ഉല്‍പ്പത്തി ശാസ്ത്രവും പ്രവര്‍ത്തന ശാസ്ത്രവും

ബ്രദര്‍.ഏ.കെ.സ്കറിയ, കോട്ടയം.

 

ആധുനിക ശാസ്ത്രത്തിനു വളരെ വികസിച്ച രണ്ടു വിഭാഗങ്ങളുണ്ട്. ആദ്യത്തെ ഭാഗത്തിന് ഉല്പത്തി ശാസ്ത്രം അഥവാ ഒറിജിന്‍ സയന്‍സ് എന്നും രണ്ടാമത്തെ വിഭാഗത്തിന് പ്രവര്‍ത്തന ശാസ്ത്രം അഥവാ ഓപ്പറേഷന്‍ സയന്‍സ് എന്നും പറയുന്നു.

 

ഈ രണ്ടു വിഭാഗങ്ങളെക്കുറിച്ചും അല്പം വിശദീകരിക്കേണ്ടതുണ്ട്. ലളിതമായ ഉദാഹരണത്തിലൂടെ അത് വ്യക്തമാക്കാം. താങ്കളുടെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിന് പ്രധാനമായുള്ളത് രണ്ടു ഭാഗങ്ങളാണല്ലോ, ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും. ഒരു കംപ്യൂട്ടര്‍ നാം വാങ്ങുമ്പോള്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയുന്നത് ഹാര്‍ഡ്‌വെയര്‍ മാത്രമാണ്. സോഫ്റ്റ്‌വെയര്‍ നമുക്ക് കാണാന്‍ കഴിയാത്ത അഭൌതിക ഘടകമാണ്. ഹാര്‍ഡ്‌വെയറുകള്‍ നിര്‍മ്മിക്കാനും കൂട്ടി യോജിപ്പിക്കാനും ശാസ്ത്രീയ ജ്ഞാനവും വൈദഗ്ദ്യവും ആവശ്യമാണ്. എങ്കിലും ആ ജ്ഞാനവും വൈദഗ്ദ്യവും കൊണ്ട് സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ല. അതിനു വേറെ ഒരു അറിവാണ് ആവശ്യം. എന്നാല്‍ കമ്പ്യൂട്ടര്‍ വാങ്ങുന്ന അഥവാ ഉപയോഗിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ഹാര്‍ഡ്‌വെയറുകളുടേയും സോഫ്റ്റ്വെയറുകളുടെയും നിര്‍മ്മാണത്തെക്കുറിച്ചോ സംയോജനത്തെക്കുറിച്ചോ അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല. പകരം ഒരു കമ്പ്യൂട്ടര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്നുള്ള അറിവ് മാത്രം മതി. പക്ഷെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അറിവ് വെച്ചു ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാണത്തെക്കുറിച്ചോ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തെക്കുറിച്ചോ എന്തെങ്കിലും മനസ്സിലാക്കാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നത് മഠയത്തരമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

 

ഇതില്‍ ഹാര്‍ഡ്‌വെയറിന്‍റെ നിര്‍മ്മാണവും സംയോജനവും സോഫ്റ്റ്‌വെയറിന്‍റെ നിര്‍മ്മാണവും ഇന്‍സ്റ്റാളിങ്ങും ഉല്പത്തി ശാസ്ത്രം അഥവാ ഒറിജിന്‍ സയന്‍സിന്‍റെ പരിധിയില്‍ വരുന്നു. അവ ഒരിക്കലായിട്ടു സംഭവിച്ചു കഴിഞ്ഞതാണ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നയാള്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിന് ദൃക്സാക്ഷിയല്ലെങ്കിലും അത് നടന്നു കഴിഞ്ഞ കാര്യമാണ് എന്നവന്‍ മനസ്സിലാക്കുന്നു. ഇത് രണ്ടും നിര്‍മ്മിച്ചത് ആരാണെന്ന് മനസ്സിലാക്കുവാന്‍ കഴിയില്ലെങ്കിലും അവ നിര്‍മ്മിക്കപ്പെട്ടു കഴിഞ്ഞു എന്നും ആ നിര്‍മ്മാണത്തിനു പുറകില്‍ ബുദ്ധിശക്തിയുള്ള രൂപകല്പനാ വിദഗ്ദര്‍ ഉണ്ടായിരുന്നു എന്നും അവന്‍ ഗ്രഹിക്കുന്നു.

 

എന്നാല്‍ അവന്‍ മനസ്സിലാക്കിയ ഈ കാര്യങ്ങള്‍ വെച്ച് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന് അവനു കഴിയില്ല. അതിനു വേണ്ടത് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അറിവാണ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുക എന്നത് ഒരിക്കലായിട്ടു സംഭവിക്കേണ്ടതല്ല, ആവര്‍ത്തിക്കപ്പെടെണ്ടതാണ്. കമ്പ്യൂട്ടറിന്‍റെ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും നിര്‍മ്മിക്കാനും സംയോജിപ്പിക്കാനും ആവശ്യമായ ബുദ്ധിശക്തിയെക്കാള്‍ താരതമ്യേന കുറഞ്ഞ ബുദ്ധിശക്തി മതി കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍. ‘പ്രവര്‍ത്തന ശാസ്ത്രം’ അഥവാ ‘ഓപ്പറേഷന്‍ സയന്‍സ്’ എന്ന വിഭാഗത്തില്‍ വരുന്നതാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കല്‍.

 

പ്രപഞ്ചത്തിന്‍റെ ഉല്പത്തി, ജീവന്‍റെ ഉല്പത്തി എന്നിവ ഒരിക്കലായിട്ടു ചരിത്രത്തില്‍  സംഭവിച്ച നിസ്തുല്യമായ വസ്തുതകളാണ്. അത് ആവര്‍ത്തിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. അതുകൊണ്ട് പ്രവര്‍ത്തന ശാസ്ത്രത്തിലെ നിയമങ്ങള്‍ ഉപയോഗിച്ച് പ്രപഞ്ചത്തിന്‍റെ ആരംഭത്തെക്കുറിച്ചും ജീവന്‍റെ ഉത്ഭവത്തെക്കുറിച്ചും പഠിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല.

 

ഒറിജിന്‍ സയന്‍സ് അഥവാ ഉല്പത്തിശാസ്ത്രത്തിന്‍റെ സമാന്തരമായിട്ടുള്ള മറ്റൊരു വിഭാഗമാണ് ഫോറന്‍സിക് സയന്‍സ് അഥവാ കുറ്റാന്വേഷണ ശാസ്ത്രം. ഒരു കൊലപാതകം അല്ലെങ്കില്‍ മരണം നടന്നാല്‍ ആരാണ് അതിനുത്തരവാദി എന്നറിയാന്‍ ഫോറന്‍സിക് പ്രമാണങ്ങളാണ് പരിഗണിക്കേണ്ടത്. വീണ്ടും അതേ കൊലപാതകം ആവര്‍ത്തിക്കാന് കഴിയില്ലല്ലോ. വളരെ യുക്തിയോടു കൂടി മുന്‍വിധികള്‍ യാതൊന്നും ഇല്ലാതെ വിശകലനം നടത്തി സാഹചര്യത്തെളിവുകള്‍ പരിശോധിച്ച് കൊലപാതകം നടത്തിയത് ആരായിരിക്കുമെന്ന് അനുമാനിക്കുകയാണ് കുറ്റാന്വേഷണവിദഗ്ദര്‍ ചെയ്യുന്നത്.

 

ഇതേവിധം ഉല്പത്തി ശാസത്രം കൈകാര്യം ചെയ്യേണ്ടത് പ്രവര്‍ത്തനശാസ്ത്രത്തിലെ പ്രമാണങ്ങള്‍ ഉപയോഗിച്ചല്ല. അതിനു ഉല്പത്തി ശാസ്ത്രത്തിലെ പ്രമാണങ്ങള്‍ തന്നെ ഉപയോഗിക്കണം. ഇവയാണ് ആ പ്രമാണങ്ങള്‍:

 

  • കാര്യ-കാരണ നിയമം.

ഒരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനു ഒരു കാരണം ഉണ്ടാകേണ്ടിയിരിക്കുന്നു (Every event has a cause). ചിലത് പ്രാഥമിക കാരണങ്ങള്‍ (Primary causes) ആണെങ്കില്‍ മറ്റു ചിലത് രണ്ടാംതരങ്ങളായ (Secondary causes) കാരണങ്ങള്‍ അഥവാ പ്രകൃതിപരമായ കാരണങ്ങള്‍ (Natural causes) ആണ്.

 

  • സര്‍വ്വ സമാനതാ നിയമം.

വര്‍ത്തമാനം ഭൂതകാലത്തിന്‍റെ താക്കോല്‍ ആണെന്നതാണ് ഈ തത്വം (The present is the key to the past). വര്‍ത്തമാനകാലത്തുണ്ടാകുന്ന ചില പ്രത്യേക ഫലത്തിന്‍റെ കാരണം നമുക്ക് അറിയാമെന്നിരിക്കട്ടെ, ഭൂതകാലത്ത് സംഭവിച്ച സമാനതയുള്ള ഫലത്തിന് സമാനതയുള്ള കാരണം നാം ആരോപിക്കും.

 

. സാഹചര്യത്തെളിവുകള്‍

ഒരിക്കല്‍ സംഭവിച്ച കാര്യത്തിനു സമാനമായി വര്‍ത്തമാന കാലത്ത് സാമ്യപ്പെടുത്തുവാന്‍ ഒന്നുമില്ലെങ്കില്‍ പോലും സാഹചര്യത്തെളിവുകളെ നാം ആശ്രയിക്കേണ്ടി വരുന്നു.

 

ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ, കാര്യങ്ങള്‍ സാധാരണ ഗതിയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന സംഗതിയാണ് പ്രവര്‍ത്തന ശാസ്ത്രം കൈകാര്യം ചെയ്യുന്നത്. പ്രപഞ്ചത്തിന്‍റെ വര്‍ത്തമാനകാല പ്രവര്‍ത്തനങ്ങളെ ഈ ശാസ്ത്ര വിഭാഗം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുന്നു. ആവര്‍ത്തിക്കുന്നതും സാധാരണവുമായ വഴിയിലൂടെ കാര്യങ്ങള്‍ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയെന്നു (ഉദാ: ഭൂമിയുടെ സ്വയം ഭ്രമണം, സൂര്യന് ചുറ്റുമുള്ള ഗ്രഹങ്ങളുടെ ഭ്രമണം, സൗരയൂഥത്തിന്‍റെ സഞ്ചാരം, ചന്ദ്രന്‍റെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണം, ഹാലിയുടെ വാല്‍നക്ഷത്രത്തിന്‍റെ സഞ്ചാരം തുടങ്ങിയവ) പ്രവര്‍ത്തനശാസ്ത്രം വെളിപ്പെടുത്തുന്നു. പ്രവര്‍ത്തന ശാസ്ത്രത്തിന്‍റെ അന്വേഷണഫലമായി ലഭിക്കുന്ന ഉത്തരങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് നമുക്ക് പരീക്ഷണങ്ങളാല്‍ ആവര്‍ത്തിച്ചു ഉറപ്പിക്കാവുന്നതാണ്. ഇതില്‍നിന്ന് ലഭിക്കുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇതുപോലെയുള്ള ഭാവി പരീക്ഷണങ്ങളുടെ ഫലം എന്തായിരിക്കും എന്ന് മുന്‍കൂട്ടി മനസ്സിലാക്കാന്‍ പ്രവര്‍ത്തനശാസ്ത്രത്തില്‍ വൈദഗ്ദ്യമുള്ളയാള്‍ക്ക് സാധിക്കുന്നു. പ്രവര്‍ത്തന ശാസ്ത്രത്തിന്‍റെ പരീക്ഷണഫലം എപ്പോഴും സ്ഥിരമായിരിക്കും.

 

എന്നാല്‍ ഉല്പത്തിശാസ്ത്രം എന്നത് വ്യത്യസ്തമായ മറ്റൊരു ശാസ്ത്രമേഖലയാണ്. വര്‍ത്തമാനകാലത്തെ സ്വാഭാവിക സംഗതികളെക്കുറിച്ചല്ല, മറിച്ചു വിദൂരഭൂതകാലത്ത് ന്നടന്ന ആവര്‍ത്തിക്കപ്പെടാത്ത അപൂര്‍വ്വ സംഗതികളെ കുറിച്ചാണ് ഉല്പത്തിശാസ്ത്രം പഠനം നടത്തുന്നത്. സംഗതികള്‍ എങ്ങനെ ആരംഭിച്ചു എന്നല്ലാതെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ഉല്പത്തി ശാസ്ത്രം നോക്കുന്നില്ല. ഭൌതിക ശാസ്ത്രം, രസതന്ത്രം എന്നിവ പോലെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അനുഭവവേദ്യമാക്കുന്ന ശാസ്ത്ര ശാഖയല്ല, മറിച്ചു കുറ്റാന്വേഷണ ശാസ്ത്രശാഖക്ക് തുല്യവുമത്രേ ഇത്. നടന്ന ഒരു സംഭവത്തിന്‍റെ പുറകിലുള്ള കാരണമെന്തായിരുന്നു എന്ന് വ്യക്തവും സുനിശ്ചിതവുമായി തെളിയിക്കാന്‍ ഉല്പത്തി ശാസ്ത്രത്തിനു പ്രയാസമാണ്. എങ്കിലും ആ സംഭവം നടക്കാനിടയായാതിന്‍റെ ഏറ്റവും ന്യായമായ കാരണം എന്തായിരുന്നു എന്ന് ഉല്പത്തിശാസ്ത്രത്തിലൂടെ തെളിയിക്കാന്‍ കഴിയും. പ്രപഞ്ചോല്പ്പത്തിക്കും ജീവോല്പ്പത്തിക്കും ദൃക്സാക്ഷികള്‍ ആരും തന്നെയില്ല. ഈ സംഭവങ്ങള്‍ പരീക്ഷണശാലയില്‍ ആവര്‍ത്തിക്കാനും മനുഷ്യന് സാധ്യമല്ല.

 

പ്രകൃതിയില്‍ സ്ഥിരമായി ആവര്‍ത്തിക്കുന്ന പ്രതിഭാസങ്ങള്‍ക്ക് ഒരിക്കലും പ്രകൃത്യാതീത കാരണത്തെ ആശ്രയിക്കരുത്. എന്നാല്‍ ഒരിക്കലായിട്ടു സംഭവിച്ചിരിക്കുന്ന പ്രതിഭാസങ്ങള്‍ പ്രകൃതി നിയമങ്ങള്‍ക്ക് അനുസരിച്ചുള്ളതുമല്ല. പ്രപഞ്ചത്തിന്‍റെയും ജീവന്‍റെയും ഉല്പത്തി എന്ന യാഥാര്‍ത്ഥ്യം ഒരിക്കലായിട്ടുള്ളതും ആവര്‍ത്തിക്കാന്‍ സാധിക്കാത്തതുമായത് കൊണ്ട് അവയെ പ്രവര്‍ത്തന ശാസ്ത്രത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.

 

സൃഷ്ടിവാദികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ശാസ്ത്രം എന്ന് പറയുമ്പോള്‍ ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത് ഇതാണ്. പരിണാമവാദികളെക്കാള്‍ ഇക്കാര്യത്തില്‍ വ്യക്തത പുലര്‍ത്തുന്നത് സൃഷ്ടിവാദികളാണ്. പരിണാമവാദികള്‍, തങ്ങളുടെ സിദ്ധാന്തത്തിന് എതിരായി വരും എന്ന് തോന്നിയാല്‍ ഉല്പത്തി ശാസ്ത്രത്തെയും പ്രവര്‍ത്തന ശാസ്ത്രത്തെയും കൂട്ടിക്കുഴക്കും! എന്നിട്ട് മറ്റുള്ളവരെ ശാസ്ത്രവിരോധികള്‍ എന്ന് മുദ്രകുത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ കൂപമണ്ഡൂകങ്ങള്‍ ആയി കഴിയുകയാണ് എന്ന കാര്യം മാത്രം അവര്‍ മനസ്സിലാക്കുന്നില്ല. അത് മനസ്സിലാക്കാന്‍ തക്കവിധമുള്ള ചിന്താശേഷി അവര്‍ക്കുണ്ടായിരുന്നെങ്കില്‍ എന്നേ അവര്‍ പരിണാമസിദ്ധാന്തത്തെ പുറംകാല് കൊണ്ട് തോഴിച്ചെറിഞ്ഞേനെ!!