സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?

“സോക്രട്ടീസ് എന്നൊരു ഗ്രീക്ക് തത്വചിന്തകന്‍ ജീവിച്ചിരുന്നിട്ടുണ്ടോ?” എന്ന ചോദ്യത്തിന്  സാമാന്യഗതിയില്‍ നമുക്ക്‌ ലഭിക്കുന്ന ഉത്തരം ‘ഉണ്ട്’ എന്നായിരിക്കും. എന്നാല്‍ ഈ ചോദ്യം നാം നിരീശ്വരവാദികളോടോ യുക്തിവാദികളോടോ ആണ് ചോദിക്കുന്നതെങ്കില്‍ പുരാതന കാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള അവരുടെ മാനദണ്ഡപ്രകാരം ‘ഇല്ല’ എന്ന ഉത്തരമാകും നമുക്ക്‌ ലഭിക്കുക! അവരുടെ മാനദണ്ഡമനുസരിച്ച് പണ്ടുകാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കണമെങ്കില്‍ ഒന്നുകില്‍ അയാള്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ടാകണം (അത് ആത്മകഥയാണെങ്കില്‍ ബെസ്റ്റ്‌!!). അല്ലെങ്കില്‍ ആരെങ്കിലും അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടാകണം. ആരെങ്കിലും എന്ന് പറഞ്ഞാല്‍ അതയാളുടെ ശിഷ്യന്മാരായിരിക്കരുത്, നിഷ്പക്ഷ ചരിത്രകാരന്മാര്‍ ആയിരിക്കണം. അതും അയാളുടെ ജീവിതകാലത്ത് തന്നെ എഴുതിയിരിക്കണം, മരിച്ചതിനു ശേഷം എഴുതിയത് സ്വീകാര്യമല്ലത്രേ.

 

യുക്തിവാദികളുമായി പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും നടത്തിയ ചര്‍ച്ചകളില്‍ നിന്നാണ് എനിക്ക് ഇക്കാര്യമൊക്കെ മനസ്സിലായത്‌. യേശുക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് വാദിക്കുന്ന യുക്തിവാദികളാണ് പുരാതന കാലത്ത് ഒരാള്‍ ജീവിച്ചിരുന്നു എന്ന് തെളിയിക്കാനുള്ള യുക്തിവാദികളുടെ മാനദണ്ഡമായി ഇത്യാദി കാര്യങ്ങള്‍ പറഞ്ഞത്. യേശുക്രിസ്തുവിനോട് കൂടെ നടന്ന ശിഷ്യന്മാര്‍ രചിച്ച യേശുക്രിസ്തുവിന്‍റെ ജീവചരിത്രങ്ങളായ നാല് സുവിശേഷങ്ങള്‍ തെളിവുകളായി അംഗീകരിക്കാന്‍ അവര്‍ക്ക്‌ സാധ്യമല്ല, പത്രോസിന്‍റെയും പൗലോസിന്‍റെയും രചനകളും യേശുക്രിസ്തു ജീവിച്ചിരുന്നു എന്നതിന് തെളിവായി സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ല എന്നാണ് അവര്‍ പറയുന്നത്. ജസ്റ്റിന്‍ മാര്‍ട്ടിയറുടെയും പോളിക്കാര്‍പ്പിന്‍റെയും ഐറേനിയൂസിന്‍റെയും ഒറിജിന്‍റെയും എഴുത്തുകളും അവര്‍ക്ക്‌ സ്വീകാര്യമല്ല. അക്രൈസ്തവ എഴുത്തുകാരായ ജോസഫീസിന്‍റെയും ടാസിറ്റസിന്‍റെയും ലൂഷ്യന്‍റെയും മറ്റ് അനവധിപേരുടെയും എഴുത്തുകളും യുക്തിവാദികള്‍ അംഗീകരിക്കുന്നില്ല. യേശുക്രിസ്തു ജീവിച്ചിരുന്നു എന്ന് തെളിയിക്കാന്‍ ഈ രേഖകളൊന്നും പോരാ എന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ ആദ്യമേ തന്നെ പറഞ്ഞത്, യുക്തിവാദികളും നിരീശ്വരവാദികളും ഉപയോഗിക്കുന്ന മാനദണ്ഡമനുസരിച്ചു നോക്കിയാല്‍ സോക്രട്ടീസ് എന്നൊരു തത്വചിന്തകന്‍ പണ്ട് ഏതെന്‍സില്‍ ജീവിച്ചിരുന്നിട്ടില്ല. സോക്രട്ടീസ് മാത്രമല്ല, ചരിത്രപുരുഷന്മാരായി ലോകം അംഗീകരിക്കുന്ന എതൊരു വ്യക്തിയും ലോകത്ത് ജീവിച്ചിരുന്നില്ല എന്ന് വാദിക്കേണ്ടി വരും.

 

സോക്രട്ടീസ് ഒരു പുസ്തകവും എഴുതിയിട്ടില്ല. സോക്രട്ടീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് പ്രധാനമായും മൂന്ന് പേരില്‍ നിന്നാണ്. ആ മൂന്ന് പേരും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായിരുന്നു. പ്ലേറ്റോ (Plato), സെനോഫോന്‍ (Xenophon), അറിസ്റ്റോഫന്‍സ് (Aristophanes) എന്നിവരാണ് അവര്‍. ഇതില്‍ ഏറ്റവും കൂടുതല്‍ വിവരം കിട്ടിയിരിക്കുന്നത് പ്ലേറ്റോയില്‍ നിന്നാണ്. അദ്ദേഹത്തിന്‍റെ “അപ്പോളജി” എന്ന കൃതിയില്‍ സോക്രട്ടീസിന്‍റെ അന്ത്യരംഗം വിശദമായി വര്‍ണ്ണിക്കുന്നുണ്ട്.

 

സെനാഫോനിന്‍റെ അനബാസിസ് (Anabasis) എന്ന കൃതിയില്‍ സോക്രട്ടീസിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. അറിസ്റ്റോഫന്‍സിന്‍റെ “The Clouds” എന്ന കോമഡിയിലും സോക്രട്ടീസിനെക്കുറിച്ചുള്ള ചില വിവരങ്ങള്‍ ഉണ്ട്.

 

ഇനി ഇതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന പ്ലേറ്റോയുടെ ചരിത്രപരമായ ആധികാരികത നമുക്കൊന്ന് പരിശോധിച്ച് നോക്കാം. പ്ലേറ്റോ ജനിച്ചത്‌ ബി.സി. 428 – 427 ലാണെന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹം മരിച്ചത് ബി.സി. 347 ലാണ്. (സോക്രട്ടീസ് കൊല്ലപ്പെടുന്നത് ബി.സി. 399-ലും). പ്ലേറ്റോ എഴുതിയ കൃതികളുടെ ഒറിജിനല്‍ ലഭ്യമാണോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നാണ് ഉത്തരം. ഒറിജിനലില്‍ നിന്നുള്ള ആദ്യത്തെ കോപ്പി ലഭ്യമാണോ എന്ന് ചോദിച്ചാലും “ഇല്ല” എന്ന് തന്നെയാണ് മറുപടി. അതില്‍ നിന്നുള്ള കോപ്പി ലഭ്യമാണോ എന്ന് ചോദിച്ചാലും ലഭിക്കുന്ന ഉത്തരം മുകളില്‍ പറഞ്ഞത് തന്നെ. പിന്നെ എപ്പോഴുള്ള കോപ്പികളാണ് ഇന്ന് സംലബ്ധമായിരിക്കുന്നത് എന്നന്വേഷിച്ചാല്‍ നമുക്ക് കിട്ടുന്ന ഉത്തരം, പ്ലേറ്റോയുടെ ഏറ്റവും പുരാതനമായ കോപ്പി എ.ഡി. 895-ലുള്ളതാണ് എന്നാണ്!!

അതായത്, പ്ലേറ്റോ മരിച്ചു 1242 കൊല്ലങ്ങള്‍ക്ക് ശേഷമുള്ള കയ്യെഴുത്തുപ്രതികളേ ഇന്ന് നിലവിലുള്ളൂ. പ്ലേറ്റോയുടെ മരണവുമായി ബന്ധപ്പെടുത്തിയാണ് ഈ കണക്ക് ഉണ്ടാക്കിയത്. വാസ്തവത്തില്‍ തന്‍റെ മരണത്തിനും വളരെ മുന്‍പ്‌ തന്നെ പ്ലേറ്റോ “അപ്പോളജി” എഴുതിയിരുന്നു. എങ്കിലും കൃത്യമായ വര്‍ഷം നമുക്ക് ലഭ്യമല്ല. പ്ലേറ്റോയുടെ മരണത്തിനും ഇപ്പോള്‍ ലഭ്യമായിരിക്കുന്ന തന്‍റെ കയ്യെഴുത്തുപ്രതിയുടെ കാലത്തിനും ഇടയിലുള്ള പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ ആരും ഇതില്‍ യാതൊരുവിധ കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടില്ല എന്ന് നാം എങ്ങനെ വിശ്വസിക്കും? ഓരോ പ്രാവശ്യവും അതിന്‍റെ പകര്‍പ്പ് എടുക്കുന്ന സമയത്ത് പകര്‍പ്പെഴുത്തുകാര്‍ തങ്ങളുടെ താല്പര്യത്തിനൊത്തവിധം അതിലോരോ ഓരോ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ഇന്ന് നാം അറിയുന്ന വിധത്തിലുള്ള ഒരു സോക്രട്ടീസിനെ ഉണ്ടാക്കി എടുത്തതാണെങ്കിലോ? വാസ്തവത്തില്‍ സോക്രട്ടീസ് കൊല്ലപ്പെട്ടത് വേറെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ടായിരുന്നെങ്കിലോ? അദ്ദേഹം സ്വയം വിഷക്കപ്പ് വാങ്ങി കുടിച്ചു എന്നത് അദ്ദേഹത്തെ മഹത്വവത്കരിക്കാന്‍ വേണ്ടി ഇടക്കാലത്ത് ആരെങ്കിലും എഴുതി ചേര്‍ത്തതാണെങ്കിലോ? അദ്ദേഹം ഏതന്‍സിലെ പൌരമുഖ്യന്മാരോട് മാപ്പ് പറഞ്ഞ് തന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് വിജയിക്കാതെ പോയതാണെങ്കിലോ? ഇനി ഇതൊന്നുമല്ലാതെ, തന്‍റെ മനസ്സിലുള്ള ഒരു ആദര്‍ശപുരുഷനെ അവതരിപ്പിക്കാന്‍ വേണ്ടി പ്ലേറ്റോ സൃഷ്ടിച്ചെടുത്ത ഒരു സാങ്കല്പിക കഥാപാത്രമാണ് സോക്രട്ടീസെങ്കിലോ?

 

ഇങ്ങനെ എന്തൊക്കെ ചോദ്യങ്ങള്‍ ചോദിച്ചാലും നമുക്ക് അതിനൊന്നിനും ഉത്തരം കിട്ടുകയില്ല. പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ ആരും അതില്‍ യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല എന്ന വിശ്വാസത്തില്‍ ഇപ്പോഴുള്ള കൃതികളെ വിശ്വാസത്തിലെടുക്കുകയേ നിവൃത്തിയുള്ളൂ. പണ്ഡിത ലോകവും അത് തന്നെയാണ് ചെയ്തിരിക്കുന്നത്. ഇത് സോക്രട്ടീസിന്‍റെ കാര്യത്തില്‍ മാത്രമല്ല, മഹാനായ അലക്സാണ്ടറുടെ കാര്യത്തിലായാലും സിസെറോയുടെ കാര്യത്തിലായാലും ഹോമറിന്‍റെ കാര്യത്തിലായാലും അറിസ്റ്റോട്ടിലിന്‍റെ കാര്യത്തിലായാലും സീസറിന്‍റെ കാര്യത്തിലായാലും ബുദ്ധന്‍റെ കാര്യത്തിലായാലും ഇതൊക്കെ തന്നെയാണ് ഗതി. അവര്‍ ജീവിച്ചിരുന്ന കാലഘട്ടവും അവരെക്കുറിച്ച് എഴുതിയിരിക്കുന്ന കാലഘട്ടവും ആ എഴുത്തിന്‍റെ ഏറ്റവും പുരാതനമായ കോപ്പിയും തമ്മിലുള്ള അന്തരം വളരെ വലുതാണ്‌.

 

മഹാനായ അലക്സാണ്ടറിന്‍റെ ഏറ്റവും പ്രാചീനമായ രണ്ടു ജീവചരിത്രങ്ങള്‍ (By Arrian and Plutarch) എഴുതിയത് അലക്സാണ്ടറുടെ മരണം കഴിഞ്ഞു (ബി.സി.323) നാനൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ആദ്യത്തെ 500 വര്‍ഷങ്ങളില്‍ യാതൊന്നും കൂട്ടിചേര്‍ത്തിട്ടില്ലെന്നുള്ള ധാരണയില്‍ ചരിത്രകാരന്മാര്‍ അത് വിശ്വസനീയമാണ് എന്ന് കരുതുന്നു. അതുകൊണ്ടുതന്നെ ലോകത്ത് യൂണിവേഴ്‌സിറ്റികളില്‍ അലക്സാണ്ടറെക്കുറിച്ച് പഠിപ്പിക്കുന്നത്‌ ഈ ജീവചരിത്രങ്ങളെ ആസ്പദമാക്കിയാണ്. യേശുക്രിസ്തുവിന്‍റെ മരണം കഴിഞ്ഞു 30-65 വര്‍ഷങ്ങള്‍ക്കുള്ളില്‍ എഴുതപ്പെട്ട സുവിശേഷങ്ങളില്‍ അവാസ്തവമായ യാതൊരു കാര്യവും ഇല്ലെന്നുള്ളത് വ്യക്തമാണ്. പുതിയ നിയമ എഴുത്തുകളില്‍ മാത്രമല്ല, ജോസീഫസിന്‍റെ എഴുത്തുകളിലും അവാസ്തവമായ കാര്യങ്ങള്‍ ഉണ്ട് എന്ന് സംശയിക്കേണ്ടതില്ല.

 

യേശുക്രിസ്തുവിന്‍റെ അസ്തിത്വത്തിന് മറ്റു മതനേതാക്കന്മാര്‍ക്ക് ഉള്ളതിനേക്കാള്‍ ആധികാരികമായ ചരിത്ര രേഖകള്‍ ഉണ്ട്. ഉദാ: ബി.സി. 1000-ല്‍ ജീവിച്ചിരുന്ന സോരാസ്റ്ററിലെ ഗാത്ത്സിന്‍റെ (Gaths of Zoraster) വചനങ്ങള്‍ എഴുതപ്പെട്ടത് എ.ഡി.മൂന്നിലാണ്. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ പാര്‍സി ജീവചരിത്രം എഴുതപ്പെട്ടത് എ.ഡി.1278-ലാണ്. ബി.സി. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബുദ്ധന്‍റെ ജീവചരിത്രം എഴുതപ്പെട്ടത് എ.ഡി. ഒന്നാം നൂറ്റാണ്ടിലാണ്. എ.ഡി.570-632 വരെ ജീവിച്ച മുഹമ്മദിന്‍റെ മൊഴികള്‍ (hadiths) ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് 873-ലാണ്. (മുഹമ്മദിന്‍റെ മരണം കഴിഞ്ഞു 241 വര്‍ഷങ്ങള്‍ക്കു ശേഷം). എന്നാല്‍ യേശുക്രിസ്തുവിന്‍റെ ചരിത്രം നിസ്തുല്യമായി പുതിയ നിയമത്തിനു പുറത്തും നിലകൊള്ളുന്നു.

 

ഇനി മറ്റു ചരിത്ര പുരുഷന്മാരുടെ ജീവചരിത്രത്തിന്‍റെ വിശ്വസനീയതയുമായി സുവിശേഷങ്ങളുടെ വിശ്വസനീയത ഒന്ന് താരതമ്യം ചെയ്തു നോക്കാം.

 

ബി.സി.427നും 347 നും ഇടയില്‍ പ്ലേറ്റോ എഴുതിയ കൃതികളുടെ ഏറ്റവും പുരാതന പകര്‍പ്പ്‌ ഇന്ന് നിലവിലുള്ളത് എ.ഡി.900-ല്‍ ഉള്ളതാണ്. കോപ്പികളുടെ എണ്ണം വെറും 7. അസ്സലും പകര്‍പ്പും തമ്മിലുള്ള കാലയളവിന്‍റെ വ്യത്യാസം 1200 വര്‍ഷമാണ്. എന്നിട്ടും അതിനെ ആധികാരികമായിത്തന്നെയാണ് പുരാവസ്തു ഗവേഷകര്‍ കാണുന്നത്. സോക്രട്ടീസ് എന്നൊരാള്‍ ജീവിച്ചിരുന്നു എന്ന് ഇന്ന് നമ്മള്‍ വിശ്വസിക്കുന്നത് പ്ലേറ്റോയുടെ പുസ്തകത്തില്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞിട്ടുണ്ട് എന്നുള്ളതിനാലാണ്. പ്ലേറ്റോയുടെ പുസ്തകത്തിന്‍റെ ആധികാരികതയുടെ ആഴം എത്രമാത്രം എന്ന് നാം മുന്‍പേ പരിശോധിച്ചതാണല്ലോ.

 

ഇനി ആദ്യ ചരിത്രകാരനായ ഹെറോഡോട്ടസിന്‍റെ പുസ്തകം എടുത്താലോ, അതിന്‍റെ ആദ്യ പ്രതി എഴുതപ്പെട്ടത് ബി.സി.480-425 കാലഘട്ടത്തിലാണെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ഇന്ന് നിലവിലുള്ള അതിന്‍റെ ഏറ്റവും പുരാതനമായ പകര്‍പ്പ്‌ 900 എ.ഡിയിലുള്ളതാണ്. അതായത് അസ്സലും പകര്‍പ്പും തമ്മിലുള്ള കാലദൈര്‍ഘ്യം 1300 വര്‍ഷമാണ്!! കോപ്പികളുടെ എണ്ണം 8.

 

ഇനി ബി.സി.100-നും ബി.സി.44-നും ഇടയില്‍ ജീവിച്ചിരുന്ന സീസറിന്‍റെ കൃതികളുടെ ഏറ്റവും പുരാതന പകര്‍പ്പുകള്‍ 900 എ.ഡി.യിലുള്ളതാണ്. അതായത് അസ്സലും പകര്‍പ്പും തമ്മിലുള്ള കാലദൈര്‍ഘ്യം 1000 വര്‍ഷം. കോപ്പികളുടെ എണ്ണം 10.

 

ബി.സി.384-നും 322-നും ഇടയില്‍ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലിന്‍റെ വിശ്വാസ്യത പരിശോധിക്കാം. അദ്ദേഹത്തിന്‍റെ കൃതിയുടെ പുരാതന പകര്‍പ്പ്‌ 1100 എ.ഡി.യിലുള്ളതാണ്. അസ്സലും പകര്‍പ്പും തമ്മിലുള്ള കാലദൈര്‍ഘ്യം 1400 വര്‍ഷമാണ്. പകര്‍പ്പുകളുടെ ആകെ എണ്ണം 49.

 

ബി.സി.900-ല്‍ ജീവിച്ചിരുന്ന ഹോമറിന്‍റെ ഇലിയഡ്‌ എടുക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞവയേക്കാള്‍ കൂടുതല്‍ വിശ്വാസ്യത അതിനുണ്ടെന്നു കാണാം. അതിന്‍റെ ഇന്ന് ലഭ്യമായിരിക്കുന്ന ഏറ്റവും പുരാതന കോപ്പി 400 ബി.സി.യില്‍ ഉള്ളതാണ്. അതായത് അസ്സലും പകര്‍പ്പും തമ്മിലുള്ള കാലദൈര്‍ഘ്യം 500 വര്‍ഷം. കോപ്പികളുടെ എണ്ണത്തിലും മറ്റുള്ളവയെ അപേക്ഷിച്ചു കൂടുതല്‍ വിശ്വാസ്യതയുണ്ട്, 643 കോപ്പികള്‍ ഇന്ന് ലഭ്യമാണ്.

 

ഇനി നമുക്ക്‌ പുതിയ നിയമത്തിനേയും ഇതുപോലെ ഒന്ന് പരിശോധിച്ച് നോക്കാം. എ.ഡി.95-ഓടുകൂടി പുതിയ നിയമം പൂര്‍ത്തിയാക്കപ്പെട്ടു എന്ന് ചരിത്രകാരന്മാര്‍ സമ്മതിക്കുന്നു. ഇന്ന് നിലവിലുള്ള ഏറ്റവും പുരാതനമായ പുതിയ നിയമ കയ്യെഴുത്തുപ്രതിയുടെ ഭാഗം എ.ഡി.125-ല്‍ ഉള്ളതാണ്. അതായത് അസ്സലും പകര്‍പ്പും തമ്മിലുള്ള കാലദൈര്‍ഘ്യം വെറും 30 വര്‍ഷത്തോളം മാത്രം! ഇനി കയ്യെഴുത്ത് പ്രതികളുടെ എണ്ണം എടുത്താലോ, ഗ്രീക്ക് ഭാഷയിലുള്ള കയ്യെഴുത്ത് പ്രതികള്‍ മാത്രം അയ്യായിരത്തോളമുണ്ട്. അതുകൂടാതെ 19000 ത്തിലധികം പകര്‍പ്പുകള്‍ സുറിയാനി, ലാറ്റിന്‍, കോപ്റ്റിക്‌, അരാമിക് ഭാഷകളിലുണ്ട്. അതായത്, പുതിയ നിയമത്തെ തുണയ്ക്കുന്ന ആകെയുള്ള കയ്യെഴുത്ത് പ്രതികള്‍ 24,000 ത്തില്‍ ഏറെയുണ്ട്. എന്നിട്ടും അത് വിശ്വസനീയമല്ല എന്നാണ് യുക്തിവാദികള്‍ (?) വാദിക്കുന്നത്.

 

ചരിത്രകാരന്മാര്‍ ഒരാളുടെ സാക്ഷ്യത്തിനും തെളിവുകള്‍ക്കും വില കല്പിക്കുന്ന തത്വങ്ങളില്‍ അഞ്ചെണ്ണം താഴെ പറയുന്നവയാണ്:

 

തെളിവുകളോടുള്ള ബന്ധത്തില്‍ :

 

  1. ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന ഒന്നിലധികം സ്വതന്ത്രമായ ഉത്ഭവസ്ഥാനങ്ങള്‍ ഉണ്ടായിരിക്കണം. ഒരു സംഭവം ഒന്നിലധികം ആളുകള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ അതിനു കനം വര്ദ്ധിക്കുന്നു. ഉദാഹരണമായി, ഒരു അപകടത്തെക്കുറിച്ച് നിങ്ങളോട് ഒരു സുഹൃത്ത് പറയുകയും അത് നിങ്ങള്‍ രണ്ടു പേരോട് പറയുകയും ചെയ്താല് അതിനു സ്വതന്ത്രമായ മൂന്നു പ്രഭവകേന്ദ്രങ്ങള്‍ ഇല്ല, ഒന്ന് മാത്രമേ ഉള്ളൂ. അതേസമയം ആ അപകടത്തെക്കുറിച്ച് അതിന്‍റെ ദൃക്സാക്ഷികളായ നിങ്ങളുടെ ഒരു സുഹൃത്തും അദ്ദേഹത്തിന്‍റെ സഹോദരനും നിങ്ങളോട് പറഞ്ഞാല്‍ അതിനു ഒന്നല്ല, സ്വതന്ത്രമായ രണ്ടു പ്രഭവകേന്ദ്രങ്ങള്‍ ഉണ്ട്.

 

  1. ചരിത്ര പരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന ശത്രുക്കളുടെ സാക്ഷ്യം. ഒരു സംഭവം സാക്ഷ്യപ്പെടുത്തുന്നത് ആ വ്യക്തിയോട് അനുകമ്പയോ സ്നേഹമോ ഇല്ലാത്ത ഒരു വ്യക്തിയും അതാ വ്യക്തിക്ക് അനുകൂലവുമാണെങ്കില്‍ അതിനു ആധികാരികതയുണ്ട്.

 

  1. അമ്പരിപ്പിക്കുന്നതോ വിഷമം ഉണ്ടാക്കുന്നതോ ആയ വിധമുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത് ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നു.

 

  1. ദൃക്സാക്ഷികളുടെ സാക്ഷ്യം ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നു. മറ്റൊരാള്‍ കണ്ടതോ കേട്ടതോ ആയ കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ വിലയുള്ളത് ദൃക്സാക്ഷികളുടെ വിവരണത്തിനാണ്.

 

  1. കാലതാമസം ഇല്ലാത്ത സാക്ഷ്യം ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നു. അതിശയോക്തി പറയുവാനുള്ള അവസരം ഇല്ലാത്തതിനാല്‍ ഒരു സംഭവം നടന്ന സമയത്തോ അതിനടുത്ത സമയത്തോ ഉള്ളവരുടെ സാക്ഷ്യത്തിനാണ് വിലയുള്ളത്.

 

സാക്ഷ്യങ്ങളോടുള്ള ബന്ധത്തില്‍ :

 

  1. ഒരു സംഭവം ഒന്നിലധികം ഒന്നിലധികം ആളുകള്‍ സ്വതന്ത്രമായി സാക്ഷ്യപ്പെടുത്തുമ്പോള്‍ അതിനു തൂക്കം കൂടുന്നു.

 

  1. നിഷ്പക്ഷനായ ഒരു വ്യക്തിയോ, എതിരാളിയോ ഉറപ്പിച്ചു പറയുന്ന സാക്ഷ്യത്തിനാണ് ഒരു സ്നേഹിതന്‍റെ സാക്ഷ്യത്തേക്കാള്‍ വിലയുള്ളത്.

 

  1. തങ്ങളുടെ നിലക്ക് കോട്ടം തട്ടുന്ന നിലയിലുള്ള കാര്യങ്ങള്‍ ആരും തന്നെ മെനഞ്ഞെടുത്തു പറയുകയില്ല.

 

  1. കണ്ടതോ കേട്ടതോ ആയ കാര്യങ്ങള്‍ മറ്റൊരാള്‍ പറയുന്നതിനേക്കാള്‍ ശക്തിയുള്ളതും വിലമതിക്കുന്നതും ദൃക്സാക്ഷിയുടെ സാക്ഷ്യത്തിനാണ്.

 

  1. ഒരു സംഭവം നടന്നു ഏറെ വൈകാതെ രേഖപ്പെടുത്തിയ സാക്ഷ്യങ്ങള്‍ക്കാണ് അനേക വര്‍ഷങ്ങള്‍ കഴിഞ്ഞു രേഖപ്പെടുത്തിയതിനെക്കാള്‍ വിശ്വാസ്യത.

ഈ മാനദണ്ഡങ്ങള്‍ (ഇത് യുക്തിവാദികളുടെ മാനദണ്ഡങ്ങളല്ല, ചരിത്രകാരന്മാര്‍ അംഗീകരിക്കുന്ന മാനദണ്ഡങ്ങള്‍ ആണ് എന്ന് പ്രത്യേകം ഓര്‍മ്മിക്കുക) വെച്ച് അളക്കുകയാണെങ്കില്‍ യേശുക്രിസ്തു നിസ്തുല്യനായ ചരിത്രപുരുഷനായിത്തന്നെ വിരാജിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ലോകത്തുള്ള മറ്റേതൊരു ചരിത്രപുരുഷന്‍റേതിനേക്കാള്‍ വ്യക്തവും കൃത്യവുമായ ആധികാരിക തെളിവുകള്‍ യേശുക്രിസ്തുവിന്‍റെ കാര്യത്തിലുണ്ട്. കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്ക് മാത്രമേ ഇതൊക്കെ നിഷേധിക്കാന്‍ സാധിക്കുകയുള്ളൂ…