ഘടികാരനിര്‍മ്മാതാവ് അന്ധനോ അതോ ബുദ്ധിമാനോ? (Is the Watch Maker Blind or Intelligent?)
- Posted by admin
- on Jun, 09, 2014
- in പരിണാമം, ശാസ്ത്രം
- Blog No Comments.
ബ്രദര്‍. എ.കെ.സ്കറിയ, കോട്ടയം
ഭൌതികവാദം, പരിണാമസിദ്ധാന്തം, സൃഷ്ടിവാദം എന്നീ വിഷയങ്ങളെക്കുറിച്ച് സാമാന്യജ്ഞാനം ലഭിക്കുവാന്‍ നിലവിലുള്ള ഗ്രന്ഥങ്ങളോ പാഠ്യപുസ്തകങ്ങളോ വായിക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ നിഷ്പക്ഷ പരീക്ഷണ നിരീക്ഷണമാവശ്യമാണ്. പലപ്പോഴും രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായോ മതാധിഷ്ഠിതമോ ആയ ചിന്താപദ്ധതികളുടെ ചുവടു പിടിച്ചുള്ള സമീപനം നമ്മെ സത്യം കണ്ടെത്താന്‍ സഹായിക്കുകയില്ല. മാത്രമല്ല, താന്‍ പരിചയിച്ചതും പഠിച്ചതുമായ സംഗതികളാണ് ശരിയെന്നും അതിനപ്പുറത്തുള്ളവയെല്ലാം കപടമാണെന്നും ഉള്ള മുന്‍വിധിയോടെ വസ്തുതകളെ സമീപിക്കുന്നതും ശരിയല്ല. ഭൂരിപക്ഷം ആളുകളുടെ വിശ്വാസമാണ് ശരി എന്ന് ജനാധിപത്യ സംവിധാനത്തില്‍ നാം കരുതാറുണ്ട്. എന്നാല്‍ ശാസ്ത്രീയ സിദ്ധാന്തത്തില്‍ ഭൂരിപക്ഷത്തിന് സ്ഥാനമില്ല. പുതിയ സിദ്ധാന്തങ്ങളെ പഴയ ശാസ്ത്രജ്ഞന്മാര്ക്ക് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന സംഭവങ്ങളുണ്ട്. മാര്‍ക്കോണിയുടെ റേഡിയോ സിദ്ധാന്തം (Wireless theory) മഹാ ശാസ്ത്രജ്ഞനായ തോമസ് അല്വാ എഡിസണ് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ തന്നെ ജോണ്‍ ലോഗി ബെയേഡിന്റെ ടെലിവിഷന്‍ സിദ്ധാന്തം മാര്ക്കോണിക്ക് ഗ്രഹിക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് ഈ പ്രപഞ്ചത്തിന്റെ മഹാ സാധ്യതകള്‍ എന്തൊക്കെയുണ്ടെന്ന് നമുക്കറിഞ്ഞുകൂടാ എന്ന വസ്തുതയെ നാം അംഗീകരിക്കണം. ഇന്നേക്ക് ഒരു നൂറ്റാണ്ടു മുന്‍പ് മണ്മറഞ്ഞു പോയവരോട് ഇന്നത്തെ ശാസ്ത്രീയ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ ഗ്രഹിക്കുകയോ അംഗീകരിക്കുകയോ ഇല്ല.
ഒന്നര നൂറ്റാണ്ടു മുന്‍പ് പുറത്തുവന്ന പരിണാമ സിദ്ധാന്തം പുതിയ ലേബലൊട്ടിച്ച്, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതെന്ന ഭാവത്തില്‍ ഇന്നും വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു വരുന്നുണ്ട്.എന്നാല്‍ നാളിതു വരെയുള്ള ഗവേഷണഫലങ്ങളില്‍ പരിണാമത്തെ അനുകൂലിക്കുന്നതോ തെളിയിക്കുന്നതോ ആയ ഒറ്റ തെളിവ് പോലും ലഭിച്ചിട്ടില്ല എന്നതാണ് സത്യം.
ശാസ്ത്രീയാടിസ്ഥാനമില്ലാത്ത പരിണാമ സിദ്ധാന്തത്തെ സ്ഥിരീകരിക്കുവാന്‍ ശ്രമിക്കുന്ന ഗ്രന്ഥകര്‍ത്താവാണ് ഒക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ സുവോളജി പ്രൊഫസറായ ഡോ. റിച്ചാര്‍ഡ് ഡോക്കിന്‍സ്. 1986-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ വിശ്രുത ഗ്രന്ഥമാണ് “അന്ധനായ ഘടികാര നിര്‍മ്മാതാവ്” (The Blind Watch Maker). “Daily Telegraph” എന്ന ബ്രിട്ടീഷ് ദിനപ്പത്രം ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് ഇങ്ങനെ പ്രകീര്‍ത്തിക്കുന്നു: “ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ ഏറ്റവും പ്രഗത്ഭനായ പ്രചാരകനാണ് ……. ഡോക്കിന്‍സ്. വളരെ യുക്തിയോടും വീറോടും കൂടി ആധുനിക വീക്ഷണത്തില്‍ ഡാര്വിന് ചിന്താപദ്ധതിയെ ഫലിതോക്തികളുടെ പിന്‍ബലത്തോടെ ഡോക്കിന്‍സ് പ്രതിരോധിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്.”
വില്യം പാലി എഴുതിയ “നാച്ചുറല്‍ തിയോളജി” (1802) എന്ന ഗ്രന്ഥം ഒരു കാലത്ത് ബ്രിട്ടീഷ് യൂനിവേഴ്സിറ്റികളിലെ പാഠപുസ്തകമായിരുന്നു. ഈ പ്രപഞ്ചത്തിലെ സൗരയൂഥം മുതല്‍ പരമാണു വരെയുള്ള ജഢവസ്തുക്കളുടെ രൂപകല്പനയിലും ജീവന്റെ വിസ്മയകരമായ വൈവിദ്ധ്യത്തിലും അതീവ ബുദ്ധിശക്തിയുള്ള സ്രഷ്ടാവ് ഉണ്ടായിരിക്കണം എന്ന് പാലി ആ ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിരുന്നു. അദ്ദേഹം ആ സ്രഷ്ടാവിനെ “ഘടികാര നിര്‍മ്മാതാവ്” (Watch Maker) എന്ന സംജ്ഞയില്‍ വിശേഷിപ്പിച്ചു. എന്നാല്‍ പാലിയുടെ അഭിപ്രായം തെറ്റാണെന്നും ഡാര്‍വിന്റെ കണ്ടെത്തലായ ‘പ്രകൃതി നിര്‍ദ്ധാരണ”(Natural Selection)മാണ് ഈ രൂപശില്പങ്ങളുടെ പിന്നില്‍ യുക്തിബോധമില്ലാതെ, ആസൂത്രണമില്ലാതെ പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും തന്റെ ഈ ഗ്രന്ഥത്തിലൂടെ ഡോക്കിന്‍സ് വാദിക്കുന്നു. അതുകൊണ്ട് തന്റെ ഗ്രന്ഥത്തിന് “അന്ധനായ ഘടികാര നിര്‍മ്മാതാവ്” (The Blind Watch maker) എന്നദ്ദേഹം പേരിട്ടു. എന്നാല്‍ യുക്തിബോധമുള്ള ഒരു വായനക്കാരന് ഡോക്കിന്‍സിന്റെ വിവരണം വായിക്കുമ്പോള്‍ ഈ ഘടികാര നിര്‍മ്മാതാവ് അന്ധനല്ല എന്ന് വ്യക്തമാകും. (ജൂലിയസ് സീസര്‍ എന്ന ഷേക്സ്പിയര് നാടകത്തില്‍ മാര്‍ക്ക് ആന്റണി ബ്രൂട്ടസിന് വേണ്ടി സീസറിനെതിരായി ചെയ്യുന്ന പ്രസംഗം പോലെയാണ് ഡോക്കിന്‍സിന്റെ ഗ്രന്ഥം. മാര്‍ക്ക് ആന്റണിയുടെ പ്രസംഗം കഴിഞ്ഞപ്പോഴേക്കും ജനങ്ങള്‍ സീസറിനെ ഓര്‍ത്ത് കരയുകയും ബ്രൂട്ടസിനും സംഘത്തിനും എതിരെ തിരിയുകയും ചെയ്തു!)
പരിണാമ സിദ്ധാന്തത്തെ കൂടുതല്‍ ഉറപ്പിക്കുവാന്‍ ആധുനിക മോളിക്യുളാര്‍ ബയോളജി, കംപ്യൂട്ടര്‍ ടെക്നോളജി, ഇന്‍ഫോര്‍മേഷന്‍ തിയറികള്‍ തുടങ്ങിയ ആധുനിക ശാസ്ത്രവിഭാഗങ്ങളിലെ സംജ്ഞകള്‍ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചില വിവരണങ്ങള്‍ വളരെ വിസ്മയത്തോടെ നാം ശ്രദ്ധിക്കുന്നു. അത്യത്ഭുതകരമായ മനുഷ്യ നേത്രത്തിന്റെ സങ്കീര്‍ണ്ണത ചിത്രങ്ങളോടെ 16-)൦ പേജില്‍ വര്‍ണ്ണിക്കുന്നു.
‘പ്രകാശം നേത്രാന്തര പടല(Retina)ത്തില്‍ പതിക്കുന്നതും പിന്നീടത് ഒരു ഇലക്ട്രോണിക് ഇന്റര്‍ഫേസില്‍ കൂടി കടന്നു ഇലക്ട്രിക് സിഗ്നലുകള്‍ ആയി ഒപ്റ്റിക് നെര്വ്വുകള് വഴി തലച്ചോറില്‍ എത്തുന്ന കാര്യം’ വിശദമാക്കുന്നുണ്ട്. ഏകദേശം 12.5 കോടി ഫോട്ടോസേല്ലുകളില് നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഇലക്ട്രോണിക് ഇന്റര്‍ഫേസിലുള്ള ഇലക്ട്രോണിക് ഇന്റര്‍ഫേസിലുള്ള 30 ലക്ഷം ഗ്ലാന്ഗ്ലിയോണ് സെല്ലുകള്‍ പ്രോസസ് ചെയ്യുന്നു’(There are 3 million ganglion cells in the electronic interface gathering data from about 125 million photocells, Page 16).
നേത്രാന്തര പടല(Retina)ത്തിന് പിന്നില്‍ ജേക്കബ്സ് മെംബ്രന്സ് (Jacob’s Membrane) എന്നറിയപ്പെടുന്ന ഒരു സിരാവ്യൂഹപടലമുണ്ട്. വിവിധ ദൈര്‍ഘ്യവും പ്രകമ്പന നിരക്കുമുള്ള എട്ടു മുതല്‍ പത്ത് ദശ’ലക്ഷം വരെ ദണ്ഡുകളും കോണുകളും (Roads and Cones cells) ഈ പടലത്തില്‍ കാണപ്പെടുന്നു. ഓരോ ദണ്ഡും കോണും പ്രകാശ തരംഗത്തിലെ അതിന്റെതായ പ്രത്യേക പ്രകമ്പനത്തോട് കൂടി മാത്രം ട്യൂണ്‍ ചെയ്തിരിക്കുകയാണ്. പ്രകാശം നേത്രപടലത്തില്‍ പതിക്കുമ്പോള്‍ അതിലെ തരംഗ പ്രകമ്പനത്തിന് അനുയോജ്യമായ പ്രകമ്പന നിരക്കുള്ള ദണ്ഡുകളോടും കോണുകളോടും മാത്രം അതിന് സമ്പര്‍ക്കമുണ്ടാകുന്നു; മറ്റുള്ളവയെല്ലാം ഉദാസീനമായി നിലകൊള്ളുന്നു. നിറങ്ങളായി നമുക്കനുഭവപ്പെടുന്നത് പ്രകാശത്തിന്റെ പ്രകമ്പനനിരക്കുകളുടെ ഏറ്റക്കുറച്ചിലാണ്.
ഒരിക്കല്‍ അദ്ദേഹത്തിന്റെ പഞ്ഞിമരത്തില്‍ നിന്ന് പഞ്ഞിക്കായ് പൊട്ടി പഞ്ഞിക്കുരുക്കള്‍ താഴോട്ടു പ്രവഹിക്കുന്നത് അദ്ദേഹം കണ്ടു. തന്റെ ഗ്രന്ഥത്തിന്റെ അഞ്ചാം അദ്ധ്യായത്തില്‍ ആ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്:
“മഴ പെയ്യുന്നത് പോലെ പുറത്തു D.N.A. ചൊരിയുന്നു. ഒരു പുതിയ പഞ്ഞി വൃക്ഷം നിര്‍മ്മിക്കാനുള്ള ജനിതക നിര്‍ദ്ദേശങ്ങള്‍ D.N.A. കോഡില്‍ ആ കുരുക്കളില്‍ അടങ്ങിയിരിക്കുന്നു. അടുത്ത തലമുറയിലെ പഞ്ഞി വൃക്ഷത്തിനുണ്ടായിരിക്കേണ്ട എല്ലാ ഗുണ വിശേഷങ്ങളോടും കൂടി മാതൃവൃക്ഷത്തില്‍ നിന്നും പകര്‍ന്നു കിട്ടിയ പ്രോഗ്രാമുകള്‍, അല്‍ഗോരിതങ്ങളാണ് അവ. ഇത് ആലങ്കാരികമായി വര്ണ്ണിക്കുന്നതല്ല, പച്ചയായ സത്യമാണ്. ഫ്ലോപ്പി ഡിസ്കുകള്‍ പൊഴിയുന്നു എന്ന് പറയുന്നതാണ് മനസ്സിലാക്കാന്‍ എളുപ്പമായിട്ടുള്ളത്”. (The Blind Watch maker, p.111)
ഒരു പ്രോഗ്രാമര്‍ ഇല്ലാതെ പ്രോഗ്രാം ഉണ്ടാവുകയില്ലെന്നു നമുക്കറിയാം. ഇനിയും ജീവജാലങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ഇന്ഫോമേഷനെ (Information) കുറിച്ച് അദ്ദേഹം വിവരിക്കുന്നത് ശ്രദ്ധിക്കാം.
“ജീനിലുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ഡിജിറ്റലാണ്. എന്നാല്‍ മറ്റൊന്ന് അതായത് മറ്റൊരു ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി അനലോഗസിസ്റ്റമാണ്. സാധാരണ കാണുന്ന ഗ്രാമഫോണ്‍ റിക്കോഡിലെ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി അനലോഗാണ്.” (p.112)
മറ്റൊരു ഭാഗത്ത് ഇങ്ങനെ പറയുന്നു: “ഒന്നാം അധ്യായത്തിന്റെ അവസാന ഭാഗത്ത് ഞാന്‍ സൂചിപ്പിച്ചത് പോലെ മനുഷ്യശരീരത്തിലെ ഒരു കോശത്തില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്ന 30 വോള്യമുള്ള ഗ്രന്ഥസമുച്ചയത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇന്‍ഫോര്‍മേഷന്‍ സൃഷ്ടിക്കുവാന്‍ കഴിയും. ഒരു പഞ്ഞിക്കുരുവിലോ ഉറുമ്പിലോ എന്തുമാത്രം ഇന്‍ഫോര്‍മേഷന്‍ ഉണ്ടായിരിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. ഏതായാലും മനുഷ്യകോശത്തില്‍ ഉള്ളതിലും ഒട്ടും കുറവായിരിക്കില്ല. ഒരു ആമ്പല്‍ ചെടിയുടെ വിത്തിലും ഉടുമ്പിന്റെ ബീജത്തിലും എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 60 ഇരട്ടി ഇന്‍ഫോര്‍മേഷന്‍ D.N.A. ഭാഷയില്‍ സൂക്ഷിക്കുവാന്‍ സാധ്യതയുണ്ട്. വളരെ പ്രാകൃതമെന്നു കരുതുന്ന അഥവാ പ്രാഥമികമെന്നു കരുതുന്ന അമീബായുടെ D.N.A. യില്‍ ആയിരം എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ അടങ്ങിയിരിക്കുന്ന ഇന്‍ഫോര്‍മേഷനുണ്ട്.”
“അത്യത്ഭുതകരമായ വസ്തുത, മനുഷ്യശരീരത്തിലെ ഒരു കോശത്തിലങ്ങിയ ഇന്‍ഫോര്‍മേഷന്റെ ഒരു ശതമാനമേ യഥാര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നുള്ളൂ. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഒരു വാല്യത്തിന് തുല്യമായ ഇന്ഫോര്മേഷനാണിത്.”
“ഓരോ ജീവകോശവും(ഒരു ബാക്ടീരിയയുടെ കോശം പോലും) ഒരു അതിബൃഹത്തായ കെമിക്കല്‍ ഫാക്ടറിയാണ്.” (Page 120)
“ഒരു മൊട്ടുസൂചിയുടെ തലപ്പത്ത് ഒരു കോടി ബാക്ടീരിയകള്‍ക്ക് ഇരിയ്ക്കുവാനുള്ള സ്ഥലമുണ്ട്.”
ഇങ്ങനെ, നമ്മെ അത്ഭുതസ്ഥബ്ദരാക്കുന്ന അനേകം പ്രസ്താവനകള്‍ ഡോക്കിന്‍സ് തന്റെ ഗ്രന്ഥത്തില്‍ ചെയ്യുന്നുണ്ട്. അദ്ദേഹം D.N.A.യെക്കുറിച്ച് എഴുതുന്നതെല്ലാം കമ്പ്യൂട്ടര്‍ ഭാഷാശൈലിയിലാണ്. ബാക്റ്റീരിയ മുതല്‍ മനുഷ്യന് വരെയുള്ള ജീവജാലങ്ങളിലെല്ലാം D.N.A. ഭാഷയില്‍ ഡിജിറ്റല്‍ ഇന്‍ഫോര്‍മേഷന്‍ സ്റ്റോര്‍ ചെയ്തിരിക്കുന്നു. അത് ആവശ്യാനുസരണം പുറത്തെടുക്കുവാനും ഈ ഫാക്ടറിയുടെ ശരിപ്പകര്‍പ്പ് സൃഷ്ടിക്കാനുമുള്ള കഴിവ് ബാക്ടീരിയായുടെ സോഫ്റ്റ്വെയറിനുണ്ട്. അതായത്, ഓരോ ജീവിയുടെയും മുട്ട, ഭ്രൂണം, കോശം, വിത്ത് എന്നിവയിലടങ്ങിയിരിക്കുന്ന ഇന്‍ഫോര്‍മേഷന്റെ (സോഫ്റ്റ്വെയര്) കാരണക്കാരന്‍ “പ്രകൃതി നിര്‍ദ്ധാരണം” എന്ന “അന്ധനായ ഘടികാരനിര്‍മ്മാതാവാണ് എന്ന് സമര്‍ത്ഥിക്കുവാന്‍” പ്രൊഫസ്സറെ പ്രേരിപ്പിക്കുന്ന യുക്തി തന്റെ ഗ്രന്ഥത്തിന്റെ 270-)൦ പേജില്‍ വിശദീകരിക്കുന്നുണ്ട്.
“എല്ലാ മൃഗങ്ങളും സസ്യങ്ങളും തമ്മില്‍ ബാഹ്യമായി വളരെ വലിയ അന്തരമുണ്ട്. എന്നാല്‍ തന്മാത്രകളുടെ അടിസ്ഥാനത്തില്‍ അവയെല്ലാം ഒന്നുപോലെയാണ്; അതായാത്, അടിസ്ഥാനപരമായി വലിയ വ്യത്യസ്തത കാണുന്നില്ല. ഇത് വളരെ അത്ഭുതകരമായ ഒരു വസ്തുതയാണ്. ഇത് ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത് ജനിതക നിയമത്തി(Genetic Code)ലാണ്. മൂന്നു അക്ഷരങ്ങള്‍ ചേര്‍ന്ന് 64 D.N.A. വാക്കുകള്‍ (Words) ജനിത ഡിക്ഷണറിയില്‍ ഉണ്ട്. അവയ്ക്കൊരോന്നിനും കൃത്യമായ പ്രോട്ടീന്‍ ഭാഷാ തര്ജ്ജിമയുണ്ട്. ആ വാക്കുകള്‍ ഓരോന്നും ഏതെങ്കിലും അമിനോ അമ്ലത്തെയോ വിരാമ ചിഹ്നത്തെയോ സൂചിപ്പിക്കുന്നു. സാധാരണ ഭാഷാപദങ്ങള്‍ക്ക് സഹജമായ അതായാത് സുനിശ്ചിതമായ അര്‍ത്ഥമില്ല. അതായത് ‘ഗൃഹം’ എന്ന വാക്കിന്റെ അര്‍ത്ഥം, പദശ്രവണത്തില്‍ ലഭിക്കുന്നില്ല. ഭാഷാപരിചയത്തില് സാങ്കേതികമായി ആ ആരോപിക്കപ്പെടുമ്പോഴാണ് അര്‍ത്ഥമുണ്ടാകുന്നത്. വ്യത്യസ്ത സാഹചര്യത്തില്‍ വ്യത്യസ്തവും വിഭിന്നവുമായ അര്‍ത്ഥം ലഭിക്കുന്നു. എന്നാല്‍, ഓരോ ജീവിയും തമ്മില്‍ത്തമ്മില്‍ എന്തെല്ലാം പ്രകടമായ വ്യത്യാസങ്ങള്‍ പ്രകടിപ്പിച്ചാലും അവയുടെ അടിസ്ഥാനഘടകമായ ജീനുകളുടെ ലെവലില്‍ ഒരേ ഭാഷ വിനിമയം ചെയ്യപ്പെടുന്നു. ജനിതക നിയമം (Genetic code) സാര്‍വ്വത്രികമാണ്. അതുകൊണ്ട് എല്ലാ ജീവികളും ഒരു ആദിമ പുരാതന ജീവിയില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് എന്ന് ഞാന്‍ കരുതുന്നു. ജനിതക നിയമം സാര്വ്വത്രികമാണെന്നുള്ളതാണ് നിഷേധിക്കാനാവാത്ത ഏറ്റവും വലിയ തെളിവ്. സുനിശ്ചിതമായ അര്‍ത്ഥം പ്രതിപാദിക്കാത്ത നിഘണ്ടു അര്‍ത്ഥ ഗ്രഹണത്തിന് സഹായിക്കാത്തത് കൊണ്ട് അതിന്റെ പകര്‍പ്പിന് മൂല്യമില്ല. ആറാം അധ്യായത്തില്‍ നാം കണ്ടത് പോലെ അടിസ്ഥാനപരമായ ജനിതക നിയമങ്ങള്‍ വേറെയുള്ള (വേറെ ഭാഷ സംസാരിക്കുന്ന) ജീവികള്‍ ഉണ്ടായിരുന്നേക്കാം. എന്നാല്‍ ഇന്ന് നമ്മുടെ കാലഘട്ടത്തില്‍ അങ്ങനെയുള്ള ജീവികള്‍ ഇല്ല. ഇന്ന് നിലവിലുള്ള എല്ലാ ജീവജാലങ്ങളും ഒറ്റ ആദിപൂര്വ്വികനില് നിന്നാണ് ഉരുത്തിഞ്ഞു വന്നിട്ടുള്ളത്. D.N.A. യുടെ നാലക്ഷരങ്ങള് കൂടിച്ചേര്‍ന്ന 64 മൂന്നക്ഷര വാക്കുകള്‍ അടങ്ങിയ ജനിത നിഘണ്ടു (Genetic code) ആ പൂര്‍വ്വികനില്‍ നിന്ന് അനന്തരാവകാശമായി (പാരമ്പര്യമായി) ലഭിച്ചു.”
ആ പേജില്‍ തന്നെ വീണ്ടും അദ്ദേഹം മറ്റു ചില കാര്യങ്ങള്‍ പറയുന്നു:
“ജനിതക തര്‍ജ്ജിമ സംവിധാനത്തിന്റെ ഉത്പന്നമാണ് പ്രോട്ടീന്‍ തന്മാത്രകള്. ഓരോ പ്രോട്ടീന്‍ തന്മാത്രയും ഒരു വാചകം പോലെയാണ്. നിഘണ്ടുവില്‍ കാണുന്ന അമിനോ അമ്ലങ്ങള്‍ ആകുന്ന വാക്കുകള്‍ ചേര്‍ന്ന് ഉണ്ടാകുന്ന പദസമൂഹമാണ് ഓരോ പ്രോട്ടീന്‍ വാചകവും. തര്‍ജ്ജിമ ചെയ്യപ്പെട്ട പ്രോട്ടീന്‍ ഭാഷയിലും ഈ വാചകങ്ങള്‍ നമുക്ക് വായിക്കാം. അതല്ലെങ്കില്‍ D.N.A. ഭാഷയുടെ ക്രമത്തിലും നമുക്ക് വായിക്കാം. ഒരേ നിഘണ്ടു പദങ്ങളാണ് എല്ലാ ജീവികളും ഉപയോഗിക്കുന്നതെങ്കിലും വ്യത്യസ്ത വാചകങ്ങളാണ് ഉപയോഗിക്കുന്നത്.” (Page.270)
പ്രൊഫ.ഡോക്കിന്‍സിന്റെ അഭിപ്രായത്തില്‍ അതിസങ്കീര്‍ണ്ണമായ നേത്രം, ജീവികളില്‍ ഉള്ള ഡിജിറ്റല്‍ ജനിതക വിവരം (Digital Genetic Information) അത് പ്രയോഗിക്കുവാന്‍ ഉയോഗിച്ചിരിക്കുന്ന ജനിതക ഭാഷകളായ D.N.A., R.N.A, പ്രോട്ടീന്‍, R.N.A. പ്രോട്ടീന്‍ ഡിക്ഷണറി, ജീവികളുടെ ഹാര്ഡ്വെയര്, സോഫ്റ്റ്വെയര് ഇവയെല്ലാം അടങ്ങിയ ബാക്റ്റീരിയകള്‍, ജന്തുക്കള്‍, സസ്യങ്ങള്‍, മനുഷ്യന്, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ എല്ലാം കാരണക്കാരന്‍ “പ്രകൃതി നിര്‍ദ്ധാരണം” എന്ന അന്ധനായ ഘടികാര നിര്‍മ്മാതാവാണ്.
സാമാന്യബുദ്ധി(Common sense)യുള്ള ഒരാള്‍ക്ക് ആ നിഗമനത്തില്‍ എത്താന്‍ സാധിക്കുമോ? ഒരിക്കലുമില്ല!!
ആധുനിക മനുഷ്യന് അനേക വിധ അത്ഭുത വസ്തുക്കള്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍ അവയെല്ലാം പ്രകൃതി വസ്തുക്കളുടെ (Living artefacts) അനുകരണങ്ങളും, വികലമായ രൂപമാതൃകകളുമാണെന്നുള്ളതാണ് സത്യം. ചില ഉദാഹരണങ്ങള്‍ നമുക്ക് നോക്കാം:
A B
1. ക്യാമറ 1. മനുഷ്യ നേത്രം
2. ജര്വിക്ക് കണ്ടുപിടിച്ച കൃത്രിമ ഹൃദയം 2. മനുഷ്യ ഹൃദയം
3. വിമാനം 3. പക്ഷി
4. റോബോട്ടുകള്‍ 4. മനുഷ്യന്
5. സിന്തറ്റിക് ജീന്‍ 5. ജീവകോശത്തിലെ ജീന്‍
6. കംപ്യൂട്ടര്‍ 6. മനുഷ്യ മസ്തിഷ്കം
7. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്ന ഗ്രന്ഥസമുച്ചയം, 7. കുടലിലെ (Intestine) Escherichia coli എന്ന ബാക്റ്റീരിയ
കോളം A യില്‍ കാണിച്ചിരിക്കുന്ന ജീവനില്ലാത്ത വസ്തുക്കള്‍ മനുഷ്യരുടെ അനേക വര്‍ഷത്തെ ചിന്തയുടെയും ബുദ്ധിയുടെയും ഗവേഷണത്തിന്റെയും അദ്ധ്വാനത്തിന്റെയും ഫലമായും കോളം B യിലെ ജീവനുള്ള വസ്തുക്കള്‍ കോടാനുകോടി വര്‍ഷത്തെ പരിണാമ ഫലമായി യാദൃശ്ചികമായി തനിയെ ഉണ്ടായി വന്നു എന്നുമാണ് പരിണാമ വാദികള്‍ അവകാശപ്പെടുന്നതും ഇന്ന് കുട്ടികളെ പഠിപ്പിക്കുന്നതും.
മേല്‍ പ്രസ്താവിച്ച വസ്തുക്കളെപ്പറ്റി ചിന്തിക്കുമ്പോള്‍ മനുഷ്യനിര്‍മ്മിത വസ്തുക്കളുടെ നിസ്സാരതയും പ്രകൃതി വസ്തുക്കളുടെ അചിന്ത്യമായ സങ്കീര്‍ണ്ണതയും പെട്ടെന്ന് വ്യക്തമാകും.
(1). നേത്രത്തിന്റെ പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കി വളരെ സൂക്ഷ്മമായ ചിന്തയുടെ ഫലമായി രൂപപ്പെടുത്തിയെടുത്ത ക്യാമറായ്ക്ക് മനുഷ്യ നേത്രത്തിന്റെ സങ്കീര്‍ണ്ണതയുടെ അടുത്തു വരാന്‍ പോലും കഴിയുകയില്ല.
(2). ഡോ. റോബര്‍ട്ട് ജാര്‍വിക്ക് 19 വര്‍ഷത്തെ ഗവേഷണത്തിന്റെയും 160 ലക്ഷം ഡോളര്‍ ചിലവിന്റെയും അടിസ്ഥാനത്തില്‍ കണ്ടുപിടിച്ച കൃത്രിമ ഹൃദയത്തിന് ഒന്നര വര്‍ഷത്തില്‍ കൂടുതല്‍ ഒരാളുടെ ജീവന് നില നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
(3). പക്ഷിയുടെ വൈദഗ്ദ്യം പ്രകടിപ്പിച്ചു സഞ്ചരിക്കുവാന്‍ കഴിയുന്ന വിമാനം നാളിതുവരെ കണ്ടെത്തിയിട്ടില്ല.
(4,5). മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീര്ണ്ണതയുള്ക്കൊള്ളുന്ന ഒരു കമ്പ്യൂട്ടറോ മനുഷ്യ ചേഷ്ടകളെ അനുകരിക്കാന്‍ കഴിയുന്ന റോബോട്ടുകളോ ഇല്ല.
(6). H.G. ഖുരാന എന്ന ശാസ്ത്രജ്ഞന് സിന്തറ്റിക് ജീന്‍ നിര്‍മ്മിച്ചത് ഇരുപത്തിനാല് ആളുകളുടെ സഹായത്തോടെ ഒന്‍പതു വര്‍ഷത്തെ നിരന്തരമായ അദ്ധ്വാനത്തിന്റെ ഫലമായിട്ടാണ്. എന്നാല്‍ പ്രകൃതിയിലെ കോടാനുകോടി ജീനുകളുടെ സങ്കീര്‍ണ്ണതയും നൈപുണ്യതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് അവഗണിക്കാവുന്ന വിധം നിസ്സാരമാണ്. ഈ കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് നോബല്‍ സമ്മാനവും ലഭിച്ചു.
(7). കുടലിലെ ഏകകോശജീവിയായ Escherichia coli എന്ന ബാക്ടീരിയ ഗവേഷണത്തിന് ഉപയോഗിക്കപ്പെടുന്നതാണ്. രണ്ട് മൈക്രോണ്‍ (2/1000 mm) നീളമുള്ള ആ ബാക്ടീരിയായില്‍ 100,000,000 Tera Bites (1 TB= 1000 Giga Bites) വസ്തുതകള്‍ അടങ്ങിയിട്ടുണ്ട് എന്ന് M. Bremermann എന്ന ശാസ്ത്രജ്ഞന് അഭിപ്രായപ്പെടുന്നു. അവ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്ന ഗ്രന്ഥത്തിന്റെ ആയിരം ലക്ഷം പേജുകളില്‍ അടങ്ങിയിരിക്കുന്ന വസ്തുതകള്‍ക്ക് തുല്യമാണ് എന്ന് പരിണാമവാദിയായ കാള്‍ സാഗന്‍ എന്ന ശാസ്ത്രജ്ഞന് തന്നെ അഭിപ്രായപ്പെടുന്നു.
കോളം A യിലെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്ക് സൂക്ഷ്മ ബുദ്ധിയും നിരന്തര ശ്രദ്ധയും കഠിനാദ്ധ്വാനവും ആവശ്യമാണെന്ന് നമുക്കറിയാം. അചേതന വസ്തുക്കളില്‍ ശാസ്ത്രീയ നിയമങ്ങള്‍ സന്നിവേശിപ്പിച്ച രൂപപ്പെടുത്തിയെടുത്ത അവയുടെ നിര്‍മ്മാണത്തിന് ബുദ്ധി പുറത്തുനിന്നു ഉപയോഗിച്ചിരിക്കുന്നു (They were made by imprinting extrinsic infomation on matter).
എന്നാല്‍ കോളം B-യിലെ വസ്തുക്കള്‍ ആന്തരിക പ്രചോദനത്തിലൂടെ സ്വയം നിര്‍ദ്ദേശിക്കപ്പെട്ടു രൂപം പ്രാപിക്കുന്നതാണ്. അതായത് മര്‍മ്മത്തില്‍ (Nucleus) സംഭൃതമായിരിക്കുന്ന നിര്‍ദ്ദേശങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്നതാണ് (Intrinsic information). അങ്ങനെ കോളം എ യിലെ വസ്തുക്കളുടെ നിര്‍മ്മിതിക്ക് ആന്തരികമായ ശാസ്ത്രീയ നിയമങ്ങള്‍ അത്യാവശ്യമാണ്. നിയമങ്ങളും വസ്തുക്കളും മാത്രമായാല്‍ ഒരു യന്ത്ര നിര്‍മ്മാണം നടക്കുകയില്ല. അതിന് സംവിധാന ശേഷിയുള്ള മനസ്സും കൂടി ആവശ്യമാണ്. എങ്കില്‍ വളരെയേറെ സങ്കീര്‍ണ്ണതയും പ്രത്യുത്പാദന ശേഷിയുമുള്ള കോളം B-യിലെ വസ്തുക്കളുടെ നിര്‍മ്മിതിക്ക് സര്‍വ്വ വിജ്ഞാനമുള്ള ഒരു മനസ്സ് അത്യാവശ്യമെന്നു വരുന്നു. തീര്‍ച്ചയായും സൃഷ്ടിയിലൂടെ സ്രഷ്ടാവിന്റെ ആവശ്യകത മനസ്സിലാക്കാം. സൃഷ്ടിയും സ്രഷ്ടാവും ഒന്നല്ലതാനും!
ഒരു ഗ്രന്ഥത്തിന്റെ കര്‍ത്താവിനെപ്പറ്റിയോ ഒരു യന്ത്രത്തിന്റെ സംവിധായകനെപ്പറ്റിയോ അതിന്റെ കാരണക്കാരന്‍ അദ്ദേഹമല്ല എന്ന് പറയുന്നത് ആ ഗ്രന്ഥകര്‍ത്താവിനെ അല്ലെങ്കില്‍ ആ സംവിധായകനെ അപമാനിക്കലാണ്. സര്‍വ്വചരാചരങ്ങളിലും ഈ മഹാപ്രപഞ്ചത്തിലും നാം കാണുന്ന എണ്ണമറ്റ നിയമങ്ങള്‍ സ്വയം ആവിര്‍ഭവിച്ചതാണെന്ന് വിചാരിക്കുന്നത് കടുത്ത യുക്തിഭംഗമാണ്. നിയമദാതാവില്ലാതെ നിയമങ്ങളില്ല.
തന്മാത്രാജീവശാസ്ത്ര(Molecular Biology)ത്തിന്റെ പഠനങ്ങള്‍, നിഗമനങ്ങള്‍ ആ സ്രഷ്ടാവിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ശാസ്ത്രാഭ്യസനത്തിലൂടെ ദൈവത്തെ കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും ആരാധിക്കുവാനും പ്രേരിതരാകേണ്ട കുട്ടികളെ നിരീശ്വരത്വത്തിലേക്കും മാനസികാരാജകത്വത്തിലേക്കും നയിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. പരിണാമം വഴിയാണ് ദൈവം സൃഷ്ടി നടത്തിയതെന്ന് കരുതുന്ന ചിലരുണ്ട് (Thiestic Evolution). അവര്‍ക്ക് ദൈവത്തെക്കുറിച്ചോ പരിണാമത്തെക്കുറിച്ചോ ഒന്നും അറിഞ്ഞുകൂടാ എന്നതാണ് സത്യം!
സാക്ഷരത പൂര്ണ്ണമായിക്കഴിഞ്ഞുവെന്ന് അഭിമാനിക്കുന്ന കേരളീയരായ നാം നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പരിണാമസിദ്ധാന്തം ഇന്നും ഒരു തെളിയിക്കപ്പെട്ട വസ്തുതയായി അംഗീകരിച്ചു പഠിപ്പിച്ചു വരികയാണ്. റഷ്യയില്‍ പോലും മാറ്റത്തിന്റെ കൊടുങ്കാറ്റില്‍ കഴിഞ്ഞ കാലത്തെ അബദ്ധങ്ങള്‍ തിരുത്തപ്പെട്ടു കൊണ്ടിരിക്കെ നാം ഇന്നും നൂറ്റാണ്ടു പുറകിലാകുന്നത് കഷ്ടതരമാണ്. സൃഷ്ടിവാദത്തെക്കുറിച്ച് ഗൌരവപൂര്‍വ്വം ചിന്തിക്കാന്‍ റഷ്യന്‍ ശാസ്ത്രജ്ഞന്മാര് സംഘടിച്ചിരിക്കുന്നു. അഭ്യൂഹങ്ങളില്‍ വേരുറച്ചു നില്ക്കുന്ന പരിണാമ സിദ്ധാന്തം സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ തങ്ങളുടെ സ്രഷ്ടാവിനെ പരോക്ഷമായി അവഹേളിക്കുകയാണ് ചെയ്യുന്നതെന്നോര്‍ക്കുക.
Recent Posts
- ഫാദര്‍ ഗ്രിഗർ മെൻഡൽ എന്ന സൃഷ്ടിവാദി…
- സനാതന സംസ്കാരത്തിന്റെ അകവും പുറവും (ഭാഗം-1)
- പരിണാമങ്ങളുടെ പ്രോബബിലിറ്റിയും ക്യുമുലേറ്റിവ് സെലക്ഷനും (Cumulative Selection)
- നാസ്തികരോടും പരിണാമ മതക്കാരോടും ഒരു ചെറിയ വെല്ലുവിളി…
- ബലാത്സംഗത്തിന്റെ പരിണാമ ന്യായീകരണം!!
- ശാസ്ത്രലോകത്തിന് ബൈബിള്‍ വിശ്വാസികളുടെ സംഭാവനകള്‍
- സ്വന്തം മകളെ വില്ക്കാന് ബൈബിളിലെ ദൈവം കല്പ്പിക്കുന്നുവോ?
- നമ്മുടെ കാലത്തെ എട്ടുകാലി മമ്മൂഞ്ഞുകള്‍…
- പ്രൊഫ.സി.രവിചന്ദ്രനും കൂട്ടരും സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും പിന്മാറിയതെന്തുകൊണ്ട്?
- യുക്തിവാദ പഠനകേന്ദ്രവും സാക്ഷിയും തമ്മില്‍ നടന്ന കത്തിടപാടുകള്‍
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-2)
- ആധുനിക ഭാരതം മിഷണറിമാരുടെ സൃഷ്ടി (ഭാഗം-1)
- വിശുദ്ധ സിപ്രിയാന്റെ വിചാരണയും രക്തസാക്ഷിത്വവും
- യേശു ക്രിസ്തു, ചരിത്രമോ കെട്ടുകഥയോ? (രണ്ടാം ഭാഗം)
- സൃഷ്ടിപ്പിന്റെ വിവരണം, ബൈബിളില്‍ വൈരുദ്ധ്യമുണ്ടോ?