായ ഹൃദയ മാഹാത്മ്യത്തോടെ പദ്മനാഭ മോനോന്‍ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു:

 

“അവരെ ഉടമസ്ഥന്മാര്‍ സ്ഥാവരജംഗമ സ്വത്തുക്കളെപ്പോലെ ക്രയവിക്രയം ചെയ്യുന്നതിന് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. ഉടമസ്ഥര്‍ ദിവസവും അവര്‍ക്ക് സാപ്പാടിനു കൊടുക്കണമെന്നില്ല. ഉടമസ്ഥരുടെ പണിക്ക് ആവശ്യമില്ലെങ്കില്‍ മറ്റുള്ളവരുടെ പണിക്കു പോകാം. പക്ഷേ, ആവശ്യപ്പെടുമ്പോള്‍ വന്നില്ലെങ്കില്‍ ശിക്ഷയ്ക്ക് പാത്രമായിരിക്കും. കൊയ്ത്തു കഴിഞ്ഞാല്‍ പത്തിലൊന്ന് അവര്‍ക്ക് കൊടുക്കും. ഉടമസ്ഥന് അവരെ കൊന്നുകളയുവാന്‍ കൂടി അവകാശമുണ്ട്‌”. (പദ്മനാഭ മേനോന്‍, കൊച്ചി രാജ്യ ചരിത്രം, വാള്യം II, പുറം 652).

 

അപ്പോള്‍ ഈ ഭക്ഷ്യോല്‍പ്പാദനാടിത്തറയുടെ അവകാശങ്ങളോ? അവകാശങ്ങള്‍ യാതൊന്നും ഇല്ലായിരുന്നുവെന്ന് പറയാനാവുകയില്ല എന്നാണ് പദ്മനാഭ മേനോന്‍ പറയുന്നത്:

 

“അധഃപതിച്ച ഈ ദരിദ്ര വര്‍ഗ്ഗങ്ങളുടെ അവകാശങ്ങളെപ്പറ്റി പറയുന്നത് അസംബന്ധമാണ്. ശരിയായ അര്‍ത്ഥത്തില്‍ അവകാശമെന്നോ ആനുകൂല്യമെന്നോ പറയാവുന്ന യാതൊന്നും അവര്‍ക്കില്ല. മരിക്കാന്‍, ഭക്ഷണം കിട്ടാതെ മരിച്ചു പോവാന്‍ തീര്‍ച്ചയായും അവര്‍ അനുവദിക്കപ്പെട്ടിരുന്നില്ല. യജമാനന് വേണ്ടി എന്തെങ്കിലും ജോലിക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കാലം വരെ എന്തായാലും അത് നടപ്പില്ല. അത്രയും കൊണ്ട് അവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അവസാനിക്കുന്നു” (Padmanabha Menon, Kerala, Vol.II, P.275).

 

മുന്‍കാല കേരളത്തിലെ കാര്‍ഷികോല്പ്പാദന രംഗത്തിലെ ഉത്പാദന ബന്ധത്തിന്‍റെ  മറുതലയായിരുന്ന പുലയരെ ജീവനുള്ള അസ്സല്‍ സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍, സര്‍വ്വേക്കാരായ വാര്‍ഡും കോണറും (1816-1820) കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ എന്നീ മൂന്ന് പ്രദേശങ്ങളിലേയും എല്ലാ ഗ്രാമങ്ങളിലും കണ്ടിരിക്കണമല്ലോ. അവര്‍ കണ്ട കാഴ്ച ഇതാണ്:

 

“അവരുടെ പേര് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന എല്ലാറ്റിന്‍റെയും പര്യായമാണ്. പ്ലേഗ് രോഗത്തെ എന്ന പോലെ വര്‍ജ്ജിക്കപ്പെടുന്ന അവരുടെ സാന്നിധ്യം ഉന്നതജാതികളില്‍ ഭീതിയും ധര്‍മ്മ രോഷവും ഉണ്ടാക്കുന്നു. എരുമകളോട് കൂടി ഒരേ അടിമത്തം പങ്കു വെച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ പദവിയില്‍ ആ കന്നുകാലികളേക്കാള്‍ എത്രയോ താഴെയാണ്! ഇവരുടെ അസ്സല്‍ മാര്‍ക്കറ്റ് വില ആ കന്നുകാലികളുടേതിനേക്കാള്‍ അത്ര കൂടുതലൊന്നുമല്ല”. (Ward and Connor, Survey Memoir)

 

സാധനമായി നല്‍കപ്പെടുന്ന മൂന്ന് ഇടങ്ങഴി നെല്ലും ഒരു നേരത്തെ ഭക്ഷണവുമാണ് ഇവര്‍ക്കുള്ള മര്യാദക്കൂലിയായി കണക്കാക്കപ്പെടുന്നത് എന്ന വിവരവും അതേ മേമ്മോയറിലുണ്ട് (Ibid, P.51). എന്നാല്‍ 1800 –ല്‍ മലബാറില്‍ കണ്ട വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ബുക്കാനന്‍ ഇതിനേക്കാള്‍ എത്രയോ കുറഞ്ഞ ഒരു വേതന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്:

 

“(പുലയരിലെ) സ്ത്രീക്കും പുരുഷനും, അവര്‍ക്ക് പ്രയത്നിക്കാന്‍ കഴിയുന്ന കാലത്ത് 2 ഇടങ്ങഴി നെല്ല് ആഴ്ചയില്‍ കൂലിയായി ലഭിക്കും. കുട്ടികള്‍ക്കും വയസ്സന്മാര്‍ക്കും ഇതിന്‍റെ പകുതിയാണ് കൂലി. ഈ അടിമകള്‍ക്ക് അവരുടെ പാടത്തില്‍ വിളയുന്ന നെല്ലിന്‍റെ 21-ല്‍ ഒരു ഭാഗം പ്രോത്സാഹന വേതനമായി കൊടുക്കുകയും ചെയ്യുന്നു” (Buchannan, Vol. II, P.67)

(പി. കെ. ബാലകൃഷ്ണന്‍, “ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും”, പുറം 170-174)

 

അദ്ദേഹം തുടര്‍ന്ന്‍  എഴുതുന്നത്‌ ഇങ്ങനെയാണ്:

 

“കന്നുകാലി സമ്പത്തിന്‍റെ ഈ  വൈരള്യവും വൈവിശ്യവും മറ്റൊരു രീതിയിലും കേരളത്തിന്‍റെ നെല്‍ക്കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. കൃത്രിമ ജലസേചന സമ്പ്രദായം തൊട്ടുതീണ്ടാതെ കാലവര്‍ഷത്തെ മാത്രം ആശ്രയിച്ചുള്ള കേരളത്തിന്‍റെ കൃഷി, വളപ്രയോഗം കാര്യമായില്ലാതെ നടന്ന കൃഷിയുമാണ്. ഫലപുഷ്ടി വര്‍ദ്ധിക്കണമെങ്കില്‍ ഒന്നുകില്‍ വളം പ്രയോഗിക്കുകയോ അല്ലെങ്കില്‍ ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധമാനമായുണ്ടായിരിക്കുകയോ വേണം. മുന്‍കാലങ്ങളില്‍ കൃഷിക്ക് വളപ്രയോഗം നടത്താവുന്ന ഫലവത്തായ ഏക മാര്‍ഗ്ഗം കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ്. അങ്ങനെ കൃത്രിമ ജലസേചനവും കൃത്രിമ വളവും കൂടാതെ, പുലയരെക്കൊണ്ട് കേരളത്തില്‍ നടത്തിപ്പോന്ന നെല്‍ക്കൃഷിയില്‍ നിന്ന് എന്തുമാത്രം നെല്ലുല്‍പാദിപ്പിച്ചിരിക്കാമെന്ന് വലിയ തെറ്റില്ലാത്ത ഒരേകദേശ സങ്കല്‍പം നമുക്ക് സ്വരൂപിക്കാന്‍ കഴിയും. കുട്ടികളും സ്ത്രീകളുമടക്കം 25 അംഗങ്ങളുള്ള 5 പുലക്കുടികള്‍ പന്ത്രണ്ടര ഏക്കര്‍ നിലം കൃഷി ചെയ്യാന്‍ മതി എന്നാണ് കേരളത്തിലെ പരമ്പരാഗത കണക്ക് (L. K. Ananthakrishna Ayyar, Casts and Tribes of Cochin, Vol. I, P.93). ബുക്കാനന്‍ രേഖപ്പെടുത്തിയിരിക്കുന്ന അറിവ് പ്രകാരം 24 പേരുള്ള 5 പുലക്കുടികള്‍ 200 പറ നെല്‍പ്പാടത്ത് കൃഷിയിറക്കാന്‍ മതിയാവും. 200 പറ ഏതാണ്ട് 35 ഏക്കര്‍ വരുമെന്നും അദ്ദേഹം കണക്കാക്കുന്നു (Buchanan, Vol.II, P.67). 1854-ലെ തിരുവിതാംകൂറിലെ പുലയരുടെ എണ്ണം 98,766 ആണ്. 1856–ല്‍ മലബാറിലേത് 1,87,812 (Robin Jeffry, Decline of Nair Dominence, P.330). അതായത് 1850-1860 കാലത്ത് കേരളത്തിലെ പുലയരുടെ ജനസംഖ്യ 3 ലക്ഷത്തില്‍ കവിയാനിടമില്ല. നാട്ടിലെ നെല്‍കൃഷിയുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും ഇവരാണ് നടത്തിയിരുന്നതെന്ന് നാം കണ്ടു. ഒരാള്‍ക്ക് ഒന്നരയേക്കാര്‍ എന്ന ബുക്കാനന്‍റെ കണക്ക് സ്വീക്കരിക്കുകയാണെങ്കില്‍ പോലും അന്ന് കേരളത്തില്‍ നടന്നിരുന്ന നെല്‍ക്കൃഷിയുടെ മൂന്നില്‍ രണ്ട് ഭാഗം 5 ലക്ഷം ഏക്കറിലധികം വരില്ല. ഈ കണക്ക് ഒരു പരിധിവരെ അനുമാനപരമാണെങ്കില്‍ക്കൂടിയും, കേരളത്തിന്‍റെ കാര്‍ഷിക വിഭാവോല്‍പാദനത്തിന്‍റെ നിശ്ചിത പരിമിതമായ അടിത്തറ എത്ര ചെറുതാണെന്ന് ബോധ്യപ്പെടാന്‍ ഇത് മതിയാവും. താഴ്ന്ന ജാതികള്‍ക്ക് അരിഭക്ഷണം ഒരു അപൂര്‍വ്വ വസ്തുവായിരിക്കുകയും മേല്‍ജാതികളില്‍ത്തന്നെ കഴിവുകുറഞ്ഞവര്‍ പകുതിപ്പട്ടിണിയില്‍ കഴിയുകയും ചെയ്തിരുന്ന പരിതഃസ്ഥിതിയിലും, കേരളത്തിനു വേണ്ടിയിരുന്ന അരിയുടെ ഭൂരിഭാഗവും എന്തുകൊണ്ടാണ് ഇറക്കുമതി ചെയ്യേണ്ടി വന്നത് എന്ന ചോദ്യത്തിനുള്ള സമാധാനവും ഇതിലുണ്ട്.

 

19-ം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളിലെ വസ്തുതകളെ അവലംബിച്ചുള്ള കാര്യവിചാരമാണ് നാം നടത്തുന്നതെന്ന് ഓര്‍മ്മിപ്പിക്കട്ടെ. നമ്മുടെ പരിഗണനയില്‍പ്പെടേണ്ട ചരിത്രകാലം ഏറെയും 90 മുതല്‍ 1750 വരെയുള്ളതാണ്. 20 ലക്ഷത്തിനടുത്തുള്ള ജനസംഖ്യയും, 1750 മുതല്‍ തിരുവിതാംകൂറിലും 1770 മുതല്‍ മലബാറിലും സാരമായി വര്‍ദ്ധിച്ചുവെന്ന് കരുതേണ്ട കൃഷിഭൂമികളുടെ മൊത്ത വിസ്തൃതിയും, പീഠഭൂമിയാക്കിനിന്നുകൊണ്ടു പുക മൂടിയ മുന്‍ ശതാബ്ദങ്ങളിലേക്ക് നാം എത്തിനോക്കേണ്ടിവരുന്നു. അവിടെ അങ്ങിങ്ങ് കാണുന്ന അവ്യക്തമായ രൂപങ്ങള്‍ക്ക് യുക്തിനിരതമായ സങ്കല്‍പം കൊണ്ട് വ്യക്തതയുണ്ടാക്കാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് സാദ്ധ്യമായ നടപടി. വളര്‍ത്തു മൃഗങ്ങളുടെ വൈരള്യവും ഉള്ളവയുടെ അദ്ധ്വാനശേഷിയുടെ നിരസനവും, പ്രയത്നിക്കുന്നവരായി സമൂഹത്തിലുള്ള ഹീനജാതികളില്‍ മിക്കതിന്‍റെയും പ്രയത്നശേഷിയുടെ നിരോധനവും; ഗതാഗതസൗകര്യം ഒട്ടുമില്ലാത്ത പ്രാകൃതിക പരിസ്ഥിതിയും ഗതാഗതം പാടില്ലെന്ന് അനുശാസിക്കുന്ന സമുദായസ്ഥിതിയും- ഇവയെല്ലാം കണക്കിലെടുത്ത് ചിന്തിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ മുന്‍ കാലത്ത് കാട് തെളിച്ചു കൃഷിയിടങ്ങള്‍ സ്വരൂപിക്കുന്ന നടപടി ഏറെ നടന്നിരുന്നില്ലെന്നു കാണാന്‍ കഴിയും. കാടുകളുടെ ആധിപത്യം സാര്‍വ്വത്രികമായിരുന്ന അക്കാലത്ത്  വ്യവസ്ഥാപിതമായ സാമൂഹ്യജീവിത ക്രമത്തിന്‍റെ വക്കില്‍ ഒരു കാലുമാത്രം ചവിട്ടിക്കൊണ്ട്‌ വന്യപ്രകൃതിയെ ആശ്രയിച്ച് ജീവസന്ധാരണം ചെയ്തവരാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുമെന്നു നാം കാണേണ്ടി വരുന്നു.

 

നായന്മാരില്‍ ഭൂരിപക്ഷത്തിന്‍റെയും പാര്‍പ്പിടങ്ങള്‍ എന്തായിരുന്നുവെന്നും, അര്‍ദ്ധപട്ടിണിയായ അഹോവൃത്തിതന്നെയും എത്ര ദയനീയമായ സാഹചര്യത്തിലാണ് അവര്‍ നിറവേറ്റിപ്പോന്നതെന്നും നാം കണ്ടു കഴിഞ്ഞു. ഈഴവര്‍ തുടങ്ങിയ താഴ്ന്ന ജാതികളുടെ ‘പട്ടിക്കൂടു’ വീടുകളും പുലയരുടെ ‘കിളിക്കൂട്‌’ വീടുകളും നാം കണക്കിലെടുത്തു കഴിഞ്ഞു (Ward and Connor, Survey Memoir, P.140,141). ഊഴിയം ബാധ്യതയായ പറമ്പുകളിലെ പണിയോ മറ്റു പണികളോ ചെയ്യാനുള്ള ദിവസങ്ങളില്‍ അവര്‍ കഴിക്കുന്ന ഭക്ഷണം എത്രയാണെന്നും പ്രയത്നസമയവും ഉറക്കസമയവും എപ്പോഴെപ്പോഴാണെന്നുള്ള കാര്യവും നമുക്ക് അപരിചിതമല്ല. ഇത്തരം പ്രയത്നമാണ് വ്യവസ്ഥാപിത സാമൂഹ്യ ജീവിതത്തോട്  അവരെ ബന്ധിപ്പിക്കുന്ന ‘പോസിറ്റീവ്’ ആയ ഏക നടപടി. പ്രയത്ന ദിവസങ്ങളില്‍ പച്ച നെല്ല് വേതനമായി ലഭിക്കുന്ന അക്കൂട്ടര്‍ ഫലത്തില്‍ പകുതിവയറു നിറയാന്‍ മാത്രമുള്ള ഭക്ഷണം പ്രയത്നക്കൂലിയായി കൈപ്പറ്റേണ്ടി വന്നവരാണല്ലോ. ഇവിടെ നാം ഗൗനിക്കേണ്ട പ്രധാന വശം മറ്റൊന്നാണ്. പറമ്പുകളില്‍ ക്രമമായ എന്തെങ്കിലും കൃഷിയോ ക്രമമായ പരിചര്യകളോ നിലവിലില്ലാതിരുന്ന അക്കാലത്ത് ഇത്തരം പ്രയത്നസന്ദര്‍ഭങ്ങള്‍ തന്നെയും വിരളമായിരുന്നുവെന്നും, മിക്കവാറും ദിവസങ്ങളില്‍ ഇവരില്‍ ബഹുഭൂരിപക്ഷം പേരും വന്യപ്രകൃതിയെ ആശ്രയിച്ച് സാധിക്കും പോലെ ജീവസന്ധാരണം ചെയ്യുകയായിരുന്നു നടപടിയെന്നും കാണാന്‍ പ്രയാസമില്ല. അഭ്യൂഹങ്ങളെ ആശ്രയിക്കാതെ സ്പഷ്ടമായ വിവരങ്ങള്‍ കൊണ്ടുതന്നെ അത് കാണാന്‍ കഴിയും. ഈഴവരുടെ കാര്‍ഷിക വൃത്തി വാര്‍ഡും കോണറും സര്‍വേ മെമ്മോയറില്‍ ഇങ്ങനെ വിവരിക്കുന്നു:

 

“പറമ്പുകളുടെയും കൃഷിസ്ഥലങ്ങളുടെയും കൈവശക്കാരാവാന്‍ അവര്‍ അനുവദിക്കപ്പെടുന്നുണ്ട്. ഏറ്റുകൃഷിക്കാരിലെ പ്രധാന വിഭാഗം അവരാണ്. പക്ഷേ, പാട്ട വ്യവസ്ഥപ്രകാരം അവര്‍ക്ക് അതില്‍ നിന്നും മിച്ചമായി യാതൊന്നും തന്നെ കിട്ടുകയില്ലെന്നു പറയാം. വിശ്രമസ്ഥാനമാകാന്‍ മതിയാവാത്ത ഒരു കുടിലല്ലാതെ ഈ കൈവശഭൂമി മറ്റു യാതൊന്നും ഉറപ്പു ചെയ്യുന്നില്ല എന്നതാണ് വാസ്തവം. 12 മാസവും തേങ്ങയും മത്സ്യവും തിന്നു അവര്‍ പുലരുന്നുവെന്നു പറയുന്നതിലും ഭേദം അല്പഭക്ഷണവുമായി അവര്‍ എന്നും പട്ടിണി കിടക്കുന്നുവെന്ന് പറയുന്നതാണ്” (Ward and Connor, Survey Memoir, P.140,136).

 

1820-ലെ ഇതേ സ്വാനുഭാവ വിവരണത്തില്‍, ഈഴവര്‍ കൂടി ഉള്‍പ്പെടുന്ന താഴ്ന്ന ജാതിക്കാര്‍ അഹോവൃത്തി കഴിക്കുന്നതെങ്ങനെയാണെന്ന് വിശദമായ പ്രസ്താവമുണ്ട്:

 

“അരി താഴ്ന്ന ജാതിക്കാരുടെ ഭക്ഷണപദാര്‍ത്ഥമാവുന്നത് വര്‍ഷംപ്രതി അല്‍പനാളത്തേക്ക് മാത്രമാണ്. കൈവശം വരുന്ന അല്പമായ ‘സ്റ്റോക്ക്’ തിന്നു തീരുന്നപാടെ നട്ടുവളര്‍ത്തുന്ന കിഴങ്ങുകളും നാനാവിധം കാട്ടുകിഴങ്ങുകളും, ഒരുതരം പനന്തടിയില്‍ നിന്നെടുക്കാവുന്ന സാഗോപ്പൊടിയും അവര്‍ക്കുള്ള ഭക്ഷ്യമായിത്തീരുന്നു. മലവാര ഗോത്രങ്ങള്‍ക്ക് കാട്ടുകിഴങ്ങുകള്‍ മാത്രമാണ് ഭക്ഷണം. വിവേചനമില്ലാത്ത വിശപ്പ് ഏതുതരം കാട്ടുകിഴങ്ങുകളും, പ്രത്യേകിച്ചും വെള്ളത്തിലെ ചെടികളുടെ കിഴങ്ങുകള്‍, ഭക്ഷ്യങ്ങളാക്കി മാറ്റുന്നു. കായലില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് പുലയര്‍ ഇവ തിരയുന്നത് കാണാം. ഇവകൊണ്ടുള്ള പോരായ്മ, എലി, ഓന്ത് എന്നീ ജീവികളാണ് നികത്തുന്നത്. തീരെ താഴ്ന്ന ജാതിക്കാര്‍ അറപ്പുണ്ടാക്കുന്ന ഈ  വിഭാഗത്തെ മിക്കപ്പോഴും ആശ്രയിക്കേണ്ടി വരുന്നു” (Ward and Connor, Survey Memoir, P.140,115). (പി. കെ. ബാലകൃഷ്ണന്‍, “ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും”, പുറം 178-181)

 

വളരെ മെച്ചമായതെന്നു പറഞ്ഞ് ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്ന ഈ സംസ്കാരത്തിനുള്ളില്‍ അധിവസിച്ചിരുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ ഭക്ഷണസംസ്കാരമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്. ഈ സംസ്കാരം അവര്‍ക്ക് മഹത്തരമായി തോന്നാം, അതില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല. പക്ഷേ മറ്റുള്ളവരും ഈ അധഃപതിച്ച ഹീന സംസ്കാരത്തിനെ ലോകത്ത് ഇന്നുവരെയുണ്ടായ സംസ്കാരങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട സംസ്കാരമായി കാണണം എന്ന് വാശി പിടിക്കരുത്. ചരിത്രബോധമുള്ളവര്‍ അതംഗീകരിച്ചു തരില്ല. നമുക്ക് വീണ്ടും “ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും” പരിശോധിക്കാം:

 

“കച്ചവടങ്ങള്‍ ചെയ്യുന്നതിന് പണ്ടാറവകയായുള്ള വിലക്കുകള്‍ നീക്കം ചെയ്തുകൊണ്ടുള്ള തിരുവിതാംകൂര്‍ മഹാറാണിയുടെ മേലുദ്ധരിച്ച വിളംബരം 1818-ലേതാണ്. ഇതിന് മുമ്പുള്ള കാലങ്ങളില്‍ കേരളത്തിലെ താഴ്ന്ന ജാതികള്‍ കച്ചവടമൊന്നും ചെയ്തിരുന്നില്ലെന്നോ വില്‍ക്കാനാവുന്ന ചരക്കുകള്‍ യാതൊന്നും അവര്‍ക്കുണ്ടായിരുന്നില്ലെന്നോ ധരിക്കുന്നത് പക്ഷേ, ശരിയല്ല. 1775 കാലത്ത് അഞ്ചുതെങ്ങിലെ ബ്രിട്ടീഷ് പാണ്ടികശാലയുടെ ഫാക്ടറിയായിരുന്ന ജെയിംസ് ഫോര്‍ബ്സ് അവിടെയൊക്കെ സാധാരണമായിരുന്ന ഒരു  കച്ചവടം വിശദമായി വിവരിക്കുന്നുണ്ട്. വിദ്യാസമ്പന്നന്‍ കൂടിയായ ആ ഇംഗ്ലീഷുകാരനെ ഉദ്ധരിക്കാം:

 

“വര്‍ഷകാലത്ത് ഭാഗികമായെങ്കിലും വെള്ളപ്പൊക്കമുണ്ടായാല്‍ വിള പകുതിയായിക്കുറയും. അത്തരം ക്ഷാമകാലങ്ങളില്‍ ഈ ദരിദ്രപ്പരിഷകള്‍ സഹിക്കവയ്യാത്ത വിശപ്പിന്‍റെ പ്രേരണയില്‍ അഞ്ചുതെങ്ങിലേക്കും മറ്റു തുറമുഖ സ്ഥാനങ്ങളിലേക്കും നീങ്ങുന്നു. ഒരു ചെറുപ്പക്കാരന്‍ തീറ്റിപ്പോറ്റപ്പെടുക എന്ന പ്രതിഫലത്തിന് മാത്രമായി തന്നെത്തന്നെ വില്‍ക്കുന്നതും അമ്മ സ്വന്തം കുഞ്ഞിന് ഒരു ചാക്ക് അരി വില പറയുന്നതും ഹതാശനായ ഒരച്ഛന്‍ ഭാര്യയേയും മക്കളെയും അടക്കമായി നാല്പതോ അമ്പതോ ഉറുപ്പികയ്ക്ക് വില്‍ക്കുന്നതും അപ്പോള്‍ നിങ്ങള്‍ക്കവിടെ കാണാം. അഞ്ചുതെങ്ങില്‍ ആദായത്തിന് ലഭിക്കുന്ന ഒരു വില്പനചരക്കാണ് കുട്ടികള്‍. പ്രത്യേകമായ ക്ഷാമപരിതഃസ്ഥിതിയൊന്നും നിലവിലില്ലാത്ത ഒരവസരത്തില്‍ എട്ടോ ഒമ്പതോ വയസ്സുള്ള ഒരാണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ബോംബെയിലെ ഒരു സ്നേഹിതയ്ക്ക് സമ്മാനമായി നല്‍കാന്‍, ഇംഗ്ലണ്ടില്‍ രണ്ട് പന്നികള്‍ക്ക് കൊടുക്കേണ്ടതിലും കുറഞ്ഞ വിലയ്ക്ക് ഞാന്‍ വാങ്ങുകയുണ്ടായി. അവരെ വാങ്ങുന്നതിനും ബോംബെ യാത്രക്കാലമായ 2 മാസത്തെ ഭക്ഷണത്തിനും 4 സെറ്റ് ഉടുപ്പുകള്‍ക്കും ഒക്കെക്കൂടി 20 രൂപയേ വേണ്ടിവന്നുള്ളൂ” (James Forbs, Oriental memoirs, Vol.II, P.251)

 

ദയാപൂര്‍വ്വം സംരക്ഷിക്കപ്പെടുന്ന സ്ഥാനത്തേക്ക് നല്‍കാന്‍ അവരെ താന്‍ വാങ്ങിയത് അവരുടെ ഭാഗ്യമാണെന്ന് കൂടി നിരീക്ഷിക്കുന്ന ഫോര്‍ബ്സ് മറ്റൊരു കച്ചവട വിവരം വിശദമായി കുറിക്കുന്നുണ്ട്. മത്സ്യം കൊണ്ടുവരുന്ന ഒരു മുക്കുവ സ്ത്രീ, ഒരുറുപ്പിക വിലയ്ക്ക് തന്‍റെ കുഞ്ഞിനെ വാങ്ങണമെന്ന് ഫോര്‍ബ്സിനോടപേക്ഷിക്കുകയുണ്ടായി. താന്‍ അതിന് തുനിയാതിരുന്നത് കൊണ്ട് ആ സ്ത്രീ അഞ്ചുതെങ്ങിലുള്ള പോര്‍ത്തുഗീസുകാരനായ സിനോര്‍ മാനുവല്‍ റോഡ്രീഗ്സിന് കുഞ്ഞിനെ അര ഉറുപ്പിക(50 പൈസ)യ്ക്ക് വിറ്റുവെന്നതാണ് വിവരണത്തിന്‍റെ ചുരുക്കം (Ibid, P.252).

 

1599-ല്‍ നടന്ന ഉദയംപേരൂര്‍ സുനഹദോസിലെ കാനോനുകളില്‍ ഒന്ന്, ക്രിസ്ത്യാനികള്‍ കുട്ടികളെ അടിമക്കച്ചവടം ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ളതാണ് (ഉദയംപേരൂര്‍ സുനഹദോസ് ഡിക്രി No. XII). ഡച്ചുകാരുടെ കാലത്ത് ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ ഫോര്‍ട്ടുകൊച്ചിയിലെ പള്ളി തട്ടിക്കൊണ്ടുവന്നവരോട് വാങ്ങിയവരും അതല്ലാതെ അധീനത്തിലായവരുമായ നാട്ടുകാരെ അടിമകളായി കയറ്റുമതി ചെയ്യുന്നതിനുള്ള ഗോഡൌണായിട്ടാണ് ഉപയോഗിച്ചിരുന്നതെന്നും കാണുന്നു (Dr. Francis Day,  Land of the PerumalS, P.183,184). `19-ം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളാകുമ്പോള്‍, വിശപ്പൊടുക്കാനാവാതെ മരിക്കുന്നതൊഴിവാക്കാന്‍ സ്വയം വില്‍ക്കലും സ്വന്തം സന്താനങ്ങളെ വില്‍ക്കലും സാരമായി വര്‍ദ്ധിച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ അത് പെട്ടുവെന്ന് റാണി ലക്ഷ്മീഭായിയുടെ 1811-ലെ ഈ വിളംബരം കൊണ്ട് കാണാം:

 

“ഈ രാജ്യത്തില്‍ ഒള്ളവരും പുറരാജ്യത്തില്‍ ഒള്ളവരും ഈ സംസ്ഥാനത്ത് പല ജാതികളിലും ഒള്ള കുഞ്ഞുകുട്ടികളെയും പെണ്ണുങ്ങളെയും ലാഭസംഗതിക്കായിട്ടു ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കയും ഏറിയ വിലയ്ക്ക് വിക്കയും പുറംനാട്ടുംമെല്‍ കൊണ്ടുപോകയും ആയതു തുറമുഖത്ത് സ്ഥലങ്ങളില്‍ പണ്ടാറവകയില്‍ അറിയുന്ന വകക്ക് തീരുവ വാങ്ങിക്കയും ഇതിന്മണ്ണം ആളുകളെ വിക്കുന്ന കാര്യം ഒരു കച്ചോടമര്യാദപ്രകാരമായിട്ടു തീര്‍ന്നിരിക്കകൊണ്ടും ഇത് എത്രയും മര്യാദകെടും ദുര്യശസ്സും ആയിട്ടുള്ള കാര്യമാകകൊണ്ടും ഇങ്ങിനെ അവമര്യാദ ആയിട്ടുള്ള കാര്യം നടക്കാതെ ഇരിക്കേണ്ടതിനു പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍,

 

കൃഷി മുതലായ വെലകള്‍ക്ക് അതതു ദിക്കുകളിലെ മര്യാദപോലെ കുറവര, പറയര, പുലയര, പള്ളര, മലയര, വേടര മുതലായ ആളടിയാരെ കുടിയാനവന്മാരെ തമ്മില്‍ ഒറ്റിയും ജന്മവും പാട്ടവുമായിട്ടു നടുവന്‍ മൂത്തകരക്കാറരെക്കൊണ്ടു ആധാരം എഴുതി വാങ്ങിക്കയും കൊടുക്കയും അവരു കൃഷിവേലകാര്യങ്ങള്‍ ചെയ്യിച്ചുവരികയും മാമൂലായിട്ട് എല്ലാ ദിക്കിലും നടന്നുവരുന്ന മര്യാദപ്രകാരം ഒള്ളത് ഒഴികെ ശേഷം ജാതിക്കാരെ അവരവിടെ വംശത്തില്‍ ഒള്ളവര എങ്കിലും മറ്റാരെങ്കിലും വിക്കയും വാങ്ങിക്കയും പണ്ടാറവകക്കു തീരുവ വാങ്ങിക്കയും അരുതെന്നു ഉറപ്പായിട്ടു കല്പിച്ചിരിക്കുന്നു” (Selected Proclametions, S.No. I. P.1)

 

പ്രഭുവര്‍ഗ്ഗങ്ങളെ അര്‍ദ്ധപട്ടിണിക്കാരായി നിലനിര്‍ത്തുകയും, താഴ്ന്ന ജാതികളെ പെറുക്കിത്തിന്നു പുലരുന്ന ജീവിത പരിതഃസ്ഥിതിയിലേക്ക് തള്ളി മാറ്റുകയും അവര്‍ക്ക് ക്രയവിക്രയം ചെയ്യാനുള്ള ഏക വിഭവം അവനവന്‍റെയും ഭാര്യാപുത്രാദികളുടെയും ശരീരം മാത്രമാണെന്ന നില വരുത്തുകയും, ഇത്തരം കച്ചവടമല്ലാത്ത സാധനക്കൈമാറ്റ ക്രയവിക്രയം പോലും സമൂഹത്തില്‍ പൊതുവെ അപ്രസക്തമാക്കുകയും ചെയ്ത സമ്പദ്ഘടനയ്ക്ക് എന്തു പേരാണ് നമുക്ക് വിളിക്കാന്‍ കഴിയുക? ഈ സമൂഹത്തിലെ അസ്സല്‍ ജനജീവിതം നടന്ന രീതിയെന്തെന്നും ഇതിന്‍റെ പ്രാകൃത പരിതഃസ്ഥിതി എന്തായിരുന്നുവെന്നും പഠിക്കാതെ നാമകരണം നടത്തുന്നത് ശരിയല്ല.” (പി. കെ. ബാലകൃഷ്ണന്‍, “ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും”, പുറം 182-184)

 

ഇനി ബ്രാഹ്മണരെ നോക്കിയാല്‍ അവരുടെ സ്ഥിതിയെന്താണ്? അതും നമുക്ക് പരിശോധിക്കാം:

 

“രണ്ടാമത് നാം ഗൌനിക്കേണ്ട കാര്യം ഈ കാലത്തും (1850-1900) കേരളത്തിലെ നമ്പൂതിരി സംപൂജ്യരില്‍ പരമ സംപൂജ്യന്‍ തന്നെയായിരുന്നു എന്നുള്ളതാണ്:

 

’കേവലം ഒരു ജന്മി എന്ന നിലയിലല്ല അവരുടെ കുടിയാനവന്മാര്‍ അവരെ വണങ്ങുന്നത്. അവരുടെ കണ്ണില്‍ (നമ്പൂതിരിമാര്‍) രാജകീയ പ്രതിപുരുഷന്മാരും അന്നദാതാവും പരമാധികാരിയായ യജമാനനും കുടുംബ പരദേവതയും ചുരുക്കത്തില്‍ ഈ ഭൂമിയില്‍ അവരുടെ ദൈവവുമാണ്… അവരുടെ ശരീരം ദിവ്യമാണ്, അവരുടെ ചലനം ഓരോന്നും ഘോഷയാത്രയാണ്. അവര്‍ ഭക്ഷിക്കുന്നതെന്തും അമൃതമാണ്.’ (Travancore Cencus Report 1891, Vol.I, P.653)

 

1875-ലും 1881-ലും 1891-ലും തിരുവിതാംകൂറിലെ സെന്‍സസ് പ്രവര്‍ത്തനങ്ങളെ നയിച്ചു റിപ്പോര്‍ട്ടുണ്ടാക്കിയ നാഗം അയ്യയാണ് നമ്പൂതിരിമാരുടെ പദവിയെപ്പറ്റി 1891-ലെ റിപ്പോര്‍ട്ടില്‍ ഈ വിവരണം എഴുതിച്ചേര്‍ത്തിരിക്കുന്നത്. പത്മനാഭമേനോന്‍ (1910-കാലത്താവണം) അതേ പദവി ഇങ്ങനെ വിവരിക്കുന്നു:

 

‘സ്വന്തമായ ശരീരാദ്ധ്വാനം കൊണ്ട് ഉപജീവിക്കുക എന്ന നടപടി അവര്‍ക്കു ബാധകമല്ല. രാജാവുതുടങ്ങി ഇങ്ങേ അറ്റത്തെ കൃഷിക്കാരന്‍ വരെ അവരുടെ ധൂര്‍ത്തിന് വക നല്‍കാന്‍ സ്വന്തം നിത്യാവശ്യങ്ങള്‍ കൂടി വര്‍ജ്ജിക്കുമാറ്, അത്ര വിശേഷമായ ആദരവാണ് ഒരു വര്‍ഗ്ഗമെന്ന നിലയില്‍ അവര്‍ക്കു നല്‍കുന്നത്. ‘ഒരിക്കലും മറ്റൊരാളെ സേവിക്കരുത്’ എന്ന മനുവിന്‍റെ ശാസനം കൃത്യമായി അനുവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക ബ്രാഹ്മണ വിഭാഗം നമ്പൂതിരിമാരാണ്.’ (History of Kerala Vol.III, P. 60)

(പി. കെ. ബാലകൃഷ്ണന്‍, “ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും”, പുറം 242)

 

ഫലഭൂയിഷ്ടമായ മണ്ണുണ്ടായിരുന്നിട്ടും, ശരീരത്തിലെ ഞരമ്പുകള്‍ പോലെ നാടൊട്ടുക്കും പുഴകളും തോടുകളുമുണ്ടായിരുന്നിട്ടും, അനുഗ്രഹിക്കപ്പെട്ട കാലാവസ്ഥയുമുണ്ടായിരുന്നിട്ടും, അദ്ധ്വാനിക്കാന്‍ മനസ്സും ശേഷിയുമുള്ള ജനങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇവിടെയുള്ള ഭൂരിപക്ഷം വരുന്ന ജനത എലി, ഓന്ത്, കാട്ടുകിഴങ്ങ് തുടങ്ങിയവ തിന്നും വിശപ്പ്‌ സഹിക്കാനാവാതെ സ്വയം വില്‍ക്കുകയും സ്വന്തം കുടുംബാംഗങ്ങളെ വില്‍ക്കുകയും ചെയ്യേണ്ടി വന്നത്, ചിലര്‍ ഇവിടെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്ന സംസ്കാരത്തിന്‍റെ ‘മേന്മ’ കൊണ്ടായിരുന്നു എന്ന് നിങ്ങള്‍ അറിയണം. (തുടരും.)