യേശുക്രിസ്തു ജനിച്ചത് എപ്പോള്‍?

യേശു ജനിച്ച കൃത്യം ഡേറ്റ് ആണ് ചോദ്യ കര്‍ത്താവ്‌ ഉദ്ദേശിച്ചതെങ്കില്‍ അത് ബൈബിളിന്‍റെ അടിസ്ഥാനത്തിലോ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലോ കണ്ടുപിടിക്കാന്‍ കഴിയുന്നതല്ല എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക. യേശുക്രിസ്തുവിന്‍റെ മാത്രമല്ല, അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെയോ അല്ലെങ്കില്‍ സോക്രട്ടീസിന്‍റെയോ പ്ലേറ്റോയുടെയോ അരിസ്റ്റോട്ടിലിന്‍റെയോ സീസറുടെയോ ആരുടേയും കൃത്യമായ ജനനത്തീയതി നമുക്ക്‌ കണ്ടെത്താന്‍ കഴിയുകയില്ല. കാരണം, യേശുക്രിസ്തു ജനിച്ച കാലഘട്ടത്തില്‍ കാലഗണന നടത്തിയിരുന്നത് ഇന്നത്തെ ആധുനിക കാലത്ത് നമ്മള്‍ കാലഗണന നടത്തുന്നത് പോലെയല്ല. ഓരോ രാജ്യത്തും ഭരണം നടത്തിയിരുന്ന രാജാക്കന്മാര്‍ അധികാരത്തില്‍ ഏറിയ കാലം മുതലാണ് അന്നുള്ളവര്‍ കാലം കണക്കാക്കിയിരുന്നത്. ബൈബിളില്‍ നിന്നും ഇഷ്ടം പോലെ തെളിവുകള്‍ തരാനുണ്ട്. വിസ്തരഭയത്താല്‍ ചിലത് മാത്രം നല്കാം:

“നെബാത്തിന്‍റെ മകനായ യൊരോബെയാം രാജാവിന്‍റെ പതിനെട്ടാം ആണ്ടില്‍ അബിയാം യെഹൂദയില്‍ വാണു തുടങ്ങി’ (1.രാജാ.15:1)

“യിസ്രായേല്‍ രാജാവായ യൊരോബെയാമിന്‍റെ ഇരുപതാം ആണ്ടില്‍ ആസാ യെഹൂദയില്‍ രാജാവായി”  (1.രാജാ.15:9)

ഇവിടെ അബിയാമിന്‍റെയും ആസയുടെയും ഭരണം ആരംഭിക്കുന്നതിനെ അയല്‍ രാജ്യമായ യിസ്രായേല്‍ രാജാവിന്‍റെ ഭരണകാലത്തോട് ബന്ധപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്. ഇനി യിസ്രായെലില്‍ യോരോബയാം മരിച്ചു അടുത്തയാള്‍ ഭരണത്തില്‍ ഏറുന്നത് ഏതു വര്‍ഷമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്? അതും നോക്കാം:

“യെഹൂദാരാജാവായ ആസയുടെ രണ്ടാം ആണ്ടില്‍ യൊരോബെയാമിന്‍റെ മകനായ നാദാബ് യിസ്രായേലില്‍ രാജാവായി; അവന്‍ രണ്ടു സംവത്സരം യിസ്രായേലില്‍ വാണു”  (1.രാജാ.15:25)

“എന്നാല്‍ യിസ്സാഖാര്‍ ഗോത്രക്കാരനായ അഹിയാവിന്‍റെ മകനായ ബയെശാ അവന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യര്‍ക്കുള്ള ഗിബ്ബെഥോനില്‍ വെച്ചു അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു. ബയെശാ അവനെ യെഹൂദാ രാജാവായ ആസയുടെ മൂന്നാം ആണ്ടില്‍ കൊന്നു; അവന്നു പകരം രാജാവായി” (1.രാജാ.15:27,28)

രാജാക്കന്മാരുടെ സ്ഥാനാരോഹണം മാത്രമല്ല, പ്രവാചകന്മാരെ ദൈവം പ്രവാചക ശുശ്രൂഷക്കായി തിരഞ്ഞെടുക്കുന്ന കാലത്തേയും അവര്‍ കണക്കാക്കിയിരുന്നത് രാജാക്കന്മാരുടെ വാഴ്ചക്കാലത്തിന്‍റെ അടിസ്ഥാനത്തിലാണ്:

“ദാര്യാവേശ് രാജാവിന്‍റെ രണ്ടാം ആണ്ടു, ആറാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു ഹഗ്ഗായി പ്രവാചകന്‍ മുഖാന്തരം യെഹൂദാ ദേശാധിപതിയായി ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലിന്നും മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവക്കും ഉണ്ടായതെന്തെന്നാല്‍” (ഹഗ്ഗായി.1:1)

“ദാര്യാവേശിന്‍റെ രണ്ടാം ആണ്ടു എട്ടാം മാസത്തില്‍ ഇദ്ദോ പ്രവാചകന്‍റെ മകനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍” (സെഖര്യാ.1:1)

ഇങ്ങനെ എല്ലാ കാര്യങ്ങളും അവര്‍ കണക്കാക്കിയിരുന്നത് രാജാക്കന്മാരുടെ ഭരണകാലത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു.  വേറെ ഒരു കാലഗണനാ രീതികൂടി അവര്‍ക്കുണ്ടായിരുന്നു. അത് പ്രകൃതി ക്ഷോഭങ്ങള്‍ വല്ലതും ഉണ്ടായെങ്കില്‍ അതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനും തെളിവ് ബൈബിളില്‍ ഉണ്ട്:

“തെക്കോവയിലെ ഇടയന്മാരില്‍ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്‍റെ കാലത്തും യിസ്രായേല്‍ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെ കാലത്തും ഭൂകമ്പത്തിന്നു രണ്ടു സംവത്സരം മുമ്പെ യിസ്രായേലിനെക്കുറിച്ചു ദര്‍ശിച്ച വചനങ്ങള്‍” (ആമോസ്.1:1).

ഇങ്ങനെയുള്ള കാലനിര്‍ണ്ണയങ്ങള്‍ നടത്തിയിരുന്ന ആ കാലഘട്ടത്തില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥത്തില്‍ ആധുനിക കാലത്ത് നടപ്പിലിരിക്കുന്ന കാലനിര്‍ണ്ണയപ്രകാരമുള്ള ഒരു ഡേറ്റ് കാണിച്ചു തരണം എന്ന് പറഞ്ഞാല്‍ അത് യുക്തിക്ക് നിരക്കുന്നതല്ല എന്ന് മനസ്സിലാക്കാമല്ലോ. എങ്കിലും യേശുവിന്‍റെ ജനനത്തിന്‍റെ കാലത്തെക്കുറിച്ച് ഏകദേശം അടുത്തെത്താവുന്ന ഒരു കണക്ക് നമുക്ക് ബൈബിളില്‍ നിന്നും ലഭിക്കും. രണ്ടു പ്രസ്താവനകളാണ് അതിനു ആധാരം:

“ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി.” (ലൂക്കോസ്.2:1,2).

“തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവു ഗലീലയിലും അവന്‍റെ സഹോദരനായ ഫീലിപ്പൊസ് ഇരൂര്‍യ്യത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്‍യ്യാവിന്‍റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായി.” (ലൂക്കോസ്.3:1,2).

രണ്ടാമത് പറഞ്ഞ ആ വാക്യത്തിലുള്ള അത്രയും തെളിവുകള്‍ അക്കാലഘട്ടത്തില്‍ എന്നല്ല, അതിനും ആയിരം വര്‍ഷം കഴിഞ്ഞു എഴുതപ്പെട്ട ഗ്രന്ഥങ്ങളില്‍നിന്ന് പോലും നമുക്ക് ലഭിക്കുകയില്ല.  ലൂക്കോസ് പറഞ്ഞിരിക്കുന്നതുപോലെ ഒരു സംഭവം ഇന്നത്തെ ഭരണാധികാരികളുടെ പേര് ചേര്‍ത്തു കൊണ്ട് പറയുകയാണെങ്കില്‍ “ഒബാമയുടെ ഭരണത്തിന്‍റെ നാലാം വര്‍ഷം മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഇരിക്കുമ്പോള്‍ ഉമ്മന്ചാണ്ടി കേരള മുഖ്യമന്ത്രിയായും ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായും പിണറായിവിജയനും രമേശ് ചെന്നിത്തലയും കേരളത്തിലെ പ്രധാന പാര്‍ട്ടികളുടെ ഉന്നത നേതൃത്വത്തില്‍ ഇരിക്കുകയും ചെയ്യുന്ന കാലത്ത് ഒഞ്ചിയത്തു ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടു” എന്ന് പറയുന്നത് പോലെ ഇരിക്കും. ഈ പ്രസ്താവനയ്ക്കുള്ള ആധികാരികതയാണ് ലൂക്കോസിന്‍റെ പ്രസ്താവനക്കും ഉള്ളത്! വധിക്കപ്പെടുന്ന സമയത്ത് ടി.പി.ക്ക് മുപ്പതു വയസ്സായിരുന്നു എന്നും അദ്ദേഹത്തിന്‍റെ ജനനത്തിന്‍റെ സമയത്ത് (അതായത് 30 വര്‍ഷം മുന്‍പ്‌) ഒരു സെന്‍സസ് ഉണ്ടായിരുന്നു എന്നും പറയുമ്പോള്‍ നമുക്ക് അദ്ദേഹത്തിന്‍റെ ജനനകാലം ഗണിച്ചെടുക്കാന്‍ കഴിയുന്നു. അത് നൂറു ശതമാനം കൃത്യമല്ലെങ്കിലും 99 ശതമാനത്തോളം നമുക്ക് കൃത്യത ലഭിക്കും.

ചരിത്രകാരന്മാര്‍ പുരാതന ചരിത്രം പരിശോധിക്കുമ്പോള്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളില്‍ ഒന്ന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അതില്‍ ഒന്നോ രണ്ടോ ദശാബ്ദങ്ങളുടെ വ്യത്യാസങ്ങള്‍ വ്യത്യാസങ്ങളായി പരിഗണിക്കുകയില്ല എന്നതാണ്. സ്വാഭാവികമായി അഞ്ചോ പത്തോ കൊല്ലം കയറിയോ ഇറങ്ങിയോ നില്ക്കും. അതുപോലെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള രേഖകള്‍ പരിശോധിക്കുമ്പോള്‍ ഒരു നൂറ്റാണ്ടു വരെയുള്ള കാലം അങ്ങോട്ടോ ഇങ്ങോട്ടോ കയറി ഇറങ്ങി നില്ക്കും എന്ന് അവര്‍ സമ്മതിക്കുന്നു. മഹാനായ അലക്സാണ്ടറെ കുറിച്ച് ഏറ്റവും ആദ്യം എഴുതപ്പെട്ട ജീവചരിത്രം A.D.ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയുള്ളതാണ്.  അലക്സാണ്ടര്‍ മരിച്ച് 400 വര്‍ഷം കഴിഞ്ഞിട്ട് എഴുതപ്പെട്ട ആ രേഖയെ ആധികാരിക രേഖയായിത്തന്നെയാണ് ചരിത്രകാരന്മാര്‍ പരിഗണിക്കുന്നത്.

ലൂക്കോസ് പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ നടന്ന യേശുവിന്‍റെ ജനനകാലം നാം വിശകലനം ചെയ്തെടുത്താല്‍  നമുക്ക് ലഭിക്കുന്ന വര്‍ഷങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്രയാണെന്ന് അറിയാമോ? വെറും രണ്ടു വര്‍ഷങ്ങളുടെ വ്യത്യാസം മാത്രമേ അതിനുള്ളൂ. B.C.6-നും 4-നും ഇടയില്‍ യേശുക്രിസ്തു ജനിച്ചു എന്ന് പുരാവസ്തു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. എന്നാല്‍ യേശു ഏതു കൊല്ലം ജനിച്ചു എന്നതിനല്ല ബൈബിള്‍ പ്രാധാന്യം നല്കിയിരിക്കുന്നത്, യേശു അത്ഭുതകരമായി ജനിച്ചു എന്നതിനാണ്. അവന്‍റെ പാപമില്ലാത്ത ജനനവും പാപമില്ലാത്ത ജീവിതവും പാപപരിഹാരാര്‍ത്ഥമുള്ള ക്രൂശുമരണവും ആണ് ബൈബിള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ആ മരണം ലോകത്തിന്‍റെ പാപത്തിന്‍റെ പരിഹാരത്തിന് വേണ്ടിയായിരുന്നു എന്ന് ബൈബിള്‍ ഉദ്ഘോഷിക്കുന്നു!!