സനാതന സംസ്കാരത്തിന്‍റെ അകവും പുറവും (ഭാഗം-1)

ആര്‍ഷ ഭാരതത്തില്‍ നിലനിന്നിരുന്ന മതം സനാതന മതം ആയിരുന്നെന്നും ആര്‍ഷഭാരത സംസ്കാരം സനാതന സംസ്കാരം ആയിരുന്നെന്നുമാണല്ലോ ജാതിഹിന്ദുക്കളും അവര്‍ക്ക് ജയ് വിളിക്കുന്ന അവര്‍ണ്ണ സംഘികളും പാടിക്കൊണ്ട് നടക്കുന്നത്. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടു, ആ അവകാശവാദത്തിന്‍റെ പൊള്ളത്തരങ്ങള്‍ പരിശോധനാ വിധേയമാക്കുന്ന ഒരു പരമ്പര ആരംഭിക്കുകയാണ്. അതിന്‍റെ പൊള്ളത്തരങ്ങളെ കുറിച്ച് വിചിന്തനം ചെയ്യുന്നതിന് മുന്‍പ്, ‘സനാതനം’ എന്ന വാക്കിന്‍റെ അര്‍ഥം എന്താണെന്ന് നാം ശരിയായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം, സനാതനം എന്ന് പറഞ്ഞു വന്നാല്‍ ചരിത്ര ബോധമുള്ളവര്‍ എടുത്ത് പഞ്ഞിക്കിടും എന്ന് മനസ്സിലായത്‌ കൊണ്ട് ചില സംഘ മിത്രങ്ങള്‍ ആ വാക്കിന് പുതിയ അര്‍ഥം കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത്തരമൊരാളുടെ കമന്‍റ് ഞാന്‍ താഴെ കോപ്പി ചെയ്യാം:

 

“Rajesh Pantalloor #അനിൽ_കുമാർ_വി_അയ്യപ്പൻ – സനാതനം എന്ന വാക്കിന് ഇവിടെ പണ്ട് നിലനിന്നത് എന്ന അർത്ഥമേ ഉള്ളൂ. അതിനാൽ തന്നെ ചരിത്രം അഥവാ പൈതൃകം തള്ളിക്കളയാനാകില്ല. അതിനി നല്ലതായാലും ചീത്തയായാലും.”

 

സനാതനം എന്ന വാക്കിന് പണ്ട് ഇവിടെ ഉണ്ടായിരുന്നത് എന്ന് മാത്രമേ അര്‍ത്ഥമുള്ളു എന്നാണ് ഈ ദേഹം പറയുന്നത്. എന്നാല്‍ നാം നിഘണ്ടുവില്‍ നോക്കിയാല്‍ കാണുന്ന അര്‍ത്ഥം, നിത്യമായത്, ശാശ്വതമായത്‌, എന്നെന്നും നിലനില്‍ക്കുന്നത് എന്നൊക്കെയാണ്. സനാതനം എന്ന വാക്കിന്‍റെ അര്‍ത്ഥത്തിനെ കുറിച്ച് ഡോ.അംബേദ്കര്‍ എഴുതിയിരിക്കുന്നത് താഴെ കൊടുക്കാം:

 

‘‘സനാതനം’ എന്ന പദത്തിന്‍റെ ഏറ്റവും മികച്ച വിശദീകരണം കാണുന്നത്, മനുസ്മൃതി ഒന്നാം അദ്ധ്യായം 22-23 ശ്ലോകങ്ങള്‍ക്ക് കല്ലുകഭട്ടന്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനത്തിലാണ്. സനാതനം എന്ന പദത്തെ കല്ലുകഭട്ടന്‍ നിര്‍വ്വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

 

“സനാതനം’ എന്ന വാക്ക് അര്‍ത്ഥമാക്കുന്നത്, ‘എന്നന്നേക്കും പൂര്‍വസ്ഥിതം’ എന്നാണെന്ന് അദ്ദേഹം പറയുന്നു. വേദങ്ങളുടെ അമാനുഷിക ആവിര്‍ഭാവം എന്ന സിദ്ധാന്തത്തെ മനു നിലനിര്‍ത്തിയിട്ടുണ്ട്. മുമ്പത്തെ ലൗകിക കാലയളവില്‍ (കല്‍പ്പത്തില്‍) നിലവിലുണ്ടായിരുന്ന അതേ വേദങ്ങള്‍, സര്‍വ്വശക്തനായ, പരമചൈതന്യത്തിലൊന്നായ, ബ്രഹ്മാവിന്‍റെ ഓര്‍മ്മയ്ക്കായി സംരക്ഷിക്കപ്പെട്ടിരുന്നു. അതേ വേദങ്ങളെത്തന്നെയാണ് അദ്ദേഹം, അഗ്നിയില്‍ നിന്നും വായുവില്‍ നിന്നും സൂര്യനില്‍ നിന്നും നിഷ്പാദിപ്പിച്ചത്. വേദാധിഷ്ടിതമായ ഈ തത്വസംഹിത ചോദ്യം ചെയ്യപ്പെടാവുന്നതല്ല; കാരണം, വേദങ്ങള്‍ പറയുന്നു, ‘ഋഗ്വേദം അഗ്നിയില്‍ നിന്നും ഉണ്ടായി; യജുര്‍വേദം വായുവില്‍ നിന്നും സാമവേദം സൂര്യനില്‍ നിന്നും.’ ” (ഡോ.അംബേദ്‌കര്‍- സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 8, പുറം 13).

 

“ഇവിടെ പണ്ട് നിലനിന്നത്” എന്നല്ല, എന്നന്നേക്കും പൂര്‍വ്വ സ്ഥിതമായിരിക്കുന്നത്, നിത്യമായി നിലനില്ക്കുന്നത് അഥവാ മാറ്റമില്ലാത്തത് എന്നൊക്കെയാണ് സനാതനം എന്ന വാക്കിന്‍റെ അര്‍ത്ഥം. എന്തുകൊണ്ടാണ് സംഘമിത്രങ്ങള്‍ ഈ അര്‍ത്ഥങ്ങളൊന്നും എടുക്കാതെ പുതിയ അര്‍ത്ഥവുമായി വന്നിരിക്കുന്നത് എന്നറിയണ്ടേ? മാറ്റമൊന്നും വരാതെ എന്നെന്നും നിലനില്‍ക്കുന്നതിനെയാണ് സനാതനം എന്ന് പറയുന്നതെന്നുള്ള കാര്യം സമ്മതിച്ചാല്‍ ഹിന്ദു മതം സനാതനമല്ല എന്നവന്‍ സമ്മതിക്കേണ്ടി വരും. കാരണം, ഹിന്ദു മതത്തിനകത്ത് ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നൂറു കൊല്ലം മുന്‍പുണ്ടായിരുന്ന ഹിന്ദുമതമല്ല ഇന്നുള്ളത്. നൂറു കൊല്ലം മുന്‍പുള്ള ഹിന്ദു സംസ്കാരവുമല്ല ഇന്നുള്ളത്. ക്രൈസ്തവ മിഷണറിമാരുടെയും അവരുടെ പ്രചോദനത്താല്‍ ഉളവായ സാമൂഹിക പരിഷ്കര്‍ത്താക്കളുടെയും ബ്രിട്ടീഷ് സര്‍ക്കാരിന്‍റെയും സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഭരണഘടനയുടെയും ഒക്കെ സഹായത്താല്‍ ആ സംസ്കാരത്തിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്, ഇപ്പോഴും മാറ്റം വന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇങ്ങനെ എപ്പോ വേണമെങ്കിലും മാറിക്കൊണ്ടിരിക്കുന്ന യാതൊരു സ്ഥിരതയുമില്ലാത്ത ഒന്നിനെ സനാതനം എന്നൊക്കെ പറഞ്ഞ് തള്ളാന്‍ വന്നാല്‍ ചരിത്ര ബോധമുള്ളവര്‍ കണ്ടം വഴി ഓടിക്കും എന്ന് മനസ്സിലായത്‌ കൊണ്ടാണ് സംഘമിത്രങ്ങള്‍ ഇപ്പൊ സനാതനം എന്ന വാക്കിന് പുതിയ അര്‍ത്ഥവും കൊണ്ട് വരുന്നത്.  ഏതായാലും നമുക്ക് സനാതന സംസ്കാരത്തിലെ ചില മനോഹരമായ ആചാരങ്ങളെ കുറിച്ച് പഠിക്കാം. ഈ ഒന്നാം ഭാഗത്തില്‍ മഹാരാഷ്ട്രയില്‍ ഉള്ള 26 ബ്രാഹ്മണ വിഭാഗങ്ങളില്‍ ഒന്നായ ‘കര്‍ഹാഡര്‍’ എന്ന ബ്രാഹ്മണര്‍ അനുവര്‍ത്തിച്ചു വന്നിരുന്ന ഒരു ആര്‍ഷഭാരത ആചാരം പങ്കുവേച്ചുകൊണ്ടുതന്നെ തുടങ്ങാം എന്ന് വിചാരിക്കുന്നു. ആധുനിക ബോംബെയുടെ ഏഴ് സ്ഥാപിത പിതാക്കന്മാരില്‍ ഒരാളായി 2000-ല്‍ മഹാരാഷ്ട്ര ഗവണ്മെണ്ടിന്‍റെ Department of Archives തിരഞ്ഞെടുത്ത പ്രൊഫ.ജോണ്‍ വിത്സണ്‍ രചിച്ച “ഇന്ത്യന്‍ ജാതിവ്യവസ്ഥ” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരമാണ് ഞാന്‍ താഴെ കൊടുക്കുന്നത്:

 

“കര്‍ഹാഡര്‍’ അഥവാ ‘കര്‍ഹാഡകര്‍’ക്ക് ആ പേര് സിദ്ധിച്ചത്‌ ‘കര്‍ഹാഡ്’ എന്ന പട്ടണത്തില്‍ നിന്നുമാണ്. സത്താറയ്ക്ക് പതിനഞ്ച് നാഴിക തെക്ക് കൃഷ്ണാ നദിയും കൊയ്നാ നദിയും സംഗമിക്കുന്നയിടത്താണ് കര്‍ഹാഡ് പട്ടണം. ഇവരോട് കടുത്ത ശത്രുത പ്രകടിപ്പിക്കുന്ന സഹ്യാദ്രികാണ്ഡം ‘ഒട്ടകത്തിന്‍റെ എല്ലുകളില്‍ നിന്നും കര്‍ഹാഡരെ സൃഷ്ടിച്ചു’ എന്ന് അവകാശപ്പെടുന്നു. പത്ത് ഗോത്രങ്ങള്‍ അവര്‍ക്കുണ്ട്. ഭാരദ്വാജ, കൗശിക, വത്സ, കൌണ്ഡിത്യ, കാശ്യപ, വാസിഷ്ഠ, ജാമദഗ്നി, വിശ്വാമിത്ര, ഗൗതമ, അത്രി എന്നിവയാണവ.

 

തെക്ക് കൊയ്നാ നദീ സംഗമം മുതല്‍ വടക്ക് വേദവതി വരെയാണ് അവരുടെ വാസക്ഷേത്രം. എന്നാലിപ്പോള്‍, മറ്റു മഹാരാഷ്ട്ര ബ്രാഹ്മണരെപ്പോലെ അവര്‍ ഇന്ത്യയിലുടനീളം ചിതറിക്കിടക്കുന്നു. അവരില്‍ ഗണ്യമായൊരു വിഭാഗം ഇപ്പോള്‍ കൊങ്കണിലെ രത്നഗിരിയില്‍ അധിവാസമുറപ്പിച്ചിരിക്കുന്നു.

 

ബ്രഹ്മാണ്ഡ പുരാണത്തില്‍ കര്‍ഹാഡരെ വളരെ മോശമായി ചിത്രീകരിച്ചിട്ടുള്ള കാര്യം ഈ ഗ്രന്ഥത്തിന്‍റെ ആദ്യ ഭാഗത്ത് ഞാന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ക്രൂരമായ നരബലി നടത്തുന്നവരായും ബ്രഹ്മഹത്യാ പാപികളുമായിട്ടാണ് ഇവര്‍ സഹ്യാദ്രി കാണ്ഡത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ആ ആരോപണം ശരിയാണെന്ന് കരുതാന്‍ പോന്ന കാര്യങ്ങള്‍ വര്‍ത്തമാന കാലത്ത് പോലുമുണ്ട്.

 

1799-ല്‍ ഒരു ബ്രാഹ്മണ സുഹൃത്ത് സര്‍.ജോണ്‍ മല്‍ക്കാമിന് നല്‍കിയ വിവരണം ഇപ്രകാരമായിരുന്നു. “കുലദേവത(ശക്തി)യ്ക്ക് ആണ്ടുതോറും ഒരു യുവബ്രാഹ്മണനെ കുരുതി കഴിക്കുക എന്ന ഭയാനകമായ ഒരാചാരം കര്‍ഹാഡികള്‍ എന്ന് വിളിക്കുന്ന ബ്രാഹ്മണ ഗോത്രത്തിന് പണ്ടുമുതല്‍ക്കെയുണ്ടായിരുന്നു. ചുവന്ന പൂക്കളാലാവൃതമായ രൂക്ഷമായ മൂന്ന് കണ്ണുകളുള്ള ശക്തി മനുഷ്യ രക്തത്താല്‍ പ്രസാദിക്കുമെന്നാണ് വിശ്വാസം. ഒരു കൈയില്‍ വാളും മറ്റേ കൈയില്‍ യുദ്ധമഴുവും ധരിച്ചവളാണ് ദേവി. ദസറ ആഘോഷത്തിന്‍റെ ആദ്യത്തെ ഒമ്പത് ദിവസങ്ങളിലും ഭക്തര്‍ ദേവിയോട് പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കും. പത്താമത്തെ ദിവസം സന്ധ്യയ്ക്ക് വിശേഷമായൊരു സദ്യയൊരുക്കും. അതിലേക്കു എല്ലാ കുടുംബാംഗങ്ങളെയും ക്ഷണിക്കും. കുരുതി കഴിക്കാന്‍ തീരുമാനിക്കപ്പെട്ട യുവാവും കാര്യമറിയാതെ അക്കൂട്ടത്തിലുണ്ടായിരിക്കും. ഗൃഹനാഥന്‍ മാസങ്ങളോളമോ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെയോ പ്രത്യേകമായ സംരക്ഷണം നല്‍കി പരിപാലിച്ചു വരുന്ന ഒരു അന്യനായിരിക്കും അത്. ലാളിച്ചും സ്നേഹിച്ചും, സ്വന്തം മകളെ കല്യാണം കഴിപ്പിച്ചു കൊടുക്കാമെന്ന വാഗ്ദത്തം നല്‍കി പോലും, വളര്‍ത്തിക്കൊണ്ടുവരുന്ന ആ യുവാവ് സദ്യക്കിരിക്കുമ്പോള്‍ ഭക്ഷണത്തില്‍ ബോധം കെടുത്താനുള്ള ലഹരി മരുന്ന് രഹസ്യമായി ചേര്‍ക്കുന്നു. ആ വിഷ ലഹരി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ മറ്റാരെയും കൂട്ടാതെ ഗൃഹനാഥന്‍ അയാളെ ക്ഷേത്രത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ വിഗ്രഹത്തെ മൂന്ന് വട്ടം പ്രദക്ഷിണം വച്ചശേഷം ദണ്ഡനമസ്കാരം ചെയ്യിക്കുന്നു. ആ അവസരത്തില്‍ യുവാവിന്‍റെ കഴുത്ത് ഛേദിച്ച് ഒരു പാത്രത്തില്‍ അയാളുടെ ചോര ശേഖരിക്കുന്നു. പിന്നീട് ആ പാത്രം രക്തദാഹിയായ ദേവിയുടെ ചുണ്ടോടടുപ്പിക്കുന്നു. എന്നിട്ടത് ദേവിയുടെ വിഗ്രഹത്തില്‍ തളിക്കുന്നു. വിഗ്രഹത്തിന് ചുവട്ടിലെ അറയ്ക്കുള്ളില്‍ ജഡം തള്ളിയിട്ട ശേഷം അറ അടയ്ക്കുന്നു. ഈ പാതകം നിര്‍വ്വഹിച്ചു കഴിഞ്ഞ് വീട്ടിലെത്തുന്ന കര്‍ഹാഡി ബ്രാഹ്മണന്‍ കുടിച്ച് മദിച്ചുല്ലസിച്ച് രാത്രി കഴിച്ചു കൂട്ടുന്നു. രക്തദാഹിയായ തന്‍റെ ആരാധനാമൂര്‍ത്തിയെ അടുത്ത പന്ത്രണ്ട് വര്‍ഷക്കാലത്തേക്ക് പ്രസാദിപ്പിച്ചതിന്‍റെ സന്തോഷത്തിലാണയാള്‍. അടുത്ത പ്രഭാതത്തില്‍ രഹസ്യ അറയില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് വിഗ്രഹം വീണ്ടുമുറപ്പിക്കുന്നു: ഇനിയും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരമൊരു കുരുതി സ്വയം നടത്തുന്നതിനായി.”

 

കിരാതമായ ഈ ആചാരത്തിന് കനത്ത തിരിച്ചടിയുണ്ടായ ഒരു സംഭവത്തെക്കുറിച്ചും രേഖപ്പെടുത്തുകയുണ്ടായി. പൂനയില്‍ ഒരു ദിവസം ഉച്ച കഴിഞ്ഞ സമയത്ത് കടുത്ത ചൂടും യാത്രാ ക്ഷീണവും മൂലം അവശനായ ഒരു ചെറുപ്പക്കാരന്‍ പാതയോരത്തെ ഒരു ബ്രാഹ്മണ ഗൃഹത്തിന്‍റെ വരാന്തയില്‍ കിടന്ന് മയങ്ങിപ്പോയി. കര്‍ണ്ണാടക ബ്രാഹ്മണനായിരുന്നു, ആ യുവാവ്. അയാള്‍ വിശ്രമിച്ച ഗൃഹം ഒരു കര്‍ഹാഡി ബ്രാഹ്മണന്‍റേതുമായിരുന്നു. യുവാവ് അന്യദേശക്കാരനാണെന്ന് ഗൃഹത്തിന്‍റെ ഉടമയായ കര്‍ഹാഡി ബ്രാഹ്മണന്‍ മനസ്സിലാക്കി. അയാള്‍ യുവാവിനെ സ്നേഹപൂര്‍വ്വം വീട്ടിലേക്കു ക്ഷണിച്ച്, ക്ഷീണം മാറിയതിന് ശേഷം മാത്രം യാത്ര ചെയ്യാനഭ്യര്‍ഥിച്ചു. യുവാവ് സസന്തോഷം ആ അഭ്യര്‍ത്ഥന സ്വീകരിക്കുകയും ചെയ്തു. ഗൃഹനാഥന്‍റെ സല്‍ക്കാരത്തിലും സ്നേഹപ്രകടനങ്ങളിലും മതിമറന്നു പോയ യുവാവ് അവിടം വിട്ടു പോവുന്ന കാര്യം തന്നെ വിസ്മരിച്ചു. ഗൃഹനാഥന്‍റെ മകളില്‍ ഭ്രമിച്ചു പോയ യുവാവ് അടുത്ത ഒരു മാസത്തിനകം തന്നെ അവളെ ഭാര്യയാക്കി. തുടര്‍ന്നവര്‍ ആനന്ദത്തോടെ ജീവിക്കുകയും ചെയ്തു.

 

ദസറയുടെ കാലമായി. അപ്പോഴാണ്‌ ഗൃഹനാഥനായ കര്‍ഹാഡി ബ്രാഹ്മണന്‍റെ മനസ്സിലിരിപ്പിന് വ്യക്തത വന്നത്. പുത്രീഭര്‍ത്താവിനെ കുരുതി കഴിക്കാനുള്ള ഉദ്ദേശത്തോടെ പത്താമത്തെ ദിവസം അയാള്‍ സദ്യയൊരുക്കി. ചതി മനസ്സിലാക്കിയ മകള്‍ താന്‍ ജീവന് തുല്യം സ്നേഹിക്കുന്ന ഭര്‍ത്താവിനെ രക്ഷിക്കുന്നതിനായി വിഷം കലര്‍ത്തി വെച്ചിരുന്ന പാത്രം സ്വസഹോദരന്‍റേതുമായി വച്ചു മാറ്റി. നിമിഷങ്ങള്‍ക്കകം സഹോദരന്‍ ബോധരഹിതനായി. അവിചാരിതമായിട്ടുണ്ടായ ആ പിഴവില്‍ നടുങ്ങിപ്പോയ ഗൃഹസ്ഥന്‍, സ്വന്തം മകന്‍ രക്ഷപ്പെടില്ലെന്ന് ഉറപ്പായതോടെ, അവനെ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി, സ്വകരങ്ങളാല്‍ത്തന്നെ ദേവിക്ക് കുരുതി കഴിച്ചു.

 

നടുക്കുന്ന ഈ ക്രൂരകൃത്യത്തിന് പിന്നിലെ രഹസ്യങ്ങള്‍ ഭാര്യയില്‍ നിന്നും മനസ്സിലാക്കിയ കര്‍ണ്ണാടക ബ്രാഹ്മണയുവാവ് തന്‍റെ ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കി അവിടെ നിന്നും രക്ഷപ്പെട്ടു. ഈ ക്രൂരകൃത്യം ചെയ്ത ഗൃഹസ്ഥനായ ബ്രാഹ്മണന് ന്യായമായ ശിക്ഷ ഉറപ്പാക്കണമെന്ന ഉദ്ദേശത്തോടെ അയാള്‍ പേഷ്വാ ബാലാജി ബാജിറാവുവിന്‍റെ കാല്‍ക്കല്‍ വീണ് സംഭവങ്ങളെല്ലാം വിവരിച്ചു. പുത്രഹത്യ നടത്തിയ ബ്രാഹ്മണനുള്‍പ്പെടെ പൂനയിലെ സകല കര്‍ഹാഡി ബ്രാഹ്മണരെയും പിടികൂടാന്‍ പേഷ്വാ ഉത്തരവിട്ടു. പുത്രഹത്യ നടത്തിയവരെയും സമാനമായ കൊലപാതകങ്ങള്‍ നടത്തിയവരെയും വധശിക്ഷയ്ക്ക് വിധേയരാക്കി. മറ്റെല്ലാ കര്‍ഹാഡി ബ്രാഹ്മണരെയും തന്‍റെ ഭരണപ്രദേശത്തില്‍ നിന്ന് പുറത്താക്കി. മേലില്‍ ഈ ജാതിക്കാരുമായി യാതൊരു ബന്ധവും പാടില്ലെന്ന് നഗരവാസികളോട് കല്പിക്കുകയും ചെയ്തു.’ (Bombay Literary Society, Vol. III, pp.86,87)

 

ഈ വിവരണത്തിലെ കര്‍ഹാഡി ബ്രാഹ്മണന്‍റെ നരഹത്യാശ്രമം യഥാര്‍ത്ഥമാകാനാണ് സാധ്യത. കര്‍ണ്ണാടക ബ്രാഹ്മണരാരും തന്നെ കര്‍ഹാഡികളുടെ ഗൃഹങ്ങളില്‍ ഒറ്റ ദിവസം പോലും പാര്‍ക്കാറില്ല എന്നത് അതിന് തെളിവുമായിരിക്കാം. എന്നാല്‍ ഈ വിവരണത്തിലെ കല്യാണക്കഥ വിശ്വാസ യോഗ്യമല്ല. ബ്രാഹ്മണരിലെ വ്യത്യസ്ത വിഭാഗങ്ങള്‍ പരസ്പരം വിവാഹബന്ധങ്ങളിലേര്‍പ്പെടാറില്ല എന്നത് മാത്രമല്ല അതിന് കാരണം, ഇവരുടെ പെണ്‍കുട്ടികള്‍ ശൈശവത്തില്‍ തന്നെ വിവാഹിതരാവുന്നു എന്നതും അതിന് കാരണമാണ്.

 

1808-ല്‍ അലക്സാണ്ടര്‍ വാക്കര്‍ ബോംബെ ഗവണ്മെന്‍റിനയച്ച കത്തിലും നരബലിയെക്കുറിച്ച് സമാനമായ ആരോപണങ്ങളുന്നയിച്ചിട്ടുണ്ട്. ഈ കത്തിനെപ്പറ്റി അഭിപ്രായം പ്രകടിപ്പിച്ച മേജര്‍ മൂര്‍ ഇത്തരത്തിലുള്ള മൂന്ന് നരബലികളെപ്പറ്റി പറയുന്നു. പൂനയിലെ ഒരു വ്യാപാരസ്ഥാപനത്തിലെ എജന്‍റായിരുന്ന വിഷ്ണു പാന്ത് എന്ന കര്‍ഹാഡ ബ്രാഹ്മണനാണ് ഇവ മൂറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ( മൂര്‍, Hindu Infanticide, pp.196-198)

 

പേഷ്വായുടെ അധികാരത്തിലുള്ള ഭൂപ്രദേശം ബ്രിട്ടീഷ് ഇന്ത്യയില്‍ ചേര്‍ക്കപ്പെട്ട 1818-ന് ശേഷം അവിടെ നിന്നും ഈ ഭീകരമായ ആചാരത്തെക്കുറിച്ചുള്ള ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് വളരെ ശ്രദ്ധേയമാണ്.” (ഡോ.ജോണ്‍ വിത്സണ്‍, ‘ഇന്ത്യന്‍ ജാതിവ്യവസ്ഥ’, പേജ്.385-387)

 

‘മഹത്തായ ആര്‍ഷഭാരത സംസ്കാരം’ എന്ന് പറഞ്ഞുകൊണ്ട് ജാതിഹിന്ദുക്കളും അവര്‍ണ്ണ സംഘികളും പാടി നടക്കുന്ന സനാതന മതത്തിലെ ഉയര്‍ന്ന ജാതികളായ ഒരു വിഭാഗക്കാര്‍ ആചരിച്ചു വന്നിരുന്ന കലാരൂപത്തെക്കുറിച്ചാണ് മുകളില്‍ നാം വായിച്ചത്. ഇവര്‍ പറയുന്നത് പോലെ ഇതൊക്കെ സനാതനമായിരുന്നെങ്കില്‍ ഇന്നും ഇവരിതൊക്കെ ആചരിക്കണമായിരുന്നു. കാരണം, സനാതനം എന്ന വാക്കിന്‍റെ അര്‍ഥം എന്നെന്നും ഉണ്ടായിരിക്കുന്നത് എന്നാണ്. ഒരു കാലത്ത് ഹിന്ദുമതത്തില്‍ ഉണ്ടായിരുന്നതാണെങ്കിലും പിന്നീട് നീക്കം ചെയ്യേണ്ടി വന്ന ആചാരമാണ് ഇത് എന്നുള്ളതിനാല്‍, ഹിന്ദു മതമാകട്ടെ, ഹിന്ദു സംസ്കാരമാകട്ടെ, അത് സനാതനമല്ല, അതിനുള്ളിലുള്ളവര്‍ക്കും വന്നു കയറിയവര്‍ക്കും അന്യനാട്ടിലിരിക്കുന്നവര്‍ക്കും എപ്പോള്‍ വേണമെങ്കിലും മാറ്റാന്‍ കഴിയുന്ന ദുര്‍ബ്ബലമായ സംസ്കാരമാണ് ഇതെന്ന് തെളിയുന്നു.

 

സ്വന്തം ദേവിയെ പ്രസാദിപ്പിക്കാന്‍ വേണ്ടി വീട്ടിലെത്തുന്ന അതിഥിയെ അരിഞ്ഞു തള്ളാന്‍ യാതൊരു മടിയുമില്ലാതിരുന്ന ഈ സംസ്കാരത്തിന്‍റെ വക്താക്കളാണ് ഇന്ന് “ഞങ്ങളുടെ പൂര്‍വ്വികര്‍ അതിഥി ദേവോ ഭവഃ എന്ന മന്ത്രം ചൊല്ലിക്കൊണ്ട് നടന്നവരായിരുന്നു” എന്ന് പഞ്ച് ഡയലോഗ് വിട്ടുകൊണ്ട് നടക്കുന്നത് എന്നുള്ളതാണ് ഇതിലെ മുറ്റുകോമഡി!!!

 

Hindu Infanticide : an account of the measures adopted for supressing the practice of the systematic murder by their parents of female infants  (by Edward Moor 1811) എന്ന ഗ്രന്ഥം ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് ഓപ്പണ്‍ ചെയ്യുക:

https://ia801604.us.archive.org/0/items/in.ernet.dli.2015.150977/2015.150977.Hindu–Infanticide.pdf