ബൈബിളനുസരിച്ച് ഭൂമി പരന്നതാണോ?

ഏകസത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനമായ ബൈബിള്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല; ശാസ്ത്രസത്യങ്ങള്‍ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിക്കൊടുക്കണം എന്ന ഉദ്ദേശ്യത്താലല്ല അത് രചിക്കപ്പെട്ടിരിക്കുന്നതും. അതിന് ദൈവം മനുഷ്യര്‍ക്ക്‌ ചിന്താശേഷിയും വിവേകവും യുക്തിബോധവും അന്വേഷണത്വരയും നിരീക്ഷണപാടവും ബുദ്ധിശക്തിയുമെല്ലാം നല്‍കിയിട്ടുണ്ട്. ദൈവം നല്‍കിയ ആ കഴിവുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് ഏതൊരാള്‍ക്കും ഈ പ്രപഞ്ചത്തിലെ ശാസ്ത്രീയ സത്യങ്ങള്‍ കണ്ടെത്താവുന്നതും മനസ്സിലാക്കിയെടുക്കാവുന്നതുമാണ്. എന്നാല്‍ മനുഷ്യന്‍ തന്‍റെ സ്വന്തബുദ്ധികൊണ്ട് എത്ര അന്വേഷിച്ചാലും കണ്ടെത്താന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ട്. ആത്മീകവും ദൈവീകവുമായ കാര്യങ്ങളാണവ. ആ കാര്യങ്ങള്‍ ദൈവം തന്നെ മനുഷ്യര്‍ക്ക്‌ വെളിപ്പെടുത്തിക്കൊടുത്തെങ്കിലേ അവനത് അറിയാനും ഗ്രഹിക്കാനും സാധിക്കുകയുള്ളൂ. ആ ആത്മീയകാര്യങ്ങള്‍ മനുഷ്യന് വെളിപ്പെടുത്തികൊടുക്കാന്‍ വേണ്ടി ദൈവം തന്‍റെ ദാസന്മാരായ മനുഷ്യരെ ഉപയോഗിച്ച് മനുഷ്യര്‍ക്ക്‌ വേണ്ടി എഴുതിയ ഗ്രന്ഥമാണ് ബൈബിള്‍.

ഇത്രയും പറഞ്ഞതില്‍ നിന്ന് ബൈബിളില്‍ ശാസ്ത്രീയസത്യങ്ങള്‍ ഒന്നുപോലും ഇല്ല എന്നോ ശാസ്ത്രത്തിന് വിരുദ്ധമായ കാര്യങ്ങള്‍ എന്തെങ്കിലും അതില്‍ ഉണ്ട് എന്നോ ബൈബിള്‍ ഒരു ശാസ്ത്ര വിരോധ ഗ്രന്ഥമാണ് എന്നോ അര്‍ത്ഥമാക്കേണ്ടതില്ല. സാന്ദര്‍ഭികമായി ബൈബിളില്‍ പറയപ്പെട്ടിട്ടുള്ള എല്ലാ ശാസ്ത്രീയ പ്രസ്താവനകളും ആധികാരികമായതു തന്നെയാണ്. ബൈബിളില്‍ ഉള്ളതു പോലെ ശാസ്ത്രീയ സത്യങ്ങള്‍ അടങ്ങിയ ഒരു പുരാതന ഗ്രന്ഥം നിങ്ങള്‍ക്ക്‌ ലോകത്തില്‍ ഒരിടത്തും കണ്ടെത്താന്‍ കഴിയുകയില്ല. യഥാര്‍ത്ഥ ശാസ്ത്രം എപ്പോഴും ബൈബിളുമായി യോജിക്കും. എന്നാല്‍ ശാസ്ത്രമെന്ന പേരില്‍ ഓരോ കാലഘട്ടങ്ങളില്‍ ഓരോരോ മനുഷ്യര്‍ തങ്ങളുടെ മനസ്സിലെ ഭാവനകള്‍ക്കും ഊഹങ്ങള്‍ക്കും ഒപ്പിച്ചു പടച്ചുവിടുന്ന പാഴ്സിദ്ധാന്തങ്ങളുമായി ബൈബിള്‍ ഒരിക്കലും യോജിക്കുകയില്ല. യഥാര്‍ത്ഥ ശാസ്ത്രസത്യങ്ങള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുമ്പോള്‍, ഈ പാഴ്സിദ്ധാന്തങ്ങള്‍ ഓരോ കാലഘട്ടത്തിലും ശാസ്ത്രത്തിന്‍റെ വികാസത്തിനനുസരിച്ചു മാറിക്കൊണ്ടേയിരിക്കും. അങ്ങനെയുള്ള പാഴ്സിദ്ധാന്തങ്ങളുമായി ദൈവത്തിന്‍റെ വചനമായ ബൈബിള്‍ യോജിക്കണം എന്ന് തലയ്ക്കു സ്ഥിരതയുള്ള ഒരാളും ആവശ്യപ്പെടുകയില്ലല്ലോ…

ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ ഒരു ലേഖന പരമ്പരയായി വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ദൈവത്തില്‍ ആശ്രയിച്ചു തീരുമാനിക്കുകയാണ്. നാം മനസ്സിലാക്കിയിരിക്കേണ്ട ഒരു പ്രധാന കാര്യം, ബൈബിളില്‍ ഈ കാര്യങ്ങള്‍ എഴുതപ്പെടുന്ന സമയത്ത്, ആ കാലഘട്ടത്തിലെ മനുഷ്യര്‍ “തികച്ചും ശാസ്ത്രീയം” എന്ന് വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ക്ക് എതിരായാണ് ബൈബിളില്‍ ഈ കാര്യങ്ങള്‍ രേഖയാക്കി വെച്ചത് എന്നതാണ്. ഉദാഹരണമായി പഴയകാലത്തെ ഈജിപ്തുകാരുടെ വിശ്വാസമനുസരിച്ച്, അന്തരീക്ഷത്തിലൂടെ പറന്നു പൊയ്ക്കൊണ്ടിരുന്ന ഒരു മുട്ട വിരിഞ്ഞാണ് ഭൂമി ഉണ്ടായത് എന്നായിരുന്നു. എന്നാല്‍ അതേ ഈജിപ്തില്‍ നിന്ന് അവരുടെ സകലവിദ്യയും അഭ്യസിച്ച് പുറത്തിറങ്ങിയ മോശ ബൈബിളിലെ ആദ്യ പുസ്തകത്തിലെ ആദ്യവാചകമായി എഴുതിയത് ‘ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ (ഉല്‍പ്പത്തി.1:1) എന്നാണ്! നിലവിലെ ചിന്താഗതികള്‍ക്കും വിശ്വാസത്തിനും എതിരായാണ് മോശെ ഇക്കാര്യം എഴുതി വെച്ചത്. അക്കാലഘട്ടത്തിലെ ഈജിപ്ഷ്യന്‍ ‘ശാസ്ത്രജ്ഞന്മാര്‍’ മോശയുടെ ഈ പ്രസ്താവനയെ ശാസ്ത്രവിരുദ്ധമായിട്ടായിരിക്കും കണ്ടത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. എന്നാല്‍ ശാസ്ത്രം പുരോഗമിച്ചപ്പോള്‍, മുട്ട വിരിഞ്ഞാല്‍ ഭൂമി ഉണ്ടാകില്ല എന്ന സത്യം മനുഷ്യര്‍ മനസ്സിലാക്കുകയും പൌരാണിക ഈജിപ്ഷ്യന്‍ ധാരണകളെ മണ്ടത്തരം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ബൈബിളില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ശാസ്ത്രീയ കാര്യങ്ങള്‍ ഓരോന്നും നമ്മള്‍ പരിശോധിച്ചാല്‍, അവയെല്ലാം ഇപ്രകാരം അന്ന് നിലവിലിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും പൊതുധാരണയ്ക്കും വിരോധമാണ് എന്ന് മനസ്സിലാക്കാന്‍ നമുക്ക്‌ സാധിക്കും.

‘ബൈബിളിലെ ശാസ്ത്രാബദ്ധം’ എന്ന പേരില്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു ആരോപണമാണ് ‘ഭൂമി പരന്നതാണ് എന്ന് ബൈബിള്‍ പറയുന്നു’ എന്നത്. ഈ ലേഖനത്തില്‍ നമുക്ക്‌ ആ ആരോപണത്തിന്‍റെ പൊള്ളത്തരം പരിശോധിച്ച് നോക്കാം.

ഭൂമി എന്നുള്ളതിന് പഴയനിയമത്തില്‍ മൂന്നു എബ്രായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഒന്ന് אֶרֶץ (എറെറ്റ്സ്, ഉല്പത്തി.1:1) എന്ന വാക്കാണ്‌. മറ്റൊന്ന് אֲדָמָה (അദമാ, ഉല്‍പ്പത്തി.6:1) എന്നതാണ്, അടുത്തത്‌ עָפָר (അവ്ഫാര്‍, ഇയ്യോബ്‌.41:33) എന്ന വാക്കും. ഒരിടത്ത് മാത്രം ഒരു അരാമിക് വാക്കും ഉപയോഗിച്ചിരിക്കുന്നു. ഈ മൂന്നു വാക്കുകളും ഇന്ന് നമ്മള്‍ ഉപയോഗിക്കുന്നത് പോലെത്തന്നെ, ഭൂഗോളത്തിനും ‘കര’ എന്ന അര്‍ത്ഥത്തില്‍ ഭൂമിക്കും ഉപയോഗിച്ചിട്ടുണ്ട്. “ഞാന്‍ ഒരേക്കര്‍ ഭൂമി വാങ്ങി” എന്നൊരാള്‍ പറഞ്ഞാല്‍ അത് ഭൂഗോളത്തെ ഉദ്ദേശിച്ചല്ല എന്ന് തലക്ക് വെളിവുള്ള ആര്‍ക്കും അറിയാം. മാത്രമല്ല, ആ ഒരേക്കര്‍ ഭൂമിയെ കുറിച്ച് ‘ആ ഭൂമി പരന്നതാണ്’ എന്നോ ‘നീളമുള്ളതാണ്’ എന്നോ അയാള്‍ പറഞ്ഞാല്‍ അതിനര്‍ത്ഥം ഭൂഗോളം പരന്നതാണ് എന്നോ നീളമുള്ളതാണ് എന്നോ അല്ലല്ലോ. സാമാന്യബുദ്ധിയുള്ളവര്‍ക്ക് അയാള്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്താണെന്നു പിടികിട്ടും, അയാളെ ശാസ്ത്രവിരോധി ആയി മുദ്രകുത്തുകയുമില്ല. ബൈബിള്‍ എഴുത്തുകാര്‍ ‘കര’ എന്ന അര്‍ത്ഥത്തില്‍ ഭൂമിയെക്കുറിച്ച് പറയുമ്പോള്‍ അത് പരന്നതാണ് എന്ന് പറഞ്ഞിട്ടുണ്ട്, വിമര്‍ശകര്‍ ബൈബിളിനെ ആക്രമിക്കുന്നത് ആ വാക്യങ്ങള്‍ വെച്ചിട്ടാണ്. എന്നാല്‍ “ഭൂഗോളം” എന്നും ബൈബിളില്‍ ഭൂമിയെ വിളിച്ചിട്ടുണ്ട് എന്ന കാര്യം ഒന്നുകില്‍ അവര്‍ക്കറിയില്ല, അതല്ലെങ്കില്‍ മന:പൂര്‍വ്വം മറച്ചു വെക്കുന്നു. ഭൂമി വൃത്താകൃതിയിലാണ് എന്ന് ബൈബിളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങള്‍ താഴെ കൊടുക്കുന്നു:
“അവന്‍ ദരിദ്രനെ പൊടിയില്‍നിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയില്‍നിന്നു ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നലകുവാനും തന്നേ. ഭൂധരങ്ങള്‍ യഹോവക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേല്‍ വെച്ചിരിക്കുന്നു.” (1.ശമു.2:9)
“ഭൂമണ്ഡലം” എന്ന് പറഞ്ഞിരിക്കുന്നത് വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? മണ്ഡലാകൃതിയിലാണ് ഭൂമിയുള്ളത് എന്ന് ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഇനിയും ബൈബിളിലെ പല ഭാഗങ്ങളില്‍ മണ്ഡലാകൃതിയിലുള്ള ഭൂമിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക:

“ഭൂമിയെ അവങ്കല്‍ ഭരമേല്പിച്ചതാര്‍? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍?” (ഇയ്യോബ്‌.34:13)

“പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു” (സങ്കീ.90:2)

“അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു” (യെശയ്യാവ്.40:22)

“അവന്‍ തന്‍റെ ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചു, തന്‍റെ ജ്ഞാനത്താല്‍ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്‍റെ വിവേകത്താല്‍ ആകാശത്തെ വിരിച്ചു” (യിരമ്യാ.10:12)

“അവന്‍ തന്‍റെ ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചു, തന്‍റെ ജ്ഞാനത്താല്‍ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്‍റെ വിവേകത്താല്‍ ആകാശത്തെ വിരിച്ചു” (യിരമ്യാ.51:15)

ഇവിടെയെല്ലാം ദൈവവചനം പറയുന്നത് ഭൂമി മണ്ഡലാകൃതിയില്‍ ആണുള്ളത് എന്നാണ്. ഈ പറയുന്ന വേദഭാഗങ്ങള്‍ ഒന്നും “കര” (Land) എന്ന അര്‍ത്ഥത്തില്‍ പറഞ്ഞിരിക്കുന്നതല്ല, മറിച്ച് മുഴുവന്‍ ഭൂമിയേയും ഉള്‍പ്പെടുത്തി പറഞ്ഞിരിക്കുന്നതാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കുമല്ലോ. ‘കര’ എന്നര്‍ത്ഥത്തില്‍ ഭൂമിയെക്കുറിച്ച് പറഞ്ഞിരിക്കുന്നിടത്ത് ‘പരന്നത്’ എന്നും ‘നീണ്ടത്’ എന്നും ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ ഭൂമിയേയും ഉള്‍പ്പെടുത്തി പറയുമ്പോള്‍ വൃത്താകൃതിയില്‍ ഉള്ള ഭൂമിയെക്കുറിച്ചാണ് ബൈബിള്‍ പറയുന്നത്! വിമര്‍ശകര്‍ ഇക്കാര്യം മനസ്സിലാക്കാതെയാണ് ബൈബിളിനെതിരെ തിരിയുന്നത്, അതവരുടെ അജ്ഞതയെ വെളിപ്പെടുത്താന്‍ മാത്രമെ ഉതകൂ എന്ന് മാത്രം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ!!