യേശുക്രിസ്തു കുരിശില്‍ കിടന്നു നിലവിളിച്ചത് ശാരീരിക വേദന കൊണ്ടാണോ?
- Posted by admin
- on May, 18, 2014
- in ചരിത്രം, ബൈബിള്‍, മരണം, യേശുക്രിസ്തു
- Blog No Comments.
യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചപ്പോള്‍ അദ്ദേഹം വേദന സഹിക്കാനുള്ള ത്രാണിയില്ലാതെ മരണം വരെ നിലവിളിച്ച് കരഞ്ഞ് ബഹളം കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് ചില യുക്തിവാദികളും മുസ്ലീങ്ങളും ആരോപണം ഉന്നയിച്ചത് കാണുകയുണ്ടായി. അറിവില്ലായ്മ ഒരു കുറ്റമല്ല, പക്ഷെ അത് അലങ്കാരമായി കൊണ്ട് നടക്കുന്നത് അപഹാസ്യമാണ്. ഈ ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം അപഹാസ്യരായി മാറുകയാണ് എന്ന് പോലും തിരിച്ചറിയാന്‍ കഴിയാതെ പിന്നെയും പിന്നെയും ഈ ആരോപണം പലയിടങ്ങളിലും ഉന്നയിക്കുന്നത് കാണുകയുണ്ടായത് കൊണ്ടാണ് ഈ ലേഖനം പ്രസിദ്ധീകരിക്കുന്നത്.
യേശുക്രിസ്തു കുരിശില്‍ ഏറിയതിനു ശേഷം തന്റെ ആത്മാവിനെ ഏല്‍പ്പിച്ചു കൊടുക്കുന്നത് വരെയുള്ള ആറ് മണിക്കൂര്‍ സമയത്തിനിടയില്‍ ഏഴു വാചകങ്ങള്‍ കുരിശില്‍ കിടന്നു കൊണ്ട് പറഞ്ഞിട്ടുണ്ട്, അത് താഴെ കൊടുക്കാം. അതൊക്കെ ഒന്ന് വായിച്ചു നോക്കിയിട്ട് പറയൂ, കുരിശുമരണ സമയത്ത് വേദന സഹിക്കാന്‍ കഴിയാതെ അലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്നോ എന്ന്!!
“തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവര്‍ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു” (ലൂക്കോ.23:33,34)
ഇതാണ് യേശു കുരിശില്‍ ഏറിയതിനു ശേഷം ആദ്യം പറഞ്ഞ വാചകം. ലോകചരിത്രത്തില്‍ യേശുക്രിസ്തുവോ ക്രിസ്തുവിന്റെ അനുയായികളോ അല്ലാതെ വേറെ ആരെങ്കിലും തങ്ങളെ തൂക്കിലേറ്റിയവരോട് ക്ഷമിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ടോ? ഇല്ല എന്നാണുത്തരം!
“യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നിലക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകന് എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതല്‍ ആ ശിഷ്യന് അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു” (യോഹ.19:25-27)
രണ്ടാമത് പറഞ്ഞ വാചകങ്ങള്‍ ഇതാണ്. ഇതില്‍ എവിടെയാണ് വേദന സഹിക്കാന്‍ വയ്യാതെ നിലവിളിച്ചു കരയുന്നത്?
“തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന്: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയില്‍ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ അവന്: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു” (ലൂക്കോ.23:39-43)
ഇതാണ് മൂന്നാമത് പറഞ്ഞ വാചകം. ഇതിലും കരഞ്ഞു നിലവിളിക്കുന്ന യാതൊന്നും കാണാന്‍ കഴിയുന്നില്ലല്ലോ…
“അതിന്റെ ശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകും വണ്ണം എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു” (യോഹ.19:28)
ഇതാണ് നാലാമത് പറഞ്ഞ വാചകം. ഇവിടെയും വേദന സഹിക്കാന്‍ പറ്റാതെ കരഞ്ഞു നിലവിളിക്കുന്ന യാതൊരു ചിത്രവും കിട്ടുന്നില്ല…
“ഏകദേശം ഒമ്പതാംമണി നേരത്തു യേശു: “ഏലീ, ഏലീ, ലമ്മാ ശബക്താനി” എന്നു ഉറക്കെ നിലവിളിച്ചു; “എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു” എന്നര്‍ത്ഥം” (മത്താ.27:46)
ഇതാണ് യേശുക്രിസ്തു കുരിശില്‍ കിടന്ന് അഞ്ചാമത് പറഞ്ഞ വാചകം. ഈയൊരു വാചകത്തിന്റെ അടിസ്ഥാനത്തിലാണ് ബൈബിള്‍ കൈകൊണ്ടു തൊട്ടു നോക്കാത്തവര്‍ പോലും “യേശു കുരിശില്‍ കിടന്നു കരച്ചിലോട് കരച്ചിലായിരുന്നു” എന്ന് തട്ടിമൂളിച്ചു തങ്ങള്‍ ബൈബിള്‍ പണ്ഡിതര്‍ ആണെന്ന് മറ്റുള്ളവരുടെ മുന്പില് ഷോ കാണിക്കാന്‍ നോക്കുന്നത്. ഇവിടെ യേശുക്രിസ്തു കരഞ്ഞത് ശാരീരിക വേദന കൊണ്ടല്ല, പിതാവിനാല്‍ കൈവിടപ്പെട്ടതിനാല്‍ ആണെന്ന് വായിക്കുന്ന ആര്‍ക്കും മനസ്സിലാകും. സത്യത്തില്‍ തന്റെ ശാരീരിക ക്ലേശത്തോട് ബന്ധപ്പെട്ടു യേശുക്രിസ്തു കുരിശില്‍ കിടന്നു ആകെ ഒറ്റയൊരു പരാമര്‍ശം മാത്രമേ നടത്തുന്നുള്ളൂ, “എനിക്ക് ദാഹിക്കുന്നു” എന്നതാണ് ആ പരാമര്‍ശം. അല്ലാതെ “എനിക്ക് വേദനിക്കുന്നു” എന്നല്ല!! പഴയ നിയമത്തില്‍ എഴുതിയിരുന്ന പ്രവചനങ്ങള്‍ക്കൊത്തവണ്ണമാണ് യേശു ക്രൂശിക്കപ്പെടുന്നതും മരിക്കുന്നതും. യേശുവിനും 1000 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ദാവീദ് പ്രവചനാത്മാവില്‍ എഴുതിയ വരികളാണ് യേശു ക്രിസ്തു ഉദ്ധരിക്കുന്നത്:
“എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു?” (സങ്കീ.22:1)
ഈ സങ്കീര്‍ത്തനത്തിലെ ആദ്യ വരിയുടെ ആദ്യ ഭാഗമാണ് യേശുക്രിസ്തു ഉദ്ധരിച്ചത്. ഒരു യെഹൂദന് മരണപ്പെടുമ്പോള്‍ സങ്കീര്‍ത്തനം ചൊല്ലുന്ന പതിവ് യെഹൂദര്‍ക്കിടയില്‍ ഉണ്ടായിരുന്നു. മരിക്കാന്‍ കിടക്കുന്ന ആള് ഒരു വരി ചൊല്ലുകയും കൂടെയുള്ളവര്‍ ബാക്കി ഭാഗം ചൊല്ലുകയുമാണ് പതിവ്. ആ വിധത്തില്‍ നോക്കിയാല്‍പോലും യേശുക്രിസ്തു തന്റെ മരണ സമയത്ത് യെഹൂദ പാരമ്പര്യം അനുസരിച്ച് ഇരുപത്തിരണ്ടാം സങ്കീര്‍ത്തനം ചൊല്ലി എന്ന് മനസ്സിലാക്കാവുന്നതെയുള്ളൂ.
“യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു” (യോഹ.19:30)
ഇതാണ് ആറാമത് പറഞ്ഞ വാചകം. ഇവിടെ നിവൃത്തിയായി എന്ന് പറഞ്ഞിരിക്കുന്നത് τετέλεσται (tetelestai) എന്ന ഗ്രീക്ക് വാക്കാണ്. ‘പൂര്‍ത്തിയായി’, ‘അവസാനിപ്പിച്ചു’ എന്നൊക്കെ ഈ വാക്കിന് അര്‍ത്ഥമുണ്ട്. യേശുക്രിസ്തുവിന്റെ കുരിശുമരണം സംബന്ധിച്ചുള്ള പഴയ നിയമ പ്രവചനങ്ങള്‍ എല്ലാം പൂര്‍ത്തിയായി എന്നാണ് കര്‍ത്താവ് പറഞ്ഞതിന്റെ പൊരുള്‍. (വാക്കിന്റെ അര്‍ത്ഥമറിയാന്‍ ഈ ലിങ്കില്‍ ചെല്ലുക ) ഒരു അടിമ, തന്നോട് പറഞ്ഞ ജോലികള്‍ എല്ലാം നിര്‍വ്വഹിച്ച ശേഷം തന്റെ യജമാനന്റെ സന്നിധിയില്‍ വന്നു പറയും, ‘τετέλεσται’ (tetelestai) എന്ന്! അര്‍ത്ഥം, ‘എല്ലാം ഞാന്‍ കൃത്യമായിട്ട് തന്നെ ചെയ്തു തീര്‍ത്തു’ എന്നാണ്. അതുപോലെതന്നെ മല്ലയുദ്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഗ്ലാഡിയേറ്റര്‍ തന്റെ എതിരാളിയുടെ ചങ്കില് വാള് കുത്തിക്കയറ്റി അവനെ കൊന്നതിനു ശേഷം ആ വാള് ഊരിയെടുത്തു തലക്ക് മുകളില്‍ പിടിച്ചു കൊണ്ട് തന്റെ യജമാനന് നേരെ നോക്കി പറയും, “tetelestai”എന്ന്! അര്‍ത്ഥം ‘അവന്റെ കാര്യം തീര്‍ന്നു’ എന്നാണ്. വിജയശ്രീലാളിതന്റെ വിജയഭേരിയാണ് ആ വാക്ക്!! യേശുക്രിസ്തു തന്റെ മരണത്തിനു തൊട്ടു മുന്‍പ് τετέλεσται എന്ന് കുരിശില്‍ കിടന്നു ജയഘോഷം നടത്തിയിട്ടാണ് ആത്മാവിനെ ഏല്പിച്ചു കൊടുത്തത്. എന്നിട്ടും കഥയറിയാതെ ആട്ടം കാണുന്ന ചിലര്‍ പറയും, ‘യേശുക്രിസ്തു വേദന സഹിക്കാന്‍ പറ്റാതെ കുരിശില്‍ കിടന്നു വാവിട്ടു കരയുകയായിരുന്നു’ എന്ന്… സഹതപിക്കുകയല്ലാതെ വേറെ നിര്‍വ്വാഹമില്ല…
“ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന് ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. യേശു അത്യുച്ചത്തില്‍: പിതാവേ, ഞാന്‍ എന്റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു” (ലൂക്കോ.23:44-46)
ഇതാണ് അവസാനത്തെ മൊഴി. ഇവിടെയും കരഞ്ഞു നിലവിളിക്കുന്ന ഒരാളെ കാണാന്‍ കഴിയുന്നില്ല. വാസ്തവം ഇതായിരിക്കേ, യേശുക്രിസ്തു ‘കുരിശു മരണ സമയത്ത് വേദനയെ അതിജീവിക്കാന്‍ കഴിയാതെ അലമുറ ഇട്ടു കരഞ്ഞു കൊണ്ടിരുന്നു’ എന്നൊക്കെ പറയണമെങ്കില്‍ വിവരക്കേട് കുറച്ചൊന്നും പോരാ. കുറഞ്ഞ പക്ഷം അറിയാത്ത വിഷയത്തെ കുറിച്ച് സംസാരിക്കാതിരിക്കുകയെങ്കിലും ചെയ്യുക. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഞങ്ങള്‍ ബൈബിളില്‍ നിന്നും ഒരുപദേശം ഫ്രീയായിട്ട് തരാം. അത് അനുസരിക്കാന്‍ തയ്യാറായാല്‍ അവര്‍ക്ക് കൂടുതല്‍ നാണം കെടേണ്ടി വരില്ല. ഇതാണ് ആ ഉപദേശം:
“മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല് വിവേകിയായും എണ്ണും” (സദൃശ്യവാക്യം.17:28)
Recent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്ക്കാന് ബൈബിളിലെ ദൈവം കല്പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?