യേശുക്രിസ്തുവിന്‍റെ ജനനത്തോട് ബന്ധപ്പെട്ട ബൈബിള്‍ വിവരണങ്ങളില്‍ വൈരുധ്യങ്ങളോ?

കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ജനനത്തോടനുബന്ധിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ചിലര്‍ വിമര്‍ശനം ഉന്നയിച്ചത് കാണുകയുണ്ടായി. ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്:

 

1. മത്തായി പറയുന്നതനുസരിച്ച് യേശു ജനിച്ചത് ഹെറോദേസ് രാജ്യം ഭരിക്കുമ്പോഴാണ്‌. ഇത് ശരിയാണ് എങ്കില്‍, യേശു ജനിച്ചത്‌ കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോഴാണ് എന്ന ലൂക്കോസിന്‍റെ അവകാശവാദം തെറ്റാണ് എന്ന് വരും. കാരണം ബൈബിളിന് പുറത്തുള്ള മറ്റെനെകം ചരിത്ര രേഖകള്‍ പ്രകാരം, കുറേനിയോസ്‌ സിറിയയിലെ ഗവര്‍ണര്‍ ആകുന്നത് AD 6  ല്‍‍ ആണ്. അതായത്‌ ഹെറോദേസ് മരണപ്പെട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം!.

 

മറുപടി: കുറെനിയോസ് സുറിയാ നാട് വാഴുമ്പോഴാണ് ജനസംഖ്യയെടുപ്പ്‌ നടന്നതെന്ന് ലൂക്കോസിന്‍റെ സൂചന പല നിരൂപകന്മാരും ഒരു ചരിത്ര പ്രശ്നമായി എടുത്തു കാണിച്ചിട്ടുണ്ട്. യെഹൂദാ ചരിത്രകാരനായ ജോസീഫസ് കുറെനിയോസിനെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘ഒരു റോമന്‍ സെനറ്ററും അനേക മജിസ്ട്രേട്ട് പദവികളില്‍ കൂടി കടന്നു പ്രധാന മജിസ്ട്രേറ്റ് (Consul) ആയിത്തീര്‍ന്നവനും ഉന്നത കുലജാതനും ആയിരുന്ന കുറെനിയോസ് ഈ സന്ദര്‍ഭത്തില്‍ മറ്റു ചിലരോടുകൂടി സുറിയായിലേക്ക് വന്നു. ആ ജാതിയുടെ ന്യായാധിപനും സമ്പത്തുകളുടെ കാര്യവിചാരകനും ആയിരിക്കേണ്ടതിനാണ് കൈസര്‍ തന്നെ അയച്ചത്. യെഹൂദന്മാരുടെ മേല്‍ പരമോന്നതാധികാരം നടത്തേണ്ടതിന് കൊപ്പോനിയസ് എന്ന ഒരു ആശ്വാരൂഢനെയും തന്‍റെ കൂടെ അയച്ചു.’ (Antiquities, XVIII, I.I) തിബെരിയോസ്‌ കൈസര്‍ കുറെനിയോസിന് നല്‍കിയ സംസ്ഥാന ബഹുമതിയോടുകൂടിയ ശവസംസ്കാരത്തെപ്പറ്റി റോമന്‍ ചരിത്രകാരനായ റ്റാസിറ്റസ് വിവരിക്കുകയും കുറെനിയോസിന്‍റെ ജീവചരിത്രം സംക്ഷിപ്തമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട് (Annales, 11.48). ലാനൂവിയം (Lanuvium) എന്ന സ്ഥലത്ത് ജനിച്ച കുറെനിയോസ് അഗസ്റ്റസ് കൈസറുടെ കീഴില്‍ പ്രധാന മജിസ്ട്രേറ്റായിത്തീര്‍ന്നതായും കയൂസു കൈസര്‍ അര്‍മ്മീനിയായില്‍ ആധിപത്യം നടത്തിക്കൊണ്ടിരുന്നപ്പോള്‍ താന്‍ വീണ്ടും കൈസറുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടതായും രേഖപ്പെടുത്തിയിരിക്കുന്നു.

 

ചരിത്രരേഖകള്‍ അനുസരിച്ച് കുറെനിയോസ് പ്രധാന മജിസട്രേട്ടായിരുന്നത് ബി.സി.12-ലും, കൈസറോടൊപ്പം അര്‍മ്മീനിയായില്‍ പോയത് എ.ഡി.3-ലും, മരണവും ശവസംസ്കാരവും എ.ഡി.21-ലും ആയിരുന്നു (Finegan,P.258). എ.ഡി.6-ല്‍ ആയിരുന്നു അദ്ദേഹം സിറിയയില്‍ ഗവര്‍ണ്ണറായത്. ജോസീഫസി]ന്‍റെ രേഖയനുസരിച്ച് കുറെനിയോസ് സിറിയയില്‍ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ നടത്തിയ ജനസംഖ്യയെടുപ്പ്, അഗസ്റ്റസ് കൈസര്‍ ആന്‍റണിയുടെ മേല്‍ നേടിയ വിജയത്തിന്‍റെ 37-ം വര്‍ഷമായിരുന്നു (Antiquities, XVIII, 2.1) പ്രസ്തുത യുദ്ധം നടന്നത് റോമന്‍ വര്‍ഷം 723 അഥവാ ബി.സി.31 സെപ്തംബര്‍ രണ്ടാം തിയ്യതിയായിരുന്നു. അതുകൊണ്ട് മേല്‍പ്രസ്താവിച്ച ജനസംഖ്യയെടുപ്പിന്‍റെ കാലം എ.ഡി.6-ആണ്. (ബി.സി.31+എ.ഡി.6 = 37). അതിന്‍റെ അര്‍ത്ഥം യേശുക്രിസ്തു ജനിച്ചത് എ.ഡി. 6-ലോ 7-ലോ ആയിരിക്കും എന്നത്രേ. ഇത് ബി.സി.6-നും 4-നും ഇടയിലാണ് യേശുക്രിസ്തു ജനിച്ചത്‌ എന്ന മറ്റു ചരിത്ര രേഖകളുമായി പൊരുത്തപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ലൂക്കോസ് 2:1-3 വരെയുള്ള ഭാഗങ്ങള്‍ ചരിത്രാബദ്ധമാണ് എന്നാണ് പലരും കരുതിയിരുന്നത്.

 

എന്നാല്‍ യേശുവിന്‍റെ ജനനസമയം, അഥവാ കുറെനിയോസ് സുറിയാ ഗവര്‍ണ്ണറായിരിക്കുമ്പോള്‍ നടന്ന ഈ ജനസംഖ്യയെടുപ്പ്‌ ഒന്നാമത്തെ’ ആണെന്ന് പ്രത്യകം എടുത്തു പറയുന്നതുകൊണ്ട് എ.ഡി.6-ലെ ജനസംഖ്യയെടുപ്പ്‌ കുറെനിയോസ് സുറിയാനാട് വാഴുമ്പോള്‍ നടന്ന രണ്ടാമത്തെ സെന്‍സസ്‌ ആണെന്ന് മനസ്സിലാക്കാം. 1828- ല്‍ റോമില്‍നിന്നും ലഭിച്ച ഒരു ശിലാശാസനം, കുറെനിയോസ് രണ്ടുപ്രാവശ്യം ഗവര്‍ണ്ണറായിരുന്നതായി ചൂണ്ടിക്കാണിക്കുന്നു. 1914-നോടടുത്ത് വില്യം രാംസേ ഏഷ്യാമൈനറില്‍ നിന്ന് കണ്ടെടുത്ത സ്മാരകത്തിലും കുറെനിയോസ് രണ്ടുപ്രാവശ്യം ഗവര്‍ണ്ണറായിരുന്നതായി വ്യക്തമാക്കുന്നു. അതിനാല്‍ യേശുക്രിസ്തുവിന്‍റെ ജനനസമയത്തും, പിന്നീട് എ.ഡി.6-ലും കുറെനിയോസ് സുറിയയിലെ ഗവര്‍ണ്ണറായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ ചരിത്രകാരന്മാര്‍ ആരും ഇപ്പോള്‍ ഈ ആരോപണം ബൈബിളിനു നേരെ ഉന്നയിക്കാറില്ല.

 

2. മത്തായിയുടെ സുവിശേഷം സൂചിപ്പിക്കുന്നത് ജോസഫിന്‍റെയും മറിയയുടെയും സ്വദേശം ബത്ലേഹം ആണെന്നാണ്. നക്ഷത്രെത്തെ പിന്തുടര്‍ന്ന് ജ്ഞാനികള്‍, ജോസെഫിന്‍റെയും മറിയയുടെയും വീട്ടില്‍ പ്രവേശിച്ചു എന്നും മത്തായി പറയുന്നുണ്ട്. സത്രത്തെക്കുറിച്ച് മത്തായി പറയുന്നില്ല.  ഇതനുസരിച്ച് അവര്‍ക്കവിടെ വീടുണ്ട്. അവര്‍ അവിടെ താമസിക്കുന്നവരും ആണ്. മാത്രവുമല്ല ഹെറോദോസിന്‍റെ ഉത്തരവ് രണ്ടു വയസ്സും അതില്‍ താഴെയുമുള്ള എല്ലാ ആണ്‍കുട്ടികളെയും വധിക്കാനായിരുന്നു, ഇതും ജ്ഞാനികള്‍ വരുന്നതിനു കുറെ കാലം മുമ്പ് തന്നെ അവര്‍ അവിടെ താമസിക്കുകയായിരുന്നു എന്ന് സൂചിപ്പിക്കുന്നു. കാരണം രണ്ടു വയസു പ്രായമുള്ള കുഞ്ഞ് ഏതാനും ദിവസം മുമ്പ് മാത്രം ജനിച്ചതല്ല എന്ന് റോമന്‍ പടയാളികള്‍ക്ക് മനസ്സിലാകുമല്ലോ.

 

മത്തായി പറയുന്നതാണ് ശരിയെങ്കില്‍ ലൂക്കോസ് പറയുന്നത് തെറ്റാണ് എന്ന് വരും. കാരണം ലൂക്കോസ് പറയുന്നതനുസരിച്ച് ജോസഫും മറിയയും നസ്റത്തില്‍ നിന്നും വന്ന് യേശുവിനെ പ്രസവിച്ചു ഒരു മാസത്തിനുള്ളില്‍ തന്നെ തിരിച്ച്‌ നസ്റത്തിലേക്ക്‌  പോയിരുന്നു.

 

മറുപടി: ഇത് വിമര്‍ശകന്‍റെ അറിവില്ലായ്മ മാത്രമാണ്. യേശുവിന്‍റെ ജനനം നടന്ന അന്ന് രാത്രിയില്‍ തന്നെ ജ്ഞാനികള്‍ യേശുവിനെ കാണാന്‍ വന്നു എന്നുള്ള അബദ്ധധാരണയില്‍ നിന്നാണ് ഇങ്ങനെയൊരു നിലപാട്‌ വിമര്‍ശകന്‍ സ്വീകരിക്കുന്നത്. ബൈബിള്‍ അങ്ങനെ പറയുന്നില്ല. അതുകൊണ്ടുതന്നെ ഊഹത്തിന്‍റെ പുറത്തു എന്തെങ്കിലും ആരോപണം ബൈബിളിന് നേരെ ഉന്നയിക്കുന്നതില്‍ കഴമ്പില്ല. യേശുക്രിസ്തു ജനിച്ച രാത്രിയില്‍ യേശുക്രിസ്തുവിനെ കാണാന്‍ എത്തിയത് ആട്ടിടയന്മാരായിരുന്നു, ജ്ഞാനികളായിരുന്നില്ല! വന്ന ആട്ടിടയന്മാരാണെങ്കില്‍ “ആ പ്രദേശത്തുള്ളവരായിരുന്നു” എന്ന് ലൂക്കോസ് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട് (ലൂക്കോ.2:8).

 

എന്നാല്‍ യേശുക്രിസ്തുവിനെ കാണാന്‍ വന്ന വിദ്വാന്മാര്‍ ആ പ്രദേശത്തുകാരായിരുന്നില്ല. വിദ്വാന്മാര്‍ എന്നതിന് ഉപയോഗിച്ചിരിക്കുന്ന വാക്ക്‌ μάγοι(magoi) എന്നതാണ്. (അതിന്‍റെ ഏകവചനം μάγος(magos) എന്നതാണ്. വിദ്വാന്‍ എന്ന് അര്‍ത്ഥം. (ഈ ലിങ്കില്‍ ചെന്നാല്‍ ആ വാക്കിനെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാം.) ചില ഇംഗ്ലീഷ്‌ വേര്‍ഷനുകളില്‍ Magi എന്നുതന്നെ തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

 

ആരാണ് മാഗി? അതറിയണമെങ്കില്‍ ചരിത്രത്തിലേക്ക്‌ പോകണം. മേദ്യരുടെയും പാര്‍സികളുടെയും ബാബിലോണ്യരുടേയും ഇടയിലുണ്ടായിരുന്ന പണ്ഡിതന്മാരെയാണ് magi എന്ന് വിളിച്ചു വന്നിരുന്നത്. ഈജിപ്റ്റില്‍ ഉദയം ചെയ്തതും (പുറ.7:11) കല്‍ദയയില്‍ വികസിച്ചതുമായ ഗൂഢവിദ്യയില്‍ അവര്‍ പ്രവീണരായിരുന്നു. അതിനാലായിരുന്നു വിദ്വാന്മാരെ കല്‍ദയരെന്നും ബൈബിളില്‍ വിളിച്ചിട്ടുള്ളത് (ദാനീ.2:2; 4:7;5:7,11,30) ഈ വിദ്വാന്മാര്‍ ആഭിചാരകന്മാരും നക്ഷത്രം നോക്കുന്നവരും മാസാന്തരം അറിയിക്കുന്നവരും ആയിരുന്നു. സ്വപ്നം വ്യാഖ്യാനിക്കുന്നതിനും ദേവന്മാരുടെ സന്ദേശം മനുഷ്യരെ അറിയിക്കുന്നതിനും ഉള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെട്ടിരുന്നു. ദാനിയേല്‍ പ്രവാചകനും മറ്റു പ്രവാസികളും ബന്ധപ്പെട്ടിരുന്നത് ഈ മാഗികളോടായിരുന്നു. “രാജാവു അവരോടു ജ്ഞാന വിവേകസംബന്ധമായി ചോദിച്ചതില്‍ ഒക്കെയും അവരെ തന്‍റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു” (ദാനി.1:20). “സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും” എന്നിവിടെ പറഞ്ഞിരിക്കുന്നത് മാഗികളെക്കുറിച്ചാണ്.

 

യേശുക്രിസ്തുവിനെ കാണാന്‍ വന്ന മാഗികള്‍ കിഴക്ക് നിന്നാണ് വന്നത് എന്നല്ലാതെ ഏതു ദേശക്കാരാണ്‌ എന്ന് കൃത്യമായി പറഞ്ഞിട്ടില്ല. എന്നാല്‍ അന്ന് ഈ മാഗികള്‍ ഉണ്ടായിരുന്നത് പേര്‍ഷ്യയില്‍ അഥവാ ഇന്നത്തെ ഇറാനില്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഇവര്‍ ഇറാനില്‍ നിന്നുള്ളവരായിരുന്നു എന്നാണ് എല്ലാ ബൈബിള്‍ പണ്ഡിതന്മാരും ഭൂരിഭാഗം ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നത്.

 

ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. ഇറാനില്‍ വെച്ചാണ് ഇവര്‍ പുതുതായി ഉദിച്ച നക്ഷത്രം കാണുന്നത്. കണ്ടതിനു ശേഷം അവര്‍ അതിനെക്കുറിച്ച് അന്വേഷിക്കുന്നു. അവസാനം “യാക്കോബില്‍നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലില്‍നിന്നു ഒരു ചെങ്കോല്‍ ഉയരും” (സംഖ്യാ.24:17) എന്ന ബൈബിള്‍ വചനപ്രകാരം യിസ്രായേലില്‍ പുതിയ ഒരു രാജാവ് ജനിച്ചതാണ് എന്ന് മനസ്സിലാക്കുന്നു. ആ രാജാവിനെ കണ്ടു വന്ദിക്കാന്‍ സമ്മാനങ്ങളുമായി അവര്‍ പാര്‍സി രാജ്യത്ത് നിന്നും യെരുശലേമിലേക്ക് യാത്രയാകുന്നു. ഇന്നത്തെപ്പോലെ വാഹന സൌകര്യങ്ങള്‍ ഇല്ലാതിരുന്ന കാലമാണ് എന്നോര്‍ക്കണം. അവസാനം അവര്‍ യെരുശലേമിലെത്തിച്ചേരുന്നു. രാജാവ് ജനിക്കുന്നത് രാജകൊട്ടാരത്തില്‍ ആയിരിക്കും എന്നുള്ള മാനുഷിക ചിന്ത കൊണ്ട് അവര്‍ ഹെരോദാവിന്‍റെ കൊട്ടാരത്തില്‍ എത്തി അന്വേഷണം നടത്തുന്നു. പിന്നെ അവിടെ നിന്ന് ബെത്ളഹെമിലേക്ക് പോകുന്നു. ഇതാണ് സംഭവിച്ചിട്ടുള്ളത്. ഇതിനു രണ്ടു വര്‍ഷത്തോളം സമയം എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് മത്തായി ഇങ്ങനെ ഒരു കാര്യം പ്രത്യകം രേഖപ്പെടുത്തിയിരിക്കുന്നത്: “വിദ്വാന്മാര്‍ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്‍കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്‍റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു” (മത്താ.2:16). “വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം” എന്നത് പ്രത്യേകം ശ്രദ്ധിച്ചു കാണുമല്ലോ. വിദ്വാന്മാരോട് ഹെരോദാവു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ‘ഏകദേശം രണ്ടു വര്‍ഷം മുന്‍പാണ് തങ്ങള്‍ ആദ്യം നക്ഷത്രം കണ്ടത്‌’ എന്ന്. അതുകൊണ്ടാണ് ‘ആ കാലത്തിനു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്‍കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്‍റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചതു.’ ഇവിടെ എന്തെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പമുണ്ടെന്നു ഒരാളും പറയില്ല.

 

ഇനി യോസേഫിനും മറിയക്കും ബെത്ളഹേമില്‍ വീടുണ്ടായിരുന്നു എന്നുള്ള വിമര്‍ശകന്‍റെ പരാമര്‍ശം നോക്കാം. ലൂക്കൊസില്‍ പറഞ്ഞിരിക്കുന്ന ഈ കാര്യം ഞാന്‍ വായനക്കാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു: “ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി. അങ്ങനെ യോസേഫും ദാവീദിന്‍റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന്‍ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടും കൂടെ ചാര്‍ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു, യെഹൂദ്യയില്‍ ബേത്ളേഹെം എന്ന ദാവീദിന്‍ പട്ടണത്തിലേക്കു പോയി” (ലൂക്കോ.2:1-5).

 

“എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി; യോസേഫും ബേത്ളേഹെം എന്ന ദാവീദിന്‍ പട്ടണത്തിലേക്കു പോയി” എന്ന് പറയുമ്പോള്‍ യോസേഫിന്‍റെ പട്ടണം ഏതാണ് എന്ന് വ്യക്തമല്ലേ? യോസേഫ് യെഹൂദ്യയിലെ ബെത്ളഹേംകാരനാണ്. എന്നാല്‍ ജോലി സംബന്ധമായി ആ സമയത്ത് നസ്റേത്തിലാണ് ഉണ്ടായിരുന്നത്. ആ കാലത്ത്‌ യെഹൂദ്യ സംസ്ഥാനത്ത് ആശാരിമാരുടെ തൊഴിലവസരങ്ങള്‍ കുറവായിരുന്നു. ദൈവാലയവുമായി ബന്ധപ്പെട്ട തൊഴിലുകളാണ് കൂടുതലും ഉണ്ടായിരുന്നത്. എന്നാല്‍ വടക്കന്‍ പ്രദേശമായ ഗലീലയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ കൂടുതലായിരുന്നു. ഗലീലയിലെ ബേത്ത് സയിദയും കഫര്‍ന്നഹൂമും കോരസീനും മറ്റും വലിയ പട്ടണങ്ങള്‍ ആയിരുന്നു. അങ്ങനെയുള്ളിടത്തു ആശാരിയായ യോസേഫിനു തൊഴില്‍ സാധ്യത കൂടുതലുണ്ടാകുന്നത് സ്വാഭാവികമാണ്. ആത്മീയത വേണ്ടവര്‍ യെഹൂദ്യയിലേക്കും സമ്പത്ത്‌ വേണ്ടവര്‍ ഗലീലയിലേക്കും പോകുക എന്നതായിരുന്നു അന്നത്തെ സാമൂഹികാവസ്ഥ. ആത്മീയമായ ഒരു നന്മയും ഗലീലയില്‍ നിന്ന് വരില്ല എന്നായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ടാണ് നഥനയേല്‍ ഇപ്രകാരം ചോദിച്ചതായി ബൈബിളില്‍ കാണുന്നത്: “പിറ്റെന്നാള്‍ യേശു ഗലീലെക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടു: ‘എന്നെ അനുഗമിക്ക’ എന്നു അവനോടു പറഞ്ഞു. ഫിലിപ്പോസോ അന്ത്രെയാസിന്‍റെയും പത്രൊസിന്‍റെയും പട്ടണമായ ബേത്ത് സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു. ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: ‘ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ’ എന്നു പറഞ്ഞു. നഥനയേല്‍ അവനോടു: ‘നസറെത്തില്‍നിന്നു വല്ല നന്മയും വരുമോ’ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടു: ‘വന്നു കാണ്‍ക’ എന്നു പറഞ്ഞു” (യോഹ.1:43-46)

 

നസ്റേത്തു പട്ടണം ഗലീലയില്‍ ഉള്ളതാണ്. ആത്മീയമായ നന്മ ഗലീലയില്‍ നിന്നും വരില്ല എന്നുള്ള ധാരണ കൊണ്ടാണ് നഥനയേല്‍ ഇപ്രകാരം ചോദിക്കുന്നത്. ഏതായാലും യോസേഫിന്‍റെ സ്വന്തം പട്ടണം യെഹൂദ്യയിലെ ബെത്ളഹേം ആണ് എന്ന് ബൈബിള്‍ വ്യക്തമായി പറയുന്നുണ്ട്. പിന്നെ അദ്ദേഹം ഗലീലയിലെ നസ്രേത്തില്‍ എത്തിപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിന് ജോലിക്ക് വേണ്ടി നസ്രേത്തില്‍ എത്തി എന്നുള്ള മറുപടി മാത്രമേ നമുക്ക്‌ കൊടുക്കാന്‍ കഴിയൂ. യെരുശലേമില്‍ നിന്ന് യേശുവിനെ പരിച്ഛേദന നടത്തിയതിനു ശേഷം അവര്‍ നസ്രേത്തിലേക്ക് തിരിച്ചു പോയെങ്കിലും പിന്നീട് തന്‍റെ സ്വന്തം പട്ടണമായ ബെത്ളഹേമില്‍ തിരിച്ചു വന്നു അവിടെ തന്‍റെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ തുടങ്ങി എന്നുള്ളതില്‍ എന്താണ് വൈരുദ്ധ്യം? അവരുടെ തിരിച്ചു വരവിനു കാരണം യേശുക്രിസ്തുവാണ്. യോസേഫിനും മറിയയ്ക്കും ദൈവദൂതന്‍ പ്രത്യക്ഷപ്പെടുകയും യേശുക്രിസ്തുവിനെ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, എലീശബത്തില്‍ നിന്നും (ലൂക്കോ.1:42,43) നീതിമാനായ ശിമെയോനില്‍ നിന്നും (ലൂക്കോ.2:25-32) ഹന്നാ പ്രവാചകിയില്‍ നിന്നും (ലൂക്കോ.2:36-38) അവര്‍ യേശുക്രിസ്തുവിനെ കുറിച്ച് കൂടുതല്‍ കേട്ടതാണ്. അവന്‍ “വിശുദ്ധ പ്രജ”യാണെന്ന് മാത്രമല്ല, “അത്യുന്നതന്‍റെ പുത്രനും”  “ദൈവപുത്രനും” കൂടി ആണെന്നും അവര്‍ക്കറിയാം (ലൂക്കോ.1:30-35). ദാവീദിന്‍റെ സിംഹാസനം ദൈവം അവനു കൊടുക്കും എന്ന കാര്യവും ദൂതന്‍ മറിയയോട്‌ പറഞ്ഞിട്ടുണ്ട്. രാജസ്ഥാനത്തോട് ബന്ധപ്പെട്ടതായാലും ദൈവപുത്രന്‍ എന്ന നിലയില്‍ ദൈവത്തോട് ബന്ധപ്പെട്ടതായാലും ശരി, അതിനു പറ്റിയ ഇടം ഗലീലയല്ല, യെഹൂദ്യയാണ്. കാരണം അവിടെയാണ് യെരുശലേം ഉള്ളത്. ദൈവാലയം ഉള്ളത് യെരുശലേമില്‍ ആണ്. ഭരണത്തിന്‍റെ തലസ്ഥാനവും അവിടെയാണ്. അതുകൊണ്ട് യേശു വളരേണ്ടത് നസ്രേത്തില്‍ അല്ല, യെരുശലേമിലോ അതിനടുത്തുള്ള ബെത്ളഹേം എഫ്രാത്തയിലോ ആയിരിക്കണം എന്നവര്‍ തീരുമാനിച്ചിട്ടുണ്ടാകും. അതില്‍ എന്താണ് പ്രശ്നം?

 

3. മത്തായി പ്രകാരം ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്യുകയും പിന്നീട് , ഹെറോദോസിന്‍റെ മരണ ശേഷം തിരിച്ച്‌ ബെത്ലെഹാം സ്ഥിതി ചെയ്യുന്ന യൂദായിലേക്ക് തിരിച്ച്‌ വരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ യൂദാ അപ്പോള്‍ ഭരിക്കുന്നത് ഹെറോദേസിന്‍റെ മകനായ ആര്‍ക്കലേയൂസായിരുന്നതിനാല്‍ അവര്‍ക്ക് അങ്ങോട്ട്‌ തിരിച്ച് പോകാന്‍ കഴിഞ്ഞില്ല. ഇതനുസരിച്ചും ഇവരുടെ സ്വദേശം ബത്ലെഹമാണ്, എന്നാണ് മത്തായി പറയുന്നത്. ഇവിടെ മത്തായി പറഞ്ഞ പ്രകാരം, ജോസഫും മറിയയും കുഞ്ഞിനെയുമെടുത്ത് ഈജിപ്തിലേക്ക് പാലായനം ചെയ്തുവെങ്കില്‍, അവര്‍ ബത്ലഹെമില്‍ നിന്നും നേരിട്ട് നസ്രത്തിലേക്ക്‌ പോയീ എന്ന ലൂക്കോസിന്‍റെ പ്രസ്താവന തെറ്റാണ് എന്ന് വരും.

 

മറുപടി:അവര്‍ ബെത്ളഹേമില്‍ നിന്നും നേരിട്ട് നസ്രെത്തിലേക്ക് പോയി എന്ന് ലൂക്കോസ് എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഇല്ലാത്ത കാര്യം എന്തിനാണ് ബൈബിള്‍ രചയിതാക്കളുടെ മേല്‍ വെച്ച് കെട്ടുന്നത്? മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോള്‍ (അതായത് 40 ദിവസം തികഞ്ഞപ്പോള്‍. കൂടുതല്‍ മനസ്സിലാക്കാന്‍ ലേവ്യാപുസ്തകം അദ്ധ്യായം 12 നോക്കുക) അവര്‍  അവനെ കര്‍ത്താവിന്നു അര്‍പ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ കല്പിച്ചതുപോലെ യാഗം കഴിപ്പാനും യെരുശലേമില്‍ കൊണ്ടുപോയി (ലൂക്കോ.2:22-24) എന്ന് ലൂക്കോസ് എഴുതിയിട്ടുണ്ട്. അതിനു ശേഷം അവിടെ നിന്ന് അവര്‍ ഗലീലയിലെ നസ്രേത്തിലേക്ക് പോയി എന്നാണ് പറഞ്ഞിട്ടുള്ളത്, അല്ലാതെ ബെത്ളഹേമില്‍ നിന്ന് നസ്രേത്തിലേക്ക് പോയി എന്നല്ല!

 

നസ്രേത്തിലേക്ക് പോയ അവര്‍ യേശുക്രിസ്തുവിന്‍റെ ഭാവിയെക്കരുതി ഗലീലാവാസം ഉപേക്ഷിച്ചു തിരിച്ചു യോസേഫിന്‍റെ പട്ടണമായ ബെത്ളഹെമിലേക്ക് പോയ കാര്യം ഞാന്‍ മുന്‍പ്‌ വിവരിച്ചിട്ടുണ്ട്. അവര്‍ അവിടെ താമസിക്കുന്ന സന്ദര്‍ഭത്തിലാണ് മാഗി യേശുവിനെ കാണാന്‍ വരുന്നത്. അതിനു ശേഷം ദൂതന്‍റെ കല്പനയാല്‍ അവര്‍ അവിടെ നിന്നും ഈജിപ്തിലേക്ക് ഓടിപ്പോകുന്നു. ഹെരോദാവു മരിച്ചു കഴിഞ്ഞതിനു ശേഷം ദൂതന്‍റെ കല്പനയാല്‍ അവര്‍ തിരിച്ചു വരുമ്പോഴും താമസിക്കാന്‍ ശ്രമിക്കുന്നത് യെഹൂദ്യയിലാണ്. അതിനു കാരണം മുന്‍പ്‌ പറഞ്ഞത് തന്നെ, യേശുക്രിസ്തു വളരേണ്ടത് യെരുശലേമില്‍ ആണെന്ന് അവര്‍ കരുതി. എന്നാല്‍ യെഹൂദ്യ ഭരിക്കുന്നത് ഹെരോദാവിന്‍റെ മകന്‍ ആയതുകൊണ്ട് അങ്ങോട്ട്‌ പോകുവാന്‍ അവര്‍ ഭയപ്പെട്ടു. പിന്നെയുള്ള ഏക വഴി യോസേഫിനും മറിയക്കും ഒരു പോലെ പരിചയക്കാരുള്ള, മറിയയുടെ നാടായ നസ്രേത്തിലേക്ക് മടങ്ങിപ്പോകുക എന്നത് മാത്രമാണ്. അതവര്‍ ചെയ്തു. ഇതില്‍ വൈരുദ്ധ്യമുണ്ടെന്ന് ആരോപിക്കുന്നവര്‍ ബൈബിളിലുള്ള തങ്ങളുടെ അജ്ഞത വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത് എന്ന് മാത്രമേ പറയാനുള്ളൂ…