‘പരിണാമവാദം: സത്യമോ മിഥ്യയോ?’ (ഭാഗം-1)
- Posted by admin
- on Oct, 06, 2014
- in കപടശാസ്ത്രം, പരിണാമം, ശാസ്ത്രം
- Blog No Comments.
ഹോമര്‍ ഡങ്കന്റെ ‘പരിണാമവാദം: സത്യമോ മിഥ്യയോ?’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗമാണ് താഴെ കൊടുക്കുന്നത്. ഈ പുസ്തകത്തില്‍ പരിണാമവാദികള്‍ സാധാരണയായി അവകാശപ്പെടാറുള്ള 22 പ്രസ്താവനകളെ കീറിമുറിച്ചു പരിശോധിച്ചിരിക്കുന്നു:
A. പരിണാമം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു വസ്തുതയാണ്.
പരിണാമവാദികളുടെ ഈ അവകാശവാദത്തെപ്പറ്റി ഗ്ലെന്‍ ഡിക്കേര്‍സന്‍ ഇങ്ങനെ പറയുന്നു:
പരിണാമവാദം സത്യം എന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, പരിണാമം എന്ന പദം താഴെ പറയുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്ന പൊതുവായ ഒരു വാക്കാണ്.
1. പ്രപഞ്ചത്തിന്റെ വളര്‍ച്ച (ഉല്പ്പത്തിക്കാധാരമായ ആദ്യ വസ്തുക്കള്‍ എവിടെ നിന്ന് ഉണ്ടായി എന്നോ എങ്ങനെ ഉണ്ടായി എന്നോ പറയുന്നില്ല).
2. നിര്ജ്ജീവവസ്തുക്കള് ജൈവവസ്തുക്കളായും ഏകകോശ അണുപ്രാണി മനുഷ്യനായുമുള്ള പരിണാമം. (നിര്‍ജ്ജീവ വസ്തു ജൈവവസ്തുവായത് എങ്ങനെയന്നോ, അപ്രകാരമുണ്ടായ ഏകകോശ അണുപ്രാണി മനുഷ്യനായി പരിണമിച്ചത് എങ്ങനെയെന്നോ, പരിണാമമെന്ന മാറ്റങ്ങളുടെ ഇടയില്‍ ആ ഏകകോശ അണുപ്രാണി ആ മാറ്റങ്ങളെ അതിജീവച്ചത് എങ്ങനെയെന്നോ ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെ നല്കപ്പെട്ടിട്ടില്ല).
3. ജന്തുക്കളില്‍, അവ വസിക്കുന്ന സാഹചര്യങ്ങള്‍ക്കനുസരണമായി ഉണ്ടാകുന്ന അല്പാല്പമായ വ്യതിയാനങ്ങളും അനുരൂപീകരണങ്ങളും. ഉദാ: ഈച്ചകള്‍ക്ക് വിവിധ സാഹചര്യങ്ങളിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ (പക്ഷേ അവയെല്ലാം ഈച്ചകളായിത്തന്നെയിരിക്കുന്നു).
മേല്‍പ്പറഞ്ഞ മൂന്നു കാര്യങ്ങളില്‍ മൂന്നാമത്തേത് സത്യമാകയാല്‍ ഒന്നാമത്തേതും രണ്ടാമത്തേതും സത്യമായിരിക്കുമെന്ന് പറയുന്നത് മൌഡ്യമല്ലേ?
നൂറു കണക്കിന് ശാസ്ത്രജ്ഞന്മാരും ആയിരക്കണക്കിന് അദ്ധ്യാപകന്മാരും പരിണാമം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ് എന്ന് വിശ്വസിക്കുന്നു. റോക്ക്ഫെല്ലര്‍ ഇന്‍സ്റിറ്റ്യൂട്ടിലെ ഡോ.റെനിഡുബോസ് ഇങ്ങനെ പറഞ്ഞു: “പ്രപഞ്ചത്തിലുള്ളതെല്ലാം പരിണാമത്താല്‍ ഉളവായതാണെന്നും ഇപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നു എന്നും ഏറ്റവും അറിവുള്ളവര്‍ അംഗീകരിക്കുന്നു (Rene Dubose, ‘American Scientist’, March 1965, p.6)
വിസ്കോണ്‍സിന്‍ സര്‍വ്വകലാശാലയിലെ വില്യം ഹോവല്‍സ് ഇങ്ങനെ പറഞ്ഞു: “പരിണാമം എന്നത് ദഹനം പോലെയുള്ള ഒരു വസ്തുതയാണ്.” (William Howells, ‘Mankind so far’, Doubleday and co, New York, 1947, p.5)
വില്യം പാറ്റണ് (ഡാര്‍ട്ട്മൌത്ത്) ഇങ്ങനെ എഴുതി: “പരിണാമം എന്നത് വളരെക്കാലം മുമ്പുതന്നെ ശാസ്ത്രീയമായി ഒരു വാദപ്രതിവാദം എന്ന സ്ഥാനത്ത് നിന്ന് ജയിച്ചു വെളിയില്‍ വന്നു കഴിഞ്ഞു. ഈ വിഷയത്തില്‍ ശാസ്ത്രീയമായ അഭിപ്രായം മിക്കവാറും എകാഭിപ്രായമാണ്. നമുക്കറിയാവുന്ന ഒരു വലിയ സത്യമാണിത്” (William Patten, ‘The Ways of Men, Apes, and Fishes’. ‘Scientific Monthly, October 1930, p.290)
ഇങ്ങനെയുള്ള പ്രസ്താവനകള്‍ എന്താണ് തെളിയിക്കുന്നത്? പരിണാമം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വസ്തുത ആണെന്ന് ഈ പ്രസ്താവനകള്‍ തെളിയിക്കുന്നില്ല. ഈ വാദഗതിയുടെ രണ്ടു ഭാഗത്തുള്ളവരും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ പരീക്ഷണങ്ങളാല്‍ ശരി എന്ന് തെളിയിക്കാവുന്ന ശാസ്ത്രീയ തെളിവുകളാലും തെറ്റ് എന്ന് തെളിയിക്കാവുന്ന ശാസ്ത്രീയ തെളിവുകളാലും പിന്താങ്ങപ്പെടെണ്ടതാണ്.
സുപ്രസിദ്ധ ശാസ്ത്രജ്ഞന്മാരായ പല വിശ്വാസികളും പരിണാമവാദത്തെ തിരസ്കരിക്കുന്നു. അവര്‍ മാത്രമല്ല, സൃഷ്ടിവാദക്കാരോട് ചേരുവാന്‍ കൂട്ടാക്കാത്ത മറ്റനേകം ശാസ്ത്രജ്ഞന്മാര് പരിണാമം തെളിയിക്കപ്പെട്ട ഒരു ശാസ്ത്രീയ വസ്തുത അല്ല എന്ന് പറയുന്നു. ഉദാഹരണമായി:
പരിണാമവാദികളുടെ പ്രധാന നേതാക്കളിലൊരാളായ തിയോഡോസിയസ് ഡോബ്ഷാന്‍സ്കി (Theodousius Dobzhansky) പറഞ്ഞു: “ജന്തുശാസ്ത്രസംബന്ധമായ പരിണാമവാദം ജന്തുശാസ്ത്രജ്ഞന്മാരുടെ ഇടയിലോ ഉല്പ്പത്തിശാസ്ത്രജ്ഞന്മാരുടെ ഇടയിലോ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത് തെറ്റായിരിക്കും” (Theodousius Dobzhansky, Science’, November 29, 1963, p.1134)
സ്മിത്ത്സോണിയന്‍ ഇന്‍സ്റിറ്റ്യൂട്ടിലെ അറിയപ്പെടുന്ന ജന്തുശാസ്ത്രജ്ഞനായ ഡോ.ആസ്റ്റിന്‍ എച്ച്. ക്ലാര്‍ക്ക് ഇങ്ങനെ പറഞ്ഞു: “മനുഷ്യന് താണജാതിയിലുള്ള ജീവജാലങ്ങളില്‍ നിന്ന് പടിപടിയായി പരിണമിച്ച് ഉണ്ടായി എന്നതിന് ഒരു തെളിവുമില്ല… മനുഷ്യന് പെട്ടെന്നാണ് പ്രത്യക്ഷപ്പെട്ടത്… മിക്കവാറും ഇന്നുള്ള മനുഷ്യനെപ്പോലെ തന്നെയാണ് മനുഷ്യന് പ്രത്യക്ഷനായത്… ജന്തുലോകത്തെ സംബന്ധിച്ചിടത്തോളം സൃഷ്ടിവാദക്കാര്‍ക്ക് ഏറ്റവും നല്ല വാദഗതികള്‍ ഉള്ളതായി കാണപ്പെടുന്നു. ജന്തുക്കളിലെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തില്‍ നിന്നും പരിണമിച്ച് ഉണ്ടായി എന്നതിന് യാതൊരു തെളിവുമില്ല. ജന്തുക്കളിലെ ഓരോ വിഭാഗത്തിലുമുള്ള ജന്തുക്കള്‍ അവയില്‍പ്പെട്ട വര്ഗ്ഗങ്ങളോട് അടുത്ത ബന്ധമുള്ളവയാണ്. അതുകൊണ്ട് ഓരോ വിഭാഗവും പ്രത്യേകം സൃഷ്ടിക്കപ്പെട്ടതായിട്ടാണ് തോന്നുന്നത്.” (Austin H. Clark, quoted from an adress made in Jnuary 1929)
ശാസ്ത്രപുരോഗതിക്കുള്ള ബ്രിട്ടീഷ് സംഘടനയുടെ (British Association for the Advancment of Science) സസ്യശാസ്ത്ര വിഭാഗത്തിന്റെ അധ്യക്ഷനായ പ്രൊഫ.ജെ.ഡോയ്ല് ഇങ്ങനെ പറഞ്ഞു: ഒരു അണുജീവിയുടെയെങ്കിലും പരിണാമത്തെ തെളിയിക്കുവാന്‍ നമുക്ക് കഴിയാത്തത് കൊണ്ട്, ആയിരം ദശലക്ഷം വര്‍ഷങ്ങള്‍കൊണ്ട് പ്രപഞ്ചം പരിണമിച്ചുണ്ടായി എന്ന് പറയുന്നത് ബുദ്ധിപരമായ അഹങ്കാരമാണ്.” (Prof. J. Doyle, at a meeting of the British Association for the Advancment of Science, held in Dublin, Ireland, in 1957)
ഡോ. ഡി’ആര്‍സി തോംപ്സണ് പറഞ്ഞു: “പരിണാമത്തെപ്പറ്റിയും ജന്തുലോകത്തിന്റെ പരിണാമത്തെപ്പറ്റിയും കണ്ടെത്തി പഠിക്കുവാനുള്ള അനേകവര്‍ഷങ്ങളിലെ നമ്മുടെ പരിശ്രമങ്ങള്‍ നാം പ്രതീക്ഷിക്കാത്തതും നമ്മെ നിരാശരാക്കുന്നതുമായ ഫലങ്ങളാണ് നല്‍കിയത്. ഇഴജാതികളില്‍ നിന്നും പക്ഷികള്‍ എങ്ങനെയുണ്ടായി എന്നോ, നാല്ക്കാലിക\ളില്‍ നിന്നും സസ്തനജീവികള്‍ എങ്ങനെയുണ്ടായി എന്നോ, നട്ടെല്ലില്ലാത്ത ജീവികളില്‍ നിന്നു നട്ടെല്ലുള്ളവ എങ്ങനെ ഉണ്ടായി എന്നോ പരിണാമ പഠനം നമ്മെ പഠിപ്പിച്ചിട്ടില്ല. നട്ടെല്ലില്ലാത്ത ജീവികളുടെ പരിണാമവും പ്രശ്നങ്ങളെ ഉളവാക്കുന്നു. അതിനു മുന്‍പുള്ള ജീവികളുടെ കൂട്ടം (echinoderms, molluses, coelenterates) അല്ലെങ്കില്‍ പ്രോട്ടോസോവയുടെ ഒരു കൂട്ടം എങ്ങനെ ഉണ്ടായി എന്നോ പരിണമിച്ചു എന്നോ നമുക്കറിഞ്ഞുകൂടാ. പരിണാമ ജന്തുശാസ്ത്രത്തിന്റെ സുപ്രധാന പ്രശ്നങ്ങളെ കണ്ടു മനസ്സിലാക്കാന്‍ നമുക്ക് സാധിക്കാത്തത് ഒരു പരാജയമാണ്. അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് എനിക്കറിഞ്ഞുകൂടാ.” (D’Arcy Thompson, ‘On Growth and Form’. P.1092)
“ലോകത്തില്‍ ജീവനുള്ളവയെല്ലാം ഒരേ ഒരു ആരംഭത്തില്‍ നിന്നും ഉണ്ടായി എന്നും ആ ആദിമ ജീവന് നിര്ജ്ജീവവസ്തുക്കളില് നിന്നും ഉണ്ടായി എന്നൊരു സിദ്ധാന്തമുണ്ട്. ഇതിനെ “പൊതുവായ പരിണാമവാദം” എന്ന് പറയുന്നു. എന്നാല്‍ ഈ വാദത്തെ പിന്താങ്ങുന്ന തെളിവുകള്‍ വേണ്ടത്ര ശക്തിയുള്ളവയല്ലാത്തതിനാല് പരിണാമവാദം ഒരു പഠനത്തിനുള്ള അനുമാനമായി പരിഗണിക്കുവാനെ ഞങ്ങള്‍ക്ക് കഴിയുന്നുള്ളൂ.” (G.A. Kerkut, ‘Implications of Evolution’, Pergamon Press, Elmsford. N.Y., 1961)
അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞന് മേല്‍പ്പറഞ്ഞ രീതിയിലുള്ള ഒരു സംശയം പ്രകടിപ്പിക്കുമ്പോള്‍ പരിണാമവാദികളുടെ കൂട്ടത്തില്‍ അതിനെ കോപത്തോടും ആക്രോശത്തോടും കൂടെ തള്ളിപ്പറയുന്നവരെ കാണാന്‍ കഴിയും. എങ്കിലും ജോണ്‍ റ്റി. ബോനര്‍ കേര്കൂറ്റിന്റെ പുസ്തകം നിരൂപണം ചെയ്തപ്പോള്‍ ഇങ്ങനെ പറഞ്ഞു:
“നമ്മെ അസ്വസ്ഥരാക്കുന്ന ഒരു സന്ദേശമടങ്ങിയ ഒരു ഗ്രന്ഥമാണിത്. അടിസ്ഥാനങ്ങളിലുള്ള ചില അപകടകരമായ വിള്ളലുകളെ അത് ചൂണ്ടിക്കാണിക്കുന്നു. അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നതിന്റെ കാരണമിതാണ്: ഈ കാര്യം വളരെക്കാലമായി നമുക്ക് അറിയാമായിരുന്നുവെങ്കിലും നാം അത് സമ്മതിച്ചില്ല. നഗ്നമായ പരമാര്‍ത്ഥവും മനുഷ്യന്റെ പ്രകൃതിയും വ്യത്യസ്ത ദിശകളിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ അവയെ തമ്മില്‍ പൊരുത്തപ്പെടുത്താന്‍ കഴിയാത്തെ ഒരു സ്ഥിതി വിശേഷമാണത്.
നട്ടെല്ലില്ലാത്ത ജീവികളുടെ പരിണാമത്തിന്റെ ക്രമം എന്തായിരുന്നു എന്നതിന് നമുക്ക് വിശ്വസനീയമായ തെളിവുകള്‍ ഒന്നുമില്ല എന്നതാണ് ആ സത്യം. നട്ടെല്ലില്ലാത്ത ജീവികളില്‍ ഏതു കൂട്ടം ഏതു കൂട്ടത്തില്‍ നിന്നും ഉണ്ടായി എന്നോ, ആദിമ പ്രാണിവര്‍ഗ്ഗത്തില്‍ നിന്നുള്ള പരിണാമം ഒരിക്കലോ രണ്ടു പ്രാവശ്യമോ അതോ പല പ്രാവശ്യമായിട്ട് സംഭവിച്ചോ എന്ന കാര്യം നമുക്ക് തിട്ടമില്ല. ഏതൊരു പ്രസ്താവനയും അതിന്റെ മുഖവിലക്കെടുക്കാതെ അതിന്റെ തെളിവുകളെ പരിശോധിക്കണം എന്ന് നാം പല വര്‍ഷങ്ങളായി നമ്മുടെ വിദ്യാര്‍ത്ഥികളോട് പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ ആ നല്ല ഉപദേശം പാലിക്കാന്‍ നമുക്ക് തന്നെ സാധിച്ചില്ല എന്ന കാര്യം നമ്മെ ഞെട്ടിപ്പിക്കുന്നു” (J.T.Bonner, ‘Science’, Vol.133, March 17, 1961, p.753)
ബ്രിട്ടീഷ് കാഴ്ചബംഗ്ലാവിലെ മുതിര്‍ന്ന പാലിയന്റോളജിസ്റ്റ് ആയ കോളിന് പാറ്റേഴ്സണ്‍ പറഞ്ഞത് പരിണാമ സിദ്ധാന്ത ചിന്തകള്‍ പരിജ്ഞാനത്തിന് വിരുദ്ധമാണെന്നാണ്.
(ഹോമര്‍ ഡങ്കന്‍, ‘പരിണാമ വാദം:സത്യമോ മിഥ്യയോ?’ പുറം.6-10)
Recent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്ക്കാന് ബൈബിളിലെ ദൈവം കല്പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?