ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറല്ല!

പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിനെക്കുറിച്ചും ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചും നിരവധി സിദ്ധാന്തങ്ങള്‍ ലോകത്ത്‌ ഉണ്ടായിട്ടുണ്ട്. ചിലത് ലോകത്ത്‌ വന്‍ കോളിളക്കം ഉണ്ടായപ്പോള്‍ മറ്റു ചിലത് ആരാലും പരിഗണിക്കപ്പെടാതെ വന്നത് പോലെ തന്നെ പോകുകയും ചെയ്തു. ആദിയില്‍ ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം ആറ്‌ ദിവസങ്ങള്‍ കൊണ്ട് ഭൂമിയെ വാസയോഗ്യമാകുന്ന നിലയില്‍ മാറ്റിയെടുത്തു എന്നും ആറാം ദിവസം മനുഷ്യരെ സൃഷ്ടിച്ചതോടുകൂടി സൃഷ്ടികര്‍മ്മം നിര്‍ത്തി വെച്ചു എന്നുമുള്ള ബൈബിള്‍ പഠിപ്പിക്കലിനെ അംഗീകരിച്ചിരുന്നവര്‍ പോലും ചില സമയങ്ങളില്‍ മാനുഷികമായ സിദ്ധാന്തങ്ങളുടെ പ്രചുര പ്രചരണം കൊണ്ട് വഴിമാറി ചിന്തിക്കുവാന്‍ ഇടയായിട്ടുണ്ട് എന്ന് ക്രൈസ്തവ സഭാചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ കാണാന്‍ കഴിയും. മാനുഷിക സിദ്ധാന്തങ്ങളുമായി ഒത്തുതീര്‍പ്പ്‌ നടത്താന്‍ വേണ്ടി പലപ്പോഴും ദൈവവചനത്തിന്‍റെ ശക്തിയെ ത്യജിച്ചു കളയുന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വേദ വ്യാഖ്യാതാക്കളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ഒത്തുതീര്‍പ്പു സിദ്ധാന്തങ്ങള്‍ക്കൊന്നിനും വ്യക്തമായ ബൈബിള്‍ അടിത്തറയുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

ഡോ.അബു ഫരീദ്‌ റാമേ എഴുതിയ ‘ബൈബിള്‍ ആധികാരികമെന്ന് ശാസ്ത്രം തെളിയിക്കുന്നു’ എന്ന ഗ്രന്ഥത്തിന്‍റെ ഒരദ്ധ്യായം മുഴുവന്‍ ഇതുപോലെയുള്ള തിയറികളെ വിശകലനം ചെയ്യാന്‍ നീക്കി വെച്ചിട്ടുണ്ട്. ‘ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ല’ എന്നാണ് ആ അധ്യായത്തിന്‍റെ പേര്. ആ അധ്യായം താഴെ കൊടുക്കാം:

ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറല്ല!

പരിണാമ സിദ്ധാന്തത്തിന് ശാസ്ത്രജ്ഞന്‍മാരുടെ പിന്തുണ ലഭിക്കുന്നതിനു മുന്‍പ്‌ ബൈബിളിലെ ഉല്പത്തി പുസ്തകത്തിലുള്ള സൃഷ്ടി സംബന്ധമായ വിവരങ്ങള്‍ ക്രിസ്തീയ വിശ്വാസികള്‍ ആക്ഷരികമായി അംഗീകരിച്ചിരുന്നു.

ഭൂമിയുടെ പ്രായത്തെപ്പറ്റിയും ആറ്‌ ദിനം കൊണ്ട് ദൈവം സൃഷ്ടി നടത്തി എന്ന കാര്യത്തിലും ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. പക്ഷെ പിശാച് തന്‍റെ പഴയ തന്ത്രം വീണ്ടും ഉപയോഗിച്ചു: ദൈവ വചനത്തില്‍ സംശയം ജനിപ്പിച്ച് ദൈവജനത്തിന്‍റെ വിശ്വാസം തകര്‍ക്കുക. ഏദനില്‍ ഹവ്വയെ അവന്‍ ഇക്കാര്യം പറഞ്ഞു പറ്റിച്ചു. പക്ഷേ ഇന്നും അങ്ങനെ സംഭവിക്കേണ്ടതുണ്ടോ?

ഈ പ്രാവശ്യം പിശാച് ഒരു പുതിയ തന്ത്രം പ്രയോഗിച്ചു. ലോകത്തിലെ എല്ലാ സര്‍വ്വകലാശാലകളും സന്ദര്‍ശിച്ചിട്ടുള്ള പിശാചിന് ശാസ്ത്രത്തിന്‍റെ ശക്തി എന്താണെന്നറിയാമായിരുന്നു. ദൈവവചനത്തില്‍ സംശയം ജനിപ്പിക്കാന്‍ അവന്‍ ഇപ്രാവശ്യം പരിണാമത്തെ ഉപയോഗിച്ചു. പല ക്രിസ്തീയ വിശ്വാസികളും ഈ തന്ത്രത്തില്‍ അകപ്പെട്ടു പോയി. തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കുവാന്‍ അവന് കഴിഞ്ഞു… “അവന്‍ വ്യാജം പറയുന്നവനും അതിന്‍റെ അപ്പനുമാകുന്നു” (യോഹ.8:44). സങ്കടകരമെന്നു പറയട്ടെ, പിശാച് തന്‍റെ തന്ത്രത്തില്‍ വിജയിച്ചു. പാപപൂര്‍ണ്ണമായ തങ്ങളുടെ ജീവിതവും സൃഷ്ടിതാവിനെതിരെയുള്ള മത്സരവും ന്യായീകരിക്കാന്‍ അവിശ്വാസികള്‍ ഈ ശാസ്ത്രത്തെ കൂട്ടുപിടിച്ചു. വിശ്വാസികളാവട്ടെ, ബൈബിളും ശാസ്ത്രീയസത്യം എന്ന് ചിലര്‍ പ്രചരിപ്പിച്ച നുണകളും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ പാടുപെട്ടു. അതിനായി ചില പുതിയ സിദ്ധാന്തങ്ങള്‍ രൂപീകരിച്ചു.  അവയില്‍ ചിലതാണ് ‘ഒരു ദിവസം ഒരു യുഗം’ എന്ന ദിനയുഗ സിദ്ധാന്തം (Day-Age Theory), ‘സൃഷ്ടിയും-പുന:സൃഷ്ടിയും’ എന്ന സിദ്ധാന്തം (Gap Theory), ‘ദൈവീക ഇടപെടലിലുണ്ടായ പരിണാമം’ എന്ന സിദ്ധാന്തം (Theistic Evolution) തുടങ്ങിയവ.

പരിണാമം പറയുന്ന അനേക കോടി വര്‍ഷങ്ങളുടെ കാലഘട്ടം ബൈബിള്‍ വസ്തുതകളുമായി യോജിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനെല്ലാം ഉണ്ടായിരുന്നത്. ഈ സിദ്ധാന്തങ്ങള്‍ രൂപീകരിച്ചവരുടെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ വിട്ടുവീഴ്ചക്കായി രൂപീകരിച്ച ഈ സിദ്ധാന്തങ്ങള്‍ എല്ലാം ശാസ്ത്രത്തിനും ദൈവവചനത്തിനും വിരുദ്ധമാണ് എന്ന സത്യം ബാക്കി നില്‍ക്കുന്നു.

ഈ സിദ്ധാന്തങ്ങളുടെ പ്രശ്നങ്ങള്‍ നാം ചിന്തിക്കുവാന്‍ പോകയാണ്. ഏതെങ്കിലും പ്രത്യേക പഠിപ്പിക്കലിനെ വില കുറച്ചു കാണിക്കുകയല്ല എന്‍റെ ലക്‌ഷ്യം. ഈ വിഷയത്തെക്കുറിച്ചുള്ള എന്‍റെ പഠനത്തില്‍ കര്‍ത്താവ്‌ ദൈവവചനത്തില്‍ കൂടി എനിക്ക് കാണിച്ചു തന്ന കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുക മാത്രമാണ് ഞാന്‍ ലക്ഷ്യമാക്കുന്നത്.

1. ദിന-യുഗ സിദ്ധാന്തം (Day-Age Theory)

ഈ സിദ്ധാന്തം അനുസരിച്ച് സൃഷ്ടിയുടെ ഓരോ ദിനവും ലക്ഷക്കണക്കിനോ കോടിക്കണക്കിനോ നീണ്ടു നില്‍ക്കുന്ന യുഗങ്ങളാണ്. പരിണാമം പഠിപ്പിക്കുന്ന നീണ്ട യുഗങ്ങളുടെ കണക്ക്‌ സൃഷ്ടിക്കുപയോഗിച്ച ആറ്‌ ദിവസങ്ങളുടെ ഉള്ളില്‍ തിരുകിക്കയറ്റുക എന്നതാണ് ഈ സിദ്ധാന്തത്തിന്‍റെ ലക്ഷ്യം. എന്നാല്‍ ഇത് അസാധ്യമാണ്. കാരണം, ഭൂഗര്‍ഭ ഫോസ്സിലുകളുടെ ക്രമം ഓരോ ദിനത്തിലെ സൃഷ്ടിയുടെ ക്രമവുമായി യോജിക്കുന്നില്ല. ഇവ തമ്മില്‍ ഇരുപതിലധികം വൈരുധ്യങ്ങളെങ്കിലും ഉണ്ട്. ചില ഉദാഹരണങ്ങള്‍ ഇതാ:

a. ഉല്‍പ്പത്തിയിലെ വിവരണം അനുസരിച്ച് സസ്യങ്ങള്‍ വളരെ നേരത്തെ ഉണ്ടായി. എന്നാല്‍ പരിണാമത്തില്‍ സസ്യങ്ങളുടെ ആവിര്‍ഭാവം വളരെ കഴിഞ്ഞാണ് സംഭവിക്കുന്നത്.

b. ഉല്‍പ്പത്തിയില്‍ മത്സ്യങ്ങളും പക്ഷികളും സൃഷ്ടിക്കപ്പെട്ടത് ഒരേ ദിവസമാണ്. എന്നാല്‍ പരിണാമമനുസരിച്ചു മത്സ്യങ്ങള്‍ പരിണമിച്ച് ഉരഗങ്ങളും അവ പരിണമിച്ച് സസ്തനികളും അവയില്‍ നിന്ന് പിന്നീട് പക്ഷികളുമുണ്ടായി. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ ഇവയെ ദൈവം ഉണ്ടാക്കിയത് നാലാം ദിവസമാണ്. എന്നാല്‍ പരിണാമമനുസരിച്ച് മറ്റെല്ലാറ്റിലും മുന്‍പേ ജീവന്‍റെ സാധ്യത ഉളവാകേണ്ടതിന് സൂര്യന്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

c. ഉല്‍പ്പത്തിയിലെ വിവരമനുസരിച്ച് സസ്യജാലങ്ങളെ മൂന്നാം ദിവസവും സൂര്യനെ നാലാം ദിവസവുമാണ് ദൈവം സൃഷ്ടിച്ചത്. ഈ രണ്ട് ദിവസങ്ങള്‍ തമ്മിലുള്ള ദൈര്‍ഘ്യം ദിനയുഗസിദ്ധാന്തം അവകാശപ്പെടുന്നത് പോലെ നൂറ് കോടി വര്‍ഷങ്ങളാണെങ്കില്‍ അത്രയും കാലം സൂര്യപ്രകാശം കൂടാതെയാണ് സസ്യങ്ങള്‍ നിലനിന്നത്. ഇത് സാധ്യമാകുമോ?

d. അതുപോലെത്തന്നെ പരിണാമത്തിന് ആവശ്യമായ പ്രാണികള്‍ സൃഷ്ടിക്കപ്പെട്ടത് ആറാം ദിവസമാണ്. സസ്യങ്ങള്‍ ഉണ്ടായതിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണോ മുന്നൂറു കോടി ശേഷമാണോ ഇവ സൃഷ്ടിക്കപ്പെട്ടത്? ഏതാണ് കൂടുതല്‍ യുക്തിസഹമായിട്ടുള്ളത്?

e. ഉല്‍പ്പത്തിയിലെ വിവരമനുസരിച്ച് ‘താന്‍ ഉണ്ടാക്കിയ എല്ലാ മൃഗങ്ങള്‍ക്കും പേരിടുവാനും സകലത്തേയും അടക്കി ഭരിക്കുവാനും ദൈവം മനുഷ്യരോട് കല്പിച്ചു’ (ഉല്‍പ്പത്തി.1:28). പരിണാമത്തിലെ കാലക്കണക്കനുസരിച്ച് മനുഷ്യന്‍ രംഗപ്രവേശം ചെയ്യുന്നതിനും അനേകം യുഗങ്ങള്‍ക്ക് മുന്‍പ്‌ തന്നെ അവയില്‍ പല വര്‍ഗ്ഗങ്ങള്‍ക്കും വംശനാശം സംഭവിച്ചു. ദിന-യുഗ സിദ്ധാന്തത്തില്‍ ഇത് എങ്ങനെ പൊരുത്തപ്പെടുത്തുവാന്‍ കഴിയും?

f. ബൈബിള്‍ പ്രകാരം ജലപ്രളയകാലം വരെ അതല്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത് മനുഷ്യന്‍ ഉണ്ടാകുന്നത് വരെയെങ്കിലും ഭൂമിയില്‍ മഴ പെയ്തിരുന്നില്ല (ഉല്‍പ്പത്തി.2:5, എബ്രാ.11:7). എന്നാല്‍ ഭൂമി ആദ്യം തണുത്തുറഞ്ഞ കാലം മുതല്‍ മഴയുണ്ടായിരുന്നു എന്നാണ് ഭൂഗര്‍ഭശാസ്ത്രജ്ഞന്മാരുടെ നിഗമനം.

g. ഉല്‍പ്പത്തി.2:1-3 വരെയുള്ള സൃഷ്ടി സംക്ഷേപത്തില്‍ ദൈവത്തിന്‍റെ സൃഷ്ടി വേലയെല്ലാം ആറ്‌ ദിനം കൊണ്ട് തീര്‍ന്നു എന്ന് പറയുന്നു. അതിനുശേഷം ദൈവം സൃഷ്ടി സംബന്ധമായ വേലയോന്നും ചെയ്തില്ല. അതായത്, ആറാം ദിനത്തോടെ സൃഷ്ടി സമ്പൂര്‍ണ്ണമായി അവസാനിച്ചു. എന്നാല്‍ ലോകം ഉളവാകുവാന്‍ കാരണമായ പ്രവര്‍ത്തന ക്രമങ്ങള്‍ എല്ലാം ഇന്നും അതേപടി തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ഭൂഗര്‍ഭശാസ്ത്രജ്ഞരുടേയും ജീവശാസ്ത്രജ്ഞരുടേയും അവകാശവാദങ്ങള്‍ക്ക് യോജിക്കുന്നതല്ല ഈ വസ്തുതകള്‍.

ദിന-യുഗസിദ്ധാന്തം ബൈബിളിന്‍റെ വിശദീകരണവുമായി ശരിയാകണമെങ്കില്‍ ദൈവവചനം തെറ്റായി വ്യാഖ്യാനിച്ചെങ്കിലേ പറ്റൂ. ദിവസം എന്നതിനുപയോഗിച്ചിരിക്കുന്ന “യോം” എന്ന പദം എബ്രായ, അരാമ്യ, അറബി ഭാഷകളിലെല്ലാം 24 മണിക്കൂറുകളുള്ള ഒരു ദിവസത്തെയാണ് സൂചിപ്പിക്കുന്നത്. ഉല്‍പ്പത്തി ഒന്നാമധ്യായത്തില്‍ പല പ്രാവശ്യം ‘സന്ധ്യയായി… ഉഷസ്സുമായി…’ എന്ന പ്രയോഗം ഉപയോഗിച്ചിട്ടുണ്ട് (ഉല്‍പ്പത്തി.1:5,8,13,19,23,31). ഇത് കാണിക്കുന്നത് ‘ദിവസം’ എന്നത് 24 മണിക്കൂറുകളുള്ള സ്വാഭാവിക ദിവസങ്ങളാണ് എന്നത്രേ! ആദ്യമായി ഉപയോഗിച്ചപ്പോള്‍ തന്നെ ദിവസമെന്ന പദത്തിന് ദൈവം നിര്‍വ്വചനം നല്‍കി. ഉല്‍പ്പത്തി.1:5-ല്‍ ദൈവം വെളിച്ചത്തിന് പകല്‍ എന്നും ഇരുളിന് രാത്രി എന്നും പേരിട്ടു. അതിന്‍റെ അര്‍ത്ഥം പകലും രാത്രിയും ചേര്‍ന്നതാണ് ഒരു ദിവസം എന്നാണ്.

‘ആറ്‌ ദിവസം ജോലി ചെയ്യുക, ഒരു ദിവസം വിശ്രമിക്കുക’ എന്ന നമ്മുടെ രീതി ആറ്‌ ദിവസം കൊണ്ട് സൃഷ്ടി നടത്തിയിട്ട് ദൈവം ഏഴാം ദിനം വിശ്രമിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉണ്ടായതാണ്. പരിണാമ സിദ്ധാന്തം ശരിയായിരിക്കാം എന്ന ഭയം ഇല്ലായിരുന്നെങ്കില്‍ ദിന-യുഗ സിദ്ധാന്തം പോലൊന്ന് സ്വപ്നം കാണാന്‍ പോലും ക്രിസ്തീയ വിശ്വാസികള്‍ തുനിയുമായിരുന്നില്ല.

2. സൃഷ്ടി-പുന:സൃഷ്ടി സിദ്ധാന്തം (Gap Theory)

ദിന-യുഗ സിദ്ധാന്തത്തിന്‍റെ ബലഹീന വശങ്ങള്‍ മനസ്സിലാക്കിയ ചിലരാണ് ഈ പുതിയ സിദ്ധാന്തം രൂപീകരിച്ചത്. ഇതനുസരിച്ച് ദൈവം ആദ്യം ആകാശവും ഭൂമിയും സൃഷ്ടിച്ചു. അതാണ്‌ ഉല്‍പ്പത്തി.1:1-ല്‍ കാണുന്നത്. പക്ഷേ അതിനു ശേഷം ഒരു ന്യായവിധി ഉണ്ടായി. ആദ്യത്തെ ഭൂമിയില്‍ ഉണ്ടായിരുന്നവരെ ദൈവം ന്യായം വിധിച്ചു നശിപ്പിച്ചു. അതിനുശേഷം ആറ്‌ ദിവസം കൊണ്ട് ദൈവം വീണ്ടും ഒരു സൃഷ്ടി നടത്തി. അതിന്‍റെ വിവരണമാണ് രണ്ടാം വാക്യം മുതല്‍ നാം വായിക്കുന്നത്. അതായത്‌ ഉല്‍പ്പത്തി ഒന്നാമദ്ധ്യായത്തിന്‍റെ ഒന്നും രണ്ടും വാക്യങ്ങള്‍ക്കിടയില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ വിടവ് ഉണ്ടെന്നതാണ് ഈ സിദ്ധാന്തം വിശദീകരിക്കുന്നത്. അനേക ലക്ഷം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് അവകാശപ്പെടുന്ന ഫോസ്സിലുകളെയെല്ലാം കുടിയിരുത്തുകയും പരിണാമത്തിന് ആവശ്യമുള്ള സമയം ബൈബിളില്‍ തന്നെ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഈ സിദ്ധാന്തം രൂപീകരിച്ചതിനു പിന്നിലെ ലക്ഷ്യം.

ഡാര്‍വിന്‍ ‘ഒറിജിന്‍ ഓഫ് സ്പീഷീസ്’ പ്രസിദ്ധീകരിച്ച നാളുകളില്‍ (Darvin C, Illustrated Origin of Species (A bridged and introduced by Richard Leaky) Book Club Associates, Londen 1979) പരിണാമം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ നടത്തിയ തത്രപ്പെട്ട ശ്രമത്തിന്‍റെ ഫലമാണ് ഈ സിദ്ധാന്തം. സൃഷ്ടി-പുന:സൃഷ്ടി സിദ്ധാന്തം ഉടലെടുത്തതിന്‍റെയും പ്രചരിപ്പിക്കപ്പെട്ടതിന്‍റെയും പ്രധാന ഉത്തരവാദിത്തം ചര്‍ച്ച് ഓഫ് സ്കോട്ട്‌ലന്‍ഡിലെ ഒരു ദൈവശാസ്ത്രജ്ഞനും പ്രസംഗകനുമായ തോമസ്‌ ചാള്‍മേഴ്സിനാണ് (1780-1874).

ഇദ്ദേഹത്തിന്‍റെ അടിസ്ഥാന ആശയങ്ങള്‍ കാര്യമായെടുക്കാനും വികസിപ്പിക്കാനും മുന്‍ നിരയില്‍ നിന്നവരാണ് പില്‍ക്കാലത്ത് പ്രസിദ്ധരായ ഡാര്‍ബി, സ്കോഫീല്‍ഡ്, ന്യൂബറി, ലാര്‍ക്കിന്‍ തുടങ്ങിയവര്‍. ഓരോ എഴുത്തുകാരും ഈ ആശയത്തിന്‍റെ വിവിധ വശങ്ങള്‍ പരിഗണിച്ച് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. പിശാച്, ദൂതന്മാര്‍, ആദാമിന് മുമ്പുള്ള ഭൂമി, നോഹക്ക് മുമ്പുള്ള ജലപ്രളയം തുടങ്ങി പല വിഷയങ്ങളും പരിഹരിക്കാന്‍ ഈ സിദ്ധാന്തത്തെ പലരും ഉപയോഗിച്ചു. വേദപുസ്തകത്തിന്‍റെ ആധികാരികത ശാസ്ത്രീയമായി വെല്ലുവിളിക്കുന്ന ഒരു സിദ്ധാന്തം എന്ന് പലരും കരുതിപ്പോന്ന പരിണാമ വാദവുമായി വിട്ടുവീഴ്ച ചെയ്യാന്‍ ഈ സിദ്ധാന്തത്തിന് കഴിഞ്ഞു എന്നതിനുപരി പരിഹരിക്കാന്‍ കഴിയാതിരുന്ന പല വിഷയങ്ങള്‍ക്കും എളുപ്പം പരിഹാരം ഉണ്ടാക്കാന്‍ സാധിച്ചത് ഇതിന്‍റെ ഒരു നേട്ടമായി പലരും കരുതി!

ഈ സിദ്ധാന്തത്തെ പിന്തുണച്ചവരും പ്രചരിപ്പിച്ചവരും അതിനുപിന്നിലുള്ള തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതേപ്പറ്റി സ്കോഫീല്‍ഡ് ഇങ്ങനെ പറയുന്നു: ‘ഉല്‍പ്പത്തിയിലെ പ്രപഞ്ചോല്‍പ്പത്തി വിവരണവുമായി ശാസ്ത്രത്തിന്‍റെ ഏറ്റുമുട്ടല്‍ ഇതോടെ അവസാനിച്ചു’ (Schofield, C.I. The Schofield Refernce Bibile, Oxford University Press, London 1979, notes on pp. 3,4). ‘യുഗപരമായ സത്യത്തിന്‍റെ ഏറ്റവും പ്രധാന പുസ്തകം’ (The Greatest Book on Dispensational Truth in the World) എന്ന തന്‍റെ പുസ്തകത്തില്‍ ലാര്‍ക്കിന്‍ ഇങ്ങനെ എഴുതുന്നു: ‘ഭൂമിയുടെ രൂപീകരണത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ആവശ്യമാണെന്ന് ശാസ്ത്രം വാദിക്കുന്നു. ശാസ്ത്രം ആവശ്യപ്പെടുന്ന ഈ മുഴുവന്‍ സമയവും ഉല്‍പ്പത്തിയിലെ ആദ്യ വാചകത്തിലൂടെ അതിന് നല്‍കപ്പെട്ടിരിക്കുന്നു’ (Larkin C. The Greatest Book in Diaspensational Truth in the World, Clarence Lartan Estate, Glenside, U.S.A. 1918, p.22).

ഇങ്ങനെയൊരു സിദ്ധാന്തത്തിലൂടെ പരിണാമവുമായി വിട്ടുവീഴ്ച ചെയ്യാന്‍ നടത്തിയ ശ്രമം നിരവധി അഭ്യൂഹങ്ങള്‍ക്ക്‌ ഇടയാക്കി. അവയില്‍ ചിലത് ശ്രദ്ധിക്കുക: ‘ദൈവം ദൂതന്മാരുടെ നിവാസത്തിനായി മാത്രം അസ്ഥിയും മാംസവും ഉള്ള ഒരു ഭൌതിക സൃഷ്ടി നടത്തി. ആത്മാവില്ലാത്ത ഒരു വിഭാഗം മനുഷ്യരുടെ നിവാസത്തിനായി സമ്പൂര്‍ണ്ണമായ ഭൂമി ദൈവം സൃഷ്ടിച്ചു’ തുടങ്ങിയവ എന്ത് വില കൊടുത്തും ഒരു വിടവ് കണ്ടെത്തുന്നതിനായി ദൈവവചനത്തെ ദുര്‍വ്യാഖ്യാനം ചെയ്തു. മാത്രവുമല്ല, നോഹയുടെ കാലത്തുണ്ടായ പ്രളയം ആഗോളമായതാണ് എന്ന വസ്തുതയെ അത് നിഷേധിക്കുകയും ചെയ്യുന്നു.

പിശാചിന്‍റെ ശക്തിയെ മഹത്വപ്പെടുത്താനാണ് അറിയാതെയാണെങ്കിലും സൃഷ്ടി-പുനഃസൃഷ്ടി സിദ്ധാന്തം കാരണമായത്‌. ദൈവത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന ചിത്രത്തിനു വിരുദ്ധമായ ഒരു ചിത്രമാണ്‌ ഈ സിദ്ധാന്തം നമുക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നത്‌. കാരണം, പിശാചിന്‍റെയും വീണു പോയ ദൂതന്മാരുടെയും പാപത്തിന് ദൈവം ലോകത്തെ ന്യായം വിധിച്ചു എന്ന് പറയുന്നത് ദൈവത്തിന്‍റെ നീതിക്ക്‌ വിരുദ്ധമാണ്. ആദാമിനാല്‍ പാപവും പാപത്തിന്‍റെ ഫലമായി മരണവും ലോകത്തില്‍ കടന്നു എന്നും (റോമര്‍.5:12) ആദ്യത്തെ മനുഷ്യന്‍ ആദാമാണെന്നും (1.കൊരി.15:45) പറയുന്ന തിരുവചന ഭാഗങ്ങളെ ഈ സൈദ്ധാന്തികര്‍ അവഗണിച്ചു. വിട്ടുവീഴ്ചക്കായുണ്ടാക്കിയ ഈ സിദ്ധാന്തം എങ്ങനെ അംഗീകരിക്കാനാവും? ഊഹാപോഹങ്ങളിലും, സങ്കല്‍പങ്ങളിലും, കെട്ടുകഥകളിലും ഊന്നിയതും ദൈവവചനത്തിന്‍റെ നേരായ വിധത്തിലുള്ള വ്യാഖ്യാനത്തിന് എതിരായതുമാണ് ഈ സിദ്ധാന്തം. മനുഷ്യന്‍ പടച്ചുണ്ടാക്കി പറയുന്നതല്ല ‘ദൈവം ഉദ്ദേശിക്കുന്നത്’ എന്ന് പറഞ്ഞ് ദൈവത്തിന്‍റെ വാക്കുകളെ തള്ളിക്കളയുന്ന ഈ സിദ്ധാന്തത്തിന് എന്ത് വിലയാണ് കൊടുക്കേണ്ടത്? ക്രിസ്തീയ സ്ഥാപനങ്ങള്‍ ഈ സിദ്ധാന്തത്തിന് യോജിക്കുന്ന വിധത്തില്‍ തര്‍ജ്ജിമകള്‍ പരിഷ്കരിക്കുകയും ദൈവവചനത്തിലെ അടിസ്ഥാന ഭാഗങ്ങള്‍ക്ക് വ്യത്യാസം വരുത്തുകയും ചെയ്യുന്നത് എങ്ങനെ അംഗീകരിക്കാനാവും?

സൃഷ്ടി-പുനഃസൃഷ്ടി സിദ്ധാന്തത്തിന്‍റെ ബലഹീനത തുറന്നു കാട്ടുന്ന ചില കാര്യങ്ങള്‍ ഇതാ:

a. വംശനാശം സംഭവിച്ചതായി പറയുന്ന മൃഗങ്ങളുടെ ഫോസ്സിലുകള്‍ മറ്റൊരു ലോകത്തില്‍ ജീവിച്ചിരുന്നതാകണം എന്ന അനുമാനമാണ്‌ ഈ സിദ്ധാന്തം രൂപീകരിക്കുവാനുള്ള ഒരു കാരണം. വംശനാശം വന്ന മൃഗങ്ങളുടെയും സസ്യങ്ങളുടേയും ഫോസ്സിലുകള്‍ കണ്ടുകിട്ടിയിട്ടുണ്ടെങ്കിലും ഇവയില്‍ ഭൂരിഭാഗവും ഇന്ന് ജീവിച്ചിരിക്കുന്ന വര്‍ഗ്ഗങ്ങളുടേതില്‍ നിന്ന് വ്യത്യാസപ്പെട്ടതല്ല. വംശനാശം ഉണ്ടായി എന്ന് പറഞ്ഞിരുന്ന പല മൃഗങ്ങളും ഇന്നും ജീവനോടെ ഇരിക്കുന്നു എന്ന കണ്ടെത്തല്‍ പരിണാമവാദികളെ വെള്ളം കുടിപ്പിച്ചു. അതുകൊണ്ട് അങ്ങനെയുള്ള മൃഗങ്ങള്‍ക്ക് ‘ജീവിക്കുന്ന ഫോസ്സിലുകള്‍’ എന്നവര്‍ പേര് നല്‍കി.

ദിനോസറുകള്‍ ഇതിന് മറ്റൊരു ഉദാഹരണമാണ്. സൃഷ്ടി-പുനഃസൃഷ്ടി സിദ്ധാന്തത്തിന്‍റെ പ്രചാരകര്‍ക്ക് ദിനോസറുകളെ പറ്റി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് എഴുപതുദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകള്‍ നശിപ്പിക്കപ്പെട്ടു എന്ന പരിണാമവാദികളുടെ അവകാശവാദം അവര്‍ വിശ്വസിച്ചു. ഈ മൃഗങ്ങളുടെ വലുപ്പം അവ മുമ്പുള്ള സൃഷ്ടിയില്‍ ഉള്‍പ്പെട്ടതാണെന്നു ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. എന്നാല്‍ ദിനോസറുകള്‍ പല്ലിയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളാണെന്നും അമാനുഷികമായ യാതൊന്നും അവയെ സംബന്ധിച്ച് ഇല്ലെന്നും ഇന്ന് നമുക്കറിയാം. ജലപ്രളയത്തിനു മുമ്പുള്ള ജീവിത സ്ഥിതിയെപ്പറ്റി കുറെയൊക്കെ മനസ്സിലാക്കാന്‍ ഇന്ന് നമുക്ക്‌ കഴിയുന്നത് കൊണ്ട് ദിനോസറുകളുടെ വസ്തുത വിവരിക്കാന്‍ ജലപ്രളയത്തിന് മുമ്പ് ഒരു സൃഷ്ടിയുണ്ടായിരുന്നു എന്ന് പറയുന്നത് വിഡ്ഢിത്തമാണെന്ന് നമുക്കറിയാം. ഇയ്യോബ്‌ ദിനോസറുകളെ കണ്ടിരുന്നു എന്നും അവയുടെ യഥാര്‍ത്ഥ നാമം ‘ബെഹീമോത്ത്’ (നദീഹയം) എന്നാണെന്നും ഇയ്യോബിന്‍റെ പുസ്തകത്തില്‍ നാം വായിക്കുന്നു (ഇയ്യോബ്‌.40:15. കൂടുതല്‍ വിശദീകരണം മൂന്നാം ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്).

b. ദിനോസറുകളുടെയും ട്രൈലോബെറ്റൈസിന്‍റെയും ഒപ്പം മനുഷ്യാവഷിഷ്ടങ്ങളും കാല്‍പ്പാടുകളും ഭൂഗര്‍ഭപാളികളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കാണിക്കുന്നത് നമ്മെപ്പോലുള്ള മനുഷ്യര്‍ വംശനാശം വന്ന വലുതും ചെറുതുമായ മൃഗങ്ങളുടെ ഒപ്പം ജീവിച്ചിരുന്നു എന്നാണ്. പരിണാമാവാദികള്‍ ഇക്കാര്യത്തെപ്പറ്റി യാതൊന്നും പറയുന്നില്ല.

c. സൃഷ്ടി-പുനഃസൃഷ്ടി സൈദ്ധാന്തികരുടെ ചിന്താഗതി അനുസരിച്ച് സ്വര്‍ഗ്ഗത്തില്‍ വെച്ച് പിശാച് പാപം ചെയ്തതിന്‍റെ പരിണിതഫലമായിട്ടാണ്‌ ഭൂമിയില്‍ ആദാമിന് മുമ്പുണ്ടായിരുന്ന മനുഷ്യവര്‍ഗ്ഗം നശിപ്പിക്കപ്പെട്ടത്. ദൈവത്തിന്‍റെ നീതിയെപ്പറ്റിയുള്ള വികലമായ ഒരു ചിത്രമല്ലേ ഈ ചിന്താഗതി നല്‍കുന്നത്? മരണത്തിന് കാരണം ആദാമിന്‍റെ പാപമല്ല എന്ന ആശയമാണ് ഈ സിദ്ധാന്തം പ്രകടിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ തന്‍റെ സൃഷ്ടിയില്‍ ജീര്‍ണ്ണതയും മരണവും ഉടലെടുത്തതിനു കാരണക്കാരനാകുന്നത് ദൈവമായിരിക്കും. എന്നാല്‍ ദൈവവചനം പഠിപ്പിക്കുന്നത്‌ മനുഷ്യന്‍റെ പാപഫലമായിട്ടാണ് മരണം ഉണ്ടായത് എന്നാണ്.

d. ആദാമിന് മുമ്പുള്ളതെന്ന്‍ പ്രചരിപ്പിക്കപ്പെടുന്ന ഫോസ്സിലുകള്‍ അംഗീകരിച്ചാല്‍ വേദപുസ്തകത്തിന്‍റെ പല അടിസ്ഥാന പഠിപ്പിക്കലുകളും നാം തളിക്കളയേണ്ടി വരും. ഉദാഹരണമായി,

1 ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായി തീര്‍ന്നു (1.കൊരി. 15:45)

2. അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. (റോമ. 5:12)

3. ബൈബിള്‍ പറയുന്നത് “ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ സൃഷ്ടിച്ചു, നല്ലത് എന്ന് ദൈവം കണ്ടു” എന്നാണ്. പക്ഷേ സൃഷ്ടി-പുനഃസൃഷ്ടി സിദ്ധാന്തവുമായി ഇതിനെ യോജിപ്പിക്കുമ്പോള്‍ അതിന്‍റെ അര്‍ത്ഥം ദൈവം ആദാമിനെ സൃഷ്ടിച്ചത് ഫോസിലുകളും എല്ലുകളും ശാപവും നിറഞ്ഞ ഒരു ഭൂമിയില്‍ നിന്നാണ്, എന്നിട്ടും തന്‍റെ സൃഷ്ടി സമാപിച്ചപ്പോള്‍ താന്‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി വളരെ നല്ലത് എന്ന് കണ്ടു (ഉല്‍പ്പത്തി.1:31). ഒന്നുകില്‍ ഈ സിദ്ധാന്തം തെറ്റാണ്. അല്ലെങ്കില്‍ ഈ പ്രസ്താവന ദൈവത്തെ ഭോഷ്കുള്ളവനാക്കുന്നു (1.യോഹ.5:10)

e. പരിണാമത്തിന് എതിരായ ഏറ്റവും ശക്തമായ തെളിവ് നോഹയുടെ കാലത്തുണ്ടായ ജലപ്രളയമാണ്. പരിണാമാവാദികള്‍ ശക്തിപൂര്‍വ്വം എതിര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു ചരിത്ര വസ്തുതയാണിത്. ചില ആളുകള്‍ മുന്നോട്ടു വെച്ച സൃഷ്ടി-പുനഃസൃഷ്ടി സിദ്ധാന്തം സ്വീകരിക്കുക വഴി വിശ്വാസികള്‍ ശത്രുവിന് കൂടുതല്‍ അവസരം നല്‍കുകയാണ്. ജലപ്രളയത്തെപ്പറ്റി വളരെ വിശദമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. ജലപ്രളയത്തിന്‍റെ പ്രാധാന്യവും അത് ഒരു ആഗോള സംഭവമായിരുന്നു എന്ന വസ്തുത വ്യക്തമാക്കുകയും ചെയ്യുകയാണ് അതിന്‍റെ ഉദ്ദേശ്യം. “വെള്ളം ഭൂമിയില്‍അത്യധികം പൊങ്ങി, ആകാശത്തിന്‍ കീഴെങ്ങമുള്ള ഉയര്‍ന്ന പര്‍വ്വതങ്ങളൊക്കെയും മൂടിപ്പോയി. പര്‍വ്വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവേക്കു മീതെ പൊങ്ങി” (ഉല്‍പ്പത്തി.7:19,20). നോഹയുടെ പെട്ടകത്തിന്‍റെ യഥാര്‍ത്ഥ അളവും ജലപ്രളയത്തിന്‍റെ വ്യാപ്തിയും വിശദീകരിച്ചിരിക്കുന്നത് നമ്മുടെ അറിവിനാണ് (റോമര്‍.15:4). ജലപ്രളയവും ഭാവിയില്‍ വരാനിരിക്കുന്ന അതേപോലുള്ള നാശവും താരതമ്യപ്പെടുത്തിക്കൊണ്ട് നോഹയുടെ കാലത്തുണ്ടായ ജലപ്രളയം ആഗോളവ്യാപകമായിരുന്നു എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്: “ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്‍റെ വരവും അങ്ങനെ തന്നേ ആകും” (മത്തായി.24:39)

f. ഈ സിദ്ധാന്തത്തിന് നില നില്‍ക്കണമെങ്കില്‍ ബൈബിളിന്‍റെ മൂല കൃതിയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തേണ്ടതുണ്ട്. ഉദാഹരണമായി,

1. ഉല്‍പ്പത്തി 1:1 “ഭൂമി പാഴായും ശൂന്യമായും ഇരുന്നു” എന്നത് “ഭൂമി പാഴായും ശൂന്യമായും തീര്‍ന്നു” എന്ന് വ്യത്യാസപ്പെടുത്തണം. എന്നാല്‍ മൂല കൃതി അനുസരിച്ച് തര്‍ജ്ജിമ ശരിയാകുകയില്ല എന്ന് കാണാം.

2. മാത്രമല്ല, ‘പാഴായും’ എന്ന വാക്ക് ‘നശിപ്പിക്കപ്പെട്ടും’ എന്ന് തിരുത്തി. ഇതിനും യാതൊരു ന്യായീകരണവുമില്ല.

ഈ സിദ്ധാന്തം തിരുവെഴുത്തിനെപ്പറ്റിയുള്ള ഒരു ആശയം മാത്രമാണെന്നും അതില്‍ത്തന്നെ സത്യമല്ലെന്നും നാം അറിഞ്ഞിരിക്കണം. ഇങ്ങനെയുള്ള ആശയങ്ങളുടെ യോജ്യത, ദൈവവചനം യഥാര്‍ത്ഥത്തില്‍ എന്ത് പറയുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ പുനരവലോകനം ചെയ്യുന്നതിന് യാതൊരു നാണക്കേടോ ബലഹീനതയോ വിചാരിക്കേണ്ട കാര്യമില്ല. തിരുവചനം പറയുന്നതിനും മുന്‍ തലമുറയിലെ ആളുകള്‍ എഴുതിയതും തമ്മില്‍ യോജിക്കണം എന്നില്ല!

മാനവികതയുടെ (Humanism) ആക്രമണത്തില്‍പ്പെട്ട് സഭയും ക്രിസ്തുവിശ്വാസികളും ഉഴലുന്ന ഒരു കാലഘട്ടത്തില്‍ നിലനില്‍പ്പിനായി രൂപപ്പെടുത്തിയ ഒരു സിദ്ധാന്തമാണ് സൃഷ്ടി-പുനഃസൃഷ്ടി സിദ്ധാന്തം. ക്രിസ്ത്യാനികളും മാനവ മതക്കാരും തമ്മിലുള്ള പൊതു സംവാദങ്ങളും ഹക്സിലിയെപ്പോലുള്ള മാനവ മതക്കാരുടെ വിജയത്തില്‍ കലാശിച്ചത് വിശ്വാസികള്‍ക്ക്‌ നാണക്കേടുണ്ടാക്കി. ബൈബിള്‍ സത്യമാണെന്ന വസ്തുത നിലനിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയില്‍ നിന്നാണ് ഇങ്ങനെയുള്ള വിട്ടുവീഴ്ചാ സിദ്ധാന്തങ്ങള്‍ രൂപപ്പെട്ടത് എന്ന് ഇതിനെ പിന്തുണച്ച പല പ്രമുഖരും സമ്മതിച്ചിട്ടുണ്ട്. എന്നിരിക്കിലും അറിയാതെയാണെങ്കില്‍ പോലും ദൈവവചനത്തിന് വിരുദ്ധമായതാണ് വിശ്വസിക്കുന്നത് എന്ന് ഈ സിദ്ധാന്തത്തെ അംഗീകരിക്കുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്.

ഇത് പരിഹരിച്ചതിലും അധികം ചോദ്യങ്ങള്‍ ഈ സിദ്ധാന്തം ഉളവാക്കി. മാത്രമല്ല തിരുവെഴുത്തിന്‍റെ അടിസ്ഥാനഗുണങ്ങള്‍ക്കെതിരായി ഇത് നീങ്ങി. തങ്ങളുടെ വിശ്വാസത്തെ ബലഹീനമാക്കുന്ന അസ്ഥിരമായ വസ്തുതകളില്‍ പിടിച്ചു തൂങ്ങാന്‍ വിശ്വാസികളെ ഇത് ഇടയാക്കി. പ്രത്യേകിച്ച് പല കലാശാലാ വിദ്യാര്‍ത്ഥികളും തങ്ങളുടെ പിതാക്കന്മാരുടെ വിശ്വാസം ത്യജിക്കുന്നതിനു ഈ സിദ്ധാന്തം കാരണമായി. ഇത് അംഗീകരിക്കുന്ന വിശ്വാസികള്‍ ജലപ്രളയത്തെപ്പറ്റി മൌനം പാലിക്കേണ്ടി വന്നു. കാരണം നോഹയുടെ കാലത്തിനു മുമ്പുണ്ടായ വിടവില്‍ എല്ലാ ഫോസ്സിലുകളും ഉള്‍ക്കൊള്ളിക്കാനാവുമല്ലോ. അപ്പോള്‍ പിന്നെ ജലപ്രളയത്തിനു പ്രസക്തിയില്ല! നാം കണ്ടത് പോലെ നോഹയുടെ കാലത്തെ ജലപ്രളയത്തെ തള്ളിപ്പറയാന്‍ പരിണാമവാദികള്‍ എന്നും മുന്‍പന്തിയിലാണ്. പത്രോസ് അപ്പൊസ്തലന്‍ പറയുന്നത് പോലെ “അവര്‍ ഇക്കാര്യം മനസ്സോടെ മറന്നു കളയുന്നു” (2.പത്രോ.3:7). പക്ഷേ യാഥാര്‍ത്ഥ്യത്തെപ്പറ്റി ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്.

ഇക്കാര്യത്തില്‍ ആരും തന്നെ തെറ്റിദ്ധരിക്കുവാന്‍ ദൈവം താല്പര്യപ്പെടുന്നില്ല. ദൈവം തന്നെ പറയുന്നത് “ആറ്‌ ദിവസം കൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും ഉണ്ടാക്കി ഏഴാം ദിവസം സ്വസ്ഥമായിരുന്നു….” (പുറപ്പാട്.20:11) എന്നാണ്. പുറപ്പാട് 31:17-ല്‍ “ആറു ദിവസം കൊണ്ടല്ലോ യഹോവ ആകാശവും ഭൂമിയും ഉണ്ടാക്കിയത്. ഏഴാം ദിവസം അവന്‍ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.” ഈ വെളിപ്പാടിന്‍റെ ആധികാരികതയെപ്പറ്റി യാതൊരു സംശയത്തിനും ഇട നല്‍കാതെ അടുത്ത വാചകത്തില്‍ പരിശുദ്ധാത്മാവ് ഇങ്ങനെ രേഖപ്പെടുത്തുന്നു: “അവന്‍ സീനായി പര്‍വ്വതത്തില്‍ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്‍റെ വിരല്‍കൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്‍റെ പക്കല്‍ കൊടുത്തു” (പുറ.31:18).

ദൈവം ഭൂമിയെ പ്രകാശമോ ആകൃതിയോ ഇല്ലാത്ത ഒരു വലിയ പാഴ്വസ്തുവായി ഒന്നാം ദിവസം സൃഷ്ടിച്ചു. “അനന്തരം ദൈവം: വെളിച്ചം ഉണ്ടാകട്ടെ എന്ന് കല്പിച്ചു”. അത് ആദ്യ പ്രഭാതത്തിന്‍റെ ആരംഭമായിരുന്നു. എത്ര ശ്രേഷ്ഠമായ പ്രഭാതം! എത്ര ശ്രേഷ്ഠനായ സൃഷ്ടിതാവ്‌! അവന്‍റെ സിംഹാസനത്തിനു മുമ്പില്‍ മുട്ടുകള്‍ മടക്കി “കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍” (വെളിപ്പാട്.4:11) എന്ന് പരയാതിരിക്കുവാന്‍ കഴിയുമോ?

ഉല്‍പ്പത്തിയില്‍ പരിണാമത്തെയും ഉള്‍ക്കൊള്ളിക്കുന്നതിനായി സ്കോഫീല്‍ഡും മറ്റുള്ളവരും പ്രചുര പ്രചാരം നല്‍കിയ ഈ സിദ്ധാന്തം ബൈബിളിന്‍റെ അന്തഃസത്തയ്ക്കും ആക്ഷരിക തര്‍ജ്ജമയ്ക്കും ചേരുന്നതല്ല എന്ന് പറഞ്ഞ് ഈ വിഷയം ഞാന്‍ ഉപസംഹരിക്കുകയാണ്. ക്രിസ്തീയ വിശ്വാസികളാല്‍ തിരസ്കരിക്കപ്പെടേണ്ട ഒന്നാണ് സൃഷ്ടി-പുനഃസൃഷ്ടി സിദ്ധാന്തം എന്നതിന് സംശയമില്ല.

3. ദൈവിക ഇടപെടലോട് കൂടിയ പരിണാമം (Theistic Evolution)

ആദ്യകോശം എങ്ങനെയുണ്ടായി എന്നത് വിശദീകരിക്കാന്‍ പരിണാമവാദികള്‍ ബുദ്ധിമുട്ടി. അപ്പോള്‍ ക്രിസ്തു വിശ്വാസികള്‍ പറഞ്ഞു: ആദ്യകോശം ദൈവം സൃഷ്ടിച്ചു, തുടര്‍ന്നുള്ള പക്രിയകള്‍ക്കായി ദൈവം പരിണാമത്തെ അനുവദിച്ചു.

ഇതിന്‍റെ കുഴപ്പം വളരെ വ്യക്തമാണ്. പരിണാമവാദികള്‍ ഈ സഹായം അംഗീകരിക്കുകയില്ല. കാരണം, അവരുടെ ഉദ്ദേശ്യം ദൈവത്തെ ചിത്രത്തില്‍ നിന്നും ഒഴിച്ച് നിര്‍ത്തുക എന്നതാണല്ലോ? മറുവശത്ത്, സൃഷ്ടി നടത്തുവാന്‍ കഴിവില്ലാത്ത നിസഹായനായ ഒരു ദൈവത്തെ നമുക്ക്‌ എങ്ങനെ അംഗീകരിക്കുവാന്‍ സാധിക്കും? ആദ്യത്തെ കോശം സൃഷ്ടിച്ചതിനു ശേഷം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വ്യതിയാനത്തിലൂടെ പരിണാമം നടക്കുന്നത് കാത്ത് ദൈവം ഇരുന്നു. അപ്പോള്‍ വരുന്നു ഒരു ട്രൈലോബെറ്റ്! അതിനുശേഷം ഇരുന്നൂറു ദശലക്ഷം വര്‍ഷം കഴിഞ്ഞ് ഒരു തവള! അങ്ങനെയങ്ങനെ അനേകം വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ പോരാട്ടങ്ങളും, കഷ്ടപ്പാടുകളും, മരണവും, അര്‍ഹതയുള്ളതിന്‍റെ നിലനില്‍പ്പും ഒക്കെ അതിജീവിച്ച് മനുഷ്യന്‍ രംഗപ്രവേശം ചെയ്യുന്നു! ഇതല്ല നമ്മുടെ ദൈവം. ബൈബിള്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെയുള്ള നിസ്സഹായനായ ദൈവത്തെയല്ല. സര്‍വ്വശക്തനായ സൃഷ്ടിതാവും ശില്പിയുമായ ദൈവമാണ് വേദപുസ്തകത്തിലെ ദൈവം. തന്‍റെ ശക്തിയാല്‍ ഭൂമിയെ നിര്‍മ്മിച്ച ശക്തനായ ദൈവം. തന്‍റെ ജ്ഞാനത്താല്‍ ലോകത്തെ ഉറപ്പിച്ച ജ്ഞാനിയായ ദൈവം. തന്‍റെ വിവേകത്താല്‍ ആകാശത്തെ ഉറപ്പിച്ച വിവേകപൂര്‍ണ്ണനായ ദൈവം (യിരമ്യാവ്.10:12). തന്‍റെ പ്രത്യേക സാദൃശ്യത്തില്‍ നിര്‍മ്മിച്ച മനുഷ്യനെക്കൊണ്ട് സകല സൃഷ്ടിയേയും അലങ്കരിക്കുവാനായി സകലത്തേയും സൃഷ്ടിച്ച ഒരു ദൈവം. ഇങ്ങനെയുള്ളവനാണ് നമ്മുടെ ദൈവം. സര്‍വ്വശക്തനായ നമ്മുടെ സൃഷ്ടിതാവിന്‍റെ മഹിമ കുറച്ചു കാണിക്കുന്ന യാതൊരു സിദ്ധാന്തവും അംഗീകരിക്കാന്‍ നാം കടപ്പെട്ടവരല്ല.

എല്ലാം അംഗീകരിക്കുക അല്ലെങ്കില്‍ ഒന്നും അംഗീകരിക്കാതിരിക്കുക. (All or Nothing)

“നീയോ ഇന്നവരോടു പഠിച്ചു എന്നു ഓര്‍ക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്‍ക്ക” (2.തിമോ.3:14,15)

ദൈവവിശ്വാസികളായ നമുക്ക്‌ ദൈവത്തിന്‍റെ വിരലുകളുടെ പണിയെ ചോദ്യം ചെയ്യാനാവുകയില്ല. ആറ്‌ ആക്ഷരിക ദിനംകൊണ്ട് ദൈവം സകലവും സൃഷ്ടിച്ചു എന്ന വസ്തുത നാം മുറുകെ പിടിക്കുന്നു. ഒന്നാം ദിവസം ദൈവം ഭൂമിയെ സൃഷ്ടിച്ചു.വിട്ടുവീഴ്ചകള്‍ക്ക് നാം തുനിയുമ്പോള്‍ ദൈവത്തിന്‍റെ വിരലുകളുടെ പണിയെ നാം തള്ളിക്കളയേണ്ടി വരും. ദൈവവചനത്തിന്‍റെ മഹത്വത്താല്‍ എന്‍റെ ഹൃദയം വെല്ലുവിളിക്കപ്പെടുകയാണ്. ‘എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്’ (2.തിമോ.3:16) എന്ന് പറയാന്‍ നിങ്ങളും എന്നോടൊപ്പം ചേരും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രം ബൈബിളുമായി പൊരുത്തപ്പെടുന്നു, എന്നാല്‍ പരിണാമത്തിന് എതിര് നില്‍ക്കുന്നു.ലക്ഷക്കണക്കിന്, കോടിക്കണക്കിന് വര്‍ഷങ്ങളുടെ ആശയം ശാസ്ത്രത്തിന് പിന്തുണയ്ക്കാന്‍ കഴിയുന്നതല്ല. ആറ്‌ ദിവസം കൊണ്ടുള്ള സൃഷ്ടിയും ഏതാനും വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള ഭൂമിയും ശാസ്ത്രത്തിന് യോജിക്കാന്‍ കഴിയുന്ന ആശയങ്ങളാണ്. ഉല്‍പ്പത്തിയെപ്പറ്റിയുള്ള ഏറ്റവും ശാസ്ത്രീയമായ പ്രസ്താവന ‘ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ (ഉല്‍പ്പത്തി.1:1) എന്നതാണ്.

ഈ വിഷയങ്ങളില്‍ വളരെ വ്യക്തമായ നിലപാട്‌ എടുക്കുന്നതിനാല്‍ ഞാന്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അതിനുള്ള എന്‍റെ ഉത്തരം ഇതാണ്: ‘ബൈബിളിലൂടെ ദൈവം നമ്മോട് പറയുന്നത് അങ്ങനെയല്ലായിരുന്നെങ്കില്‍ അവന്‍ അത് വ്യക്തമാക്കുമായിരുന്നു. മാനുഷികമായ വ്യാഖ്യാനങ്ങള്‍ക്ക്‌ വിധേയമാക്കാവുന്നതല്ല ബൈബിള്‍.’ പരിശുദ്ധാത്മാവിന്‍റെ സഹായത്താലാണ് നാം ദൈവവചനം ഗ്രഹിക്കേണ്ടത്, അല്ലാതെ നമ്മുടെ ബലഹീന മനസ്സിന്‍റെ ചിന്താഗതിക്കനുസരിച്ചല്ല. കര്‍ത്താവിനോട് കൂടെ അനേക വര്‍ഷങ്ങള്‍ നടന്നും; പ്രാര്‍ത്ഥനയിലൂടെ നാം അവനോടും ദൈവവചനത്തിലൂടെ അവന്‍ നമ്മോടും സംസാരിച്ചു… നമ്മുടെ ജീവിതങ്ങളില്‍ അവന്‍റെ പ്രവര്‍ത്തനങ്ങള്‍ അനുഭവിച്ചു… നമുക്കായി അവന്‍ ക്രൂശില്‍ മരിച്ചത് വിശ്വസിച്ചു. ഇതിനെല്ലാം ശേഷം അവന്‍റെ വചനം സത്യമല്ല, സമ്പൂര്‍ണ്ണമല്ല എന്ന് നാം ചിന്തിക്കുന്നുണ്ടെങ്കില്‍ അടിയന്തിര ശ്രദ്ധ പതിയേണ്ട ചില പ്രശ്നങ്ങള്‍ കര്‍ത്താവുമായുള്ള നമ്മുടെ ബന്ധത്തിലുണ്ട് എന്നാണര്‍ത്ഥം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥാനം ഗോല്‍ഗോഥയാണ്. നമ്മുടെ മനസ്സിന് ഗ്രഹിക്കാവുന്നതിലും വലിയ വില നല്‍കി നമ്മുടെ കര്‍ത്താവ്‌ മരിച്ച സ്ഥലം!

ഞാന്‍ എന്താണ് പറയാനുദ്ദേശിക്കുന്നത്? നിങ്ങളില്‍ യേശുകര്‍ത്താവിനെ രക്ഷകനും കര്‍ത്താവുമായി അംഗീകരിച്ചവര്‍ നിവര്‍ന്ന് തലയുയര്‍ത്തുക. കാരണം നമ്മുടെ സൃഷ്ടിതാവ്‌ വലിയവനാണ്. ദൈവവചനത്തില്‍ ആശ്രയിക്കുക. “ആകാശവും ഭൂമിയും ഒഴിഞ്ഞു പോകും, എന്‍റെ വചനങ്ങളോ ഒരുനാളും ഒഴിഞ്ഞു പോകയില്ല” (ലൂക്കോ.21:33)

ബൈബിള്‍ അത്ഭുതകരമായ പുസ്തകമാണ്. ഇത് ഒരു ആത്മീയ പുസ്തകമാണ്.എങ്കിലും ചരിത്രമോ, വൈദ്യമോ, ഗണിതശാസ്ത്രമോ, ഊര്‍ജ്ജതന്ത്രമോ, ജ്യോതിശാസ്ത്രമോ എന്തുമാകട്ടെ ഇത് പ്രതിപാദിക്കുന്ന എല്ലാ വിഷയങ്ങളിലും ബൈബിള്‍ ആധികാരികതയാര്‍ന്നതാണ്. അത് മുഴുവനായി സ്വീകരിക്കുവാന്‍ നമുക്ക്‌ സാധിക്കും. ബൈബിള്‍ സമ്പൂര്‍ണ്ണമാണ്, വിട്ടുവീഴ്ചകള്‍ നമുക്ക്‌ ആവശ്യമില്ല. തിന്മയുമായി വിട്ടുവീഴ്ച പാടില്ല എന്ന് കര്‍ത്താവ്‌ പഠിപ്പിച്ചു. പരിണാമ സിദ്ധാന്തം ഒരു തിന്മയാണ്. ദൈവവചനം പറയുന്നത് പോലെത്തന്നെ അതിനെ ഉള്‍ക്കൊള്ളുക. ചില ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറ്‌ ദിവസം കൊണ്ട് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. തന്‍റെ സ്വന്ത സാദൃശ്യത്തില്‍ മനുഷ്യനെ സൃഷ്ടിച്ച് സകല സൃഷ്ടിക്കും ദൈവം മകുടം ചാര്‍ത്തി, മനുഷ്യന്‍റെ ആവിര്‍ഭാവം യാദൃശ്ചികമായി സംഭവിച്ചതല്ല. ദൈവത്തിന്‍റെ പ്രത്യേക സൃഷ്ടിയാണ് മനുഷ്യന്‍. ഭയമോ വിട്ടുവീഴ്ചയോ കൂടാതെ ഈ അടിസ്ഥാന സത്യം നാം അംഗീകരിക്കാന്‍ തയ്യാറാകുന്നത് വരെ നമ്മുടെ സൃഷ്ടിതാവും രക്ഷകനുമായ യേശുക്രിസ്തുവിന്‍റെ എല്ലാ അനുഗ്രഹവും അനുഭവിക്കാന്‍ നാം അയോഗ്യരാണ്. (ഡോ. ഫരീദ്‌ അബു റാമേ, ‘ബൈബിള്‍ ആധികാരികമെന്ന് ശാസ്ത്രം തെളിയിക്കുന്നു’, പുറം.100-112)