മനുഷ്യന്‍, ദൈവത്തിന്‍റെ ഒരു അത്ഭുത സൃഷ്ടി!!

പരിണാമവാദികള്‍ മനുഷ്യനെക്കുറിച്ച് പറയുന്നത് ‘അവന്‍ രണ്ട് കാലില്‍ നടക്കുന്ന മൃഗം’ ആണെന്നാണ്‌. വേറെ ചില പരിണാമവാദികള്‍ ‘ചിന്തിക്കുന്ന മൃഗം’ എന്നും മനുഷ്യനെ വിശേഷിപ്പിക്കാറുണ്ട്. അവരെ സംബന്ധിച്ച് ജലത്തില്‍ ഉണ്ടായ ഏക കോശജീവിയില്‍ നിന്ന് പരിണമിച്ചു പരിണമിച്ചു പരിണാമത്തിന്‍റെ ഏറ്റവും മുകളിലെ തട്ടില്‍ എത്തി നില്‍ക്കുന്ന മൃഗമാണ് മനുഷ്യന്‍. പരിണമിക്കാന്‍ ആവശ്യമായ ആദ്യത്തെ ഏക കോശജീവിയും അതുണ്ടായെന്ന് പറയപ്പെടുന്ന ജലവും എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാല്‍ പരിണാമവാദികള്‍ പറയുന്ന ഉത്തരം ‘അത് യാദൃശ്ചികമായി ഉണ്ടായി’ എന്നതാണ്. ‘ഏകകോശ ജീവി എങ്ങനെ ബഹു കോശ ജീവിയായി?’ എന്ന് ചോദിച്ചാലും കിട്ടുന്ന ഉത്തരം ‘യാദൃശ്ചികം’ എന്നത് തന്നെയാണ്. പരിണമിച്ചുണ്ടായ ബഹുകോശജീവിയില്‍ നിന്നും ജലജീവികളും ഉഭയ ജീവികളും കരജീവികളും കരജീവികളില്‍ പറക്കുന്നവയും അല്ലാത്തവയും ഒക്കെ എങ്ങനെ പരിണമിച്ചുണ്ടായി എന്ന് ചോദിച്ചാലും അവരുടെ ഉത്തരം ആ പഴയ ‘യാദൃശ്ചികം’ എന്ന് തന്നെയാണ്! ഇത്രമാത്രം യാദൃശ്ചികതകള്‍ യാദൃശ്ചികമായി ഉണ്ടാകുമോ എന്ന് നമ്മള്‍ ചോദിച്ചാല്‍ ‘അതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല’ എന്നായിരിക്കും അവര്‍ മറുപടി പറയുക. ദൈവത്തെ തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്താനും അതുവഴി സ്വന്ത മോഹങ്ങള്‍ക്കൊത്തു നടക്കാനുമുള്ള വ്യഗ്രതയില്‍ തങ്ങളുടെ വാദങ്ങള്‍ എങ്ങനെയാണ് മനുഷ്യരുടെ സാമാന്യബുദ്ധിക്കും യുക്തിചിന്തക്കും നേരെ കൊഞ്ഞനം കുത്തുന്നത് എന്ന് മനസ്സിലാക്കാനുള്ള ബോധം പോലും ഇക്കൂട്ടര്‍ക്ക്‌ നഷ്ടമായിരിക്കുന്നു എന്നതാണ് വാസ്തവം! മറ്റുള്ളവര്‍ക്ക് അക്കാര്യം മനസ്സിലായിട്ടും ഇതുവരെ പരിണാമവാദികള്‍ക്ക്‌ മാത്രം അത് മനസ്സിലായിട്ടില്ല എന്നതു വെറുമൊരു യാദൃശ്ചികതയല്ല, ബൈബിള്‍ പറയുന്നത് പോലെ പിശാച് അവരുടെ കണ്ണുകള്‍ കുരുടാക്കി വെച്ചത് കൊണ്ടാണ് എന്ന് ഒരു ബൈബിള്‍ വിശ്വാസിക്ക് നിസ്സംശയം പറയാം.

ഒരൊറ്റ ദിവസം തന്നെ നമ്മുടെ ശരീരത്തിനകത്ത് നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞാല്‍ നാം അത്ഭുതപ്പെട്ടുപോകും. നമുക്ക്‌ അതില്‍ ചിലത് ഒന്ന് നോക്കാം:

1. ഒരു ദിവസം 13,640 ലിറ്റര്‍ രക്തം നിങ്ങളുടെ ഹൃദയത്തിന് പമ്പ് ചെയ്യണം. ഒരു ലക്ഷത്തിലധികം പ്രാവശ്യം അത് സ്പന്ദിക്കണം. നിങ്ങളുടെ ശരീരത്തിലുള്ള 100,000 കി.മീ.നീളത്തിലുള്ള രക്തക്കുഴലുകളിലേക്ക് ഹൃദയത്തിന് രക്തമെത്തിക്കണം.

2. ഓരോ സെക്കന്‍ഡിലും രണ്ട് കോടി അരുണാണുക്കളെ നിങ്ങളുടെ ശരീരത്തിന് ഉല്‍പാദിപ്പിക്കണം.

3. 1000 കോടി പുതിയ ശ്വേതാണുക്കളെക്കൂടി ഒരു ദിവസം നിങ്ങളുടെ ശരീരം ഉത്പാദിപ്പിച്ചിരിക്കും.

4. 8640 ലിറ്റര്‍ വായു നിങ്ങളുടെ ശ്വാസകോശത്തിന് ആവശ്യമായി വരും. തന്നെയുമല്ല, 28,800 പ്രാവശ്യം ശ്വാസകോശങ്ങള്‍ പ്രവര്‍ത്തിക്കുകയും വേണം.

5. നശിച്ചു പോകുന്ന കോശങ്ങളെ പുന:സ്ഥാപിക്കുവാന്‍, 300 കോടി പുതിയ്‌ കോശങ്ങളെ മിനിട്ട് തോറും നിങ്ങളുടെ ശരീരം പുതുതായി ഉണ്ടാക്കണം.

6. നിങ്ങളുടെ ആമാശയം ദിവസേന ഉത്പാദിപ്പിക്കുന്നത് ബ്ലേഡിനെപ്പോലും ദഹിപ്പിക്കുവാന്‍ കഴിവുള്ള രണ്ട് ലിറ്റര്‍ ഹൈഡ്രോക്ലോറിക്‌ ആസിഡാണ്. ആമാശയത്തെ അത് കാര്‍ന്നു നശിപ്പിക്കാതിരിക്കാന്‍ ഓരോ മിനിറ്റിലും 500,000 പുതിയ കോശങ്ങള്‍ ആമാശയത്തിനുള്ളില്‍ ഉത്പാദിതമാകുന്നു.

7. ഒരു ദിവസം 20,000 പ്രാവശ്യം നിങ്ങളുടെ കണ്ണിമകള്‍ക്ക് ചിമ്മണം. 2,50,000 ടെലിവിഷന്‍ സെറ്റുകള്‍ ഒരുമിച്ചു ചെയ്യുന്ന പ്രവൃത്തി നിങ്ങളുടെ നേത്രങ്ങള്‍ ഇപ്പോള്‍ തത്സമയം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

8. ഒരു ലക്ഷം കോശങ്ങള്‍ ദിവസേന പുതുതായി നിങ്ങളുടെ മസ്തിഷ്കം ഉണ്ടാക്കണം. നിങ്ങളുടെ തലച്ചോറിലെ 3,000,000,000,000 മസ്തിഷ്കകോശങ്ങള്‍ക്ക് മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗതയില്‍ സദാസമയം സന്ദേശങ്ങള്‍ കൈമാറേണ്ട ആവശ്യമുണ്ട്. അത് കൂടാതെ അവയോരോന്നും 1/10 വോള്‍ട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും വേണം. ഇതിലൊന്നും ഒരു അതിശയോക്തിയുമില്ല. ഇതെല്ലാം ശാസ്ത്രം വെളിപ്പെടുത്തിയിരിക്കുന്ന വെറും വസ്തുതകള്‍ മാത്രമാണ്. (ഡോ.ഏ.പി.ദാനിയേല്‍, ‘ആത്മവ്യൂഹം’ പുറം.75,76).

മനുഷ്യശരീരമെന്ന യന്ത്രത്തിനകത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ് മുകളില്‍ വിവരിച്ചത്. ഇതിലെ ഏതെങ്കിലും ഒരു പ്രവര്‍ത്തനം നടക്കുന്ന ഒരു യന്ത്രം തനിയെ ഉണ്ടായി വരുമോ? ഇല്ല എന്ന് സുബോധമുള്ള ഏതൊരു വ്യക്തിയും സമ്മതിക്കും. പക്ഷേ, ശാസ്ത്രത്തിന്‍റെ ലേബലില്‍ ശാസ്ത്രത്തെ വ്യഭിചരിക്കുന്ന പരിണാമവാദികള്‍ നമ്മുടെ യുക്തിബോധത്തിന് നേരെ കൊഞ്ഞനം കുത്തിയിട്ട് പറയുന്നത്, ‘ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരങ്ങള്‍ ഒന്നുമില്ലായ്മയില്‍ നിന്നും തനിയെ രൂപം പ്രാപിച്ചു വന്നതാണ്’ എന്നാണ്. ഇത്ര വലിയ മണ്ടത്തരം പറഞ്ഞിട്ടും അവര്‍ അടങ്ങുന്നില്ല, ഇത് മണ്ടത്തരം ആണെന്ന് പറയുന്നവരെ ശാസ്ത്രവിരോധികള്‍ എന്ന് മുദ്രകുത്തുകയും ചെയ്യുന്നു! ‘അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചു എന്നിട്ടും പട്ടിക്ക് മുറുമുറുപ്പ്’ എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പണ്ട് പാടിയത് ഈ പരിണാമവാദികളെ മനസ്സില്‍ കണ്ടുകൊണ്ടുതന്നെ ആകാനാണ് വഴി.

ഒരു ബൈബിള്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം മനുഷ്യശരീരത്തിന്‍റെ നിഗൂഡതകള്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്തോറും അവന് പറയാനുള്ളത് പണ്ട് ദാവീദ്‌ രാജാവ്‌ പറഞ്ഞ അതേ വാചകങ്ങള്‍ തന്നെയാണ്:

“നീയല്ലോ എന്‍റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചതു, എന്‍റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു; അതു എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു” (സങ്കീ.139:14,15).

അതേ, ഭയങ്കരവും അതിശയകരവുമായി നമ്മെ നിര്‍മ്മിച്ച ദൈവത്തിന്‍റെ മുന്നില്‍ നമുക്ക്‌ മുട്ടുകുത്താം. മനുഷ്യപുത്രന്മാരോടുള്ള അവിടുത്തെ പ്രവൃത്തികള്‍ എത്ര അത്ഭുതകരമെന്ന് ഓര്‍ത്ത്‌ അവിടുത്തേക്ക് സ്തോത്രം കരേറ്റാം, ആ പരിശുദ്ധനാമം മാത്രം എന്നുമെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ!!