പരിണാമവാദം Vs ദൈവിക സൃഷ്ടി

ശാസ്ത്രത്തിലെ ചില അടിസ്ഥാന നിയമങ്ങള്‍ ഉപയോഗിച്ച് മഹാവിസ്ഫോടന സിദ്ധാന്തത്തെ സൃഷ്ടിവാദവുമായി താരതമ്യപ്പെടുത്താം. ഈ രണ്ടിലേതാണ് ശാസ്ത്രീയ നിയമങ്ങള്‍ക്ക് വിരുദ്ധമെന്നും ഏതാണ് ഇവയുമായി പൊരുത്തപ്പെടാത്തതെന്നും നമുക്ക് നോക്കാം.

ഏതൊരു ശാസ്ത്രജ്ഞനും തന്‍റെ ഏതു നിരീക്ഷണ-പരീക്ഷണങ്ങളിലും രണ്ടു അടിസ്ഥാന നിയമങ്ങള്‍ക്ക് വിധേയരാണ്. ഈ നിയമങ്ങള്‍ക്ക് അപവാദമായി ഒന്നും ഇല്ല. ഏറ്റവും ലളിതമായതു മുതല്‍ അതിസങ്കീര്‍ണ്ണമായതു വരെ, പ്രപഞ്ചത്തിലെ എല്ലാ പ്രക്രിയകളും ഈ നിയമങ്ങളെ അനുസരിക്കണം. ആദ്യമായി തെര്‍മോ ഡൈനാമിക്സിലെ നിയമങ്ങള്‍ (Law of Thermodynamics) പരിശോധിക്കാം.

ഇതില്‍ ഒന്നമത്തെ നിയമം ഊര്‍ജ്ജ സംരക്ഷണ നിയമം (The Law of Conservation of Entropy) എന്നറിയപ്പെടുന്നു. ഇതനുസരിച്ച് ഊര്‍ജ്ജം സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല. ദ്രവ്യത്തെ ഊര്‍ജ്ജമാക്കി മാറ്റാം എന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിക്കുകയുണ്ടായി. എങ്കിലും ദ്രവ്യത്തിന്‍റെയും ഊര്‍ജ്ജത്തിന്‍റെയും ആകെത്തുക വ്യത്യാസപ്പെടുത്തുവാന്‍ സാധ്യമല്ല. ഇത് സൂചിപ്പിക്കുന്നത് പ്രപഞ്ചത്തിനു സ്വയമായി സൃഷ്ടിക്കപ്പെടുവാന്‍ സാധിക്കില്ല എന്നാണു. അതിനൊരു ആരംഭമുണ്ടെങ്കില്‍ അതിനു വെളിയിലുള്ള കാരണത്താല്‍, ഇന്ന് നിലവിലില്ലാത്ത ഒരു പ്രക്രിയയുടെ ഫലമായി മാത്രമേ സൃഷ്ടിക്കപ്പെടാന്‍ കഴിയുകയുള്ളൂ. ഇക്കാരണത്താല്‍ മഹാവിസ്ഫോടന സിദ്ധാന്തം താപഗതിയുടെ ആദ്യ നിയമത്തിനു വിരുദ്ധമാണ്.

സൃഷ്ടിവാദമനുസരിച്ചു ഇന്ന് ഊര്‍ജ്ജം സൃഷ്ടിക്കപ്പെടുവാനോ നശിപ്പിക്കപ്പെടുവാനോ സാധ്യമല്ലാത്തതിനാല്‍ ഈ ഒന്നാമത്തെ നിയമവുമായി അത് പൂര്‍ണ്ണമായും യോജിക്കുന്നു. മാത്രമല്ല, ഒരു പടി കൂടെ കടന്നു എന്തുകൊണ്ടാണ് ഊര്‍ജ്ജം സൃഷ്ടിക്കപ്പെടുവാനോ നശിപ്പിക്കപ്പെടുവാനോ സാധ്യമല്ലാത്തതു എന്നും സൃഷ്ടിവാദം വിശദീകരിക്കുന്നു. “ഊര്‍ജ്ജം സൃഷ്ടിക്കപ്പെട്ടു കൊണ്ടെയിരിക്കുന്നില്ല, എന്തെന്നാല്‍ സൃഷ്ടിവാരത്തിന്‍റെ ഏഴാം നാള്‍ എല്ലാ സൃഷ്ടി പ്രവര്‍ത്തനങ്ങളും ദൈവം നിര്‍ത്തിവെച്ചു” (ഉല്‍പത്തി.2:2). ഊര്‍ജ്ജം നശിപ്പിക്കപ്പെടുന്നില്ല, കാരണം “ദൈവം തന്‍റെ ശക്തിയുള്ള വചനത്താല്‍ സകലത്തെയും വഹിച്ചു കൊണ്ടിരിക്കുന്നു” (എബ്രായര്‍.1:3). ഇങ്ങനെ ഊര്‍ജ്ജം എപ്രകാരം സൃഷ്ടിക്കപ്പെട്ടു എന്നും എന്തുകൊണ്ട് ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നും ഊര്‍ജ്ജത്തെ നശിപ്പിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് എന്നും യുക്തിക്ക് നിരക്കുന്ന വിധം സൃഷ്ടിവാദികള്‍ വിശദീകരിക്കുമ്പോള്‍, കയ്യും കാലുമില്ലാത്ത അന്ധന്മാര്‍ ആനയെ കണ്ടതുപോലെ എന്തെക്കൊയോ പറഞ്ഞു പൊതുജനത്തെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് പരിണാമവാദികള്‍.

രണ്ടാമത്തെ നിയമം (Law of Entropy, ഊര്‍ജ്ജം നഷ്ടമാകുന്ന അവസ്ഥ.) അനുസരിച്ച് ഏതു ഭൗതികക്രമവും സ്വയപ്രവര്‍ത്തനത്തിനു വിധേയമായാല്‍ അവ കൂടുതല്‍ ക്രമരഹിതമാകുകയും വിനാശമടയുകയും ചെയ്യും. കാലം ദീര്‍ഘമാകുന്നതിനനുസരിച്ച് എന്‍ട്രോപിയും വര്‍ദ്ധിക്കുന്നു. ശാസ്ത്രജ്ഞന്മാര്‍ ഏറ്റവും ലളിതമായ വാക്കുകളില്‍ എന്‍ട്രോപ്പിയെ വിളിക്കുന്നത്‌ ‘കാല സൂചിക’ (Time Arrow) എന്നാണു. കാലത്തിന്‍റെ ഈ സൂചിക എല്ലായ്പ്പോഴും താഴേക്കു ചൂണ്ടപ്പെട്ടിരിക്കുന്നു. അഥവാ കാലാനുക്രമത്തില്‍ സകലവും ജീര്‍ണ്ണിക്കുകയും നാശോന്മുഖമാകുകയും മരണപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മഹാവിസ്ഫോടന സിദ്ധാന്തം അനുസരിച്ച് ക്രമപൂര്‍ണ്ണമായ നമ്മുടെ ഈ പ്രപഞ്ചം രൂപപ്പെട്ടത് കുഴഞ്ഞു മറിഞ്ഞ ഒരു അവസ്ഥയില്‍ നിന്നാണ്. തെര്‍മോഡൈനാമിക്സിലെ രണ്ടാമത്തെ പ്രമാണത്തിന് ഘടക വിരുദ്ധമാണിത്. ഇത് മാത്രമല്ല, പരിണാമാവാദവും.

പരിണാമ സിദ്ധാന്തം അനുസരിച്ച് ക്രമാനുഗതമായ വികസനത്തിലേക്കും ലളിതമായത്തില്‍ നിന്ന് സങ്കീര്‍ണ്ണമായതിലെക്കും ഉള്ള വികസനപ്രക്രിയയാണ് പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നത്. അതായത് കാലം ചെല്ലുന്തോറും എല്ലാ വസ്തുക്കളും കൂടുതല്‍ മനോഹരമാകുന്നു. പരിണാമത്തില്‍ ‘കാലസൂചിക’ എല്ലായ്പ്പോഴും മുകളിലേക്കാണ്. ഇത് രണ്ടാം താപഗതി നിയമത്തിനു തികച്ചും എതിരാണ്!! അനേകം പരിണാമ വാദികള്‍ ഈ പ്രശ്നം അംഗീകരിച്ചിട്ടുണ്ട്.

ഉദാഹരണമായി, ജെറമി റിഫ്കിന്‍ ‘എന്‍ട്രോപ്പി: ഒരു നവീന ലോകവീക്ഷണം’ (Entropy: A New World View) എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു: “പരിണാമം മാന്ത്രികമായ വിധത്തില്‍ വലിയൊരു മൂല്യവും ക്രമവും ഭൂമിയില്‍ സൃഷ്ടിക്കുന്നു എന്ന് നാം വിശ്വസിക്കുന്നു. എന്നാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ടുപോലും കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ക്രമരാഹിത്യവും മാറ്റവും നാം ജീവിക്കുന്ന പരിസ്ഥിതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പരിണാമത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ക്ക് ഒരു വീണ്ടു വിചാരം ആവശ്യമാണെന്ന് ആദ്യമായി നാം ചിന്തിക്കാന്‍ തുടങ്ങുകയാണ്…… പരിണാമം അര്‍ത്ഥമാക്കുന്നത് ക്രമരാഹിത്യമാകുന്ന വലിയ സമുദ്രങ്ങളില്‍ നിന്ന് ‘ക്രമങ്ങള്‍’ എന്ന ദ്വീപുകള്‍ രൂപപ്പെട്ടു എന്നാണു. പരിണാമസിദ്ധാന്തത്തിനു ശാസ്ത്രീയ അടിത്തറ നല്‍കുവാന്‍ ഒരു ജീവ ശാസ്ത്രജ്ഞനോ ഊര്‍ജ്ജശാസ്ത്രജ്ഞാനോ സാധിച്ചിട്ടില്ല. എങ്കിലും ഒരു ക്ലാസ്സ്‌ മുറിയിലോ പൊതുജനമധ്യത്തിലോ എഴുന്നേറ്റു നിന്ന് ഇക്കാര്യം സമ്മതിക്കാന്‍ ആരും തയ്യാറല്ല.” (Rifkin.J. Entropy: A New World View, New York, 1980, pp-55)

സൃഷ്ടി വാദം അനുസരിച്ച് നാശത്തിനു വിധേയമല്ലാത്തവിധം പൂര്‍ണ്ണമായ അവസ്ഥയില്‍ സൃഷ്ടിക്കപ്പെട്ട ഈ പ്രപഞ്ചത്തിലേക്ക് ആദാം മുഖാന്തരം പാപം പ്രവേശിച്ചപ്പോള്‍ ദൈവം ഭൂമിയെ ശപിക്കുകയും നാശത്തിനും മരണത്തിനും അതിനെ വിധേയമാക്കുകയും ചെയ്തു. “സര്‍വ്വ സൃഷ്ടിയും ഞെരങ്ങി ഈറ്റുനോവോടിരിക്കുന്നു” (റോമര്‍. 8:22) എന്ന് ബൈബിള്‍ പറയുന്നു. ആകാശത്തെയും ഭൂമിയേയും പറ്റി സങ്കീര്‍ത്തനക്കാരന്‍ പറയുന്നത് ഇപ്രകാരമാണ്: “അവ നശിക്കും, നീയോ നിലനില്‍ക്കും; അവയെല്ലാം വസ്ത്രം പോലെ പഴകിപ്പോകും” (സങ്കീ.102:25,26). താപഗതിയുടെ രണ്ടാമത്തെ നിയമത്തോട് പൂര്‍ണ്ണമായും യോജിച്ചുകൊണ്ട് സൃഷ്ടിവാദത്തില്‍ ‘കാലസൂചിക’ താഴേക്കാണ് ചൂണ്ടപ്പെട്ടിരിക്കുന്നത്. ഇങ്ങനെ സാര്‍വ്വലൌകികമായ ഈ രണ്ട് ശാസ്ത്രീയ നിയമങ്ങളും പരിണാമവാദത്തിനു ഘടക വിരുദ്ധമായിരിക്കുകയും സൃഷ്ടിവാദത്തിനോട് പരിപൂര്‍ണ്ണമായി യോജിക്കുകയും ചെയ്യുന്നു.

തീര്‍ന്നിട്ടില്ല സുഹൃത്തുക്കളേ, താപഗതി നിയമങ്ങള്‍ വിരല്‍ ചൂണ്ടുന്നത് സൃഷ്ടിവാദത്തിലേക്കാണെന്ന് മാത്രമല്ല, കാലസൂചിക ഏറ്റവും താഴേത്തട്ടില്‍ എത്തിച്ചേരേണ്ട ഒരു ഭാവികാലത്തെപ്പറ്റിയും അത് നമുക്ക് സൂചന തരുന്നു. ഊര്‍ജ്ജലഭ്യത പൂജ്യത്തില്‍ എത്തിച്ചേരുമ്പോള്‍, പത്രോസ് അപ്പോസ്തലന്‍ മുന്നറിയിപ്പ് നല്‍കിയ അമിത താപത്താലുള്ള മരണമാണ് എല്ലാറ്റിന്‍റെയും അന്ത്യം. “അന്ന് ആകാശം കൊടും മുഴക്കത്തോടെ ഒഴിഞ്ഞു പോകും. മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിലുള്ള പണിയും വെന്തു പോകുകയും ചെയ്യും” (2.പത്രോസ്.3:10). [‘മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴിയും’ എന്ന് ബൈബിളില്‍ എഴുതിയിരുന്നതിന്‍റെ പേരില്‍ ഞങ്ങളെപ്പോലുള്ള വിശ്വാസികള്‍ ശാസ്ത്ര അജ്ഞന്മാരില്‍ നിന്ന് കെട്ട പരിഹാസത്തിന് കയ്യും കണക്കും ഇല്ല. കാരണം, ഈ അജ്ഞന്‍മാരുടെ ഭാഷയില്‍ മൂലപദാര്‍ത്ഥം എന്ന് പറഞ്ഞാല്‍ ‘ഒരു വസ്തുവിന്‍റെ എല്ലാ സ്വഭാവഗുണങ്ങളോടും കൂടിയ അടിസ്ഥാന ഘടകമാണ്. ഈ അടിസ്ഥാന ഘടകത്തെ അഥവാ ആറ്റത്തെ വിഭജിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല’ എന്നതായിരുന്നു. എന്നാല്‍ 1942-ല്‍ അമേരിക്ക പരീക്ഷണകേന്ദ്രത്തില്‍ ആദ്യത്തെ ആണവ സ്ഫോടനം വിജയകരമായി നടത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞു: “വീണ്ടും, ബൈബിള്‍ ആണ് ശരി എന്ന് തെളിഞ്ഞിരിക്കുന്നു” എന്ന്.]

പ്രശസ്തമായ കാര്യ-കാരണ നിയമവും (Law of Cause and Effect) പരിഗണിക്കുക. ഈ നിയമം അനുസരിച്ച് ഏതൊരു കാര്യത്തിനും അതിനേക്കാള്‍ മികച്ചതായ ഒരു കാരണമുണ്ടാകണം. ഇതിന്‍ പ്രകാരം ഈ പ്രപഞ്ചത്തിനു മഹാവിസ്ഫോടന സിദ്ധാന്തം പറയുന്നതുപോലെ സ്വയം സൃഷ്ടിക്കപ്പെടുവാന്‍ സാധ്യമല്ല. പ്രപഞ്ചം എന്ന കാര്യത്തിനു അതിനു പുറത്തുള്ളതും അതിനേക്കാള്‍ വലിയതുമായ ഒരു കാരണമുണ്ടായേ പറ്റൂ. സമയത്തിനും ലോകത്തിനും അപ്പുറമുള്ളതും എല്ലാറ്റിലും മികച്ചതുമായ ഒരു കാരണമേയുള്ളൂ. അതാണ് “അബ്രഹാം ഉണ്ടായിരുന്നതിന് മുന്‍പേ ഞാന്‍ ഉണ്ട്” (യോഹ.8:58) എന്ന് പ്രഖ്യാപിച്ച സ്രഷ്ടാവായ ദൈവം. ഇതേ സ്രഷ്ടാവായ ദൈവം തന്നെയാണ് “ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെ ആയിരുന്നു എന്ന് ഇയ്യോബിനോട് ചോദിച്ചത്” (ഇയ്യോബ്‌. 38:4)

മോളിക്യുലാര്‍ ബയോളജിയിലെ അതിപ്രഗത്ഭനായ ഒരു ശാസ്ത്രജ്ഞനാണ് രണ്ടു ഡോക്ടറേറ്റുകള്‍ നേടിയിട്ടുള്ള ഡോ.മൈക്കിള്‍ ഡെന്‍റണ്‍ (Dr. Michael Denton). അദ്ദേഹം സൃഷ്ടിവാദിയല്ല. അദ്ദേഹത്തിന്‍റെ ‘പരിണാമം: പ്രതിസന്ധിയിലായ സിദ്ധാന്തം’ (Evolution: A Theory in Crisis) എന്ന ഗ്രന്ഥത്തില്‍ ‘രാസപരിണാമത്തിലൂടെ ജീവനുണ്ടായി’ എന്ന ആശയം യുക്തിക്ക് നിരക്കാത്തതാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇങ്ങനെയാണ് അദ്ദേഹം തുടര്‍ന്ന് പറയുന്നത്: “മാംസ്യത്തിന്‍റെ അമിനോ അമ്ലങ്ങളെ താരതമ്യം ചെയ്യുന്നതില്‍ നിന്നും വെളിവാകുന്ന ഏറ്റവും പ്രധാന കാര്യം ഏതെങ്കിലും പരിണാമ പ്രക്രിയയിലൂടെ അവയെ ക്രമീകരിക്കുവാന്‍ സാധ്യമല്ല എന്നാണു.” (Denton M. Evolution: A Theory in Crisis, Adler and Adler Bethesda Maryland, 1985, pp-289).

അതേ പുസ്തകത്തിന്‍റെ 353, 354 പുറങ്ങളിലായി ദൈവവിശ്വാസിയല്ലാത്ത ഡെന്‍റണ്‍ എഴുതിയിരിക്കുന്നത് നോക്കുക: “യാഥാര്‍ത്ഥത്തില്‍ തുടര്‍ച്ചാ ഉപദേശത്തിനു വക്കാലത്ത് നടത്തണമെങ്കില്‍ ശുദ്ധമായ നിരീക്ഷണഫലങ്ങളില്‍ നിന്ന് പിന്നോട്ട് പോകേണ്ടത് ആവശ്യമായി വരും. പരിണാമവാദികളായ ജീവശാസ്ത്രജ്ഞന്മാര്‍ സങ്കല്‍പിക്കുന്നതില്‍ നിന്നും വിരുദ്ധമായി സൃഷ്ടിവാദികളാണ് വസ്തുതകളില്‍ ഊന്നി നില്‍ക്കുന്നത്. ശാസ്ത്രീയ മണ്ഡലങ്ങളില്‍ നിരീക്ഷണഫലങ്ങളില്‍ അടിസ്ഥാനമായ വസ്തുതകള്‍ കൂടുതല്‍ ശക്തമായി ഉപയോഗിക്കുന്നത് അവരാണ്. ഡാര്‍വിന്‍ എന്ന പരിണാമവാദിയാണ് വസ്തുതകളില്‍ നിന്നും പിന്നോക്കം പോകുന്നത്.”

ജീവന്‍ യാദൃശ്ചികമായി ഉരുത്തിരിഞ്ഞു വന്നതാണ് എന്ന സാധ്യതയെപ്പറ്റി പഠിക്കുവാന്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പരിണാമ വാദിയായ ജ്യോതിശാസ്ത്ര അദ്ധ്യാപകന്‍ സര്‍. ഫ്രെഡ്‌ ഹോയ്ല്‍ ധാരാളം സമയം ചിലവഴിച്ചു. അദ്ദേഹത്തിന്‍റെ പഠനത്തിന്‍റെ ഫലം 1981 ഓഗസ്റ്റ്‌ 14-ലെ ലണ്ടന്‍ ഡെയിലി എക്സ്പ്രെസ്സ് ദിനപ്പത്രത്തില്‍ “ഒരു ദൈവം തീര്‍ച്ചയായും ഉണ്ടായിരിക്കണം” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സമയം, യാദൃശ്ചികത, അജൈവ പദാര്‍ത്ഥങ്ങള്‍ ഇവ ഒത്തു ചേര്‍ന്ന് ജീവന്‍ രൂപപ്പെട്ടു എന്ന വിശ്വാസം ഗണിതശാസ്ത്രപരമായി വിലയിരുത്തിയ ശേഷം അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനമാണിത്. സര്‍.ഫ്രെഡ്‌ ഹോയ്ല്‍ അതേപ്പറ്റി ഇങ്ങനെ എഴുതി: “ചപ്പുചവറുകള്‍ നിക്ഷേപിച്ചിരിക്കുന്നതുപോലെ പഴയ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കൂട്ടി വെച്ചിരിക്കുന്ന ഒരു സ്ഥലത്തുണ്ടായ ചുഴലിക്കാറ്റു അവിടെയുള്ള വസ്തുക്കളെ കൂട്ടിച്ചേര്‍ത്തു ഒരു ബോയിംഗ് 747 വിമാനം രൂപപ്പെടുത്തി എന്ന് വിശ്വസിക്കുന്നതിനു തുല്യമാണ് അജൈവ പദാര്‍ത്ഥങ്ങള്‍ കൂടിച്ചേര്‍ന്നു ജീവനുണ്ടായി എന്ന് പറയുന്നത്” (Sir.Hoyl, “There must to a God”, Daily Express, 41 august 1981)

ദൈവവിശ്വാസിയല്ലാത്ത, ശാസ്ത്രവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ദിനപ്പത്രത്തിന്‍റെ എഡിറ്ററും എഞ്ചിനീയറുമായ റിച്ചാര്‍ഡ്‌ മില്‍ട്ടന്‍ “ജീവന്‍റെ വസ്തുതകള്‍ ഡാര്‍വിനിസത്തിന്‍റെ കെട്ടുകഥകളെ തകര്‍ക്കുന്നു” എന്ന പുസ്തകം 1992-ല്‍ പ്രസിദ്ധീകരിച്ചു. അതിലദ്ദേഹം പറയുന്നു: “ഞാന്‍ ഒരു മത വിഭാഗവുമായോ സഭയുമായോ ബന്ധമുള്ള ആളല്ല. എനിക്ക് ഒമ്പതു വയസ്സുള്ള ഒരു മകള്‍ ഉണ്ട്. ഊഹാപോഹങ്ങള്‍ ശാസ്ത്രീയ സിദ്ധാന്തമാണെന്നും തെറ്റുകള്‍ നിറഞ്ഞ വിവരങ്ങള്‍ ശാസ്ത്രീയ വസ്തുതയാനെന്നും അംഗീകരിക്കാന്‍ സ്കൂള്‍-കലാശാലാ അധ്യാപകരും വിദ്യാര്‍ഥികളും നിര്‍ബന്ധിക്കപ്പെടുന്നത് കാണുമ്പോള്‍ ഞാന്‍ തികച്ചും ആശങ്കാകുലനാകുന്നു.” (Milton, R. The Facts of Life: Shattering the Myths of Darwinism, Corgi Books, UK, 1992, pp-16)

തന്‍റെ പുസ്തകം ഉപസംഹരിച്ചുകൊണ്ടു 299-മത്തെ പേജില്‍ മില്‍ട്ടന്‍ ഇങ്ങനെ എഴുതുന്നു: “നവീന-ഡാര്‍വിനിക ആശയങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞന്മാര്‍ വന്‍തോതില്‍ കുടിയൊഴിയുന്നത് കാണുമ്പോള്‍ ഡാര്‍വിനിസം തിരുത്തി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് എനിക്ക് തോന്നുന്നു. അതിനുള്ള ശ്രമം ഇപ്പോള്‍ത്തന്നെ തുടങ്ങിയിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.”

മറ്റൊരു യുക്തിവാദി ശാസ്ത്രജ്ഞനായ സോറന്‍ ലവ് ട്രൂപ്പ്, “ഡാര്‍വിനിസം: ഒരു കേട്ട് കഥയുടെ ഖണ്ഡനം” 1987-ല്‍ പ്രസിദ്ധീകരിച്ചു. സ്വീഡിഷ്‌കാരനായ ഈ ശാസ്ത്രജ്ഞന്‍ തന്‍റെ പുസ്തകത്തില്‍ ഇങ്ങനെ എഴുതി: “ശാസ്ത്രത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയായി ഡാര്‍വിന്‍റെ കെട്ടുകഥ ഒരു നാള്‍ വിശേഷിപ്പിക്കപ്പെടും.”

‘ഹോക്കിംഗിന് തെറ്റ് പറ്റിയോ?’ എന്ന തലക്കെട്ടില്‍ ക്രൌസ് 1993-ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പ്രപഞ്ചത്തിന്‍റെ ആകെ പിണ്ഡം 8×10000000000000000000000000 ടണ്‍ ആണെന്ന് കണക്കാക്കിയിട്ടുണ്ട്. തന്‍റെ പുസ്തകം ഉപസംഹരിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി: “എന്‍റെ മേശമേലുള്ള പൊടിയുടെ ഒരംശത്തിലും ചെറുതായ ഒരു അണ്ഡത്തില്‍ പ്രപഞ്ചത്തിന്‍റെ ആകെ പിണ്ഡം ഉള്‍ക്കൊണ്ടു എന്ന ആശയം വിശ്വസനീയതയുടെ എല്ലാ പരിധികള്‍ക്കും അപ്പുറത്താണ്…. മഹാവിസ്ഫോടന സിദ്ധാന്തം ചോദ്യം ചെയ്യപ്പെടേണ്ടതാണ്.” (Kraus, G. Has Hawking Erred? A Sceptcal Appraisal of his best selling A Brief History of Time revealing a major scientific fallacy, Janus Publishing Company, Great Britain, 1993,pp-153)

1992-ല്‍ ഇ.ജെ. ലേര്‍ണര്‍ “മഹാവിസ്ഫോടനം സംഭവിച്ചിട്ടേയില്ല” (The Big Bang Never Happend!) എന്ന തലക്കെട്ടില്‍ 465 പേജുള്ള അമ്പരപ്പിക്കുന്ന ഒരു പുസ്തകം എഴുതി. ‘ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്കു വിരുദ്ധമായ ഒരു കെട്ടുകഥയല്ലാതെ മറ്റൊന്നുമല്ല ഈ സിദ്ധാന്തം’ എന്ന് അദ്ദേഹം വാദിക്കുന്നു.

ലേര്‍ണറും ക്രൌസും ക്രിസ്ത്യനികളല്ല എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

ലൂയി പാസ്റ്റര്‍ ഡാര്‍വിന്‍റെ സിദ്ധാന്തത്തെ അടിമുടി എതിര്‍ത്ത ശാസ്ത്രജ്ഞനാണ്. കാരണം അചേതന വസ്തുവില്‍ നിന്ന് ജീവനുണ്ടായി എന്ന പരിണാമ സിദ്ധാന്തത്തിലെ സങ്കല്‍പം വളരെ പ്രധാനപ്പെട്ട ശാസ്ത്രനിയമമായ ജീവോല്‍പ്പത്തി ശാസ്ത്രത്തിനു (Pasteur’s Law of Biogenesis) വിരുദ്ധമാണ്. പാസ്റ്ററുടെ കണ്ടുപിടുത്തങ്ങള്‍ പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങള്‍ മാത്രമാണ്, എല്ലാ പരിത:സ്ഥിതിയിലും ഇത് പ്രായോഗികമല്ല എന്ന് പരിണാമ സൈദ്ധാന്തികര്‍ വാദിച്ചു. എന്നാല്‍ സൂക്ഷ്മാണു ശാസ്ത്രത്തിന്‍റെ (Microbiology) എല്ലാ വിഭാഗങ്ങളും അടിസ്ഥാനപ്പെട്ടിരിക്കുന്നത് സൂക്ഷ്മാണുക്കള്‍ പോലും ഈ നിയമത്തിനു വിധേയമാണ് എന്ന വസ്തുതയിലാണ്. അതായത്, “ജീവനില്‍ നിന്ന് മാത്രമേ ജീവന്‍ ഉണ്ടാകൂ”. ഇതൊരു സാര്‍വ്വത്രിക നിയമമാണ്. ഈ നിയമത്തിനു മാറ്റം വന്നാല്‍ ഉണ്ടാകുന്ന അനിശ്ചിതാവസ്ഥ ചിന്താതീതമാണ്. (കല്ലും മണ്ണും മറ്റു അചേതന വസ്തുക്കളും എല്ലാം ജീവന്‍ പ്രാപിച്ചു എഴുന്നേറ്റു വന്നു നിങ്ങളോട് ഹായ്‌ പറയുന്ന അവസ്ഥ സങ്കല്പിച്ചു നോക്കുക)

1980 മെയ്‌ മാസത്തിലെ ഫിസിക്സ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ദൈവവിശ്വാസിയല്ലാത്ത ബ്രിട്ടീഷ്‌ ഊര്‍ജ്ജതന്ത്രജ്ഞനായ ലിപ്സണ്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അണുക്കളുടെ പ്രതിപ്രവര്‍ത്തനങ്ങളുടെയും പ്രകൃതി ശക്തികളുടെയും അണുവികിരണങ്ങളുടെയും ഫലമല്ല ജൈവവസ്തു എങ്കില്‍, പിന്നെ എങ്ങനെ അതുണ്ടായി?” പരിണാമത്തെ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം ഇങ്ങനെ അവസാനിപ്പിക്കുന്നു: “അല്പം കൂടെ മുന്നോട്ടു പോയി ജീവന്‍ എങ്ങനെയുണ്ടായി എന്നുള്ളതിന്‍റെ അംഗീകാര യോഗ്യമായ ഏക വിശദീകരണം സൃഷ്ടിവാദം എന്നതാണെന്ന് സമ്മതിക്കേണ്ടി വരുന്നു. ഊര്‍ജ്ജതന്ത്രജ്ഞന്മാര്‍ക്ക് ഇത് ശപിക്കപ്പെട്ട ചിന്താഗതിയാണെന്ന് എനിക്കറിയാം. എനിക്കും അത് അങ്ങനെ തന്നെയാണ്. എങ്കിലും, പരീക്ഷണ തെളിവുകള്‍ പിന്തുണക്കുന്ന ഒരു സിദ്ധാന്തത്തെ (അതായത് സൃഷ്ടിവാദത്തെ) നമുക്കിഷ്ടമില്ല എന്നതിന്‍റെ പേരില്‍ മാത്രം നാം നിരസിക്കാന്‍ പാടില്ല”.

ഇപ്പോള്‍ ആരാണ് ശാസ്ത്രവിരോധി? ആരാണ് ചരിത്ര നിഷേധി? ശാസ്ത്രത്താല്‍ തെളിയിക്കപ്പെട്ട നിരീക്ഷണങ്ങളും വസ്തുതകളുമുള്ള സൃഷ്ടിവാദികളോ അതോ എല്ലാ പരീക്ഷണ-നിരീക്ഷണങ്ങളിലും പരാജയമടഞ്ഞു ചരിത്രത്തിന്‍റെ ചവറ്റു കുട്ടയിലേക്ക് തള്ളപ്പെടേണ്ട, വെറും ഊഹത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയ സിദ്ധാന്തത്തെ ശാസ്ത്രം എന്ന് പറഞ്ഞു മനുഷ്യവംശത്തെ വഞ്ചിക്കുന്നവരോ???!!!

(ഡോ. അബു ഫരീദ്‌ റാമേ എഴുതിയ “ബൈബിള്‍ ആധികാരികമെന്ന് ശാസ്ത്രം തെളിയിക്കുന്നു” എന്ന ഗ്രന്ഥത്തില്‍ നിന്നും എടുത്തത്…)