ബൈബിള്‍, ലോകം കണ്ട അതുല്യമായ സാഹിതീവിശേഷം!!

 

“ബൈബിള്‍, അതിന്‍റെ എതിരാളികളില്‍ നിന്ന് ക്രൂരമായ ആക്രമണത്തെ ചെറുത്തിട്ടുണ്ട്. റോമന്‍ ചക്രവര്‍ത്തിമാരുടെ കാലം തൊട്ട് കമ്യൂണിസ്റ്റ്‌ ആധിപത്യമുണ്ടായിരുന്ന ആധുനിക കാലം വരെ. അനേകര്‍ ബൈബിള്‍ കത്തിച്ചു കളയുന്നതിനും നിരോധിക്കുന്നതിനും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്.” (Bernad Ramm, Protestant Christian Evidences, Moody Press, 1953, p.232)

 

303 A.D.യില്‍ ഡയോക്ലീഷ്യന്‍ എന്ന റോമന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ ആരാധനയില്‍ നിന്നും വിലക്കുന്നതിനും അവരുടെ വിശുദ്ധ ഗ്രന്ഥം നശിപ്പിക്കുന്നതിനുമുള്ള ഒരു കല്പന പുറപ്പെടുവിച്ചു. “പള്ളികള്‍ ഇടിച്ചു നിരത്തുന്നതിനും തിരുവെഴുത്തുകള്‍ അഗ്നിക്കിരയാക്കുന്നതിനുമുള്ള ഒരു ചാക്രിക ലേഖനം ദേശത്തെങ്ങും വിളംബരം ചെയ്യുകയും വളരെ ഉന്നത ഉദ്യോഗങ്ങള്‍ വഹിക്കുന്നവരുടെ മൌലികാവകാശങ്ങള്‍ ഇല്ലാതാകുമെന്നും വീടുകളില്‍ കഴിഞ്ഞ് കൂടുന്നവര്‍ ക്രിസ്തുമതത്തെ പിന്തുടര്‍ന്നാല്‍, അവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു” (Greenslade, Stanly Lawerence, ed. Cambridge History of the Bible, New York; Cambridge University Press, p.476)

 

ഈ സംഭവത്തിന്‍റെ വിരോധാഭാസം നാലാം നൂറ്റാണ്ടിലെ സഭാചരിത്രകാരനായ യൂസേബിയാസ് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എഴുതി: “ഡയോക്ലീഷ്യന്‍റെ കല്പനക്ക് ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ്, ഗവണ്മെണ്ടിന്‍റെ ചിലവില്‍ തിരുവെഴുത്തിന്‍റെ അമ്പതു പ്രതികള്‍ ഉണ്ടാക്കണമെന്ന് കാണിച്ചു കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി ഒരു കല്പന പുറപ്പെടുവിച്ചു” (Eusebius, Ecclesiastical History, VII, 2, 259)

 

ഈ സംഭവത്തിനു വളരെ വര്‍ഷങ്ങള്‍ക്കപ്പുറം, 1778-ല്‍ മരിച്ച ഒരു ഫ്രഞ്ച് നാസ്തികനായിരുന്ന വോള്‍ട്ടയര്‍ തന്‍റെ കാലഘട്ടത്തിനു ശേഷം നൂറു വര്‍ഷത്തിനുള്ളില്‍ ക്രിസ്തുമതം നിലനില്‍ക്കില്ലെന്നും ചരിത്രത്തിന്‍റെ ഭാഗമാകുമെന്നും പറയുകയുണ്ടായി. പക്ഷേ എന്താണ് സംഭവിച്ചത്? വോള്‍ട്ടയര്‍ ചരിത്രത്തിന്‍റെ ഭാഗമായി; എന്നാല്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ബൈബിള്‍ പോകുന്നിടത്തൊക്കെയും അനുഗ്രഹം വിതറിക്കൊണ്ട് അതിന്‍റെ വിതരണം കൂടിയിട്ടേയുള്ളൂ. ഉദാഹരണമായി, സാന്‍സിബാറിലെ ഇംഗ്ലീഷ്‌ കത്തീഡ്രല്‍ പഴയ അടിമച്ചന്ത നിലനിന്ന സ്ഥാനത്താണ് പണിതത്, ഒരിക്കല്‍ ചാട്ട കൊണ്ട് അടിക്കുന്നതിനു ഉപയോഗിച്ച തൂണ്‍ നിന്നിരുന്ന സ്ഥാനത്താണ് കുര്‍ബാനക്കുള്ള മേശ നില്‍ക്കുന്നത്! അങ്ങനെയുള്ള സംഭവങ്ങള്‍ കൊണ്ട് ലോകം മുഖരിതമായിരിക്കുന്നു. ഒരാള്‍ ഒരിക്കല്‍ പറഞ്ഞു: “നാമെല്ലാം കൂടെ തോളുകൊടുത്ത് സൂര്യനെ അതിന്‍റെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമിക്കുന്നത് പോലെയാണ് ബൈബിള്‍ പ്രസിദ്ധീകരണം തടയാന്‍ ശ്രമിക്കുന്നത്” (Sidny Collet, All About the Bible, Old Tapan, N J.: Fleming H. Revell, p.63)

 

നൂറു വര്‍ഷം കഴിഞ്ഞ് ക്രിസ്തുമതവും ബൈബിളും തൂത്തെറിയപ്പെടുമെന്ന വോള്‍ട്ടയറുടെ പ്രവചനത്തെപ്പറ്റി ഗീസ്ലറും നിക്സും പറഞ്ഞത്: “അയാളുടെ മരണത്തിന് അമ്പത് വര്‍ഷം കഴിഞ്ഞ് ജനീവ ബൈബിള്‍ സൊസൈറ്റി അയാളുടെ അച്ചുകൂടവും വീടും വാങ്ങിച്ച് അവിടെ നിന്ന് കെട്ടുകണക്കിനു ബൈബിള്‍ പ്രസിദ്ധീകരിച്ചു” എന്നാണ് (Norman Giesler and William E. Nix, A General Introduction to the Bbile, Moody Press 1968, p.123,124)

 

നാസ്തികരുടെയും അവിശ്വാസികളുടെയും ആക്രമണത്തില്‍ നിന്ന് ബൈബിള്‍ നിലനിന്ന അതുല്യമായ രീതിയെക്കുറിച്ച് H.L. Hestings വളരെ ശക്തമായി ചിത്രീകരിക്കുന്നത് ലീ ഉദ്ധരിച്ചിട്ടുണ്ട്:

 

‘കഴിഞ്ഞ പതിനെട്ട് നൂറ്റാണ്ടുകളായി ഈ ഗ്രന്ഥത്തെ നിരാകരിക്കുകയും തകിടം മറിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അത് ഇന്നും അടിസ്ഥാന ശിലയായി നിലകൊള്ളുന്നു. അതിന്‍റെ പ്രസിദ്ധീകരണം കൂടുകയും മുമ്പത്തെക്കാളും ഇന്ന് സ്നേഹിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍ ഒരു ചെറിയ ചുറ്റിക കൊണ്ട് ഈജിപ്തിലെ പിരമിഡ്‌ തകര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെയാണ് നാസ്തികര്‍ അവരുടെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഇതിനെ എതിര്‍ത്തത്. ഫ്രഞ്ച് സാമ്രാട്ട് തന്‍റെ രാജ്യത്തുള്ള ക്രിസ്ത്യാനികളെ തച്ചുടക്കാന്‍ വെമ്പല്‍ കൊണ്ടപ്പോള്‍, ഒരു വയോധികനും യുദ്ധവീരനുമായ രാജ്യതന്ത്രജ്ഞന്‍ പറഞ്ഞു: “പ്രഭോ, അനേകം കൂടങ്ങളുടെ അടി കൊണ്ട ഒരു അടകല്ലാണ് ദൈവസഭ.” യുഗങ്ങളായി ഈ ഗ്രന്ഥത്തെ ഇല്ലാതാക്കുവാന്‍ അനേകം നാസ്തികരുടെ കൂടങ്ങള്‍ പരിശ്രമിക്കുകയായിരുന്നു. എന്നാല്‍ കൂടങ്ങള്‍ നശിച്ചു പോയി, അടകല്ല് ഇന്നും നിലനില്‍ക്കുന്നു. ഇത് ദൈവഗ്രന്ഥമല്ലായിരുന്നുവെങ്കില്‍ വളരെ മുമ്പ് തന്നെ മനുഷ്യര്‍ ഇതിനെ നശിപ്പിക്കുമായിരുന്നു. ചക്രവര്‍ത്തിമാരും മാര്‍പ്പപ്പമാരും രാജാക്കന്മാരും പുരോഹിതന്മാരും ഭരണാധികാരികളും ഒരു കൈ നോക്കിയിട്ടുണ്ട്, ഇതിനെ നശിപ്പിക്കാന്‍. അവര്‍ മരിച്ചു; ഈ ഗ്രന്ഥം ഇന്നും ജീവിക്കുന്നു’ (John Lea, The Greatest Book In the World, pp.17,18)

 

ബര്‍ണാഡ്‌ റാമ് പറയുന്നു:

 

“ആയിരം പ്രാവശ്യം ബൈബിള്‍ മരിച്ചു പോയെന്ന പള്ളി മണി മുഴങ്ങി, ശവം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രകള്‍ ഒരുക്കി, കല്ലറയില്‍ മാര്‍ബിളില്‍ കൊത്തിവെച്ചു, ഭൂമിയെ ഏല്പിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയും നടത്തി. എന്നാല്‍ ഒരിക്കലും ശവം അവിടെ കിടന്നില്ല!

 

മറ്റൊരു പുസ്തകവും ഇതുപോലെ കഷണങ്ങളാക്കിയിട്ടില്ല; മറ്റൊരു പുസ്തകവും ഇതുപോലെ വെട്ടിനുറുക്കപ്പെടുകയോ സൂക്ഷ്മ പരിശോധന നടത്തപ്പെടുകയോ അരിച്ചെടുക്കപ്പെടുകയോ അപകീര്‍ത്തിപ്പെടുത്തപ്പെടുകയോ ചെയ്യപ്പെട്ടിട്ടില്ല. ഇതുപോലെ ക്രൂരമായ ആക്രമണത്തിനു വിധേയമായ തത്വശാസ്ത്രമോ മതമോ മന:ശാസ്ത്രമോ ആയ ബെല്ലയെഴ്സ്‌ ലെറ്റേഴ്സ് (സാഹിത്യരചനകള്‍) ആധുനിക കാലത്തോ ക്ലാസിക്‌ കാലയളവിലോ ഉണ്ടായിട്ടുണ്ടോ? ഇതുപോലെ വിഷം വമിക്കുന്നതും അവിശ്വാസം തിങ്ങി നിറഞ്ഞതുമായ ആക്രമണം? ഇത്ര പൂര്‍ണ്ണതയോടും പാണ്ഡിത്യത്തോടും ഉള്ളത്? ഓരോ അധ്യായത്തെയും വരിയെയും സിദ്ധാന്തത്തെയും പറ്റി?

 

ബൈബിള്‍ ഇന്നും ലക്ഷക്കണക്കിനാളുകള്‍ സ്നേഹിക്കുകയും വായിക്കുകയും പഠിക്കുകയും ചെയ്യുന്നു” (Bernad Ramm, Protestant Christian Evidences, Moody Press, 1953, p.232,233)