ബൈബിളനുസരിച്ചു വാവല്‍ ഒരു പക്ഷിയോ?

ബൈബിള്‍ വിമര്‍ശകന്മാര്‍ ബൈബിളിലെ ശാസ്ത്രീയാബദ്ധത്തിന് തെളിവായി മുന്നോട്ടു വെക്കുന്ന ഒരു ആരോപണമാണ് ‘വാവല്‍ ഒരു പക്ഷിയാണെന്ന് ബൈബിളില്‍ പറയുന്നുണ്ട്’ എന്നത്. അതിനവര്‍ കൊണ്ടുവരുന്ന വേദഭാഗം ഇതാണ്:

“പക്ഷികളില്‍ നിങ്ങള്‍ക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ, അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു. കഴുകന്‍, ചെമ്പരുന്തു, കടല്‍റാഞ്ചന്‍, ഗൃദ്ധം, അതതു വിധം പരുന്തു, അതതു വിധം കാക്ക, ഒട്ടകപ്പക്ഷി, പുള്ളു, കടല്‍കാക്ക, അതതു വിധം പ്രാപ്പിടിയന്‍, നത്തു, നീര്‍ക്കാക്ക, കൂമന്‍, മൂങ്ങ, വേഴാമ്പല്‍, കുടുമ്മച്ചാത്തന്‍, പെരിഞ്ഞാറ, അതതതു വിധം കൊക്ക്, കുളക്കോഴി, നരിച്ചീര്‍ എന്നിവ” (ലേവ്യാ.11:13-19)

ഇതില്‍ അവസാനം പറഞ്ഞിരിക്കുന്ന നരിച്ചീര്‍ എന്നത് വാവലിന്‍റെ വിഭാഗത്തില്‍പ്പെട്ട ഒന്നാണ്. ശബ്ദതാരവലിയില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്: “ഒരുതരം പക്ഷി, ചെറിയ വാവല്‍. നരിച്ചീറിനും വാവലിനുമായി ആഹോവൃത്തിയുടെ ഭേദമേയുള്ളൂ.” വാസ്തവത്തില്‍ ഇത് പക്ഷിയല്ല, പറക്കുന്ന സസ്തനിയാണ്. എന്നാല്‍ ബൈബിള്‍ അതിനെ പക്ഷി എന്ന് വിളിക്കുന്നു എന്നാണ് വിമര്‍ശകരുടെ ആരോപണം. എന്നാല്‍ ഈ ആരോപണം വിമര്‍ശകരുടെ അജ്ഞതയില്‍ നിന്നും ഉടലെടുത്തതാണ്. മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന പദത്തിന്‍റെ അര്‍ത്ഥം അറിയാത്തത് കൊണ്ട് പരിഭാഷയില്‍ വന്ന തെറ്റ് ചൂണ്ടിക്കാണിച്ചാണ് ഇവര്‍ ബൈബിളിനെ ആക്രമിക്കാന്‍ നോക്കുന്നത്.

ഹീബ്രുവില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക്‌ עוֹף (ഔവ്ഫ്) എന്നതാണ്. ആ വാക്കിന്‍റെ പ്രാഥമികമായ അര്‍ത്ഥം പറക്കുന്ന ജീവികള്‍ (flying cretures) എന്നാണ്. അതുപ്രകാരം ലേവ്യ.11:13-ന്‍റെ ശരിയായ തര്‍ജ്ജമ ഇപ്രകാരമാണ്: “പറക്കുന്ന ജീവികളില്‍ നിങ്ങള്‍ക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ, അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു”.

ഇനി നരിച്ചീര്‍ എന്നാല്‍ പറക്കുന്ന ജീവിയല്ല എന്ന് ഈ വിമര്‍ശകര്‍ക്ക് വല്ല വാദവും ഉണ്ടോ? അങ്ങനെയാണെങ്കില്‍ കൂടുതല്‍ ഒന്നും ഞങ്ങള്‍ക്ക്‌ പറയാനില്ല. അജ്ഞതകൊണ്ട് ബൈബിളിനെ വിമര്‍ശിക്കാന്‍ നടക്കുന്നവരോട് സഹതാപിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാനാണ്?