വിശുദ്ധ ജസ്റ്റിന്‍റെ രക്തസാക്ഷിത്വം

 

ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവന്‍ നല്‍കിയ ആദ്യകാല രക്തസാക്ഷികളുടെ വീരോചിത മാതൃക ഏതൊരു കാലത്തുമുള്ള വിശ്വാസികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ക്രൈസ്തവ സഭാചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. സഭ വിവരണാതീതമായ പീഡനങ്ങളുടെ മധ്യേ കടന്നു പോയ ആ കാലത്ത് കര്‍ത്താവായ യേശുക്രിസ്തുവില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച്, തങ്ങള്‍ വിശ്വസിക്കുന്ന അതിവിശുദ്ധ വിശ്വാസത്തിന് വേണ്ടി സ്വന്തം ജീവന്‍ തൃണസമാനം പരിഗണിച്ചു കൊണ്ട് വിചാരണക്കോടതികളുടെ മുമ്പാകെ അതിധൈര്യത്തോടെ തങ്ങളുടെ രക്ഷകന് സാക്ഷ്യം വഹിച്ചവരായിരുന്നു ആ രക്തസാക്ഷികള്‍. രക്തസാക്ഷികളെ കോടതിയില്‍ വിചാരണ ചെയ്ത രംഗം റോമന്‍ ഓഫീസുകളില്‍ രേഖപ്പെടുത്തിയിരുന്നവ “ആക്ട മാര്‍ത്തിരും” (Acta Martyrum) എന്ന പേരില്‍ അറിയപ്പെടുന്നു. അവയില്‍ ചിലതിന്‍റെ കോപ്പികള്‍ പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. വിശുദ്ധ ജസ്റ്റിന്‍, ഷില്ലയിലെ രക്തസാക്ഷികള്‍, വിശുദ്ധ സിപ്രിയന്‍ എന്നിവരുടെ രക്തസാക്ഷി വിവരണങ്ങള്‍ ഇവയില്‍പ്പെടുന്നു.

 

ക്രൈസ്തവ സഭ രൂപം കൊണ്ട ആദിമ നൂറ്റാണ്ടുകളില്‍ ഭരണകൂടത്തില്‍ നിന്നും എത്രമാത്രം പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് അത് മുന്നോട്ടു പോയത് എന്നും രക്തസാക്ഷികളുടെ രക്തം സഭയുടെ വളര്‍ച്ചക്കുള്ള ഊര്‍ജ്ജമായിരുന്നു എന്നും നിഷ്പക്ഷ മനസ്സുള്ള ചരിത്രാന്വേഷകര്‍ക്ക് മനസ്സിലാകും. പല ഇസ്ലാമിക, കമ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ സഭ പീഡനത്തിലൂടെ കടന്നു പോകുന്ന ഈ കാലയളവില്‍ ക്രൈസ്തവ രക്തസാക്ഷികളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. അതുകൊണ്ട് ഇതൊരു പരമ്പരയായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു:

 

വിശുദ്ധ ജസ്റ്റിന്‍റെ രക്തസാക്ഷിത്വം.

“വിഗ്രഹാരാധനയെ ന്യായീകരിച്ച ദുഷ്ടമനുഷ്യര്‍ വ്യര്‍ത്ഥവിഗ്രഹങ്ങള്‍ക്ക്‌ അര്‍പ്പണം നടത്താന്‍ ഭക്തക്രിസ്ത്യാനികളെ നിര്‍ബന്ധിക്കുന്നതിന് നഗരത്തിലും നാട്ടുമ്പുറത്തും അവര്‍ക്കെതിരായി ഭക്തിരഹിതമായി ഡിക്രികള്‍ പുറപ്പെടുവിച്ചു. അതിന്‍റെ ഫലമായി വിശുദ്ധരെ പിടിച്ച് റുസ്തിക്കൂസ്‌ എന്ന് പേരുള്ള റോമന്‍ പ്രീഫെക്ടിന്‍റെ മുന്നില്‍ ഹാജരാക്കി.

അവരെ ന്യായാസനത്തിന്‍റെ മുമ്പാകെ ഹാജരാക്കിയപ്പോള്‍ പ്രീഫെക്ട് റുസ്തിക്കൂസ്‌ ജസ്റ്റിനോട് കല്പിച്ചു: “ഒന്നാമതായി, ദേവന്മാരെ അനുസരിക്കൂ; രാജാക്കന്മാര്‍ക്ക്‌ വിധേയരായിരിക്കൂ”.

ജസ്റ്റിന്‍ പ്രത്യുത്തരിച്ചു: “ഞങ്ങളുടെ രക്ഷകനായ ഈശോമിശിഹായുടെ കല്പനകള്‍ അനുസരിക്കുന്നത് ആക്ഷേപാര്‍ഹമോ കുറ്റകരമോ അല്ല”.

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “എന്ത് തത്വങ്ങളാണ് നീ മുറുകെ പിടിച്ചിരിക്കുന്നത്?”

ജസ്റ്റിന്‍ പറഞ്ഞു: “ഞാന്‍ എല്ലാ തത്വങ്ങളും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്: അന്ധവിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ക്രിസ്ത്യാനികളുടെ സത്യപ്രബോധനങ്ങള്‍ ഞാന്‍ സ്വീകരിച്ചു.”

പ്രീഫെക്ട് റുസ്തിക്കൂസ്‌: “നികൃഷ്ട മനുഷ്യാ, ഈ പ്രബോധനങ്ങള്‍ നിന്നെ സന്തുഷ്ടനാക്കുന്നുണ്ടോ?”

ജസ്റ്റിന്‍: “അതേ. കാരണം, ഈ വിശ്വാസം ശരിയായിട്ടുള്ളതാണ്. വിശ്വാസമനുസരിച്ച് ഞാന്‍ അതിനെ പിന്‍ചെല്ലണം.”

പ്രീഫെക്ട് റുസ്തിക്കൂസ്‌: “എന്ത് വിശ്വാസമാണ് നീ അര്‍ത്ഥമാക്കുന്നത്?”

ജസ്റ്റിന്‍: “ക്രിസ്ത്യാനികളുടെ ദൈവത്തെ സംബന്ധിച്ച് ഭക്തിപൂര്‍വം ഞങ്ങള്‍ ഏറ്റുപറയുന്ന കാര്യം: ദൃശ്യാസദൃശ്യങ്ങളായ സൃഷ്ടി മുഴുവന്‍റെയും നിര്‍മ്മാതാവും പണിക്കാരനും ആരംഭം മുതലേ സ്ഥിതി ചെയ്യുന്നവനുമായ ഏകദൈവമായ അവനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അതുപോലെ ദൈവപുത്രനായ നമ്മുടെ കര്‍ത്താവീശോമിശിഹായെ സംബന്ധിച്ച്, യഥാര്‍ത്ഥ ശിഷ്യരുടെ ഗുരുവായും രക്ഷയുടെ അറിയിപ്പുകാരനായും മനുഷ്യകുലത്തിന്‍റെ പക്കലേക്ക് വരാനിരിക്കുന്നവന്‍ എന്ന് പ്രവാചകന്മാര്‍ അവിടത്തെപ്പറ്റി മുന്‍കൂട്ടി പ്രഘോഷിച്ചിരുന്നു. അവിടത്തെ അനന്തമായ ദൈവത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍, വെറുമൊരു മനുഷ്യനായ ഞാന്‍ പറയുന്നത് നിസ്സാരമാണ്. എന്നാല്‍ പ്രവചനത്തിന് ശക്തിയുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു. ദൈവപുത്രനെന്നു ഞാന്‍ ഇപ്പോള്‍ പറഞ്ഞ ആളെപ്പറ്റി നേരത്തെതന്നെ പ്രവചനം നടന്നിട്ടുണ്ട്. എന്തുകൊണ്ടെന്നാല്‍ മനുഷ്യരുടെ ഇടയിലേക്കുള്ള അവിടത്തെ വരവിനെ സംബന്ധിച്ച്‌ ആരംഭം മുതലേ പ്രവാചകന്മാര്‍ പ്രവചിച്ചിരുന്നു എന്ന് എനിക്കറിയാം.”

പ്രീഫെക്ട് റുസ്തിക്കൂസ്‌: എവിടെയാണ് നിങ്ങള്‍ ഒന്നിച്ചു കൂടുന്നത്?”

ജസ്റ്റിന്‍: “തിമോതിയുടെ കടവിനടുത്തു മാര്‍ട്ടിന്‍റെ വീടിനു മുകളിലാണ് ഞാന്‍ താമസിക്കുന്നത്: റോമിലെ എന്‍റെ രണ്ടാമത്തെ സന്ദര്‍ശനമാണിത്; ഇക്കാലമെല്ലാം അവന്‍റെ വീടല്ലാതെ മറ്റൊരു സമ്മേളനസ്ഥലത്തെപ്പറ്റി എനിക്കറിവില്ല. എന്‍റെ പക്കല്‍ ആരെങ്കിലും വരാനാഗ്രഹിച്ചാല്‍, സത്യവചനം ഞാന്‍ അവന് പകര്‍ന്നു കൊടുത്തിരുന്നു”.

പ്രീഫെക്ട് റുസ്തിക്കൂസ്‌: “കാര്യത്തിലേക്ക് കടക്കാം; നീയൊരു ക്രിസ്ത്യാനിയാണോ?”

ജസ്റ്റിന്‍: “അതെ, ഞാനൊരു ക്രിസ്ത്യാനിയാണ്.”

പ്രീഫെക്ട് റുസ്തിക്കൂസ്‌ കരിതോനോട്‌: “കരിതോന്‍, നീയെന്ത് പറയുന്നു?”

കരിതോന്‍ പറഞ്ഞു: “ദൈവകൃപയാല്‍ ഞാനൊരു ക്രിസ്ത്യാനിയാണ്”.

റുസ്തിക്കൂസ്‌ എവുഎല്‍പിസ്തൂസിനോട് ചോദിച്ചു: “നീ ആരാണ്?”

സീസറിന്‍റെ ഭൃത്യനായ എവുഎല്‍പിസ്തുസ്‌ മറുപടി പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്; മശിഹാ എന്നെ സ്വതന്ത്രനാക്കി; മശിഹയുടെ കൃപയാല്‍ അതേ പ്രത്യാശയില്‍ ഞാന്‍ പങ്കുകാരനായി”.

പ്രീഫെക്ട് റുസ്തിക്കൂസ്‌ ഹിയെരാക്സിനോട് ചോദിച്ചു: “നീയും ഒരു ക്രിസ്ത്യാനിയാണോ?”

ഹിയെരാക്സ്‌ പറഞ്ഞു: “അതേ, ഞാന്‍ ക്രിസ്ത്യാനിയാണ്; കാരണം, അതേ ദൈവത്തെ ഞാന്‍ പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു”.

പ്രീഫെക്ട് റുസ്തിക്കൂസ്‌: “ജസ്റ്റിന്‍ നിങ്ങളെ ക്രിസ്ത്യാനികളാക്കിയോ?”

ഹിയെരാക്സ്‌ പറഞ്ഞു: “ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്; എന്നും ആയിരിക്കുകയും ചെയ്യും”.

പേയോന്‍ എന്ന് പേരുള്ള ഒരാള്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്”.

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “ആര് നിന്നെ പഠിപ്പിച്ചു?”

പേയോന്‍ പറഞ്ഞു: എന്‍റെ മാതാപിതാക്കളില്‍ നിന്ന് ഈ നല്ല വിശ്വാസം എനിക്ക് കിട്ടി”.

എവുഎല്‍പിസ്തുസ്‌ പറഞ്ഞു: “ഞാന്‍ സന്തോഷപൂര്‍വ്വം ജസ്റ്റിന്‍റെ വാക്കുകള്‍ ശ്രവിച്ചിട്ടുണ്ട്; എന്നാല്‍ എന്‍റെ മാതാപിതാക്കളില്‍ നിന്നാണ് ഞാന്‍ ക്രിസ്തുമതം സ്വീകരിച്ചത്”.

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “എവിടെയാണ് നിന്‍റെ മാതാപിതാക്കള്‍?”

എവുഎല്‍പിസ്തുസ്‌ പറഞ്ഞു: “കപ്പദോഷ്യയില്‍”.

റുസ്തിക്കൂസ്‌ ഹിയെരാക്സിനോട് ചോദിച്ചു: “എവിടെയാണ് നിന്‍റെ മാതാപിതാക്കള്‍?”

അവന്‍ ഉത്തരമായി പറഞ്ഞത്: “ഞങ്ങളുടെ യഥാര്‍ത്ഥ പിതാവ് ക്രിസ്തുവും ഞങ്ങളുടെ മാതാവ് അവനിലുള്ള ഞങ്ങളുടെ വിശ്വാസവുമാണ്. എന്‍റെ ഭൌമിക മാതാപിതാക്കള്‍ മരിച്ചു പോയി; ഇവിടെ വരുന്നതിനു മുന്‍പ്‌ ഫ്രീജിയായിലെ ഇക്കോണിയത്തില്‍ നിന്ന് ഞാന്‍ വലിച്ചിഴക്കപ്പെട്ടു”.

പ്രീഫെക്ട് റുസ്തിക്കൂസ്‌ ലിബേരിയനോട് ചോദിച്ചു: “നീയെന്തു പറയുന്നു? നീ ക്രിസ്ത്യാനിയാണോ? മറ്റുള്ളവരെപ്പോലെ നീയും അവിശ്വാസിയാണോ?”

ലിബേരിയന്‍ പറഞ്ഞു: “ഞാനും ഒരു ക്രിസ്ത്യാനിയാണ്. കാരണം ഞാന്‍ വിശ്വാസിയാണ്; ഏകസത്യദൈവത്തെ ഞാന്‍ ആരാധിക്കുന്നു”.

പ്രീഫെക്ട് ജസ്റ്റിനോട് പറഞ്ഞു: “പണ്ഡിതനെന്നു കരുതപ്പെടുകയും സത്യപ്രബോധനം ലഭിച്ചവനെന്നു കരുതപ്പെടുകയും ചെയ്യുന്ന മനുഷ്യാ, കേള്‍ക്കുക: നിന്നെ പ്രഹരിച്ച ശേഷം തലവെട്ടിയാല്‍ നീ സ്വര്‍ഗ്ഗത്തിലേക്ക് കയറുമെന്ന് നീ കരുതുന്നുണ്ടോ?”

ജസ്റ്റിന്‍ പറഞ്ഞു: “ഞാന്‍ ഈ കാര്യങ്ങള്‍ സഹിച്ചാല്‍ അവന്‍റെ ദാനങ്ങള്‍ എനിക്ക് കിട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അപ്രകാരം ജീവിക്കുന്ന എല്ലാവര്‍ക്കും സര്‍വ്വലോകത്തിന്‍റെയും അവസാനം വരെ ദൈവത്തിന്‍റെ സൌജന്യദാനം ലഭിക്കുമെന്ന് എനിക്കറിയാം”.

പ്രീഫെക്ട് റുസ്തിക്കൂസ്‌ ചോദിച്ചു: “അപ്പോള്‍ ഏതോ പ്രതിഫലം വാങ്ങാന്‍ നീ സ്വര്‍ഗ്ഗത്തിലേക്ക്‌ കയറുമെന്ന് നീ ചിന്തിക്കുന്നുണ്ടോ?”

ജസ്റ്റിന്‍: “ഞാന്‍ ചിന്തിക്കുകയല്ലാ, പിന്നെയോ എനിക്കറിയാം, എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്”.

പ്രീഫെക്ട് റുസ്തിക്കൂസ്‌ പറഞ്ഞു: “നമുക്ക്‌ ഇപ്പോള്‍ ചെയ്യേണ്ട അത്യാവശ്യ കാര്യത്തിലേക്ക് കടക്കാം. നിങ്ങള്‍ യോജിച്ച്, ഏകയോഗമായി ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കുക”

ജസ്റ്റിന്‍ പറഞ്ഞു: “സുബുദ്ധിയുള്ളവരാരും സത്യവിശ്വാസത്തില്‍നിന്ന് തെറ്റായ വിശ്വാസത്തിലേക്ക്‌ പിന്തിരിയാറില്ല”.

പ്രീഫെക്ട് റുസ്തിക്കൂസ്‌ പറഞ്ഞു: നിങ്ങള്‍ അനുസരിച്ചില്ലെങ്കില്‍, ദയാരഹിതമായി നിങ്ങള്‍ ശിക്ഷിക്കപ്പെടും”.

ജസ്റ്റിന്‍ പറഞ്ഞു: “ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തുവിനു വേണ്ടി ഞങ്ങള്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍, രക്ഷിക്കപ്പെടുമെന്നു ഞങ്ങള്‍ക്ക്‌ പ്രതീക്ഷയുണ്ട്.; കാരണം, ലോകത്തെ മുഴുവന്‍ വിധിക്കുന്ന ഞങ്ങളുടെ കര്‍ത്താവും രക്ഷിതാവുമായ അവിടുത്തെ ഭയങ്കര ന്യായാസനത്തിന്‍ മുമ്പാകെ ഇതായിരിക്കും ഞങ്ങളുടെ രക്ഷയും ആത്മധൈര്യവും”.

മറ്റു രക്തസാക്ഷികളും അപ്രകാരം തന്നെ പറഞ്ഞു: “നിനക്കിഷ്ടമുള്ളത് ചെയ്യുക. ഞങ്ങള്‍ ക്രിസ്ത്യാനികളാണ്, ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക്‌ ബലിയര്‍പ്പിക്കുകയില്ല”.

പ്രീഫെക്ട് റുസ്തിക്കൂസ്‌ വിധി പ്രസ്താവിച്ചു: “ദേവന്മാര്‍ക്ക് ബലിയര്‍പ്പിക്കുകയും ചക്രവര്‍ത്തിയുടെ കല്പനക്ക് വിധേയരാകുകയും ചെയ്യാത്തവരെ ദണ്ഡിപ്പിച്ച് നിയമമനുസരിച്ച് തലവെട്ടിക്കൊല്ലാനായി കൊണ്ടുപോകട്ടെ”.

വിശുദ്ധ രക്തസാക്ഷികള്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് കൊലക്കളത്തിലേക്ക്‌ പോയി. തങ്ങളുടെ രക്ഷകനെ ഏറ്റുപറഞ്ഞുകൊണ്ട് അവര്‍ സാക്ഷ്യം പൂര്‍ത്തിയാക്കി. വിശ്വാസികളില്‍ ചിലര്‍ രഹസ്യമായി അവരുടെ ശരീരമെടുത്ത് സൌകര്യപ്രദമായ സ്ഥലത്ത് മറവു ചെയ്തു; നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപ അവരോടുകൂടെ പ്രവര്‍ത്തിച്ചിരുന്നു; അവിടുത്തേക്ക് എന്നുമെന്നും മഹത്വമുണ്ടായിരിക്കട്ടെ, ആമേന്‍.

 

(ജി.ചേടിയത്ത്. ആദിമസഭയുടെ സന്ദേശം, OIRSI, കോട്ടയം, 1994, പേജ് 316-326; ഈ പുസ്തകത്തില്‍ നിന്നും പ്രൊഫ.റവ.ഡോ.സേവ്യര്‍ കൂടപ്പുഴ, തിരുസ്സഭാചരിത്രം, പേജ് 159-162 എന്നിവടങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്.)