ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…

 

ശാസ്തത്തില്‍ എടുത്തുപറയത്തക്ക ഒരു നേട്ടവും കാണിക്കാന്‍ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല, പരിണാമ മതക്കാര്‍ ചെയ്യുന്ന ഒരു സ്ഥിരം ചതിയാണ്, മണ്‍മറഞ്ഞ ദൈവവിശ്വാസികള്‍ ആയിരുന്ന ശാസ്ത്രജ്ഞന്മാരെയെല്ലാം നിരീശ്വരമതക്കാരോ പരിണാമമതക്കാരോ ആക്കി മാറ്റുക എന്നുള്ളത്.  ധാരാളം പേരെ അവരങ്ങനെ നിരീശ്വരമതക്കാരോ പരിണാമമതക്കാരോ ആക്കി ലോകത്തിന്‍റെ മുന്‍പാകെ അവതരിപ്പിക്കുന്നുണ്ട്. ഒരു പാതിരിയും മഠാധിപതിയും ആയിരുന്ന ഫാദര്‍. ഗ്രിഗർ ജൊഹാൻ മെൻഡൽ എന്ന ശാസ്ത്രജ്ഞന്‍ പരിണാമമതക്കാരന്‍ ആയിരുന്നു  എന്നുള്ള നിരീശ്വരമതക്കാരുടെ അവകാശവാദത്തിലെ  പൊള്ളത്തരങ്ങള്‍ വെളിപ്പെടുത്തുകയാണ് ബ്രദര്‍ ജിജോ ജോണ്‍ ഈ ലേഖനത്തിലൂടെ ചെയ്യുന്നത്.

 

ഗ്രിഗർ ജൊഹാൻ മെൻഡൽ എന്ന ഓസ്ട്രിയൻ പുരോഹിതനാണ് ആധുനിക ജനിതകശാസ്ത്രത്തിന്‍റെ പിതാവ് എന്ന പേരിൽ അറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം തന്‍റെ ആശ്രമത്തിലെ തോട്ടത്തിൽ പയറുചെടികളിലും മറ്റുമായി നടത്തിയ പത്ത് വർഷങ്ങളോളം നീണ്ട പരീക്ഷണങ്ങളാണ് മാതാപിതാക്കളിൽ നിന്നും സ്വഭാവങ്ങൾ എങ്ങനെ തലമുറകളിലൂടെ കടന്നുപോവുന്നു എന്നതിനെപ്പറ്റി ആദ്യമായി ശാസ്ത്രീയ വിവരണം നമുക്ക് നൽകുന്നത്. തന്‍റെ പഠനങ്ങളെ അദ്ദേഹം “സസ്യങ്ങളിലെ ജാതിസങ്കരപരീക്ഷണങ്ങൾ” ( Experiments In Plant Hybridization) എന്ന തലക്കെട്ടിൽ ഒരു ലേഖനമാക്കുകയും 1865-ൽ ബ്രന്നിലെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിക്കു (Natural History Society of Brünn) മുൻപിൽ അവതരിപ്പിക്കുകയും ചെയ്തു. പരിണാമസിദ്ധാന്തത്തിന്‍റെ അടിത്തറ തന്നെ ഇളക്കുന്ന ഈ ലേഖനത്തെ സൊസൈറ്റിയിലെ പരിണാമവാദികളായ ശാസ്ത്രജ്ഞർ പുച്ഛം നിറഞ്ഞ ചിരിയോടെയാണ് നേരിട്ടത്. 1866-ൽ ഈ ലേഖനം സൊസൈറ്റിയുടെ നടപടിക്രമങ്ങളുടെ പത്രികയിൽ (Proceedings) പ്രസിദ്ധീകരിച്ചു. ലേഖനത്തിന്‍റെ കോപ്പികൾ യൂറോപ്പിലെ പ്രശസ്തമായ 120-ഓളം ഗവേഷണസ്ഥാപനങ്ങൾക്ക് അയച്ചും കൊടുത്തു. എന്നാൽ പരിണാമത്തിന് എതിരായിരുന്നതുകൊണ്ട് ആരും  ഈ ലേഖനം കണ്ട ഭാവം പോലും നടിച്ചില്ല. ചാൾസ് ഡാർവിനും ഒരു കോപ്പി അയച്ചെങ്കിലും അദ്ദേഹം അത് തുറന്നു പോലും നോക്കിയില്ല. തന്‍റെ സമയവും വരും എന്ന് വേദനിച്ചു പറഞ്ഞ ആധുനിക ജനിതകശാസ്ത്രത്തിന്‍റെ പിതാവ് തന്‍റെ പഠനം പ്രശസ്തിയുടെ കൊടുമുടികൾ കീഴടക്കുന്നത് കാണാതെ 1884 ജനുവരി 6-ന് ഇഹലോകവാസം വെടിഞ്ഞു (https://www.nature.com/scitable/topicpage/gregor-mendel-a-private-scientist-6618227).

 

ഒടുവിൽ അവഗണയുടെ നീണ്ട 34 വർഷങ്ങൾക്കു ശേഷം ഹ്യൂഗോ ഡി വ്രീസും കാൾ കൊറെൻസും എറിക് വോൺ ഷെർമാക്കും ഈ ലേഖനത്തിന്‍റെ പ്രസക്തി കണ്ടെത്തുകയും, വില്യം ബേറ്റ്സൺ ഇതിനെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതും  മെഡിക്കൽ സയൻസിലും അഗ്രിക്കൾച്ചറിലും ഒരു വൻവിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു. എന്നാൽ പരിണാമത്തിന് എതിരായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് 34 വർഷങ്ങൾ ഈ പഠനത്തെ അവഗണിച്ച പരിണാമവാദികൾ ഇന്ന് കാണ്ടാമൃഗത്തെ പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള തൊലിക്കട്ടിയോടെ ഗ്രിഗർ മെൻഡലിനെ പരിണാമവാദിയാക്കാൻ ശ്രമിക്കുന്ന അത്ഭുതക്കാഴ്ചയാണ് നാം കാണുന്നത് !

 

അപ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന ചോദ്യം മെൻഡലിന്‍റെ  പഠനത്തിനെ അന്നത്തെ ശാസ്ത്രജ്ഞർ നിരസിക്കാനുള്ള കാരണം അത് പരിണാമത്തെ അംഗീകരിക്കാത്തതുകൊണ്ടാണ് എന്നതിന് എന്താണ് തെളിവ് എന്നതായിരിക്കുമല്ലോ. മെൻഡലിന്‍റെ പഠനങ്ങൾ അവഗണിക്കപ്പെട്ടത് പരിണാമവിരുദ്ധം ആയതുകൊണ്ടാണെന്നു പറഞ്ഞത് ബ്രനിലെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സെക്രട്ടറിയും മെൻഡലിന്‍റെ പ്രൊഫെസ്സറും ഉപദേഷ്ടാവുമായിരുന്ന ഗുസ്താവ് നിസ്സൽ വോൺ മെയെൻഡോർഫ് ആണ്. 1903-ൽ അദ്ദേഹം ഇങ്ങനെ എഴുതി: “മെൻഡലിന്‍റെ പ്രബന്ധം എല്ലാവരുടെയിടയിലും നല്ലവണ്ണം അറിയപ്പെട്ടിരുന്നുവെങ്കിലും അക്കാലത്ത് നിലനിന്നിരുന്ന പ്രബലമായ ചില ആശയങ്ങൾ കാരണം അദ്ദേഹത്തിന്‍റെ ലേഖനം അവഗണിക്കപ്പെട്ടു“. മെൻഡലിന്‍റെ പഠനത്തെ നിരസിക്കാൻ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ച ആ പ്രബലമായ  ആശയം എന്താണെന്നും എന്നും വോൺ മെയെൻഡോർഫ് വിശദീകരിക്കുന്നു: പുതിയ സസ്യവർഗങ്ങളുടെ ഉത്ഭവത്തിനുള്ള വിശദീകരണത്തിന് അക്കാലത്ത് പൊതുവിൽ അംഗീകരിക്കപ്പെട്ടിരുന്ന ഡാർവിന്‍റെ ഹൈപോതെസിസ് ഏറെക്കുറെ അവസാനവാക്കായിരുന്നു“. (‘His work was well-known, but owing to other views prevailing at the time it was put aside…… at a time when for the explanation of the origin of new forms of plants the principles of the then generally acknowledged hypothesis of Darwin were almost exclusively decisive’ (Orel V, Gregor Mendel: The First Geneticist. Oxford University Press,1996).

 

ഡാർവിനും മറ്റു പരിണാമവാദികളും വിശ്വസിച്ചിരുന്ന എന്തൊക്കെയാണ് മെൻഡൽ തെറ്റെന്നു തെളിയിച്ചത്? ഇന്നത്തെ പരിണാമവാദികൾ പുച്ഛിച്ചു ചിരിച്ച്   തള്ളുന്ന പലതും ഡാർവിനും അന്നത്തെ മറ്റു പരിണാമവാദികളും വിശ്വസിച്ചിരുന്നു. നാം ജീവിച്ചിരിക്കുമ്പോൾ നേടുന്ന സ്വഭാവങ്ങൾ തലമുറകളിലൂടെ കടന്നുപോവുമെന്ന് (Inheritance of acquired characteristics) ഡാർവിൻ വിശ്വസിച്ചിരുന്നു. മാതാവിൽ നിന്നും പിതാവിൽ നിന്നുമുള്ള സ്വഭാവങ്ങൾ സന്തതികളിൽ എത്തുമ്പോൾ അവ കൂട്ടിച്ചേർക്കപ്പെടുകയും തത്ഫലമായി സന്തതികളുടെ വിശേഷഗുണങ്ങൾ  മാതാപിതാക്കളുടെ ഗുണങ്ങളുടെ   ആവറേജ് ആയിരിക്കുമെന്നും ഡാർവിൻ വിശ്വസിച്ചിരുന്നു (blending inheritance). കൂടാതെ സങ്കരവർഗ്ഗങ്ങൾ (ഹൈബ്രിഡ്, Hybrid) ലൈംഗികപ്രജനനത്തിലൂടെ വംശവർദ്ധന നടത്തി കാലക്രമേണ അവ പുതിയ സ്പീഷിസുകൾ ആവുമെന്നും ഡാർവിൻ വിശ്വസിച്ചിരുന്നു. എന്നാൽ മെൻഡലിന്‍റെ പരീക്ഷണങ്ങൾ ഡാർവിന്റെ ഈ വിശ്വാസങ്ങളെല്ലാം തന്നെ തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു.

 

മാതാപിതാക്കളിൽ നിന്നും നമുക്ക് സ്വഭാവവിശേഷങ്ങൾ പകർന്നുകിട്ടുന്നത് ജീനുകൾ വഴിയാണ്. ഓരോ ജീനിനും രണ്ട് കോപ്പികൾ അഥവാ അലീലുകൾ (alleles) കാണും. ഒന്ന് പിതാവിൽ നിന്നും കിട്ടുന്നതും മറ്റേത് മാതാവിൽ നിന്നും കിട്ടുന്നതും. അലീലുകൾ തമ്മിൽ ഡി എൻ എ സീക്വൻസിൽ വളരെ ചെറിയൊരു വ്യത്യാസം മാത്രമേ കാണുകയുള്ളൂ. ഈ ചെറിയ വ്യത്യാസമാണ് ഒരു വ്യക്തിയെ മറ്റൊരാളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഒരുദാഹരണം നോക്കുകയാണെങ്കിൽ മെൻഡൽ നടത്തിയ പരീക്ഷണങ്ങളിലെ പയറുചെടികളുടെ വിത്തുകൾക്ക് നിറത്തിന് ഒരു ജീൻ ഉണ്ട്. ഈ ജീനിന്‍റെ ഒരു കോപ്പി അല്ലെങ്കിൽ അലീൽ വിത്തുകൾക്ക് മഞ്ഞ നിറവും മറ്റേ അലീൽ വിത്തുകൾക്ക് പച്ച നിറവും നൽകുന്നു. ട്രൂ ബ്രീഡിങ് ചെടികളിൽ (True Breeding  Plants) ഈ രണ്ട് അലീലുകളും ഒന്നു തന്നെയായിരിക്കും. ഉദാഹരണത്തിന് മെൻഡൽ നടത്തിയ പരീക്ഷണങ്ങളിലെ ഉയരമുള്ള പയറുചെടികളുടെ രണ്ട് അലീലുകളും (TT)  പൊക്കക്കൂടുതലിന് കോഡ് ചെയ്യുന്നു. ഉയരം കുറഞ്ഞ പയറുചെടികളിലെ രണ്ട് അലീലുകളും (tt) ചെടികൾ അധികം പൊക്കം വെക്കുന്നതിനെ തടയുന്നു. എന്നാൽ ഇവയെ ക്രോസ്സ് ചെയ്ത് കിട്ടുന്ന ചെടികളിൽ (TT x tt = Tt, Tt, Tt, Tt) പൊക്കക്കൂടുതലിനും പൊക്കക്കുറവിനുമുള്ള രണ്ടു അലീലുകളും കാണും. ഈ രണ്ടു വ്യത്യസ്ത അലീലുകളുള്ള ചെടികളെ ഹൈബ്രിഡുകൾ (hybrid) എന്ന് പറയുന്നു.

 

നാം ജീവിച്ചിരിക്കുമ്പോൾ നമ്മൾ നേടുന്ന സ്വഭാവങ്ങൾ (acquired characteristics) അടുത്ത തലമുറയിലേക്കു പോവും എന്നതിനെ ലാമാർക്കിസം എന്ന പേരിലാണ് അറിയപ്പെടുന്നത്.   ഒരു കൊല്ലന്‍റെ അഥവാ ഇരുമ്പുപണിക്കാരന്‍റെ കുട്ടി കയ്യിൽ നല്ല മസ്സിലുമായി ജനിക്കുക, ജിറാഫ് ഉയരത്തിലുള്ള ചെടിയുടെ ഇല തിന്നാനായി കഴുത്തു നീട്ടിയത് കുട്ടി ജിറാഫിനും കിട്ടുക ഇതൊക്കെ ലാമാർക്കിസത്തിന്  ഉദാഹരണങ്ങളാണ്. ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് ഇതിൽ വിശ്വസിച്ചിരുന്നു. ഡാർവിനും ഇതിൽ വിശ്വസിച്ചിരുന്നു. ഡാർവിൻ അതിലും കടന്ന് നാം ജീവിച്ചിരിക്കുമ്പോൾ നേടുന്ന സ്വഭാവങ്ങൾ എങ്ങനെ  പ്രത്യുൽപാദന കോശങ്ങൾ ആയ സ്പേമിലും അണ്ഡത്തിലുമെത്തുന്നു  എന്ന് വിശദീകരിക്കാൻ പാൻ ജെനെസിസ് (Pangenesis) എന്നൊരു ഹൈപോതെസിസ് രൂപീകരിക്കുകയും ചെയ്തു.  ഈ ഹൈപോതെസിസ് പ്രകാരം എല്ലാ കോശങ്ങളും അതിന്‍റെ വിവരങ്ങൾ അടങ്ങുന്ന “ജെമ്യൂളുകൾ” (Gemmules) എന്ന ചെറിയ കണികകൾ പുറത്തേക്ക് വിടുന്നു. ഇവ രക്തത്തിലൂടെയോ അല്ലാതെയോ സഞ്ചരിച്ച് വൃഷണത്തിലും ഓവറിയിലുമെത്തി ഈ വിവരം സ്പേമിലേക്കും അണ്ഡത്തിലേക്കും കൈമാറുന്നു. ഉദാഹരണത്തിന് ഇരുമ്പുപണിക്കാരന്‍റെ കയ്യിലെ മസിലുകൾ പുറപ്പെടുവിക്കുന്ന ജെംമ്യൂളുകൾ അയാളുടെ സ്പേമിന് വിവരം കൈമാറുകയും അങ്ങനെ അയാളുടെ കുട്ടികൾക്ക് ഈ ശക്തിയുള്ള മസിലുകൾ കിട്ടുകയും ചെയ്യുന്നു  ( https://en.wikipedia.org/wiki/Lamarckism#Darwin’s_pangenesis  ).

 

എന്നാൽ അഗസ്റ്റ് വെയിസ്മാൻ  1890-ൽ എലികളിൽ നടത്തിയ പഠനങ്ങൾ താൽക്കാലികമായി ലാമാർക്കിസത്തിന്‍റെ അന്ത്യം കുറിച്ചു.  അദ്ദേഹം എലികളുടെ വാലുകൾ സർജിക്കലായി മുറിച്ചുകളയുകയും അടുത്ത തലമുറയിൽ ഉണ്ടാവുന്ന എലികൾ വാലില്ലാതെയാണോ ജനിക്കുന്നത് എന്ന് നിരീക്ഷിക്കുകയും ചെയ്തു. തീർച്ചയായും വാലോടുകൂടി തന്നെയാണ് കുഞ്ഞെലികൾ ജനിച്ചത് ( https://en.wikipedia.org/wiki/August_Weismann#Experiments_on_the_inheritance_of_mutilations ). പ്രത്യുത്പാദന കോശങ്ങൾ ശരീരത്തിലെ മറ്റു കോശങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾക്ക് വിധേയമാവാതെ ഒറ്റപ്പെട്ടു നിൽക്കുന്നു (Weismann barrier) എന്നത് ആധുനിക പരിണാമസിദ്ധാന്തത്തിന്‍റെ അടിസ്ഥാനങ്ങളിൽ ഒന്നായി.  ഡാർവിൻ ലാമാർക്കിസത്തെ അംഗീകരിച്ചു എന്നത് മറച്ചുവെച്ച് ലാമാർക്കിനെ മാറ്റം പരിഹസിച്ച് ഡാർവിനെ രക്ഷപ്പെടുത്താനായിരുന്നു പരിണാമവാദികൾ ശ്രമിച്ചത്. എന്നാൽ സമീപകാലത്തായി എപിജനറ്റിക്സ് എന്ന ശാസ്ത്രശാഖയുടെ വളർച്ച നാം ജീവിച്ചിരിക്കുമ്പോൾ നമ്മൾ നേടുന്ന സ്വഭാവങ്ങൾ ഒന്ന് രണ്ടു തലമുറയെ എങ്കിലും ബാധിക്കും എന്ന്  കണ്ടെത്തിയതോടെ പരിണാമവാദികൾ മലക്കം മറിഞ്ഞു. കണ്ടോ ഡാർവിൻ പണ്ടേ പറഞ്ഞില്ലേ ഇത് എന്നാണ് അവർ ഇപ്പോൾ പറയുന്നത് !

 

മാതാപിതാക്കളിൽ നിന്നും ഒരു സ്വഭാവത്തെ അല്ലെങ്കിൽ വിശേഷഗുണത്തെ നിർണയിക്കുന്ന കണികകൾ (ഡാർവിന്‍റെ ഭാഷയിൽ ജെമ്യൂളുകൾ, ഇന്നത്തെ ഭാഷയിൽ ജീനുകൾ അല്ലെങ്കിൽ അലീലുകൾ)   സന്തതികളിൽ എത്തുമ്പോൾ അവ കൂടിച്ചേരുകയും (blend, ബ്ലെൻഡ്)   അതുമൂലം മാതാപിതാക്കളുടെ  സ്വഭാവങ്ങളുടെ ആവറേജ് ആയിരിക്കും സന്തതികൾ പ്രകടിപ്പിക്കുകയെന്നും ഡാർവിൻ വിശ്വസിച്ചിരുന്നു (  https://en.wikipedia.org/wiki/Blending_inheritance ). ഉദാഹരണത്തിന് പിതാവിൽ നിന്നും 7 അടി പൊക്കത്തിനുള്ള ജീനും മാതാവിൽ നിന്നും 5  അടി  പൊക്കത്തിനുള്ള ജീനും കിട്ടുകയാണെങ്കിൽ സന്തതിയുടെ പൊക്കം 6 അടി ആയിരിക്കും എന്ന് ഡാർവിൻ കരുതി. ഡാർവിന്‍റെ ഈ വിശ്വാസം ശരിയാണെങ്കിൽ ആറടി പൊക്കമുള്ള ആൾ അഞ്ചടി പൊക്കമുള്ള ഇണയിൽ ഉണ്ടാക്കുന്ന സന്തതിയുടെ പൊക്കം അഞ്ചര അടി ആയിരിക്കും. ഇങ്ങനെ നിരവധി വർഷങ്ങൾ കഴിയുമ്പോൾ ആ സമൂഹത്തിലെ എല്ലാവരും തന്നെ ഒരേ പൊക്കമുള്ളവർ ആയിത്തീരും. പൊക്കത്തിനുള്ള ജീനുകൾ മാത്രമല്ല, മറ്റെല്ലാ സ്വഭാവങ്ങൾക്കുമുള്ള ജീനുകളും ഇങ്ങനെ ബ്ലെൻഡ് ചെയ്യപ്പെടും. അങ്ങനെ നിരവധി വർഷങ്ങൾ കഴിയുമ്പോൾ ആ സമൂഹത്തിലെ എല്ലാവരും തന്നെ ഒരേ പോലെ ക്ലോണുകൾ ആയിത്തീരും. വ്യതിയാനം ഇല്ലാത്തതിനാൽ നാച്വറൽ സെലക്ഷന് സെലക്ട് ചെയ്യാൻ ഒന്നുമില്ലാതെയായിത്തീരും. അപ്പോൾ പുതിയ സ്പീഷിസുകൾ ഉണ്ടാവില്ല. അങ്ങനെ പരിണാമം ഡെഡ് എൻഡിൽ (Dead end) എത്തിച്ചേരും. അതായത് ഡാർവിൻ തന്നെ തന്‍റെ സ്വന്തം പരിണാമ സിദ്ധാന്തത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന സ്വഭാവങ്ങളുടെ മിശ്രണത്തിൽ വിശ്വസിച്ചിരുന്നു.

 

എന്നാൽ മെൻഡലിന്‍റെ പരീക്ഷണങ്ങൾ ഡാർവിന്‍റെ ഈ നിഗമനം തെറ്റാണെന്ന് തെളിയിച്ചു. മെൻഡൽ പൊക്കമുള്ള പയറുചെടികളെയും (TT)  പൊക്കം കുറഞ്ഞ പയറുചെടികളെയും (tt) ക്രോസ്സ് ചെയ്തപ്പോൾ ആദ്യത്തെ തലമുറയിലെ (F1 generation) എല്ലാ ചെടികളും പൊക്കം ഉള്ളവയായിരുന്നു. എന്നാൽ ഡാർവിന്‍റെ വിശ്വാസപ്രകാരം F1 തലമുറയിലെ പയറുചെടികളുടെ പൊക്കം ക്രോസ്സ് ചെയ്യപ്പെട്ട പൊക്കമുള്ളതും പൊക്കം കുറഞ്ഞതുമായ ചെടികളുടെ ഉയരത്തിന്‍റെ ആവറേജ് ആവണമായിരുന്നു. F1 തലമുറയിലെ പൊക്കമുള്ള ചെടികളെ സ്വപരാഗണം (self-pollination, സെൽഫ് പോളിനേഷൻ) ചെയ്തപ്പോൾ 3:1 എന്ന അനുപാതത്തിൽ പൊക്കമുള്ള ചെടികളും പൊക്കം കുറഞ്ഞ ചെടികളും ഉണ്ടായി (F2 generation). (സ്വപരാഗണം, സെൽഫ് പോളിനേഷൻ, self-pollination-   ഒരു ചെടിയുടെ പൂവിലെ സ്പേമിന് തുല്യമായ പൂമ്പൊടി അതെ പൂവിലെ തന്നെ അണ്ഡത്തെ പരാഗണം നടത്തുന്നതിനെയാണ് സെൽഫ് പോളിനേഷൻ എന്ന് പറയുന്നത്). ഇവിടെ F2 ജെനറേഷനിലും പൊക്കം ആവറേജ് ചെയ്യപ്പെട്ടില്ല. അങ്ങനെ മെൻഡലിന്‍റെ പരീക്ഷണങ്ങൾ നാം ജീവിതത്തിൽ നേടുന്ന സ്വഭാവങ്ങൾ ജെമ്യൂളുകൾ വഴി വൃഷണത്തിലും ഓവറിയിലും എത്തി സ്പേമിലേക്കും അണ്ഡത്തിലേക്കും ആ വിവരം പകരുകയും (Inheritance of acquired characteristics)  പുതിയ തലമുറകളിൽ ഈ സ്വഭാവം ബ്ലെൻഡ് ചെയ്യപ്പെടുകയും ചെയ്യും (blending inheritance) എന്ന ഡാർവിന്‍റെയും മറ്റു പരിണാമവാദികളുടെയും വിശ്വാസത്തിന് വിപരീതമായത് അദ്ദേഹത്തിന്‍റെ  പഠനം പരിണാമവാദികളായ ശാസ്ത്രജ്ഞർ അവഗണിക്കാൻ കാരണമായി.

 

മെൻഡൽ തെറ്റാണെന്ന് തെളിയിച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം പരിണാമം എങ്ങനെ സംഭവിക്കുന്നു എന്നതിന്‍റെ അടിസ്ഥാന വിശദീകരണമാണ്. ജെമ്യൂളുകൾ വഴി സ്‌പേമിലും അണ്ഡത്തിലും എത്തുന്ന വിവരങ്ങൾ പുതിയ തലമുറകളിൽ  ബ്ലെൻഡ് ചെയ്യപ്പെടുകയും അതുവഴി അവരിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതിജീവനത്തിന് ഗുണപരമായ വ്യതിയാനങ്ങളെ നാച്വറൽ സെലക്ഷൻ നിലനിർത്തുകയും അങ്ങനെ അത്തരം വ്യതിയാനങ്ങൾ ഉള്ള ജീവികൾ പുതിയ സ്പീഷിസുകളായി ക്രമേണ പരിണമിക്കുമെന്നുമായിരുന്നു ഡാർവിൻ പറഞ്ഞത്. എന്നാൽ മെൻഡൽ നടത്തിയ പരീക്ഷണങ്ങളിൽ പുതിയ തലമുറകളിൽ ഇത്തരം വ്യതിയാനങ്ങൾ ഒന്നും തന്നെ കണ്ടില്ല. അദ്ദേഹം ട്രൂ ബ്രീഡിങ് ചെടികളെ ക്രോസ്സ് ചെയ്‌തപ്പോൾ ഉണ്ടായ ചെടികളിൽ കണ്ട സ്വഭാവങ്ങളായ പൊക്കം കൂടിയതും കുറഞ്ഞതുമായ ചെടികൾ, ഉരുണ്ട വിത്തും ചുളുങ്ങിയ വിത്തും, മഞ്ഞ നിറമുള്ള വിത്തും പച്ച നിറമുള്ള വിത്തും തുടങ്ങിയവയൊക്കെ മാതൃ ചെടികളിൽ ഉണ്ടായിരുന്ന അതേ സ്വഭാവങ്ങൾ തന്നെയായിരുന്നു. മാതൃ ചെടികളിലെ  സ്വഭാവങ്ങൾ വിവിധ കോംബിനേഷനുകളിൽ പുതിയ ചെടികളിൽ പ്രത്യക്ഷപ്പെട്ടു എന്നല്ലാതെ ജനിതക ലെവലിലോ (genotype) അല്ലെങ്കിൽ പ്രത്യക്ഷമായി കാണപ്പെടുന്ന സ്വഭാവങ്ങളിലോ (phenotype) ഒന്നും തന്നെ പുതുതായി ഉണ്ടായില്ല (Bishop BE, Mendel’s Opposition to Evolution and to Darwin.  Journal of Heredity 87 (1996): 205-213).

 

കൂടാതെ ജോസഫ് കോൾറോയിട്ടർ, കാൾ വോൺ ഗാർട്ട്നർ തുടങ്ങിയ അക്കാലത്തെ പ്രശസ്ത സസ്യശാസ്ത്രജ്ഞരുടെ അഭിപ്രായത്തെ സ്ഥിരീകരിച്ചു കൊണ്ട്, ഹൈബ്രിഡുകൾ നിരവധി തലമുറകൾ കഴിയുമ്പോൾ തിരികെ മാതൃസ്പീഷിസുകളായി മാറുമെന്നും മെൻഡലിന്‍റെ പഠനം തെളിയിച്ചു. കോൾറോയിട്ടർ പുകയിലച്ചെടിയുടെ ഹൈബ്രിഡുകളെ സെൽഫ് പോളിനേഷന് വിധേയമാക്കിയപ്പോൾ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അവ മാതൃചെടികളോട് സാമ്യമുള്ള ചെടികളായി പരിവർത്തനം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും ഹൈബ്രിഡുകൾ വംശവർദ്ധന നടത്തി ക്രമേണ പുതിയ സ്പീസിസുകൾ ആയി മാറുന്നില്ല, പകരം മാതൃചെടികൾ ആയാണ് മാറുന്നത് എന്ന അനുമാനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. കാൾ ഗാർട്ട്നറും ഇത് തന്നെ പറഞ്ഞു. ചില ഉത്പാദനക്ഷമതയുള്ള ഹൈബ്രിഡുകൾ മാതൃചെടികളിൽ നിന്നും വ്യത്യാസമുള്ളതും അതെ സമയം തമ്മിൽ സാമ്യമുള്ളതുമായ പുതിയ നിരവധി തലമുറകളെ സൃഷ്ടിച്ച് വംശവർദ്ധന നടത്തുന്നത് മൂലം അവയെ പുതിയ സ്പീഷിസുകളായി ചില സസ്യശാസ്ത്രജ്ഞർ കരുതുന്നുവെങ്കിലും കാലക്രമേണ അവയുടെ ഉത്പാദനക്ഷമത കുറഞ്ഞ് ഒരു സ്പീഷിസ് എന്ന നിലയിൽ തുടരുന്നത് ഇല്ലാതെയാവുമെന്ന് ഗാർട്ട്നർ പറഞ്ഞു. (Callender LA, Gregor Mendel: An Opponent of Descent with Modification. Journal: History of Science, 1988, Vol. 26, p.41-75)

 

അതായത് ഒരു ജീവിയുടെ ഘടന അനുവദിക്കുന്നതിൽ അപ്പുറം ഒരു സ്പീഷിസിന് മാറാൻ കഴിയില്ല എന്ന കോൾറോയിട്ടറുടെയും ഗാർട്ട്നറുടെയും സൃഷ്ടിവാദത്തെ അംഗീകരിക്കുന്നതായിരുന്നു മെൻഡലിന്‍റെ പഠനങ്ങൾ (species are fixed within limits beyond which they cannot change). എന്നാൽ ഹൈബ്രിഡുകൾ വംശവർദ്ധന നടത്തി ക്രമേണ പുതിയ സ്പീഷിസ് ആയി മാറുകയും അവ മാതൃസ്പീഷിസ് ആയി തിരികെ മാറാതിരിക്കുകയും ചെയ്‌താൽ മാതൃസ്പീഷിസ് മാറ്റം ഇല്ലാത്തതാണെന്ന (fixed) സൃഷ്ടിവാദികളുടെ വാദം നിലനിൽക്കില്ല എന്ന് ഡാർവിന് ഉറപ്പായിരുന്നു. എന്നാൽ മെൻഡലിന്‍റെ പയറുചെടികളിലെ പരീക്ഷണങ്ങൾ ഡാർവിന്‍റെ അനുമാനത്തിന് എതിരായ ഫലങ്ങൾ ആണ് കാണിച്ചത്. F1 തലമുറയിലെ പൊക്കമുള്ള ചെടികളെ സെൽഫ് പോളിനേഷൻ ചെയ്തപ്പോൾ 3:1 എന്ന അനുപാതത്തിൽ പൊക്കമുള്ള ചെടികളും പൊക്കം കുറഞ്ഞ ചെടികളും ഉണ്ടായി (TT, Tt, Tt, tt). 3:1 എന്നത് ഇതിന്‍റെ ഫീനോടൈപ്പ്‌ അല്ലെങ്കിൽ നമ്മൾ കാണുന്ന സ്വഭാവം ആണ്. അതായത് 3 പൊക്കമുള്ള ചെടികളും ഒരു പൊക്കമില്ലാത്ത ചെടിയും. പക്ഷെ ഇതിന്‍റെ ജീനോടൈപ്പ് എന്നത് 1:2:1 ആണ്. അതായത് TT -1, Tt -2. tt -1. ഇതിൽ TT, tt എന്നാൽ ആ  പയറുചെടികളിലെ പൊക്കത്തിനുള്ള അലീലുകൾ രണ്ടും ഒന്ന് തന്നെയാണ്. ഇവയെ ഹോമോസെഗസ് (homozygous) എന്നാണു പറയുന്നത്. എന്നാൽ Tt എന്നാൽ  ആ  പയറുചെടികളിൽ പൊക്കക്കൂടുതലിനും കുറവിനുമുള്ള ജീനുകൾ കാണും. പൊക്കക്കൂടുതലിനുള്ള ജീൻ ഡോമിനന്‍റ് (dominant) ആയതുകൊണ്ട് ആ ചെടികൾ പൊക്കം കൂടുതൽ ഉള്ളവയായിരിക്കും. പൊക്കക്കുറവ് കാണണമെങ്കിൽ രണ്ടു അലീലുകളും പൊക്കക്കുറവിന് ഉള്ളതായിരിക്കണം (tt). അപ്പോൾ പൊക്കത്തിനുള്ള അല്ലെങ്കിൽ ഒരു സ്വഭാവത്തിനുള്ള രണ്ടു അലീലുകളും ഉള്ള ആ ചെടിയെ ഹെറ്റെറോസൈഗസ് (heterozygous) അല്ലെങ്കിൽ ഹൈബ്രിഡ് എന്ന് പറയും. അപ്പോൾ F2 ജെനറേഷനിൽ 1:2:1 എന്ന അനുപാതത്തിൽ TT, ഹൈബ്രിഡ് ആയ Tt, പൊക്കം കുറവുള്ള tt എന്നിവ പ്രത്യക്ഷപ്പെട്ടു. F2 ജെനറേഷനിലെ ചെടികളെ വീണ്ടും സെൽഫ് ഫെർട്ടിലൈസ് ചെയ്തപ്പോൾ 6:4:6  എന്ന അനുപാതത്തിൽ TT, ഹൈബ്രിഡ് ആയ Tt, പൊക്കം കുറവുള്ള tt എന്നിവ പ്രത്യക്ഷപ്പെട്ടു (TTxTT=TT, TT, TT,  TT ; TtxTt=TT, Tt, Tt, tt; TtxTt=TT, Tt, Tt, tt; ttxtt=tt, tt, tt, tt). ഇവയെ വീണ്ടും സെൽഫ് ഫെർട്ടിലൈസ് ചെയ്തപ്പോൾ അനുപാതം 28:8:28 ആയിരുന്നു. അടുത്ത സെൽഫ് ഫെർട്ടിലൈസേഷനിൽ അനുപാതം 120:16:120  ആയി. അതായത് ഓരോ തലമുറ കഴിയുമ്പോഴും ഹൈബ്രിഡുകളുടെ എണ്ണം കുറഞ്ഞുവരികയും പുതിയ ചെടികൾ കൂടുതലായി മാതൃസ്പീഷിസുമായി സാമ്യം പുലർത്തുകയും ചെയ്തു. ഹൈബ്രിഡുകൾ സെൽഫ് പോളിനേഷന് വിധേയമാവുമ്പോൾ കാലക്രമേണ അവ പുതിയ സ്പീഷിസുകൾ ആവുകയില്ല, പകരം മാതൃചെടികൾ ആയി റിവേർഷൻ (Reversion) സംഭവിക്കുന്നു എന്ന കോൾറോയിട്ടറുടെയും ഗാർട്ട്നറുടെയും സൃഷ്ടിവാദത്തിന്  ശാസ്ത്രീയവിശദീകരണം നൽകാൻ അങ്ങനെ മെൻഡലിന്‍റെ പഠനത്തിന് കഴിഞ്ഞു.

 

ഇവയെല്ലാം തന്നെ നാം മെൻഡലിന്‍റെ ലേഖനത്തിൽ നിന്നും വായിച്ചെടുക്കുന്നതാണ്. എന്നാൽ മെൻഡൽ തന്‍റെ ലേഖനത്തിൽ പരസ്യമായി സൃഷ്ടിവാദത്തെ അംഗീകരിച്ചുകൊണ്ട് എഴുതിയിട്ടുണ്ടോ? തികച്ചും വ്യക്തമായി സൃഷ്ടിവാദത്തെ അനുകൂലിച്ച് മെൻഡൽ എഴുതിയിട്ടുണ്ട്. തന്‍റെ ലേഖനത്തിൽ മെൻഡൽ ഇങ്ങനെ എഴുതുന്നു- “ഗാർട്ട്നർ   തന്‍റെ ട്രാൻസ്ഫോർമേഷൻ പരീക്ഷണങ്ങളുടെ ഫലമായി, സ്പീഷിസുകൾ മാറ്റമില്ലാതെ നിലകൊള്ളുന്നുവെന്ന വാദത്തെ ചോദ്യം ചെയ്യുകയും സസ്യജാലങ്ങളുടെ പരിണാമത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന നാച്വറലിസ്റ്റുകളുടെ അഭിപ്രായത്തെ എതിർക്കുന്ന നിലപാടിലേക്ക് എത്തിച്ചേരുകയും ചെയ്തു.. ഒരു സ്പീഷിസിന്‍റെ മറ്റൊന്നിലേക്കുള്ള ട്രാൻസ്ഫോർമേഷനെ അദ്ദേഹം ഒരു ജീവിയുടെ ഘടന അനുവദിക്കുന്നതിൽ അപ്പുറം ഒരു സ്പീഷിസിന് മാറാൻ കഴിയില്ല എന്നതിന് നിസ്സംശയം പറയാവുന്ന തെളിവായി നിരീക്ഷിക്കുന്നു. ഈ അഭിപ്രായം ചില ഉപാധികളോടെയല്ലാതെ അംഗീകരിക്കാൻ കഴിയില്ല എങ്കിലും ഗാർട്ട്നറുടെ പരീക്ഷണങ്ങളിൽ നട്ടുവളർത്തിയ ചെടികളിൽ പ്രകടമായ പരിവർത്തനങ്ങൾ അദ്ദേഹത്തിന്‍റെ ഈ അനുമാനത്തിന് ശ്രദ്ധേയമായ സ്ഥിരീകരണം നൽകുന്നതായി നമുക്ക് കാണാം”  (Gärtner, by the results of these transformation experiments, was led to oppose the opinion of those naturalists who dispute the stability of plant species and believe in a continuous evolution of vegetation. He perceives in the complete transformation of one species into another an indubitable proof that species are fixed with limits beyond which they cannot change. Although this opinion cannot be unconditionally accepted we find on the other hand in Gärtner’s experiments a noteworthy confirmation of that supposition regarding variability of cultivated plants which has already been expressed     http://www.mendelweb.org/Mendel.html ).  ഗാർട്ട്നറുടെ അഭിപ്രായം ചില ഉപാധികളോടെയല്ലാതെ അംഗീകരിക്കാൻ കഴിയില്ല  (Although this opinion cannot be unconditionally accepted ) എന്ന് മെൻഡൽ പറയുന്നതിന്‍റെ അർഥം താൻ അത് ഉപാധികളോടുകൂടെ അംഗീകരിക്കുന്നു എന്നാണ്. അതായത് ഒരു ജീവിയുടെ ഘടന അനുവദിക്കുന്നതിൽ അപ്പുറം ഒരു സ്പീഷിസിന് മാറാൻ കഴിയില്ല (species are fixed within limits beyond which they cannot change) എന്ന സൃഷ്ടിവാദികളുടെ അഭിപ്രായത്തെ മെൻഡൽ ചില ഉപാധികളോടെ അംഗീകരിക്കുന്നു എന്ന് ഇതിൽ നിന്നും വ്യക്തമാണ്.  പക്ഷെ പരിണാമവാദികൾ ഈ വാചകത്തെ മെൻഡൽ പരിണാമത്തെ അംഗീകരിക്കുന്നു എന്നതിന്‍റെ തെളിവായിട്ടാണ് കാണുന്നത്. കണ്ടോ ഗാർട്ട്നറുടെ പരിണാമത്തോടുള്ള എതിർപ്പിനോട് മെൻഡൽ പ്രതീകാത്മകമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് കണ്ടോ എന്നാണ് പ്രശസ്ത പരിണാമവാദിയായ സർ റൊണാൾഡ്‌ ഫിഷർ പറയുന്നത്! (ഇതേ ഫിഷർ തന്നെയാണ് മെൻഡൽ തന്‍റെ കണക്കുകളിൽ കള്ളം കാണിച്ചുവെന്ന് ആരോപിച്ച് ജനിതകശാസ്ത്രത്തിന്‍റെ പിതാവിനെ അപമാനിച്ചത്).  ജർമ്മൻ ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും അംഗീകരിക്കപ്പെട്ട നിയമങ്ങളെല്ലാം തന്നെ കാറ്റിൽ പറത്തിയാണ് പരിണാമവാദികൾ ഈ വാചകത്തെ വ്യാഖ്യാനിക്കുന്നതെന്ന്  എൽ എ കാലെൻഡർ അഭിപ്രായപ്പെടുന്നു (Callender LA, 1988).

 

ഗാർട്ട്നറുടെ  അഭിപ്രായം ചില ഉപാധികളോടെയല്ലാതെ അംഗീകരിക്കാൻ കഴിയില്ല എന്ന് മെൻഡൽ പറയുന്നുണ്ടല്ലോ, എന്താണ് ഈ ഉപാധി? ഒരു സ്പീഷിസ് മറ്റൊന്നായി ട്രാൻസ്ഫോർമേഷൻ നടക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ആണല്ലോ ഗാർട്ട്നർ സ്പീഷിസുകൾ ഒരു പരിധിക്കപ്പുറം മാറില്ല എന്ന അഭിപ്രായത്തിൽ എത്തിയത്. ഹൈബ്രിഡുകൾ സെൽഫ് പോളിനേഷന് വിധേയമാവുമ്പോൾ കാലക്രമേണ അവ പുതിയ സ്പീഷിസുകൾ ആവുന്നതിനു പകരം മാതൃചെടികൾ ആയി മാറുന്നതിനെയാണ്  റിവേർഷൻ (Reversion) എന്ന് പറയുന്നത്. എന്നാൽ ഹൈബ്രിഡുകളെ സെൽഫ് ഫെർട്ടിലൈസ് ചെയ്യുന്നതിന് പകരം മാതൃചെടികളുമായി ക്രോസ്സ് ഫെർട്ടിലൈസ് ചെയ്യുമ്പോൾ ഹൈബ്രിഡുകൾ മാതൃചെടികളായി മാറുന്നതിനെയാണ് ട്രാൻസ്ഫോർമേഷൻ (transformation) എന്ന് പറയുന്നത്. ഉദാഹരണത്തിന് കോൾറോയിട്ടർ പുകയിലച്ചെടികളായ നിക്കോഷ്യാന റസ്റ്റിക്ക (Nicotiana rustica), നിക്കോഷ്യാന പാനിക്കുലേറ്റ (N. paniculata)  എന്നിവയുടെ ഹൈബ്രിഡിനെ നിക്കോഷ്യാന പാനിക്കുലേറ്റയുടെ പൂമ്പൊടി ഉപയോഗിച്ച് ക്രോസ്സ് ഫെർട്ടിലൈസ് ചെയ്തപ്പോൾ ഉണ്ടായ ചെടി നിക്കോഷ്യാന പാനിക്കുലേറ്റയുമായി സാമ്യമുള്ളതായിരുന്നു. ഈ ക്രോസ്സ് ഫെർട്ടിലൈസഷൻ തലമുറകളായി ആവർത്തിച്ചപ്പോൾ പുതുതായുണ്ടായ ചെടികൾ ആദ്യത്തെ ഹൈബ്രിഡുമായി ഒരു സാമ്യവുമില്ലാതെയാവുകയും, പകരം നിക്കോഷ്യാന പാനിക്കുലേറ്റയുടെ പകർപ്പുകൾ ആയി മാറുകയും ചെയ്തു. ഹൈബ്രിഡുകൾ വംശവർദ്ധന നടത്തി പുതിയ സ്പീഷിസുകൾ ആയി മാറുമെന്ന് ആദ്യം തോന്നുമെങ്കിലും കാലക്രമേണ അവ പ്രത്യുത്പാദന ശേഷി നഷ്ടപ്പെട്ട് മാതൃസ്പീഷിസുകൾ ആയി മാറുമെന്നും അതിനാൽ തന്നെ സ്പീഷിസുകൾ ഒരു പരിധിക്കപ്പുറം മാറുന്നില്ല എന്നും കോൾറോയിട്ടറും  ഗാർട്ട്നറും   പറഞ്ഞു. എന്നാൽ ചില നിരീക്ഷണങ്ങൾ മെൻഡലിനെ ഈ അഭിപ്രായത്തോട് വിയോജിക്കാൻ പ്രേരിപ്പിച്ചു. ഉദാഹരണത്തിന് സൂര്യകാന്തികളുടെ ജനുസ്സിൽ പെടുന്ന ഹയറേസിയം (Hieracium) എന്ന ചെടിയിൽ നിന്നും ഉണ്ടാവുന്ന ഹൈബ്രിഡുകൾ തലമുറകൾ കഴിയുമ്പോൾ ഹയറേസിയത്തിൽ നിന്നും വ്യത്യസ്തത പുലർത്തുകയും നിരവധി തലമുറകൾ കഴിഞ്ഞാലും പ്രത്യുത്പാദന ശേഷി നഷ്ടപ്പെടാതെ തങ്ങളുടെ കോപ്പികൾ തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നത് ഈ ഹൈബ്രിഡുകൾക്ക് പുതിയ സ്പീഷിസ് എന്ന പദവി ലഭിക്കുന്നതിന് ഇടയാക്കിയിരുന്നു. ഇത് മെൻഡൽ തന്നെ ഹയറേസിയം ഉപയോഗിച്ച് നടത്തിയ പരീക്ഷങ്ങളിൽ നിന്നും വ്യക്തമായിരുന്നു.  ഇതാണ് ഇവിടെ മെൻഡൽ ഉപാധി എന്നതുകൊണ്ട് ഉദ്ദേശിച്ചത്.

 

ഇവിടെ ഹയറേസിയത്തിന്‍റെ ഹൈബ്രിഡുകൾ പുതിയ സ്പീഷിസ് ആയി മാറിയതുകൊണ്ട് മെൻഡൽ പരിണാമത്തെ അംഗീകരിച്ചോ? ഇല്ല. പകരം പയറു ചെടികളിൽ നടത്തിയത് പോലെ ഹയറേസിയത്തിലും പരീക്ഷണം നടത്തിയ  മെൻഡൽ പുതിയ സ്പീഷിസ് ഉണ്ടാവുന്നതിന് ഡാർവിൻ പറഞ്ഞ വിശദീകരണത്തെ തെറ്റെന്ന് തെളിയിക്കാനാണ് ശ്രമിച്ചത്.  ഇത്തരം പുതിയ സ്പീഷിസ് ആയി മാറുന്ന ഹൈബ്രിഡുകളെ കോൺസ്റ്റന്‍റ് ഹൈബ്രിഡ് (constant hybrid) എന്നും അതെ സമയം മാതൃസ്പീഷിസായി റിവേർഷൻ നടത്തുന്ന ഹൈബ്രിഡുകളെ വേരിയബിൾ ഹൈബ്രിഡ് (variable hybrid) എന്നുമാണ് മെൻഡൽ സൂചിപ്പിക്കുന്നത്. കോൺസ്റ്റന്‍റ് ഹൈബ്രിഡ്  ആയ ഹയറേസിയം സ്പീഷിസ്  ആർട്ടിഫിഷ്യൽ ഫെർട്ടിലൈസേഷൻ വഴി ഉണ്ടാക്കാൻ കഴിഞ്ഞാൽ പ്രകൃതിയിൽ കാണുന്ന ഇത്തരം ഹൈബ്രിഡ് സ്പീഷിസുകളും ഫെർട്ടിലൈസേഷൻ വഴി ഉണ്ടായതാണെന്നും അതുവഴി ഡാർവിൻ വിശദീകരിച്ച തലമുറകളിലുണ്ടായ ചെറിയ മാറ്റങ്ങൾ പ്രകൃതി സെലക്ട് ചെയ്യുക വഴി  പരിണാമം സംഭവിച്ച് പുതിയ സ്പീഷിസ് ഉണ്ടായി എന്ന വാദത്തെ എതിർക്കാമെന്നും മെൻഡൽ കരുതി. ഓരോ ജീനുകളുടെയും രണ്ട് അലീലുകൾ മിയോസിസ് എന്ന കോശവിഭജനം നടക്കുമ്പോൾ ഓരോന്നും ഓരോ പ്രത്യുത്പാദന കോശത്തിലേക്ക് (സ്പേം അല്ലെങ്കിൽ അണ്ഡം) വേർപെടും (segregation). ഉദാഹരണത്തിന് പൊക്കമുള്ള ഹൈബ്രിഡുകളിൽ (Tt) അലീലുകൾ ഓരോ പ്രതുൽപാദനകോശങ്ങളിലും (പൂമ്പൊടിയിലും അണ്ഡത്തിലും)  T അല്ലെങ്കിൽ t ആയി സെഗ്രിഗേറ്റ് ചെയ്യും.  ഇവയെ സെൽഫ് ഫെർട്ടിലൈസ് ചെയ്യുമ്പോൾ (TtxTt=TT, Tt, Tt, tt) മുൻപ് പറഞ്ഞതുപോലെ ഹൈബ്രിഡുകളുടെ എണ്ണം കുറഞ്ഞ് മാതൃചെടികളിലേക്കുള്ള റിവേർഷൻ സംഭവിക്കും. ഇങ്ങനെ പാരമ്പര്യത്തിനുള്ള ഘടകങ്ങൾ പ്രത്യുത്പാദനകോശങ്ങളിലേക്ക് വേർപിരിയുന്ന (segregation) ഹൈബ്രിഡുകളെ ആണ് വേരിയബിൾ ഹൈബ്രിഡ് എന്നതുകൊണ്ട് മെൻഡൽ ഉദ്ദേശിക്കുന്നത്‌. അതെ സമയം കോൺസ്റ്റന്‍റ് ഹൈബ്രിഡുകളിൽ പാരമ്പര്യത്തിനുള്ള ഘടകങ്ങൾ പ്രത്യുത്പാദന കോശങ്ങളിലേക്ക് വേർപിരിയുന്നില്ല എന്നും പകരം അവ യോജിച്ച് (Tt) പൂമ്പൊടിയിലേക്കും അണ്ഡത്തിലേക്കും പോവുന്നതായി മെൻഡൽ അനുമാനിച്ചു. ഇങ്ങനെ വേർപിരിയാതെ (non segregation) യോജിച്ച് (Tt) നിൽക്കുന്നതുകൊണ്ട് ഇവയെ ഫെർട്ടിലൈസ് ചെയ്‌താൽ Tt എന്ന ഹൈബ്രിഡുകൾ തന്നെ വീണ്ടുമുണ്ടാകും. അങ്ങനെ അവ മാതൃസ്പീഷിസിലേക്ക് റിവേർഷൻ സംഭവിക്കാതെ വംശവർദ്ധന നടത്തി പുതിയ സ്പീഷിസായി തുടരുന്നുവെന്ന് മെൻഡൽ വിശദീകരിച്ചു.

 

(മെൻഡൽ ഹയറേസിയത്തിൽ നടത്തിയ പരീക്ഷണത്തിൽ F1 ജെനറേഷനിൽ പാരമ്പര്യ ഘടകങ്ങളുടെ വേർപിരിയൽ (segregation) നടന്നുവെങ്കിലും F2 ജെനെറേഷനിൽ പയറുചെടികളിൽ നിന്നും വ്യത്യസ്തമായി എല്ലാ ചെടികളും ഒരേപോലെ ഒരു വ്യത്യാസവും ഇല്ലാത്തതായിരുന്നു. കോൺസ്റ്റന്‍റ് ഹൈബ്രിഡുകൾ എന്ന് മെൻഡൽ പറഞ്ഞ ഇവ ഉണ്ടായത്  അപോമിക്സിസ് അഥവാ ചെടികളിലെ പാർത്തനോജെനെസിസ് എന്ന അലൈംഗിക പ്രത്യുത്പാദനരീതി കാരണമാണെന്ന് പിന്നീട് ശാസ്ത്രജ്ഞർ തെളിയിച്ചു.   ( https://en.wikipedia.org/wiki/Apomixis ) മനുഷ്യനിൽ പ്രത്യുൽപാദന കോശങ്ങൾ ആയ സ്പേമിലും അണ്ഡത്തിലും ഒഴികെ ന്യൂക്ലിയസുള്ള എല്ലാ കോശങ്ങളിലും 46 ക്രോമസോമുകൾ കാണും. ഇവയെ ഡിപ്ലോയിഡ്  (diploid, 2n) കോശങ്ങൾ എന്നു വിളിക്കുന്നു.  എന്നാൽ സ്പേമിലും അണ്ഡത്തിലും 23 ക്രോമസോമുകൾ മാത്രമേ കാണുകയുള്ളൂ. ഇതിനെ ഹാപ്ലോയിഡ് (haploid) എന്നാണ് പറയുന്നത് (n=23).  മിയോസിസ് എന്ന കോശവിഭജനം ആണ് പ്രത്യുത്പാദനകോശങ്ങളിൽ ക്രോമസോം നമ്പറിനെ പകുതിയാക്കുന്നത്.  ഹാപ്ലോയിഡ് ആയ സ്‌പേമും അണ്ഡവും യോജിക്കുമ്പോൾ (fertilization)  എംബ്രിയോയിലെ കോശങ്ങൾ വീണ്ടും ഡിപ്ലോയിഡ് ആയി മാറുന്നു. എന്നാൽ അപോമിക്സിസിൽ ചെടികളിലെ ഓവ്യൂളിലെ (ovule) കോശങ്ങൾ മിയോസിസും ഫെർട്ടിലൈസഷനും ഒഴിവാക്കി നേരിട്ട് വിത്തുകൾ ഉത്പാദിപ്പിക്കുന്നു.)

 

ചില പരിണാമവാദികൾ പറയുന്നത് മെൻഡൽ തന്‍റെ ലേഖനത്തിൽ ചെടികളുടെ പരിണാമത്തെ പറ്റി പറയുന്നതിനാൽ അദ്ദേഹം പരിണാമത്തെ അംഗീകരിച്ചിരുന്നുവെന്നാണ്. ഉദാഹരണത്തിന് ഈ വരി നോക്കുക – ‘For the history of the evolution of plants this circumstance is of special importance, since constant hybrids acquire the status of new species’. ഇവിടെ പരിണാമം എന്ന വാക്കിന് ജർമ്മൻ പദം Entwicklung എന്നാണ്. ഇതിന് development, പരിണാമം എന്നൊക്കെയാണ് അർത്ഥം (https://en.wiktionary.org/wiki/Entwicklung). പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിൽ ഇംഗ്ലീഷിലെ ഇവൊല്യൂഷൻ, ജർമനിലെ  Entwicklung എന്നീ വാക്കുകൾ ഏതു ഡെവലപ്മെന്‍റ് പ്രോസസ്സിനും ഉപയോഗിച്ചിരുന്നു. ഒരു ഭ്രൂണത്തിന്‍റെ വളർച്ചയായാലും ഒരു ചെടിയുടെ വളർച്ചയായാലും പരിണാമമായാലും ഈ വാക്ക് തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത് (http://journals.sagepub.com/na101/home/literatum/publisher/sage/journals/content/hosa/1999/hosa_37_2/007327539903700204/20160909/007327539903700204.fp.png_v03 ) .  ഇവിടെ പരിണാമവാദികൾ പറയുന്ന വാക്യത്തിൽ “പരിണാമത്തിന്‍റെ ചരിത്രം” (history of the evolution)  എന്ന ഫ്രേസിന് മെൻഡൽ ഉപയോഗിച്ചിരിക്കുന്ന ജർമൻ വാക്ക്  Entwicklungs-Geschichte എന്നാണ്.

 

ഇതിനെപ്പറ്റി മെൻഡൽ വെബ് ( http://www.mendelweb.org/Mendel.html ) നടത്തുന്ന  റോജർ ബ്ലുംബെർഗ് ഇങ്ങനെ പറയുന്നു -” പരിണാമത്തിന്‍റെ ചരിത്രം എന്നത് മെൻഡൽ ഉപയോഗിച്ചിരിക്കുന്ന Entwicklungs-Geschichte എന്ന വാക്കിന്‍റെ ന്യായമായ വിവർത്തനം ആണെങ്കിലും മെൻഡൽ ഇവിടെ ഏതെങ്കിലും പരിണാമ സിദ്ധാന്തത്തെപ്പറ്റി പറയുകയാണ് എന്ന് അനുമാനിക്കുന്നത് തികച്ചും തെറ്റാണ്.  തന്‍റെ പഠനം ആദ്യമായി അവതരിപ്പിക്കുന്ന 1865-ന് മുൻപ് തന്നെ മെൻഡൽ ഡാർവിന്‍റെ ഒറിജിൻ ഓഫ് സ്പീഷിസ് എന്ന പുസ്തകം വായിക്കുകയും ആ വിഷയത്തിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്‌തു എന്ന് നമുക്കറിയാമെങ്കിലും ഡാർവിന്‍റെ സിദ്ധാന്തം തന്‍റെ പയറുചെടികളിലെ പരീക്ഷണങ്ങളിൽ  പ്രസക്തമാണെന്ന് അദ്ദേഹം കരുതിയതായി ഒരു തെളിവും തന്നെയില്ല. വാസ്തവത്തിൽ മെൻഡൽ പലപ്പോഴും Entwicklungsgeschichte എന്ന വാക്ക്കൊണ്ട്  ഒരു സ്പീഷിസ് ഇന്നത്തെ നിലയിൽ വളർന്നെത്തിയതിന്‍റെ ചരിത്രം എന്ന് ഉദ്ദേശിക്കുമ്പോൾ Entwicklung എന്നത് ഒരു ജീവിയുടെ വളർച്ചയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു”  (Although the phrase “history of the evolution” may be a reasonable translation of Mendel’s Entwicklungs-Geschichte, and Entwicklungsgeschichte it would be wrong to conclude that Mendel was talking about any particular theory of evolution. Although we know that Mendel was interested in , and read Origin of Species before 1865, we have no evidence that he thought the specifics of Darwin’s theory particularly relevent to his experiments with peas. Indeed, Mendel often seems to have used Entwicklungsgeschichte, in contrast to Entwicklung, simply to distinguish the historical development of species from the development of the individual organism.) അതായത് നാച്വറൽ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഫെർട്ടിലൈസേഷനിലൂടെ പുതിയ സ്പീഷിസുകൾ ഉണ്ടാവുന്ന ചരിത്രത്തെയാണ് മെൻഡൽ സൂചിപ്പിക്കുന്നത്. ഇതും ജെമ്യൂളുകൾ വഴി ലൈംഗികകോശങ്ങളിൽ നിർദേശം എത്തി പുതിയ തലമുറയിൽ സ്വഭാവങ്ങൾ ബ്ലെൻഡ് ചെയ്ത് വ്യതിയാനങ്ങൾ ഉണ്ടാക്കുകയും ഗുണമുള്ള സ്വഭാവങ്ങൾ നാച്വറൽ സെലക്ഷൻ നിലനിർത്തി പുതിയ സ്പീഷിസുകളെ ഉണ്ടാക്കുകയും ചെയ്യും എന്ന ഡാർവിന്‍റെ  വിശ്വാസവും യോജിച്ചുപോകുന്നതല്ല എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

 

വീണ്ടും ചില പരിണാമവാദികൾ അവകാശപ്പെടുന്നത് മെൻഡൽ “അതിജീവനത്തിനുള്ള മത്സരം” (struggle for existence) എന്ന് പറയുന്നത് അദ്ദേഹം പരിണാമം അംഗീകരിച്ചു എന്നതിന്‍റെ തെളിവാണെന്നാണ്. പ്രതികൂലമായ പരിസ്ഥിതികൾ ഒരുപാട് കാലം തുടർന്നാൽ അത് ഒരു സ്പീഷിസിനെ ഇല്ലാതാക്കുമെന്നും പരിസ്ഥിതിയോട് ഇണങ്ങിച്ചേരാൻ കഴിവുള്ള അതിന്‍റെ ഏതെങ്കിലും സന്തതികൾ അതിജീവനത്തിനുള്ള മത്സരം തുടർന്ന് വിജയകരമായി ഏറ്റെടുത്തേക്കാം എന്നും മെൻഡൽ എഴുതിയതാണ് ഇവർ ഇങ്ങനെ വ്യാഖ്യാനിക്കുന്നത്. (the naturally-occurring hybridizations in Hieracium should be ascribed to temporary disturbances, which, if they were repeated often or became permanent, would finally result in the disappearances of the species involved, while one or other of the more happily organized progeny, better adapted to the prevailing telluric and cosmic conditions, might take up the struggle for existence successfully and continue it for a long stretch of time, until finally the same fate overtook it.) എന്നാൽ “അതിജീവനത്തിനുള്ള മത്സരം” (struggle for existence) എന്ന വാദം ഡാർവിൻ കടമെടുക്കുന്നത് ക്രിസ്തീയ പുരോഹിതനായ റവറണ്ട് തോമസ് മാൾത്തൂസിൽ നിന്നുമാണ് (  https://en.wikipedia.org/wiki/Struggle_for_existence  ). ജനസംഖ്യ ജ്യോമെട്രിക്കൽ ആയി വർധിക്കുമ്പോൾ ഭക്ഷണം അരിത്തമെറ്റിക്കൽ  ആയി മാത്രമേ വർധിക്കുന്നുള്ളുവെന്നും അതിനാൽ തന്നെ ജനസംഖ്യ കൂടുമ്പോൾ  റിസോഴ്സസിനായി മത്സരം ഉണ്ടാവുമെന്നും പറഞ്ഞത് മാൾത്തൂസ് ആണ്. അതിനെ ഡാർവിൻ പരിണാമവുമായി ബന്ധിപ്പിച്ചതുകൊണ്ട് വേറെ ആരെങ്കിലും “അതിജീവനത്തിനുള്ള മത്സരം” (struggle for existence) എന്ന് പറഞ്ഞാൽ അവരെല്ലാം എങ്ങനെയാണ് പരിണാമവാദികൾ ആവുന്നത്?  മോശം കാലാവസ്ഥയെ തരണം ചെയ്യാനുള്ള പാരമ്പര്യ  ഘടകങ്ങൾ ഡാർവിൻ പറഞ്ഞതുപോലെ ജെമ്യൂളുകൾ വഴി ഈ ചെടിയുടെ പൂമ്പൊടിയിലും അണ്ഡത്തിലുമെത്തുകയും തുടർന്ന് പ്രതികൂല കാലാവസ്ഥയെ തരണം ചെയ്യാനുള്ള  സ്വഭാവങ്ങൾ അടുത്ത  തലമുറയിൽ ബ്ലെൻഡ് ചെയ്‌ത്‌ പുതിയ സ്പീഷിസ് ഉണ്ടാവുകയും ആ പുതിയ സ്പീഷിസ്  അതിജീവനത്തിനുള്ള മത്സരത്തിൽ വിജയിച്ചേക്കാമെന്നുമാണോ മെൻഡൽ പറഞ്ഞത്?

 

മെൻഡലിന്‌ ഇന്ന് തിരികെ വന്ന്  നമ്മോട് തന്‍റെ ഭാഗം ന്യായീകരിക്കാൻ കഴിയില്ല. എങ്കിലും തന്‍റെ എഴുത്തുകളിൽ നിന്നും അദ്ദേഹം ഒരു സൃഷ്ടിവാദിയായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. ഡാർവിന്‍റെ  ആശയങ്ങളെ  തന്‍റെ ലേഖനത്തിൽ എതിർത്തതുകൊണ്ട് മാത്രമാണ് അന്നത്തെ പരിണാമവാദികളായ ശാസ്ത്രജ്ഞർ മെൻഡലിന്‍റെ ഗവേഷങ്ങളെ നീണ്ട 34 വർഷങ്ങൾ  ശ്രദ്ധിക്കാതെ തള്ളിക്കളഞ്ഞത്. മെൻഡലിന്‍റെ പഠനം പ്രശസ്തമായതോടെ പരിണാമസിദ്ധാന്തത്തിന് ഇടിവ് തട്ടിയെന്ന്  അദ്ദേഹത്തിന്‍റെ ലേഖനം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ വില്യം ബേറ്റ്സൺ 1914-ൽ നടത്തിയ പ്രസംഗത്തിൽ നിന്നും വ്യക്തമാണ്.  വില്യം ബേറ്റ്സൺ ഇങ്ങനെ പറയുന്നു- “chief conclusion I draw was the negative one, that, though we must hold to our faith in the evolution of species, there is little evidence as to how it has come about, and no clear proof that the process is continuing in any considerable degree at the present time’’. ( https://link.springer.com/article/10.1007%2Fs11191-013-9631-4 )   ഒടുവിൽ ഒരു വഴിയും കാണാതെ 1930-കളിൽ മ്യൂട്ടേഷനിൽ കയറിപ്പിടിക്കുകയും മ്യൂട്ടേഷൻ വഴി വ്യതിയാനങ്ങൾ ഉണ്ടായിട്ടാണ് പുതിയ സ്പീഷിസുകൾ  ഉണ്ടാവുന്നതെന്നുമുള്ള കഥകളുമായി നിയോഡാർവിനിസം വരുന്നതും. നിരീശ്വരവാദികളുടെ സൃഷ്ടികഥയായ പരിണാമത്തെ എതിർക്കുന്നത് ഇന്നും അവരെ അസ്വസ്ഥരാക്കുന്നു. അങ്ങനെ എതിർക്കുന്നവരെ പണ്ട് മെൻഡലിനെ അവഗണിച്ചത് പോലെ  ഇന്നും അവർ ശാസ്ത്രലോകത്തിൽ ഒറ്റപ്പെടുത്തുന്നു.

 

ലേഖനകര്‍ത്താവ്: ബ്രദര്‍ Jijo John