ബൈബിള്‍ അനുസരിച്ച് ഭൂമിക്ക്‌ തൂണുകള്‍ ഉണ്ടോ?

ബൈബിള്‍ വിമര്‍ശകന്മാര്‍ ബൈബിളിന് നേരെ ഉന്നയിക്കുന്ന മറ്റൊരു ആരോപണം ‘ഭൂമിക്ക് തൂണുകള്‍ ഉണ്ടെന്നു ബൈബിള്‍ പറയുന്നു’ എന്നുള്ളതാണ്. ബൈബിള്‍ മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ വേണ്ടി എഴുതിയ പുസ്തകമാണ്. അത് എഴുതിയത് പരിശുദ്ധാത്മനിയോഗം പ്രാപിച്ച സാധാരണ മനുഷ്യരാണ്. അവരുടെ ശൈലിയില്‍ സാധാരണക്കാര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷയില്‍ എഴുതിയതാണ് ബൈബിള്‍. ഇന്നും നേരം വെളുത്താല്‍ ഏതൊരു കൊടികെട്ടിയ ശാസ്ത്രജ്ഞനും പറയുന്നത് “സൂര്യന്‍ ഉദിച്ചു” എന്നാണ്. വാസ്തവത്തില്‍ സൂര്യന്‍ ഉദിക്കുകയല്ല, ഭൂമിയുടെ ഭ്രമണത്തില്‍ നാം നില്‍ക്കുന്ന ഭാഗം സൂര്യന് അഭിമുഖമായി വരുമ്പോഴാണ് ഇരുട്ട് മാറി വെളിച്ചം വീഴുന്നത്. എന്നാലും ഒരു ശാസ്ത്രജ്ഞനും “ഭൂമിയുടെ നാം നില്‍ക്കുന്ന പ്രദേശം ഇതാ സൂര്യന് അഭിമുഖമായി വന്നിരിക്കുന്നു” എന്ന് പറയില്ല. ലളിതമായി “സൂര്യന്‍ ഉദിച്ചു” എന്ന് മാത്രം പറയും. അദ്ദേഹം അങ്ങനെ പറഞ്ഞതുകൊണ്ട് “അങ്ങേര്‍ക്ക്‌ സയന്‍സിനെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ” എന്ന് പറയുന്ന തരത്തിലുള്ള വിഡ്ഢിത്തമാണ് വിമര്‍ശകര്‍ ഈ ആരോപണത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്.

തൂണുകള്‍ എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്നത് עַמּוּד (അമ്മുദ്‌) എന്ന എബ്രായ പദമാണ്. അടിസ്ഥാനങ്ങള്‍ (Foundations) എന്നാണ് ആ വാക്കിന്‍റെ അര്‍ത്ഥം. ഭൂമിക്ക് അടിസ്ഥാനമുണ്ട്, നാം അധിവസിക്കുന്ന ഈ ഭൂമിക്ക് മൂന്ന് ഭാഗങ്ങള്‍ ഉണ്ട്. പുറമേയുള്ളത് ഭൂവല്‍ക്കം, മുപ്പതു മുതല്‍ അറുപതു കിലോമീറ്റര്‍ വരെ ആഴമുള്ള ഭാഗങ്ങളാണ് ഭൂവല്‍ക്കത്തില്‍ ഉള്‍പ്പെടുന്നത്. മനുഷ്യന്‍റെ പ്രവൃത്തികള്‍ എല്ലാം ഈ ഭാഗത്ത് മാത്രമേ എത്തുകയുള്ളൂ. ഭൂവല്‍ക്കത്തിന് അടിയിലുള്ള മദ്ധ്യഭാഗത്തിന് മാന്‍റില്‍ എന്ന് പറയുന്നു. ഈ ഭാഗത്തിന് ഏകദേശം 2900 കിലോമീറ്റര്‍ ആഴമുണ്ട്. അതിനും താഴെയുള്ള ഉള്‍ഭാഗത്തെയാണ് ഭൂകേന്ദ്രം എന്ന് വിളിക്കുന്നത്‌. അതിന്‍റെ കേന്ദ്രബിന്ദുവില്‍ നിന്ന് ഭൂമിയുടെ മുകള്‍പ്പരപ്പിലേക്കുള്ള ദൂരം ഏകദേശം 6578 കിലോമീറ്റര്‍ ആണ്. ഭൂകേന്ദ്രം മുഴുവനും മാന്‍റിലിന്‍റെ നല്ലൊരു ഭാഗവും തിളച്ചു മറിയുന്ന ദ്രവരൂപത്തിലാണ്. അതിന്‍റെ ഏറ്റവും മുകളിലെ താപനില തന്നെ ഏകദേശം 5000 ഡിഗ്രി സെല്‍ഷ്യസാണ്. ശാസ്ത്രലോകം ഇക്കാര്യങ്ങള്‍ അടുത്തകാലത്താണ് കണ്ടെത്തിയത്. എന്നാല്‍ ഏകദേശം 4000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൈവത്തിന്‍റെ വചനമായ ബൈബിളില്‍ ഈ സത്യം രേഖപ്പെടുത്തി വെച്ചിട്ടുണ്ട്: “ഭൂമിയില്‍നിന്നു ആഹാരം ഉണ്ടാകുന്നു; അതിന്‍റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു” (ഇയ്യോബ്‌.28:5).

നമുക്ക്‌ വിഷയത്തിലേക്ക് വരാം. വെടിയുണ്ടയേക്കാള്‍ വേഗതയിലാണ് ഭൂമി സൂര്യനെ വലംവെക്കുന്നത്. സ്വയംഭ്രമണവും അതിവേഗതയില്‍ തന്നെയാണ്. ഭ്രമണത്തിന്‍റെ വേഗത വര്‍ദ്ധിക്കും തോറും ഭ്രമണം ചെയ്യുന്ന വസ്തു ഭ്രമണകേന്ദ്രത്തില്‍ നിന്നും പുറത്തേക്ക് പോകാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്ര വേഗതയില്‍ സ്വയം ഭ്രമണം ചെയ്തിട്ടും ഭൂമി പലകഷ്ണങ്ങളായി ചിതറി തെറിക്കാത്തതിനു കാരണം ഭൂമിയുടെ ഉള്ളിലുള്ള ഭൂകേന്ദ്രത്തിന്‍റെയും മാന്‍റിലിന്‍റെയും ആകര്‍ഷണശക്തി മൂലമാണ്. ഭൂമിയെ തെറിച്ചു പോകാതെ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് ഇവയായതുകൊണ്ടാണ് ‘ഭൂമിയെ അടിസ്ഥാനങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു’ എന്ന് ബൈബിള്‍ പറയുന്നത്. അല്ലാതെ ‘ഭൂമിയെ ആനകള്‍ താങ്ങിക്കൊണ്ടു നില്‍ക്കുകയാണ്’, ‘സര്‍പ്പത്തിന്‍റെ ആയിരം തലകളാണ് ഭൂമിയെ തങ്ങി നിര്‍ത്തിയിരിക്കുന്നത്’, ‘അറ്റ്ലസ് എന്ന ദേവന്‍റെ ചുമലില്‍ ആണ് ഭൂമിയിരിക്കുന്നത്’ എന്നൊന്നും ബൈബിള്‍ പറയുന്നില്ല. എന്ന് മാത്രമല്ല, “ഭൂമി നില്‍ക്കുന്നത് ശൂന്യതയിലാണ്” എന്ന് ബൈബിള്‍ വ്യക്തമായി പറയുന്നുമുണ്ട്. ഇതാ വാക്യം:

“ഉത്തരദിക്കിനെ അവന്‍ ശൂന്യത്തിന്മേല്‍ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേല്‍ തൂക്കുന്നു” (ഇയ്യോബ്‌.26:7)

“നാസ്തിത്വത്തിന്മേല്‍” എന്ന് പറഞ്ഞാല്‍ ‘ഒന്നുമില്ലായ്മയില്‍’ എന്ന് പച്ചമലയാളം. ഭൂമിയെ ‘ഒന്നുമില്ലായ്മയില്‍’ അഥവാ ‘ശൂന്യതയില്‍’ ആണ് നിര്‍ത്തിയിരിക്കുന്നത് എന്ന് ബൈബിള്‍ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. ഇത് കാണാന്‍ ഉള്ള കഴിവ് വിമര്‍ശകര്‍ക്കില്ലാതെ പോയത് ബൈബിളിന്‍റെ കുറ്റമല്ല!