ഗണിതശാസ്ത്രം നമ്മോട് പറയുന്നു, “പരിണാമം നടന്നിട്ടില്ല” എന്ന്!!

ലോറന്‍സ്‌ മാത്യു, M.Tch (lorancemathew@gmail.com )

 

ഏകദേശം ഒന്നര നൂറ്റാണ്ടിലധികം കാലമായി ലോകത്താകെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയമാണല്ലോ “പരിണാമണോ സൃഷ്ടിയാണോ ശരി?” എന്നുള്ളത്. ഇപ്പോഴും കോളേജ്‌ തലങ്ങളില്‍ പ്രസ്തുത വിഷയം ഒരു ശാസ്ത്രമെന്ന നിലയില്‍ പഠിപ്പിക്കുകയും ചെയ്യുന്നു. പൊതുവേ കണക്കാക്കപ്പെടുന്നത് പരിണാമം ശാസ്ത്രീയവും സൃഷ്ടിയെന്നത് മതപരവുമാണ് എന്നാണ്. എന്നാല്‍ ഈ വിലയിരുത്തല്‍ എത്ര മാത്രം യുക്തിപരമാണ്? സൃഷ്ടിവാദം എന്നത് ദൈവവിശ്വാസികളുടെ ഭാവനാ സൃഷ്ടി മാത്രമോ?

 

അഞ്ച് നിലയുള്ള ഒരു കെട്ടിടത്തില്‍ മുഴുവന്‍ വൈദ്യുതിയുണ്ടോയെന്നു അറിയുന്നതിന് കെട്ടിടത്തിന്‍റെ എല്ലാ മുറികളിലും പോയി സ്വിച്ച് ഓണ്‍ ചെയ്തു നോക്കേണ്ട കാര്യമില്ല, അതിന്‍റെ മെയിന്‍ സ്വിച്ചില്‍ വൈദുതി ഉണ്ടോ എന്ന് നോക്കിയാല്‍ മതി. അതുപോലെ തന്നെ പരിണാമം നടക്കുമോയെന്ന് ഓരോ ജീവികളെയും അവയുടെ കോശങ്ങളെയും ജീനുകളെയും ഒക്കെ പരിശോധിക്കുന്നതിനേക്കാള്‍ ഏറ്റവും കരണീയമായത് യാദൃശ്ചികമായി (യാതൊരു ബാഹ്യശക്തിയുടെയും പ്രേരണയില്ലാതെ തന്നെ) ജീവന്‍ ഉടലെടുക്കുമോയെന്നതാണ്. എങ്കില്‍ മാത്രമേ പരിണാമത്തിന് പ്രസക്തിയുള്ളൂ. അതായത് യാദൃശ്ചികമായി ജീവന്‍ ഉണ്ടാവുകയില്ലെങ്കില്‍ പരിണാമം എന്നൊന്ന് സംഭവിക്കുകയില്ലെന്നര്‍ത്ഥം!

 

പരിണാമത്തിന്‍റെ ഗണിതശാസ്ത്രസാധ്യതകള്‍

 

ഇത്തരുണത്തില്‍ പരിണാമത്തിന്‍റെ ഗണിത ശാസ്ത്ര സാധ്യതകള്‍ വിലയിരുത്തുന്നത് പ്രസക്തമായിരിക്കും. ശാസ്ത്ര വിഷയങ്ങളില്‍ ഏറ്റവും കുറ്റമറ്റതായി കണക്കാക്കപ്പെടുന്നത് ശാസ്ത്രങ്ങളുടെ റാണിയായ ഗണിതശാസ്ത്രം തന്നെയാണ്. കാരണം മറ്റു ശാസ്ത്രസാധ്യതകളില്‍ പരീക്ഷണങ്ങളുടെ ഫലം ബാഹ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ഗണിത ശാസ്ത്രത്തിനു ആ പോരായ്മ ഒട്ടും തന്നെയില്ല. ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ടാകാതെ തരമില്ല. ഇമ്മിണി ബല്യ ഒന്ന് എന്നത് കഥയില്‍ മാത്രമാണല്ലോ. ആയതിനാല്‍ ഏതു സിദ്ധാന്തത്തിന്‍റെയും ഗണിതശാസ്ത്ര സാധുതയാണ് (Mathematical Validity) ഏറ്റവും കുറ്റമറ്റത്.

 

ഗണിതശാസ്ത്ര സാധ്യതകള്‍ ആരായുന്നതിന് മുന്‍പ്‌ ഒരു പ്രോട്ടീന്‍ യാദൃശ്ചികമായി ഉണ്ടാകുവാനുള്ള വൈതരണികള്‍ നമുക്കൊന്ന് പരിശോധിക്കാം. ഏതൊരു ജീവിയുടേയും കോശം (Cell) നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ആയിരക്കണക്കിന് വസ്തുക്കള്‍ ചേര്‍ന്നാണ്. അതിലൊന്നാണ് പ്രോട്ടീന്‍ (Protien). അമിനോ അമ്ലങ്ങളുടെ (Amino Acids) ഒരു നീണ്ട ശൃംഖലയാണ് ഓരോ പ്രോട്ടീനും. ഓരോ പ്രോട്ടീനും ജീവനാധാരമായി മാറണമെങ്കില്‍ ശരിയായ അമിനോ അമ്ലങ്ങള്‍ ശരിയായ ക്രമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടേണ്ടാതണ്. കാരണം എല്ലാ അമിനോ അമ്ലങ്ങളും ജീവന്‍റെ നിലനില്‍പ്പിന് ആധാരമല്ല എന്ന് മാത്രമല്ല, ഭൂരിഭാഗം അമിനോ അമ്ലങ്ങളും ജീവന് ഭീഷണിയുമാണ്.

 

1. ഏകദേശം 300-ല്‍ അധികം അമിനോ അമ്ലങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 20 എണ്ണം മാത്രമേ ജീവന്‍റെ നിലനില്‍പ്പിന് ആധാരമായിട്ടുള്ളൂ. അതായത് ജീവന്‍ യാദൃശ്ചികമായി ഉരുത്തിരിയണമെങ്കില്‍ ഈ 20 എണ്ണം തന്നെ കൂട്ടിച്ചേര്‍ക്കപ്പെടേണ്ടതുണ്ട്, തിരഞ്ഞെടുപ്പ്‌ വളരെ കൃത്യമായിരിക്കണമെന്നര്‍ത്ഥം!

 

2. അമിനോ അമ്ലങ്ങള്‍ തന്നെ ഇടതുപക്ഷവും (Left Hand) വലതു പക്ഷവും (Right Hand)എന്ന് രണ്ടു തരമുണ്ട്. ഇതില്‍ ഇടതുപക്ഷ അമിനോ അമ്ലങ്ങള്‍ മാത്രമേ ജീവന് ആധാരമായിട്ടുള്ളൂ. അതായത് യാദൃശ്ചികമായി കൂടിച്ചേരുമ്പോള്‍ അത് ഇടതു പക്ഷം മാത്രമേ ആകാവൂ എന്നതാണ് അടുത്ത വെല്ലുവിളി. എന്നാല്‍ യാദൃശ്ചികമായി കൂട്ടിച്ചേര്‍ക്കപ്പെട്ടാല്‍ രണ്ട് തരം അമിനോ അമ്ലങ്ങളും ചേര്‍ന്ന് വരുവാനാണ് സാധ്യത കൂടുതല്‍ എന്നതാണ് സത്യം.

 

3. വ്യത്യസ്തമായ അമിനോ അമ്ലങ്ങള്‍ അതിന്‍റെ ശരിയായ അളവിലും ശരിയായ കൂട്ടുകെട്ടിലും  (Combination) വന്നില്ലായെങ്കില്‍ പ്രോട്ടീന്‍ ശരിയായി പ്രവര്‍ത്തിക്കുകയില്ല എന്നതാണ് മറ്റൊരു വസ്തുത (“The order of the amino acids in a protein determines its function and whether indeed it will have a function at all” Lee Spetner, Not By Chance P. 31.)

 

4. പരിണാമവാദികള്‍ അവകാശപ്പെടുന്നത് പോലെ രാസവസ്തുക്കളുടെ ഒരു കുളത്തിലായിരുന്നു (Primordial Soup) ആദ്യമായി ജീവന്‍ ഉടലെടുത്തതെങ്കില്‍ ഹാനികരമായ അമിനോ അമ്ലങ്ങളും മറ്റു രാസവസ്തുക്കളും കൂടി രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും തദ്വാരാ നല്ല അമിനോ അമ്ലങ്ങളും ഉപയോഗശൂന്യമായിപ്പോവുകയും ചെയ്യുമായിരുന്നു.

 

5. അമിനോ അമ്ലങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുവാന്‍ ഊര്‍ജ്ജം ആവശ്യമാണ്‌ (“The important fact that amino acids do not combine spontaneously, but require an input of energy, is a special problem”  Charles Thaxton, Walter Bradley and Roger Olsen, The Mystery of Life’s Origin. P.55.). സൂര്യനെന്ന ഊര്‍ജ്ജസ്രോതസ്സില്‍ നിന്നും ഊര്‍ജ്ജം ഉപയോഗ പ്രദമായ രൂപത്തിലേക്ക് മാറ്റപ്പെടേണ്ടതുണ്ട്. ഈ ഊര്‍ജ്ജരൂപാന്തരം നടത്തുന്ന സംവിധാനം (Energy Converter) എവിടെ നിന്ന് വന്നുവെന്നു ചിന്തിക്കേണ്ടതുണ്ട്. അതുപോലെ ഊര്‍ജ്ജ രൂപാന്തരത്തിനു മുന്‍പ്‌ ഈ ഊര്‍ജ്ജത്തിന്‍റെ ഉറവിടത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട് (“A source of energy alone is not sufficient, however to explain the origin or maintenance of living systems.  The additional crucial factor is a means of converting this energy into the necessary useful work to build and maintain complex living systems.”  Charles Thaxton, Walter Bradley and Roger Olsen, The Mystery of Life’s Origin.P.124.)

 

6. അമിനോ അമ്ലങ്ങള്‍ കൂടിച്ചേര്‍ന്നു പ്രോട്ടീന്‍ ഉണ്ടാകുമ്പോഴുള്ള ഉപോത്പ്പന്നം ജലമാണ്. ഒരു ശരിയായ സംരക്ഷണ കവചമില്ലായെങ്കില്‍ ഉണ്ടാക്കപ്പെടുന്ന പ്രോട്ടീന്‍ ഈ ജലവുമായി സംയോജിച്ച് (Hydrolysis) വിഘടിച്ച് (Disintegrate) പോകും. ഓക്സിജന്‍ ഉള്ള അന്തരീക്ഷത്തിലാണെങ്കില്‍ ഓക്സിജന്‍റെ സാന്നിധ്യം മൂലവും ഓക്സിജന്‍ ഇല്ലാത്ത അന്തരീക്ഷത്തിലാണെങ്കില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ (UV Rays) സാന്നിധ്യം മൂലവും വിഘടിക്കാം (Peter Stoner, Science Speaks. P. 75)

 

7. സ്വാഭാവിക തിരഞ്ഞെടുപ്പ് ആദ്യ കോശത്തെ സംബന്ധിച്ച് അസംബന്ധമെന്ന് വരുന്നു. സ്വാഭാവിക തിരഞ്ഞെടുപ്പിന് മുന്നമേ തന്നെ ആദ്യ കോശം ഉടലെടുക്കണം.

 

മേല്‍ പ്രസ്താവിച്ച ഏഴ് തടസ്സങ്ങള്‍ പരിഗണിക്കുമ്പോള്‍ തന്നെ ഒരു പ്രോട്ടീന്‍ പരിണമിച്ചുണ്ടാവാനുള്ള സാധ്യതകള്‍ നമുക്ക്‌ പരിശോധിക്കാം. ഒരു നാണയം മുകളിലേക്കെറിഞ്ഞാല്‍ വരാവുന്നത് രണ്ട് ഫലങ്ങളാണ്. അത് ഹെഡ്‌ (Head) അല്ലെങ്കില്‍ ടെയില്‍ (Tail) എന്നതാണ്. അതില്‍ ഏതെങ്കിലും ഒന്ന് സംഭവിക്കാനുള്ള സാധ്യത (Probability) ½ ആണ്. ഇനി അത് രണ്ട് നാണയം ആയാല്‍ 1/4  (1/2 X ½) ആകും. അത് അഞ്ച് നാണയം ആയാല്‍ 1/32(1/25) ആയി മാറും. എന്നാലത് 100 നാണയമായാല്‍ 1/2100അല്ലെങ്കില്‍ 1/1030 എന്നതായിരിക്കും ഫലം. അതായത് 1-ന് ശേഷം 30 പൂജ്യം വരുന്ന സംഖ്യയില്‍ ഒന്ന് മാത്രം.100 നാണയങ്ങള്‍ മുകളിലേക്കെറിഞ്ഞാല്‍ അതില്‍ 100-ഉം ഹെഡ്‌ ആവാനുള്ള സാധ്യതയും 100-ഇടതുപക്ഷ അമിനോ അമ്ലങ്ങള്‍ യാദൃശ്ചികമായി യോജിച്ച് ഒരു ജൈവ പ്രോട്ടീന്‍ (Biologically Active Protien) ഉണ്ടാകാനുള്ള സാധ്യതയും തുല്യമാണ്. ഓരോ പ്രോട്ടീനും 50 മുതല്‍ 30000 വരെ അമിനോ അമ്ലങ്ങള്‍ കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എന്ന് പറഞ്ഞാല്‍ ഇടതുപക്ഷ, വലതുപക്ഷ അമിനോ അമ്ലങ്ങളുടെ ഒരു തുല്യ മിശ്രിതത്തില്‍ നിന്നും 100 ഇടതുപക്ഷ അമിനോ അമ്ലങ്ങള്‍ സംയോജിച്ചു ഒരു ജൈവപ്രോട്ടീന്‍ ഉണ്ടാകുവാനുള്ള സാധ്യത 1-ന് ശേഷം 30 പൂജ്യം വരുന്ന സംഖ്യയില്‍ 1 മാത്രമാണ് എന്ന്. അതായത് ഗണിതശാസ്ത്രപരമായി ഇത് സംഭവിക്കാനുള്ള സാധ്യത ഒട്ടുമില്ലായെന്നര്‍ത്ഥം! എന്നിരുന്നാലും അന്ധവിശ്വാസികളായ പരിണാമവാദികള്‍ അവകാശപ്പെടുന്നത് ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നാണ്.

 

ഇത്രയും നേരം നമ്മള്‍ കണ്ടത് 100 അമിനോ അമ്ലങ്ങള്‍ യോജിക്കാനുള്ള സാധ്യത മാത്രമാണ്. അത് ഒരു പ്രത്യേക രീതിയില്‍ ക്രമീകരിക്കപ്പെടുന്നതിനെപ്പറ്റി ഒന്നും ചിന്തിച്ചില്ല. നമ്മുടെ ഉദാഹരണത്തില്‍ 100 അമിനോ അമ്ലങ്ങളുടെ ഒരു ശൃംഖലയെപ്പറ്റിയാണ് ചിന്തിച്ചത്. ഈ ശൃംഖലയില്‍ ഓരോന്നും ജീവനാധാരമായ 20 അമിനോ അമ്ലങ്ങളില്‍ ഏതെങ്കിലും ഒന്നിനാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നുവന്നത് മാത്രമല്ല, അത് ഒരു പ്രത്യേക രീതിയില്‍ ക്രമീകരിക്കപ്പെട്ടുവെങ്കിലേ പ്രവര്‍ത്തന നിരതമായ ഒരു പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. ഈ അമിനോ അമ്ല ശൃംഖലയുടെ ഒന്നാമത്തെ കണ്ണിയായി യഥാര്‍ത്ഥ അമിനോ അമ്ലം തന്നെ വരുവാനുള്ള സാധ്യത 1/20 ആണ്. ഒന്നാമത്തെയും രണ്ടാമത്തെയും സ്ഥാനങ്ങള്‍ ശരിയായി വരുവാനുള്ള സാധ്യതയെത്രയാണ്? അത്  1/202 (1/20 X 1/20) ആണ്… അങ്ങനെയെങ്കില്‍ 100 അമിനോ അമ്ലങ്ങളുടെ ഒരു ശൃംഖലയില്‍ ജീവനാധാരമായ 20 എണ്ണം ആയതിന്‍റെ യഥാര്‍ത്ഥ സ്ഥാനത്ത്‌ വരുവാനുള്ള സാധ്യത എന്നത് (1/20 X 1/20 X … =  1/20100) ആണ്. ഇത്  1/10130 –ക്ക് തുല്യമാണ്. അതായാത് ഒന്നിന് ശേഷം 130 പൂജ്യങ്ങള്‍ വരുന്ന സംഖ്യയില്‍ ഒന്ന് മാത്രം.

 

1021വെള്ളി നാണയങ്ങള്‍ ഉപയോഗിച്ച് ഈ ഭൂമിയെ മൂടുകയാണെങ്കില്‍ അത് ഭൂമിയുടെ കര ഭാഗത്തെ മുഴുവന്‍ 120 അടി ആഴത്തില്‍ മൂടുമെന്നാണ് ഒരു കണക്ക്‌ പറയുന്നത്. പ്രമുഖ ഗണിതശാസ്ത്രജ്ഞനായ എമില്‍ ബോറെലിന്‍റെ അഭിപ്രായത്തില്‍ 1/1050ന് മുകളിലേക്കുള്ളതെല്ലാം തന്നെ അസംഭാവ്യമാണെന്നാണ്. ഒരു പ്രോട്ടീന്‍ മാത്രം പരിണമിച്ചുണ്ടാകാനുള്ള സാധ്യത തന്നെ ഈ പരിധി കടന്നിരിക്കുന്നു. എങ്കില്‍ ജീവനാധാരമായ പ്രോട്ടീനുകളോ, ഒരു കോശം തന്നെയോ പരിണമിച്ചുണ്ടാകാനുള്ള സാധ്യതയോ? ഒട്ടുമേ ഇല്ലായെന്നു നിസ്സംശയം പറയാം. യാദൃശ്ചികമായി ജീവന്‍ ഉണ്ടാവില്ലായെന്നു മാത്രമല്ല, ഒരു ബുദ്ധികേന്ദ്രത്തിന്‍റെ ഇടപെടല്‍ ഇല്ലാതെ ജീവോത്പത്തി സാധ്യമാവില്ലായെന്ന് ശാസ്ത്രത്തിന്‍റെ മറ്റു ശാഖകള്‍ പരിശോധിച്ചാലും നമുക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. സങ്കീര്‍ത്തനക്കാരന്‍ പറയുന്നു: “ഭയങ്കരവും അതിശയകരവുമായി നീ എന്നെ സൃഷ്ടിച്ചിരിക്കുന്നു”. മനോഹമരമായ ഈ പ്രപഞ്ചവും വൈവിധ്യമാര്‍ന്ന ജീവജാലങ്ങളെയും നോക്കുമ്പോള്‍ ജഗന്നിയന്താവിനെ സ്തുതിക്കാതിരിക്കാന്‍ ആര്‍ക്കെങ്കിലും ആകുമോ? പരിണാമവാദം എന്ന യുക്തിക്കും ബുദ്ധിക്കും ശാസ്ത്രത്തിനും നിരക്കാത്ത അന്ധവിശ്വാസത്തിനെ ശാസ്ത്രസത്യം എന്ന് വിളിക്കുവാന്‍ ബുദ്ധിക്ക് സ്ഥിരതയുള്ള ഏതെങ്കിലും മനുഷ്യന് കഴിയുമോ?