യേശുക്രിസ്തു മഗ്ദലന മറിയയെ വിവാഹം കഴിച്ചിരുന്നോ?

യേശുക്രിസ്തു മഗ്ദലന മറിയയെ വിവാഹം കഴിച്ചിരുന്നു എന്നും അവര്‍ക്ക്‌ മക്കളുണ്ടായിരുന്നു എന്നും ഡാവിഞ്ചി കോഡ് എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ടല്ലോ. മാത്രമല്ല, ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ പറയുന്നത്, യേശുക്രിസ്തു മഗ്ദലന മറിയയുടെ ചുണ്ടില്‍ ചുംബിക്കുന്നത് സാധാരണ സംഭവമായിരുന്നു എന്നുമാണല്ലോ. അപ്പോള്‍ ഡാവിഞ്ചി കോഡില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞു തള്ളിക്കളയുവാന്‍ കഴിയുമോ? പല അക്രൈസ്തവ സ്നേഹിതന്മാരും പലപ്പോഴും ഉന്നയിക്കുന്ന ഒരു സംശയമാണ് മുകളില്‍ ഉള്ളത്. ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ ഉള്ള ഒരു ചുംബനത്തെ കുറിച്ച് പറയുന്നവര്‍ ഫിലിപ്പോസിന്‍റെ സുവിശേഷം എന്ന പുസ്തകം വായിച്ചു നോക്കുന്നത് പോയിട്ട് കണ്ടിട്ട് കൂടിയുണ്ടാകാന്‍ സാധ്യതയില്ല. കാരണം അത് കണ്ടിട്ടുണ്ടായിരുന്നെങ്കില്‍ ഇജ്ജാതി വിഡ്ഢിത്തരം ഒരിക്കലും അവര്‍  പറയുകയില്ലായിരുന്നു. ഏതായാലും ഫിലിപ്പോസിന്‍റെ സുവിശേഷം ഞങ്ങളുടെ കൈവശം ഇരിക്കുന്നത് കൊണ്ട് ഈ ആരോപണത്തിലെ ചില വിഡ്ഢിത്തരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

 

അപ്പോസ്തലനായ ഫിലിപ്പോസ് ആണ് ഈ പുസ്തകം എഴുതിയതെന്നുള്ള അവകാശവാദം പുസ്തകത്തില്‍ ഒരിടത്തുമില്ല! പിന്നെ എന്തുകൊണ്ട് ഇതിനെ ഫിലിപ്പോസിന്‍റെ സുവിശേഷം എന്ന് വിളിക്കുന്നു എന്ന് ചോദിച്ചാല്‍ അപ്പോസ്തലന്മാരില്‍ ഫിലിപ്പോസിന്‍റെ പേര് മാത്രമേ ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നുള്ളൂ, അതുകൊണ്ട് ഇതിനെ ഫിലിപ്പോസിന്‍റെ സുവിശേഷം എന്ന് വിളിക്കുന്നു എന്നാണ് ഉത്തരം.

 

ഈ പുസ്തകം എ.ഡി.രണ്ടാം നൂറ്റാണ്ടില്‍ ഉടലെടുത്ത ജ്ഞാനവാദത്തിന്‍റെആളുകളാല്‍ രചിക്കപ്പെട്ടതാണ് എന്നത്രേ പണ്ഡിതന്മാരുടെ അഭിപ്രായം. കാരണം ഇതില്‍ കാണുന്നത് മുഴുവന്‍ വാലന്‍റീനിയന്‍ തത്വശാസ്ത്രമാണ്. എ.ഡി. 100-ല്‍ അലക്സാണ്ട്രിയായില്‍ ജനിക്കുകയും പിന്നീട് റോമിലേക്ക് കുടിയേറുകയും ചെയ്ത വാലന്‍റീനുസ് കടുത്ത ജ്ഞാനവാദിയായിരുന്നു. ആദ്യകാലത്ത് റോമിലെ സഭയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന വാലന്‍റീനുസ് പിന്നീട് പാഷാണ്ഡത (വ്യാജ പ്രബോധനം/അബദ്ധ സിദ്ധാന്തം) പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ റോമിലെ സഭ അദ്ദേഹത്തെ വിലക്കുകയും ചെയ്തു.

 

ഇനി നമുക്ക്‌ വിഷയത്തിലേക്ക് വരാം. നമുക്ക്‌ ലഭ്യമായിരിക്കുന്ന ഫിലിപ്പോസിന്‍റെ സുവിശേഷത്തിന്‍റെ കയ്യെഴുത്ത് പ്രതി കോപ്റ്റിക് ഭാഷയില്‍ ഉള്ളതാണ്, അത് ഈജിപ്തിലെ നാഗ് ഹമ്മാദിയില്‍ നിന്ന് 1945-ല്‍ ലഭിച്ചതാണ്. പഴക്കം മൂലം കയ്യെഴുത്തുപ്രതിയില്‍ പല ഭാഗത്തും അക്ഷരങ്ങള്‍ മാഞ്ഞു പോകുകയോ തുകല്‍ ചുരുള്‍ ദ്രവിച്ചു പോകുകയോ ചെയ്തിട്ടുണ്ട്. നാം ചര്‍ച്ച ചെയ്യുന്ന വിവാദമായ ഭാഗത്തും പലയിടത്തും അക്ഷരങ്ങള്‍ മാഞ്ഞുപോയിട്ടുണ്ട്. ആ ഭാഗം താഴെ കൊടുക്കുന്നു. അക്ഷരങ്ങള്‍ മാഞ്ഞുപോയിട്ടുള്ള സ്ഥലങ്ങളില്‍ ബ്രാക്കറ്റില്‍ മൂന്നു കുത്തുകള്‍ മാത്രം ഇടുന്നു:

 

“വന്ധ്യ” എന്ന് വിളിക്കപ്പെടുന്ന ജ്ഞാനത്തെക്കുറിച്ച് പറയുകയാണെങ്കില്‍, അവള്‍ മാലാഖമാരുടെ അമ്മയാണ് (…) കൂട്ടുകാരിയാണ് മഗ്ദലേന മറിയം (…) എല്ലാ ശിഷ്യരേക്കാളും കൂടുതല്‍ അവളെ (…) അവളുടെ (…) പലപ്പോഴും ചുംബിക്കുക പതിവായിരുന്നു. ശേഷിക്കുന്ന ശിഷ്യര്‍ (…) അവര്‍ അവനോടു പറഞ്ഞു: “ഞങ്ങള്‍ എല്ലാവരേക്കാള്‍ കൂടുതല്‍ നീ അവളെ സ്നേഹിക്കുന്നത് എന്ത് കൊണ്ടാണ്?” മറുപടിയായി രക്ഷകന്‍ അവരോടു പറഞ്ഞു: “അവളെപ്പോലെ ഞാന്‍ നിങ്ങളെ സ്നേഹിക്കാത്തത് എന്തുകൊണ്ട്?” (ഫിലിപ്പോസിന്‍റെ സുവിശേഷം, വാക്യം 59)

 

ഇതാണ് സംഭവം. “ചുണ്ടില്‍” ചുംബിക്കാറുണ്ടായിരുന്നു എന്ന വിമര്‍ശകരുടെ വാദം അടിസ്ഥാനരഹിതമാണ് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. കാരണം ആ ഭാഗത്ത് അക്ഷരങ്ങള്‍ മാഞ്ഞു പോയിരിക്കുന്നു! മാഞ്ഞുപോയ ആ ഭാഗം “ചുണ്ടില്‍” എന്നാണെന്നത് വിമര്‍ശകരുടെ ഊഹം മാത്രമാണ്!!

 

ചുംബനങ്ങള്‍ കൈമാറുന്ന പതിവിനെക്കുറിച്ച് പുതിയ നിയമം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. “വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍.” (റോമ.16:16) എന്ന് പൗലോസ്‌ അപ്പോസ്തലന്‍ റോമാക്കാരോട് ആവശ്യപ്പെടുന്നുമുണ്ട്. ചുംബനം കൊണ്ട് സ്വന്തം കുടുംബാംഗങ്ങളെ സ്വാഗതം ചെയ്യുന്നത് യെഹൂദ സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു. അതില്‍ ആരും ലൈംഗികത ആരോപിക്കാറില്ല. ക്രൈസ്തവ ധര്‍മ്മത്തിലുള്ളവരെ ഒരു കുടുംബത്തിലെ അംഗങ്ങളായി കരുതി ആലിംഗനത്താലും ചുംബനത്താലും സ്വാഗതം ചെയ്യുന്ന പതിവ്‌ ഉടലെടുത്തത് ഈ യെഹൂദ സംസ്കാരത്തില്‍ നിന്നാണ്. സ്വാഭാവിക കുടുംബത്തെ ഉപേക്ഷിച്ചവര്‍ക്ക് സഭ ഒരു വിശ്വാസ കുടുംബമാവുകയായിരുന്നു. അതില്‍ സെക്സ് ആരോപിക്കുന്നത് കറകളഞ്ഞ കൌശലമാണ്. “യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു” (ഉല്‍പ്പത്തി.3:1) എന്നാണ് സാത്താന് വേദപുസ്തകം നല്‍കുന്ന നിര്‍വ്വചനം. ഈ വിഷയത്തില്‍ വിമര്‍ശനം കൊണ്ടുവരുന്നവര്‍ക്ക് ചേരുന്നതും ഈ നിര്‍വ്വചനമാണ്!

 

“യേശു മഗ്ദലേന മറിയത്തെ വിവാഹം ചെയ്തിരുന്നു” എന്ന് ഫിലിപ്പോസിന്‍റെ സുവിശേഷത്തില്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നെങ്കില്‍ പോലും അത് മുഖവിലക്കെടുക്കാന്‍ ഒരു ചരിത്രകാരനും കഴിയുകയില്ല. കാരണം, യേശുക്രിസ്തുവിന്‍റെ മരണ ശേഷം 150 വര്‍ഷങ്ങള്‍ കഴിഞ്ഞ് എഴുതപ്പെട്ട ഒരു കൃതിയില്‍, ക്രൈസ്തവ ധര്‍മ്മത്തിന്‍റെ പ്രബോധനങ്ങള്‍ക്കെതിരായുള്ള ഒരു തത്വ സംഹിത പ്രചരിപ്പിക്കാന്‍ വേണ്ടി രചിക്കപ്പെട്ട ഒരു കൃതിയില്‍, പാഷാണ്ഡോപദേശം കാരണം സഭയില്‍ നിന്ന് മുടക്കപ്പെട്ട ഒരു വ്യക്തിയുടെ അനുയായികളാല്‍ രചിക്കപ്പെട്ട ഒരു കൃതിയില്‍, അങ്ങനെ ശത്രുതാപരമായ ഒരു പ്രസ്താവന ഉണ്ടാകുന്നത് സ്വാഭാവികമാണ്, ശത്രുക്കളുടെ ഒരു ആരോപണം മാത്രമാണത് എന്ന നിഗമനത്തില്‍ മാത്രമേ ഒരു ചരിത്രകാരന് എത്തിപ്പെടാന്‍ കഴിയുകയുള്ളൂ. കേരളത്തിന്‍റെ മുന്‍മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്‍റെ വാക്കുകള്‍ എം. കൃഷ്ണന്‍ നായര്‍ ഉദ്ധരിച്ചത് ഓര്‍മ്മയില്‍ വരുന്നു: “ക്രിസ്തുവിനെ ഒരു ദുര്‍ബ്ബലനായിട്ടല്ല, അസാമാന്യ ധീരതയും ഉള്‍ക്കരുത്തുമുള്ള ഒരു മഹാപുരുഷനായിട്ടാണ് ബൈബിള്‍ ചിത്രീകരിക്കുന്നത്. ആ മഹനീയ വിഗ്രഹത്തെ എന്തിനിങ്ങനെ അലങ്കോലപ്പെടുത്തി?  ഇഹലോകത്തില്‍ മനുഷ്യര്‍ക്ക്‌ പൂജാവിഗ്രഹങ്ങളായി ചരിത്രത്തില്‍ അപൂര്‍വ്വം ചില വ്യക്തികളേയുള്ളൂ. അവരില്‍ ഒരാളായ യേശുവിനെ ഇപ്രകാരം ചിത്രീകരിച്ചത് അക്ഷന്തവ്യമായ ഒരു തെറ്റാണ്” (എം.കൃഷ്ണന്‍ നായര്‍, സാഹിത്യവാരഫലം, പേജ് 266).

 

“മഹാപുരുഷന്മാരെ മലിനീകരിക്കുന്നത് ബാഡ്‌ ടേസ്റ്റാണ്-അരുതാത്തത് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആഹ്ലാദം- ഇത് വള്‍ഗാരിറ്റിയാണ്” (സാഹിത്യവാരഫലം, പേജ് 266-267) എന്നും കൃഷ്ണന്‍ നായര്‍ പറയുന്നുണ്ട്. യേശുക്രിസ്തുവിന്‍റെ വിമര്‍ശകര്‍ക്ക്‌ എല്ലാവര്‍ക്കും ബാഡ്‌ ടേസ്റ്റാണ് എന്ന് മാത്രം പറഞ്ഞു ഞാന്‍ ആ ഭാഗം വിടുന്നു. (കടപ്പാട്: റവ.ഡോ.ജോസ്‌ മാണിപ്പറമ്പില്‍ )