യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (ഒന്നാം ഭാഗം)

(ഈ ലേഖനത്തിലെ ഉദ്ധരണികളില്‍ ബഹുഭൂരിഭാഗവും ജോഷ്‌ മക്‌ഡവലിന്‍റെ ‘ഒരു വിധി അര്‍ഹിക്കുന്ന പുതിയ തെളിവ്‌’ എന്ന ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)

 

 

തത്വശാസ്ത്രജ്ഞനായ ബെര്‍ട്രാന്‍ഡ് റസ്സല്‍ തന്‍റെ “എന്തുകൊണ്ട് ഞാന്‍ ക്രിസ്ത്യാനിയല്ല” (Why I Am Not a Christian?) എന്ന ഉപന്യാസത്തില്‍ ഇപ്രകാരം പറയുന്നു:

 

“ക്രിസ്തു എന്നെങ്കിലും ജീവിച്ചിരുന്നോ എന്ന കാര്യം ചരിത്രപരമായി സംശയാസ്പദമാണ്, അങ്ങനെ ജീവിച്ചിരുന്നിട്ടുണ്ടെങ്കില്‍തന്നെ, നമുക്ക്‌ അദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയില്ല” (ബെര്‍ട്രാന്‍ഡ് റസ്സല്‍, Why I Am Not a Christian, p.16)

 

റസ്സലിന്‍റെ ഈ അഭിപ്രായത്തോട് യോജിക്കുന്ന ആള്‍ക്കാരെ ഇന്ന് കാണാന്‍ കഴിയില്ല എന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍ ഈ ജാതി മണ്ടത്തരം പറയുന്നവര്‍ ഇന്നും ഉണ്ട് എന്നുമാത്രമല്ല, ആ മണ്ടത്തരം അവര്‍ ഫേസ്ബുക്കു പോലെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലൂടെ വിളംബരം ചെയ്തു തങ്ങളുടെ അജ്ഞത വെളിപ്പെടുത്തുന്നതില്‍ ആനന്ദിക്കുകയും ചെയ്യുന്നുണ്ട് എന്ന കാര്യം അത്ഭുതമുളവാക്കുന്നതാണ്. ക്രിസ്തുമാര്‍ഗ്ഗത്തെ അങ്ങേയറ്റം നിന്ദാപൂര്‍വ്വം നോക്കിക്കണ്ട അമേരിക്കന്‍ വിപ്ലവകാരി തോമസ്‌ പെയ്ന്‍ പോലും, നസറേത്തിലെ യേശുവിന്‍റെ ചരിത്രപരമായ സാധുതയെ ചോദ്യം ചെയ്തില്ല. യേശുവിന്‍റെ ദൈവത്വത്തെക്കുറിച്ചുള്ള വേദപുസ്തകത്തിലെ പ്രസ്താവനകള്‍ കാല്പനികമാണ് എന്ന് പെയ്ന്‍ വിശ്വസിച്ചിരുന്നെങ്കിലും, യേശു യഥാര്‍ത്ഥമായി ജീവിച്ചിരുന്നുവെന്നു അദ്ദേഹം ചിന്തിച്ചു. പെയ്ന്‍ പറഞ്ഞു: സദ്ഗുണങ്ങള്‍ ഉള്ളതും പ്രിയങ്കരനുമായ ഒരാളായിരുന്നു (യേശുക്രിസ്തു). യേശു പ്രസംഗിക്കുകയും പ്രയോഗിക്കുകയും ചെയ്ത ധാര്‍മ്മികത അങ്ങേയറ്റം കാരുണ്യമുള്ള ഒന്നായിരുന്നു. അതിനു സമാനമായ വ്യവസ്ഥകളടങ്ങിയ ധാര്‍മ്മികത കണ്‍ഫ്യൂഷസും യവന തത്വചിന്തകരും വളരെ വര്‍ഷം മുന്‍പ്‌ പ്രസംഗിച്ചിരുന്നുവെങ്കിലും, അത് കഴിഞ്ഞു ക്വേയ്ക്കേഴ്സും അതുപോലെ എല്ലാ കാലത്തും ഉള്ള അനേകം നല്ല സ്ത്രീകളും പുരുഷന്മാരും പ്രമാണിച്ചുവെങ്കിലും, യേശുവിന്‍റെ ചിന്താഗതിയെ അതിജീവിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല.” (തോമസ്‌ പെയ്ന്‍, Collected Writings, p.9)

 

ചരിത്ര നിഷേധികള്‍ക്ക് മാത്രമേ യേശുക്രിസ്തുവിന്‍റെ ചരിത്രാസ്തിക്യം തള്ളിക്കളയാന്‍ പറ്റുകയുള്ളൂ. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ വേദപുസ്തക നിരൂപണത്തിന്‍റെയും വ്യാഖ്യാനത്തിന്‍റെയും റൈലാന്‍ഡ് പ്രൊഫസര്‍ ആയിരുന്ന എഫ്.എഫ്. ബ്രൂസ് പറയുന്നതു ശ്രദ്ധേയമാണ്: “ക്രിസ്തു മിഥ്യയാണ് എന്ന ഒരു സങ്കല്‍പത്തെ അമ്മാനമാടുന്ന ചില എഴുത്തുകാരുണ്ടായിരിക്കാം, എന്നാല്‍ ചരിത്രപരമായ തെളിവനുസരിച്ചല്ല അവര്‍ ഇത് പറയുന്നത്. ജൂലിയസ് സീസറിന്‍റെ ചരിത്രപരമായ സാധുത പ്രത്യക്ഷ പ്രമാണമായിരിക്കുന്നത് പോലെ, യേശുവിന്‍റെ ചരിത്രപരമായ സാധുതയും മുന്‍വിധിയില്ലാത്ത ചരിത്രകാരന് അനുഭവപ്പെടും. ക്രിസ്തു-മിഥ്യ സിദ്ധാന്തം പ്രചരിപ്പിക്കുന്നത് ചരിത്രകാരന്മാരല്ല!” (ബ്രൂസ്, “New Testment Documents; Are They Reliable?” P.72, 119)

“യേശുവിന്‍റെ ചരിത്രപരമായ സാധുതയ്ക്കെതിരെ പറയുവാന്‍ പ്രാമാണികതയുള്ള ഒരു പണ്ഡിതനും മുതിര്‍ന്നിട്ടില്ല” (ഓട്ടോ ബെറ്റ്സ്, What Do We Know About Jesus, p.9)

 

“ശരിയായ ക്രിസ്തുമാര്‍ഗ്ഗം, പുതിയ നിയമ രേഖകളിലെ ക്രിസ്തുമാര്‍ഗം, മുഴുവനായും ചരിത്രത്തില്‍ പദമൂന്നി നില്‍ക്കുന്നു. “ദൈവം ലോകത്തിന്നു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു” (2.കൊരി.5:19) എന്ന ദൃഢപ്രസ്താവം ആണ് ക്രിസ്തീയ വിശ്വാസത്തിന്‍റെ കാതല്‍. യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവ യഥാര്‍ത്ഥ സ്ഥലകാല സംഭവങ്ങളാണ്. അതായത് ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളാണ് ക്രിസ്തുവിശ്വാസത്തിന്‍റെ ഒഴിച്ച് കൂടാന്‍ പാടില്ലാത്ത അടിസ്ഥാന പ്രമാണങ്ങള്‍. ദൈവത്തിന്‍റെ ചരിത്രത്തിലുള്ള പ്രവര്‍ത്തനത്തിന്‍റെ പാരായണവും ആഘോഷവും പങ്കാളിത്തവും ആയിട്ടാണ് എന്‍റെ മനസ്സില്‍ ക്രിസ്തുമാര്‍ഗം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. പുതിയ നിയമ രചയിതാക്കള്‍ ഊന്നിപ്പറയുന്നതു പോലെ ഇതിന്‍റെ പൂര്‍ത്തീകരണം യേശുക്രിസ്തുവിലാണ് കണ്ടെത്തുന്നത്.” (ഡോണാള്‍ഡ് ഹാഗ്നര്‍, “The New Testment, History, and the Historical Critical Methode”, Ed. by David Alan Black and David S. Dockery, Grand Rapids: Zondervan Publishing House, 1991, p.73,74)

 

യേശുക്രിസ്തുവിന്‍റെ ചരിത്രപരതയെ തെളിയിക്കുന്ന അക്രൈസ്തവ എഴുത്തുകാരുടെ പുരാതനമായ സാക്ഷ്യങ്ങള്‍ താഴെ കൊടുക്കുന്നു. ഈ എഴുത്തുകാര്‍ അവജ്ഞയോടെ വീക്ഷിച്ച ഒരു മതനേതാവിനെയും അയാളുടെ അനുയായികളെയും ചുറ്റിപ്പറ്റിയുള്ള ചരിത്രപരമായ സാധ്യത പൊക്കിപ്പിടിച്ചിട്ടു അവര്‍ക്കന്നു യാതൊന്നും നേടുവാനില്ലാതിരുന്നതിനാല്‍ അഥവാ അവര്‍ ക്രിസ്തുമാര്‍ഗത്തിനെതിരായിരുന്നു എന്ന വസ്തുത, അവരുടെ സാക്ഷ്യത്തെ കൂടുതല്‍ വിലയുറ്റതാക്കി മാറ്റുന്നുണ്ട്! ആ സാക്ഷ്യങ്ങളിലേക്ക് നമുക്ക്‌ കടക്കാം:

 

I. ഫ്ലാവിയസ് ജോസീഫസ്

 

യേശുക്രിസ്തുവിനെ കുറിച്ച് ബൈബിളിനു പുറത്തുള്ള ചരിത്ര രേഖകളില്‍ ധാരാളം പരാമര്‍ശങ്ങള്‍ ഉണ്ട്. ഇവയില്‍ ഏറ്റവും ആധികാരികവും പ്രാധാന്യം അര്‍ഹിക്കുന്നതുമായ രേഖ ഫ്ലാവിയസ് ജോസീഫസില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരണമാണ് (Robart Matheus, Palstine in Jesus’ Time, OIRIS, 1998, pp.427-429; E.Ferguson, Backgrounds of Early Christyanity, Grand Rapids, Michigan, 1987, pp.385-390) എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹം ഒരു പ്രമുഖ യെഹൂദ ചരിത്രകാരനാണ്. യെരുശലേമിലെ ഒരു പുരോഹിതനും മത്ത്യാസിന്‍റെ പുത്രനുമായ എ.ഡി.37/38-ല്‍ ജനിച്ചു. എ.ഡി.66-ല്‍ റോമാക്കാര്‍ക്കെതിരെ നടത്തിയ യെഹൂദ വിപ്ലവത്തില്‍ ഇയാളൊരു പ്രധാന പങ്കു വഹിച്ചു. ആ യുദ്ധത്തില്‍ റോമന്‍ സൈന്യാധിപനായിരുന്ന വെസ്പേസിയന് കീഴടങ്ങേണ്ടി വന്നു. യുദ്ധാനന്തരം ഫ്ലാവിയസ് ജോസീഫസ് വെസ്പേസിയന്‍റെ പുത്രനായ ടൈറ്റസിനോടുകൂടി റോമിലെത്തി. അവിടെ വെച്ചാണ് അദ്ദേഹം “യെഹൂദ യുദ്ധങ്ങള്‍” (War of Jews, A.D.75-79) “യെഹൂദ പൌരാണികത്വം” (Antiquitates of Jews, A.D.93-94), “ആപ്പിയനെതിരെ” (Against Appien, A.D.96) എന്നീ ഗ്രന്ഥങ്ങളും “വീത്താ” (ജീവിതം) എന്നപേരില്‍ ആത്മകഥയും രചിച്ചത്. മിശിഹായെ പറ്റി മൂന്നു പ്രാവശ്യം അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ മൂന്നാമത്തേതാണ് ഏറ്റവും പ്രധാനം. പ്രസ്തുത പരാമര്‍ശം ‘ഫ്ലാവിയന്‍ സാക്ഷ്യം’ എന്നപേരിലാണ് അറിയപ്പെടുന്നത്. (E.Ferguson, pp.388,389) ആ സാക്ഷ്യം താഴെ കൊടുക്കുന്നു:

 

“ഏതാണ്ടീകാലത്ത് യേശു എന്ന് പേരുള്ള ജ്ഞാനിയായ ഒരു മനുഷ്യന്‍… അദ്ദേഹത്തെ മനുഷ്യനെന്ന് വിളിക്കാമെങ്കില്‍- ജീവിച്ചിരുന്നു. അവന്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതകൃത്യങ്ങള്‍ ചെയ്തിരുന്നു. സത്യം സന്മനസ്സോടെ സ്വീകരിക്കുന്നവരുടെ ഗുരുവായിരുന്നു. നിരവധി യെഹൂദരെയും, ഗ്രീക്കുകാരെയും അവന്‍ തന്‍റെ പക്കലേക്ക് ആകര്‍ഷിച്ചു. അവനായിരുന്നു മിശിഹ. ഞങ്ങളുടെ പ്രമാണികള്‍ അവനില്‍ കുറ്റം ആരോപിച്ചതിനാല്‍ പൊന്തിയോസ് പീലാത്തോസ് അവനെ ക്രൂശിക്കാന്‍ വിധിച്ചു. എങ്കിലും ആദ്യം മുതല്‍ അവനെ സ്നേഹിച്ചിരുന്നവര്‍ പിന്മാറിയില്ല. മരിച്ചിട്ട്, മൂന്നാം ദിവസം അവന്‍ യഥാര്‍ത്ഥത്തില്‍ വീണ്ടും ജീവനോടെ അവര്‍ക്ക്‌ പ്രത്യക്ഷപ്പെട്ടു. ഇതും മറ്റു നിരവധി അത്ഭുത കാര്യങ്ങളും അവന്‍ ചെയ്തു. പ്രവാചകന്മാര്‍ ഇവനെപ്പറ്റി പ്രവചിച്ചിട്ടുണ്ടായിരുന്നു. അവന്‍റെ നാമത്തില്‍ ക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്ന ആ സമൂഹം ഇപ്പോഴും നശിച്ചിട്ടില്ല.” (Flavius Josephus, Antiquitates, XVIII, 3:3, cf. Conradus Kirch Enchiridion Fontium Historiae Ecclesiasticau Antiquae Roma, 1957, No.7, p.6.)

 

ക്രിസ്തുവിനെ കുറിച്ച് മാത്രമല്ല, ക്രിസ്തുവിന്‍റെ മുന്നോടിയായി ദൈവം അയച്ച യോഹന്നാന്‍ സ്നാപകനെ കുറിച്ചും ജോസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്:

 

“ഹെരോദാവിന്‍റെ സൈന്യത്തിന്‍റെ നാശം ദൈവകോപത്തിന്‍റെ ഫലമായിട്ടാണെന്നാണ് യെഹൂദന്മാരില്‍ ചിലര്‍ കരുതിയിരുന്നത്. കാരണം, സ്നാപകന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന യോഹന്നാനെ ഹെരോദാവു വധിച്ചതിനു ദൈവം ന്യായമായി നല്‍കിയ ശിക്ഷയായി അവരതിനെ കണ്ടു. ഹെരോദാവു അവനെ വധിക്കാന്‍ കല്പിച്ചു. പക്ഷേ അവനൊരു നല്ല മനുഷ്യനായിരുന്നു. അവന്‍ നിരന്തരമായ സുകൃതാഭ്യാസത്തിനു ജനങ്ങളെ ഉപദേശിച്ചു. നീതിയോടെ വര്‍ത്തിക്കാനും ഭക്തിയോടെ ദൈവത്തോട് ബന്ധം പുലര്‍ത്താനും സ്നാനം സ്വീകരിക്കാനും അവരോടാവശ്യപ്പെട്ടു. കാരണം, ഇത്തരം സ്നാനം ദൈവതിരുമുന്‍പില്‍ സ്വീകാര്യമാണ്. എന്തെന്നാല്‍, ഇത് കുറ്റങ്ങള്‍ക്ക് പരിഹാരം മാത്രമല്ല, നീതിയില്‍ ശുദ്ധീകരിക്കപ്പെട്ട ശേഷം ശരീരത്തിന്‍റെയും ആത്മാവിന്‍റെയും പരിശുദ്ധിക്കും സഹായകമാണ്. അത്ഭുതകരമായ ഇത്തരം ആശയങ്ങളാല്‍, ഉദ്ദീപിപ്പിക്കപ്പെട്ടു ജനങ്ങള്‍ നാനാഭാഗത്ത് നിന്ന് അവന്‍റെ അടുക്കലേക്ക് പ്രവഹിച്ചു. ഇത്ര വലിയ ഒരുവന്‍റെ അധികാരം ജനങ്ങളെ ആഭ്യന്തര കലഹത്തിന് ഒരുക്കുമോ എന്ന് ഭയന്ന് ഹെരോദാവു മറ്റൊന്നും അവനില്‍നിന്നും ഉണ്ടാകും മുമ്പേ അവനെ നിരോധിക്കാനും ന്യായാസനത്തിങ്കല്‍ ഹാജരാക്കുവാനും കല്പിച്ചു. ഹെരോദാവു മേല്‍പ്പറഞ്ഞ സംശയത്തിന്‍റെ പേരില്‍ അവനെ അറസ്റ്റ്‌ ചെയ്തു മക്കേരൂസ് കോട്ടയില്‍ കൊണ്ടുവന്നു. അവിടെ വെച്ച്, ഞങ്ങള്‍ ഓര്‍മ്മിക്കുന്ന പോലെ അവനെ ഗളച്ഛേദം ചെയ്തു. ഹെരോദാവിന്‍റെ സൈന്യത്തിന്‍റെ നാശം യോഹന്നാന്‍റെ ശിരസ്സിനു വേണ്ടി ദൈവം പ്രതികാരം ചെയ്തതാണെന്ന് യെഹൂദന്മാര്‍ക്ക് ഉറച്ച ബോധ്യമുണ്ട്.” (Flavius Josephus, Antiquitates, XVIII, 5:2. cf. Conradus Kirch Enchiridion Fontium Historiae Ecclesiasticau Antiquae Roma, 1957, No.8, p.7.; Jewish Antiquities, 18:116,119)

 

 

II. കൊര്‍ണീലിയസ് ടാസിറ്റസ്‌

 

ഹാബര്‍മാസ് പറയുന്നതനുസരിച്ച്, “ഏതാണ്ട് അരഡസന്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ ഭരണ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു റോമന്‍ ചരിത്രകാരനായിരുന്നു കൊര്‍ണീലിയസ് ടാസിറ്റസ്‌ (എ.ഡി. 55-120). തന്‍റെ ധാര്‍മ്മിക ഐക്യദാര്‍ഢ്യവും കാതലായ നയവും മൂലം പണ്ഡിതന്‍മാരുടെ ഇടയില്‍ പൊതുവായി അംഗീകരിക്കപ്പെട്ടിരുന്ന ഈ വ്യക്തി, പൌരാണിക റോമിന്‍റെ ഏറ്റവും വലിയ ചരിത്രകാരന്‍ എന്ന് വിളിക്കപ്പെടുന്നു.” (ഗാരി ആര്‍ ഹാബര്‍മാസ്, The Verdict of History, p.87). ടാസിറ്റസിന്‍റെ ഏറ്റവും ഉന്നതമായ കൃതികള്‍ അന്നല്‍സും ഹിസ്റ്ററീസും ആണ്. “എ.ഡി.14-ല്‍ ഔഗുസ്തൂസിന്‍റെ മരണം മുതല്‍ എ.ഡി.68-ല്‍ നീറോയുടെ മരണം വരെ അനല്‍സ് പ്രതിപാദിക്കുമ്പോള്‍ ഹിസ്റ്ററീസ് നീറോയുടെ മരണത്തില്‍ തുടങ്ങി എ.ഡി.96-ല്‍ ഡോമീഷ്യന്‍റെ മരണം വരെ എത്തുന്നു” (ഹാബര്‍മാസ്, The Verdict of History, p.87).

 

നീറോയുടെ ഭരണത്തെക്കുറിച്ച് എഴുതുമ്പോള്‍ ക്രിസ്തുവിന്‍റെ മരണത്തെക്കുറിച്ചും റോമിലെ ക്രിസ്തീയ സാന്നിധ്യത്തെക്കുറിച്ചും ടാസിറ്റസ്‌ സൂചിപ്പിക്കുന്നുണ്ട്. തന്‍റെ ‘ക്രിസ്തൂസ്’ എന്ന തെറ്റായ ലിപിവിന്യാസം അവിശ്വാസികളായ എഴുത്തുകാരുടെ സാധാരണ തെറ്റായിരുന്നു. ടാസിറ്റസ്‌ എഴുതുന്നു:

 

“നീറോ ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന റോമിന്‍റെ വലിയ തീ പിടുത്തം മൂലമുണ്ടായ അപകീര്‍ത്തിയില്‍നിന്ന് വിടുതല്‍ പ്രാപിക്കുവാന്‍, മനുഷ്യന് ചെയ്യാന്‍ കഴിയുന്ന സകല ദുരിതാശ്വാസത്തിനോ രാജകുമാരന് നല്‍കാന്‍ കഴിയുന്ന സകല ദാനധര്‍മ്മങ്ങള്‍ക്കോ ദൈവങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമായിരുന്ന സകല പാപപരിഹാര പ്രക്രിയകള്‍ക്കോ സാധ്യമായിരുന്നില്ല. അതുകൊണ്ട് ജനസംസാരം അടിച്ചമര്‍ത്തുന്നതിനായി ബാഹുല്യം മൂലം വെറുക്കപ്പെട്ടിരുന്ന, ക്രിസ്ത്യാനികള്‍ എന്ന് പൊതുവേ പറഞ്ഞു വരുന്ന വ്യക്തികളുടെ മേല്‍ കുറ്റം ആരോപിക്കപ്പെടുകയും അതിക്രൂരമായ പീഡനങ്ങള്‍ കൊണ്ട് ശിക്ഷിക്കപ്പെടുകയും ചെയ്തു. ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ക്രിസ്തൂസിനെ ടൈബീരിയസിന്‍റെ ഭരണ കാലത്ത് യെഹൂദ്യയിലെ ഗവര്‍ണര്‍ ആയിരുന്ന പൊന്തിയോസ് പിലാത്തോസ് മരണത്തിനേല്‍പ്പിച്ചു, എന്നാല്‍ വിനാശകരമായ ഈ അന്ധവിശ്വാസം കുറേക്കാലത്തേക്ക് ഒതുങ്ങിയെങ്കിലും ഇത് ആരംഭിച്ച യെഹൂദ്യയില്‍ മാത്രമല്ല, റോമാ പട്ടണത്തിലും വീണ്ടും പൊട്ടിപ്പുറപ്പെട്ടു” (Cornelius Tacitus;Annales, XV, 44)

 

ടാസിറ്റസിന്‍റെ ഈ ഉദ്ധരണിയില്‍ നിന്ന് രസകരമായ ഒരു ചിന്താസരണി എഫ്.എഫ്.ബ്രൂസ് ചൂണ്ടിക്കാണിക്കുന്നുണ്ട്:

 

“നമുക്ക്‌ ലഭിച്ചിട്ടുള്ള മറ്റൊരു ജാതീയ രേഖകളിലും പീലാത്തോസിനെക്കുറിച്ച് പറഞ്ഞിട്ടില്ല. യേശുവിനെ മരണത്തിനു വിധിച്ചതിലൂടെ ഒരു ജാതീയ രചയിതാവിന്‍റെ വര്‍ണ്ണനയില്‍ ഇടം കണ്ടെത്തിയ ഒരേ ഒരു സൂചന ചരിത്രത്തിലെ വിരോധാഭാസമായി കണക്കാക്കാം. ഒരു നിമിഷത്തേക്ക് പൌരാണിക ക്രിസ്തീയ വിശ്വാസപ്രമാണവുമായി ടാസിറ്റസ് കൈകോര്‍ക്കുന്നു: ‘പൊന്തിയോസ് പീലാത്തോസിന്‍റെ കീഴില്‍ കഷ്ടപ്പെട്ടു’ എന്ന് പറയുന്നതിലൂടെ” (ബ്രൂസ്, Jesus and Christian Origins Outside the New Testament, p.23)

 

മാര്‍ക്കസ്‌ ബോക്ക്മ്യൂല്‍ എന്ന കേംബ്രിഡ്ജ് കോളേജ്‌ അധ്യാപകന്‍ പറയുന്നത്, “യേശുക്രിസ്തു ജീവിച്ചിരുന്നുവെന്നും യെഹൂദ്യയിലെ ടൈബീരിയസ് നാട് വാണിരുന്നതും പൊന്തിയോസ് പീലാത്തോസ് ഗവര്‍ണറായിരുന്നതും (സാങ്കേതികമായി 26-36-ല്‍ പ്രിഫക്ട്) ആയ കാലത്ത് ഔപചാരികമായി വധിക്കപ്പെട്ടുവെന്നും ഉള്ളതിന് സ്വതന്ത്രമായ സ്ഥിരീകരണം അന്നത്തെക്കാലത്തെ ഉന്നതനായ ഒരു റോമന്‍ ചരിത്രകാരന്‍റെ സാക്ഷ്യത്തിലൂടെ നമുക്ക്‌ ലഭിക്കുന്നുവെന്ന് ടാസിറ്റസിന്‍റെ അഭിപ്രായം പ്രയോജകീഭവിക്കുന്നു. അത് അധികമില്ലെങ്കിലും ഇന്നും മുന്‍പോട്ടു വയ്ക്കുന്ന രണ്ടു വ്യത്യസ്ത സിദ്ധാന്തങ്ങളെ പൊളിച്ചു കാട്ടുന്നതിന് അത്ഭുതകരമായ പ്രയോജനമാണ് നല്‍കിയിരിക്കുന്നത്. ഒന്ന്, നസറായനായ യേശു ജീവിചിരുന്നിട്ടില്ല. രണ്ട്, റോമാക്കാരുടെ ഔപചാരികമായ മരണശിക്ഷയ്ക്ക് വിധേയമായിട്ടല്ല യേശു മരിച്ചത്” (ബോക്ക്മ്യൂല്‍, This Jesus: Martyr, Lord, Messiah, p.10,11)

 

III. സമോസാറ്റയിലെ ലൂഷ്യന്‍

 

രണ്ടാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ലൂഷ്യന്‍ എന്ന ഹാസ്യ സാഹിത്യകാരന്‍ ക്രിസ്തുവും ക്രിസ്ത്യാനികളും യാഥാര്‍ത്ഥ്യമായിരുന്നുവെന്ന് ഒരിക്കലും തര്‍ക്കിക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ അവരെക്കുറിച്ച് പരിഹാസ്യമായി സംസാരിച്ചിരുന്നു. ലൂഷ്യസിന്‍റെ കൃതിയില്‍ നിന്നും:

 

“ഈ ദിവസം വരെയും ക്രിസ്ത്യാനികള്‍ ഒരു മനുഷ്യനെയാണ് ആരാധിക്കുന്നത്. അവരുടെ പുതിയ ആരാധനാ രീതി അവതരിപ്പിച്ചവനും അക്കാരണത്താല്‍ ക്രൂശീകരിക്കപ്പെട്ടവനുമായ പ്രഗത്ഭ വ്യക്തിത്വത്തിന്‍റെ ഉടമ… അവര്‍ എല്ലാക്കാലത്തും അമര്‍ത്യരാണെന്ന വിശ്വാസത്തിലാണ് തെറ്റിദ്ധരിക്കപ്പെട്ട ഈ കീടങ്ങള്‍ ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ ഇടയില്‍ മരണത്തോടുള്ള സര്‍വ്വസാധാരണമായ അവജ്ഞയും വ്യക്തിപരമായ ഭക്തിയും കാണപ്പെടുന്നു. അവര്‍ മാനസാന്തരപ്പെട്ട ഉടനേ അവര്‍ സഹോദരങ്ങളാണെന്നു അവരുടെ ആദ്യനിയമദാതാവ് അവരെ പറഞ്ഞു മയക്കിയിരുന്നു. ഗ്രീസിലെ ദൈവങ്ങളെ ത്യജിച്ച് ക്രൂശിക്കപ്പെട്ട ജ്ഞാനിയെ ആരാധിക്കുകയും അയാളുടെ നിയമം അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ഇതെല്ലാം അവര്‍ വിശ്വാസത്തിന്‍റെ പേരില്‍ സ്വീകരിക്കുന്നതിനാല്‍ അനന്തരഫലമായി, സകല ലൌകിക സുഖങ്ങളെയും അവജ്ഞയോടെ കാണുകയും, സകലവും പൊതുവക എന്ന് ഗണിക്കുകയും ചെയ്യുന്നു” (ലൂഷ്യന്‍, The Death of Peregrine, p.11-13)

 

IV. സ്യൂട്ടോണിയസ്

 

മറ്റൊരു റോമന്‍ ചരിത്രകാരനും ഹദ്രിയന്‍റെ കാലത്തെ രാജകീയ ഉദ്യോഗസ്ഥനും കൊട്ടാരത്തിലെ പുരാവൃത്ത രചയിതാവുമായ സ്യൂട്ടോണിയസ്, തന്‍റെ ‘ക്ലോഡിയസിന്‍റെ ജീവചരിത്രം’ 25:4-ല്‍ പറയുന്നത്: “ക്രെസ്റ്റസിന്‍റെ (ക്രിസ്റ്റസിനു മറ്റൊരു ലിപിവിന്യാസം) ദുഷ്പ്രേരണ നിമിത്തം യെഹൂദന്മാര്‍ തുടര്‍ച്ചയായി കലാപം ഉണ്ടാക്കിയതിനാല്‍, അവന്‍ അവരെ റോമില്‍ നിന്ന് നാടുകടത്തി” എന്നാണ്. എ.ഡി.49-ല്‍ നടന്ന ഈ സംഭവം അപ്പൊ.പ്രവൃ.18:2-ല്‍ ലൂക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

മറ്റൊരു കൃതിയില്‍ നീറോയുടെ ഭരണകാലത്ത് എ.ഡി.64-ല്‍ റോമില്‍ നടന്ന അതിഭയങ്കരമായ തീപിടുത്തത്തിനെക്കുറിച്ച് സ്യൂട്ടോണിയസ് എഴുതിയിട്ടുണ്ട്: “നീറോയുടെ ശിക്ഷ പുതിയതും കുഴപ്പം പിടിച്ചതുമായ ഒരു അന്ധവിശ്വാസത്തെ പിന്‍പറ്റിയ ഒരു കൂട്ടം ആളുകളുടെ മേല്‍ വീണു” (Lives of the Caesers, 26:2)

 

യേശുവിനെ ക്രൂശീകരിച്ചത് ആദ്യ മുപ്പതുകളില്‍ ആണെന്ന നിഗമനത്തില്‍, ക്രിസ്ത്യാനികളുടെ സ്നേഹിതനല്ലാത്ത സ്യൂട്ടോണിയസ്, ക്രിസ്ത്യാനികള്‍ രാജകീയ പട്ടണത്തില്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം എത്തിയതായി പറയുന്നു. യേശുക്രിസ്തു യഥാര്‍ത്ഥമായും ജീവിച്ചു, മരിച്ച്, മരണത്തില്‍നിന്ന് ഉയിര്‍ത്തുവെന്ന അവരുടെ വിശ്വാസത്തിനു വേണ്ടി അവര്‍ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തുവെന്നു റിപ്പോര്‍ട്ട് ചെയ്യുന്നു.

 

V. പ്ലിനി ദി യംഗര്‍

 

റോമന്‍ രേഖകളില്‍ മറ്റൊന്ന് എ.ഡി.112-ന് അടുത്ത് ചെറിയ പ്ലീനി (Younger Pliny, A.D.62-113) ട്രാജന്‍ ചക്രവര്‍ത്തിക്കയച്ച കത്താണ്. ബിഥുന്യായില്‍ ഗവര്‍ണ്ണരായിരുന്ന അദ്ദേഹം, അവിടത്തെ ക്രിസ്ത്യാനികളെപ്പറ്റിയും അവരുടെ ആരാധനാരീതികളെപ്പറ്റിയുമാണ് പ്രസ്താവിക്കുന്നത്. ഏതാണ്ട് എ.ഡി.120-ല്‍ റോമന്‍ ഗ്രന്ഥകാരനായ സെത്തോനിയസ് നീറോയുടെ കാലത്തെ മതമര്‍ദ്ദനങ്ങളെ സ്ഥിരീകരിച്ചു കൊണ്ട് എഴുതുന്നുണ്ട്. ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഭരണകാലത്തെക്കുറിച്ച് വിവരിക്കുന്നിടത്തു അദ്ദേഹം എഴുതുന്നു: “മിശിഹായുടെ പ്രേരണയാല്‍ കൂടെക്കൂടെ സമരമുണ്ടാക്കികൊണ്ടിരുന്ന യെഹൂദരെ ഈ ചക്രവര്‍ത്തി (ക്ലോഡിയസ്) റോമാ നഗരത്തില്‍ നിന്നും പുറത്താക്കി” (ക്ലോഡിയസ്.25). എ.ഡി.49-നും 50-നുമിടയ്ക്ക് നടന്ന പ്രസ്തുത പുറത്താക്കലിനെ അപ്പൊ.പ്രവൃത്തിയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്: “അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു. യെഹൂദന്മാര്‍ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൌദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയില്‍ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്‍റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കല്‍ ചെന്നു” (അപ്പൊ.പ്രവൃ.18:1,2).  കൂടാതെ ഹദ്രിയാന്‍ ചക്രവര്‍ത്തിയുടേതെന്നു കരുതപ്പെടുന്ന ഒരു കത്തിലും ക്രിസ്ത്യാനികളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. പ്രസ്തുത കത്ത് 125-ല്‍ കോണ്‍സൂള്‍ ആയ ഗായോസ്‌ മിനിച്ചിയൂസ് ഫൊന്താനൂസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്.

 

എ.ഡി.113-ലെ ക്രൈസ്തവരെപ്പറ്റി റോമന്‍ എഴുത്തുകാരനും, ട്രാജന്‍ ചക്രവര്‍ത്തിയുടെ ഉദ്യോഗസ്ഥനുമായിരുന്ന പ്ലീനി വിവരിക്കുന്നുണ്ട്. ക്രൈസ്തവരെ സംബന്ധിച്ച് ചക്രവര്‍ത്തിയുടെ നയമെന്തെന്നറിയുവാന്‍ അദ്ദേഹം ട്രാജനെഴുതിയ എഴുത്തിലെ പ്രസക്തഭാഗമാണ് താഴെ ചേര്‍ക്കുന്നത്:

 

“ക്രൈസ്തവരെന്നു തുറന്നു പറയുന്ന അക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഞാന്‍ ഈ നയമാണ് സ്വീകരിച്ചത്. ആദ്യമായി അവര്‍ ക്രൈസ്തവരാണോ എന്ന് ചോദിക്കുന്നു. വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രണ്ടാമതും മൂന്നാമതും ചോദ്യം ആവര്‍ത്തിക്കുന്നു. എന്നിട്ടും നില്‍ക്കുന്നവരെ മരണശിക്ഷയ്ക്ക് വിധിച്ചിരുന്നു. അവരുടെ വിശ്വാസം എന്തുതന്നെയായാലും അവരുടെ മര്‍ക്കടമുഷ്ടിക്കും നിര്‍ബന്ധബുദ്ധിക്കും ശിക്ഷ ആവശ്യമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഒരിക്കലും തങ്ങള്‍ ക്രൈസ്തവരായിരിന്നിട്ടില്ല; ഇന്നും ക്രൈസ്തവരല്ല എന്ന് സമ്മതിക്കുന്നവരെ വിട്ടയക്കാമെന്നു കരുതുന്നു. പക്ഷേ അവര്‍ എന്‍റെ മുമ്പില്‍ റോമന്‍ ദൈവങ്ങള്‍ക്ക് ധൂപവും പ്രാര്‍ത്ഥനയും അര്‍പ്പിക്കണം. മറ്റു പ്രതിമകളോടൊപ്പം അങ്ങയുടെ ഒരു പ്രതിമയും ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അവര്‍ അതിനേയും വന്ദിക്കണം. അതേസമയം ക്രിസ്തുവിനെ നിന്ദിക്കുകയും വേണം. പക്ഷേ യഥാര്‍ത്ഥ ക്രൈസ്തവരാരും ഇങ്ങനെ ചെയ്യുകയില്ലെന്നു പറയപ്പെടുന്നു. എന്നാല്‍ ചിലര്‍ പറയുന്നു, തങ്ങള്‍ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ക്രിസ്ത്യാനികളായിരുന്നു എന്ന്. ഇവര്‍ റോമന്‍ ദൈവങ്ങളുടേയും അങ്ങയുടെയും പ്രതിമകളെ വന്ദിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ക്രൈസ്തവര്‍ പറയുന്നത് അവര്‍ ചെയ്ത ഏക തെറ്റ് ‘മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന ദിവസങ്ങളില്‍ പതിവ് പോലെ ഒരുമിച്ചു കൂടി ദൈവത്തിനെന്ന പോലെ മിശിഹാക്ക് സ്തോത്രങ്ങള്‍ ആലപിക്കുന്നു എന്നത് മാത്രമാണ്. അതുപോലെ അവര്‍ ചില പ്രതിജ്ഞകള്‍ നടത്തിയിട്ടുണ്ട്. അത് മോശമായ കാര്യങ്ങള്‍ ചെയ്യുവാനല്ല, പ്രത്യുത മോഷണം, പിടിച്ചുപറി, വ്യഭിചാരം, വാഗ്ദാനങ്ങളില്‍ അവിശ്വസ്തത ഇവ ഇല്ലാതാക്കുവാനാണ്. അതുകൊണ്ട് അവരെ വിസ്തരിക്കുന്നത് ഞാന്‍ നിര്‍ത്തി വെച്ചുകൊണ്ട് അങ്ങയുടെ ഇംഗിതം അറിയുവാന്‍ ആഗ്രഹിക്കുന്നു. വളരെയധികം പേരുടെ കാര്യമായതുകൊണ്ട് ചോദിക്കുന്നത് ഉചിതമെന്ന് കരുതി. അവരില്‍ എല്ലാ പ്രായത്തിലും സ്ഥാപനങ്ങളിലുമുള്ള സ്ത്രീപുരുഷന്മാരുണ്ട്. ഈ അന്ധവിശ്വാസങ്ങള്‍ നിയന്ത്രാണാധീനമെന്നു തോന്നുമെങ്കിലും അവര്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ധാരാളം പേര്‍ ഉണ്ട്”.

 

ഈ കത്തിനുള്ള ചക്രവര്‍ത്തിയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങള്‍:

 

“അല്ലയോ പ്രിയപ്പെട്ട സെക്കുന്‍ദുസ്‌, ക്രിസ്ത്യാനികളെന്നു അഭിമാനിക്കുന്നവരോട് നീ വേണ്ട വിധത്തില്‍ പെരുമാറി. എല്ലാ കേസുകള്‍ക്കും സ്വീകരിക്കുവാന്‍ പറ്റുന്ന വ്യവസ്ഥാപിതമായ നടപടിക്രമം നല്‍കുവാന്‍ വിഷമമാണ്. അവരെ തിരഞ്ഞുപിടിക്കേണ്ടതില്ല. എന്നാല്‍ പരസ്യമായി കുറ്റാരോപണം നടത്തപ്പെടുകയും അവര്‍ തെറ്റുകാരാണെന്നു തെളിയുകയും ചെയ്‌താല്‍ ശിക്ഷിക്കണം. പക്ഷേ, ക്രൈസ്തവരല്ലെന്ന് സമ്മതിക്കുകയും ദൈവത്തിനു ബലിയര്‍പ്പിക്കുകയും ചെയ്‌താല്‍ മാപ്പ് കൊടുക്കണം. പേര് വയ്ക്കാതെ നല്‍കപ്പെടുന്ന കുറ്റാരോപണങ്ങള്‍ ഒരു നിയമക്കൊടതിയിലും സ്വീകരിക്കരുത്. കാരണം, അത് നല്ലൊരു കീഴ്വഴക്കമല്ല; കാലോചിതവുമല്ല”. (C.Plinii Caecilli, Secundi, Epistularum, X, XCVI, quoted in Neill and Schmandt, Hisory of the Catholic Church Milwaukee, 1955. pp.46-48)

 

VI. താല്ലസ്

 

ക്രിസ്തുവിനെക്കുറിച്ച് സൂചിപ്പിച്ച മതേതര എഴുത്തുകാരില്‍ ഒരാള്‍ താല്ലസ് ആയിരുന്നു. എ.ഡി.52-ല്‍ ജീവിച്ചിരുന്ന താല്ലസ് ട്രോജന്‍ യുദ്ധം തുടങ്ങി തന്‍റെ കാലഘട്ടം വരെയുള്ള പൂര്‍വ്വ മെഡിറ്ററെനിയന്‍ ചരിത്രം എഴുതി (Garry R Habermas, ‘The Verdict of History’, p.93) നിര്‍ഭാഗ്യവശാല്‍, മറ്റു രചയിതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന തുണ്ടുകളില്‍ മാത്രമാണു തന്‍റെ എഴുത്തുകള്‍ നിലനില്‍ക്കുന്നത്. എ.ഡി.221-ല്‍ തന്‍റെ തൂലിക ചലിപ്പിച്ച ക്രൈസ്തവനായ ജൂലിയസ് ആഫ്രിക്കാനസ് അവരിലൊരാളാണ്. ക്രിസ്തുവിന്‍റെ ക്രൂശീകരണത്തിനു ശേഷം ഉണ്ടായ കൂരിരുട്ടിനെ കുറിച്ചു ഏ.ഡി.221-ല്‍ നടന്ന ഒരു ചര്‍ച്ചയില്‍ ജൂലിയസ് ആഫ്രിക്കാനസ് താല്ലസിനെ ഉദ്ധരിക്കുന്നുണ്ട്: “ലോകം മുഴുവനും ഭീകരമായ ഒരന്ധകാരം വ്യാപിച്ചു, ഭൂമികുലുക്കത്തില്‍ പാറകള്‍ പിളര്‍ന്നു, യെഹൂദ്യയിലും മറ്റു ജില്ലകളിലും ഉള്ള പല സ്ഥലങ്ങളും തകര്‍ന്നു തരിപ്പണമായി. താല്ലസ് തന്‍റെ ചരിത്രങ്ങളുടെ മൂന്നാം പുസ്തകത്തില്‍, ഈ അന്ധകാരം സൂര്യഗ്രഹണം മൂലമുണ്ടായതാണ് എന്ന് അകാരണമായി വിശദീകരിക്കുന്നു. അകാരണമായതിന്‍റെ കാരണം, പൂര്‍ണ്ണചന്ദ്രന്‍റെ സമയത്ത് സൂര്യഗ്രഹണം നടക്കുകയില്ല എന്നതാണ്. ക്രിസ്തു മരിച്ചത് പെസഹാ പൌര്‍ണ്ണമിയുടെ കാലത്തായിരുന്നു.” (Julius Africanus, ‘Chronography’, 18:1, in Roberts, Ante-Nicene Christian Library: Translations of the Writings of the Fathers. Vol.1, Edinburgh: T&T Clark, 1867)

 

താല്ലസ് സൂര്യഗ്രഹണമായി ചിത്രീകരിച്ച ഈ അന്ധകാരത്തെ, ലൂക്കോസ്.23:44,45-ല്‍ വിവരിച്ചിരിക്കുന്ന പ്രകാരം ക്രൂശീകരണ സമയത്തെ അന്ധകാരമായി ആഫ്രിക്കാനസ് കാണുന്നു. താല്ലസിനോട് വിയോജിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ‘പെസഹാ പൌര്‍ണമിയുടെ സമയത്താണ് യേശു ക്രൂശിക്കപ്പെട്ടത്” എന്നുള്ളതാണ്. ഇതിനെക്കുറിച്ച്‌ എഫ്.എഫ്. ബ്രൂസിന്‍റെ നിരീക്ഷണം നോക്കാം:

 

“ക്രിസ്തുവിന്‍റെ ക്രൂശീകരണ സമയത്ത് ദേശത്ത് വ്യാപിച്ച അന്ധകാരത്തെക്കുറിച്ചുള്ള സുവിശേഷ വിവരണം വളരെ പ്രസിദ്ധവും അക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഒരു വിശദീകരണം ആവശ്യമുള്ളതും ആയിരുന്നു എന്ന് ഈ സൂചന കാണിക്കുന്നു. യേശു ക്രൂശീകരിക്കപ്പെട്ടു എന്നും വിശദീകരണം ആവശ്യമായ എന്തോ ഒരു സംഭവം പ്രകൃതിയില്‍ ഉണ്ടായി എന്നതിന് താല്ലസിന് സംശയമില്ല. എന്നാല്‍ മറ്റൊരു വ്യാഖ്യാനവുമായി വരാനാണ് തന്‍റെ ചിന്ത പോയത്, അടിസ്ഥാനപരമായ വസ്തുതകള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. (F.F.Bruce, “The New Testment Documents: Are They Reliable?” p.113)

 

VII. ഫ്ലെഗോണ്‍

 

ഫ്ലെഗോണ്‍ എന്ന മറ്റൊരു മതേതര പണ്ഡിതന്‍, ‘ക്രോണിക്കിള്‍സ്’ എന്ന് വിളിക്കുന്ന ചരിത്രം എഴുതി. ഈ കൃതിയും നഷ്ടപ്പെട്ടെങ്കിലും ജൂലിയസ് ആഫ്രിക്കാനസ് ഇതിന്‍റെ ഒരു ചെറിയ തുണ്ട് തന്‍റെ കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. താല്ലസിനെപ്പോലെ, യേശുവിന്‍റെ ക്രൂശീകരണ സമയത്ത് അന്ധകാരം ദേശത്ത് വ്യാപിച്ചുവെന്ന് ഫ്ലെഗോണ്‍ സ്ഥിരീകരിക്കുകയും, അത് സൂര്യഗ്രഹണം മൂലമാണെന്ന് താന്‍ വിശദീകരിക്കുകയും ചെയ്യുന്നു, “ടൈബീരിയസ് കൈസരിന്‍റെ കാലത്ത്, പൌര്‍ണമി സമയത്ത് ഒരു സൂര്യഗ്രഹണം ഉണ്ടായി.’ (Julius Africanus, ‘Chronography’, 18:1)

 

ആഫ്രിക്കാനസിനെ കൂടാതെ മൂന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിയും വിശ്വാസസംരക്ഷകനുമായ ഒരിഗനും (Contra Celsum, 2:14,33,59) ആറാം നൂറ്റാണ്ടിലെ ഗ്രന്ഥകര്‍ത്താവായ ഫിലോപ്പോണും ഫ്ലൈഗോണിന്‍റെ ഈ സൂചനയെക്കുറിച്ചു എഴുതുന്നുണ്ട് (Josh McDowell and Bill Wilson, ‘He Walked Amoung Us’, p.36)

 

VIII. മാറാ ബര്‍ സെറാപ്പിയോന്‍

 

സിറിയക്കാരനായ മാറാ ബര്‍ സെറാപ്പിയോന്‍ എന്ന വ്യക്തി തന്‍റെ മകന്‍ സെറാപ്പിയോന് ഒന്നാം നൂറ്റാണ്ടിലെ അവസാനത്തിനും മൂന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തിന്‍റെയും ഇടയില്‍ എഴുതിയ ഒരു കത്ത് ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ ഉണ്ട്. യേശുക്രിസ്തുവിനെ കുറിച്ച് ആ കത്തില്‍ പറയുന്ന ഭാഗം താഴെ കൊടുക്കുന്നു:

 

“സോക്രട്ടീസിനെ വധിച്ചതിനാല്‍ എന്ത് പ്രയോജനമാണ് അഥേനര്‍ക്ക്‌ ലഭിച്ചത്? അവരുടെ കുറ്റത്തിന് ന്യായവിധി എന്നവണ്ണം ക്ഷാമവും പ്ലേഗും അവരുടെ മേല്‍ വന്നു. പൈതഗോറസിനെ അഗ്നിക്കിരയാക്കിയത് കൊണ്ട് സാമോനിലെ ജനങ്ങള്‍ക്ക് എന്ത് ഗുണം കിട്ടി? ഒരു നിമിഷം കൊണ്ട് അവരുടെ ദേശം മണലാരണ്യമായി മാറി. അവരുടെ ജ്ഞാനിയായ രാജാവിനെ വധിച്ചത് കൊണ്ട് യെഹൂദന്മാര്‍ക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്? അവരുടെ രാജ്യം ഛിന്നഭിന്നമായത് അതിനുശേഷമാണ്. ഈ മൂന്ന് ജ്ഞാനികള്‍ക്കും വേണ്ടി ദൈവം പകരം വീട്ടി; അഥേനര്‍ വിശപ്പ്‌ മൂലം മരിച്ചു; സാമോന്യര്‍ കടലാക്രമണത്തിനിരയായി; യെഹൂദന്മാര്‍ അവരുടെ രാജ്യത്ത് നിന്ന് ഓടിക്കപ്പെട്ടു പ്രവാസികളായി പാര്‍ത്തു. എന്നാല്‍ സോക്രട്ടീസ് മരിച്ചിട്ടില്ല; ഹിരായുടെ പ്രതിമയില്‍ അയാള്‍ ജീവിച്ചു. ജ്ഞാനിയായ രാജാവും മരിച്ചിട്ടില്ല, താന്‍ നല്കിയ ഉപദേശത്താല്‍ ജീവിച്ചു. (British Museum, Syriac Ms, add. 14, 658, cited in Habermas, Historical Jesus, p.200)

 

 

IX. സെല്‍സസ്

 

ഒരു തത്വജ്ഞാനിയായിരുന്ന സെല്‍സസ് ക്രിസ്തുവിനെയും ക്രിസ്തുമാര്‍ഗ്ഗത്തെയും കുറിച്ച് തന്‍റെ “True Discourse” എന്ന ഗ്രന്ഥത്തില്‍ സവിസ്തരമായി നിരൂപണം ചെയ്തിരിക്കുന്നു. നമുക്ക്‌ ലഭ്യമായിട്ടുള്ള അറിവനുസരിച്ച് ക്രിസ്തുമാര്‍ഗ്ഗത്തിന്മേല്‍ സാഹിത്യപരമായി നടത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ആക്രമണമാണ് പ്രസ്തുത ഗ്രന്ഥം. ക്രിസ്ത്യാനികളുടെ ലോഗോസ് ഉപദേശത്തെയും ഉന്നതമായ ധാര്‍മ്മിക നിലവാരത്തെയും താന്‍ അതില്‍ പ്രശംസിക്കുന്നുണ്ടെങ്കിലും, ക്രിസ്തുവിന്‍റെ കന്യകാ ജനനം, ക്രൂശുമരണം മൂലമുള്ള രക്ഷ എന്നീ ക്രിസ്തീയ അവകാശവാദങ്ങള്‍ താന്‍ അതില്‍ വിമര്‍ശിച്ചിരിക്കുന്നു (The Oxford Dictionary of the Christian Church, ed. F.L. Cross, 1961. P.256) ക്രിസ്ത്യാനികളുടെ ചില വാദമുഖങ്ങള്‍ സെല്‍സസ് വിമര്‍ശിച്ചുവെങ്കിലും ക്രിസ്തുവിന്‍റെ ജീവിതം, മരണം എന്നീ യാഥാര്‍ത്ഥ്യങ്ങളെ താന്‍ അംഗീകരിച്ചിരുന്നുവെന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. സെല്‍സസിന്‍റെ ഈ വിമര്‍ശനത്തിന് സഭാപിതാവും വേദപണ്ഡിതനുമായിരുന്ന ഓരിജന്‍ തന്‍റെ ‘Contra Celsum’ എന്ന ഗ്രന്ഥത്തിന്‍റെ എട്ടു വാല്യങ്ങളിലായി മറുപടി നല്‍കിയിട്ടുണ്ട് (The Oxford Dictionary of the Christian Church, ed. F.L. Cross, 1961. P.256) ഒരു പുസ്തകത്തിന് എട്ടു വാല്യങ്ങളിലായി മറുപടി നല്‍കുക എന്ന് പറയുമ്പോള്‍ത്തന്നെ നമുക്ക്‌ മനസ്സിലാക്കാമല്ലോ, മറുപടിയുടെ ആഴം എത്രത്തോളമുണ്ടെന്ന്!!

 

X. യെഹൂദ തല്മൂദില്‍ നിന്നുള്ള സാക്ഷ്യം

 

“ഇങ്ങനെ പഠിപ്പിച്ചിട്ടുണ്ട്: പെസഹായുടെ തലേന്നാള്‍ അവര്‍ യേശുവിനെ ക്രൂശിച്ചു. ഒരു വിളംബരക്കാരന്‍ നാല്പതു ദിവസം യേശുവിന്‍റെ മുന്‍പില്‍ നടന്നുകൊണ്ട്: ഈ മനുഷ്യന്‍ മന്ത്രവാദം പ്രയോഗിക്കുകയും ഇസ്രായേലിനെ വശീകരിക്കുകയും വഴിതെറ്റിക്കുകയും ചെയ്കയാല്‍, ഇവനെ കല്ലെറിയുവാന്‍ പോവുകയാണ്. ഇവന് അനുകൂലമായി എന്തെങ്കിലും ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അവന്‍ വന്നു ഇയാള്‍ക്ക്‌ വേണ്ടി വാദിക്കട്ടെ. എന്നാല്‍ അവനു അനുകൂലമായി ഒന്നും കാണായ്കയാല്‍ പെസഹയുടെ തലേന്നാള്‍ അവനെ ക്രൂശിലേറ്റി.

 

റബ്ബി ഉള്ളാ പറയുന്നു: “അവനു വേണ്ടി ഏതു പ്രതിരോധവും ഇത്ര തീക്ഷ്ണമായി നടക്കും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? അവന്‍ ഒരു ചതിയനാണ്. സര്‍വ്വകാരുണികന്‍ പറയുന്നു: “അവനെ വെറുതെ വിടരുത്, ഒളിപ്പിക്കുകയും അരുത്.” യേശുവിനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമായിരുന്നു, “അവന്‍ രാജത്വത്തോട് അടുത്തു വന്നിരുന്നു.” (Babylonian Talmud, Sanhedrin 43a).

 

ഇതെല്ലാം യേശുക്രിസ്തുവിനും ക്രിസ്തുമാര്‍ഗ്ഗത്തിനും എതിരായിരുന്നവരുടെ സാക്ഷ്യങ്ങള്‍ ആണ്. ഇനിഅടുത്ത ഭാഗത്തില്‍ ആദ്യ നൂറ്റാണ്ടുകളിലെ സഭാ പിതാക്കന്മാരുടെ എഴുത്തുകളില്‍ നിന്നും പരിശോധിക്കാം. (തുടരും…)