പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?

എറണാകുളത്തുള്ള യുക്തിവാദ പഠനകേന്ദ്രം എന്ന സംഘടനയുടെ ബാനറില്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് എന്ന ക്രൈസ്തവ ന്യായവാദ സംഘടനയുമായി നടത്താനിരുന്ന സംവാദത്തില്‍ നിന്നും പ്രൊഫ. സി. രവിചന്ദ്രനും കൂട്ടരും ഒഴിഞ്ഞു മാറിയതിന്‍റെ കാരണമെന്ത് എന്നുള്ളതിന്‍റെ വിശദീകരണക്കുറിപ്പ്‌:

 

ശ്രീ. സി. രവിചന്ദ്രന്‍ കേരളത്തിലങ്ങോളമിങ്ങോളം പലരുമായും സംവാദം നടത്തിയിട്ടുള്ള വ്യക്തിയാണ്. ആ സംവാദങ്ങള്‍ എല്ലാം തന്നെ സൂക്ഷമമായ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍, ഇതുവരെ അദ്ദേഹം നടത്തിയ സംവാദത്തിന്‍റെ വിഷയങ്ങള്‍ മിക്കവാറും എല്ലാം തന്നെ ഏകപക്ഷീയമായിരുന്നു എന്ന് കാണാം. താന്‍ മുറുകെപ്പിടിക്കുന്ന അടിസ്ഥാന നിലപാടുകളെ യാതൊരു തരത്തിലും പ്രതിരോധിക്കേണ്ടതില്ലാത്തതും എന്നാല്‍ എതിരാളിയെ ആരംഭം മുതല്‍ അവസാനം വരെ ആക്രമിച്ചു കൊണ്ടിരിക്കാന്‍ കഴിയുന്നതുമായ വിധത്തിലുള്ള തികച്ചും ഏകപക്ഷീയമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയ സംവാദങ്ങള്‍ക്ക് മാത്രമേ രവിചന്ദ്രന്‍ തയ്യാറാകൂ. ഉദാഹരണത്തിനായി അവയില്‍ ചിലത് താഴെ ഇടാം:

 

  1. പ്രൊഫ.സി.രവിചന്ദ്രനും, സ്വാമി ചിന്താനന്ദപുരിയും: വിഷയം- “ശങ്കര വേദാന്തം ശാസ്ത്രീയമോ?” (ഏകപക്ഷീയ വിഷയത്തിലുള്ള സംവാദം– ഇവിടെ രവിചന്ദ്രന് ഒന്നും തന്നെ പ്രതിരോധിക്കേണ്ടതില്ല. മറിച്ച്, സംവാദത്തിന്‍റെ ആരംഭം മുതല്‍ അവസാനം വരെ എതിരാളിയെ ആക്രമിച്ചു കൊണ്ടേയിരിക്കാം)

 

  1. പ്രൊഫ.സി.രവിചന്ദ്രനും, ശ്രീ.രഞ്ജിത്ത് കുമാറും: വിഷയം-“വേദാന്തം ശാസ്ത്രീയമോ?” (വിഷയം ഏകപക്ഷീയം–ഇവിടെയും രവിചന്ദ്രന് ഒന്നും തന്നെ പ്രതിരോധിക്കേണ്ടതില്ല. മറിച്ച്, സംവാദത്തിന്‍റെ ആരംഭം മുതല്‍ അവസാനം വരെ എതിരാളിയെ ആക്രമിച്ചു കൊണ്ടേയിരിക്കാം)

 

  1. പ്രൊഫ.സി.രവിചന്ദ്രനും, ശ്രീ.രാഹുല്‍ ഈശ്വറും: വിഷയം- “ഒരു ദൈവം ഉണ്ടോ?” (വിഷയം ഏകപക്ഷീയം– ഇവിടെയും രവിചന്ദ്രന് ഒന്നും തന്നെ പ്രതിരോധിക്കേണ്ടതില്ല. ഇത് തത്തുല്യമായ രണ്ടു വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയ സംവാദം ആയിരുന്നുവെങ്കില്‍ “നാസ്തിക്യവാദമോ അതോ ആസ്തിക്യവാദമോ ഏതാണ് യുക്തിപരവും ശാസ്ത്രീയവും?” എന്നായിരിക്കണ്ടതല്ലേ സംവാദ വിഷയം? അങ്ങനെയൊരു ടൈറ്റിലില്‍ സംവാദം നടത്തിയാല്‍ നാസ്തിക്യ വാദത്തിനെതിരെയുള്ള ആക്രമണം പ്രതിരോധിക്കേണ്ട ഉത്തരവാദിത്തവും തന്‍റെ മേല്‍ വരും എന്നറിഞ്ഞത് കൊണ്ട് യാതൊരു തരത്തിലും പ്രതിരോധിക്കേണ്ടതില്ലാത്ത തികച്ചും ഏകപക്ഷീയമായ വിഷയമാണ് രവിചന്ദ്രന്‍ സംവാദത്തിന് തിരഞ്ഞെടുത്തത്.)

 

  1. പ്രൊഫ.സി.രവിചന്ദ്രനും, ശ്രീ രാഹുല്‍ ഈശ്വറും: വിഷയം- “ഇന്ത്യയില്‍ ബീഫ് നിരോധനം ആവശ്യമോ?” (പതിവുപോലെ സംവാദവിഷയം ഏകപക്ഷീയം- ശ്രീ രവിചന്ദ്രന് ഇവിടെയും യാതൊന്നും പ്രധിരോധിക്കേണ്ടതില്ല. മറിച്ച്, സംവാദത്തിന്‍റെ ആരംഭം മുതല്‍ അവസാനം വരെ എതിരാളിയെ ആക്രമിച്ചു കൊണ്ടേയിരിക്കാം)

 

  1. പ്രൊഫ.സി.രവിചന്ദ്രനും, ശ്രീ.നവാസ് ജാനയും: വിഷയം- “നാസ്തിക-ഇസ്ലാമിക ദൈവ സങ്കല്പം.” (വിഷയം വീണ്ടും ഏകപക്ഷീയം- സംവാദത്തില്‍ രവിചന്ദ്രന്‍ “നാസ്തികതയില്‍ ദൈവസങ്കല്‍പം ഇല്ലെ”ന്നു പറഞ്ഞ് തന്‍റെ വിഷയം അവസാനിപ്പിച്ചു. അദ്ദേഹത്തിനു യാതൊന്നും പ്രതിരോധിക്കേണ്ടതില്ലായിരുന്നു. അല്പമെങ്കിലും മാന്യത അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ ഈ വിഷയമാണ് സംവാദത്തിനു എടുക്കുന്നത് എന്നറിഞ്ഞപ്പോള്‍ തന്നെ “നാസ്തികതയില്‍ ദൈവസങ്കല്‍പം ഇല്ലാത്തത് കൊണ്ട് ഈ വിഷയത്തില്‍ എന്ത് സംവാദം നടത്താനാണ്?” എന്ന് പറഞ്ഞ് ഒന്നുകില്‍ ആദ്യമേ ഒഴിയണമായിരുന്നു. അതല്ലെങ്കില്‍ സംവാദവിഷയം മാറ്റി വേറെ ആക്കണമായിരുന്നു. അല്ലാതെ എതിരാളി വിഷയവും തയ്യാറാക്കി സംവാദത്തിന് വന്നതിനു ശേഷം സ്റ്റേജില്‍ വെച്ചല്ല ഇക്കാര്യം പറയേണ്ടത്.)

 

  1. പ്രൊഫ.സി.രവിചന്ദ്രനും, സ്വാമി ചിന്താനന്ദപുരിയും: വിഷയം- “ഭഗവത്ഗീത ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുന്നുവോ?” (വീണ്ടും സംവാദവിഷയം ഏകപക്ഷീയം– ഇവിടെയും രവിചന്ദ്രന് ഒന്നും തന്നെ പ്രതിരോധിക്കേണ്ടതില്ലായിരുന്നു. മറിച്ച്, സംവാദത്തിന്‍റെ ആരംഭം മുതല്‍ അവസാനം വരെ എതിരാളിയെ ആക്രമിച്ചു കൊണ്ടേയിരിക്കാം!)

 

തന്‍റെ അടിസ്ഥാന നിലപാടുകളെ ഒരിക്കലും പ്രധിരോധിക്കേണ്ട ആവശ്യമില്ലാത്ത വിധം തികച്ചും ഏകപക്ഷീയമായ വിഷയങ്ങളില്‍ മാത്രം സംവാദം നടത്തി ശീലിച്ച രവിചന്ദ്രനും കൂട്ടരും അതേ കുതന്ത്രം തന്നെ സാക്ഷി അപ്പൊളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്കിനെ സമീപിച്ചപ്പോഴും പ്രയോഗിച്ചു. ഞങ്ങള്‍ അതിന്‍റെ പൊള്ളത്തരം തുറന്നു കാണിക്കുകയും ചെയ്തു. സാക്ഷിയും യുക്തിവാദ പഠനകേന്ദ്രവും തമ്മില്‍ നടത്തിയ കത്തിടപാടുകളുടെ ചുരുക്കം താഴെ കൊടുക്കുന്നു:

 

  1. 2017 മാര്‍ച്ച് 22-നു രവിചന്ദ്രന്‍ ഗ്രൂപ്പ്- ക്രൈസ്തവ സൃഷ്ടി വാദം ശാസ്ത്രീയമോ?” എന്ന തികച്ചും ഏകപക്ഷീയമായ ഒരു ചര്‍ച്ചാ വിഷയം സാക്ഷിയുമായി സംവാദത്തിന് നിര്‍ദ്ദേശിക്കുന്നു.

 

  1. 2017 ഏപ്രില്‍ 1-നു സാക്ഷി അപ്പൊളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് – സൃഷ്ടിയും പരിണാമവും ശാസ്ത്രീയ വീക്ഷണത്തില്‍ എന്ന തത്തുല്യമായ രണ്ടു ടോപ്പിക്കുകള്‍ അടങ്ങിയ സംവാദ വിഷയം മുന്നോട്ട് വെച്ചുകൊണ്ട് ഇ-മെയില്‍ അയക്കുന്നു .

 

  1. 2017 ഏപ്രില്‍ 3-നു രവിചന്ദ്രന്‍ ഗ്രൂപ്പ്-മേല്പ്പറഞ്ഞ വിഷയത്തെ നിരാകരിച്ച് സൃഷ്ടിവാദം ശാസ്ത്രീയമോ?” എന്ന മറ്റൊരു ഏകപക്ഷീയ സംവാദ വിഷയം മറുപടിയായി അയച്ചുകൊണ്ട് തങ്ങള്‍ ഏകപക്ഷീയ സംവാദത്തിനേ തയ്യാറുള്ളൂ എന്ന് പരോക്ഷമായി നിര്‍ബന്ധം പിടിക്കുന്നു.

 

  1. 2017 ഏപ്രില്‍ 12-നു രവിചന്ദ്രന്‍ ഗ്രൂപ്പ്- സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ?” എന്ന വിഷയത്തില്‍ സാക്ഷി സംവാദത്തിന് തയ്യാറായി എന്നു പച്ചക്കള്ളം പറഞ്ഞു കൊണ്ട് ഏകപക്ഷീയ വിഷയാധിഷ്ഠിത സംവാദം നടത്താനുള്ള തന്ത്രം നിര്‍ലജ്ജം വീണ്ടും പ്രയോഗിക്കുന്നു.

 

  1. 2017 ഏപ്രില്‍ 13-നു സാക്ഷി അപ്പൊളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് ഏപ്രില്‍ 3-നു ലഭിച്ച രവിചന്ദ്രന്‍ ഗ്രൂപ്പിന്‍റെ ഇ-മെയിലിനു സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ, ഏതാണ് ശാസ്ത്രീയം?” എന്ന വിഷയം നിര്‍ദ്ദേശിക്കുന്നു. ഇനി അതല്ല, ഏകപക്ഷീയ വിഷയത്തില്‍ മാത്രമേ സംവാദം നടത്തൂ എന്ന് രവിചന്ദ്രനും കൂട്ടര്‍ക്കും നിര്‍ബന്ധമാണെങ്കില്‍, “പരിണാമ സിദ്ധാന്തത്തിന്‍റെ ശാസ്ത്ര വിരുദ്ധത”’ എന്ന വിഷയത്തില്‍ സാക്ഷി സംവാദത്തിന് തയ്യാറാണ് എന്നും അറിയിക്കുന്നു.

 

  1. 2017 ഏപ്രില്‍ 17-നു സാക്ഷി അപ്പൊളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക്- “സൃഷ്ടിവാദം പരിണാമ സിദ്ധാന്തത്തിന് ബദലോ?” എന്ന ഏകപക്ഷീയ വിഷയത്തില്‍ സാക്ഷി സംവാദത്തിന് തയ്യാറായി എന്നു പറഞ്ഞ് ഏപ്രില്‍ 12-നു രവിചന്ദ്രന്‍ ഗ്രൂപ്പില്‍ നിന്നും വന്ന പച്ചക്കള്ളത്തെ സാക്ഷി തുറന്നു കാട്ടുകയും, സൃഷ്ടിവാദമോ പരിണാമസിദ്ധാന്തമോ ഏതാണ് യുക്തിസഹമായിട്ടുള്ളത്?” എന്ന വിഷയത്തിലോ, അതല്ല ശ്രീ. രവിചന്ദ്രന്‍ ഗ്രൂപ്പിന് നിര്‍ബന്ധമാണെങ്കില്‍, പരിണാമ വാദത്തിന് കൂടുതല്‍ പൊതുജന ശ്രദ്ധ ലഭിക്കുന്ന വിധം പരിണാമ സിദ്ധാന്തം സൃഷ്ടിവാദത്തിനു ബദലോ?” എന്ന വിഷയത്തിലോ സംവാദം ആകാമെന്നും അറിയിച്ച് ഇ–മെയില്‍ അയച്ചു

 

  1. 2017 ഏപ്രില്‍ 20-നു രവിചന്ദ്രന്‍ ഗ്രൂപ്പ്- സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം?” എന്ന വിഷയത്തില്‍ സാക്ഷിയുമായി സംവാദത്തിന് തയ്യാറാണ് എന്നറിയിച്ചു (ഒരുപക്ഷെ സാക്ഷി സംവാദത്തില്‍ നിന്ന് പിന്മാറും എന്ന അബദ്ധ ധാരണ അവര്‍ക്കുണ്ടായിരുന്നു എന്നു തോന്നുന്നു).

 

  1. 2017 ഏപ്രില്‍ 22-ന് സാക്ഷി അപ്പൊളജെറ്റിക്സ്‌ നെറ്റ്‌വര്‍ക്ക് – സൃഷ്ടിവാദമോ പരിണാമ സിദ്ധാന്തമോ ഏതാണ് ശാസ്ത്രീയം?” എന്ന വിഷയത്തില്‍ എഗ്രിമെന്‍റിന് തയ്യാര്‍ ആണ് എന്ന കാര്യം വീണ്ടും ഉറപ്പ് കൊടുക്കുന്നു.

 

  1. 2017 ഏപ്രില്‍ 22-ന് രവിചന്ദ്രന്‍ ഗ്രൂപ്പ്- പരിഹാസ്യമായ ചില മുടന്തന്‍ ന്യായങ്ങളുമായി വീണ്ടും വരുന്നു:

 

  1. A) സാക്ഷി സംവാദ ചിലവിന്‍റെ 50% വഹിച്ചോളാം എന്നു പറഞ്ഞിട്ടുണ്ട് [സംവാദത്തില്‍ നിന്നും പിന്മാറാന്‍ മാത്രം അതൊരു കുറ്റമാണോ?]

 

  1. B) സാക്ഷി അയച്ച കത്തില്‍ സംവാദ വിഷയം പരിണാമ സിദ്ധാന്തം എന്നതിന് പകരം പരിണാമ വാദം എന്നാക്കിയിരിക്കുന്നു. (അറ്റാച്ച് ചെയ്ത എഗ്രിമെന്‍റ് ഡ്രാഫ്റ്റില്‍ സംവാദ വിഷയം: പരിണാമ സിദ്ധാന്തം എന്നു തന്നെ എഴുതിയിട്ടുണ്ട് എന്ന വാസ്തവം മറച്ചു വെച്ചുകൊണ്ടാണ് ഈ മുടന്തന്‍ ന്യായം പറഞ്ഞത്.)

 

  1. C) സംവാദത്തില്‍ സാക്ഷിയുടെ സംവാദകന്‍ സൃഷ്ടി വാദത്തെക്കുറിച്ചും യുക്തിവാദ സംവാദകന്‍ ബഹുമാന്യനായ ശ്രീ.സി.രവിചന്ദ്രന്‍ പരിണാമ സിദ്ധാന്തത്തെക്കുറിച്ചും മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ(!!!) എന്നും സാക്ഷി പറഞ്ഞു എന്ന പച്ചകള്ളം ആരോപിച്ചുകൊണ്ട്‌ ശ്രീ.രവിചന്ദ്രനും കൂട്ടരും സംവാദത്തില്‍ നിന്നും ഏകപക്ഷീയമായി പിന്മാറുന്നു.

 

എങ്ങനെയെങ്കിലും സംവാദം നടത്താന്‍ വേണ്ടിയുള്ള ഉദ്ദേശ്യത്തോടെ സാക്ഷി പിന്നീട് അയച്ച രണ്ടു മെയിലുകളോട് രവിചന്ദ്രന്‍ ഗ്രൂപ്പ് പ്രതികരിച്ചില്ല. അതിന്‍റെ എല്ലാ തെളിവുകളും ഇരു കൂട്ടരുടെയും ഇ-മെയിലുകളും സാക്ഷിയുടെ വെബ് സൈറ്റില്‍ നേരിട്ട് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്:

 

www.sakshitimes.net ( http://www.sakshitimes.net/blog/2017/05/16/kerala-richard-dawkins-prof-ravichandran-c-group-backs-debate/ )

 

മറ്റു മതങ്ങളുടെ കാര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും സംവാദത്തിന് തയ്യാറാകുകയും എന്നാല്‍ സ്വന്തം മതത്തിന്‍റെ കാര്യം വരുമ്പോള്‍ സംവാദത്തിന് തയ്യാറാകാത്തതുമായ എം എം അക്ബറിനെപ്പോലെയുള്ള ദാവാ പ്രസംഗകരില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം രവിചന്ദ്രനുണ്ടോ??? തനിക്ക് ഒരിക്കലും മറുപടി പറയേണ്ട ബാധ്യതയില്ലാത്ത വിധം ഏകപക്ഷീയമായ വിഷയങ്ങളില്‍ മാത്രം സംവാദിക്കാനേ രവിചന്ദ്രന്‍ വരൂ. ഇതുവരെയുള്ള അദ്ദേഹത്തിന്‍റെ സംവാദങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അതാണ്‌ വ്യക്തമാകുന്നത്. രവിചന്ദ്രന് എതിരാളികളെ അടിച്ചു മാത്രമേ ശീലമുള്ളൂ, സാക്ഷിയുമായി സംവാദത്തിന്‌ വന്നാല്‍ അടിക്കാന്‍ മാത്രമല്ല, തടുക്കാനും കൂടി നില്‍ക്കണം എന്ന കാര്യം രവിചന്ദ്രന് ബോധ്യമായി. എതിരാളിയെ ആക്രമിക്കുക എന്നതല്ലാതെ ഇതുവരെ എതിരാളിയില്‍ നിന്നും ആക്രമണം ഒന്നും നേരിടേണ്ടി വന്നിട്ടില്ലാത്തതിനാല്‍ എതിരാളിയുടെ ആക്രമണം തടുത്ത് പരിചയമില്ലാത്തത് കൊണ്ട് രവിചന്ദ്രന്‍ സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും ഒഴിവായി. ഇത്രയുമാണ് ഇതുവരെയുള്ള സംഭവവികാസങ്ങള്‍.

 

ഒരു വിഷയത്തെപ്പറ്റി സംവാദം നടത്തുമ്പോള്‍ അതിന്‍റെ രണ്ട് വശങ്ങളും പരിശോധിച്ച് നോക്കണം. ഖുര്‍ആന്‍ തെറ്റാണ് എന്ന് തെളിയിച്ചത് കൊണ്ട് ബൈബിള്‍ ശരിയാകില്ല എന്ന് വിശ്വസിക്കുന്ന ആള്‍ക്കാരാണ് ഞങ്ങള്‍. അതിന് ബൈബിള്‍ ശരിയാണ് എന്ന് തന്നെ ഞങ്ങള്‍ തെളിയിക്കണം. അതുകൊണ്ടാണ് ഞങ്ങള്‍ എപ്പോഴും തത്തുല്യമായ രണ്ട് വിഷയങ്ങള്‍ വെച്ചുകൊണ്ട് മാത്രമേ സംവാദം നടത്തൂ എന്ന് പറയുന്നത്. അതുപോലെത്തന്നെ സൃഷ്ടിവാദം തെറ്റാണ് എന്ന് പരിണാമവാദികള്‍ തെളിയിച്ചത് കൊണ്ട് പരിണാമവാദം ശരിയാകില്ല. അതിനു  പരിണാമ വാദം ശരിയാണെന്ന് പരിണാമവാദികള്‍ തെളിയിക്കേണ്ടിയിരിക്കുന്നു.

 

പരിണാമ വാദിക്ക്‌ കൃത്യമായ ഒരു വിശ്വാസം ഉണ്ട്. യാദൃച്ഛികമായി വെള്ളത്തില്‍ ഒരു ഏകകോശജീവി ഉടലെടുത്തു എന്നും യാദൃശ്ചികമായി ആ ഏകകോശ ജീവി ബഹുകോശ ജീവിയായി മാറി എന്നും യാദൃശ്ചികമായി ആ ബഹുകോശ ജീവി  പല സ്പീഷീസുകള്‍ ആയി മാറിയെന്നും യാദൃശ്ചികമായി ഈ സ്പീഷീസുകളില്‍ ചിലത് വെള്ളത്തില്‍ നിന്നും കരയിലേക്ക് കയറി എന്നും യാദൃശ്ചികമായി ഈ ജീവകള്‍ പരിണമിച്ചു പല പല ജീവി വര്‍ഗ്ഗങ്ങള്‍ ഉണ്ടായി എന്നും വിശ്വസിക്കുന്നവരാണ് പരിണാമവാദികള്‍. ആ വിശ്വാസം സത്യമാണെന്ന് തെളിയിക്കാനും അതോടൊപ്പം സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാനുമാണ് ഞങ്ങള്‍ രവിചന്ദ്രനോട് ആവശ്യപ്പെടുന്നത്. രവിചന്ദ്രന്‍ ഒരിക്കലും പരിണാമ വാദം ശരിയാണ് എന്ന് തെളിയിക്കാന്‍ വരില്ല, പകരം സൃഷ്ടിവാദം തെറ്റാണെന്ന് തെളിയിക്കാന്‍ വരാമെന്ന് പറയും. ഇതിനെ ബൗദ്ധിക സത്യസന്ധതയില്ലായ്മ എന്നാണ് പറയുക.

 

സ്വന്തം ഭാഗം ശരിയാണ് എന്ന് തെളിയിക്കാന്‍ ധൈര്യമില്ലാതെ മറ്റുള്ളവരുടെ ഭാഗം തെറ്റാണെന്ന് തെളിയിക്കാന്‍ മാത്രം നടക്കുന്ന ഒരാള്‍ക്ക്‌ സുബോധമുള്ള മനുഷ്യര്‍ ഒരു വിലയും കൊടുക്കില്ല എന്ന് പരിണാമ വാദികള്‍ ഇനിയെന്നാണ് മനസ്സിലാക്കാന്‍ പോകുന്നത്?

 

രവിചന്ദ്രന്‍ സ്വന്തം നിലപാടുകളെ പ്രതിരോധിക്കാന്‍ പഠിച്ചതിനു ശേഷമെങ്കിലും സാക്ഷിയുമായി ഒരു സംവാദത്തിന്‌ തയ്യാറാകും എന്ന് തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നത്.