ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത (Irreducible Complexity); പരിണാമവാദികളുടെ പേടി സ്വപ്നം!

 

ബ്രദര്‍.എ.കെ.സ്കറിയ, കോട്ടയം

 

ഡാര്‍വിന്‍റെ ഗ്രന്ഥമായ ‘ജീവജാലങ്ങളുടെ ഉല്‍പ്പത്തി’ (Origin of Species) പ്രസിദ്ധീകരിച്ചതിന്‍റെ ശതാബ്ദി ആഘോഷിച്ച വേളയില്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ലോകത്തിലെ പല രാജ്യങ്ങളിലെ പരിണാമവാദികളായ ശാസ്ത്രജ്ഞന്മാര്‍ ഒത്തുചേര്‍ന്നു സമ്മേളനങ്ങളും ചര്‍ച്ചകളും നടത്തി. യുനെസ്കോയുടെ ആദ്യത്തെ ഡയറക്ടര്‍ ആയിരുന്ന സര്‍ ജൂലിയന്‍ ഹക്സിലി മുഖ്യ പ്രഭാഷണം (Keynote adress) നടത്തി. അദ്ദേഹം പ്രസ്താവിച്ചു “പരിണാമപരമായ ചിന്താപദ്ധതികളില്‍ പ്രകൃത്യാതീതമായ കാരണഭൂതന്‍റെ സ്ഥാനമോ ആവശ്യകതയോ ഇല്ല. ഭൂമി ഒരിക്കലും സൃഷ്ടിക്കപ്പെട്ടതല്ല. അത് പരിണമിച്ചുണ്ടായതാണ്. അതുപോലെ ഭൂമിയില്‍ കാണുന്ന മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും പരിണമിച്ചുണ്ടായതാണ്. മനസ്സും ആത്മാവും ശരീരവും തലച്ചോറും എന്ന് വേണ്ട, മതങ്ങളും പരിണാമത്താലാണ്‌ ഉണ്ടായത്”  (During the Darwin Centennial Celebration in Chicago, Nov. 26,1959)

 

എത്ര അത്യാവേശമുള്ള വാക്കുകളാണ് ഉച്ചരിക്കപ്പെട്ടത്‌! ശാസ്ത്രലോകത്തില്‍ വരാന്‍ പോകുന്ന ചില സംഭവവികാസങ്ങളെക്കുറിച്ച് അറിയാന്‍ സാധിക്കുമായിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെയുള്ള പ്രസ്താവന ചെയ്യില്ലായിരുന്നു.

 

ആധുനിക സൃഷ്ടവാദം വിപ്ലവം ആരംഭിക്കുന്നത് ചെറിയ ഒരു തുടക്കത്തോടെയാണ്. ജലചലനശക്തി ശാസ്ത്രത്തില്‍ (Hydraulics) ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള പ്രോഫസ്സറായ ഡോ.ഹെന്‍ട്രി എം. മോറിസും വേദശാസ്ത്രജ്ഞനായ ജോണ്‍ സി. വിറ്റ്‌കോമ്പും ചേര്‍ന്ന് 1960- ല്‍ “ജെനസിസ് ഫ്ലഡ്” (The Genesis Flood) എന്ന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. ഈ ഗ്രന്ഥം അനേകം ദൈവവിശ്വാസികളായ ശാസ്ത്രജ്ഞന്‍മാരുടെ ശ്രദ്ധ പിടിച്ചു പറ്റി. അതിനുശേഷം ‘സൃഷ്ടിപ്പ്’ ആണ് ഉല്‍പ്പത്തിയുടെ കാരണമെന്ന് വിശ്വസിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ സംഘടിച്ചു ക്രിയേഷന്‍ റിസര്‍ച്ച് സൊസൈറ്റി 1964- ല്‍ രൂപീകരിച്ചു. പിന്നീട് നടന്ന സംഭവങ്ങള്‍ വിസ്തരഭയത്താല്‍ ചുരുക്കി പറയാം. ഈ സൃഷ്ടിവാദി ശാസ്ത്രജ്ഞന്മാര്‍ അമേരിക്കന്‍ ശാസ്ത്രലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇവര്‍ പരിണാമ സിദ്ധാന്തത്തിന് ശക്തമായ തിരിച്ചടി കൊടുത്തു. അമേരിക്കയിലെ പല സ്റ്റേറ്റകളിലും “ശാസ്ത്രീയ സൃഷ്ടിവാദ”ത്തിനു പ്രസക്തിയേറി. എന്നാല്‍ പരിണാമവാദികള്‍ ഇത് ക്രിസ്ത്യാനിത്വത്തിന്‍റെ മറ്റൊരു പതിപ്പാണ് എന്ന് ആരോപിച്ചു. അവര്‍ സൃഷ്ടിവാദവും മതവും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചു. എന്നാല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റികളില്‍ വാദപ്രതിവാദം നടന്നതെല്ലാം സൃഷ്ടിവാദികള്‍ക്ക്‌ അനുകൂലമായിരുന്നു. സൃഷ്ടിവാദത്തിനു വളരെ പ്രസക്തിയുണ്ടായ കാലഘട്ടമാണ് ഇന്ന്. എന്നാലും സ്കൂളുകളിലും കോളേജുകളിലും പരിണാമ സിദ്ധാന്തം ലോകത്തെല്ലായിടത്തും പഠിപ്പിക്കുന്നുണ്ട്.

 

പരിണാമസിദ്ധാന്തത്തിനേറ്റ ഏറ്റവും വലിയ പ്രഹരം പരിണാമവാദിയായിരുന്ന മോളിക്യുളര്‍ ബയോളജി ശാസ്ത്രജ്ഞന്‍ Dr. മിഖായേല്‍ ഡന്‍റന്‍റെ “പരിണാമം, പ്രതിസന്ധിയിലായ സിദ്ധാന്തം” (Evolution: A Theory in Crisis) എന്ന ഗ്രന്ഥമാണ്. ബാഹേ എന്ന മറ്റൊരു പ്രൊഫസ്സര്‍ ആ ഗ്രന്ഥം വായിച്ചതിനാല്‍ പരിണാമ സിദ്ധാന്തത്തില്‍ തനിക്കുണ്ടായിരുന്ന സംശയം വര്‍ദ്ധിക്കുവാനിടയായി. അതിന്‍റെ ഫലമായി തന്‍റെ പഠന മണ്ഡലമായ മൈക്രോബയോളജിയിലെ പല വസ്തുതകളും പരിണാമസിദ്ധാന്തത്തിന് എതിരാണെന്നു അദ്ദേഹം തന്‍റെ “ഡാര്‍വിന്‍റെ കറുത്ത പെട്ടി” (Darwin’s Black Box) എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചു. ശാസ്ത്ര ലോകത്ത് വളരെ കോളിളക്കം സൃഷ്ടിക്കുകയും പരിണാമവാദികള്‍ക്കിടയില്‍ ഒട്ടേറെ അങ്കലാപ്പുകള്‍ ഉണ്ടാക്കുകയും ചെയ്ത ഗ്രന്ഥമാണ് Darwin’s Black Box. പ്രൊഫസ്സര്‍ ബാഹെയുടെ വിപ്ലവകരമായ ആശയം “ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത” (Irreducible Complexity) എന്നതാണ്. ജീവന്‍റെ അടിസ്ഥാന യൂണിറ്റായ കോശത്തെക്കുറിച്ച് ഡാര്‍വിന് വലിയ അറിവില്ലായിരുന്നു. കാരണം, അദ്ദേഹത്തിന് കോശത്തില്‍ നടക്കുന്ന റിയാക്ഷന്‍സിന്‍റെ കെമിസ്ട്രി പിടികിട്ടിയിരുന്നില്ല. അദ്ദേഹത്തിന്‍റെ കാലത്ത് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് കണ്ടുപിടിച്ചിരുന്നില്ലാത്തത് കൊണ്ട് അന്ന് കോശം ഒരു “കറുത്ത പെട്ടി” (Black Box) തന്നെ ആയിരുന്നു. എന്നാല്‍ ഇന്ന് മോളിക്യുളര്‍ ബയോളജി എന്ന പഠന ശാഖ വികസിച്ചതോടെ കോശത്തിലെ സങ്കീര്‍ണതകള്‍ ശാസ്ത്രലോകത്തിന് മനസ്സിലായി വരുന്നു. ബാഹേ തന്‍റെ ഗ്രന്ഥത്തില്‍ ജീവ ലോകത്തിലെ പല ഘടനകളെ (Structure) കുറിച്ചും നടപടി ക്രമങ്ങളെ (Process) കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവയില്‍ എല്ലാം “ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത” വളരെ വ്യക്തമായി അദ്ദേഹം വിശദീകരിച്ചു. ഈ സങ്കീര്‍ണ്ണത സൃഷ്ടിക്കപ്പെടണമെങ്കില്‍ ഒരു ബുദ്ധി സംവിധാനത്തിന്‍റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി. ഈ ഗ്രന്ഥം ഇന്നും ശാസ്ത്രലോകത്ത് വളരെ ചലനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹം പരിണാമവാദത്തിന്‍റെ പൊള്ളത്തരം സുന്ദരമായി തുറന്നു കാണിച്ചിട്ടുണ്ട്. പ്രൊഫസര്‍ ബാഹേ ശാസ്ത്രലോകത്തില്‍ അവതരിപ്പിച്ച രണ്ടാശയങ്ങളാണ് ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണതയും ബുദ്ധിസംവിധാനവും (Irreducible Complexity and Intelligent Design). അദ്ദേഹത്തിന്‍റെ കൂടെ അനേകം പുസ്തകങ്ങള്‍ എഴുതി പരിണാമവാദത്തിന് ക്ഷതം ഏല്‍പ്പിച്ച പ്രസിദ്ധ നിയമജ്ഞനായ പ്രൊഫ. ഫിലിപ്പ്‌ ഇ. ജോണ്‍സണും ചേര്‍ന്നു. ജോണ്‍സണ്‍ തന്‍റെ മൂര്‍ച്ചയുള്ള യുക്തിവാദങ്ങള്‍ കൊണ്ട് പരിണാമസിദ്ധാന്തത്തിന്‍റെ പൊള്ളത്തരം തുറന്നു കാണിച്ചു കൊണ്ടിരുന്നു. ഇവര്‍ യാതൊരു മതത്തേയും  തങ്ങളുടെ വാദപ്രതിവാദങ്ങളില്‍ (Debates) പരാമര്‍ശിക്കുന്നില്ല. ബാഹേയുടെ ഗ്രന്ഥത്തിലെ അനേകം ഉദാഹരണങ്ങളില്‍ ചിലത് പരാമര്‍ശിക്കാം:

 

ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത

 

ലഘൂകരിക്കാനാകത്ത സങ്കീര്‍ണ്ണതയുള്ള മെക്കാനിസത്തില്‍ അനേക ഭാഗങ്ങള്‍ (Parts) ഉണ്ടായിരിക്കണം. അവയെല്ലാം ഒന്നിച്ചു കൊണ്ടുവന്നു കൃത്യമായി സംയോജിപ്പിച്ച് ഫിറ്റ്‌ ചെയ്താലേ പ്രയോജനമുള്ള പ്രവര്‍ത്തനം കാഴ്ച്ചവെക്കൂ. ഇതിന് ഒരു ബുദ്ധിവൈഭവമുള്ള വ്യക്തി (Intelligent Designer)യുടെ പ്രവര്‍ത്തനം കൂടിയേ മതിയാകൂ. എന്നാല്‍ ആ മെക്കാനിസത്തില്‍ നിന്നും ഒരു പാര്‍ട്ട് എടുത്തു മാറ്റിയാല്‍ ആ സിസ്റ്റം അല്ലെങ്കില്‍ സ്ട്രക്ചര്‍ പ്രയോജനരഹിതമായി പോകുന്നു. അങ്ങനെയുള്ള വസ്തുക്കളില്‍ നാം ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത ദര്‍ശിക്കുന്നു. അങ്ങനെയുള്ള ഘടന(system) ആരംഭത്തില്‍ തന്നെ സമ്പൂര്‍ണ്ണമായിരിക്കണം, അല്ലെങ്കില്‍ അത് പ്രവര്‍ത്തിക്കില്ല. പ്രകൃതിപര തിരഞ്ഞെടുപ്പ് (Natural Selection) അവയെ ഉന്മൂലനാശം (eliminate) ചെയ്യും. ഒരു ലഘുവായ, ഇടയ്ക്കു നില്‍ക്കുന്ന അവസ്ഥ (simpler, intermediate stage or stages) അവസ്ഥ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുകയില്ല. അതായത് ഒരു അവയവും പോലും മുഴുവന്‍ ഭാഗങ്ങളും ഇല്ലാതെ ഡാര്‍വിന്‍ പറയുന്നത് മാതിരി പരിണമിച്ചുണ്ടാകാന്‍ സാധിക്കില്ല. അതായത് പത്തു ശതമാനം കണ്ണ് പരിണമിച്ചുണ്ടാകുന്നു, പിന്നീട് പതിനഞ്ചു ശതമാനം കണ്ണ് പരിണമിച്ചുണ്ടാകുന്നു, ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പിന്നെയും പരിണമിച്ച് അമ്പത് ശതമാനം കണ്ണ് രൂപപ്പെടുന്നു, പിന്നെയും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞ് നൂറുശതമാനം സമ്പൂര്‍ണ്ണതയുള്ള കണ്ണ് ഉരുത്തിരിഞ്ഞുണ്ടാകാന്‍ സാധിക്കില്ല!! “ലഘൂകരിക്കാന്‍ പാടില്ലാത്ത സങ്കീര്‍ണ്ണത” ഒരിക്കലും കുറേശ്ശെ കുറേശ്ശെയായി പരിണാമത്തിലൂടെ രൂപപ്പെടുവാന്‍ സാധിക്കില്ല. ഒരു ബുദ്ധിജീവിക്ക് മാത്രമേ മുന്‍കൂട്ടി പ്ലാന്‍ ചെയ്തു അനേക ഭാഗങ്ങള്‍ ഒന്നിച്ചു ഘടിപ്പിച്ചു അങ്ങനെയുള്ള മെക്കാനിസം സൃഷ്ടിക്കാന്‍ കഴിയൂ. പരിണാമസിദ്ധാന്തത്തിന് ഏറ്റവും വലിയ പ്രഹരം ബാഹേ ചെയ്തു. ഒരു അതീവ ബുദ്ധിശക്തിയുള്ള സംവിധായകന്‍റെ അത്യാവശ്യകത Irreducible Complexity തെളിയിക്കുന്നു.

 

ലഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണത ജീവകോശത്തിലെ ഇലക്ട്രിക് മോട്ടോറില്‍ കാണാം. ചാള്‍സ് ഡാര്‍വിന് ഈ കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കില്‍ പരിണാമസിദ്ധാന്തം എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുകയില്ലായിരുന്നു. ഡാര്‍വിന്‍റെ ‘കറുത്ത പെട്ടി’യായിരുന്ന കോശം നമ്മുടെ ഇന്നത്തെ കമ്പ്യൂട്ടറിനേക്കാള്‍ സങ്കീര്‍ണ്ണമാണ്. കംപ്യൂട്ടറിന് തന്നെപ്പോലെ മറ്റൊരു കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാനുള്ള കഴിവില്ലല്ലോ, എന്നാല്‍ ജീവകോശം 20 മുതല്‍ 40 മിനുട്ട് കൊണ്ട് മറ്റൊരു തനിപ്പകര്‍പ്പ് നിര്‍മ്മിക്കുന്നു. ഒരു അതീവ ബുദ്ധിശക്തിയുള്ള ഒരു സംവിധായകന്‍റെ ആവശ്യകത ബോധ്യപ്പെടുവാന്‍ ഈ ഗ്രന്ഥം വളരെ സഹായിക്കുന്നു.

 

മറ്റൊരു ഘൂകരിക്കാനാകാത്ത സങ്കീര്‍ണ്ണതയുടെ ഉദാഹരണം കൂടി നോക്കാം. നമ്മുടെ ശരീരത്തിലെ ഒരു കോശത്തിന്‍റെ വലുപ്പം ഏകദേശം 10 മൈക്രോണ്‍ ആണ്. കോശം ഒരു ‘വലിയ’ ഫാക്ടറിപോലെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അതിലെ മൈറ്റോകോണ്‍ട്രിയ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പവ്വര്‍ ഹൗസ്‌ ആണ്. ഒരു കോശത്തില്‍ തന്നെ അനേകം പവര്‍ ഹൌസുകള്‍ ഉണ്ട്. ഓരോ മൈറ്റോകോണ്‍ട്രിയയും “അഡ്നോസിന്‍ ട്രൈ ഫോസ്ഫേറ്റ്” എന്ന കെമിക്കല്‍ മോളിക്യൂളുകള്‍ നിര്‍മ്മിക്കുന്നുണ്ട്. “ലോകത്തിലെ ഏറ്റവും ചെറിയ ജീവമോട്ടോര്‍” ആണ് കോശത്തിലെ പവര്‍ ഹൌസുകളില്‍ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നത്‌. ആ ജീവ മോട്ടോറിനെക്കുറിച്ചുള്ള ചില കാര്യങ്ങളും അതിന്‍റെ പ്രവര്‍ത്തനവും താഴെ കൊടുക്കുന്നു:

 

ലോകത്തിലെ ഏറ്റവും ചെറിയ ജീവമോട്ടോര്‍

(The Motor of Life)

 

ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ മോട്ടോറാണിത്. നിങ്ങള്‍ ചിന്തിക്കുമ്പോഴും നടക്കുമ്പോഴും ഡിന്നര്‍ കഴിക്കുമ്പോഴും ദഹിക്കുമ്പോഴും ഈ മോട്ടോറുകള്‍ കറങ്ങി ഓരോ സെല്ലിനും രാസഊര്‍ജ്ജം എത്തിച്ചു കൊടുക്കുന്നു. നമ്മുടെ ശരീരത്തില്‍ ഏകദേശം 100 ലക്ഷം കോടി വിവിധ തരം കോശങ്ങള്‍ ഉണ്ട്. നമ്മുടെ ഒരു കോശത്തിന്‍റെ വലുപ്പം ഏകദേശം 10 മൈക്രോണ്‍. കോശത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് ന്യൂക്ലിയസ്. അതിനുചുറ്റുമുള്ള സൈറ്റോപ്ലാസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളായ മൈറ്റോക്കോണ്‍ഡ്രിയനുകള്‍. അവ ജീവകോശത്തിന്‍റെ പവര്‍ഹൌസുകള്‍ ആണ്. ഇരട്ടസ്തരം കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള, അണ്ഡാകൃതിയിലോ അല്‍പംകൂടി നീണ്ട ആകൃതിയിലോ ഈ ചെറുകണികകള്‍ ജൈവപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം സംഭരിക്കുകയും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും വേണ്ട ഊര്‍ജ്ജം നിരന്തരം ഉല്‍പ്പാദിപ്പിക്കുകയും ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ശ്രമാവഹമായ ജോലി നിര്‍വ്വഹിക്കുന്നത് അവയുടെ കോശങ്ങളില്‍ ഉള്ള മൈറ്റോ കോണ്‍ഡ്രിയകള്‍ ആണ്. മൈറ്റോക്കോണ്‍ഡ്രിയകളില്‍ ആണ് ഈ ജീവമോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ശരീരത്തില്‍ ഏകദേശം നൂറ് കോടി കോടി (10,000,000,000,000,000) മോട്ടോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മോട്ടോറിന്‍റെ പേര് ATP സിന്തേസ് എന്‍സൈം എന്നാണ്.

 

ഒരു മൊട്ടുസൂചിയുടെ തലയുടെ രണ്ട് ലക്ഷത്തിന്‍റെ ഒരു ഭാഗം വലിപ്പമേ ഈ മോട്ടോറിനുള്ളൂ (This miniature motor is 200,000 times smaller than a pinhead). മോട്ടോര്‍ മിനിറ്റില്‍ 6000 പ്രാവശ്യം കറങ്ങുന്നു. ജീവലോകത്തിലെ ഊര്‍ജ്ജത്തിന്‍റെ നാണയം ATP ആണ്.

 

ബാക്റ്റീരിയ, സസ്യങ്ങള്‍, മൃഗങ്ങളിലെല്ലാം ATP സിന്തേസ് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നു. ഈ മോട്ടോറിന്‍റെ പ്രവര്‍ത്തന രീതിയും ഘടനയും ലോകത്തിനു വെളിപ്പെടുത്തിയ ഇംഗ്ലണ്ടിലെ ജോണ്‍ വാക്കര്‍ക്കും അമേരിക്കയിലെ പോള്‍ ബെയര്‍ക്കും 1997-ല്‍ നോബല്‍ സമ്മാനം ലഭിച്ചു. ജോണ്‍ വാക്കറും സഹപ്രവര്‍ത്തകരും 20 വര്‍ഷത്തെ ശ്രമഫലമായാണ് ഈ മോട്ടോറിന്‍റെ ഘടന മനസ്സിലാക്കിയത്. 1997-ല്‍ ജപ്പാന്‍കാരനായ യോശിദാ ഫ്ലൂറസന്‍റ് ഫിലമെന്‍റ് (Fluorescent filament) ഘടിപ്പിച്ചപ്പോള്‍ മൈക്രോസ്കോപ്പില്‍ മോട്ടോര്‍ സ്പിന്‍ ചെയ്യുന്നത് കാണാന്‍ സാധിച്ചു.

 

ജീവലോകത്തിന്‍റെ ഏറ്റവും സങ്കീര്‍ണ്ണമായ മോളിക്ക്യൂളുകളില്‍ പ്രധാനപ്പെട്ടാ ഒന്നാണ് ATP സിന്തേസ് മോട്ടോര്‍. ATP വിഘടനം നടത്തിയാല്‍ രാസ ഊര്‍ജ്ജവും ADP യും കിട്ടുന്നു. ADP യോടുകൂടി ഫോസ്ഫെറിക്‌ ആസിഡും ചേര്‍ന്ന് ATP നിര്‍മ്മിക്കുന്നു. ഇതൊരു ചാക്രികമായ പ്രവര്‍ത്തനമാണ്.

 

മൈറ്റോകോണ്‍ട്രിയത്തിന്‍റെ സ്തരത്തില്‍ ATP സിന്തേസ് മോട്ടോറിന്‍റെ കറങ്ങുന്ന ഭാഗങ്ങള്‍ കുഴിച്ചിടപ്പെട്ടിരിക്കുന്നു. ഓരോ കോശങ്ങളിലും നൂറ് കണക്കിന് എന്‍സൈമുകള്‍ ഉണ്ട്. കറങ്ങുന്ന ചക്രം പ്രോട്ടീന്‍റെ സബ്‌ യൂണിറ്റുകള്‍ ചേര്‍ന്നതാണ്. ചക്രം കറങ്ങുന്നതുകൊണ്ട് ചക്രത്തില്‍ നിന്നുള്ള ഗാമാ പ്രോട്ടീന്‍ സബ്‌ യൂണിറ്റ് (bent axle) തിരിയുന്നു. ഗാമാ പ്രോട്ടീന്‍റെ മറുവശത്തു ആറ്‌ തൊപ്പി പോലെ പ്രോട്ടീന്‍ സബ്‌ യൂണിറ്റുകള്‍ (3 ആല്‍ഫാ യൂണിറ്റുകളും 3 ബീറ്റാ യൂണിറ്റുകളും) ഉണ്ട്. അവ കറങ്ങുന്നില്ല, കോശസ്തരത്തോട് ശക്തമായി ഉറപ്പിച്ചിരിക്കുകയാണ്.

 

ADP തന്മാത്രയും ഫോസ്ഫേറ്റ് അയോണും തൊപ്പിയുടെ ബീറ്റ സബ് യൂണിറ്റില്‍ കയറി സംയോജിപ്പിക്കുന്നു. ഹൈഡ്രജന്‍ അയോണ്‍ മൈറ്റോകോണ്‍ട്രിയയിലൂടെ കയറി ചക്രത്തിന്‍റെ യൂണിറ്റിനെ കറക്കുന്നു. അതിനോട് ഘടിപ്പിച്ചിരിക്കുന്ന ഗാമ സബ് യൂണിറ്റ്, കേന്ദ്രത്തില്‍ നിന്നും തെറ്റിയ മാതിരി (turns eccentrically) കറങ്ങുന്നു. അത് ബീറ്റാ യൂണിറ്റിനെ ഞെരുക്കി ATP തന്മാത്രകളെ പുറത്തേക്ക് വിടുന്നു. ഒഴിഞ്ഞ ഭാഗത്തേക്ക് (അതായതു ബീറ്റാ യൂണിറ്റിലേക്ക്) വീണ്ടും ADP യും ഫോസ്ഫേറ്റും കയറുന്നു. ചക്രം ഒരു പ്രാവശ്യം കറങ്ങുമ്പോള്‍ 3 ATP തന്മാത്രകള്‍ ഉണ്ടാകുന്നു. സെക്കന്‍ഡില്‍ 100 പ്രാവശ്യം ചക്രം കറങ്ങുന്നു.

 

നമ്മുടെ ശരീരത്തില്‍ ഇങ്ങനെയുള്ള ജീവന്‍റെ മോട്ടോര്‍ കറങ്ങുന്നത് അവിശ്വസനീയമായ കാര്യമാണെന്നാണ് ഡോക്ടര്‍ വാക്കര്‍ പറയുന്നത്. എന്നാല്‍ എല്ലാ ജീവികളിലും (സസ്യങ്ങള്‍, ഫംഗസുകള്‍, ബാക്ടീരിയകള്‍) ഈ മോട്ടോര്‍ പ്രവര്‍ത്തിക്കുന്നു.

 

ഊര്‍ജ്ജകൈമാറ്റത്തിന്‍റെ മാധ്യമമാണ് ATP. അമര്‍ത്തപ്പെട്ട സ്പ്രിംഗ് അയച്ചു വിടുമ്പോള്‍ ഊര്‍ജ്ജം ലഭിക്കുന്നത് പോലെ ATP യുടെ ഉയര്‍ന്ന ഊര്‍ജ്ജവാഹിയായ ഫോസ്ഫേറ്റും തന്മാത്രകളില്‍ ഊര്‍ജ്ജം ശേഖരിക്കുന്നു.

 

ജീവജാലങ്ങളിലെല്ലാമുള്ള കോശങ്ങളില്‍ ഊര്‍ജ്ജം ലഭിക്കുന്നത് “അഡ്നോസിന്‍ ട്രൈ ഫോസ്ഫേറ്റ്” (Adenosin tiphosphete ATP) മോളിക്യൂളുകള്‍ വഴിയാണ്. ഈ ATP മോളിക്യൂളിനെക്കുറിച്ച് വിവരം നല്‍കിയ പല ശാസ്ത്രജ്ഞന്മാര്‍ക്കും 1953, 1957, 1978 എന്നീ വര്‍ഷങ്ങളില്‍ നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. “ധനതത്വശാസ്ത്രത്തില്‍ പണത്തിനുള്ള സ്ഥാനം പോലെ ജീവലോകത്തിലെ ഊര്‍ജ്ജത്തിന്‍റെ നാണയമാണ് ATP” (This molecule is to our bodies what money is to economics. It is the energy currency of life, with ATP you can run a cell or a country).

 

ജോണ്‍ വാക്കറുടെ അഭിപ്രായത്തില്‍:

 

“ഒരു ദിവസം നമ്മുടെ ശരീരഭാരത്തിന്‍റെ തുല്യമായ ATP നാം ഉത്പാദിപ്പിക്കുന്നു. നമ്മുടെ വിശ്രമ ദിവസത്തില്‍ ശരീര ഭാരത്തിന്‍റെ പകുതി ഭാരത്തിനു തുല്യമായ ATP നാം ഉത്പാദിപ്പിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു വ്യക്തി നല്ല കഠിനാദ്ധ്വാനം ചെയ്യുമ്പോള്‍ ഒരു ടണ്‍ ATP ഒരു ദിവസം ഉത്പാദിപ്പിക്കുന്നു”. Dr. ജോണ്‍ വാക്കറും സഹപ്രവര്‍ത്തകരും ഈ മോട്ടോറിനെ ശാസ്ത്രലോകത്ത് അവതരിപ്പിക്കാന്‍ 20 വര്‍ഷങ്ങള്‍ ഗവേഷണം നടത്തി. ATP സിന്തേസ് എന്‍സൈം ശരീരത്തിലെ മറ്റു ഏതു തന്മാത്രകളേക്കാളും സങ്കീര്‍ണ്ണവും വലിയതും ആണ്. ഓരോ എന്‍സൈമിലും 31 പ്രോട്ടീന്‍ തന്മാത്രകള്‍ ചേര്‍ന്നിട്ടുണ്ട്. അവയെല്ലാം ആയിരക്കണക്കിന് അമിനോ ആസിഡുകള്‍ സംയോജിച്ചു നിര്‍മ്മിക്കപ്പെട്ടതാണ്.

 

ഈ മോട്ടോറില്‍ നിന്നും ഏതെങ്കിലും ഒരു പ്രോട്ടീന്‍ മാറ്റിയാല്‍ മോട്ടോര്‍ പ്രവര്‍ത്തന രഹിതമാകും. അങ്ങനെയുള്ള ഒരു സംവിധാനം (System) തുടക്കത്തിലേ പൂര്‍ണ്ണമായി സംവിധാനം ചെയ്തു സംയോജിപ്പിച്ചാല്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അങ്ങനെയല്ല എങ്കില്‍ “പ്രകൃതി നിര്‍ദ്ധാരണം” ആ പകുതി മോട്ടോറിനെ ഉന്മൂലനം ചെയ്യും. അല്പം ലഘുവയതോള്‍ ഇടയ്ക്കു നില്‍ക്കുന്നതോ ആയ സ്ഥിതി നമുക്ക്‌ ഊഹിക്കാന്‍ പോലും സാധ്യമല്ല! ഇവിടെ പ്രൊഫ.ബാഹേയുടെ “ലഘൂകരിക്കാനാവാത്ത സങ്കീര്‍ണ്ണത” സ്പഷ്ടമായി കാണാം. അങ്ങനെയെങ്കില്‍ അതീവ ബുദ്ധിശക്തിയുള്ള ഒരു സംവിധായകന് മാത്രമേ ജീവലോകത്തിലെ ഈ അത്യത്ഭുതമായ ജീവ മോട്ടോറിനെ സൃഷ്ടിക്കാന്‍ സാധിക്കൂ. നമ്മുടെ ശരീരത്തിലുള്ള ജീന്‍ ആണ് ഈ മോട്ടോറിനാവശ്യമായ പ്രോട്ടീനെ നിര്‍മ്മിക്കുന്നത്. ഒരു മൊട്ടു സൂചിയേക്കാള്‍ സങ്കീര്‍ണ്ണമാണല്ലോ അതിനെ ഉത്പാദിപ്പിക്കുന്ന യന്ത്രം. അതുപോലെ ഈ മോട്ടോര്‍ ഉണ്ടാകുന്ന ജീന്‍ പ്രോഗ്രാം ചെയ്ത സ്രഷ്ടാവിന്‍റെ ജ്ഞാനം, ബുദ്ധി, കഴിവ്, ശക്തി എത്ര അവര്‍ണ്ണനീയമാണ്! മഹാനായ ദാവീദ്‌ അത്ഭുതംകൂറി സ്രഷ്ടാവിനോട്‌ പ്രാര്‍ത്ഥിക്കുന്നത് നമ്മുടെയും ആരാധനയകട്ടെ:

 

“നീയല്ലോ എന്‍റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചതു, എന്‍റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു; അതു എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ഞാന്‍ രഹസ്യത്തില്‍ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്‍റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല. ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്‍റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്‍റെ പുസ്തകത്തില്‍ എഴുതിയിരുന്നു; ദൈവമേ, നിന്‍റെ വിചാരങ്ങള്‍ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു! അവയെ എണ്ണിയാല്‍ മണലിനെക്കാള്‍ അധികം; ഞാന്‍ ഉണരുമ്പോള്‍ ഇനിയും ഞാന്‍ നിന്‍റെ അടുക്കല്‍ ഇരിക്കുന്നു” (സങ്കീ.139:13-19)