പരിണാമവാദികളുടെ ഫോസ്സില്‍ തട്ടിപ്പുകള്‍
- Posted by admin
- on May, 18, 2014
- in കപടശാസ്ത്രം, പരിണാമം, ഫോസിലുകള്‍
- Blog No Comments.
മനുഷ്യന് ശാസ്ത്രത്തില്‍ അന്ധമായി തന്നെ വിശ്വസിക്കുന്നുണ്ട് എന്നത് ഒരു അതിശയോക്തിയല്ല. ‘ശാസ്ത്രജ്ഞന്മാര് സത്യം പറയുന്നവര്‍ ആയിരിക്കും’ എന്നും ‘അവര്‍ തെളിവുകളെ മാത്രമേ പരിശോധിക്കൂ, അല്ലാതെ ഏതെങ്കിലും സിദ്ധാന്തത്തിനോടുള്ള വൈകാരിക ആകര്‍ഷണം കാരണം ആ സിദ്ധാന്തത്തിന് അനുകൂലമായ വിധത്തില്‍ തെളിവുകളെ വളച്ചൊടിച്ച് മാനവ വര്‍ഗ്ഗത്തെ വഞ്ചിക്കാന്‍ ശ്രമിക്കും’ എന്നും സാധാരണക്കാര്‍ ഒരിക്കലും ചിന്തിക്കുകയില്ല. എന്നാല്‍, അവരുടെ ആ ചിന്ത അസ്ഥാനത്താണ്. പരിണാമവാദം സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്ന പല പരിണാമവാദികളായ ശാസ്ത്രജ്ഞന്മാരും പരിണാമത്തെ തെളിയിക്കാന്‍ വേണ്ടി കൃത്രിമമായി തെളിവുകള്‍ ഉണ്ടാക്കി ശാസ്ത്രലോകത്തെ വഞ്ചിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ശാസ്ത്രത്തിന്റെ പ്രത്യേകത, അത് എപ്പോഴും സത്യം പുറത്തു കൊണ്ടുവരും എന്നുള്ളതാണ്. അതുകൊണ്ടുതന്നെ, ശാസ്ത്രലോകത്തെ കരിമ്പുള്ളികള്‍ ആയ ഈ പരിണാമവാദികളുടെ തട്ടിപ്പുകള്‍ ശാസ്ത്രലോകം തന്നെ പിന്നീട് തുറന്നു കാട്ടിയിട്ടുണ്ട്. എങ്കിലും ചില തട്ടിപ്പുകള്‍ തുറന്നു കാണിക്കാന്‍ മുപ്പതും നാല്പതും വര്‍ഷങ്ങള്‍ എടുത്തു. അത്രയും കാലം ലോകത്തുള്ള മനുഷ്യര്‍ മുഴുവനും അത് സത്യമാണെന്ന് തെറ്റിദ്ധരിച്ചു എന്ന ദുഃഖ സത്യം കൂടി നാം ഓര്‍ക്കേണ്ടതുണ്ട്. കോടാനുകോടി ജനങ്ങളെ ശാസ്ത്രത്തിന്റെ പേര് പറഞ്ഞ് വഞ്ചിക്കുവാന്‍ പരിണാമവാദികള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. മൃഗങ്ങളില്‍ നിന്നും പരിണമിച്ചുണ്ടായവനാണ് താന്‍ എന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് ലോകത്തുള്ള ബാക്കി മനുഷ്യരോട് എന്ത് ധാര്‍മ്മിക ഉത്തരവാദിത്തമാണ് ഉണ്ടാകുക? മരണശേഷം തന്റെ സ്രഷ്ടാവിനെ അഭിമുഖീകരിക്കേണ്ട ആവശ്യമില്ല, കാരണം തനിക്കൊരു സ്രഷ്ടാവ് തന്നെയില്ല, ശൂന്യതയില്‍ നിന്നും തനിയെ ഉണ്ടായതാണ് ഈ പ്രപഞ്ചവും താനടക്കമുള്ള സകല ജീവികളും എന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവരെ വഞ്ചിക്കുവാന്‍ യാതൊരു ഭയവും തോന്നുകയില്ല എന്ന കാര്യം പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. എന്തായാലും ശാസ്ത്രം എന്ന ലേബലില്‍ പരിണാമവാദികള്‍ നടത്തിയ തട്ടിപ്പുകളെ തുറന്നു കാണിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിന്റെ ആദ്യ ഭാഗം എന്ന നിലയില്‍ ജെയിംസ് വര്‍ഗ്ഗീസ് I.A.S, വര്‍ഗ്ഗീസ് മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘സൃഷ്ടി രഹസ്യങ്ങള്‍’ എന്ന പുസ്തകത്തില്‍ നിന്നും കപട ഫോസ്സിലുകള്‍ എന്ന ഭാഗം താഴെ കൊടുക്കുന്നു:
ഹോമിനിഡുകള്‍
ആഫ്രിക്കന്‍ കുരങ്ങുകള്‍ക്കും, മനുഷ്യനും പൊതുവായ ഒരു മുന്‍ഗാമി ഉണ്ടായിരുന്നതായാണ് അവകാശവാദം. അവയെ ഹോമിനിഡുകള്‍ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഹോമിനിഡുകളുടെ മുന്‍ഗാമികളായ ആന്ത്രോപോയിഡുകളുടെ വര്‍ഗ്ഗത്തില്‍ കാണുന്ന കുരങ്ങുകള്‍ നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണയായി കാണപ്പെടുന്നവയാണ്. സര്‍ക്കസ്സുകാരുടെ വളയത്തിനുള്ളില്‍ ചാടിത്തിമിര്‍ക്കുന്ന ആ കുരങ്ങുകള്‍ക്കും അവയുടെ ഉടമസ്ഥനായ സര്‍ക്കസ്സുകാരനും ഇടയ്ക്കു കാണപ്പെടേണ്ട ഹോമിനിഡുകള്‍ എവിടെ? പരിണാമവാദികള്‍ അതിന് ‘മിസ്സിംഗ് ലിങ്ക്സ്’ എന്ന ഓമനപ്പേരാണ് നല്‍കിയിരിക്കുന്നത്. എന്നുവെച്ചാല്‍ കാണാതായ കണ്ണി എന്നര്‍ത്ഥം. പക്ഷേ ഒരു ചോദ്യം- “താഴ്ന്ന വര്ഗ്ഗത്തിലുള്ളവയേക്കാള് പെട്ടെന്ന് അവയുടെ ഉയര്‍ന്ന വര്‍ഗ്ഗത്തിലുള്ളവര്‍ നശിച്ചത് എങ്ങനെ? ‘കൂടുതല്‍ ഉയര്‍ന്നവര്‍ നിലനില്ക്കും’ (Survival of the fittest) എന്നതല്ലേ പരിണാമവാദത്തിന്റെ ആണിക്കല്ല്? ഇത്തരം കണ്ണികള്‍ 0.5 മുതല്‍ 3.5 വരെ കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഇവയുടെ ഫോസ്സിലുകള്‍ക്ക് വേണ്ടി പരിണാമവാദികള്‍ നടത്തിയ ഊര്‍ജ്ജിത തിരച്ചിലുകള്‍ക്ക് ഒടുവില്‍ കിട്ടിയത് കുറേ ‘തട്ടിപ്പിന്റെ കഥകള്‍’ മാത്രം! ഇന്ത്യന്‍ യൂണിവേഴ്സിറ്റികളില്‍ ഇന്നും വേദ വാക്യങ്ങളായി പഠിപ്പിക്കുന്ന ഈ പൊയ്മുഖങ്ങള്‍ ഇവിടെ അഴിയുകയാണ്:
1. രാമാപിത്തിക്കസ്
വടക്കേ ഇന്ത്യയിലെ ശിവലിക് കുന്നുകളില്‍ നിന്ന് 1932-ല്‍ ജി.ഇ.ലൂവിസ് ആണ് ഈ ഫോസ്സില്‍ ആദ്യമായി കണ്ടെടുത്തത്. അതിപ്രശസ്ത പരിണാമ ശാസ്ത്രജ്ഞന്മാരായ പില്‍ബീം, സൈമണ്‍ മുതലായവരാണ് രാമാ പിത്തിക്കസിനു മനുഷ്യന്റെ അടുത്ത മുന്ഗാമിയെന്ന പദവി നേടിക്കൊടുത്തത്. ഫോസ്സിലിന്റെ പല്ലുകള്‍ ക്രമീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനലബ്ധി അവ കൈവരിച്ചത്.
എന്നാല്‍ എക്ഹാര്ഡറ്റ് എന്ന ശാസ്ത്രജ്ഞന് രാമാപിത്തിക്കസിന്റെ പല്ലുകളും ജീവിച്ചിരിക്കുന്ന ചില ചിമ്പാന്‍സികളുടേയും ട്രയോപിത്തിക്കസ് എന്ന ആള്‍ക്കുരങ്ങിന്റെയും പല്ലുകളുമായി താരതമ്യം ചെയ്തപ്പോള്‍ അവ തമ്മില്‍ വ്യത്യാസമില്ലെന്ന് കണ്ടു. അങ്ങനെ രാമാപിത്തിക്കസിനെ വെറും പല്ലുകളുടെ അടിസ്ഥാനത്തില്‍ മനുഷ്യന്റെ അടുത്ത മുന്‍ഗാമിയായി ചിത്രീകരിച്ചത് തെറ്റാണെന്ന് തെളിഞ്ഞു. രാമാപിത്തിക്കസ് ഘടനയനുസരിച്ചും ജീവിത രീതിയനുസരിച്ചും സ്വഭാവരീതികള്‍ വെച്ചും ഒരു ആള്‍ക്കുരങ്ങായിരുന്നു എന്നും തെളിയിക്കപ്പെട്ടു. വാള്‍ക്കര്‍, ആന്‍ഡ്രൂ എന്നിവര്‍ പില്ക്കാലത്ത് കൂടുതല്‍ പൂര്‍ണ്ണമായ ഒരു രാമാപിത്തിക്കസിന്റെ പല്ലിന്റെ ഘടന പഠിച്ചപ്പോള്‍ മനുഷ്യന്റെ അര്‍ദ്ധഗോളാകൃതിയില്‍ ഉള്ള താടിയല്ല, പ്രത്യുത ആള്‍ക്കുരങ്ങിന്റെ താടിയാണ് അതിനുള്ളത് എന്ന് തെളിഞ്ഞു (Walker &Andrews, Nature Magazine 244:313, 1973). നേരത്തെ രാമാപിത്തിക്കസിനെ മനുഷ്യന്റെ അടുത്ത മുന്ഗാമിയാക്കിയ പില്ബീമും [Pilbeam, Nature 295:232 (1982), Natural History 93:2 (1984)] വാക്കറും റിച്ചാര്‍ഡ് ലീക്കിയും [Science 84:5(1) 1984] മറ്റും രാമാപിത്തിക്കസ് മനുഷ്യന്റെ മുന്‍ഗാമിയല്ല, മറിച്ച് ഒരു ആള്‍ക്കുരങ്ങ് മാത്രമായിരുന്നു എന്ന് അംഗീകരിച്ചിട്ടുണ്ട്. വെറും താടിയെല്ല് വിശകലനം ചെയ്തിട്ടാണ് രാമാപിത്തിക്കസ് മനുഷ്യനെപ്പോലെ നടക്കുകയായിരുന്നു എന്ന വാദം ചമച്ചത്!! പില്ബീമും ലീക്കിയും മാന്തിയെടുത്ത ഒറാങ് ഊട്ടാങ്ങിനേപ്പോലെയുള്ള ആള്‍ക്കുരങ്ങുകള്‍ ആയിരുന്നുവെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ശിവാപിത്തിക്കസിനെ രാമാപിത്തിക്കസിനോടൊപ്പമാണ് ഇന്ന് പരിഗണിക്കുന്നത്. അവയ്ക്ക് കണക്കാക്കിയിരിക്കുന്ന പഴക്കം പൊതുമുന്ഗാമിക്ക് വേണ്ടതില്‍ വളരെ വളരെ വളരെ കുറവുമാണ്.
2. ആസ്ട്രാലോപിത്തിക്കസ്
ഹോമിനിഡുകളില്‍ തന്നെ (ആഫ്രിക്കന്‍ കുരങ്ങുകള്‍ക്കും മനുഷ്യനും പൊതുവായ ഒരു മുന്‍ഗാമി ഉണ്ടായിരുന്നു എന്നാണ് സിദ്ധാന്തക്കാരുടെ വാദം. അവയെ ഹോമിനിഡുകള്‍ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു) രാമാപിത്തിക്കസ്, ഹോമോ ഇറക്ടസ് തുടങ്ങിയ അനേകം വകഭേദങ്ങള്‍ ഉള്ളതായി കരുതപ്പെടുന്നു. അവയില്‍ രാമാപിത്തിക്കസില് നിന്നും ആസ്ട്രാലോപിത്തിക്കസ് വഴി ഹോമോ ഇറക്ടസിലൂടെയാണ് മനുഷ്യന് (ഹോമോസാപ്പിയന്‍സ്) പരിണമിച്ചതെന്നാണ് സിദ്ധാന്തക്കാര്‍ പറയുന്നത്. പരിണാമവാദികള്‍ കാണാതായ ഒരു കണ്ണിയെന്ന് ഇന്നും കുറച്ചൊക്കെ അവകാശപ്പെടുന്ന ഒരു വിഭാഗമാണ് ആസ്ട്രലോപിത്തിക്കസ്. എന്നാല്‍ പരിണാമത്തില്‍ വിശ്വസിക്കുന്നവരായ അനേകം ശാസ്ത്രജ്ഞന്മാര് തന്നെ ആസ്ട്രലോപിത്തിക്കസിന്റെ വിശ്വസനീയതയെ ചോദ്യം ചെയ്യുന്നുണ്ടെന്നതാണ് വസ്തുത.
റെയ്മണ്ട് ഡാര്‍ട്ട് എന്ന ശാസ്തജ്ഞനാണ് 1924-ല്‍ ആദ്യമായി ആസ്ട്രാലോപിത്തിക്കസ് ആഫ്രിക്കാനസിനെ കണ്ടെടുത്തത്. ആസ്ട്രാലോപിത്തിക്കസ് എന്നതിന്റെ അര്‍ത്ഥം തെക്കന്‍ ആള്‍ക്കുരങ്ങ് എന്നാണ്. എന്നാല്‍ അതിന്റെ പല്ലുകളുടെ ക്രമീകരണം പഠിച്ചതിനു ശേഷം അത് ഒരു ഹോമിനിഡ് ഫോസ്സില്‍ അഥവാ മനുഷ്യന്റെ അടുത്ത പൂര്വ്വികനാണെന്നു അദ്ദേഹം പ്രസ്താവിച്ചു. ലൂയി ലീക്കി എന്ന ശാസ്ത്രജ്ഞനും ഭാര്യയും ചേര്‍ന്ന് കണ്ടുപിടിച്ച സിഞ്ചാന്ത്രോപ്പോസിനേയും പിന്നീട് ആസ്ട്രാലോപിത്തിക്കസ് വിഭാഗത്തില്‍പ്പെടുത്തി. ഇപ്പോഴത്തെ തരംതിരിവനുസരിച്ച് ആസ്ട്രാലോപിത്തിക്കസ് വിഭാഗത്തില്‍ രണ്ടു സ്പീഷീസുകളുണ്ട്, ആസ്ട്രാലോപിത്തിക്കസ് ആഫ്രിക്കാനസും ആസ്ട്രാലോപിത്തിക്കസ് റോബസ്റ്റും.
ഇവക്കെല്ലാം മനുഷ്യന്റെ തലച്ചോറിന്റെ മൂന്നിലൊന്ന് അളവുള്ള തലച്ചോറുണ്ട്, ഏകദേശം 500 cc. അതായാത്, ആള്‍ക്കുരങ്ങുകളുടെ അതേ അളവ്. അവയുടെ തലയോടും താടിയെല്ലുകളും ആള്ക്കുരങ്ങുകളുടേതു തന്നെ. പല്ലിന്റെ ക്രമം മനുഷ്യന്റേതുമായി സാമ്യമുള്ളതാണെന്ന് പറയുന്നു. കാലിന്റെ അസ്ഥികളുടെ ചില ഭാഗങ്ങള്‍ ലഭിച്ചത് പഠിച്ചപ്പോള്‍ അവ നിവര്‍ന്നു നടക്കുന്ന ജന്തുക്കളായിരിക്കണം എന്നാണ് സിദ്ധാന്തക്കാര്‍ പറയുന്നത്. എന്നാല്‍ 15 വര്‍ഷത്തോളം മനുഷ്യാസ്ഥികളുടെയും ആസ്ട്രാലോപിത്തിക്കസിന്റെ അസ്ഥികളുടെയും താരതമ്യപഠനം നടത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ലോര്‍ഡ് സുക്കര്മാന് പറയുന്നത് ആസ്ട്രാലോപിത്തിക്കസ് മനുഷ്യന്റെ മുന്‍ഗാമിയായ ഒരു ഹോമിനിഡ് ആണെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് ഒരു ആള്‍ക്കുരങ്ങ് മാത്രമാണെന്നുമാണ് [S.Zukerman, Beyond the Ivory Tower, 1970, pp.75-94). അതുപോലെതന്നെ കാലിഫോര്‍ണിയക്കാരനായ ഒക്സനോര്ഡ് എന്ന നരവംശ ശാസ്ത്രജ്ഞനും ആസ്ട്രാലോപിത്തിക്കസ് മനുഷ്യന്റെ നേരിട്ടുള്ള മുന്‍ഗാമിയല്ല എന്ന് വിധിയെഴുതിയിട്ടുണ്ട് [C.E. Oxnard, Nature 258:389-395) (1975)]. മാത്രമല്ല, ആസ്ട്രാലോപിത്തിക്കസ്, മനുഷ്യനുമായി വിദൂര ബന്ധമേയുള്ളൂ എന്ന് പരിണാമ വാദികള്‍ പറയുന്ന ഒറാങ് ഉട്ടാന് എന്ന ആള്ക്കുരങ്ങിനെപ്പോലെയായിരുന്നുവെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്. ആസ്ട്രലോപിത്തിക്കസിന്റെ ചെവിയെല്ലുകള് മനുഷ്യന്റെ ചെവിയെല്ലുകളില്നിന്നും വളരെ വ്യത്യസ്തമാണെന്നും മനുഷ്യന്റെ ചെവിക്കുള്ളിലെ എല്ലുകള്‍ക്ക് കൂടുതല്‍ സാമ്യം ആള്ക്കുരങ്ങിന്റേതിനോടാണെന്നു റാക്ക്, ക്ലാര്‍ക്ക് എന്നിവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് [Nature 273:62 (1979)] ഇതില്‍ നിന്നൊക്കെ മനുഷ്യനും ആള്ക്കുരങ്ങിനുമിടക്ക് ഒരു ബന്ധിപ്പിക്കുന്ന കണ്ണിയാകാന്‍ ആസ്ട്രാലോപിത്തിക്കസിന് യാതൊരു യോഗ്യതയുമില്ലെന്ന് പരിണാമത്തില്‍ വിശ്വസിക്കുന്ന ശാസ്ത്രജ്ഞന്മാര് തന്നെ അഭിപ്രായപ്പെടുന്നു.
3. ജോണ്‍സന്റെ ലൂസിയും ലീക്കിയുടെ ഫോസ്സിലുകളും
യാതൊരു പ്രാധാന്യവുമില്ലാത്ത കണ്ടുപിടുത്തങ്ങളെ മാധ്യമങ്ങളിലൂടെ ഊതി വീര്‍പ്പിച്ച് ജനശ്രദ്ധയും പണവും അംഗീകാരവും നേടിയതിന്റെ കഥയാണ് ജോണ്‍സന്റെയും ലീക്കിയുടെയും. അവര്‍ രണ്ടു പേരും ആസ്ട്രാലോപിത്തിക്കസിന്റെ അസ്ഥികൂടങ്ങളോ ഭാഗങ്ങളോ കണ്ടെടുത്ത ശേഷം കാര്യമായ പഠനമൊന്നും നടത്താതെ വെറും ‘ജാര്‍ഗണുകള്‍’ (സാധാരണക്കാരന് മനസ്സിലാക്കാന്‍ പറ്റാത്ത വിധത്തിലുള്ള ശാസ്ത്രത്തിലെ കഠിന വാക്കുകള്‍) ഉപയോഗിച്ച് അവ ഹോമിനിഡുകള്‍ അഥവാ മനുഷ്യന്റെയും ആള്‍ക്കുരങ്ങിന്റെയും ഇടയ്ക്കുള്ള കണ്ണികള്‍ ആണെന്ന് കൊട്ടിഘോഷിച്ചു. കാര്യമായ വിദ്യാഭ്യാസയോഗ്യത ഒന്നും ഇല്ലാതിരുന്ന റിച്ചാര്‍ഡ് ലീക്കിയും (പ്രശസ്ത നരവംശശാസ്ത്രജ്ഞനായ ലൂയി ലീക്കിയുടെ മകനും സഹായിയും എന്ന നിലയില്‍ ഈ രംഗത്ത് പരിചയുമുണ്ടായിരുന്നു എന്നുള്ളത് വിസ്മരിക്കുന്നില്ല) ഒട്ടും അറിയപ്പെടാത്ത നരവംശ ഗവേഷകനായിരുന്ന ജോണ്‍സണും മണിക്കൂറുകളും ദിവസങ്ങളും കൊണ്ട് പ്രശസ്തരായ കഥ, ശാസ്ത്രത്തിന്റെ പേരിലുള്ള ചൂഷണത്തിന്റെ കഥയാണ്!
ജോണ്സണ് കുഴിച്ചെടുത്ത 40% പൂര്‍ണ്ണമായ ഒരു ആസ്ട്രാലോപിത്തിക്കസിന്റെ അസ്ഥികൂടത്തിനു അദ്ദേഹം ലൂസിയെന്ന മനുഷ്യസ്ത്രീയുടെ പേര് കൊടുത്തു (മനുഷ്യനാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം!). അതുമായി ബന്ധപ്പെട്ട് അച്ഛന്, അമ്മ, കുടുംബം മുതലായ മനുഷ്യസാമൂഹ്യ ജീവിതത്തോട് ബന്ധപ്പെട്ട വാക്കുകള്‍ ധാരാളമായി ഉപയോഗിച്ചു (മനുഷ്യവത്കരണത്തിന്റെ മാര്‍ഗ്ഗം!!). വലിയ പഠനം നടത്താതെ തന്നെ ലൂസി മനുഷ്യന്റെ ജീനസായ ഹോമിനിഡയില് പെട്ടതാണെന്ന് അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് ജോണ്‍സണെ സഹായിക്കാന്‍ വന്ന ശാസ്ത്രജ്ഞന്റെ വാദത്തിന് വഴങ്ങി ജോണ്സണ് തന്റെ ഫോസ്സിലുകള്‍ ആസ്ട്രാലോപിത്തിക്കസ് മാത്രമാണെന്ന് സമ്മതിച്ചു. എങ്കിലും ഇതിനോടകം തന്നെ നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെ പണവും സഹായങ്ങളും അയാള്‍ ധാരാളം കൈപ്പറ്റിക്കഴിഞ്ഞിരുന്നു.
കുറേ കഴിഞ്ഞപ്പോള്‍ ജോണ്സണ് തന്റെ ഫോസ്സിലുകള്‍ ആസ്ട്രാലോപിത്തിക്കസ് ആഫ്രാന്സിസില് (ആഫ്രിക്കാനസ് അല്ല) പെടുന്നതാണെന്നും അത് ഏറ്റവും പഴക്കമുള്ള ഹോമിനിഡാണെന്നും പറഞ്ഞു വെച്ചു.വീണ്ടും കുറേ കഴിഞ്ഞപ്പോള്‍ താന്‍ ശേഖരിച്ച ഫോസിലുകളുടെ കൂട്ടത്തില്‍ മനുഷ്യ ജീനസില്‍ പെട്ടവയുണ്ടെന്നു വാദിച്ചിരുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രലോകം ഇവയെല്ലാം സാധാരണ ആസ്ട്രാലോപിത്തിക്കസ് മാത്രമാണെന്ന് അംഗീകരിച്ചിട്ടുണ്ട്.
സ്റ്റേണ്, സുസ്മാന്‍ [New Scientist 97:172, (1983)] എന്നിവര്‍ വിശദമായ തലയോട്ടി പഠനത്തിനു ശേഷം ലൂസിയെപ്പോലുള്ള ജീവികള്‍ മരം കയറി ജീവിക്കുന്നവയായിരുന്നെന്നും എന്നാല്‍ അവയ്ക്ക് ഇരുകാലില്‍ ആള്‍ക്കുരങ്ങുകളെപ്പോലെ നടക്കാന്‍ കഴിയുമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. തൂങ്ങിപ്പിടിച്ചു കയറാന്‍ സഹായിക്കുന്ന തരം കൈകാലുകളായിരുന്നു അവയ്ക്കുണ്ടായിരുന്നത്. മനുഷ്യരില്‍ കാണുന്ന സ്ക്രോട്ടൂബാറസ് എന്ന പേരില്‍ അറിയപ്പെടുന്ന ലിഗ്മെന്റ് അവക്കില്ലാത്തതും അവ മനുഷ്യനെപ്പോലെയല്ല നടന്നിരുന്നതെന്നും മറ്റേതോ രീതിയിലായിരിക്കാമെന്നുമുള്ള നിഗമനത്തിലേക്ക് നയിക്കും. അതില്‍നിന്നും അവ മനുഷ്യനില്‍ നിന്നും വളരെ വിഭിന്നമായിരുന്നു എന്ന് മനസ്സിലാക്കാം. ലൂസിയുടെ കാല് ഇടുപ്പെല്ലിന്റെ മുന്‍ ഭാഗത്ത് നിന്നാണ്. എന്നാല്‍ മനുഷ്യന്റെ കാല് വശത്ത് നിന്നുമാണ്. ലൂസിക്ക് ചിമ്പാന്‍സിയോടാണ് സാമ്യം. എല്ലാം കൂടെ പരിഗണിക്കുമ്പോള്‍ ലൂസി ഒരു ആള്‍ക്കുരങ്ങ് പോലെയുള്ള ജീവിയായിരുന്നു എന്നത് വ്യക്തമാണ്.
ലീക്കി കണ്ടെടുത്ത ഏറ്റവും പ്രധാന ഫോസ്സില്‍ ഒരു തലയോട്ടി (skull 1470) ആണ്. അതുവരെ ഉണ്ടായിരുന്ന സിദ്ധാന്തങ്ങള്‍ എല്ലാം ഈ തലയോട്ടിയുടെ കണ്ടെത്തലോടെ കീഴ്മേല്‍ മറിയുമെന്ന് പോലും പറയാന്‍ ലീക്കി ധൈര്യപ്പെട്ടു. നാഷണല്‍ ജ്യോഗ്രഫിക് എന്ന പ്രസിദ്ധീകരണത്തില്‍ (R.E.F.Leaky, National Geographic, 1973, p.819) താന്‍ കണ്ടുപിടിച്ച ഫോസ്സില്‍, മനുഷ്യന്റെ വളരെ അടുത്തതെന്നു അന്ന് വിശ്വസിച്ചിരുന്ന ഹോമോ ഇറക്ടസിനെക്കാളും വളരെ അടുത്തു ബന്ധപ്പെട്ടതാണ് എന്ന് അദ്ദേഹം എഴുതി. 30 ലക്ഷം വര്‍ഷം പഴക്കമാണ് അദ്ദേഹം ഈ തലയോടിന് തിട്ടപ്പെടുത്തിയത്. 1981 ആയപ്പോഴേക്കും ലീക്കി കുറേക്കൂടി താഴേക്കു വന്നു. ഈ ജീവി ഹോമോഹോബിലസില് പെട്ടതാണെന്ന് സമ്മതിച്ചു. എന്നാല്‍ അതല്ല, വെറും ആസ്ട്രാലോപിത്തിക്കസില് വരുന്നതാണ് ലീക്കിയുടെ ഫോസ്സിലെന്നു തന്റെ സഹ എഴുത്തുകാരനായ വാക്കര്‍ സ്ഥാപിക്കുന്ന ഘട്ടം വന്നു. എന്നാല്‍ ഓക്സ്നിര്ഡും പീറ്റര്‍ ലിസോവ്സ്കിയും പറയുന്നത് ഈ വിഭാഗത്തിന്റെ കാല്പാദങ്ങള് ആള്ക്കുരങ്ങിന്റേത് പോലെയാണെന്നും മനുഷ്യന്റെ പാദത്തോട് സാമ്യമുണ്ടായത് എല്ലുകള്‍ തെറ്റായി സംയോജിപ്പിച്ചതുകൊണ്ടുമാണെന്നുമാണ് [Am. Journal of Physiology & Anthropology 5:116 (1980)]. ഇപ്പോള്‍ പല നരവംശശാസ്ത്രജ്ഞന്മാരും വിശ്വസിക്കുന്നത് ലീക്കിയുടെ ഫോസില്‍ ഏതോ വംശനാശം സംഭവിച്ച ആള്ക്കുരങ്ങിന്റേതാണെന്നാണ്. പൊതുവേ ശാസ്ത്രജ്ഞന്മാര് ഇതിനെ ആസ്ട്രാലോപിത്തിക്കസിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആസ്ട്രാലോപിത്തിക്കസ്, ഹോമോഹാബിലിസ്, ഹോമോഇറക്ടസ് മുതലായവയൊക്കെ ഒരേ കാലത്ത് ജീവിച്ചിരുന്നവയാണെന്നാണ് അവയുടെ ഫോസിലുകള്‍ കണ്ടെടുത്തവര്‍ തന്നെ പറയുന്നത്. അതിനാല്‍ അവ ഒന്ന് മറ്റൊന്നിന്റെ മുന്‍ഗാമിയാകാന്‍ സാധ്യതയില്ല. മാത്രമല്ല, അവ ദീര്‍ഘകാലം പരിണാമപരമായ ഒരു വ്യതിയാനവും കാണിക്കാതെ നിലന്നിരുന്നെന്നാണ് അവകാശപ്പെടുന്നത്. അതിനാല്‍ അവയ്ക്കൊന്നും പരിണാമത്തിന്റെ ഏണിയുടെ അടുത്തടുത്ത പടികളാകാന് കഴിയില്ലെന്നാണ് പരിണാമവാദികള്‍ പോലും വിശ്വസിക്കുന്നത് [Stephen J Gould, Naturall History 88:30, (1976)]. അതുപോലെത്തന്നെ ലൂയി ലീക്കിയുടെ വിധവയായ മേരി ലൂക്കി, ലെയ്റ്റൊളി എന്ന കെനിയയിലെ സ്ഥലത്ത് ആസ്ട്രാലോപിത്തിക്കസിനെ കണ്ടെടുത്ത ഭൂപാളിക്ക് കീഴില്‍ നിന്നും കുറേ കാലടിപ്പാടുകള്‍ കണ്ടെത്തി. വൈറ്റ് [T.D. White, Science 208:175 1980)], ജോണ്സണ് [D.Johnson & Edy; Lucy, ‘the beginning of Human kind’ (1981) pp.245-252)], ആന്ഡേഴ്സണ് [New Scientist 98:373 (1983)] മുതലായവര്‍ ഈ കാല്പാദങ്ങള് മനുഷ്യന്റെയാണെന്ന് സമ്മതിച്ചിട്ടുണ്ട്. മനുഷ്യന്റെ മുന്ഗാമിയെന്നു വിളിച്ചു കൂകിയ ആസ്ട്രാലോപിത്തിക്കസിന്റെ കാലത്തിനു മുന്‍പേ കാണപ്പെട്ട ഈ മനുഷ്യപാദമുദ്രകള് പരിണാമവാദത്തിന്റെ ചരമക്കുറിപ്പാകുന്നു.
ഹോമോ ഇറക്ടസ്
ആസ്ട്രാലോപിത്തിക്കസ് ഹോമോഇറക്ടസ് ആയും തുടര്‍ന്ന് ഹോമോഇറക്ടസ് ഹോമോസാപ്പിയന്‍സ് (മനുഷ്യന്) ആയും പരിണമിച്ചു എന്നാണ് പരിണാമവാദികളുടെ സങ്കല്പം. ഹോമോ ഇറക്ടസ് മനുഷ്യന്റെ ജീനസില്‍ പെടും പോലും! ഈ ജീനസില്‍പ്പെട്ട അനേക വംശനാശം സംഭവിച്ചു കഴിഞ്ഞ സ്പീഷീസുകളുടെ ഫോസ്സിലുകള്‍ കണ്ടെത്തിയിട്ടുണ്ടത്രേ! ജാവാ മനുഷ്യന്, പീക്കിംഗ് മനുഷ്യന്, പില്റ്റ്ഡൌണ് മനുഷ്യന്, നെബ്രാസ്കാ മനുഷ്യന് മുതലയാവയാണ് പ്രധാന ഇനങ്ങള്‍. ഇവ മൂന്നു ലക്ഷം മുതല്‍ പതിനഞ്ച് ലക്ഷം വരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നെന്നാണ് സങ്കല്‍പ്പം. കാപട്യത്തിന്റെ അവതാരങ്ങളാണ് ഇവയെല്ലാം. നമുക്കിവയെ ഓരോന്നായി പരിശോധിക്കാം:
4. ജാവാ മനുഷ്യന്
ജാവാ മനുഷ്യനാണ് ആദ്യം കണ്ടുപിടിക്കപ്പെട്ട ഹോമോ ഇറക്ടസ് ഫോസില്‍. യൂജിന്‍ ഡ്യൂബോയിസ് (Eugene Dubois, 1858-1940) എന്ന ശാസ്ത്രജ്ഞന് 1891-ല്‍ സോളോ നദിയുടെ തീരത്ത് നിന്നും കണ്ടെടുത്ത തലയോടാണത്. അതിനടുത്തു നിന്ന് തന്നെ കാലിലെ ഒരസ്ഥിയും അദ്ദേഹം കണ്ടെടുത്തു. അത് മനുഷ്യനുമായി വളരെ സാമ്യമുള്ളതും മനുഷ്യനെപ്പോലെത്തന്നെ രണ്ടു കാലില്‍ നടന്നിരുന്നതുമായ ഒരു ജീവിയുടെ അസ്ഥിയാണെന്നുള്ള സങ്കല്പത്തില് ആ അസ്ഥികളുടെ ഉടമയായ ജീവിക്ക് ‘നിവര്‍ന്നു നില്ക്കുന്ന ആള്‍ക്കുരങ്ങ് മനുഷ്യന്’ (പിത്തകാന്ത്രോപ്പസ് ഇറക്റ്റസ്) എന്ന പേര് നല്കപ്പെട്ടു. എന്നാല്‍ ഡ്യുബോയിസ് അതേ സ്ഥലത്ത് നിന്നും കണ്ടെടുത്ത 1500 cc ഘനപരിമാണമുള്ള ഒരു മനുഷ്യ തലയോട്ടിയെക്കുറിച്ച് മൌനം പാലിച്ചു. അത് വെളിപ്പെടുത്തിയിരുന്നെങ്കില്‍, ജാവാ മനുഷ്യനെ ശാസ്ത്ര ലോകം അവഗണിക്കുമായിരുന്നു. കുറേ കാലത്തിനു ശേഷം ‘ജാവാ മനുഷ്യന്’ എന്ന പേരില്‍ അറിയപ്പെട്ടത് വെറും ഒരു മനുഷ്യന്റെ തലയോട്ടിയെക്കുറിച്ചാണ് എന്ന് ശാസ്ത്രലോകം മനസ്സിലാക്കി. അതേത്തുടര്‍ന്ന് ഡ്യുബോയിസ് തന്റെ തെറ്റിനെക്കുറിച്ച് കുമ്പസാരിച്ചു.
5. പീക്കിംഗ് മനുഷ്യന്
സാധാരണ ‘പരിണാമസിദ്ധാന്ത പുസ്തകങ്ങള്‍’ വായിച്ചാല്‍ പീക്കിംഗ് മനുഷ്യന് ആള്‍ക്കുരങ്ങിനും മനുഷ്യനും ഇടയ്ക്കുള്ള ഒരു തെളിയിക്കപ്പെട്ട കണ്ണിയാണെന്ന് തോന്നിപ്പോകും. എന്നാല്‍, മോശമായ ഫോസിലുകളുടെ അവസ്ഥ, അറിഞ്ഞോ അറിയാതെയോ നഷ്ടപ്പെട്ട ഫോസ്സിലുകള്‍ തുടങ്ങിയ അനേകം അന്തര്‍നാടകങ്ങള്‍ പീക്കിംഗ് മനുഷ്യന്റെ പിന്നില്‍ ഉണ്ടെന്നറിയുമ്പോഴാണ് നാം ചതിക്കപ്പെടുന്നതിനെക്കുറിച്ചു മനസ്സിലാക്കുന്നത്. മുപ്പതു തലയോടുകളും മറ്റ് അസ്ഥികളും 1930-ല്‍ പീക്കിംഗില്‍ നിന്നും കണ്ടെടുക്കപ്പെട്ടു. അവയുടെ പല്ലുകള്‍ മാത്രം പരിശോധിച്ചിട്ട് ഡേവിഡ്സണ് ബ്ലാക്ക് എന്ന ശാസ്ത്രജ്ഞന് മനുഷ്യന്റെ അടുത്ത പൂര്‍വ്വികനായ ഹോമിനിഡ്സിനെ ചൈനയിലും കണ്ടെത്തിയതായി ധൃതഗതിയില്‍ പ്രഖ്യാപിച്ചു. എന്നാല്‍ കൂടുതല്‍ ശാസ്ത്രീയമായി പഠിക്കുന്നതിനു മുന്‍പ് തന്നെ രണ്ട് പല്ലുകളൊഴിച്ചുള്ള ഫോസ്സിലുകളെല്ലാം എവിടെയോ ‘നഷ്ടപ്പെട്ടു’ (നശിപ്പിക്കപ്പെട്ടു എന്നര്‍ത്ഥം!) നേരത്തേ ഫോസില്‍ കണ്ടിട്ടുള്ളവരാകട്ടെ ഈ ഫോസ്സിലുകള്‍ മനുഷ്യന്റെ അടുത്ത പൂര്‍വ്വികരാണെന്ന് തെളിയിക്കാന്‍ സ്ഥാപിതതാല്പര്യമുള്ളവരായിരുന്നെന്നു അവരുടെ ധൃതി പിടിച്ച അവകാശവാദത്തില്‍ നിന്ന് ന്യായമായി സംശയിക്കാവുന്നതാണ്. ഇതില്‍ നിന്നൊക്കെ പീക്കിംഗ് മനുഷ്യന് അറിഞ്ഞുകൊണ്ടുണ്ടാക്കിയ നുണയോ അറിവുകേടില്‍ നിന്നും മുന്‍വിധിയില്‍ നിന്നും ഉടലെടുത്ത ജാരസന്തതിയോ ആണ് എന്ന് മനസ്സിലാക്കാം.
6. നെബ്രസ്കാ മനുഷ്യന്
1922-ല്‍ നെബ്രാസ്കാ എന്ന സ്ഥലത്ത് നിന്നും മറ്റൊരു പല്ല് കണ്ടെടുത്തു. അന്നത്തെ ലോകപ്രസിദ്ധനായ ഫോസ്സില്‍ ശാസ്ത്രജ്ഞന് ഹെന്റി ഫെയര്‍ഫീല്‍ഡ് (Henry Fairfield Orborn) അതിനെക്കുറിച്ച് പഠനം നടത്തിയിട്ട് ചിമ്പാന്‍സിക്കും മനുഷ്യനും ഇടയ്ക്കുള്ള ബന്ധിപ്പിക്കുന്ന കണ്ണിയാണിതെന്നു പ്രഖ്യാപിച്ചു. അതിന്റെ മോഡലുകള്‍ ഉണ്ടാക്കി വളരെ വ്യാഖ്യാനങ്ങള്‍ ചമച്ചു. എന്നാല്‍, 1927-ല്‍ അത് വെറും പന്നിയുടെ പല്ലായിരുന്നു എന്ന് ആത്യന്തികമായി തെളിയിക്കപ്പെട്ടു! [W.K.Gregory, Science 66:579 (1972)]
7. പില്‍റ്റ് ഡൌണ്‍ മനുഷ്യന്
1921-ല്‍ ആര്‍തര്‍ സ്മിത്ത് എന്ന ഫോസില്‍ ശാസ്ത്രജ്ഞന് ഇംഗ്ലണ്ടിലെ പില്‍റ്റ് ഡൌണില്നിന്നും ഒരു കീഴ്ത്താടിയും തലയോടിന്റെ ഭാഗവും കണ്ടെടുത്തു. കീഴ്ത്താടിയെല്ലില്‍ ഉണ്ടായിരുന്ന പല്ലുകള്‍ മനുഷ്യന്റെ പല്ലിനു സംഭവിക്കുന്ന തരത്തിലുള്ള തേയ്മാനമുള്ളവയായിരുന്നു. അതിനാല്‍ അവ രണ്ടും സംയോജിപ്പിച്ച് അതിനെ പില്‍റ്റ് ഡൌണ്‍ മനുഷ്യന് എന്ന് വിളിച്ചു. അന്ന് അത് ശരിയല്ലെന്ന് പറഞ്ഞ ചില ശാസ്ത്രജ്ഞന്മാര് ഉണ്ടായിരുന്നെങ്കിലും ലോകാഭിപ്രായത്തിന്റെ മുന്നില്‍ അവര്‍ നിഷ്പ്രഭരായി. 1950-ല്‍ പുതിയതായി കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗം ഉപയോഗിച്ച് തലയോട്ടിയിലേയും താടിയെല്ലിലേയും ഫ്ലൂറിന്റെ അളവ് കണ്ടുപിടിച്ചു. കാലപ്പഴക്കം ചെല്ലുന്തോറും മണ്ണില്‍ നിന്ന് വലിച്ചെടുക്കുന്ന ഫ്ലൂറിന്റെ അംശം അസ്ഥിയില്‍ ഒരു നിശ്ചിത അളവില്‍ കൂടുമെന്നതിനാല്‍ അസ്ഥിയുടെ കാലപ്പഴക്കം ആരീതിയില്‍ നിര്‍ണ്ണയിച്ചു. തലയോടിന്റെ കാലപ്പഴക്കം 5,00,000 വര്‍ഷവും താടിയെല്ലിന്റേത് 40 വര്‍ഷവും എന്നായിരുന്നു കണ്ടുപിടുത്തം! കൂടുതല്‍ പരിശോധനയില്‍ താടിയെല്ല് ഒരു ആള്ക്കുരങ്ങിന്റേതാണെന്നും തലയോട് മനുഷ്യന്റേതാണെന്നും മനസ്സിലായി. താടിയെല്ലുകളിലെ പല്ലുകള്‍ തേയ്മാനം വരുത്തി മനുഷ്യപ്പല്ല് പോലെയാക്കി നിറം കൊടുത്തു ഫോസിലാക്കിയതായിരുന്നു!!! എന്നാല്‍ ഇന്നും ഇന്ത്യയിലെ പാഠപുസ്തകങ്ങളില്‍ പില്റ്റ്ഡൌണ് മനുഷ്യനെ മനുഷ്യന്റെ മുന്‍ഗാമിയായി ചിത്രീകരിക്കുന്നുണ്ട്!! ഈ കച്ചവടത്തിന്റെ ലാഭനഷ്ടം എന്തായിരുന്നെന്നോ? കുറേ പേര് പ്രശസ്തരായി! 500 പേരോളം പില്റ്റ്ഡൌണ് മനുഷ്യനെക്കുറിച്ച് ഗവേഷണം നടത്തി ഡോക്റ്ററേറ്റ് സമ്പാദിച്ചു!! ഇവ വിശ്വസിച്ച മനുഷ്യര്‍ കുരങ്ങന്മാരായി!!!
ഹോമോസാപ്പിയന്‍സ് (മനുഷ്യകുലം)
ഒന്ന് മുതല്‍ രണ്ട് ലക്ഷം വര്‍ഷം മുന്‍പ് ഹോമോഇറക്ടസ് വിഭാഗം ഹോമോസാപ്പിയന്‍സ് അഥവാ മനുഷ്യനായി പരിണമിച്ചു എന്നാണല്ലോ സങ്കല്പം. ഹോമോസാപ്പിയന്സില്പ്പെടുന്ന മൂന്ന് ഉപവിഭാഗങ്ങളാണ് നിയാണ്ടര്‍ത്താല്‍ മനുഷ്യന്, ക്രോമാഗ്നന്‍ മനുഷ്യന്, ആധുനിക മനുഷ്യന് എന്നിവ എന്നാണ് പരിണാമവാദികള്‍ പഠിപ്പിക്കുന്നത്. ഇനി ഇവ ഓരോന്നും നമുക്ക് പരിശോധിക്കാം:
1. നിയാണ്ടര്‍ത്താല്‍ മനുഷ്യന്
ജര്‍മ്മനിയില്‍ ഉള്ള നിയാണ്ടര്‍ത്താല്‍ താഴ്വരയില് നിന്ന് കണ്ടെടുത്ത അസ്ഥിപഞ്ജരമാണ് നിയാണ്ടര്‍ത്താല്‍ മനുഷ്യന് എന്നറിയപ്പെട്ടത്. അന്ന് അത് ഒരു വിഭിന്ന വര്‍ഗ്ഗമാണെന്നു ധരിക്കപ്പെട്ടിരുന്നു. എന്നാല്‍ കാലക്രമേണ ആ അസ്ഥിപഞ്ജരം വിറ്റാമിന്‍ ഡി യുടെ കുറവുകൊണ്ട് ഉണ്ടാകുന്ന ‘കണ; (റിക്കറ്റ്സ്) രോഗം പിടിപെട്ട സാക്ഷാല്‍ മനുഷ്യരുടെ ആയിരുന്നെന്നു തിരിച്ചറിഞ്ഞു. ഇന്ന് പരിണാമവാദികളും ഇത് സമ്മതിക്കുന്നുണ്ട്. ഭാരതത്തില്‍ ലഭിക്കുന്ന ശാസ്ത്രപുസ്തകങ്ങളില്‍ ഇന്നും അവയെ മനുഷ്യന്റെ പൂര്‍വ്വികരായി ചിത്രീകരിച്ചു കാണാമെന്ന് മാത്രം!!
2. ക്രോമാഗ്നന്‍, സ്വാന്‍സ്കോംബ്, സ്റ്റെയില്‍ ഹെയ്മ്, ഫോണ്ഡി ചിവേഡി മനുഷ്യന്
വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നെടുത്ത ഇവയും മനുഷ്യന്റെ വളരെ അടുത്ത മുന്‍ഗാമികള്‍ ആണെന്ന് ആദ്യം കരുതിയിരുന്നു. എന്നാല്‍ ശാസ്ത്രമാര്‍ഗ്ഗങ്ങള്‍ പുരോഗമിച്ചതോടെ അവയൊക്കെ സാധാരണ മനുഷ്യരുടെ അസ്ഥിപഞ്ജരങ്ങളായിരുന്നെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
3. ആധുനിക മനുഷ്യന്
മനുഷ്യസ്പീഷീസില് നിയാണ്ടര്‍ത്താല്‍ മനുഷ്യനും ക്രോമാഗ്നന്‍ മനുഷ്യനുമൊക്കെ ഉണ്ടായെന്നും അവ പരിണമിച്ച് ആധുനിക മനുഷ്യനുണ്ടായെന്നും മറ്റുമുള്ള വാദം പരിഗണിച്ചു കഴിഞ്ഞല്ലോ. മനുഷ്യനും ആള്‍ക്കുരങ്ങിനും പൊതുവായ മുന്‍ഗാമിയില്‍നിന്നും മനുഷന് പരിണമിച്ചുണ്ടായപ്പോള്‍ കാണേണ്ടിയിരുന്ന ‘ഇണക്കു കണ്ണികള്‍’ എവിടെ എന്ന മനുഷ്യന്റെ തിരച്ചിലിനെക്കുറിച്ചാണ് നാം കണ്ടത്. അനേകായിരം ടണ്‍ മണ്ണ് മാറ്റുകയും ലക്ഷക്കണക്കിന് അസ്ഥിപഞ്ജരങ്ങള്‍ പരിശോധിക്കുകയും ചെയ്തിട്ടും പരിണാമ സിദ്ധാന്തമനുസരിച്ച് നിര്‍ബന്ധമായും കാണേണ്ട ആയിരക്കണക്കിന് ഇണക്കു കണ്ണികളില്‍ ഒന്നിനെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന പരിതാപകരമായ അവസ്ഥയിലാണ് പരിണാമവാദികള്‍. അതിനാല്‍ മനുഷ്യന്റെ മുന്‍ഗാമികള്‍ എന്ന് ഊഹിക്കുന്ന ഈ ഇണക്കുകണ്ണികളെ ഇവര്‍ ‘നഷ്ടപ്പെട്ട കണ്ണികള്‍’ എന്ന് വിളിച്ചു കൊണ്ട് ഇന്നും ഇരുട്ടില്‍ തപ്പുകയാണ്.
‘ഏറ്റവും അടുത്ത ബന്ധു’ എന്ന് പരിണാമശാസ്ത്രജ്ഞന്‍ പറയുന്ന ചിമ്പാന്സിയില് നിന്നും യഥാര്‍ത്ഥ മനുഷ്യന് എത്രയോ വ്യത്യസ്തനാണ്! മനുഷ്യന് ഭാഷയുണ്ട്, കലാസൃഷ്ടികള്‍ക്കുള്ള കഴിവുണ്ട്. സംഘാടക ശേഷിയും, സംസ്കാരവും, ഭാവനകളും ഉണ്ട്. അവന് സ്വപ്നങ്ങളുണ്ട്, കാര്യകാരണ വിചാരവും ദൈവചിന്തയും, യുക്തിയും ശാസ്ത്രാഭിമുഖ്യവും ഉണ്ട്. അങ്ങനെ എന്തെല്ലാം കാര്യങ്ങളിലാണ് അവന് ചിമ്പാന്സിയേക്കാളും ഏറെ മുന്നില്‍ നില്‍ക്കുന്നത്. ജന്മസ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ചിമ്പാന്‍സിയും മനുഷ്യനും തമ്മിലുള്ള അന്തരം ആകാശവും ഭൂമിയും തമ്മിലുള്ള അന്തരത്തെക്കാളും വലുതല്ലേ? ഈ മനുഷ്യനെ ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്ന് ബൈബിള്‍ പറയുന്നത് ശരിയായത് കൊണ്ടല്ലേ അവനില്‍ മറ്റ് മൃഗങ്ങളിലൊന്നുമില്ലാത്ത ഈ ഉത്കൃഷ്ടത? ദൈവം നല്കിയ ആത്മാവുള്ളതിനാലല്ലേ അവന് വ്യത്യസ്തനായിരിക്കുന്നത്?! ഒന്ന് തീര്‍ച്ചയാണ്- ഒറാങ്ങുട്ടാനോ ഗോറില്ലയോ നമ്മുടെ കസിന്സാകാന് ഒരു സാധ്യതയുമില്ല! (ജെയിംസ് വര്‍ഗ്ഗീസ് I.A.S, വര്‍ഗ്ഗീസ് മാളിയേക്കല്‍, ‘സൃഷ്ടി രഹസ്യങ്ങള്‍’, പുറം 128-138)
പരിണാമവാദികളുടെ തട്ടിപ്പുകള്‍ തീര്‍ന്നിട്ടില്ല, ഇനിയും ധാരാളമുണ്ട്. ഓരോന്നോരോന്നായി ഞങ്ങള്‍ ഇവിടെ വെളിപ്പെടുത്തുന്നതാണ്!
Recent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്ക്കാന് ബൈബിളിലെ ദൈവം കല്പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?