ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)

 

 

ഇത് കേരളത്തില്‍ മാത്രമുള്ള കാര്യമാണ് എന്ന് തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. ഉത്തരേന്ത്യയിലും സ്ഥിതി ഇതൊക്കെത്തന്നെയായിരുന്നു. അംബേദ്കറെ ഉദ്ധരിക്കാം:

 

“അസ്പൃശ്യര്‍ക്ക് കൊടുക്കുന്ന കൂലി പണമായിട്ടോ ധാന്യമായിട്ടോ ആണ്. ഉത്തര്‍പ്രദേശിന്‍റെ ചില ഭാഗങ്ങളില്‍ അസ്പൃശ്യര്‍ക്ക് കൂലിയായി കൊടുക്കുന്ന ധാന്യത്തിന് ‘ഗോബരഹ’ (Gobaraha) എന്നാണ് പറയുന്നത്. പ്രത്യേകം വേര്‍തിരിച്ച ധാന്യം അഥവാ ചാണകത്തില്‍ അടങ്ങിയിട്ടുള്ള ധാന്യം എന്നാണ് ‘ഗോബരഹ’ എന്നതിനര്‍ത്ഥം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍, ധാന്യം വിളയുമ്പോള്‍, കൊയ്ത് ഉണക്കുന്നു. മെതിക്കളത്തില്‍ നിരത്തിയ കറ്റകളുടെ മുകളിലൂടെ കാളകളെ നടത്തുന്നു. അവയുടെ കുളമ്പുകള്‍ കൊണ്ട് ധാന്യം മെതിച്ചെടുക്കാനാണ് ഇങ്ങനെ ഇങ്ങനെ ചെയ്യുന്നത്. കറ്റയുടെ പുറത്തൂടെ നടക്കുന്ന കാളകള്‍ വൈക്കോലിനൊപ്പം ധാന്യവും ആവശ്യത്തിലേറെ കഴിക്കും. ഇങ്ങനെ കഴിക്കുന്ന ധാന്യം ദഹിക്കാതെ പിറ്റേദിവസം ചാണകത്തിലൂടെ പുറത്തു വരുന്നു. ഈ ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ധാന്യമാണ്‌ അസ്പൃശ്യര്‍ക്ക് കൂലിയായി കൊടുക്കുന്നത്. ഇത് ഉണക്കിപ്പൊടിച്ചു അവര്‍ റൊട്ടിയുണ്ടാക്കുന്നു.

 

കൃഷിക്കാലം കഴിയുന്നതോടെ അസ്പൃശ്യര്‍ക്ക് തൊഴിലില്ലാതാകുന്നു. ജീവിതം നിലനിര്‍ത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതാകുന്നു. ഇക്കാലത്ത് അവര്‍ കാട്ടില്‍ കടന്ന് പുല്ല് ചെത്തിയും വിറകു ശേഖരിച്ചും സമീപത്തുള്ള പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുന്നു. തുറസ്സായ സ്ഥലത്ത് നിന്നാണ് പുല്ലും വിറകും ശേഖരിക്കുന്നതെങ്കിലും അതിനു ഫോറസ്റ്റ് ഗാര്‍ഡിന്‍റെ അനുവാദം വേണം. അയാള്‍ക്ക് കൈക്കൂലി കൊടുത്തെങ്കിലേ സര്‍ക്കാര്‍ വനത്തില്‍നിന്നു അല്പം പുല്ലു ചെത്താനും വിറകൊടിക്കാനും അനുവാദം കിട്ടുകയുള്ളൂ. ഇങ്ങനെ ശേഖരിക്കുന്ന പുല്ലും വിറകും ദൂരെ പട്ടണത്തില്‍ കൊണ്ടുവരുമ്പോള്‍, അവിടെ വാങ്ങുന്നവരുടെ വിപണിയെയാണ് അസ്പൃശ്യര്‍ക്ക് നേരിടേണ്ടി വരുന്നത്. കൂടുതലും ജാതിഹിന്ദുക്കളാണ് ഇത്തരം സാധനങ്ങള്‍ വാങ്ങുന്നത്. അവര്‍ ഗൂഢാലോചന നടത്തി ഏറ്റവും കുറഞ്ഞ വില കൊടുക്കാന്‍ തീരുമാനിക്കുന്നു. ഇതിനെ ചെറുക്കാന്‍ അശക്തരായ അസ്പൃശ്യര്‍ കിട്ടിയ വിലയ്ക്ക് തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. പലപ്പോഴും, തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്നതിനു ഗ്രാമത്തില്‍ നിന്ന് പട്ടണത്തിലേക്കും പത്തുമൈല്‍ അങ്ങോട്ടും അത്രയും ദൂരം തിരിച്ചും അവര്‍ക്ക് നടക്കേണ്ടി വരുന്നു.

 

ഉപജീവനത്തിനായി മറ്റു വ്യാപാരങ്ങളിലൊന്നും അസ്പൃശ്യര്‍ ഏര്‍പ്പെടുന്നില്ല. അതിനുള്ള മൂലധനം അവര്‍ക്കില്ല. അഥവാ അങ്ങനെ ഉണ്ടെങ്കില്‍ത്തന്നെ, ആരും അവരില്‍നിന്നു ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയുമില്ല.

 

അസ്പൃശ്യരുടെ ഉപജീവനത്തിനുള്ള ഈ മാര്‍ഗ്ഗങ്ങളെല്ലാം അസ്ഥിരവും ക്ഷണികവുമാണ്. ഒരു സുരക്ഷിതത്വവുമില്ലാത്തത്. എന്‍റെ അറിവില്‍ അസ്പൃശ്യര്‍ക്ക് രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ സുരക്ഷിതമായ ജീവിതമാര്‍ഗ്ഗം ഒന്നേയുള്ളൂ. ഗ്രാമത്തിലെ ഹിന്ദുകൃഷിക്കാരോട് ആഹാരം യാചിച്ചു വാങ്ങാനുള്ള അവകാശം. ഓരോ ഗ്രാമത്തിനും അതിന്‍റേതായിട്ടുള്ള ഭരണസംവിധാനമുണ്ട്. ഗ്രാമഭരണത്തില്‍, പരമ്പരാഗതമായി ഏറ്റവും താഴ്ന്ന ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ് ‘അസ്പൃശ്യര്‍’. പൗരാണിക കാലത്ത് ഗ്രാമത്തിലെ അസ്പൃശ്യര്‍ക്കെല്ലാം കൂടി, അവരുടെ അധ്വാനത്തിന്‍റെ പ്രതിഫലമായി കുറച്ചു ഭൂമി നല്‍കിയിരുന്നു. അതിന്‍റെ അളവ് നിശ്ചിതമായിരുന്നു. ഒരിക്കലും അത് വര്‍ദ്ധിപ്പിച്ചിരുന്നില്ല. തുണ്ടുതുണ്ടായതിനാല്‍ ഈ ഭൂമി കൃഷിചെയ്യാതിടുകയായിരുന്നു പതിവ്. ഭൂമിയിലുള്ള ഈ അവകാശത്തോടൊപ്പം ഭക്ഷണം യാചിച്ചു വാങ്ങാനുള്ള അവകാശവും അവര്‍ക്ക് നല്‍കിയിരുന്നു.

 

ഞെട്ടലുണ്ടായെക്കാം, ഇത് അസ്പൃശ്യരുടെ ആചാരപരമായ അവകാശമായിത്തീര്‍ന്നു; ഇങ്ങനെ യാചിച്ചു കിട്ടുന്ന ഭക്ഷണത്തിന്‍റെ മൂല്യം കണക്കാക്കിയാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കപ്പെടുന്ന ഒരു അസ്പൃശ്യന്‍റെ ശമ്പളം ഗവണ്മെന്‍റുപോലും നിശ്ചയിക്കുന്നത്.

 

ഭക്ഷണത്തിനു വേണ്ടി ജാതിഹിന്ദുക്കളോട് യാചിക്കാനുള്ള ഈ അവകാശമാണ് ഇപ്പോള്‍ ഇന്ത്യയിലെ 60 ലക്ഷം അസ്പൃശ്യരുടെ പ്രധാനജീവിതമാര്‍ഗ്ഗം. ഉച്ചഭക്ഷണസമയത്തിനു ശേഷം ആരെങ്കിലും ഒരു ഗ്രാമത്തിലൂടെ നടക്കുകയാണെങ്കില്‍ ഭക്ഷണം യാചിച്ചും പരിദേവനങ്ങളുരുവിട്ടും അസ്പൃശ്യര്‍ ഗ്രാമത്തിലലയുന്നത് കാണാം.

 

അസ്പൃശ്യരുടെ ഒരു ജീവിതമാര്‍ഗ്ഗമെന്ന നിലയ്ക്കുള്ള ഈ നിയമാനുസൃത ഭിക്ഷയാചിക്കല്‍, ഒരു വ്യവസ്ഥയായി ചുരുങ്ങി. അസ്പൃശ്യകുടുംബങ്ങള്‍ ഗ്രാമത്തിലെ വിവിധ ജാതിഹിന്ദുകുടുംബങ്ങളുമായി ബന്ധിക്കപ്പെട്ടു; മധ്യകാല യൂറോപ്പില്‍ അടിമകളും ദാസന്മാരും ഭൂപ്രഭുക്കന്മാരോടെന്നപോലെ. ജാതിഹിന്ദു കുടുംബങ്ങളുമായി ബന്ധപ്പെട്ട അസ്പൃശ്യകുടുംബങ്ങള്‍ അവരുടെ ആജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്. ഈ ബന്ധം വളരെ വ്യക്തിപരമായി മാറാം. ജാതിഹിന്ദുവായ ഒരാള്‍ അസ്പൃശ്യനെക്കുറിച്ച് തന്‍റെ അടിമ എന്ന അര്‍ത്ഥത്തില്‍ ‘എന്‍റെ ആള്‍’ എന്ന് പറയാറുണ്ട്‌. ജാതിഹിന്ദുക്കളുടെ കുടുംബങ്ങളില്‍നിന്ന് അസ്പൃശ്യര്‍ ഭക്ഷണം യാചിച്ചു വാങ്ങുന്ന ഏര്‍പ്പാട് വ്യവസ്ഥാപിതമാക്കാന്‍ ഈ ബന്ധം സഹായിച്ചിട്ടുണ്ട്.

 

ഇതാണ് ഹിന്ദുക്കള്‍ ഊറ്റം കൊള്ളുന്ന ഗ്രാമറിപ്പബ്ലിക്.” (ഡോ.അംബേദ്‌കര്‍- സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 9, പുറം 26, 27)

 

വീണ്ടും അംബേദ്‌കറിനെ ഉദ്ധരിക്കുന്നു:

 

“അസ്പൃശ്യര്‍ സമ്പന്ന ഭക്ഷണം കഴിക്കാന്‍ പാടില്ല, അതിനുള്ള സാമ്പത്തിക ശേഷി അവര്‍ക്കുണ്ടായാല്‍പ്പോലും. സമൂഹത്തില്‍ അസ്പൃശ്യര്‍ക്കുള്ള പദവിക്കപ്പുറത്തുള്ള ജീവിതം നയിക്കുന്നത് കുറ്റകരമാണ്. 1928 ഫെബ്രുവരി 26-ലെ ‘പ്രതാപ്’ ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നു:

 

“ജോഡ്പൂര്‍ സംസ്ഥാനത്ത് ചണ്ടാവല എന്ന സ്ഥലത്ത്, ഹരിജനങ്ങള്‍ക്ക് ഹല്‍വ തിന്നാന്‍ അവകാശമില്ലെന്ന് വിശ്വസിക്കുന്ന ജാതിഹിന്ദുക്കളെ നിങ്ങള്‍ക്ക് ഇപ്പോഴും കാണാം. അവിടത്തെ അസ്പൃശ്യജാതികളില്‍ ഒന്നാണ് ‘സര്‍ഗരോസകള്‍’. കുറച്ചു നാള്‍ മുന്‍പ് രണ്ട് മൂന്ന് പെണ്‍കുട്ടികളുടെ വിവാഹാവസരങ്ങളില്‍ വിവാഹപാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് വേണ്ടി ഹല്‍വയുണ്ടാക്കി. അതിനുള്ള മൈദ കൊണ്ടുവന്നത് ഠാക്കൂര്‍ സാഹിബിന്‍റെ കടയില്‍ നിന്നാണ്. വിവാഹപാര്‍ട്ടി ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്ന സമയത്ത്, ചണ്ടാവലയിലെ കന്‍വര്‍ സാഹിബ്ബിന്‍റെ ഉത്തരവ് വന്നു: സര്‍ഗരോസുകള്‍ ഹലുവ തിന്നരുത്. കന്‍വര്‍ സാഹിബ്ബിന് 200 രൂപ കൊടുക്കുകയാണെങ്കില്‍ ഹലുവ തിന്നാന്‍ അദ്ദേഹം അനുമതി നല്‍കുമെന്ന് അദ്ദേഹത്തിന്‍റെ പാദസേവകരില്‍ ചിലര്‍ അറിയിച്ചു. അതുകേട്ട സര്‍ഗരോസുകള്‍ കോപം കൊണ്ട് വിറച്ചു. അവര്‍ പണം കൊടുക്കാന്‍ തയ്യാറായില്ല.” (ഡോ.അംബേദ്‌കര്‍- സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 9, പുറം 60)

 

ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഉപ്പിന്‍റെ കാര്യത്തില്‍ പോലും ഈ സംസ്കാരത്തിന്‍റെ പതാകവാഹകര്‍ ദത്തശ്രദ്ധരായിരുന്നു. 1936 നവംബര്‍ 4-ലെ ‘ബോംബെ സമാചാറി’ല്‍ വന്ന വാര്‍ത്ത അംബേദ്‌കര്‍ ഉദ്ധരിച്ചിരിക്കുന്നത് കാണുക:

 

“മലബാറില്‍ ഒറ്റപ്പാലത്ത് ഈഴവസമുദായത്തില്‍പ്പെട്ട ശിവരാമന്‍ എന്ന് പേരായ 17 കാരന്‍ ജാതിഹിന്ദുവായ ഒരാളുടെ കടയില്‍ ചെന്ന് ‘ഉപ്പ്’ ആവശ്യപ്പെട്ടു. ഇവിടത്തെ ആചാരമനുസരിച്ച് ജാതിഹിന്ദുക്കള്‍ക്ക് മാത്രമേ ഉപ്പെന്ന വാക്ക് ഉച്ചരിക്കാവൂ. ശിവരാമനെപ്പോലെയുള്ളവര്‍ ഉപ്പിന് പകരം ‘പുളിച്ചാടന്‍’ എന്നാണ് പറയേണ്ടത്. ഉപരി ജാതിക്കാരനായ കടയുടമയ്ക്ക് കോപം സഹിക്കാനാവാതെ ശിവരാമനെ കഠിനമായി മര്‍ദ്ദിക്കുകയും മര്‍ദ്ദനമേറ്റ് ശിവരാമന്‍ മരിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.” (ഡോ.അംബേദ്‌കര്‍- സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 9, പുറം 63)

 

ഇതാണ് ഇന്നും ചിലര്‍ അന്ധമായി ഊറ്റം കൊള്ളുന്ന മഹത്തായ ആര്‍ഷഭാരത സംസ്കാരം! ഭക്ഷണം എന്ന് പറഞ്ഞാല്‍ തീറ്റ മാത്രമല്ലല്ലോ, കുടിയും ഉള്‍പ്പെടുന്നതല്ലേ, മഹത്തായ ആര്‍ഷഭാരത സംസ്കാരത്തില്‍ ഒരു വിഭാഗം ജനങ്ങള്‍ക്ക്‌ വെള്ളംകുടിക്കാനുള്ള അവകാശം എങ്ങനെയായിരുന്നു എന്ന് നമ്മള്‍ അറിഞ്ഞിരിക്കണ്ടേ? അതിനെക്കുറിച്ച് കൂടി നമുക്ക് നോക്കാം. വീണ്ടും അംബേദ്കറെ ഉദ്ധരിക്കുന്നു:

 

“ഹിന്ദുക്കളുടെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കാനുള്ള അസ്പൃശ്യരുടെ ഏതു ശ്രമത്തെയും അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഇനി പറയുന്ന സംഭവങ്ങളില്‍ നിന്ന് വ്യക്തമാകും. ആദ്യത്തേത് 1923 ഫെബ്രുവരി 12-ലെ ‘പ്രതാപി’ല്‍ വന്നതാണ്:

 

“മഹാശയ ചെഡ്ഡിലാല്‍ജിയുടെ റിപ്പോര്‍ട്ട്: വിഗ്രഹാരാധനയ്ക്ക് പോകുകയായിരുന്ന ഒരു ചമാര്‍, വഴിക്കുവെച്ച് ദാഹം തോന്നിയപ്പോള്‍, തന്‍റെ കൈയിലുണ്ടായിരുന്ന ഇരുമ്പ് ബാക്കറ്റുകൊണ്ട് അടുത്തുകണ്ട കിണറ്റില്‍ നിന്ന് വെള്ളമെടുത്തു. ഈ സംഭവത്തില്‍ കോപം കൊണ്ട ഉന്നതനായ ഒരു ജാതി ഹിന്ദു ചമാറെ പുലഭ്യം പറഞ്ഞ് മര്‍ദ്ദിച്ചവശനാക്കി, ഒരു മുറിയിലിട്ട് പൂട്ടി. ഈ സമയം ഞാന്‍ അതുവഴി കടന്നുപോകുകയായിരുന്നു. എന്തിനാണ് ഈ മനുഷ്യനെ മുറിയില്‍ ബന്ധിച്ചിരിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അയാള്‍ ഞങ്ങളുടെ കിണറ്റില്‍ നിന്ന് വെള്ളം കോരിയത്‌ ഞങ്ങളുടെ മതത്തെ നിന്ദിക്കാനായിരുന്നു എന്നതാണ് ദിവാന്‍ സാഹേബിന്‍റെ മറുപടി.”

 

ഹിന്ദുക്കളുടെ കിണറ്റില്‍ നിന്ന് അസ്പൃശ്യര്‍ മാത്രമല്ല, സ്ത്രീകളും അവരെ ആക്രമിക്കാന്‍ മടിക്കുകയില്ലെന്ന്, ഇനി പറയുന്ന സംഭവം വ്യക്തമാക്കും. 1932 ഫെബ്രുവരി 26-ന് ‘പ്രതാപി’ല്‍ വന്ന ഈ റിപ്പോര്‍ട്ട് കാണുക:

 

“1932 ഫെബ്രുവരി 19-ന് പുല്‍ബാജുവാന്‍ ഗ്രാമത്തില്‍, ദുരന്തപൂര്‍ണ്ണമായ ഒരു സംഭവമുണ്ടായി. മഹാശയ രാംലാല്‍ എന്നൊരാള്‍ കിണറ്റില്‍ നിന്ന് വെള്ളമെടുത്തതോടെയാണ്‌ സംഭവം വഷളായത്. ഒരു മാസം മുന്‍പ് ജനുവരി 13-ന് ഇതേ കാരണത്തിന് രാംലാലിനെയും അദ്ദേഹത്തിന്‍റെ സുഹൃത്തായ പണ്ഡിറ്റ്‌ ബാന്‍സിലാലിനെയും രജപുത്രര്‍ നല്ല പോലെ തള്ളിവിട്ടതാണ്. അന്ന്, രജപുത്രസ്ത്രീകളുടെ ഒരു സംഘം എല്ലാവിധ ആയുധങ്ങളുമായി വന്ന് രാംലാലിനെ മര്‍ദ്ദിച്ചതെങ്ങനെയെന്നു വിവരിക്കാന്‍ പ്രയാസം. അയാളുടെ ശരീരമാകെ രക്തം വാര്‍ന്നൊലിച്ചു. ഇപ്രാവശ്യം അയാളെ ഫുക്ക്ളിയാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.”

 

കിണറ്റില്‍നിന്ന് വെള്ളമെടുക്കാനുള്ള അസ്പൃശ്യരുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിന് ഒരു ഗവണ്മെന്‍റ് ഓഫീസറുടെ പിന്തുണയുണ്ടായിരുന്നിട്ടു കൂടി അസ്പൃശ്യര്‍ക്ക് ജാതിഹിന്ദുക്കളുടെ കയ്യേറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാനായില്ല. 1924 ജൂണ്‍ 7-ന് ‘മിലാപി’ല്‍ വന്ന റിപ്പോര്‍ട്ട്:

 

“ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കനാല്‍ ഡിപ്പാര്‍ട്ട്മെന്‍റിലെ ഒരുദ്യോഗസ്ഥന്‍ സഭാതാലൂക്കിലെ റഹിയാന്‍ ഗ്രാമത്തില്‍ വന്നു. അവിടുത്തെ ഒരു കിണറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കണമെന്ന് അസ്പൃശ്യരായ മെഘാസമുദായത്തില്‍പ്പെട്ട ചിലരോട് ആജ്ഞാപിച്ചു. ആദ്യം അവര്‍ മടിച്ചു നിന്ന്. ഓഫീസര്‍ അവരെ കര്‍ശനമായി ശാസിച്ചു, അവരെക്കൊണ്ട് നിര്‍ബന്ധിച്ച് വെള്ളമെടുപ്പിച്ചു. പിറ്റേദിവസം ഹിന്ദുക്കള്‍ കിണറ്റിനരികെ തടിച്ചു കൂടി, കിണറ്റില്‍ നിന്ന് വെള്ളമെടുത്ത മെഘാകളെ കൂട്ടിക്കൊണ്ടുവരാന്‍ ചൌക്കിദാറെ പറഞ്ഞയച്ചു. വെള്ളമെടുക്കാന്‍ ധിക്കാരം കാണിച്ചത് എന്തുകൊണ്ടാണെന്ന് ഹിന്ദുക്കള്‍ അവരോട് ചോദിച്ചു. അത് തങ്ങളുടെ കുറ്റമല്ലെന്നും, തങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് ചെയ്യിച്ചതാണെന്നും അവരില്‍ ഒരാള്‍ പറഞ്ഞു. ഇതു കേട്ടയുടനെ ഹിന്ദുക്കള്‍ അയാളെ വടികൊണ്ടും കൈകൊണ്ടും അടിച്ചവശനാക്കി. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും അയാള്‍ ബോധമറ്റ്‌ കിടക്കുകയാണ്. അയാളുടെ മുറിവുകള്‍ അപകടകരമല്ലെന്ന് ഡോക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കൊല്ലാനുള്ള ശ്രമത്തിനും നിയമവിരുദ്ധമായ കൂട്ടം ചേരലിനും ഹിന്ദുക്കള്‍ക്കെതിരായി പോലീസ് കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇത് പക്ഷേ ആരും കാര്യമായെടുത്തിട്ടില്ല. മെഘാകള്‍ക്കിടയില്‍ പോലീസിന്‍റെ അനാസ്ഥയെക്കുറിച്ച് പരാതിയുണ്ട്. അവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയും. ഗ്രാമീണര്‍ മെഘാകളെ വല്ലാതെ ഉപദ്രവിക്കുകയാണ്. അവരുടെ കന്നുകാലികളെപ്പോലും വെള്ളം കുടിക്കാന്‍ അനുവദിക്കുന്നില്ല. എല്ലാ കിണറുകളില്‍ നിന്നും കുലങ്ങളില്‍നിന്നും വെള്ളമെടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്.”

 

അസ്പൃശ്യര്‍ക്ക് ഹിന്ദുക്കളുടെ കിണറുകളില്‍നിന്ന് മാത്രമല്ല വിലക്ക്. സ്വന്തമായി കല്ലുകൊണ്ട് നല്ലൊരു കിണര്‍ ഉണ്ടാക്കാനുള്ള സാമ്പത്തികശേഷി അവര്‍ക്കുണ്ടായാല്‍പ്പോലും അതിനും സമ്മതിക്കുകയില്ല. അത്തരം ഒരു കിണര്‍ അവര്‍ നിര്‍മ്മിക്കുകയെന്ന് വെച്ചാല്‍, അവര്‍ ഹിന്ദുക്കളുടെ പദവിയിലേക്ക് ഉയരാനുള്ള ശ്രമമായി കണക്കാക്കും. അത് വ്യവസ്ഥാപിത ക്രമത്തിന് വിരുദ്ധമാണ്. 1934 ജൂണ്‍ 6-ലെ ‘മിലാപ്’ ഒരു സംഭവം ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു:

 

“പഞ്ചാബിലെ അച്യുത് ഉദ്ധാരക് കമ്മിറ്റി പ്രസിഡന്‍റ് ലാലാറാം പ്രസാദ്ജി എഴുതുന്നു:

 

ഈ ചൂടുകാലത്ത് വെള്ളം കിട്ടുകയെന്നത്‌ വലിയ പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു. ഇതേക്കുറിച്ച് പലയിടത്തുനിന്നും പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നു. സ്വന്തമായി കിണറുകള്‍ ഇല്ലാത്ത അധഃസ്ഥിത വിഭാഗങ്ങള്‍ കയ്യില്‍ പാത്രങ്ങളുമായി മറ്റുള്ളവരുടെ കിണറുകള്‍ക്കരികില്‍ കുത്തിയിരിക്കുന്നു. ആര്‍ക്കെങ്കിലും ദയ തോന്നി കുറച്ചു വെള്ളം ഒഴിച്ചു കൊടുത്താല്‍ ഭാഗ്യം. അല്ലെങ്കില്‍, അതേപടി നിസ്സഹായരായി അവര്‍ അവിടെത്തന്നെയിരിക്കും. ചിലയിടങ്ങളില്‍ പണം കൊടുത്താല്‍പ്പോലും ഇവര്‍ക്ക് വെള്ളമൊഴിച്ചുകൊടുക്കരുതെന്ന് വിലക്കിയിരിക്കുകയാണ്; ആരെങ്കിലും അങ്ങനെ ചെയ്‌താല്‍, കൊടിയ യുദ്ധമാണ് പിന്നെ. കിണറുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് അവരെ വിലക്കിയിരിക്കുന്നു എന്നുമാത്രമല്ല, സ്വന്തം പണം കൊണ്ട് കിണറുകള്‍ കുഴിക്കാനും അവരെ അനുവദിക്കുന്നില്ല.”

 

ഇതുപോലുള്ള മറ്റൊരു സംഭവം 1924 ഏപ്രില്‍ 21-ലെ ‘തേജ്’ റിപ്പോര്‍ട്ട് ചെയ്യുന്നു:

 

“ഒപ്പാസ് ഗ്രാമത്തില്‍ ഏതാണ്ട് 250 ചമാറുകള്‍ പാര്‍ക്കുന്നുണ്ട്. ഏതാണ്ട് ഒന്നരമാസം മുമ്പ് മുസ്ലീങ്ങള്‍ തോല്‍ സഞ്ചികളില്‍ കൊണ്ടുവരുന്ന വെള്ളം കുടിക്കുന്നത് അവര്‍ നിര്‍ത്തി. (ആര്യസമാജ് പണ്ഡിറ്റുകളുടെ നിര്‍ദ്ദേശമനുസരിച്ച്?) ഇന്നിപ്പോള്‍ അവര്‍ കുടിവെള്ളം കിട്ടാതെ വലിയ വിഷമത്തിലാണ്. ഗ്രാമത്തിലെ ജാട്ടുകള്‍ അവരുടെ കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ ചമാറുകളെ അനുവദിക്കുന്നില്ല എന്നുമാത്രമല്ല, സ്വന്തമായി കിണറുകള്‍ ഉണ്ടാക്കാനും സമ്മതിക്കുന്നില്ല. പാവം ചമാറുകള്‍ കുളങ്ങളിലേയും ചാലുകളിലെയും വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്‌. ഇന്നലെ, ദലിത് സുധാര്‍ (ഹരിജനോദ്ധാരണ) കമ്മിറ്റി സെക്രട്ടറി ഡോ. സുഖ്ദേവ്ജി, ഒപ്പാസില്‍ അന്വേഷണത്തിനായി വരികയും എല്ലാം നേരില്‍ക്കണ്ട് മനസ്സിലാക്കുകയും ചെയ്തു. ചമാറുകളുടെ നിന്ദിതമായ അവസ്ഥ വിവരണാതീതമാണെന്നും അവരെ ജാട്ടുകള്‍ പീഡിപ്പിക്കുന്നു എന്നത് ഒരു വസ്തുതയാണെന്നും അദ്ദേഹം മനസ്സിലാക്കി.”

 

1931 മെയ് 9-ലെ ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍നിന്ന്:

 

“ബറോഡ സംസ്ഥാനത്തെ അസ്പൃശ്യരോടുള്ള പെരുമാറ്റം സമീപത്തുള്ള ബ്രിട്ടീഷ് പ്രദേശത്തെ അസ്പൃശ്യരുടേതിനേക്കാള്‍ മെച്ചമാണെന്നാണ് കരുതപ്പെടുന്നത്. എന്തുകൊണ്ടെന്നാല്‍, അന്ത്യജരെ ഹിന്ദുക്കള്‍ക്ക് തുല്യരായി അംഗീകരിച്ചുകൊണ്ട് സ്റ്റേറ്റ് നിയമം പാസാക്കിയിട്ടുണ്ട്. എന്നിട്ടും പദ്രാസ് താലൂക്കിലെ ഒരു സാധു അന്ത്യജ സ്ത്രീയുടെ വിളകള്‍ ജാതിഹിന്ദുക്കള്‍ തീവെച്ചു നശിപ്പിച്ചു, അവരെ ക്രൂരമായി മര്‍ദ്ദിച്ചു. അവര്‍ തന്‍റെ കൊച്ചുമകനെ സമീപത്തുള്ള പ്രൈമറി സ്കൂളില്‍ അയച്ചു എന്നതാണ് കാരണം. കാടിപ്രാന്തിലെ ചനാസ്മയില്‍നിന്ന് ഇപ്പോള്‍ ശോചനീയമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അവിടെ അന്ത്യജരുടെ അധ്വാനത്തോടെ ഒരു ആര്‍ട്ടീഷ്യന്‍ കിണറു കുഴിച്ചു. കിണറ്റിലെ വെള്ളം അന്ത്യജര്‍ക്കുകൂടി ഉപയോഗിക്കാമെന്നായിരുന്നു വ്യവസ്ഥ. കിണറ്റിന്‍റെ പണി തീര്‍ന്ന്, വെള്ളമെടുക്കാമെന്നായപ്പോള്‍, കിണര്‍ അന്ത്യജര്‍ക്കുകൂടി ഉള്ളതല്ലെന്ന് അവരോട് ഖണ്ഡിതമായി പറഞ്ഞു. അന്ത്യജര്‍ ഗ്രാമമുഖ്യനോട് പരാതിപ്പെട്ടു. വിശാലഹൃദയനായ അദ്ദേഹം 500 അടി നീളമുള്ള ഒരു പൈപ്പ് കിണറുമായി ബന്ധിച്ച് അതിന്‍റെ അറ്റത്ത് ഒരു ടാപ്പും പിടിപ്പിച്ച് അതില്‍നിന്ന് വെള്ളമെടുത്തു’കൊള്ളാന്‍ അവര്‍ക്ക് അനുവാദം കൊടുത്തു. അപ്പോഴാണ്‌, പൈപ്പിന്‍റെ ടാപ്പ് ഉറപ്പിച്ചിട്ടുള്ള സ്ഥലത്തിന്‍റെ ഉടമ അതവിടെ നിന്ന് മാറ്റണമെന്നവശ്യപ്പെട്ട് അപ്രതീക്ഷിതമായി രംഗത്ത്‌ വരുന്നത്. അതിനാല്‍ ടാപ്പ് കിണറിനരികില്‍ മാറ്റി സ്ഥാപിച്ചു. പക്ഷേ മലിന വസ്ത്രം അവിടെ അലക്കുന്നതു വഴി കിണറും മലിനമാകാമെന്നതാണ് ഇതിനര്‍ത്ഥം. തന്മൂലം ടാപ്പ് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു. അതുകൊണ്ടും പ്രശ്നം തീര്‍ന്നില്ല. കോപാകുലരായ ജാതിഹിന്ദുക്കള്‍ പൈപ്പുലൈന്‍ പലപ്രാവശ്യം മുറിച്ചു കളഞ്ഞു. അതോടെ അന്ത്യജര്‍ക്ക് വെള്ളം കിട്ടാതായി. ഒരേ മതത്തില്‍പ്പെട്ടവര്‍ തങ്ങളോടു കാണിച്ച പെരുമാറ്റം ഗാന്ധിയുടെ വാക്കില്‍ ‘വേണ്ടിടത്തോളമായി’ എന്ന് എങ്ങനെ അസ്പൃശ്യര്‍ക്ക് കരുതാനാവും.”

 

മിസ്റ്റര്‍ സഞ്ജന 1928 നവംബര്‍ 7-ന് ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ എഴുതിയ കത്തില്‍, അസ്പൃശ്യര്‍ അനുഭവിക്കുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ച് 1927-ല്‍ മിസ്റ്റര്‍ താക്കര്‍ കണ്ട കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു:

 

“ബല്‍സാദ് താലൂക്കില്‍ ഒരു ഭാംഗി സ്ത്രീ കുറച്ചു വെള്ളത്തിനു വേണ്ടി ഒരു കിണറ്റിനരികില്‍ ‘ചിലരുടെ’ ദയാവായ്പിനായി കുത്തിയിരുന്നത് മിസ്റ്റര്‍ താക്കര്‍ കാണുകയുണ്ടായി. രാവിലെ മുതല്‍ ഉച്ചവരെ അവര്‍ അതേ ഇരുപ്പിരുന്നു. ആരും തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ ഭാംഗികള്‍ക്ക് വെള്ളം കൊടുക്കുന്ന രീതിയില്‍ ആത്മീയതയുജ്ടെ അസാമാന്യ വൈശിഷ്ട്യമുള്ള അലിവ് വെളിപ്പെടുത്തുന്നുണ്ട്. അത് പാത്രത്തിലേക്ക് നേരിട്ട് ഒഴിച്ചു കൊടുക്കാനാവില്ല. അങ്ങനെ ‘ആരെങ്കിലും’ ചെയ്‌താല്‍ അയാള്‍ അശുദ്ധനാകും. മിസ്റ്റര്‍ താക്കര്‍ പറയുന്നു: ‘ഒരിക്കല്‍ ഞങ്ങളുടെ അധ്യാപകന്‍ ചുനിഭായി അദ്ദേഹത്തിന്‍റെ ബക്കറ്റില്‍ നിന്ന് നേരിട്ട് ഒരു ഭാംഗിയുടെ പാത്രത്തിലേക്ക് വെള്ളമൊഴിച്ചു കൊടുക്കാനുള്ള സാഹസം കാണിച്ചു. പകരം ശക്തമായ താക്കീതാണ് അദ്ദേഹത്തിന് ലഭിച്ചത്. ‘മാസ്റ്റര്‍, ഇത്തരം കാര്യങ്ങള്‍ ഇവിടെ അനുവദിക്കുകയില്ല.’ കിണറിനോട് ചേര്‍ന്ന ചെരുവില്‍ ചെറിയൊരു വെള്ളത്തൊട്ടി നിര്‍മ്മിച്ചു. അലിവുള്ളവര്‍ അതില്‍ വെള്ളം കോരിയൊഴിക്കും. വെള്ളത്തൊട്ടിയുമായി ഒരു മുളംകുഴല്‍ ഘടിപ്പിച്ചു. അതിന്‍റെ താഴെ ഭാംഗി സ്ത്രീകള്‍ തങ്ങളുടെ പാത്രങ്ങള്‍ വയ്ക്കണം. ഒരു മണിക്കൂറെങ്കിലും വേണ്ടിവരും ഒരു പാത്രം നിറഞ്ഞു കിട്ടാന്‍. കാരണം, താക്കര്‍ തുടരുന്നു: കിണറ്റില്‍നിന്ന് കോരുന്ന വെള്ളം ബക്കറ്റില്‍ ഒഴിച്ച് ബാക്കി വരുന്ന വെള്ളമാണ് വെള്ളത്തൊട്ടിയിലേക്ക് ഒഴിക്കുന്നത്. വെള്ളത്തിനു വേണ്ടി കാത്തുനില്‍ക്കുന്ന ഭാംഗി സ്ത്രീയോട് അലിവു തോന്നുന്നവര്‍ മാത്രമേ, ഇങ്ങനെ ബാക്കിവരുന്ന വെള്ളം ഒഴിച്ചു കൊടുക്കുകയുള്ളൂ.” (ഡോ.അംബേദ്‌കര്‍- സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 9, പുറം 43-46).

 

പിന്നെയും അംബേദ്‌കര്‍:

 

“1953 ജൂണില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ജയ്പൂര്‍ ലേഖകന്‍റെ റിപ്പോര്‍ട്ട്:

 

“ജയ്പൂര്‍, ജൂണ്‍ 25: നഹൃ അഥവാ ബാല എന്ന പേരില്‍ ഇവിടെ ആളുകള്‍ക്കിടയില്‍ അറിയപ്പെടുന്ന എലിപ്പനി (ഗിനി വേം) സംസ്ഥാനത്ത് പരക്കെയുണ്ട്. ഈ അസുഖം ബാധിച്ചവര്‍ മാസങ്ങളോളം കിടപ്പിലാവുന്നു. ഇതിന്‍റെ ഫലമായി പലര്‍ക്കും അംഗഭംഗങ്ങളും സംഭവിച്ചിട്ടുണ്ട്.

 

കുടിവെള്ളത്തില്‍ കൂടിയാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. ഇതിന് പ്രതിരോധമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ഒരേയൊരു മാര്‍ഗ്ഗം വെള്ളം തിളപ്പിച്ചും അരിച്ചും ഉപയോഗിക്കണമെന്നാണ്.

 

മഴ ആരംഭിക്കുന്നതോടെയാണ് ഈ രോഗം പ്രത്യക്ഷപ്പെടുന്നത്. വിത്ത്‌ വിതയ്ക്കാനുള്ള സമയമാണിത്. ഈ സമയത്ത് രോഗം പിടിപെട്ട് കിടപ്പിലായാല്‍ ഗ്രാമീണന്‍റെ ജീവിതമാര്‍ഗ്ഗം മുട്ടും.

 

ബന്‍സ് വാരയ്ക്ക് സമീപത്തുള്ള കൊപ്ര ഗ്രാമത്തില്‍ അമ്പത്തിയേഴ് കുടുംബങ്ങളിലെ 125 പേര്‍ക്ക് എലിപ്പനി പിടിപ്പെട്ടതായി അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. അവിടെ ഒരു ഹരിജന്‍ കുടുംബത്തില്‍ ആറുപേരില്‍ അഞ്ച് പേര്‍ക്കും രോഗം ബാധിക്കുകയുണ്ടായി. ഉണങ്ങിയ ഏതാനും ഇറച്ചിക്കഷണങ്ങള്‍ മാത്രമേ അവര്‍ക്ക് കഴിക്കാനുണ്ടായിരുന്നുള്ളൂ.

 

രോഗം പിടിപെടാനുള്ള കാരണം പലപ്പോഴും ഹരിജനങ്ങളിലാണ് സമൂഹം ആരോപിക്കുന്നത്. ഹരിജനങ്ങള്‍ കുടിക്കാന്‍ വെള്ളമെടുക്കുന്നത് സമീപത്തുള്ള അഴുക്കു നിറഞ്ഞ കുളത്തില്‍ നിന്നാണ്. എലിപ്പനിയുടെ അണുക്കള്‍ വളരാനുള്ള ഒരു കേന്ദ്രമായിരിക്കണം ഈ കുളം. കുളം ബന്‍സ് വാര കളക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടു. അതുടനെതന്നെ അടച്ചിടാന്‍ അദ്ദേഹം ഉത്തരവിടുകയും ചെയ്തു. കുടിവെള്ളമെടുക്കാവുന്ന നല്ലൊരു കിണര്‍ സമീപത്തുണ്ടായിരുന്നു. അതില്‍നിന്നു വെള്ളമെടുക്കാന്‍ ഹരിജനങ്ങളെ അനുവദിക്കണമെന്ന് ഹിന്ദുക്കളോട് അഭ്യര്‍ഥിച്ചുവെങ്കിലും അവര്‍ സമ്മതിച്ചില്ല. കുളത്തിലെ വെള്ളം ഹിന്ദുക്കള്‍ കുടിക്കുമോയെന്ന് കളക്ടര്‍ ചോദിച്ചു. മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്തതാണ് കുളത്തിലെ വെള്ളമെന്ന് അവര്‍ സമ്മതിച്ചുവെങ്കിലും, കിണറ്റില്‍ നിന്ന് ഹരിജനങ്ങള്‍ വെള്ളം കോരുന്നത് അവര്‍ക്ക് സമ്മതമല്ലായിരുന്നു.

 

ഇവിടത്തെ സ്ഥിതി വളരെ മോശമാണ്. ഹരിജനങ്ങളാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. അയിത്തം കുറ്റകരമാണെന്ന് നിയമം അനുശാസിക്കുന്നു. അത് നീക്കം ചെയ്യാന്‍ ഹരിജന്‍ സേവക് സംഘം വളരെക്കാലമായി ശ്രമിച്ചു വരികയാണ്. എന്നിട്ടും നാട്ടിന്‍പുറങ്ങളിലെ ജാതിഹിന്ദുക്കളുടെ മനസ്സിലും ഹൃദയത്തിലും എന്തെങ്കിലും പരിവര്‍ത്തനം ഉണ്ടായതായി പറയാനാവില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ഗവണ്മെന്‍റുകള്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.” (ഡോ.അംബേദ്‌കര്‍- സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 9, പുറം 142)

 

താഴ്ന്ന ജാതിക്കാരുടെ വെള്ളം കുടി മുട്ടിക്കാന്‍ വേണ്ടി അവരുടെ കിണറുകളില്‍ മലം കലക്കുന്ന പതിവും ഈ സംസ്കാരത്തിന്‍റെ വക്താക്കള്‍ക്കുണ്ടായിരുന്നതായി താഴെയുള്ള ഉദ്ധരണിയില്‍ നിന്ന് പിടികിട്ടും:

 

“1938 ഡിസംബറിലെ ‘ജീവന്‍’ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു:

 

1938 നവംബര്‍ 29-ന് മുട്രാ ജില്ലയില്‍പ്പെട്ട കൊഹാന ഗ്രാമത്തിലെ ജാദവന്മാരെ ജാട്ടുകളും ബ്രാഹ്മണരും ചേര്‍ന്ന് മര്‍ദിച്ചു. നിര്‍ബന്ധിത തൊഴിലെടുക്കുന്നത്‌ നിരസിച്ചതാണ് കാരണം.

 

ഗ്രാമത്തിലെ ഠാക്കൂര്‍മാരും ബ്രാഹ്മണരും ചേര്‍ന്ന് ജാദവരെക്കൊണ്ട് നിര്‍ബന്ധിച്ച് പണിയെടുപ്പിക്കുകയും അവരെ പീഡിപ്പിക്കുകയും ചെയ്തുപോന്നു. ഈ സമ്പ്രദായം ഇനി തുടരേണ്ടതില്ലെന്നും, കൂലി നല്‍കിയാല്‍ മാത്രം പണിയെടുത്താല്‍ മതിയെന്നും ജാദവര്‍ തീരുമാനിച്ചു. സമീപകാലത്ത് ഗ്രാമത്തില്‍ ഒരു കാള ചത്തു. ഠാക്കൂര്‍മാരും മറ്റു ജാതിഹിന്ദുക്കളും ചേര്‍ന്ന് കാളയുടെ ജഡം നീക്കം ചെയ്യാന്‍ ജാദവരെ നിര്‍ബന്ധിച്ചു. ഇത് ജാതി ഹിന്ദുക്കളെ വല്ലാതെ ചൊടിപ്പിച്ചു. ജാദവരുടെ കിണറുകളില്‍ മലം കൊണ്ടിടാന്‍ ഒരു തൂപ്പുകാരനെ ജാതി ഹിന്ദുക്കള്‍ ചുമതലപ്പെടുത്തി. മാത്രമല്ല, തങ്ങളുടെ ഭൂമിയില്‍ ജാദവര്‍ ശരീരശുദ്ധി വരുത്താന്‍ പോകുന്നത് തടയാനും ഏര്‍പ്പാട് ചെയ്തു. ഏതെല്ലാം തരത്തില്‍ ജാദവരെ അപമാനിക്കാമോ അതെല്ലാം ജാതിഹിന്ദുക്കള്‍ ചെയ്തു. കിണറ്റില്‍ മലമിടാനുള്ള തൂപ്പുകാരന്‍റെ ശ്രമം ജാദവര്‍ തടഞ്ഞപ്പോള്‍, ആക്രമിക്കാന്‍ തയ്യാറെടുത്തു നിന്ന ജാട്ടുകളെയും ഠാക്കൂര്‍മാരെയും ബ്രാഹ്മണരെയും തൂപ്പുകാരന്‍ വിവരമറിയിച്ചു. അവര്‍ ലാത്തിയും മറ്റുമുപയോഗിച്ച് ജാദവരെ ക്രൂരമായി മര്‍ദിക്കുകയും അവരുടെ വീടുകള്‍ക്ക് തീ വെക്കുകയും ചെയ്തു. ആറ് വീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 18 ജാദവര്‍ക്ക് സാരമായി പരുക്ക് പറ്റി. നിരവധി വീട്ടുപകരണങ്ങള്‍ റൌഡികള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു.” (ഡോ.അംബേദ്‌കര്‍- സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 9, പുറം 64).

 

മനസ്സിനുള്ളില്‍ മനുഷ്യത്വത്തിന്‍റെ തരിയെങ്കിലും അവശേഷിച്ചിട്ടുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഈ സംസ്കാരത്തെ ശ്രേഷ്ഠമായ ഒന്നായി കാണാന്‍ കഴിയുന്നതെന്നോര്‍ത്ത് ഞങ്ങള്‍ അത്ഭുതപ്പെടുന്നു. വാസ്തവത്തില്‍ ഈ  നെറികെട്ട സംസ്കാരത്തെ നോക്കി ഒരാള്‍ ചോദിക്കേണ്ടത്‌, “ഈ ആര്‍ഷഭാരത സംസ്കാരത്തെക്കാള്‍ നെറികെട്ടതും ജുഗുപ്സാവഹവും അറപ്പുളവാക്കുന്നതും നിന്ദ്യവും ഹീനവും നികൃഷ്ടവും നീചവും ക്രൂരവും അപമാനകരവുമായ വേറെ ഒരു സംസ്കാരത്തെ ലോകത്തില്‍ താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ” എന്നല്ലേ? ഞങ്ങളില്‍ മനുഷ്യത്വം ഇപ്പോഴും അവശേഷിച്ചിട്ടുള്ളതുകൊണ്ട് ആ ചോദ്യം ഞങ്ങള്‍ ചോദിക്കുന്നു. ലോകചരിത്രത്തില്‍ അനേകം സംസ്കാരങ്ങളും നാഗരികതകളും ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ടല്ലോ. എണ്ണമറ്റ ആ സംസ്കാരങ്ങളില്‍ എവിടെയെങ്കിലും ഇതുപോലൊരു ഹീന സംസ്കാരം, അദ്ധ്വാനത്തിന് പ്രതിഫലം ചോദിച്ചവരുടെ വെള്ളം കുടി മുട്ടിക്കാന്‍ അവരുടെ കിണറുകളില്‍ മനുഷ്യ മലം കലക്കുന്ന അധമ സംസ്കാരം, പശുവിന്‍റെ ചാണകത്തില്‍ ദഹിക്കാതെ കിടക്കുന്ന ധാന്യങ്ങള്‍ വേര്‍തിരിച്ചെടുത്ത് പകലന്തിയോളം പണിയെടുക്കുന്നവര്‍ക്ക് കൂലിയായി നല്‍കിയിരുന്ന മ്ലേച്ഛസംസ്കാരം, കൈയില്‍ കാശുണ്ടെങ്കില്‍പോലും ദളിതുകള്‍ക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കാന്‍ അനുവദിക്കാതിരുന്ന അധാര്‍മ്മിക സംസ്കാരം, അദ്ധ്വനിക്കാനുള്ള മനസ്സും ശേഷിയും ഉണ്ടായിരുന്നിട്ടും ഭൂരിപക്ഷം വരുന്ന ഒരു ജനതതിയെ മറ്റുള്ളവരുടെ എച്ചില്‍ യാചിച്ചു വാങ്ങി കഴിക്കേണ്ടി വരുന്ന സ്ഥിതിയിലേക്ക് തള്ളിയിട്ട നികൃഷ്ട സംസ്കാരം നിലനിന്നിരുന്നതായി നിങ്ങള്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? (തുടരും.)