യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)

(ഈ ലേഖനത്തിലെ ഉദ്ധരണികള്‍ മുഴുവനും ജോഷ്‌ മക്‌ഡവലിന്‍റെ ‘ഒരു വിധി അര്‍ഹിക്കുന്ന പുതിയ തെളിവ്‌’ എന്ന ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)

 

ഈ പരമ്പരയുടെ ഒന്നാം ഭാഗത്തില്‍, യേശുക്രിസ്തുവിനെ കുറിച്ച് സമകാലീനരോ അടുത്ത തലമുറയിലോ ഉള്ളവരായ അക്രൈസ്തവ എഴുത്തുകാരുടെ സാക്ഷ്യങ്ങളാണല്ലോ നല്‍കിയിരുന്നത്.  ഈ അവസാന ഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന അപ്പൊസ്തലിക പിതാക്കന്മാരുടെയും സഭാപിതാക്കന്മാരുടെയും യേശുക്രിസ്തുവിനെ കുറിച്ചുള്ള സാക്ഷ്യങ്ങളും ചരിത്രപണ്ഡിതന്‍മാരുടെ വ്യാഖ്യാനങ്ങളും നല്‍കുന്നു:

 

അപ്പൊസ്തലന്മാരുടെ കാലം കഴിഞ്ഞ്, അവരുടെ കാലടികള്‍ പിന്തുടര്‍ന്നവരുടെ എഴുത്തുകളിലാണ് യേശുവിനെക്കുറിച്ചുള്ള ചരിത്രപരമായ സാധുതകള്‍ കണ്ടെത്തുന്ന വിശദമായ ക്രിസ്തീയ ഉറവിടമുള്ളത്. ഇവരില്‍ ചിലര്‍ സഭാ നേതാക്കളായിരുന്നു. തിരുവെഴുത്തുകളില്‍ വെളിപ്പെട്ടത് പോലെയും അപ്പോസ്തലന്മാര്‍ പഠിപ്പിച്ചത് പോലെയും യേശു മനുഷ്യാവതാരം ചെയ്ത ദൈവപുത്രനാണെന്ന് ഇവരെല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്നു. ഇവരുടെ എഴുത്തുകളില്‍ നിന്ന് യേശുക്രിസ്തുവിന്‍റെ ചരിത്രപരമായ സാധുതയെ കുറിച്ച് പറയുന്ന സുപ്രധാന സൂചനകളുടെ ചില സാമ്പിളുകള്‍ താഴെ കൊടുക്കുന്നു:

 

I. റോമിലെ ക്ലെമെന്ത്

 

ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോട് കൂടി റോമിലെ സഭയുടെ ബിഷപ്പായിരുന്നു ക്ലെമെന്ത്. കൊരിന്തിലെ സഭയില്‍ സഭാനേതൃത്വവും ആത്മായരും തമ്മില്‍ ഒരു ഭിന്നതയുണ്ടായപ്പോള്‍ രമ്യതയുണ്ടാക്കുന്നതിനു “കൊരിന്ത്യര്‍” എന്ന ഒരു ലേഖനം അദ്ദേഹം എഴുതി. തന്‍റെ ലേഖനത്തില്‍ ക്ലെമെന്ത് പറയുന്നു:

 

“അപ്പോസ്തലന്മാര്‍ക്ക് സുവിശേഷം നമുക്കുവേണ്ടി കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്ന് ലഭിച്ചു; യേശുക്രിസ്തുവിനെ ദൈവം അയച്ചു. അങ്ങനെ ക്രിസ്തു ദൈവത്തില്‍നിന്നും അപ്പോസ്തലന്മാര്‍ യേശുക്രിസ്തുവില്‍ നിന്നും വന്നു. അതുകൊണ്ട് രണ്ടും ദൈവത്തിന്‍റെ നിയതമായ ക്രമത്തില്‍ ദൈവേഷ്ടത്തില്‍ നിന്ന് ഉളവായി. ദൌത്യം ലഭിച്ചതിന്‍റെ ഫലമായും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ഉയിര്‍പ്പ് മൂലം പൂര്‍ണ്ണ നിശ്ചയം വന്നതിനാലും, പരിശുദ്ധാത്മാവിലൂടെ ദൈവവചനത്തില്‍ ഉറച്ചതിനാലും ദൈവരാജ്യം വരുമെന്നുള്ള സന്തോഷത്തോടെ അവര്‍ പുറപ്പെട്ടുപോയി. നാട്ടിലും നഗരത്തിലും പ്രസംഗിച്ചു കൊണ്ട് ആത്മാവിനാല്‍ തെളിയിക്കപ്പെട്ടിട്ട് അവര്‍ തങ്ങളുടെ ആദ്യഫലങ്ങളെ, വിശ്വസിച്ചവരുടെ മേല്‍ ബിഷപ്പന്മാരായും ദിയോക്കന്മാരായും നിയമിച്ചു.” (കൊരിന്ത്യര്‍.42)

 

II. ഇഗ്നേഷ്യസ്‌

 

റോമില്‍ വെച്ചുള്ള തന്‍റെ മരണ ശിക്ഷ നടപ്പാക്കുന്നതിനു മുന്‍പ്‌ അന്ത്യോക്കയിലെ ബിഷപ്പായിരുന്ന ഇഗ്നേഷ്യസ്‌ ഏഴു എഴുത്തുകള്‍ എഴുതി. ആറെണ്ണം വിവിധ സഭകള്‍ക്കും ഒന്ന് തന്‍റെ സ്നേഹിതന്‍ പോളിക്കാര്‍പ്പിനും. ആ എഴുത്തുകളിലുള്ള മൂന്നു സൂചനകള്‍ ചരിത്ര പുരുഷനായ യേശുവിനെ വെളിപ്പെടുത്തുന്നവയാണ്:

 

  1. “ദാവീദിന്‍റെ വംശത്തില്‍പെട്ട, മറിയയുടെ മകനായി യഥാര്‍ത്ഥമായി ജനിച്ച, തിന്നുകയും കുടിക്കുകയും ചെയ്ത യേശുക്രിസ്തു, പൊന്തിയോസ് പിലാത്തോസിന്‍റെ കീഴില്‍ സത്യമായി (വാസ്തവമായി) കഷ്ടപ്പെട്ടു, വാസ്തവമായി ക്രൂശിക്കപ്പെടുകയും സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ളവര്‍ കാണ്‍കെ മരിക്കുകയും ദൈവം അവനെ ഉയര്‍പ്പിക്കുകയും ചെയ്തതിനാല്‍ അവനില്‍ വിശ്വസിക്കുന്ന നമ്മേയും അവന്‍ അതേപോലെ തന്നെ ഉയിര്‍പ്പിക്കുകയും ചെയ്യും” (Trallians, 5)

 

  1. “അവന്‍ വാസ്തവമായി ജഡത്തില്‍ ദാവീദിന്‍റെ വംശത്തില്‍പ്പെട്ടവനായിരുന്നു, എന്നാല്‍ ദൈവിക ഇച്ഛയുടേയും ശക്തിയുടെയും ഫലമായി ദൈവപുത്രനായിരുന്നു., വാസ്തവമായി ഒരു കന്യകയില്‍ ജനിച്ചവനും സകല നീതിയും അവനില്‍ നിവൃത്തിയാകേണ്ടതിനു യോഹന്നാനാല്‍ സ്നാനം എടുത്തവനും ആയിരുന്നു. വാസ്തവമായി പോന്തിയാസ്‌ പിലാത്തോസിന്‍റെയും ഹെരോദാ രാജാവിന്‍റെയും കീഴില്‍ നമുക്കുവേണ്ടി ജഡത്തില്‍ ആണിയടിക്കപ്പെട്ടവനും ആയിരുന്നു. (അതിന്‍റെ ആദ്യഫലമാണ് നാം. അതായത്, തന്‍റെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട കഷ്ടാനുഭവത്തിന്‍റെ ആദ്യഫലം); തന്‍റെ പുനരുത്ഥാനത്തിലൂടെ എല്ലാ കാലത്തേക്കുമുള്ള ഒരു പ്രതീകം അവന്‍ ഉയര്‍ത്തി” (Smyrneans, 1)

 

  1. “പൊന്തിയോസ് പിലാത്തോസ് ഗവര്‍ണ്ണരായിരുന്ന കാലത്ത് നടന്ന ജനനത്തെക്കുറിച്ചും കഷ്ടാനുഭവത്തെക്കുറിച്ചും പുനരുത്ഥാനത്തെക്കുറിച്ചും നീ പൂര്‍ണ്ണമായി അറിഞ്ഞിരിക്കണം; കാരണം, ഈ കാര്യങ്ങള്‍ നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിനാല്‍ ചെയ്യപ്പെട്ടവയാണ്” (Magnesians, 11)

 

III. ക്വാഡ്രാറ്റസ്

അപ്പൊസ്തലന്മാരുടെയും എതെന്‍സിലെ സഭയുടെ ബിഷപ്പിന്‍റെയും ശിഷ്യനായ ക്വാഡ്രാറ്റസ്, ആദിമ വിശ്വാസസമര്‍ത്ഥകരില്‍ ഒരാളായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായ ഹദ്രിയന്‍റെ (എ.ഡി.125) മുമ്പാകെ വിശ്വാസം സംബന്ധിച്ച പ്രതിവാദം നടത്തുന്ന ക്വാഡ്രാറ്റസിന്‍റെ ചില വരികള്‍ മാത്രമേ സഭാ ചരിത്രകാരനായ യൂസീബിയസിന് സൂക്ഷിച്ചു വെക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇവയാണ് ആ വരികള്‍: “ഞങ്ങളുടെ രക്ഷകന്‍റെ ചെയ്തികള്‍ എല്ലായ്പ്പോഴും നിന്‍റെ മുമ്പാകെ ഉണ്ടായിരുന്നു, അവ ശരിയായ അത്ഭുതങ്ങള്‍ ആയിരുന്നു; രോഗം സൌഖ്യമായവര്‍, മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിക്കപ്പെട്ടവര്‍, കാഴ്ച ലഭിച്ചവര്‍, രോഗസൌഖ്യം ലഭിച്ചപ്പോഴും ഉയിര്‍പ്പിച്ചപ്പോഴും മാത്രമല്ല, എല്ലായ്പ്പോഴും കൂടെയുണ്ടായിരുന്നവര്‍. നമ്മുടെ കര്‍ത്താവ്‌ കൂടെയുള്ളപ്പോള്‍ മാത്രമല്ല, ഈ ഭൂമിയില്‍നിന്നു മടങ്ങിപ്പോയപ്പോഴും അവര്‍ വളരെ നാള്‍ കൂടെ ജീവിച്ചിരുന്നു. അങ്ങനെ അവരില്‍ ചിലര്‍ നമ്മുടെ കാലഘട്ടം വരെ ജീവിച്ചിരുന്നു” (Eusebius, IV:III)

 

തന്‍റെ അത്ഭുതങ്ങളുടെ ചരിത്രപരമായ സാധുതകളിലൂടെ യേശുവിന്‍റെ വാസ്തവമായ അസ്തിത്വത്തെക്കുറിച്ച് ക്വാഡ്രാറ്റസ് തീര്‍ച്ചപ്പെടുത്തുന്നുവെന്ന് ഗാരി ഹാബര്‍മാസ് പറയുന്നു: 1, അത് പരസ്യമായി നടത്തപ്പെട്ടതാകയാല്‍, താല്പര്യമുള്ളവര്‍ക്ക് യേശുവിന്‍റെ അത്ഭുതങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍ പരിശോധിക്കുവാന്‍ സാധിക്കും. അത്ഭുതങ്ങളുടെ ശരിയായി രീതികള്‍ നോക്കുമ്പോള്‍, 2, ചിലര്‍ക്ക് സൌഖ്യമുണ്ടായി, 3, ചിലര്‍ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിക്കപ്പെട്ടു, 4, ഈ അത്ഭുതങ്ങള്‍ നടന്നത് അതേസമയം തന്നെ കണ്ട സാക്ഷികള്‍ ഉണ്ടായിരുന്നു, 5, സൌഖ്യമായവരിലും ഉയിര്‍പ്പിക്കപ്പെട്ടവരിലും ചിലര്‍ ക്വാഡ്രാറ്റസിന്‍റെ കാലം വരെയും ജീവിച്ചിരുന്നു” (Garry R Habermas, ‘The Verdict of History’, p.144)

 

IV. ബര്‍ന്നബാസിന്‍റെ ലേഖനം:

 

ഈ ലേഖനത്തിന്‍റെ ഗ്രന്ഥകര്‍തൃത്വം അജ്ഞാതമാണ്. ബര്‍ന്നബാസ് എന്ന പേര് ലേഖനത്തില്‍ വരുന്നില്ല. അതിനാല്‍ പുതിയ നിയമത്തിലെ ബര്‍ന്നബാസാണ് ഇതെഴുതിയത് എന്ന കാര്യം പണ്ഡിതന്മാര്‍ നിഷേധിക്കുന്നു. ഹാബര്‍മാസ് പറയുന്നത്, “ഈ ലേഖനത്തിന്‍റെ കാലഘട്ടം ഒന്നാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധം മുതല്‍ രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യഭാഗം വരെ വളരെയധികം വ്യത്യസ്തമായി കിടക്കുകയാണ്. പൊതുവേ സ്വീകരിച്ചിരിക്കുന്ന തീയതി 130-138 എ.ഡി.യാണ്” (Garry R Habermas, ‘The Verdict of History’, p.145). നേരത്തെ വസ്തുതകളായി അംഗീകരിക്കപ്പെട്ട അനേക സംഭവങ്ങളും ഈ ലേഖനം സ്ഥിരീകരിക്കുന്നു. ഈ ലേഖനത്തിന്‍റെ സെക്ഷന്‍ 5-ല്‍ നാം ഇപ്രകാരം വായിക്കുന്നു:

 

“മരിച്ചവരില്‍ നിന്നുള്ള ഉയിര്‍പ്പ് കാണിക്കുന്നതിന് വേണ്ടി താന്‍ കഷ്ടത സഹിച്ചു, അതിന് ജഡത്തില്‍ വെളിപ്പെടേണ്ടത്‌ ആവശ്യമായിരുന്നു; സഭാപിതാക്കന്മാര്‍ക്ക് നല്‍കിയ വാഗ്ദാനം കാത്തുസൂക്ഷിക്കെണ്ടതുണ്ടായിരുന്നു, താന്‍ ഭൂമിയില്‍ ഉണ്ടായിരുന്നപ്പോള്‍ തനിക്ക്‌ തന്നെ ഒരു പുതിയ ജനത്തെ ഒരുക്കണമായിരുന്നു, പുനരുത്ഥാനം കഴിഞ്ഞ് താന്‍ തന്നെ ന്യായവിധി നടപ്പാക്കും. ഇസ്രായേലിനെ ഉപദേശങ്ങള്‍ പഠിപ്പിച്ചു, അതിശയങ്ങളും അത്ഭുതങ്ങളും നടത്തി, അത്രയധികം ഇസ്രായേലിനെ സ്നേഹിച്ചു. തന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനായി അപ്പോസ്തലന്മാരെ തിരഞ്ഞെടുത്തു, താന്‍ നീതിമാന്മാരെയല്ല പാപികളെയാണ് രക്ഷിക്കുവാന്‍ വന്നത് എന്ന് കാണിക്കുവാന്‍, അവന്‍ ദൈവപുത്രന്‍ എന്ന് വെളിപ്പെട്ടു. (Josh McDowell and Bill Wilson, ‘He Walked Amoung Us’, p.83) ഏഴാമത്തെ സെക്ഷനില്‍ ഗ്രന്ഥകര്‍ത്താവ്‌ പറയുന്നു: “അവന്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ അവനു കുടിക്കുന്നതിനു ചൊറുക്ക കൊടുത്തു” (Josh McDowell and Bill Wilson, ‘He Walked Amoung Us’, p.83)

 

V. അരിസ്റ്റൈഡിസ്

 

രണ്ടാം നൂറ്റാണ്ടിലെ എതെന്‍സിലെ ഒരു ക്രിസ്തീയ വിശ്വാസസമര്‍ത്ഥകനും തത്വജ്ഞാനിയും ആയിരുന്നു അരിസ്റ്റൈഡിസ്. അര്‍മീനിയന്‍, സിറിയക്‌, ഗ്രീക്ക്‌ എന്നീ പതിപ്പുകളില്‍ 19-)o നൂറ്റാണ്ടില്‍ കണ്ടുപിടിക്കപ്പെടുന്നത് വരെ തന്‍റെ കൃതി നഷ്ടപ്പെട്ടു പോയതായി വിചാരിച്ചിരുന്നു. എ.ഡി.138-നും 168-നും ഇടയിലുള്ള കാലത്ത് രാജ്യം ഭരിച്ചിരുന്ന ആന്‍റോണിയസ് പയസ്‌ എന്ന റോമന്‍ ചക്രവര്‍ത്തിയോട് തന്‍റെ ക്രിസ്തുമാര്‍ഗ്ഗത്തെക്കുറിച്ചുള്ള വാദങ്ങള്‍ താന്‍ നിരത്തി. ഈ പ്രബന്ധത്തിന്‍റെ ഇടയില്‍, അരിസ്റ്റൈഡിസ് യേശുക്രിസ്തുവിനെ വര്‍ണ്ണിക്കുന്നത്:

 

“അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍, പരിശുദ്ധാത്മാവിനാല്‍ വെളിപ്പെട്ടു, സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, ഒരു എബ്രായ കന്യകയില്‍ ജനിച്ചു. തന്‍റെ ജഡം കന്യകയില്‍നിന്നു പ്രാപിച്ചു. മനുഷ്യപ്രകൃതിയില്‍ ദൈവമായി അവതരിച്ചു. സദ്വാര്‍ത്ത കൊണ്ടുവന്ന അവന്‍ തന്‍റെ ജീവന്‍ നല്‍കുന്ന പ്രസംഗത്തിലൂടെ ലോകം മുഴുവന്‍ നേടുന്നതിനു അവനു ഇടയായി… അവന്‍ പന്ത്രണ്ടു അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുകയും തന്‍റെ മധ്യസ്ഥത വഹിക്കുന്ന പ്രകാശം ചൊരിയുന്ന സത്യത്താല്‍ ലോകത്തെ മുഴുവന്‍ പഠിപ്പിക്കുകയും ചെയ്തു. യെഹൂദരാല്‍ ആണികളടിച്ചു അവന്‍ ക്രൂശിക്കപ്പെട്ടു, അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തു സ്വര്‍ഗ്ഗത്തിലേക്ക്‌ കയറി. ലോകം മുഴുവനും തന്‍റെ ശിഷ്യന്മാരെ അയക്കുകയും ജ്ഞാനം നിറഞ്ഞ ദൈവിക അതിശയങ്ങളാല്‍ സകലരേയും ഉപദേശിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങള്‍ ഇന്നുവരെയും പൂക്കളും ഫലങ്ങളും ഉണ്ടാക്കുന്നു. ലോകത്തെ മുഴുവന്‍ പ്രകാശത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. (G.L.Carey, “Aristides (second century)”, The New International Dictionary of Christian Church, p.68)

 

VI. ജസ്റ്റിന്‍ മാര്‍ട്ടിയര്‍

 

ആദിമക്രിസ്തീയ വിശ്വാസ സംരക്ഷകരില്‍ അഗ്രഗണ്യനായിരുന്നു ജസ്റ്റിന്‍ മാര്‍ട്ടിയര്‍ എന്നാണ് പണ്ഡിത മതം. ഏതാണ്ട് എ.ഡി.100-നോടടുപ്പിച്ച് ജനിക്കുകയും ചാട്ടവാറാലടിക്കപ്പെട്ട് എ.ഡി.167-ല്‍ തന്‍റെ വിശ്വാസത്തിനു വേണ്ടി ശിരഃച്ഛേദം ചെയ്യപ്പെടുകയും ചെയ്തു. സ്റ്റോയിസിസം, അരിസ്റ്റോട്ടിലിയനിസം, പൈത്തഗോറിയനിസം, പ്ലേറ്റോണിയനിസം തുടങ്ങി പ്രസിദ്ധമായ തത്വശാസ്ത്രങ്ങളില്‍ വിളങ്ങിയിരുന്ന ജസ്റ്റിന്‍, തന്‍റെ കാലത്തെ ഒരു പണ്ഡിതനായിരുന്നു (G.L.Carey, “Justin Martyr”, The New International Dictionary of Christian Church, p.655). ക്രിസ്തുവിലേക്കുള്ള തന്‍റെ മാനസാന്തരത്തിനു ശേഷം “തന്‍റെ റോമിലുള്ള സ്വകാര്യ സ്കൂളില്‍ താത്വികമായി ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ പ്രൊഫസ്സറായിത്തീര്‍ന്നു. താന്‍ ഒരു അത്മായന്‍ ആയതിനാല്‍ ഒരുപക്ഷേ, സ്വന്തം വീട്ടിലായിരിക്കാം സ്കൂള്‍ ആരംഭിച്ചത്. ഉപദേശത്തിന്‍റെ ശുശ്രൂഷയിലും സുവിശേഷീകരണത്തിലും കാലം കഴിച്ച് റോമാ സാമ്രാജ്യം മുഴുവന്‍ അദ്ദേഹം യാത്ര ചെയ്തിരുന്നതായി മനസ്സിലാക്കാം” (Russ L Bush, Classical Readings in Christian Apologetics, p.3)

 

തന്‍റെ അനേകം കൃതികളില്‍, പുതിയ നിയമ എഴുത്തുകളിലെ വിശ്വാസത്തെ ആധാരമാക്കി തന്‍റെ വാദം പണിയുകയും, അവയില്‍ രേഖപ്പെടുത്തിയിരിക്കുന്ന അനേക സംഭവങ്ങള്‍ തന്‍റെ സ്വതന്ത്രമായ പ്രമാണവല്‍ക്കരണത്തിന് ഇടയാകുകയും ചെയ്തു. ക്രിസ്തുവിനെക്കുറിച്ചുള്ള ചില വിവരങ്ങളുടെ കൃത്യത സംബന്ധിച്ച തന്‍റെ കൃതികളുടെ ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു:

 

  1. “യെരുശലേമില്‍ നിന്ന് 35 സ്റ്റേഡിയ (ഒരു സ്റ്റേഡിയ ഏകദേശം 600 അടി) അകലെ യേശു ജനിച്ച ഒരു ഗ്രാമം യെഹൂദന്മാരുടെ നാട്ടില്‍ ഉണ്ടായിരുന്നു. ഇത് യെഹൂദ്യയിലെ അന്നത്തെ മുക്ത്യാര്‍ ആയിരുന്ന കുറേന്യോസിന്‍റെ കാലത്ത് ഉണ്ടായിരുന്ന നികുതി സംബന്ധമായ രെജിസ്റ്ററില്‍ നിന്ന് മനസ്സിലാക്കാം” (First Apology, p.34)

 

  1. “നിങ്ങളുടെ നാട്ടില്‍ നാടുവാണിരുന്ന ഹെരോദാവിന്‍റെ അടുക്കല്‍ ആദ്യം പോയ അറേബ്യയില്‍ നിന്ന് വന്ന വാനശാസ്ത്രജ്ഞന്മാര്‍ അവന്‍റെ ജനനത്തിങ്കല്‍ അവനെ നമസ്കരിച്ചു” (Dialogue with Trypho, p.77)

 

  1. “അവനെ ക്രൂശിച്ചപ്പോള്‍ അവന്‍റെ കയ്യും കാലും ആണിയടിച്ചു തുളച്ചു; അവനെ ക്രൂശിച്ചവര്‍ അവന്‍റെ വസ്ത്രത്തിന് വേണ്ടി ചീട്ടിട്ട് അതിന്‍റെ അടിസ്ഥാനത്തില്‍ അത് പങ്കു വെച്ചു” (Dialogue with Trypho, p.97)

 

  1. “തന്‍റെ ക്രൂശീകരണം കഴിഞ്ഞ്, തന്നെ തള്ളിപ്പറഞ്ഞതിനു ശേഷം, അവന്‍റെ ശിഷ്യന്മാര്‍ അവനെവിട്ട് ഓടിപ്പോയി; അതിനുശേഷം അവന്‍ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്ത് അവര്‍ക്ക്‌ പ്രത്യക്ഷനായിക്കഴിഞ്ഞു ഈ സംഭവങ്ങളെല്ലാം നടക്കേണ്ടതാണെന്നുള്ള പ്രവചനങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷം, അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് കരേറിപ്പോയത് അവര്‍ കണ്ടപ്പോള്‍, അവര്‍ വിശ്വസിക്കുകയും അവരിലേക്ക് അവന്‍ ശക്തി പകര്‍ന്നിട്ട്, അവര്‍ സകല ജാതികളിലേക്കും പോയപ്പോള്‍, അവര്‍ ഇക്കാര്യങ്ങള്‍ ഉപദേശിച്ചു; അങ്ങനെ അപ്പോസ്തലന്മാരെന്നു വിളിക്കപ്പെട്ടു” (First Apology, p.50)

 

  1. “ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തുകഴിഞ്ഞിട്ടെങ്കിലും നിങ്ങള്‍ (യെഹൂദന്മാര്‍) ദുഷ്ടത വിട്ട് അനുതപിക്കണമെന്ന ഉപദേശത്തോടെ യോനയുടെ അടയാളം നിങ്ങള്‍ക്ക് തരുമെന്ന് ക്രിസ്തു പറഞ്ഞു… നിങ്ങള്‍ അനുതപിച്ചില്ല എന്ന് മാത്രമല്ല, ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തുവെന്നു അറിഞ്ഞു കഴിഞ്ഞ്, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരും അഭിഷിക്തരും ആയ മനുഷ്യരെ ലോകം മുഴുവന്‍ അയച്ചു, യേശു എന്ന്‍ പറയുന്ന ഒരു ഗലീലിയന്‍ ചതിയന്‍ തെറ്റായ ഉപദേശം പഠിപ്പിക്കുന്നുണ്ട് എന്ന് പറയുകയും നിങ്ങള്‍ ക്രൂശിച്ചവനെ അവന്‍റെ ശിഷ്യന്മാര്‍ കല്ലറയില്‍ നിന്ന് എടുത്തുകൊണ്ടുപോയെന്നും അവന്‍ ഉയിര്‍ത്തെന്നും സ്വര്‍ഗ്ഗത്തിലേക്ക് കയറി എന്നു പറഞ്ഞ് ആളുകളെ അവര്‍ ചതിക്കുകയും ചെയ്തു എന്ന് പറയുന്നു” (Dialogue with Trypho, p.108)

 

VII ഹെജസിപ്പസ്

 

“അപ്പൊസ്തലന്മാരുടെ കാലഘട്ടത്തിനടുത്താണ് ഹെജസിപ്പസ് ജീവിച്ചിരുന്നതെന്ന് ജെറോം പറയുന്നു. ഹെജസിപ്പസ് ഒരു യെഹൂദാനയിരുന്നുവെന്നും അയാളുടെ കൃതികള്‍ സ്മരണകളുടെ അഞ്ചു ഗ്രന്ഥങ്ങളില്‍ കാണാമെന്നും യൂസീബിയസ് പറയുന്നു.” യൂസീബിയസിന്‍റെ കൃതിയില്‍ ഈ സ്മരണകളുടെ തുണ്ടുകള്‍ മാത്രമാണ് കാണുന്നത്. ഹെജസിപ്പസ് വളരെയേറെ യാത്ര ചെയ്തിരുന്നെന്നും “അപ്പൊസ്തലന്മാരുടെ കൈയ്യില്‍ നിന്ന് പിന്‍ഗാമികളിലേക്ക് യേശുവിനെക്കുറിച്ചുള്ള ശരിയായ കഥയാണോ കൈമാറിയത് എന്ന് തീരുമാനിക്കാനുള്ള ആഗ്രഹത്തോടെ യാത്ര ചെയ്തിരുന്നെന്നും ആണ് അവ എടുത്തുകാണിക്കുന്നത്.” കൊരിന്തിലെ കലങ്ങിയ സഭയില്‍ പോലും അത് ശരിയാണ് എന്ന് അയാള്‍ കണ്ടു. യൂസീബിയസ് പിന്നീട് ഉദ്ധരിച്ചത് പോലെ, “പ്രൈമസ് ബിഷപ്പാകുന്നത് വരെ കൊരിന്ത്യസഭ ശരിയായ സിദ്ധാന്തത്തില്‍ തുടര്‍ന്നു. എന്‍റെ റോമിലേക്കുള്ള യാത്രാമധ്യേ ഞാന്‍ അവരുമായി ഇടപെടുകയും അവരുമായി പലദിവസങ്ങള്‍ ചിലവഴിക്കുകയും ശരിയായ സിദ്ധാന്തം എന്താണെന്ന് കണ്ടു സന്തോഷിക്കുകയും ചെയ്തു. റോമില്‍ വന്നതിനു ശേഷം ഞാന്‍ അനിസെറ്റസ് വരെയുള്ള ക്രമാനുക്രമ സംഭവം ഒന്നിച്ചു നോക്കി; എല്യൂതെറസ്‌ അനിസെറ്റിസിന്‍റെ ഡീക്കനും, സോട്ടെര്‍ അനിസെറ്റിസിന്‍റെ പിന്‍ഗാമിയും ആയിരുന്നു. സകല ബിഷപ്പുമാരുടെ നിരയിലും സകല പട്ടണത്തിലും ന്യായപ്രമാണത്തിന്‍റെ പ്രസംഗത്തിലും പ്രവാചകന്മാരിലും കര്‍ത്തവിലും കാര്യങ്ങള്‍ ഒത്തുവരുന്നുണ്ട്” (Eusebius, ‘The History of the Church’ 9, 22.2)

 

യേശുവിനെക്കുറിച്ചുള്ള അനുപേക്ഷണീയമായ വസ്തുതകളും അവന്‍റെ ഉപദേശങ്ങളും അപ്പോസ്തലന്മാര്‍ കൈമാറിയതും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കും തലമുറതലമുറയായും ഉള്ള സഭകള്‍ വിശ്വസ്തതയോടെ കൈമാറിയതും കാത്തുസൂക്ഷിച്ചതും ആയവയാണ്. തീരുമാനം ഇതാണ്, “ആദിമസഭാ ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും, സുവിശേഷങ്ങളില്‍ പറയുന്ന യേശുവിന്‍റെ ജീവിതത്തിലെ ചരിത്രപരമായ വിവരങ്ങള്‍ ശരിയാണെന്നും വിശ്വസിക്കാമെന്നും സാക്ഷ്യപ്പെടുത്തുന്നു.” (Josh McDowell and Bill Wilson, ‘He Walked Amoung Us, Evidence for the Historical Jesus’; p.87)

 

ബോസ്റ്റണ്‍ യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ എമിററ്റ്സ് ആയ ഹോവാര്‍ഡ് ക്ലാര്‍ക്ക് കീ പുതിയ നിയമത്തിനു വെളിയിലുള്ള ഉറവിടങ്ങളെപ്പറ്റി താഴെ വരുന്ന നിഗമനങ്ങളില്‍ എത്തുന്നു, “യേശുവിനെക്കുറിച്ചുള്ള നമ്മുടെ അറിവിനെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്ന പുതിയ നിയമ ഉറവിടങ്ങളുടെ വിശദമായ പരിശോധനയുടെ അനന്തരഫലം, അവന്‍റെ ചരിത്രപരമായ അസ്തിത്വത്തെയും അമാനുഷികമായ ശക്തിയേയും അവന്‍റെ ശിഷ്യന്മാരുടെ ഭക്തിയെയും, യെരുശലേമില്‍ റോമന്‍ ഗവര്‍ണ്ണറുടെ കൈയാലുള്ള അവന്‍റെ മരണത്തിനു ശേഷം ഈ പ്രസ്ഥാനത്തിന്‍റെ നിലനില്‍പ്പിനെയും ഒന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തില്‍ റോമില്‍ തന്നെ ക്രിസ്തുമാര്‍ഗ്ഗം മേലേ തട്ടിലേക്ക് പടര്‍ന്നു കയറിയതിനെയും സ്ഥിരീകരിക്കുന്നു” (Howard Clark Kee, ‘What Can We Know About Jesus?’ p.19)

 

കീ കൂട്ടിച്ചേര്‍ക്കുന്നു: “യേശുവിനെക്കുറിച്ചുള്ള പാരമ്പര്യം പല രീതിയില്‍ പ്രസരണം നടത്തിയിട്ടുണ്ടെങ്കിലും, ഈ വ്യക്തിയുടെ ജീവിതം, ഉപദേശങ്ങള്‍, മരണം എന്നിവ മനുഷ്യവര്‍ഗ്ഗത്തിന്‍റെ തുടര്‍ന്നുള്ള ചരിത്രത്തില്‍ അഗാധമായ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതിന് നമുക്ക്‌ വ്യക്തവും ശ്രദ്ധേയമായ വിധത്തില്‍ സ്ഥിരതയുമുള്ള തെളിവിന്‍റെ ഒരു നീണ്ട നിര തന്നെയുണ്ട്. (Howard Clark Kee, ‘What Can We Know About Jesus?’ p.114)

 

എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 1974-ലെ പതിപ്പില്‍, ലേഖകന്‍ യേശുക്രിസ്തുവിനെക്കുറിച്ച് എഴുതുമ്പോള്‍ 20,000 വാക്കുകള്‍ അവനെ വിവരിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്:

 

“18-ം നൂറ്റാണ്ടിന്‍റെ സമാപന സമയത്തും 19-ം നൂറ്റാണ്ടിലും 20-ം നൂറ്റാണ്ടിന്‍റെ ആരംഭത്തിലും പല ഗ്രന്ഥകര്‍ത്താക്കളും കൃത്യമായും മതിയായ കാരണം കൂടാതെയും യേശുവിന്‍റെ ചരിത്രപരമായ സാധുതയെക്കുറിച്ച് എതിര്‍ത്തപ്പോള്‍, പൌരാണിക കാലത്ത് എതിരാളികള്‍ പോലും അതിനെക്കുറിച്ച് സംശയിച്ചിരുന്നില്ല എന്നത് ഈ സ്വതന്ത്രമായ വിവരണങ്ങള്‍ തെളിയിക്കുന്നു” (Encyclopedia Brittanica, p.145)

 

(ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നത് 1974-ലാണെന്ന് ഓര്‍ക്കണം. അതായത്, പണ്ഡിതലോകം “യേശുമിഥ്യാസിദ്ധാന്തം” തള്ളിക്കളഞ്ഞതായി ബ്രിട്ടാനിക്ക പറയുന്ന ആ കാലഘട്ടത്തിലാണ്, പാശ്ചാത്യ നിരൂപകര്‍ ചവറ്റുകുട്ടയിലേക്ക് തള്ളിക്കളഞ്ഞ ആ സിദ്ധാന്തവും എടുത്തുകൊണ്ട് കേരളത്തില്‍ ഇടമറുക് വരുന്നത്! പല യുക്തന്മാരുടെയും ഈ വിഷയത്തിലുള്ള അറിവ് ഏറ്റവും കുറഞ്ഞത് നൂറു കൊല്ലമെങ്കിലും പുറകിലാണ്!! പുരാവസ്തുഗവേഷണ രംഗത്തും ചരിത്രരേഖകളുടെ കാര്യത്തിലും യേശുക്രിസ്തുവിന്‍റെ അസ്തിത്വത്തിനെ സാധൂകരിക്കുന്ന അസംഖ്യം പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് അവരൊന്നും കേട്ടിട്ട് പോലുമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ടു ഫേസ്ബുക്കില്‍ ആദ്യം ഞാന്‍ ചര്‍ച്ച നടത്തിയത് FT യിലാണ്. വാസ്തവത്തില്‍ അന്ന് എന്‍റെ ധാരണ എന്നോട് ചര്‍ച്ചക്ക്‌ വരുന്നവര്‍ ഈ വിഷയത്തില്‍ അപ്ഡേറ്റ് ആയിരിക്കും എന്നായിരുന്നു. പക്ഷെ അവര്‍ മുന്നോട്ടു വെച്ച വാദമുഖങ്ങളും അതിനെ സാധൂകരിക്കാന്‍ നല്‍കിയ തെളിവുകളും കണ്ടപ്പോഴാണ്, അവരൊക്കെ എത്രയോ വര്‍ഷം പുറകിലാണ് എന്നെനിക്ക് മനസ്സിലായത്‌.)

 

യേശുവിന്‍റെ ചരിത്രപരമായ അസ്തിത്വം നിഷേധിക്കുന്നവരോട് പ്രസിദ്ധ ബ്രിട്ടീഷ്‌ പുതിയ നിയമ പണ്ഡിതന്‍ ഐ. ഹോവാര്‍ഡ് മാര്‍ഷല്‍ പറയുന്നു: “ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ സ്ഥാപകന്‍ യഥാര്‍ത്ഥമായി ജീവിച്ചിരുന്നുവെന്ന സത്യം സ്വീകരിക്കാതെ ക്രിസ്തുസഭയുടെ വളര്‍ച്ചയെക്കുറിച്ചോ, സുവിശേഷങ്ങള്‍ എഴുതപ്പെട്ടതും അവയുടെ പിന്നിലുള്ള പാരമ്പര്യത്തിന്‍റെ ഒഴുക്കും സംബന്ധിച്ചോ വിവരിക്കുന്നത് അസാധ്യമാണ്‌. (Marshall I. Howard, ‘I Belive in the Historical Jesus’. p.24)

 

പുതിയ നിയമം പ്രദാനം ചെയ്യുന്ന അത്രമാത്രം വിവരങ്ങള്‍ അക്രൈസ്തവ ഉറവിടങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ പോലും, യേശുവിനെക്കുറിച്ചുള്ള വേദപുസ്തകചിത്രീകരണത്തിന്‍റെ അടിസ്ഥാന വസ്തുതകള്‍ക്ക്‌ അവ ഉപോദ്ബലനം നല്‍കുന്നുണ്ട്. ഒരു പുതിയനിയമ പ്രൊഫസര്‍ ആയ റോബര്‍ട്ട് സ്റ്റയിന്‍ പറയുന്നു: “അക്രൈസ്തവ ഉറവിടങ്ങള്‍ യുക്തിയുക്തമായ, സംശയലേശമന്യേ കുറഞ്ഞപക്ഷം താഴെപ്പറയുന്ന കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നു:

 

  1. യേശു ഒരു ചരിത്രപുരുഷന്‍ ആയിരുന്നു. ഇത് ഊന്നിപ്പറയുന്നത് വിഡ്ഢിത്തമായിട്ടു തോന്നാം. എന്നാല്‍ സംവത്സരങ്ങളിലൂടെ യേശു ജീവിച്ചിരുന്നു എന്നത് ചിലര്‍ തിരസ്കരിച്ചിട്ടുണ്ട്. അക്രൈസ്തവ ഉറവിടങ്ങള്‍ അങ്ങനെയുള്ള നിരര്‍ത്ഥഭാഷണം തള്ളിക്കളഞ്ഞിട്ടുണ്ട്.

 

  1. നമ്മുടെ യുഗത്തിലെ ഒന്നാം നൂറ്റാണ്ടില്‍ യേശു പലസ്തീനില്‍ ജീവിച്ചിരുന്നു.

 

  1. യേശുവിന്‍റെ മരണത്തില്‍ യെഹൂദ മേധാവികള്‍ ഇടപെട്ടിരുന്നു.
  2. പൊന്തിയോസ് പിലാത്തോസ് ഗവര്‍ണ്ണര്‍ ആയിരുന്ന കാലത്ത് റോമാക്കാര്‍ യേശുവിനെ ക്രൂശിച്ചു.

 

  1. യേശുവിന്‍റെ ശുശ്രൂഷ, അത്ഭുതങ്ങള്‍/ മന്ത്രവാദം നിറഞ്ഞതായിരുന്നു” (Robert H. Stein, Jesus the Messiah: A Survey of the Life of Christ. p.49)

 

ആര്‍.ടി.ഫ്രാന്‍സ്‌ എഴുതുന്നു, “അതുകൊണ്ട് യേശുവിന്‍റെ അസ്തിത്വത്തെക്കുറിച്ചും ജനകീയ പിന്തുണയെപ്പറ്റിയും മരണത്തെ സംബന്ധിച്ചും ഏകദേശ കാലഘട്ടത്തെക്കുറിച്ചും അക്രൈസ്തവ തെളിവുകള്‍ ദൃഢവത്കരിക്കുന്നു. (France R.T., Life and Teaching of Christ, New Bible Dictionery, 3rd ed. Ed. by I.Howard Marshall, A.R.Millard, J.I.Paker, D.J.Wiseman, p.564)

 

മിയാമി യൂനിവേഴ്സിറ്റിയിലെ ചരിത്രപ്രൊഫസറായ, എഡ്വിന്‍ യെമാവുചി സ്ഥാപിക്കുന്നത്, മറ്റേതെങ്കിലും മതസ്ഥാപകനെക്കുറിച്ചുള്ളതിലും ചരിത്രപരമായ ഏറെ രേഖകള്‍ കുറെക്കൂടെ മെച്ചമായ രീതിയില്‍ നമുക്ക് ഉണ്ട് (ഉദാ:സൊറവാസ്റ്റര്‍, ബുദ്ധന്‍, മുഹമ്മദ്‌). യേശുക്രിസ്തുവിനെ സാക്ഷിക്കുന്ന അക്രൈസ്തവ ഉറവിടങ്ങളെക്കുറിച്ച് യെമാവുചി പറയുന്നു:

 

“ക്രിസ്തീയ കൃതികള്‍ അടങ്ങിയ പുതിയ നിയമം നമുക്കില്ലായിരുന്നെങ്കില്‍പ്പോലും, ജോസീഫസ്, താല്‍മൂദ്, പ്ലിനി ദി യംഗര്‍ മുതലായ അക്രൈസ്തവ കൃതികളില്‍നിന്നു താഴെ വരുന്ന നിഗമനത്തില്‍ എത്താന്‍ കഴിയുമായിരുന്നു.

 

  1. യേശു ഒരു യെഹൂദ ഉപദേശകന്‍ ആയിരുന്നു.

 

  1. അവന്‍ രോഗസൌഖ്യവും ബാധയോഴിപ്പിക്കലും നടത്തിയിരുന്നതായി വളരെയധികം ആളുകള്‍ വിശ്വസിച്ചിരുന്നു.

 

  1. അവന്‍ യെഹൂദ നേതാക്കളാല്‍ തിരസ്കരിക്കപ്പെട്ടു.

 

  1. ടൈബീരിയസിന്‍റെ ഭരണത്തില്‍ പൊന്തിയാസ് പിലാത്തോസിനാല്‍ ക്രൂശിക്കപ്പെട്ടു.

 

  1. ഈ ലജ്ജാകരമായ മരണം സംഭവിച്ചിട്ടും അവന്‍റെ അനുയായികള്‍ അവന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുകയും പലസ്തീനിന്‍റെ വെളിയില്‍ പരക്കുകയും എ.ഡി.64 ആയപ്പോള്‍ റോമില്‍ അവര്‍ക്ക്‌ വലിയ കൂട്ടം ഉണ്ടാവുകയും ചെയ്തു.

 

  1. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ നാട്ടിലും നഗരത്തിലുമുള്ളവരായി സ്ത്രീകളും പുരുഷന്മാരും അടിമകളും സ്വതന്ത്രരും ആയ അസംഖ്യം ആളുകള്‍ അവനെ ദൈവമായി ആരാധിച്ചുവന്നു” (യെമാവുചി, “Jesus Outside the New Testament: What Is the Evidence?” ‘Jesus Under Fire: Modern Scholarship Reinvents the Historical Jesus’, Edited by Michael J. Wilkins and J.P.Moreland. p.221,222)

 

സുവിശേഷങ്ങളില്‍ യേശുവിന്‍റെ ചരിത്രം അവതരിപ്പിച്ചിരിക്കുന്നത്‌ പക്ഷപാതപരമായിട്ടാണ് എന്നുള്ള ആരോപണം കൂടി നോക്കാം. നോര്‍മന്‍ ഗീസ്ലര്‍ അതിന് ഇപ്രകാരം മറുപടി നല്‍കുന്നു:

 

“(സുവിശേഷ)രചനകള്‍ പക്ഷം പിടിച്ചതാണ് എന്നുള്ള ആരോപണം, സാക്ഷികള്‍ അവര്‍ സാക്ഷ്യം പറയുന്ന ആളിനോട് വളരെ അടുത്ത് അറിയാവുന്നവരായതിനാല്‍ വിശ്വസനീയമല്ല എന്ന തെറ്റായ, എന്നാല്‍ പ്രധാനപ്പെട്ട സാധ്യതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇത് തികച്ചും തെറ്റാണ്. യെഹൂദരുടെ കൂട്ടക്കുരുതി (ജര്‍മ്മനിയില്‍) അതിജീവിച്ച യെഹൂദന്മാര്‍, അവര്‍ വളരെ അടുത്തുകണ്ട സംഭവങ്ങള്‍ ലോകത്തോട് വിളിച്ചു പറയുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് പറവാന്‍ ഈ വസ്തുത അവരെ ഏറ്റവും നല്ല സ്ഥിതിയില്‍ എത്തിക്കുന്നു. അവര്‍ അവിടെയുണ്ടായിരുന്നു. അവര്‍ക്കാണ് അത് സംഭവിച്ചത്. ഒരു ഭീകരമായ ആക്രമണത്തെ അതിജീവിച്ച ഒരാളുടെ കോടതിയിലെ സാക്ഷ്യത്തിനും ഇത് ശരിയാണ്. രണ്ടാം ലോകമഹായുദ്ധത്തിലെ നോര്‍മണ്ടി ആക്രമണം അതിജീവിച്ചവരുടെ കാര്യത്തിലും വിയറ്റ്നാം യുദ്ധത്തിലെ ടെറ്റ് ആക്രമണത്തിന്‍റെ കാര്യത്തിലും അത് വളരെ ശരിയാണ്. പുതിയ നിയമ രചയിതാക്കള്‍ അവര്‍ പറയുന്ന സംഭവത്തോട് അടുത്തുള്ളവരാകയാല്‍ അവരെ അയോഗ്യരാക്കുന്നത് ശരിയല്ല.”

 

ഗ്ലീസര്‍ തുടരുന്നു:

 

“ഒരു കൊലപാതകത്തിനു നാല് ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പിക്കുക. കൊലപാതകം കഴിഞ്ഞ് അവിടെയെത്തി മൃതദേഹം കണ്ട ഒരു സാക്ഷിയും ഉണ്ടായിരുന്നു. കൊലയെക്കുറിച്ച് നേരിട്ടല്ലാത്ത ഒരു റിപ്പോര്‍ട്ട് ലഭിച്ച ആളും ഉണ്ടായിരുന്നു. വിസ്താരസമയത്ത് പ്രതിഭാഗം വക്കീല്‍ വാദിക്കുന്നു: ‘നാല് ദൃക്സാക്ഷിയെ ഒഴിവാക്കിയാല്‍ കേസ്‌ ബലഹീനമാണ്. തെളിവിന്‍റെ അഭാവത്തില്‍ ആരോപണങ്ങള്‍ തള്ളിക്കളയാവുന്നതാണ്.’ വാദം ദുര്‍ബ്ബലമാക്കാന്‍ വേണ്ടിയുള്ള വക്കീലിന്‍റെ തന്ത്രം മാത്രമായി മറ്റുള്ളവര്‍ ഇതിനെ വിലയിരുത്തും. ശക്തമായ തെളിവില്‍ നിന്ന് ആശക്തമായ തെളിവിലേക്ക് ജഡ്ജിയെയും ജൂറിയെയും വഴി തിരിച്ചു വിടുന്ന ഈ പ്രവണതയില്‍ യാതൊരു യുക്തിയുമില്ല. പുതിയ നിയമ സാക്ഷികള്‍ യേശുവിന്‍റെ ദൃക്സാക്ഷികളും സമകാലീന സാക്ഷികളും ആകയാല്‍ അക്രൈസ്തവമതേതര ഉദ്ഭവങ്ങളിലേക്ക് പോകുന്നത് ചതിയാണ്. അതേസമയം യേശുക്രിസ്തുവിനെ സംബന്ധിക്കുന്ന ക്രിയാത്മകമായ തെളിവുകള്‍ പുതിയ നിയമത്തിനു വെളിയില്‍ നിന്നും തപ്പിയെടുക്കാവുന്നതാണ്.’ (Norman L. Geisler, ‘Baker Encyclopedia of Christian Apologetics’. Grand Rapids: Baker, 1998, p.381)

 

തത്വചിന്തകനായ മോര്‍ട്ടിമര്‍ ജെ ആഡ്ലറുടെ ഒരു പ്രസ്താവനയോടെ ഈ ലേഖനം ഉപസംഹരിക്കുന്നു:

“ഒരു പ്രസ്താവനയുടെ സത്യവും അസത്യവും വസ്തുതകളിലാണ് സ്ഥിതി ചെയ്യുന്നത്. ആളുകള്‍ ചെയ്യുന്ന വിധികളിലല്ല. അസത്യമായ ഒരു കാര്യം, ഞാന്‍ സത്യമാണെന്ന് സ്ഥാപിച്ചെന്നിരിക്കാം. എന്‍റെ തീരുമാനമോ നിങ്ങളുടെ തിരസ്കരണമോ യാതൊരുവിധത്തിലും സത്യത്തെയോ അസത്യത്തെയോ മാറ്റിമറിക്കുന്നില്ല. നാം തീരുമാനിച്ചതുകൊണ്ടോ തിരസ്കരിച്ചത് കൊണ്ടോ ഒരു പ്രസ്താവന സത്യമോ അസത്യമോ ആകുന്നില്ല. നാം എന്ത് ചിന്തിച്ചാലും അവയ്ക്ക് സത്യമോ അസത്യമോ ഉണ്ട്. എന്ത് അഭിപ്രായം പറഞ്ഞാലും എന്ത് വിധികള്‍ നടത്തിയാലും” (Mortimer J Adler, ‘Six Great Ideas’, New York: Macmillen, 1981. p.43)

 

ഞങ്ങള്‍ ഇവിടെ നല്‍കിയ ഈ തെളിവുകളെല്ലാം ഒരു നിരീശ്വരവാദി തള്ളിക്കളഞ്ഞാലും ഇല്ലെങ്കിലും, ഈ വസ്തുതകളെല്ലാം സത്യമായി തന്നെ നിലനില്‍ക്കും എന്ന് സാരം!!