യേശുക്രിസ്തുവിന്‍റെ ജനന വര്‍ഷത്തിലെ ജനസംഖ്യയെടുപ്പ്, ചരിത്രാബദ്ധമോ?  

 

യേശുക്രിസ്തുവിന്‍റെ ജനനത്തോടുള്ള ബന്ധത്തില്‍ ലൂക്കോസ് ഇപ്രകാരമാണ് പ്രസ്താവിക്കുന്നത്: “ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി” (ലൂക്കോ.2:1-3)

 

ലൂക്കോസിന്‍റെ ഈ പ്രസ്താവനയില്‍ തെറ്റുകള്‍ അനവധി വന്നിട്ടുണ്ടെന്ന് കഴിഞ്ഞ കാലത്തെ പല ബൈബിള്‍ വിമര്‍ശകരും കരുതിയിരുന്നു. പ്രധാനമായും മൂന്നു വസ്തുതകളാണ് അവര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

 

1)      ജനസംഖ്യയെടുപ്പ്‌ നടക്കുന്ന സമയത്ത് കുറെനിയോസ് സുറിയ നാടിന്‍റെ ഗവര്‍ണ്ണര്‍ ആയിരിക്കുക.

 

2)      അപ്രകാരം ജനസംഖ്യ എടുക്കുന്നതിനു രാജകീയ കല്പന ഉണ്ടാകുക.

 

3)      ഓരോ പൌരനും ജനസംഖ്യ എടുക്കുന്നതിനു സ്വദേശത്തേക്ക് യാത്ര ചെയ്യുക.

 

എന്നീ വിഷയങ്ങളെല്ലാം അബദ്ധങ്ങളാണെന്നു ബൈബിള്‍ വിമര്‍ശകന്മാര്‍ സിദ്ധാന്തിച്ചിരുന്നു. എന്നാല്‍, ഇവയെല്ലാം ചരിത്രസത്യമാണെന്ന് പുരാവസ്തുശാസ്ത്രം തെളിയിച്ചിരിക്കുകയാണ്. ഇവ ഓരോന്നും പരിശോധിക്കാം:

 

1. കുറെനിയോസ് സുറിയാ നാട് വാഴുമ്പോഴാണ് ജനസംഖ്യയെടുപ്പ്‌ നടന്നതെന്ന് ലൂക്കോസിന്‍റെ സൂചന പല നിരൂപകന്മാരും ഒരു ചരിത്ര പ്രശ്നമായി എടുത്തു കാണിച്ചിട്ടുണ്ട്. യെഹൂദാ ചരിത്രകാരനായ ജോസീഫസ് കുറെനിയോസിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘ഒരു റോമന്‍ സെനറ്ററും അനേക മജിസ്ട്രേട്ട് പദവികളില്‍ കൂടി കടന്നു പ്രധാന മജിസ്ട്രേറ്റ് (Consul) ആയിത്തീര്‍ന്നവനും ഉന്നത കുലജാതനും ആയിരുന്ന കുറെനിയോസ് ഈ സന്ദര്‍ഭത്തില്‍ മറ്റു ചിലരോടുകൂടി സുറിയായിലേക്ക് വന്നു. ആ ജാതിയുടെ ന്യായാധിപനും സമ്പത്തുകളുടെ കാര്യവിചാരകനും ആയിരിക്കേണ്ടതിനാണ് കൈസര്‍ തന്നെ അയച്ചത്. യെഹൂദന്മാരുടെ മേല്‍ പരമോന്നതാധികാരം നടത്തേണ്ടതിന് കൊപ്പോനിയസ് എന്ന ഒരു ആശ്വാരൂഢനെയും തന്‍റെ കൂടെ അയച്ചു.’ (Antiquities, XVIII, I.I) തിബെരിയോസ്‌ കൈസര്‍ കുറെനിയോസിന് നല്‍കിയ സംസ്ഥാന ബഹുമതിയോടുകൂടിയ ശവസംസ്കാരത്തെപ്പറ്റി റോമന്‍ ചരിത്രകാരനായ റ്റാസിറ്റസ് വിവരിക്കുകയും കുറെനിയോസിന്‍റെ ജീവചരിത്രം സംക്ഷിപ്തമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (Annales, 11.48). ലാനൂവിയം (Lanuvium) എന്ന സ്ഥലത്ത് ജനിച്ച കുറെനിയോസ് അഗസ്റ്റസ് കൈസറുടെ കീഴില്‍ പ്രധാനമജിസ്ട്രേറ്റായിത്തീര്‍ന്നതായും കയൂസു കൈസര്‍ അര്‍മ്മീനിയായില്‍ ആധിപത്യം നടത്തിക്കൊണ്ടിരുന്നപ്പോള്‍ താന്‍ വീണ്ടും കൈസറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടതായും രേഖപ്പെടുത്തിയിരിക്കുന്നു.

 

ചരിത്രരേഖകള്‍ അനുസരിച്ച് കുറെനിയോസ് പ്രധാന മജിസട്രെട്ടായിരുന്നത് ബി.സി.12-ലും, കൈസറോടൊപ്പം അര്‍മ്മീനിയായില്‍ പോയത് എ.ഡി.3-ലും, മരണവും ശവസംസ്കാരവും എ.ഡി.21-ലും ആയിരുന്നു (Finegan, Op.cit. P.258). എ.ഡി.6-ല്‍ ആയിരുന്നു താന്‍ സുറിയായില്‍ ഗവര്‍ണ്ണറായത്. ജോസീഫസിന്‍റെ രേഖയനുസരിച്ച് കുറെനിയോസ് സുറിയായില്‍ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ നടത്തിയ ജനസംഖ്യയെടുപ്പ്, അഗസ്റ്റസ് കൈസര്‍ ആന്‍റണിയുടെ മേല്‍ നേടിയ വിജയത്തിന്‍റെ 37-ം വര്‍ഷമായിരുന്നു (Antiquities, XVIII, 2.1) പ്രസ്തുത യുദ്ധം നടന്നത് റോമന്‍ വര്‍ഷം 723 അഥവാ ബി.സി.31 സെപ്തംബര്‍ രണ്ടാം തിയ്യതിയായിരുന്നു. അതുകൊണ്ട് മേല്‍പ്രസ്താവിച്ച ജനസംഖ്യയെടുപ്പിന്‍റെ കാലം എ.ഡി.6-ആണ്. (ബി.സി.31+എ.ഡി.6 = 37). അതിന്‍റെ അര്‍ത്ഥം യേശുക്രിസ്തു ജനിച്ചത് എ.ഡി. 6-ലോ 7-ലോ ആയിരിക്കും എന്നത്രേ. ഇത് ബി.സി.6-നും 4-നും ഇടയിലാണ് യേശുക്രിസ്തു ജനിച്ചത്‌ എന്ന മറ്റു ചരിത്ര രേഖകളുമായി പൊരുത്തപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ലൂക്കോസ് 2:1-3 വരെയുള്ള ഭാഗങ്ങള്‍ ചരിത്രാബദ്ധമാണ് എന്നാണ് പലരും കരുതിയിരുന്നത്.

 

എന്നാല്‍ യേശുവിന്‍റെ ജനനസമയം, അഥവാ കുറെനിയോസ് സുറിയാ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ നടന്ന ഈ ജനസംഖ്യയെടുപ്പ്‌ ‘ഒന്നാമത്തെ’ ആണെന്ന് പ്രത്യകം എടുത്തു പറയുന്നതുകൊണ്ട് എ.ഡി.6-ലെ ജനസംഖ്യയെടുപ്പ്‌ കുറെനിയോസ് സുറിയാനാട് വാഴുമ്പോള്‍ നടന്ന രണ്ടാമത്തെ സെന്‍സസ്‌ ആണെന്ന് മനസ്സിലാക്കാം. 1828-ല്‍ റോമില്‍നിന്നും ലഭിച്ച ഒരു ശിലാശാസനം, കുറെനിയോസ് രണ്ടുപ്രാവശ്യം ഗവര്‍ണ്ണറായിരുന്നതായി ചൂണ്ടിക്കാണിക്കുന്നു. 1914-നോടടുത്ത് വില്യം രാംസേ ഏഷ്യാമൈനറില്‍ നിന്ന് കണ്ടെടുത്ത സ്മാരകത്തിലും കുറെനിയോസ് രണ്ടുപ്രാവശ്യം ഗവര്‍ണ്ണറായിരുന്നതായി വ്യക്തമാക്കുന്നു. അതിനാല്‍ യേശുക്രിസ്തുവിന്‍റെ ജനനസമയത്തും, പിന്നീട് എ.ഡി.6-ലും കുറെനിയോസ് സുറിയയിലെ ഗവര്‍ണ്ണറായിരുന്നുവെന്ന് മനസ്സിലാക്കാം.

 

2. ജനസംഖ്യയെടുപ്പ്‌  സംബന്ധിച്ചു അനേകം പാപ്പിറസ് ലിഖിതങ്ങള്‍ അടുത്തകാലത്ത് കണ്ടെടുക്കുകയുണ്ടായി. 14 വര്‍ഷം കൂടുമ്പോള്‍ റോമന്‍ സാമ്രാജ്യത്തില്‍ ജനസംഖ്യയെടുപ്പ്‌ നടക്കുമായിരുന്നുവെന്നും അപ്രകാരമുള്ള ഒരു ജനസംഖ്യയെടുപ്പ്‌ ബി.സി.9-നും 6-നും മദ്ധ്യേ നടന്നിട്ടുണ്ടെന്നും പ്രസ്തുത ലിഖിതങ്ങള്‍ വെളിപ്പെടുത്തുന്നു. പേര്‍ വിവരപ്പട്ടിക ഉള്‍ക്കൊള്ളുന്ന അനേക ലിഖിതങ്ങളും കണ്ടെടുത്തതിന്‍റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. ‘ചാര്‍ത്തല്‍’ എന്ന് ലൂക്കോ.2:2-ല്‍ തര്‍ജ്ജമ ചെയ്തിരിക്കുന്ന “apographe” എന്ന ഗ്രീക്ക് പദം തന്നെയാണ് ഈ പാപ്പിറസ് ലിഖിതങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് (Finegan, Op.cit. P.260).

 

3. ജനസംഖ്യയെടുപ്പ്‌ സമയം ഓരോരുത്തരും സ്വന്തസ്ഥലത്തേക്ക്‌ മടങ്ങിപ്പോകേണ്ടിയിരുന്നുവെന്ന് ഈജിപ്തിലെ ഗവര്‍ണ്ണര്‍ (പലസ്തീന്‍ പോലെ ഈജ്പ്തും റോമന്‍ ഭരണത്തിലായിരുന്നു) എ.ഡി.104-ല്‍ പുറപ്പെടുവിച്ച ഒരു വിളംബരം വെളിപ്പെടുത്തുന്നു. അതിപ്രകാരമാണ്:

 

“കുടുംബ ചാര്‍ത്തല്‍ സമീപമായിരിക്കുന്നതുകൊണ്ട് തങ്ങളുടെ സ്വന്ത പട്ടണങ്ങളില്‍ നിന്നും ഏതെങ്കിലും കാരണത്താല്‍ പുറത്തായിരിക്കുന്നവരെല്ലാം സ്വഭവനത്തിലേക്ക്‌ മടങ്ങിപ്പോകയും സാധാരണ നടക്കേണ്ട പേര്‍വഴിച്ചാര്‍ത്തല്‍ നടത്തുകയും ചെയ്യണമെന്നു കല്പിക്കേണ്ടത് ആവശ്യമായിരിക്കുന്നു” (Finegan, Op.cit. P.261). കൂടാതെ എ.ഡി. മൂന്നാം ശതകത്തില്‍ എഴുതപ്പെട്ട ഒരു കത്തില്‍ പേര്‍ ചാര്‍ത്തുന്നതിനു തന്‍റെ സഹോദരിയോടു ഒരാള്‍ ആവശ്യപ്പെടുന്നതായും അതസ്സാധ്യമെങ്കില്‍ താന്‍ നേരിട്ട് വന്നു ആ കൃത്യം നിര്‍വഹിക്കാമെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അതിങ്ങനെയാണ്:

 

“പാതര്‍മൌത്തീസില്‍ നിന്നും എന്‍റെ സഹോദരിയായ ഡയോനിഷ്യാക്ക് വന്ദനം. ചാര്‍ത്തലിന്‍റെ (apographeis) കാര്യം നീ എന്നെ അറിയച്ചതുപോലെ… എനിക്ക് വരുവാന്‍ കഴിയാത്തതുകൊണ്ട് എന്‍റെ പേര്‍ കൂടെ ചാര്‍ത്തുവാന്‍ കഴിയുമോ എന്ന് ശ്രദ്ധിക്കണം. എന്‍റെയും പെറ്റാസിന്‍റെയും പേര്‍ ചാര്‍ത്തുന്ന കാര്യം ഉപേക്ഷയായി വിചാരിക്കരുത്. നിനക്ക് പേര്‍ ചാര്‍ത്തുവാന്‍ കഴികയില്ലെന്നു മനസ്സിലാക്കിയാല്‍ എന്നെ വിവരം അറിയിക്കണം. ഞാന്‍ വരാം. ‘ചാര്‍ത്തല്‍ നികുതി’ അടക്കുന്ന കാര്യവും നീ അന്വേഷിക്കണം. ‘ചാര്‍ത്തല്‍ നികുതി’ ഉടനേ അടക്കേണ്ടതാണെങ്കില്‍ നീ കൊടുക്കുക. ഞാന്‍ പണം അയച്ചു തരാം. നീ ചാര്‍ത്തല്‍ നികുതി അടക്കുന്നെങ്കില്‍ രസീത് വാങ്ങിക്കൊള്ളണം. എന്‍റെ സഹോദരീ, ഈ കാര്യം ഉപേക്ഷയായി വിചാരിക്കരുത്. നീ എന്‍റെ പേര്‍ കൂടി ചാര്‍ത്തിയോ എന്ന വിവരം ഉടനേ എനിക്കെഴുതണം. ഞാന്‍ വരണമെന്നുണ്ടെങ്കില്‍ വന്ന്, എന്‍റെ പേര്‍ ചാര്‍ത്തിക്കൊള്ളാം. നിന്‍റെ ആയുരാരോഗ്യത്തിനായും പ്രാര്‍ത്ഥിക്കുന്നു” (Finegan, Op.cit. P.261).

 

ഇപ്രകാരം ബൈബിള്‍ വിമര്‍ശകന്മാര്‍ സംശയമുന്നയിച്ച ഈ മൂന്നു വിഷയങ്ങളിലും തെറ്റ് പറ്റിയത് ബൈബിളിനല്ല, വിമര്‍ശകന്മാര്‍ക്കാണ് എന്ന കാര്യം ഇന്ന് എല്ലാ പുരാവസ്തുഗവേഷകരും അംഗീകരിക്കുന്നു.

(കടപ്പാട്: കെ.വി.ജോര്‍ജ്ജ്, ‘ബൈബിളും പുരാവസ്തുശാസ്ത്രവും’)